ലോകപ്രശസ്തനായിരുന്ന ഒരു സ്വാമിജിയുടെ ഗ്രാമത്തിലാണ് പത്ത് പതിനേഴു വർഷങ്ങൾ ഞാൻ ജീവിച്ചത്.
അദ്ദേഹം എത്ര വലിയ പണ്ഡിതനും മനുഷ്യസ്നേഹിയും ആഗോളപ്രശസ്തനുമാണെന്ന് ഗ്രാമീണർക്ക് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. സ്വാമിജി എഴുതിയതൊന്നും അവർ വായിച്ചറിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛനായ ബ്രാഹ്മണനേയും അമ്മയായ നായർ സ്ത്രീയേയും അറിയാം. കൂടുതൽ അറിവുകൾ ആവശ്യമുള്ളതായി ഗ്രാമീണർക്ക് തോന്നിയില്ലെന്ന് കരുതിക്കോളൂ. പിൽക്കാലത്ത് പുത്തൻ തലമുറയിലെ ധനികരായ ഗ്രാമീണർ അദ്ദേഹത്തിനു നൽകിയ അതിഗംഭീരമായ സ്വീകരണച്ചടങ്ങുകൾക്കൊന്നും അന്നു ഒരു മാർഗവുമുണ്ടായിരുന്നില്ല എന്നു സാരം.
ഇടയ്ക്ക് വല്ലപ്പോഴും ഗ്രാമത്തിൽ വരാറുള്ള സ്വാമിജിയെ കാണാൻ വളരെ ചുരുക്കം പേർ മാത്രമേ ആ പഴയ കാലങ്ങളിൽ ഒരുമിയ്ക്കാറുള്ളൂ. സ്വാമിജിയുടെ കുടുംബാംഗങ്ങളെ ഒഴിച്ച് നിറുത്തിയാൽ അതീവ ശുഷ്ക്കമാകുന്ന ഒരു സദസ്സ്. ആ സദസ്സുമായി മനസ്സു തുറന്ന് സംസാരിച്ച് കൊണ്ട് പാണ്ഡിത്യത്തിന്റേയോ പ്രശസ്തിയുടേയോ യാതൊരു വിധ ജാഡകളുമില്ലാതെ ശിവക്ഷേത്രത്തിന്റെ കൽപ്പടവുകളിലിരിക്കാറുള്ള അദ്ദേഹം അത്യന്തം ചൈതന്യപൂർണ്ണമായ ഒരു കാഴ്ച തന്നെയായിരുന്നു. കുട്ടിക്കാലത്തു കണ്ട ആ ഓർമ്മയ്ക്ക് തെല്ലും മങ്ങലുണ്ടായിട്ടില്ല.
അമ്മീമ്മ ആ ശുഷ്ക്ക സദസ്സിന്റെ ഭാഗമാവാറില്ലെങ്കിലും സ്വാമിജിയെ അമ്പലത്തിൽ ചെന്നു കാണാറുണ്ടായിരുന്നു. അവർക്ക് പരസ്പരം ഔന്നത്യമാർന്ന ബഹുമാനാദരങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. അമ്മീമ്മ കാൽ തൊട്ട് നമസ്കരിക്കുന്നതായി കണ്ടിട്ടുള്ള ഒരേ ഒരാളും അദ്ദേഹമായിരുന്നു.
ആദ്യം കണ്ടപ്പോൾ തന്നെ കൊച്ചുകുട്ടികളായ എന്നേയും അനുജത്തിയേയും അദ്ദേഹം ഒരുമിച്ച് മടിയിലിരുത്തി, കൈയിലുണ്ടായിരുന്ന പഴം ഞങ്ങൾക്ക് സമ്മാനിച്ചു, അച്ഛനേയും അമ്മയേയും കുറിച്ച് താല്പര്യപൂർവം അന്വേഷിച്ചു, നന്നായി പഠിക്കണമെന്നും, നല്ല മനുഷ്യരാകണമെന്നും ഉപദേശിച്ചു. ഇത് ഞങ്ങൾക്ക് അത്യപൂർവമായ ഒരു ബഹുമതിയായിരുന്നു.
ജാതി നഷ്ടപ്പെടുത്തി വിവാഹിതരായ അമ്മയുടേയും അച്ഛന്റേയും ബന്ധുക്കൾ ഞങ്ങളെ വിരൽ കൊണ്ട് പോലും സ്പർശിച്ചിരുന്നില്ല. അന്ന് അച്ഛനോളം വിദ്യാഭ്യാസവും അച്ഛനുണ്ടായിരുന്നത്രയും വലിയ പദവിയുള്ള ജോലിയും ആ ഗ്രാമത്തിൽ അധികമാർക്കും ഉണ്ടായിരുന്നില്ല. ഗ്രാമത്തിൽ ആദ്യമായി ബിരുദമെടുത്ത സ്ത്രീയായിരുന്നു എന്റെ അമ്മ. അമ്മയും ഉദ്യോഗസ്ഥയായിരുന്നു.
വളരെ ചുരുക്കം ബന്ധുക്കൾ മാത്രമേ വീട്ടിൽ വന്നിരുന്നുള്ളൂ. അച്ഛന്റെ ബന്ധുക്കൾ അച്ഛനോടും അമ്മയുടെ ബന്ധുക്കൾ അമ്മയോടും അമ്മീമ്മയോടും മാത്രം സംസാരിച്ച്, തീരെ പിടിക്കാത്തപോലെയും ഒരു ഓക്കാനം പുറത്ത് ചാടാൻ അവരുടെ വായിലൊരുമ്പെട്ട് നിൽക്കുന്നതു പോലെയുമുള്ള നാട്യത്തോടെയും കാപ്പിയോ പലഹാരമോ ഊണോ കഴിച്ച് തടി കഴിച്ചിലാക്കിയിരുന്നു. അപ്പോഴാണ് സ്വാമിജി ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്. ഞങ്ങളുടെ മനസ്സ് ആഹ്ലാദഭരിതമായി, ആദ്യമായി ഞങ്ങൾക്കും ഒരു പ്രാധാന്യമൊക്കെ വന്നതു പോലെ തോന്നി.
അമ്മീമ്മയുടെ അപ്പൂപ്പന്റെ ജ്യേഷ്ട സഹോദര പൌത്രനായിരുന്നു സ്വാമിജി. അവർക്ക് തമ്മിലുണ്ടായിരുന്ന വാത്സല്യത്തിനും ബഹുമാനത്തിനും ഇതുമൊരു കാരണമായിരിക്കാം. ശകലം പോലും കലർപ്പില്ലാത്ത ശുദ്ധ ബ്രാഹ്മണരൊന്നും തന്നെ സാധാരണയായി സ്വാമിജിയെ കാണാൻ പോകാറില്ല. ‘എന്നവാനാലും നായര്ചെക്കൻ താനേ‘ എന്ന് ഗ്രാമത്തിലെ തല മൂത്ത പല ബ്രാഹ്മണരും സമൂഹമഠത്തിലിരുന്ന് അദ്ദേഹത്തെ ആക്ഷേപിക്കുവാൻ താല്പര്യം പ്രദർശിപ്പിച്ചു. അദ്ദേഹത്തിന്റെ അറിവിനെ ബഹുമാനിക്കാനാവശ്യമായ ഔന്നത്യമാർന്ന വ്യക്തിത്വം അവർക്കുണ്ടായിരുന്നില്ല.
അടുത്ത തവണത്തെ വരവിൽ സ്വാമിജിക്ക് ഒരു ചെറിയ സദസ്സിനെ അഭിമുഖീകരിച്ച് പ്രസംഗിക്കേണ്ടിയിരുന്നു. അപ്പോഴാണ് ഗ്രാമത്തിലെ കുട്ടികളെ ഭഗവദ്ഗീത പഠിപ്പിക്കുന്നത് നല്ലൊരാശയമായിരിക്കുമെന്ന് എല്ലാവർക്കും തോന്നിയത്. അതു പെട്ടെന്നു തന്നെ തീരുമാനമാകുകയായിരുന്നു. സ്ഥലവും സമയവും അധ്യാപകനും നിമിഷനേരം കൊണ്ട് തയാറായി. ആവേശഭരിതരായ രക്ഷാകർത്താക്കളിൽ പലരും അപ്പോൾ തന്നെ സ്വന്തം കുട്ടികളുടെ പേരു കൊടുത്തു.
അമ്മീമ്മ ആവേശമൊന്നും കാണിച്ചില്ല. എന്തോ അതിലവർക്ക് വിശ്വാസം ഇല്ലാത്തതു പോലെ തോന്നി. പ്രസംഗമെല്ലാം തീർന്നപ്പോൾ സ്വാമിജി കഴുത്തിലിട്ടിരുന്ന പൂമാല എനിക്കും അനുജത്തിക്കുമായി സമ്മാനിച്ചു. നല്ല കുട്ടികളായിത്തീരണമെന്നും കഴിയുന്നത്ര അറിവ് നേടണമെന്നും പറഞ്ഞു. അമ്മയേയും അച്ഛനേയും അന്വേഷിക്കാനും അദ്ദേഹം മറന്നില്ല. ഞങ്ങൾ മൂവരും അദ്ദേഹത്തെ നമസ്കരിച്ചപ്പോൾ, എന്തുകൊണ്ടോ ചില ശുദ്ധബ്രാഹ്മണക്കുട്ടികളും അദ്ദേഹത്തെ നമസ്കരിക്കുവാൻ കുനിഞ്ഞു.
ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഗീതാക്ലാസ്. ഒരു നോട്ട് ബുക്കും പെൻസിലും മാത്രം കൊണ്ടു പോയാൽ മതി. അങ്ങനെ ഞാനും അനുജത്തിയും നോട്ട് ബുക്കും പെൻസിലുമായി പുറപ്പെട്ടു. ക്ലാസ്സിലെത്തിയപ്പോൾ കുട്ടികളെല്ലാം ഇരുന്നു കഴിഞ്ഞിരുന്നു.
അധ്യാപകനായ ആൾ, വരാന്തയിൽ നിന്നിരുന്ന് ചിലരോട് നേരമ്പോക്കുകൾ പറഞ്ഞ് രസിയ്ക്കുന്നുണ്ടായിരുന്നു. അറിയപ്പെടുന്ന ഒരു സംസ്ക്റുത പണ്ഡിതനായിരുന്ന അദ്ദേഹം ഏതോ വലിയ വിദ്യാപീഠത്തിലൊക്കെ പഠിച്ചതാണെന്നും സംസ്ക്റുതത്തിൽ പച്ചവെള്ളം പോലെ സംസാരിക്കുമെന്നും ഒക്കെ കഥകളുണ്ടായിരുന്നു. ഉയർന്ന ഒരു നായർ കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം വിവാഹം കഴിച്ചിരുന്നില്ല.
‘ഉം‘?- പുരികമുയർത്തിക്കൊണ്ട് അധ്യാപകൻ ഒരു മയവുമില്ലാതെ ചോദിച്ചു. ആ ശബ്ദത്തിന്റെ കാഠിന്യം ഞങ്ങളെ പരിഭ്രമിപ്പിക്കാതിരുന്നില്ല.
‘ഗീതാക്ലാസ്സിൽ പഠിക്കാൻ വന്നതാ‘ ഞാൻ വിക്കിക്കൊണ്ട് അറിയിച്ചു.
എന്തോ ഒരു വലിയ തമാശ കേട്ടതു പോലെ അദ്ദേഹം പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങി. ഒട്ടു നേരം കഴിഞ്ഞ് ചിരിയൊതുക്കിയ ശേഷം അദ്ദേഹം പറഞ്ഞു. ‘ചെരട്ടക്കയിലുകൾക്ക് പഠിക്കാൻ പറ്റണതല്ല, ഗീത. ചെരട്ടക്കയിലു കുത്താൻ അച്ഛനാശാരിയോട് പഠിപ്പിക്കാൻ പറ.‘
വരാന്തയിൽ നിന്നവരെല്ലാം ഉറക്കെ പൊട്ടിച്ചിരിച്ചു. അവരിലാരും തന്നെ ആശാരിമാരായിരുന്നില്ല.
കരഞ്ഞു കൊണ്ട് തിരികെ വീട്ടിലേക്ക് പോകുമ്പോൾ ചെരട്ടക്കയിൽ കുത്തുന്നതെങ്ങനെയാണെന്നറിയണമെന്നും ഗീത പഠിക്കണമെന്നും ഞങ്ങൾ തീരുമാനിച്ചു.
ചെരട്ടക്കയിൽ ആശാരി സ്ത്രീകളാണുണ്ടാക്കുകയെന്ന് അന്ന് ഞങ്ങൾക്ക് അറിയുമായിരുന്നില്ല. അവരെ അതുകൊണ്ട് ചെരട്ടക്കയിലുകളെന്ന് ആക്ഷേപിക്കാറുണ്ടെന്നും അന്നു ഞങ്ങൾക്ക് അറിയുമായിരുന്നില്ല.