Monday, August 19, 2019

സുപ്രീംകോടതിയോട് ബഹുമാനമാണ്, കാശ്മീർ

                                                               

എനിക്ക് സുപ്രീംകോടതിയോട് ബഹുമാനമാണ്. എന്നാലും ഇതെന്ത് രാജ്യമെന്ന് ഇപ്പോ മാത്രമാണോ അറിഞ്ഞതെന്ന വല്ലാത്ത സങ്കടവും തോന്നുന്നു.

എന്തുമാത്രം നീതിനിഷേധങ്ങൾ, മനുഷ്യാവകാശലംഘനങ്ങൾ,ചവുട്ടിയരക്കലുകൾ, നിന്ദകൾ, അപമാനങ്ങൾ, കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ...

ഇതെന്തു രാജ്യമെന്ന ചോദ്യം ഈ നാട്ടിലെ ദരിദ്രരും ദുർബലരും ദളിതരും എല്ലാത്തരം ന്യൂനപക്ഷങ്ങളും പിന്നെ സ്ത്രീകളും കുഞ്ഞുങ്ങളും തീർച്ചയായും കുറച്ചേറേ പുരുഷന്മാരും എന്നും നെഞ്ചിൽത്തല്ലി ചോദിക്കുന്നുണ്ട്...

മനുഷ്യരെ അവരുടെ സ്വൈരജീവിതത്തെ ഭയപ്പെടുത്തുന്ന അനവധിയനവധി കാര്യങ്ങൾ ഈ രാജ്യത്ത് നിർലജ്ജം നടക്കുന്നുണ്ട്.

ഇപ്പോഴെങ്കിലും ആ ചോദ്യം ചോദിച്ചല്ലോ....

ഇതു മതി എന്നല്ല... ഇനിയമിനിയും കോടിക്കണക്കിനു ചോദ്യങ്ങളും ഉത്തരങ്ങളും ഈ രാജ്യം ആവശ്യപ്പെടുന്നുണ്ട്.

                                             
ഇതാണോ ജനാധിപത്യം ....

കാശ്മീരിൽ ഇപ്പോൾ സംഭവിച്ചതാണോ ജനാധിപത്യം ....

ആണെങ്കിൽ......
ഇന്ത്യ ലോകത്തിലേ എന്തരോ ഒരു വലിയ രാഷ്ട്രമാണെന്ന് പറഞ്ഞു കേട്ടിരുന്നതൊക്കെ ചുമ്മാതാണ്...

ഗമയൻ ചിത്രമാ

                                                  
https://www.facebook.com/photo.php?fbid=1249859518526673&set=a.526887520823880&type=3&theater31/07/19                                    

ഇന്ന് ഒരു കുഞ്ഞുവാവ എടുത്തു തന്ന ഗമയൻ ചിത്രമാ... കൊള്ളാമോ?

ബദൽ സത്യങ്ങൾ അഥവാ സത്യാനന്തര സത്യങ്ങൾ..

                         
                                          

Nazeer Hussain Kizhakkedathu

എഴുതുന്നു. ഈ കുറിപ്പ് വായിക്കാതിരിക്കരുത്....

ബദൽ സത്യങ്ങൾ അഥവാ സത്യാനന്തര സത്യങ്ങൾ..

"അമേരിക്കൻ പ്രസിഡന്റായി ട്രമ്പ് അധികാരത്തിൽ കയറിയപ്പോഴാണ് വാഷിങ്ടണിൽ ഏറ്റവും വലിയ ജനക്കൂട്ടം വന്നത്" : ട്രമ്പ് അധികാരത്തിൽ കയറിയ സമയത്തു പ്രസ് സെക്രട്ടറി ആയി നിയമിച്ച ഷോൺ സ്പൈസെർ പറഞ്ഞതാണ്.

പക്ഷെ അമേരിക്കയിലെ മാധ്യമങ്ങൾ ആ അവകാശവാദം പൊളിച്ചു കയ്യിൽ കൊടുത്തു. ഉൽഘാടന സമയത്തെ ഏരിയൽ ഫോട്ടോ , അന്ന് എത്ര പേർ പൊതു ഗതാഗതം ഉപയോഗിച്ചു എന്നെല്ലാം ഉള്ള ഡാറ്റ ഉപയോഗിച്ച് ട്രമ്പ് അധികാരത്തിൽ കയറിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഏറെ പേർ ഒബാമയുടെ ഇനാഗുറേഷന് വന്നിരുന്നു എന്ന് തെളിവ് സഹിതം സമ്മതിച്ചപ്പോൾ ട്രമ്പ് പറഞ്ഞു..

" അത് നിങ്ങളുടെ സത്യം, ഞങ്ങൾ പറഞ്ഞത് ഞങ്ങളുടെ സത്യം..."

ബദൽ സത്യം അഥവാ സത്യാനന്തര സത്യം എന്ന ഒരു പുതിയ സംഗതിയുടെ ഉത്ഘാടനം ആയിരുന്നു അത്. തിരഞ്ഞെടുപ്പ് സമയം മുഴുവൻ ട്രമ്പിന്റെ ടീം ഉപയോഗിച്ച് കൊണ്ടിരുന്ന, സത്യത്തെ വളച്ചൊടിച്ച്, ആടിനെ പട്ടിയാക്കുക എന്ന സംഗതിയാണ് സത്യാനന്തര സത്യം , alternative truth അല്ലെങ്കിൽ post truth .

ഈ സംഗതി ഇന്ത്യയിൽ ഏറ്റവും ആദ്യമായും ഫലപ്രദമായും ഉപയോഗിക്കുന്നത് ബിജെപിയാണ്. എന്റെ കൂടെ എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ച്, ഇൻഫോസിസിൽ ക്യാമ്പസ് ഇന്റർവ്യൂ കിട്ടി വലിയ പോസ്റ്റിൽ ഇരുന്ന ഒരു സുഹൃത്ത്, ഏതാണ്ട് 6 വര്ഷം മുൻപ്, ജോലി രാജി വച്ച് ബിജെപി ഐ ടി സെല്ലിന്റെ തിരുവനന്തപുരം ടീമിൽ ചേർന്നു എന്ന് കേട്ടപ്പോൾ അവരുടെ വെബ്‌സൈറ്റ് എന്തെങ്കിലും ശരിയാക്കാനോ മറ്റോ ആയിരിക്കും എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ അവർ നടത്തുന്ന ആയിരക്കണക്കിന് വാട്സാപ്പ് ഗ്രൂപ്പുകൾക്ക് അർദ്ധസത്യങ്ങൾ നിറഞ്ഞ കണ്ടെന്റ് ട്രോളുകൾ ആയും മറ്റും ഉണ്ടാക്കി കൊടുത്ത്, അത് പല ഫാമിലി ഗ്രൂപ്പുകൾ വഴി ഏറ്റവും അടിത്തട്ടിലുള്ള ആളുകളിൽ വരെ എത്തിച്ച് ആശയകുഴപ്പം ഉണ്ടാക്കി വെടക്കാക്കി തനിക്കാക്കുന്ന പരിപാടിയാണ് അവരും,ബിജെപി യുടെ ഇന്ത്യയിലും പുറത്തുമുള്ള എല്ലാ ഐടി സെല്ലുകളും ചെയ്യുന്നത് എന്ന് വളരെ വൈകിയാണ് ഞാൻ മനസിലാക്കിയത്. അതും അവരോട് തെറ്റിപ്പിരിഞ്ഞ വന്ന വേറെയൊരു സുഹൃത്ത് വഴി. ഇതെല്ലാം ഇന്ത്യ ഒട്ടാകെ ഏകോപിപ്പിക്കാൻ സാമൂഹിക മനഃശാസ്ത്രഞ്ജരും പരസ്യ തന്ത്രങ്ങൾ ഒരുക്കുന്നവരും , ഡാറ്റ അനാലിസിസ് ചെയ്യുന്നവരും, മാധ്യമ പ്രവർത്തകരും ഒക്കെ ആയി വളരെ അധികം പണം ചിലവാക്കി നിലനിർത്തിയിരിക്കുന്ന പ്രൊഫെഷണങ്ങൾ ആളുകളുടെ ഒരു ടീം വേറെയും ഉണ്ട്.

നിങ്ങൾ ബിജെപിക്ക് എതിരായി ഒരു പോസ്റ്റിട്ടാൽ കുറെ ആളുകൾ, മിക്കവാറും ഫേക്ക് ഐഡിയിൽ നിന്ന് വന്നു ഒരേ പോലുള്ള കമന്റ് ഇടുന്നത് ഒരു പക്ഷെ നിങ്ങൾ ശ്രദ്ധിച്ചു കാണും. ഇത് ബിജെപി ഐ ടി സെല്ലിന്റെ ചെറിയൊരു രൂപം മാത്രം. ഏറ്റവും വലിയ പണി പക്ഷെ അർദ്ധസത്യങ്ങൾ പ്രചരിപ്പിക്കുന്നതാണ്. ഉദാഹരണത്തിന് ജവാഹർലാൽ നെഹ്‌റു കുറെ സ്ത്രീകളും ആയി നിൽക്കുന്നതും, സിഗരറ്റ് വലിക്കുന്നതും ആയുള്ള ഫോട്ടോകളുടെ ഒരു കൊളാഷ് പ്രചരിപ്പിച്ചത് ബിജെപി ഐ ടി സെൽ മേധാവിയായ അമിത് മാളവ്യ തന്നെയാണ്. സംഭവം എല്ലാ ഫോട്ടോയും സത്യം തന്നെയാണ്. പക്ഷെ അതിലെ രണ്ടു ഫോട്ടോയിലും നെഹ്‌റു കെട്ടിപിടിച്ച് നിൽക്കുന്നത് സ്വന്തം സഹോദരിയായ വിജയലക്ഷ്മി പണ്ഡിറ്റിനെ ആണെന്നും, മറ്റൊരു ഫോട്ടോയിൽ നെഹ്‌റു അഭിനന്ദിക്കുന്ന സ്ത്രീ, നെഹ്രുവിന്റെ കൂടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അമ്മു സ്വാമിനാഥന്റെ മകളും, ഇന്ത്യ കണ്ട പ്രഗത്ഭ ശാസ്ത്രജ്ഞൻ ആയ വിക്രം സാരാഭായിയുടെ ഭാര്യയും ആയ മൃണാളിലി സാരാഭായിയെ ഒരു നൃത്ത പരിപാടി കഴിഞ്ഞു അഭിനന്ദിക്കുന്നത് ആണെന്നും, അവർ പറയില്ല. ഈ ഫോട്ടോസ് മാത്രം കാണുന്ന, അധികം റിസേർച് ചെയ്യാത്ത സാധാരണക്കാരുടെ കണ്ണിൽ നെഹ്‌റുവിനെ ഒരു പെണ്ണുപിടിയാണ് ആക്കാൻ ഈ ഫോട്ടോ ധാരാളം മതി എന്നവർക്കറിയാം.

സത്യാനന്തര സത്യത്തിന്റെ ഒരു സ്വഭാവം ഇതാണ്. ഒരു ന്യൂനപക്ഷം ആളുകൾ മാത്രം മനസിലാക്കുന്ന വസ്തുതകൾക്ക് പകരം ഭൂരിഭാഗം ആളുകളിലേക്ക് എത്തുന്ന വികാരങ്ങളെ മുതലെടുക്കുക. ഉദാഹരണത്തിന് ശബരിമല വിഷയത്തിൽ അവർ നടത്തിയ പ്രചാരണം കേരളത്തിലെ ഇടതു ഗവണ്മെന്റ് ഹിന്ദു ആചാരങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നു എന്ന നിലയിലാണ്. സുപ്രീം കോടതിയിൽ കേസിനു പോയത് ഇടതു ഗവണ്മെന്റ് അല്ലെന്നും, സുപ്രീം കോടതി ഒരു വിധി പ്രസ്താവിച്ചാൽ അത് നടപ്പിലാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്നും വിവേകപൂർവം അന്ന് പറഞ്ഞ ആളുകളേക്കാൾ കൂടുതൽ ആളുകളുടെ ഇടയിലേക്ക് ഇടതു സർക്കാർ ഹിന്ദു വിരുദ്ധം ആണെന്ന സന്ദേശം എതിർക്കാൻ അവർക്കായി. ഈയടുത്ത് പാർലമെന്റിൽ , സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം ആയത് കൊണ്ട് ശബരിമല വിഷയത്തിൽ ഇടപെടാൻ കഴിയില്ല എന്ന് ബിജെപി മന്ത്രി പറഞ്ഞത് പക്ഷെ എത്ര പേര് കണ്ടുകാണും?

ഇതുപോലെ പറയാൻ അനേകം അർദ്ധസത്യങ്ങൾ ബിജെപിയുടെ വകയായുണ്ട്. നെഹ്‌റു ആണ് ഇൻഡ്യയെ വിഭജിച്ചത് എന്ന് മുതൽ, രാഹുലിന് നാല് പാസ്പോർട്ട് ഉണ്ടെന്നും വരെ.

രാഹുലിന് നാലു പാസ്പോര്ട്ട് ഉണ്ടെങ്കിൽ അധികാരത്തിൽ ഇരിക്കുന്ന ഗവൺമെന്റിന് പുള്ളിയെ പിടിച്ച് അകത്തിടാൻ പാടില്ലേ എന്നാരും ചോദിക്കരുത്. സോണിയ ഗാന്ധിയുടെ പേരിലും രാജീവ് ഗാന്ധിയുടെ പേരിലും സ്വിസ് ബാങ്കിൽ ആയിരകണക്കിന് കോടി കള്ള പണം ഉണ്ടെന്നും മറ്റും ഒരു വശത്ത് വാട്സാപ്പ് സന്ദേശം പ്രചരിപ്പിക്കുമ്പോൾ, ഈ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിന് സോണിയ ഗാന്ധിയോട് 2011 ൽ തന്നെ എൽ കെ അദ്വാനി മാപ്പു പറഞ്ഞ കാര്യം അവർ സൗകര്യപൂർവം മറച്ചുവയ്ക്കും.

മലപ്പുറത്ത് നോമ്പുകാലത്ത് ഭക്ഷണം കിട്ടില്ല എന്നതൊക്കെ ഇതിന്റെ ഒരു ലോക്കൽ വെർഷനാണ്, മലപ്പുറത്തെ മുസ്ലിം പുരുഷന്മാരിൽ ഭൂരിഭാഗത്തിനും ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടെന്ന് വിശ്വസിച്ചിരുന്ന ഒരു സുഹൃത്തിനെ ഞാൻ തിരുവനന്തപുരത്തു കണ്ടിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം എടുത്താണ് ന്യൂനപക്ഷങ്ങളുടെ മത സ്ഥാപനങ്ങൾ നടത്തികൊണ്ടുപോകുന്നത് എന്ന നുണയുടെ സത്യാവസ്ഥ വിഷകലയെ സതീശൻ എം എൽ എ നിയമസഭയിൽ പൊളിച്ചടുക്കുന്നത് കണ്ടവർക്ക് അറിയാം, അല്ലാത്തവർ ഇന്നും അത് വിശ്വസിക്കുന്നുണ്ടാവും.

ട്വിറ്റെർ, ഫേസ്ബുക്, വാട്സാപ്പ് , ഗൂഗിൾ തുടങ്ങിയ കമ്പനികൾ തന്നെ ഇങ്ങിനെ ഉള്ള ഫേക്ക് വാർത്തകൾ പറക്കുന്നതിനെ കുറിച്ച് ബോധവാന്മാരാണ്. അതുകൊണ്ടാണ് തിരഞ്ഞെടുത്ത ഇന്ത്യൻ മാധ്യമപ്രവർത്തകർക്ക് ഗൂഗിൾ "എങ്ങിനെ ഫേക്ക് വാർത്തകൾ" കണ്ടുപിടിക്കാം എന്നു സൗജന്യമായി ട്രെയിനിങ് കൊടുക്കുന്ന പരിപാടി എല്ലാം തുടങ്ങിയത്.

അമേരിക്കയിൽ കേംബ്രിഡ്ജ് അനാലിറ്റിക്ക എന്നൊരു കമ്പനി ഒരു ആപ്പ് വഴി ഫേസ്ബുക്കിലെ ഡാറ്റ എടുത്ത്, രാഷ്ട്രീയ പാർട്ടികൾക്ക് വിട്ടു പൈസ ഉണ്ടാക്കിയിരുന്നു. കംബ്രിഡ്ജ് അനാലിറ്റിക്കയ്ക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ര വലിയ ഡാറ്റ അനാലിസിസും, നുണ പ്രചാരണങ്ങളും മറ്റുമാണ് ബിജെപി ഇന്ത്യയിൽ നടത്തുന്നത്. ഉത്തരേന്ത്യയിൽ അർണബിന്റെ റിപ്പബ്ലിക്ക് ടിവിയും, കേരളത്തിൽ ഷാജന്റെ മറുനാടൻ മലയാളിയും സ്വതന്ത്ര പത്രങ്ങൾ എന്ന വ്യാജേന വളരെ നല്ല നിലയിൽ ബിജെപിയെ വെള്ള തേക്കുകയും എതിരാളികളെ തേജോവധം ചെയ്യുകയും ചെയ്യുന്നുണ്ട്.

ഒരു ഭാഗത്ത് ഇതെല്ലം നടക്കുമ്പോൾ അത്ഭുതം എന്ന് പറയട്ടെ ഇന്ത്യയിലെ മറ്റു പാർട്ടികൾ ഇങ്ങിനെ ഒരു സംഭവം നടക്കുന്നതായി അറിയുന്നതേ ഇല്ല, അല്ലെങ്കിൽ അറിഞ്ഞാലും അറിയാത്ത ഭാവത്തിൽ പോകുന്നു. കേരളത്തിൽ ഔട്സ്പോക്കൺ എന്ന ബിജെപി ട്രോൾ പേജിനെ പ്രതിരോധിക്കാൻ കോൺഗ്രെസ്സിനോ ഇടതുപക്ഷത്തിനോ നല്ലൊരു ടീമും ഇല്ല പേജും ഇല്ല. മുകളിൽ നിന്ന് നൂലിൽ കെട്ടിയിറക്കിയ ചിലർ കോൺഗ്രസിൽ മലമറിക്കും എന്നോ മറ്റോ കേട്ടിരുന്നു, പക്ഷെ ഇതുവരെ ഫാസിസത്തെ പ്രതിരോധിക്കുന്ന ഒരു സംഭവം പോലും കണ്ടിട്ടില്ല. ധ്രുവ് രാതീ, ദിവ്യ സ്പന്ദന പോലുള്ള ചില വ്യക്തിഗത അക്കൗണ്ടുകൾ മാത്രമാണ് കുറച്ചെങ്കിലും പ്രതിരോധം തീർക്കുന്നത്. ഇടതുപക്ഷത്തിന് പ്രൊഫെഷണൽ അല്ലാത്ത കുറെ പേജുകൾ ഉപകാരത്തെക്കാൾ ഉപദ്രവം ചെയ്യുന്നുണ്ട് താനും. ഇടതുപക്ഷവും കോൺഗ്രസ്സും ഇതെല്ലം മനസിലാക്കി വരുമ്പോഴേക്കും കാൽക്കീഴിലെ മണ്ണുണ്ടാവില്ല.

ശബരിമല വിഷയത്തിൽ ക്ഷേതങ്ങളിലെ മാഗ്നെറ്റിക് ഫീൽഡ് കൂടുതൽ ആണെന്ന ഒരു ഡോക്ടറുടെ വാദം ഞാൻ തെറ്റാണെന്നു തെളിയിച്ചപ്പോൾ അത് അമേരിക്കയിലെ അമ്പലം ആയത് കൊണ്ടാണെന്നും, ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മാഗ്നെറ്റിക് ഫീൽഡ് കൂടുതൽ ആയിരിക്കും എന്ന് പറഞ്ഞ, ഉന്നതവിദ്യാഭ്യാസം ഉള്ള മലയാളി കൂട്ടുകാർ എനിക്കുണ്ട്. അങ്ങിനെ ശാസ്ത്രബോധം അടുത്തുകൂടെ പോയിട്ടില്ലാത്ത ഒരു ജനതയെ സത്യാനന്തര സത്യമൊക്കെ പറഞ്ഞു മനസിലാക്കി വരുമ്പോഴേക്കും നമ്മുടെ രാജ്യവും ജനാധിപത്യവും ഒക്കെ അവിടെ തന്നെ കാണുമോ ആവോ.

സത്യം ചെരുപ്പിന്റെ വാര്‍ ഇടുമ്പോഴേക്കും നുണ ലോകത്തിന്‍റെ പാതി ചുറ്റിയിരിക്കും എന്നല്ലേ..

https://m.facebook.com/story.php?story_fbid=10213970568890322&id=1593164908

Vincent Valiyaveettil

                                                                                
                                                     

ഒരുപാട് കാലമായി ഓൺലൈൻ സുഹൃത്തുക്കളാണ് ഞങ്ങൾ..

Vincent Valiyaveettil. ഭാര്യ മിനിയും മക്കൾ നികിതയും നെൽവിനും നവീനും...

ഇതു വരെ തമ്മിൽ കണ്ടിരുന്നില്ല. അവർ അവധിക്ക് വരുമ്പോഴെല്ലാം ഞങ്ങൾ കാണാൻ പദ്ധതിയിടും. എല്ലാത്തവണയും അതു പൊളിയും..

ഇന്നും നടക്കാതെ പോയേനേ...

എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ. അതുകൊണ്ട് ഇന്ന് തമ്മിൽ കാണുക തന്നെ ചെയ്തു..

അങ്ങനെ Manoj Ravindran Niraksharan പറേന്ന പോലെ ഓൺലൈൻ സൗഹൃദം ഓഫ് ലൈൻ ആയി.

Sunday, August 18, 2019

Ashtamoorthi, Sunil PK, Viswa Prabha, Hazeena Raffi, Ampily Sasikumar

25/07/19
   
Mini Vish ന്റെ “നീല പാപ്പാത്തികൾ“ പുസ്തക പ്രകാശനം ആയിരുന്നു..സാഹിത്യ അക്കാദമി ഹാളിൽ.
പുസ്തകപ്രകാശനം നടത്തിയത് പ്രസിദ്ധ എഴുത്തുകാരൻ അഷ്ടമൂർത്തി എന്ന കുട്ടേട്ടൻ.
അദ്ദേഹത്തോടൊപ്പം — with Ashtamoorthi Kadalayil Vasudevan.

25/07/19ഏറെ നാളായി കാണാനാഗ്രഹിച്ച എച്ച്മുക്കുട്ടിയെ അവിചാരിതമായി കണ്ടുമുട്ടി ഇന്ന്.Mini Vish ന്റെ "നീ ലപാപ്പാത്തികൾ " പ്രകാശനം ചെയ്യപ്പെട്ട ചടങ്ങിൽ വെച്ച്.


ഗാഥട്രോളത്തിയെ ആദ്യമായി കാണുകയാണെന്ന് തോന്നിയതേ ഇല്ല.പിന്നെ ഫേസ്ബുക്കിൽ കാണുന്നത് പോലെത്തന്നെയാണ് നേരിലെങ്കിലും, സ്വഭാവം അതുപോലെയല്ല. ശരിയ്ക്കും ജഗദമ്മ ഡീസന്റാണ് ..


വിശദമായി പിന്നീട് എഴുതാം ..


                                                                   


26/07/19
                                                                           
                                               കനവുചെപ്പിന്റെ ബി-നിലവറകൾ


                                                                                 
26/07/19
                                                                               
ഒന്നു കാണണമെന്നും, കണ്ടാൽ കെട്ടിപ്പിടിച്ച് പുറത്തു തട്ടി ആശ്വസിപ്പിച്ച്, കവിളത്ത് അമർത്തി ഒരുമ്മ കൊടുക്കണമെന്നുമാശിച്ചിരുന്ന പ്രിയ കൂട്ടുകാരി. ഹൃദയത്തെ പിച്ചിച്ചീന്തി കണ്ണുകളിൽ നിന്ന് രക്തം പൊടിയിച്ച അനുഭവങ്ങളുടെ ഉടമ, #Echmukkutty യെ കണ്ടുമുട്ടിയപ്പോൾ. — feeling lovely withEchmu Kutty at Sahithya Academy Hall.26/07/19         

                                                                         Ampily Sasikumar

അമ്മച്ചിന്തുകൾ 38

                                                                     
ആ നഴ്സ് മാലാഖയും മിശ്രവിവാഹം കഴിച്ചവരായിരുന്നു. രാജം എന്ന എൻറെ അമ്മയുടെ ദു:ശീലങ്ങൾ അറിഞ്ഞപ്പോൾ അവർ തകർന്നു പോയി. അവർ സ്നേഹത്തോടെ അച്ഛനെ മാറോടു ചേർത്തുപിടിച്ചു. .... അദ്ദേഹത്തിൻറെ വിണ്ടു നീറുന്ന ഹൃദയത്തെ നിത്യവും സ്നേഹലേപനം പുരട്ടിത്തടവി.

അച്ഛൻ ഒരു കൗമാരക്കാരനായ കാമുകനായി. കാർ കേടായാൽ സുഹൃത്തിൻറെ മകൻറെ സൈക്കിൾ കടം വാങ്ങി അതും ചവിട്ടി അദ്ദേഹം ആശുപത്രിയിൽ പോയി. ആ കാഴ്ച കണ്ട് ഞാനും ഭാഗ്യയും അന്ധരെപ്പോലെ നിന്നു.

ഒരിക്കലും പൗഡറിടാത്ത അച്ഛൻ എക്സോട്ടിക്ക എന്ന പൗഡർ വാങ്ങിപ്പൂശി. അച്ഛൻറെ ഡെറ്റോളും ലൈസോളും കലർന്ന മണം അങ്ങനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു.

കൈത്തറി ബെഡ്ഷീറ്റും തലയിണയുറകളുമാരുന്നു അയ്യന്തോൾ വീട്ടിൽ അക്കാലം വരേയും. അമ്മ ഹാൻടെക്സിൽ കുറി ചേർന്ന് വർഷത്തിലൊരിക്കൽ വാങ്ങുന്നവ.

അച്ഛൻ ബോംബെ ഡൈയിംഗിൻറെ പൂങ്കുലകൾ നിറഞ്ഞ, പലതരം പ്രിൻറുകൾ പടർന്നൊഴുകുന്ന ബെഡ്ഷീറ്റുകൾ വാങ്ങി സൂക്ഷിച്ചു. ഹാഫ് കൈ ബനിയൻ ധരിച്ചിരുന്ന അദ്ദേഹം ടീ ഷർട്ടുകൾ ഉപയോഗിച്ചു തുടങ്ങി. എന്നും ഉച്ചയൂണിനും അത്താഴത്തിനും അദ്ദേഹത്തിന് മീൻ കറിയും ഇറച്ചിക്കറിയും അവർ ഉണ്ടാക്കി നല്കി.

അമ്മയെ അടിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഗന്ധം, വല്ലപ്പോഴുമുള്ള തമാശകൾ, വിരളമായ ഔട്ടിംഗുകൾ, പുസ്തക വായന, പാട്ടു കേൾപ്പിക്കൽ, ചിലപ്പോഴുള്ള കഥ പറയൽ... അങ്ങനെ അദ്ദേഹം അച്ഛനാണ്.. എന്തായാലും അച്ഛൻ തന്നെയാണ് എന്ന വിചാരം, അങ്ങനെ തോന്നുന്ന ഒരു സ്വന്തപ്പെടൽ ഇക്കാര്യങ്ങൾകൊണ്ട് മനസ്സിലുണ്ടായിരുന്നു. അച്ഛനും അമ്മയും സ്നേഹമായി ജീവിച്ചാൽ ഞങ്ങൾക്ക് കൈവരുന്ന സൗഭാഗ്യങ്ങളെ സങ്കല്പിച്ച് ആനന്ദിക്കുന്നത് ഞങ്ങളുടെ ഒരു കളി കൂടിയായിരുന്നു. ആ സങ്കൽപ്പലോകത്തിൽ
ൽ എത്ര നേരം വേണമെങ്കിലും ജീവിക്കാൻ ഞങ്ങൾ മൂന്നു പേർക്കും കഴിയുമായിരുന്നു.

അതെല്ലാം ഞങ്ങൾ മറന്നു. ഇത് ഞങ്ങളുടെ അച്ഛനല്ല എന്ന തോന്നൽ വർദ്ധിച്ചു വന്നു. ഒരു അപരിചിതനെന്ന തോന്നൽ ഉള്ളിൽ വളരാൻ തുടങ്ങി.

അമ്മയ്ക്ക് ടി ബി വന്നപ്പോഴാണ് എന്റെ ഒമ്പതാം ക്ലാസ് പഠനം തൃശൂർ സേക്രഡ് ഹാർട്ട് കോൺവെൻറിലേക്കാവുന്നത്. ഭാഗ്യയും അവിടേക്ക് എത്തി. അങ്ങനെ ഞങ്ങൾ ഒന്നിച്ച് തൃക്കൂരു നിന്നും ക്ളാസ്സിൽ പോയി വന്നിരുന്നു. അമ്മ ടി ബി ഭേദമായി അയ്യന്തോളിൽ താമസിക്കുകയും അവിടുത്തെ പോസ്റ്റ് ഓഫീസിൽ ജോലി തുടരുകയും ചെയ്തപ്പോൾ ഞാനും ഭാഗ്യയും അയ്യന്തോളിലെ വീട്ടിൽ നിന്നും സ്ക്കൂളിൽ പോവാൻ തുടങ്ങി.

എൻറെ ആ തീരുമാനം , അമ്മയോടൊപ്പം നില്ക്കാനുള്ള തീരുമാനം അമ്മീമ്മയെ വല്ലാതെ ദു:ഖിതയാക്കി. അന്നൊന്നും എനിക്കത് മനസ്സിലായില്ല. ഞങ്ങൾ അമ്മീമ്മയെ ഉപേക്ഷിച്ചു പോകും എന്ന നാട്ടുകാരുടെ കഥ പറയൽ അവരെ അപ്പോൾ ഭയപ്പെടുത്തിയിരിക്കണം.

എൻറെ ജീവിതത്തിലെ ദുരിതങ്ങളുടെ പ്രളയപ്പെയ്ത്ത് തുടങ്ങുന്നതങ്ങനെയാണ്. അമ്മീമ്മക്ക് എന്നിൽ ഒരു അതൃപ്തി, ഒരു അകൽച്ച, ഒരു അവിശ്വാസം, ഒരു ഭയം എല്ലാം അങ്ങനെ ആരംഭിച്ചു. എനിക്കതൊക്കെ ശരിയായി തിരിച്ചറിയാൻ ഒരുപാട് കാലമെടുത്തുവെന്നത് എൻറെ മറ്റൊരു നിർഭാഗ്യം.

അച്ഛൻറെ അടുത്ത സുഹൃത്തുക്കളായിരുന്നു എല്ലാ കാലത്തും മാറി വരുന്ന കളക്ടർമാർ, പോലീസ് സൂപ്രണ്ടുമാർ, ജഡ്ജിമാർ, ആർ ഡി ഓ മാർ, സബ്കളക്ടർമാർ.... അങ്ങനെ അയ്യന്തോൾ എന്ന ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സിലിരുന്ന് ഭരണചക്രം തിരിക്കുന്ന എല്ലാവരും അച്ഛൻറെ അടുപ്പക്കാരായിരുന്നു. അവരിൽ ചിലരുടെ ഭാര്യമാരുമായി അമ്മയും അടുപ്പം പുലർത്തിയിരുന്നു.

അച്ഛൻറെ സുഹൃത്തുക്കളെ ഞങ്ങൾ വേണ്ട വിധം ബഹുമാനിക്കുന്നില്ലെന്ന് അപ്പോൾ പുതിയ ആരോപണമുയർന്നു. അവർ വന്നപ്പോൾ എണീറ്റില്ല, ചായ കൊടുത്തു... അല്ലെങ്കിൽ കൊടുത്തില്ല..അങ്ങനെ ... അമ്മയെ അടിക്കുന്നത് അക്കാലങ്ങളിൽ നിറുത്തി വെച്ചിരിക്കയായിരുന്നു അച്ഛൻ. എന്നാലും ഇത്തരം വഴക്കുകൾ സുലഭമായിരുന്നു

വീട്ടിൽ അങ്ങനെ പ്രശ്‌നമൊന്നുമില്ലാത്ത ദിവസം ഞാനും ഭാഗ്യയും അമ്മയുടെ പ്രിയപ്പെട്ട വെളുത്ത പനിനീർപ്പൂക്കളെ ഇറുത്ത് കിടക്കയിൽ വിതറി ഉറങ്ങും. അക്കാലങ്ങളിൽ വായിക്കുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങളേയും കാഫ്ക എന്ന എഴുത്തുകാരനേയും ഒക്കെ ഞാൻ പ്രണയിച്ചിരുന്നു. ഇന്നും എൻറെ പ്രണയിയാണ് ഷെർലക് ഹോംസ് എന്ന കഥാപാത്രം. പാശ്ചാത്യ സംഗീതം ഇഷ്ടപ്പെട്ടിരുന്നു. ഫ്രാങ്ക് സാപ്പയായിരുന്നു ആരാധനാപാത്രം. സാപ്പ ജാസും റോക്കും പലതരം ഫ്യൂഷനുകളും പരീക്ഷിച്ചിരുന്ന ഗിറ്റാറിസ്റ്റുമായിരുന്നുവല്ലോ. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോടും താല്പര്യമാരുന്നു. ആ വെളുത്ത പനിനീർപ്പൂക്കളിൽ ഉറങ്ങീരുന്ന ഞാനും ഭാഗ്യയും അത് കഴിഞ്ഞ ജന്മത്തിലാരുന്നുവെന്ന മട്ടിൽ ഇപ്പോൾ സംസാരിക്കുന്നു.

വലിയ വലിയ ഓഫീസർ മാരെ പരിചയമുള്ളതിൻറെ ഒരു സ്പെഷ്യൽ ഗമ അച്ഛൻ പുലർത്തീരുന്നു. അദ്ദേഹത്തിന്റെ കാറിൽ ഞങ്ങൾക്ക് സഞ്ചരിക്കാൻ പറ്റുന്നതിന് നന്ദിയുണ്ടാവണമെന്ന് അച്ഛൻ ഞങ്ങളോട് പറയാറുണ്ട്. അതുപോലെ ഇത്ര വലിയ ഓഫീസർമാരെ പരിചയമുള്ള അച്ഛനുണ്ടായതിനും ഞങ്ങൾ നന്ദി പറയണമല്ലോ.

അച്ഛനാണ് ശരിക്കും വലിയ ഗവൺമെന്റ് ഉദ്യോഗം, സ്ററേററ് കാർ, ഫോൺ, ഡ്രൈവർ, നീലത്തുണിയിൽ ഭാണ്ഡമായി കെട്ടി വരുന്ന ഫയലുകൾ, വണങ്ങുന്ന കീഴുദ്യോഗസ്ഥർ..... ഇതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ലെന്ന് , അതൊന്നും ഒരു വ്യക്തിയെ സാംസ്‌കാരിക മായി പരിപോഷിപ്പിക്കുന്നില്ലെന്ന് ഞങ്ങളെ കൃത്യമായി പഠിപ്പിച്ചത്.

അതുകൊണ്ടാണല്ലോ അച്ഛൻ റെ കൂട്ടുകാരൻ വക്കീൽ പത്മനാഭൻ ലേശം മദ്യത്തിന്റെ അകമ്പടിയിൽ എന്നെ കൊഞ്ചിക്കുകയാണെന്ന വ്യാജേനെ കെട്ടിപ്പിടിച്ചമർത്തുന്നത് അച്ഛനു മനസ്സിലാവാതെ വന്നത്. അബ്ദു എന്ന ജഡ്ജി ഉമ്മ വെച്ച് കൊഞ്ചിച്ചതും അച്ഛനു തിരിച്ചറിയാൻ പറ്റാതെ വന്നത്.

ഞാൻ കരഞ്ഞു. അച്ഛനോട് ബഹളം കൂട്ടി. എനിക്കിഷ്ടമായില്ല ആ കൊഞ്ചിക്കൽ... അതിൽ കൊഞ്ചിക്കൽ മാത്രമല്ല, വേറെ എന്തോ ഉണ്ടായിരുന്നു... എന്നെ വേദനിപ്പിക്കുന്ന എന്തോ ഒന്ന്..

ഞാൻ കിതച്ചു.

'അവർ അങ്ങനൊന്നും ചെയ്യില്ല .അവരൊക്കെ ആരാന്നറിയുമോ തൂക്കിക്കൊല്ലാൻ അധികാരമുള്ളവരാണ്. നിനക്ക് നിൻറെ അമ്മയുടെ രോഗമാണ് '

അച്ഛൻറെ പെരും പുച്ഛം.

വീട്ടിലിരിക്കുന്ന, സ്കൂളിൽ പോവുന്ന എന്നെ ആർക്കാണ് തൂക്കിക്കൊല്ലാനാവുക? എന്തിനാണ് എന്നെ തൂക്കിക്കൊല്ലുന്നത്? ഇത്ര മോശമാണോ നമ്മുടെ നിയമം? വഴി നടക്കുന്നവരെ ചുമ്മാ തൂക്കിക്കൊല്ലുമോ?

ഞാൻ ചോദിച്ചതിനൊന്നും അച്ഛൻ മറുപടി തന്നില്ല

അന്ന് രാത്രി അമ്മയും അച്ഛനും തമ്മിൽ വലിയ വഴക്കുണ്ടായി. അച്ഛൻ അമ്മയെ അടിച്ചില്ല...

അമ്മച്ചിന്തുകൾ 37

                              
അമ്മീമ്മ ചെയ്ത
ധീരകൃത്യമറിഞ്ഞ് എൻറെ അമ്മ സ്തംഭിച്ചിരുന്നു പോയി. 'ഒനക്ക് എപ്പടി ധൈര്യം വന്ത്ത് 'എന്ന് ചോദിച്ച് അവർ ആ സഹോദരിമാർ പരസ്പരം കെട്ടിപ്പിടിച്ച് കണ്ണുനീർ തൂവി.

അവരുടെ സഹോദരൻ ലീവ് അവസാനിപ്പിച്ച് ബോംബെക്ക് മടങ്ങിയ ശേഷമാണ് അമ്മീമ്മക്ക് ഒരു ടെലഗ്രാം സ്ക്കൂൾ വിലാസത്തിൽ വന്നത്. അമ്മീമ്മയുടെ അറുപതാം പിറന്നാളിനുള്ള ആശംസകളായിരുന്നു അത്. അയച്ചിരുന്നത് ജായ്ക്കാളുടെ മകളുടെ ഭർത്താവായിരുന്നു. അമ്മീമ്മ കള്ളപ്പിറന്നാൾ ആശംസ സ്വീകരിക്കാൻ തയാറായില്ല. ടെലിഗ്രാം മടങ്ങി . അയച്ച ആൾ അപ്പോഴാണ് അത് അറിയുന്നത്. അദ്ദേഹം ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ ചിന്ന മാമിയാർ ആണല്ലോ അമ്മീമ്മ. അദ്ദേഹം ഉടനെ അമ്മീമ്മക്ക് 'ഞാൻ ഇങ്ങനെ ഒരു കള്ളപ്പിറന്നാൾ ആശംസ അയച്ചിട്ടില്ലെന്നും അദ്ദേഹത്തെ തെറ്റിദ്ധരിക്കരുതെ'ന്നും വിശദീകരിച്ചു്‌ ഒരു കത്തയച്ചു. മാത്രമല്ല പോസ്റ്റൽ ഡിപ്പാർട്ട്മെൻറിൽ പരാതിയും നല്കി. പക്ഷേ, ബോംബെ പോലെ ഒരു വൻ നഗരത്തിൽ ഒരാളുടെ വിലാസം ഉപയോഗിച്ച് വേറൊരാൾ കമ്പിയടിച്ചാൽ എങ്ങനെ അറിയാനാണ്?

അടുത്തതായി വന്നത് സ്കൂൾ മാനേജരായിരുന്ന ടി പി സീതാരാമൻ എജുക്കേഷൻ ഡിപ്പാർട്ടുമെൻറിന് എഴുതിയ പരാതിയാണ്. അമ്മീമ്മ ഒരു പെരും വയസ്സിയാണ്. മുഖം കണ്ടാൽ അറിയാമല്ലോ. ഉടൻ പിരിച്ചു വിടണം. അധികം പറ്റിയ ശമ്പളമടക്കം തിരികെ പിടിക്കണം.

അദ്ദേഹം അങ്ങനൊന്നും എഴുതില്ലെന്നറിയാമായിരുന്നെങ്കിലും അമ്മീമ്മ തകർന്നു പോയി. സങ്കടത്തോടെ അമ്മീമ്മ അദ്ദേഹത്തെ കാണാൻ ചെന്നു.
'നാനിപ്പടി എഴുതുവേനാ, കല്യാണം... ഉനക്ക് പൈത്യമാ ' എന്നദ്ദേഹം അമ്മീമ്മയോട് ചോദിച്ചു. തന്നെയുമല്ല, അദ്ദേഹത്തിന്റെയല്ല ആ കത്ത് എന്ന് കാണിച്ചും ഈ കത്തെഴുതിയ ആളേ കണ്ടു പിടിക്കണമെന്നു ആവശ്യപ്പെട്ടും അദ്ദേഹം പരാതിയും നല്കി.

കാര്യങ്ങൾ അവിടെ നിന്നില്ല. തുടരെത്തുടരേ ഇമ്മാതിരി കത്തുകൾ വരുന്നതു കൊണ്ട് ഗവണ്മെൻറ് ഒരു വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ആ വിവരമറിഞ്ഞ ദിവസം ഞങ്ങൾ തളർന്നു പോയി. എല്ലാവരും ഒരു പോലേ...

ഞങ്ങളുടെ ചെടികളും പൂക്കളും നായ്ക്കുട്ടികളും പൂച്ചക്കുട്ടികളും എല്ലാവരും തന്നെ..

കുറ്റം ചെയ്ത് അന്വേഷണം നേരിടുന്നത് വേറെ കാര്യമാണ്. എന്നാൽ ഒരു തെറ്റും ചെയ്യാത്ത ഒരു സ്ത്രീയെ ദ്രോഹിക്കുന്നതിനുമില്ലേ ഒരു പരിധി ?അമ്മീമ്മക്ക് പേരിനു പോലും ആരുമില്ല. ഒരു തുണ ആരുണ്ട്? ഞങ്ങൾ ഒന്നിനും പ്രാപ്തി നേടിയിട്ടില്ല. അമ്മ രോഗം പിടിച്ചു കിടക്കുന്നു...

അന്ന് അമ്മീമ്മയുടെ കണ്ണിൽ നിന്നുരുണ്ടു വീണ തീത്തുള്ളികൾക്ക് ആരേ വേണമെങ്കിലും ദഹിപ്പിക്കാനാവുമായിരുന്നുവെന്ന് ഭാവി ഞങ്ങൾക്ക് കാണിച്ചു തന്നു.

വിജിലൻസ് എൻക്വയറി നടന്നു. എന്താണ്‌ എന്ത് തേങ്ങയാണ് അന്വേഷിക്കുക..? ഇരുപത് വയസ്സ് വരെ സ്വന്തം മഠത്തിലും അതിനിടയിൽ ആറുമാസം ഭർതൃഗൃഹത്തിലും പാർത്ത ഒരു പെണ്ണ്.. പിന്നെ
മുപ്പതു വയസ്സുവരെ ബോംബെ യിലേക്ക് കൊണ്ടുപോകപ്പെട്ട് സഹോദരഭാര്യമാരുടെ പ്രസവശുശ്രൂഷയും മക്കളെ നോക്കലും ഒക്കെ ചെയ്ത ഒരു പെണ്ണ്.. ഹിന്ദി പഠിച്ച് പെട്രോൾ ബങ്കിലും ചെറുകിട കടകളിലും മറ്റും ഹിന്ദിയിൽ ബില്ല് എഴുതുക എന്ന
ജോലി ചെയ്ത ഒരു പെണ്ണ്.... വേറെ എന്താണ് അന്വേഷണത്തിനുള്ളത്?

എന്തായാലും തെളിവൊന്നുമില്ലാതെ അന്വേഷണം വഴിമുട്ടി. അച്ഛനും അച്ഛൻറെ ഔദ്യോഗികപദവിയും അമ്മീമ്മയെ രക്ഷപ്പെടുത്തിയത് അപ്പോഴാണ്. വിജിലൻസ് ഡയറക്ടർ അച്ഛൻറെ സുഹൃത്ത് ഐ എ എസ് കാരനായിരുന്നു. അമ്മീമ്മയെയും അമ്മയേയും ഞങ്ങളേയും ഒന്നിച്ച് അച്ഛൻ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടു പോയി.

കഥയെല്ലാം അറിഞ്ഞ അദ്ദേഹം 'ബ്രാഹ്മണപ്പുരുഷന്മാർ... പൂണൂലിട്ടവർ, സസ്യഭുക്കുകൾ, ഒരു വയറ്റിൽ ജനിച്ച സഹോദരൻമാർ അല്ലേ ....' എന്ന് അൽഭുതം കൂറി. എല്ലാവർക്കും അങ്ങനെ തോന്നുമല്ലോ. ശാന്തരായ ബ്രാഹ്മണർ കള്ളത്തരമൊന്നും ചെയ്യില്ല. കുറെ മന്ത്രം ചൊല്ലും. പച്ചവെള്ളം ചവച്ച് ചവച്ച് കുടിക്കും എന്നൊക്കെ.

ഏറ്റവും ഒടുവിൽ നെറ്റിയിലാണിയടിച്ചു കേറ്റും പോലെ അദ്ദേഹം ഒരു ചോദ്യം ചോദിച്ചു. 'ഡോക്ടർ എങ്ങനെ ഇത്രമാത്രം അധ:പ്പതിച്ച ഈ മഠത്തിൽ ചെന്നു കൂടി?'

അമ്മയുടെയും അമ്മീമ്മയുടേയും തല പാതാളത്തോളം താഴ്ന്നു പോയി. അച്ഛൻ നിസ്സഹായനായ നിഷ്കളങ്കനായി തലയല്പം കുനിച്ചു നിന്നു.

ഐ ഏ എസ് ഓഫീസറുടെ ആ ചോദ്യം അച്ഛന് ഒത്തിരി ഇഷ്ടമായി. തിരികെ വരുമ്പോൾ അദ്ദേഹം ആഹ്ലാദത്തോടെയാണ് കാർ ഡ്രൈവ് ചെയ്തത്.

അമ്മീമ്മയുടെ ദുരിതത്തിനെ ആ ഐ ഏ എസ് ഓഫീസർ എന്നേക്കുമായി ഒഴിവാക്കിത്തന്നു. ഇത്തരം അനാവശ്യ കാര്യങ്ങളുടെ പുറകെ പോയി സർക്കാരിൻറെ സമയവും സമ്പത്തും ദുർവിനിയോഗം ചെയ്യരുതെന്ന കുറിപ്പോടെ അദ്ദേഹം ഫയൽ അവസാനിപ്പിച്ചു.

അമ്മ രുഗ്മിണി അമ്മാളെ കാണാൻ പോയതിൻറെ ശിക്ഷ വേറെയും ഒരു രൂപത്തിൽ വന്നു. ഞങ്ങൾ തൃക്കൂർ വീട് പൂട്ടി അയ്യന്തോളിലായിരുന്ന അമ്മയെ കാണാൻ പോയി. തിരികെ വന്നപ്പോൾ വീട്ടിൽ കവർച്ച നടന്നിരുന്നു.

ചില്ലറത്തുട്ടുകൾ, ചില്ലുഗ്ളാസ്സുകൾ, തുണിക്കഷണങ്ങൾ, എനിക്കും റാണിക്കും അമ്മീമ്മ ഇത്തിരി സ്വർണം കൊണ്ട് പണിയിച്ചു തന്നിരുന്ന ഉച്ചിപ്പൂ എന്ന് തമിഴിൽ വിളിക്കുന്ന, തലമുടിയിൽ ചൂടുന്ന ചെറിയ സ്വർണപ്പൂവുകൾ...അങ്ങനെ രണ്ടു ദിവസം വീട് അരിച്ചുപെറുക്കി കിട്ടാവുന്നതെല്ലാം കവർച്ചക്കാർ കൊണ്ടു പോയിരുന്നു. വീട് നന്നായി അറിയാവുന്ന ആരോ ആണ് അവർക്ക് ചൂട്ടു പിടിച്ചത്. ഒറ്റ നോട്ടത്തിൽ കള്ളൻ കയറിയതായി അറിയുകയേയില്ലായിരുന്നു.

എന്തായാലും പോലീസ് വന്നു. അവരാണ് അമ്മയുടെ സർട്ടിഫിക്കറ്റ് വെച്ചിരുന്ന മേശയുടെ പൂട്ട് പൊളിക്കാൻ കവർച്ചക്കാർ നടത്തിയ പരിശ്രമം കണ്ടു പിടിച്ചത്. അപ്പോൾ ഞങ്ങളുടെ തലയിൽ ശരിക്കും ഇടി വെട്ടി. ആരാണ് കവർച്ചക്കാരെ അയച്ചതെന്നും കവർച്ചക്കാർ ആരായിരുന്നുവെന്നും പെട്ടെന്ന് തന്നെ മനസ്സിലായി.

അത് വലിയ ദ്രോഹമാണുണ്ടാക്കിയത്. ഞങ്ങളുടെ വീട്ടു മതിലിന്മേൽ വലിയ അക്ഷരത്തിൽ 'വേശിയാലയം' എന്നെഴുതി വെക്കപ്പെട്ടു. ഞങ്ങൾ ആദ്യം എഴുത്ത് മായ്ച്ചു. അപ്പോൾ മതിലിൽ മുഴുവനും അവർ എഴുതി. പിന്നെ ഞങ്ങൾ
അത് മായ്ക്കാൻ പണിപ്പെട്ടില്ല. അങ്ങനെ എഴുതി മടുക്കുമ്പോൾ സ്വയം നിറുത്തും എന്നു തന്നെ കരുതി. ഓർക്കണം, ആ വീട്ടിൽ ഉണ്ടായിരുന്നത് തൃക്കൂരുള്ള മിക്കവാറും എല്ലാവരുടേയും ഗുരുനാഥയായ അമ്മീമ്മയും ടി ബി വന്ന് കൈ പ്ളാസ്റ്ററിലിട്ട അമ്മയും ഞങ്ങൾ പതിനഞ്ച് വയസ്സ് തികയാത്ത കുട്ടികളുമാണ്. എന്തായാലും അന്നു മുതൽ സ്ത്രീകളെ വേശ്യ എന്ന് പറയുന്ന എല്ലാ മനുഷ്യരേയും ഞങ്ങൾ മൂന്നു പേരും അടിമുടി വെറുത്തു. ആ വാക്കുച്ചരിക്കുന്നവരെല്ലാം മനുഷ്യവിരുദ്ധരാണെന്ന് ഞങ്ങൾ ഉറപ്പിച്ചു.

ബ്രാഹ്മണ്യത്തെ അനുകരിക്കാൻ ശ്രമിക്കുന്നതാണ് , അങ്ങനെ ജാതിയുടെ നിയമങ്ങളിലേക്ക് തിരിച്ചു നടക്കുന്നതാണ് നന്മയെന്ന് കരുതുന്നവർ നമ്മുടെ നാട്ടിലെ കൂടി വരുന്ന സ്ത്രീ വിരുദ്ധതക്ക് ഒരു പ്രധാന കാരണക്കാരാണ്. മനുഷ്യത്വത്തിന് അനുകരിക്കാൻ പറ്റിയ ഒന്നും തന്നെ ഒരു ജാതിയിലും ഒരു മതത്തിലുമില്ല.

വജ്രായുധം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് പുതിയ ഒരു കേസായിരുന്നു. തൃശൂർ ജില്ലാ കോടതിയിൽ അമ്മീമ്മയുടെ സഹോദരന്മാർ വീണ്ടും അമ്മക്കും അമ്മീമ്മക്കും എതിരേ കേസ് കൊടുത്തു. മരിച്ചു പോയ അപ്പാ സുബ്ബരാമയ്യരുടെ വില്പത്രം കിട്ടി. അത് അനുസരിച്ച് സ്വത്ത് വിഭജിക്കണം എന്നായിരുന്നു കേസ്. ആർത്തിയുടെ അങ്ങേയറ്റം ആയിരുന്നു ആ കേസ്. സ്വത്ത് തുല്യമായി വിഭജിക്കണമെന്ന് ഉത്തരവിട്ട കേരളാ ഹൈക്കോടതിയെ പരിഹസിക്കൽ...

അവരുടെ വക്കീൽ തൃശൂരിലെ ഒരു അഡ്വ. മറിയാമ്മ ആയിരുന്നു. നമ്മുടെ നിയമത്തിൻറെ തമാശകൾ ഇങ്ങനെയാണ്. ഹൈക്കോടതി ക്ക് എതിരേ ഒന്നും പറയാൻ നിയമപരമായി അവകാശ മില്ലാത്ത തൃശൂർ ജില്ലാ കോടതി ഈ കേസ് ഫയലിൽ സ്വീകരിച്ചു അമ്മക്കും അമ്മീമ്മക്കും വിശദീകരണം ചോദിച്ചു നോട്ടീസ് അയച്ചു. നിയമം ഒരു നോക്കുകുത്തി അല്ലെങ്കിൽ ഇത്തരം ഒരു കേസ് ഫയലിൽ സ്വീകരിക്കപ്പെടുന്നതെങ്ങനെയെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. കോടതിയുടെയും സാധാരണ മനുഷ്യരുടേയും സമയം, ഇത്തരം കള്ളക്കേസുകൾ നല്കുന്നവർ, എത്രമാത്രമാണ് നശിപ്പിച്ചു കളയുന്നത്. കോടതിയേ മന:പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്ന മനുഷ്യ ർക്കും വക്കീലുമാർക്കും എതിരേ കൃത്യമായ നടപടി ഉണ്ടാകണം. എങ്കിൽ വെള്ളത്തിന് തീ പിടിച്ചു എന്ന മട്ടിലുള്ള കേസുകൾ ഒരു പരിധി വരെയെങ്കിലും കുറയും.

അമ്മയുടെ സഹോദരന്മാരുടെ കേസ് എടുത്ത വക്കീൽ മാഡത്തിന് സത്യമറിയാഞ്ഞാണോ അതോ രണ്ടു പെണ്ണുങ്ങളല്ലേ അപ്പുറത്ത് ദ്രോഹിച്ചുകളയാം എന്ന് കരുതീട്ടാണോ എന്നറിയില്ല... എന്തായാലും കേസ് വീണ്ടും ഉഷാറായി ആരംഭിച്ചു.

അച്ഛൻറെ സുഹൃത്തും ഡിസ്ട്രിക്ട് ജഡ്ജായി റിട്ടയർ ചെയ്ത് വക്കീൽ ജോലി തുടരുകയും ചെയ്ത
സുബ്രഹ്മണ്യയ്യരായിരുന്നു അമ്മയുടെയും അമ്മീമ്മയുടേയും വക്കീൽ. ആ കുടുംബത്തിലെല്ലാവരും അച്ഛനെ ഒരു വീരപരിവേഷത്തോടെയാണ് നോക്കിക്കണ്ടത്. എത്ര മിടുക്കനും ആദർശവാനുമാണ് ഡോക്ടർ. അന്യായക്കാരായ ബ്രാഹ്മണരെ അങ്ങനെ വെറുതേ വിട്ടുകളയാതെ അദ്ദേഹം സ്ത്രീകൾ ക്കൊപ്പം നിന്ന് ഇഞ്ചോടിഞ്ച് പൊരുതുന്നുണ്ടല്ലോ.

വീണ്ടും കേസ്, വക്കീലിനെ കാണൽ, വക്കീൽ ഫീസ്, കോടതിയിൽ കെട്ടിത്തിരിയൽ, അച്ഛൻറെ കോപം, അതൃപ്തി എല്ലാം ആരംഭിച്ചു.

അപ്പോഴേക്കും അച്ഛൻ ഒളരിക്കര ഈ എസ് ഐ ആശുപത്രിയിലേക്ക് മാറിയിരുന്നു. അവിടെ വെച്ച് ഒരു നഴ്സ് മാലാഖ അവരുടെ ജാതിക്കാരനായ അച്ഛൻറെ 'ഹൃദയത്തിലൊരിത്തിരി ഇടം തന്നേ'യെന്ന് പറഞ്ഞപ്പോൾ അച്ഛനു കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല.

സ്നേഹം ചിലപ്പോൾ അങ്ങനെയാണ്... അത് സ്വന്തം ജാതിയിലേക്ക് ഏറ്റവും തീവ്രമായി പടർന്നൊഴുകും.. ആ വഴിയിൽ കാത്തു നിന്ന് അതിൽ നിന്ന് ലേശം കോരിക്കുടിക്കാനുള്ള ഭാഗ്യമെങ്കിലും വേണം... ഞങ്ങൾക്കാർക്കും അതില്ലായിരുന്നു.

Saturday, August 17, 2019

അമ്മച്ചിന്തുകൾ 36

                  
ഞങ്ങളോട് ചെറുപ്പം മുതൽ സകലമാനപേരും ഉപദേശിച്ചിട്ടുള്ളത് അമ്മയുടെ ഭാഗത്ത് അങ്ങനെ നില്ക്കരുതെന്നും അച്ഛൻറെ നൊമ്പരപ്പെടുന്ന വശം അറിയണമെന്നുമാണ്. അമ്മയുടെയും അമ്മീമ്മയുടേയും കുറ്റങ്ങൾ ഒരു നോട്ബുക്കിൽ എണ്ണമിട്ട് പകർത്തിവെക്കാനും ആ കുറ്റങ്ങൾ കൊണ്ടല്ലേ അച്ഛൻ. കോപാകുലനാകുന്നതെന്നും മനസ്സിലാക്കാൻ
ഞങ്ങളെ ഉപദേശിച്ച അനവധി ഡോക്ടർമാരും ചില ഐ എ എസ് ഉദ്യോഗസ്ഥരും ഉണ്ട്. അതിൽ സബ് കളക്ടർമാരും ആർ ഡി ഓ മാരും ഒക്കെ പെടും.

അങ്ങനെ ഞങ്ങൾ കുറ്റങ്ങൾ കണ്ടു പിടിച്ചു എഴുതി നോക്കി. അച്ഛനും അമ്മയും ഏറ്റവും സ്നേഹമായി ജീവിക്കേണ്ടത് ഈ ലോകത്ത് മറ്റാരേക്കാളും ഞങ്ങളുടെ ആവശ്യമല്ലേ...

നോട്ബുക്കെടുത്ത് കോളം വരച്ചു.

അമ്മീമ്മയുടെ കുററം.

1. ഒച്ച കൂട്ടി സംസാരിക്കും.
2. സാധാരണ സ്ത്രീകളെപ്പോലേ കരയുകയേ ഇല്ല. കടുപ്പക്കാരി എന്ന് അതുകൊണ്ട് എല്ലാവരും വിളിക്കും.
3.എല്ലാവരോടും ധാരാളമായി സംസാരിച്ചു നില്ക്കും.
4. വീട്ടിൽ ആരു വന്നാലും അവർക്ക് സ്ററോർ മുറി വരെ തുറന്നു കാണിക്കും.
5. ഞങ്ങളുടെ അച്ഛനെ 'ഒങ്കളോട് അപ്പാ 'എന്ന് പറയും. നിങ്ങളുടെ അച്ഛൻ എന്നല്ല പറയുക. ബന്ധക്കാരെയൊക്കെ തമിഴിലെ വിളിപ്പേരാണ് പറഞ്ഞു തന്ന് പരിചയമാക്കുക.
6. നോൺവെജ്, കുഞ്ഞുള്ളി, വെങ്കായം, വെളുത്തുള്ളി, പപ്പായ ഒന്നും കഴിക്കില്ല. ഞങ്ങൾക്ക് തരികയുമില്ല.
7.ധാരാളം മോര് ഒഴിച്ച് കഞ്ഞി പോലെയാക്കിയാണ് മോരും ചോറ് തരിക. അത് കഴിക്കണമെന്ന് നിർബന്ധിക്കും ഞങ്ങളെ.
8. യാതൊരു നഗരപരിഷ്ക്കാ
രവും തീണ്ടാത്തവരായാണ്, ബ്രാഹ്മണരുടെ അതും ബ്രാഹ്മണ സ്ത്രീകൾക്ക് വിലക്കപ്പെട്ട എല്ലാ ജപങ്ങളും മന്ത്രങ്ങളും അറിയുന്നവരായാണ് ഞങ്ങളെ വളർത്തിയത്.
8.വില കുറഞ്ഞ സാരി മേടിക്കും. വില കുറഞ്ഞ തുണികൊണ്ട് ( അന്ന് റേഷൻ കടകളിൽ തുണി കിട്ടുമായിരുന്നു. പഴുത്ത ചോളക്കുലയുടെയും ഇലകളുടേയും പ്രിൻറുള്ള നീല, ക്രീം പരുത്തിത്തുണിത്തരങ്ങൾ) ഞങ്ങൾക്ക് വസ്ത്രങ്ങൾ തയിച്ചു തരും.

ഈ കുറ്റങ്ങൾ ഒക്കെ അതിവ നിസ്സാരങ്ങളായാണ് എനിക്ക് തോന്നിയത്.ഇതുകൊണ്ടൊക്കെ സ്വന്തം ശമ്പളം കൂടി ഞങ്ങൾക്കായി ചെലവാക്കി ഞങ്ങളെ വളർത്തുന്ന അമ്മീമ്മ എങ്ങനെ പന്നയും ആ സ്ത്രീയും കല്യാണവും അച്ഛൻറെ കുടുംബം തകർത്തവളുമാവുമെന്ന് എനിക്ക് മനസ്സിലായില്ല.

അപ്പോൾ അച്ഛൻ എനിക്കത് പറഞ്ഞും എഴുതിയും മനസ്സിലാക്കിച്ചു തന്നു.

അമ്മീമ്മ എന്ന പന്ന സ്ത്രീ അമ്മയേയും അച്ഛനേയും സഹായിച്ചത്, സഹായിക്കുന്നത് അവർക്ക് അമ്മയെ ഇഷ്ട മായിട്ടല്ല, അമ്മീമ്മക്ക് സ്വന്തം വീട്ടുകാരോടുള്ള വിരോധം തീർക്കാനാണ്. അമ്മ അച്ഛൻ റെ കൂടെ സ്വർഗീയ ദാമ്പത്യ ത്തിൽ ജീവിക്കുന്നതു കണ്ട് ഭർത്താവില്ലാത്ത ആ സ്ത്രീ അസൂയപ്പെട്ട് അമ്മയെ അവരുടെ വരുതിയിലാക്കി. അമ്മ ആ കല്യാണം എന്ന സ്ത്രീ യുടെ വാക്കു കേൾക്കുന്നതാണ് പ്രശ്നം അച്ഛൻറേയും അമ്മയുടേയും ജീവിതത്തിലെ ഒരേയൊരു പ്രശ്‌നം.

അമ്മീമ്മക്ക് അസുഖം വന്നാൽ അച്ഛൻ ഡിസ്റ്റിൽഡ് വാട്ടർ കുത്തിവെച്ചിരുന്നത് ഡാറി ആൻറിയെപ്പോലെ ഭർത്താവ് അടുത്തില്ലാത്തതുകൊണ്ടാണെന്ന് എനിക്ക് അങ്ങനെ മനസ്സിലായി.ആത്മവിശ്വാസമില്ലാത്ത ആണുങ്ങളും പെണ്ണുങ്ങളും ചെയ്യുന്ന, പറയുന്ന ഏറ്റവും വളിച്ച ന്യായമായിട്ടാണ് എനിക്കത് എന്നും അനുഭവപ്പെട്ടത്. അനുഭവിക്കാവുന്ന സൗകര്യങ്ങൾ എല്ലാം അനുഭവിച്ചിട്ട്, എനിക്കതിൻറെ ആവശ്യമേയില്ലായിരുന്നു എന്ന് പറയുന്നവർക്ക് ആ സൗകര്യമൊന്നും നിലനിർത്തേണ്ട ബാധ്യതയോ ചുമതലയോ ഇല്ലല്ലോ. നിങ്ങളോടാരു പറഞ്ഞു എന്നെ സഹായിക്കാൻ എന്ന മട്ട്... അതിനെന്തുത്തരം അല്ലേ?

വെള്ളം കുത്തിവെക്കുന്നത് അറിയാതിരിക്കാൻ അമ്മീമ്മ പൊട്ടിയൊന്നും അല്ലല്ലോ. അമ്മീമ്മ പറ്റാവുന്നത്ര ആയുർവേദ മരുന്നുകൾ ശീലിച്ചു. ഞങ്ങൾക്കും അതു തരുമായിരുന്നു. പക്ഷേ ഞങ്ങൾക്ക് അസുഖം വന്നാൽ ഉടനെ അച്ഛനോട് വരാൻ പറയുമായിരുന്നു... ഒരു നിമിഷം വൈകാതെ...

പിന്നെ ഞങ്ങൾ അമ്മയുടെ കുറ്റങ്ങൾ നമ്പറിട്ട് എഴുതി.

1. അമ്മ ഇടക്ക് സാരി വാങ്ങും.
2. അമ്മയുടെ ഓഫീസ് ടൈമിംഗും ജോലിയും കുടുംബ ത്തിലെ ആവശ്യങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
3. അമ്മ വെറും ക്ലർക്കാണ്.
4. അമ്മക്ക് അങ്ങനെ വലിയ വരുമാനം ഇല്ല.
5. അച്ഛനോടും അച്ഛൻറെ വീട്ടുകാരോടും ആദരവോ ബഹുമാനമോ ഇല്ല.
6. അച്ഛനു വേണ്ടതൊന്നും അമ്മ കൊടുക്കില്ല.

ഈ കുറ്റപത്രങ്ങൾ അച്ഛനും അച്ഛൻറെ വീട്ടുകാരും പറയുന്നതെല്ലാം കേട്ട് എഴുതിയതായിരുന്നു. അല്ലാതെ അമ്മയ്ക്കോ അമ്മീമ്മയ്ക്കോ എന്തെങ്കിലും കുറ്റമുണ്ടെന്ന് ഞങ്ങൾക്ക് തോന്നിയിട്ടേയില്ലല്ലോ. ഇങ്ങനെ പലരീതിയിലും ജീവിക്കാൻ ഉറ്റു ശ്രമിച്ചിട്ടും ഞങ്ങൾ മാനസികമായും ശാരീരികമായും വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.

രണ്ടു വർഷമാണ് അമ്മയുടെ കൈ പ്ളാസ്റ്ററിലിട്ടത്. പിന്നെ എഴുതാനാവുന്ന ചലനത്തിന് സഹായമായി ഇടുപ്പിലെ ഒരു കഷണം എല്ല് മുറിച്ച് റിസ്ററ് ബോൺ പോലെ ഡിസൈൻ ചെയ്തു അമ്മയുടെ കൈയിൽ പിടിപ്പിച്ചു. അങ്ങനെ അത്യാവശ്യം കാര്യങ്ങൾ അമ്മക്ക് ചെയ്യാൻ പാകത്തിൽ.. പക്ഷേ, റിസ്ററ് ചലിക്കുകയില്ലായിരുന്നു. അമ്മയുടെ വലതു കൈപ്പത്തി താഴുകയോ നിവരുകയോ ഇല്ല.അത് പകുതി മാത്രമേ തിരിയുകയുള്ളൂ. മരിക്കുന്ന അന്ന് വരെ അമ്മ പിന്നീട് അങ്ങനെയാണ് ജീവിച്ചത്. ഒരു മിഠായി പോലും ഞങ്ങളുടെ വായിലിട്ടു തരാൻ പിന്നീട് അമ്മക്ക് പറ്റുമായിരുന്നില്ല.റിസ്റ്റ് അനങ്ങില്ലല്ലോ. ചോറു കുഴച്ചു വാരിത്തരുന്നതൊക്കെ അച്ഛൻ ആഗ്രഹിച്ചപോലേ തന്നേ എന്നേക്കുമായി അവസാനിച്ചു.

കുറെ ദിവസത്തെ ഫിസിയോതെറാപ്പിക്കു ശേഷം അമ്മ തിരികെ ജോലിയിൽ പ്രവേശിച്ചു.

അത് ശരിക്കും വലിയ ഞെട്ടലായിത്തീർന്നു പലർക്കും. അമ്മ ജീവിക്കില്ല എന്ന് ഉറപ്പ് അത്രയും പേർ വെച്ചു പുലർത്തിയിരുന്നു. കഷ്ടമെന്ന് പറയട്ടെ അതിലധികവും അച്ഛൻറെ പെൺസുഹൃത്തുക്കളുമാ
യിരുന്നു. അതിൻറെ വേദനയും അപമാനവും ഞങ്ങൾ അറിയാനിരിക്കുന്നതേയുണ്ടായിരുന്നൂള്ളൂ

ഈ ചികിത്സാ ബുദ്ധിമുട്ടുകൾക്കിടയിൽ അമ്മയുടെ അമ്മ രുഗ്മിണി അമ്മാൾ ഒരു മകൻറെ കൂടെ ഹ്രസ്വ സന്ദർശനത്തിനായി തൃക്കൂരിലെ തറവാട്ട് മഠത്തിൽ വന്നു. അവർക്ക് നടക്കാൻ പറ്റുമായിരുന്നില്ല. കണ്ണിൻറെ കാഴ്ചയും കുറഞ്ഞിരുന്നു.

ഈ വിവരം അറിഞ്ഞപ്പോൾ അമ്മീമ്മ ഉൽക്കടമായി മോഹിച്ചു. അമ്മയെ ഒന്ന് കാണണമെന്ന്....അതിൽ എന്താണ് തെറ്റെന്ന് അന്നും മനസ്സിലായില്ല... ഇന്നും എനിക്ക് മനസ്സിലാവുന്നില്ല.. ഇനി എന്നെങ്കിലും മനസ്സിലാകുമെന്നും തോന്നുന്നില്ല.

അമ്മീമ്മയെപ്പോലെ ഇത്രയും പ്രശ്നങ്ങൾ, നിന്ദകൾ, അപമാനങ്ങൾ എല്ലാം നേരിട്ട ഒരു മകൾക്ക് പെറ്റമ്മയെ ഒന്നു കാണാൻ, ഒന്നു തൊടാൻ, ഒന്നു കെട്ടിപ്പിടിക്കാൻ ഒക്കെ ആശയുണ്ടാവില്ലേ.. അതു ആ അമ്മയുടേയും മകളുടേയും മിനിമം അവകാശമല്ലേ...

അമ്മ ചെക്കപ്പിന് പോയിരിക്കുന്ന സമയമായിരുന്നു. ഞങ്ങൾ മൂന്നു കവചങ്ങളേയും കൂട്ടി അമ്മീമ്മ ആട്ടിയിറക്കപ്പെട്ട ആ തറവാട്ടുമഠത്തിൽ ധൈര്യമായി കയറിച്ചെന്നു.

പരമഭീരുവായ ഞാൻ മുറ്റത്ത് നിന്നതേയുള്ളൂ. റാണിയും ഭാഗ്യവുമായിരുന്നു അമ്മീമ്മയുടെ കവചകുണ്ഡലങ്ങൾ..

രുഗ്മിണി അമ്മാളെ കണ്ടു പിടിക്കാൻ അമ്മീമ്മക്ക് രണ്ടു സെക്കൻഡു പോലും വേണ്ടി വന്നില്ല. ആ മഠത്തിൻറെ മുക്കും മൂലയും അവർക്കു ചിരപരിചിതമല്ലേ...

രുഗ്മിണി അമ്മാൾ ശോഷിച്ച് ശോഷിച്ച് മുറിപ്പെൻസിൽ പോലെ ആയിരുന്നു.... ആ അമ്മയും മകളും തമ്മിൽ കണ്ടിട്ട് അപ്പോഴേക്കും പതിമൂന്ന് വർഷങ്ങൾ കഴിഞ്ഞിരുന്നു.

ആ അമ്മ ഉടനെ ചോദിച്ചു.. അവർക്ക് അമ്മീമ്മയുടെ ഗന്ധം കിട്ടിയിരിക്കണം.
'കല്യാണമാ.. ? കോന്തേ നീ എപ്പടി വന്തായ്?'

അമ്മീമ്മയുടെ നെഞ്ച് പൊട്ടിപ്പോയി. 'അമ്മയ്ക്ക് സുഖം താനാ ? ഇത് രാജത്തോട് കുഴന്തകളാക്കും' എന്ന് മറുപടി നല്കുമ്പോഴേക്ക് അമ്മീമ്മയുടെ ചേട്ടൻ ചാടിക്കുതിച്ചെത്തി.

'നീയാര്ടീ ഇങ്കേ വറതുക്ക്? എറങ്ക് ടീ വെളിയിലേ. 'എന്നലറി അമ്മീമ്മയുടെ നേരേ കൈയോങ്ങി. പക്ഷേ, രണ്ടു കവചകുണ്ഡലങ്ങൾ ഇടവും വലവും ഉണ്ടാരുന്നല്ലോ. അവരുടെ തീക്ഷ്ണമായ കുഞ്ഞിക്കണ്ണുകൾ ആ ബ്രാഹ്മണനെ ഒരിട മൗനിയാക്കി.

'നീ പോയ്ക്കോ കോന്തേ' എന്ന് അമ്മ പറഞ്ഞപ്പോൾ അമ്മീമ്മ ഒന്നും പറയാതെ മടങ്ങിപ്പോന്നു.

അമ്മയേം മക്കളേയും വേർപിരിച്ച് ദണ്ഡിപ്പിക്കുക എന്നത് എല്ലാ അമാനവികരുടേയും ഇഷ്ട വിനോദമാണ്. അതിന് കാലമോ ജാതിയോ മതമോ വിദ്യാഭ്യാസ മോ സാമൂഹിക പദവിയോ ഒന്നും തടസ്സമല്ല.ബന്ധങ്ങളും തടസ്സമല്ല..

അമ്മച്ചിന്തുകൾ 35

                                               
അമ്മ ടി ബി മരുന്നുകൾ കഴിച്ചു തുടങ്ങി. എപ്പോഴും ഉറക്കം വരും. നന്നേ ക്ഷീണിച്ചിരുന്നുവെ ങ്കിലും അമ്മയ്ക്ക് വേദനയിൽ കുറവ് വന്നിരുന്നു.

ഭാഗ്യയുടെ പഠിത്തം മുടങ്ങി. അവൾ രണ്ട് ബസ്സ് മാറിക്കയറി അയ്യന്തോൾ നിർമലാ കോൺവൻറിൽ ചിലപ്പോഴൊക്കെ പോകും. എന്നും പോവാൻ പറ്റീരുന്നില്ല. അമ്മയെ തനിച്ചാക്കി പോവണ്ടേ. അതിലവൾക്ക് തീരേ താല്പര്യം ഇല്ലായിരുന്നു..

അച്ഛനും അമ്മയും തമ്മിലുള്ള ശാരീരിക കലഹങ്ങൾ നിമിത്തം എപ്പോഴും പഠിത്തം മുടങ്ങീരുന്നത് ഭാഗ്യയുടെയാണ്. അമ്മക്ക് പരിക്ക് പറ്റുമ്പോൾ അവളാണ് ശുശ്രൂഷിക്കുക. അമ്മയുടെ കാലൊടിഞ്ഞപ്പോഴൊക്കെ അവൾ നന്നേ ചെറിയ വാവയാണ്. അമ്മയുടെ മൂത്രം, ചിലപ്പോൾ മലവും അവൾ എടുത്തുകളയുമായിരുന്നു. അമ്മയെ കഴുകി വൃത്തിയാക്കുമായിരുന്നു. 'അമ്മയെ അടിക്കണ്ട അച്ഛാ' എന്ന് കരയും ആ കുഞ്ഞ്. 'എൻറെ കൂടെ കളിക്കച്ഛാ 'എന്നു സങ്കടപ്പെടും. അനുഭവിച്ചവർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന അതിതീവ്രനൊമ്പരമാണത്. സ്ത്രീ പുരുഷ ബന്ധത്തിൻറെ എഴുതിവെയ്ക്കപ്പെട്ട സൈദ്ധാന്തികതയൊന്നുമില്ലാത്ത വെറും യാഥാർഥ്യം.

പാഠപുസ്തകത്തിൽ കിട്ടുന്ന അറിവുകൾ ഞങ്ങൾക്ക് നന്നേ ചെറുതായി തോന്നിയിട്ടുണ്ട് പലപ്പോഴും. ഞങ്ങൾ അനുഭവിക്കുന്ന ജീവിതത്തെ വ്യാഖ്യാനിച്ച് മനസ്സിലാക്കാനുതകുന്ന ഒന്നും സർക്കാരിന്റെ ആ ഉണക്കപ്പുസ്തകങ്ങളിലില്ലല്ലോ എന്ന് ഞങ്ങൾ പരിതപിക്കുമായിരുന്നു. കൂടുതൽ വായനകളിലേക്ക് എന്നേയും ഭാഗ്യയേയും വലിച്ചുകൊണ്ടു പോയത് നെഞ്ച് വിങ്ങി നീലിച്ചു വിഷമേറ്റ ഞങ്ങളുടെ തീവ്ര ഏകാന്തതയായിരുന്നു. റാണിക്ക് എഴുതപ്പെട്ട ബുക്കുകളിൽ വിശ്വാസം കുറഞ്ഞതും അങ്ങനെ തന്നെ.

എനിക്ക് സ്ക്കോളർഷിപ്പുണ്ടായിരുന്നു പഠിക്കാൻ. ആ വിവരമറിഞ്ഞിട്ട് അച്ഛൻ ഒന്നു ചിരിക്കുക പോലും ചെയ്തില്ല. ഡോ. അബ്ദുള്ള സ്വന്തം പേന എടുത്ത് സമ്മാനിച്ച് എന്നെ അഭിനന്ദിച്ച് ആ നനഞ്ഞ പരിതസ്ഥിതിയെ ഒരുവിധം രക്ഷപ്പെടുത്തി.

ഭാഗ്യ നന്നായി ചിത്രം വരച്ചിരുന്നു. കലാമണ്ഡലം ക്ഷേമാവതിയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിരുന്നു. പക്ഷേ, ഒന്നും വേണ്ട വിധത്തിൽ പ്രോൽസാഹിപ്പിക്കപ്പെടുകയോ മുടങ്ങാതെ പഠിപ്പിക്കപ്പെടുകയോ ഒന്നുമുണ്ടായില്ല. മൂന്നു വയസ്സിൽ ചിത്രരചനക്ക് ഒന്നാം സമ്മാനം വാങ്ങിച്ച ഭാഗ്യയെ ഒക്കിലെടുത്ത് പോവാൻ പോലും അമ്മക്ക് കഴിഞ്ഞില്ല.

ഭാഗ്യക്ക് മൂന്നു വയസ്സായപ്പോൾ മുതൽ അച്ഛന് ഹാർട്ട് അറ്റാക് വന്നു തുടങ്ങി. അത് ആദ്യമൊക്കെ നമ്മെ വല്ലാതെ ഭീതിപ്പെടുത്തും. അച്ഛൻ നെഞ്ച് തിരുമ്മുകയും വിയർക്കുകയും ചെയ്യും. വെള്ളം കുടിക്കും.
അച്ഛന് അന്ന് കേരളത്തിൽ ലഭ്യമായ ഏറ്റവും നല്ല പരിചരണമാവും കിട്ടുന്നത്. എല്ലാ ഡോക്ടർമാരും ശടേന്ന് റെഡിയാവും.

പക്ഷേ, ഒരിക്കലും ഒരിക്കൽ പോലും അതൊരു ഹാർട്ട് അറ്റാക് ആയിരുന്നില്ല.. മദ്യവും കുറേ നോൺവെജ് ഭക്ഷണവും ഒന്നിച്ചു ചേർന്ന് ഉണ്ടാക്കുന്ന ദഹനപ്രശ്നങ്ങളായിരുന്നു അത്. ഡോക്ടർമാരും നഴ്സുമാരും ശ്രദ്ധിക്കും. അച്ഛൻ റെ എല്ലാ ബന്ധുക്കളും ഓടിവരും. അമ്മയുടെ പരിചരണക്കുറവിനെ പഴിക്കും. ദഹനക്കേടുള്ളയാൾക്ക് അമ്മ കഞ്ഞികൊടുക്കുന്നതു പോലും കുറ്റമായിരുന്നു. അതിനുള്ള ശിക്ഷയായി അമ്മയെ അച്ചടിക്കാൻ കൊള്ളാത്ത പദങ്ങളാൽ അഭിസംബോധന ചെയ്തു ഏതെങ്കിലും ഹോസ്പിറ്റൽ സ്ററാഫിൻറെ പക്കൽ തുറന്ന കത്തെഴുതി അമ്മയുടെ ഓഫീസിലെ പ്യൂണുമാരെ ഏല്പിക്കുന്നതും അച്ഛൻറെ ഒരു രീതിയായിരുന്നു.

ഈ ലോകത്തിൽ നിലവിലുണ്ടെന്ന് പറയുന്ന പലതരം ഈശ്വരനീതികളും സ്നേഹിച്ചാൽ സ്നേഹം തിരിച്ചു കിട്ടുമെന്ന പ്രശസ്തമായ പ്രയോഗവും പിന്നെ നമ്മുടെ പഴഞ്ചൊല്ലുകളുമെല്ലാം ശുദ്ധ ഭോഷ്ക്കാണെന്ന് അങ്ങനെ ഞങ്ങൾ വളരെ ചെറുപ്പത്തിലേ അറിഞ്ഞു.

മൂന്നു കുട്ടികളെ നോക്കുക, വീട്ടുപണികൾ ചെയ്യുക, സ്ക്കൂളിൽ പോവുക, രോഗിണിയായ അമ്മയെ ശുശ്രൂഷിക്കുക .. അമ്മീമ്മക്ക് പിടിപ്പത് പണിയുണ്ടായിരുന്നു. എന്നാലും അവർ മടുക്കാതെ തളരാതെ എല്ലാം ചെയ്തു കൊണ്ടിരുന്നു.

അമ്മക്ക് ഇടക്കിടെ ചെക്കപ്പ് ഉണ്ടാകും. അതിനു പോയാൽ പിന്നെ കുറച്ച് ദിവസം അമ്മ അയ്യന്തോൾ വീട്ടിൽ നിന്നിട്ടേ മടങ്ങൂ.

അങ്ങനെ ഒരു സമയത്ത് അമ്മീമ്മ ഉണ്ടാക്കിയ ചക്കച്ചുള വറുത്തത് ഒരു വലിയ തൂക്കുപാത്രത്തിലാക്കി ( പൊതുവെ ബ്രാഹ്മണ ഗൃഹങ്ങളിൽ പല വലുപ്പത്തിലുള്ള ഇത്തരം തൂക്കുപാത്രങ്ങൾ ഉണ്ടാവും) അതുംകൊണ്ട് ഞാൻ അയ്യന്തോളിലെ വീട്ടിലേക്ക് പോയി.

അവിടെ ഭയങ്കര വഴക്കായിരുന്നു. അമ്മയെ എണീക്കാൻ സമ്മതിക്കാതെ ഒരു കസേരയിൽ ഇരുത്തീരിക്കുകയാണ്. അച്ഛൻ പാത്രങ്ങൾ പലപാട് വലിച്ചെറിയുന്നു. ചില ജനൽച്ചില്ലുകൾ പൊട്ടുന്നുണ്ട്. എന്നെ കണ്ടപ്പോൾ അച്ഛൻ പ്രകടനം നിറുത്തി പുറത്തേക്ക് പോയി.

രോഗിണിയാണ് കൈ പ്ളാസ്റ്ററിലിട്ടിരിക്കയാണ് ആ അമ്മ പന്ത്രണ്ടു മണിക്കൂറായി കസേരയിൽ അടിച്ചുകൊന്ന് എടുത്തുവെച്ചത് പോലെ ഇരിക്കുകയായിരുന്നു. എന്താണ് ഞങ്ങളുടെ അമ്മ ചെയ്ത കുറ്റം ?

അമ്മ കുറേ നേരം കരഞ്ഞു. ഞാനും തകർന്നു പോയി. പിന്നെ എന്നത്തേയും പോലെ സമാധാനിച്ചു. വേറെ മാർഗമൊന്നുമില്ലല്ലോ.

കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. അച്ഛൻ ഭയങ്കര മായി മദ്യപിച്ചാണ് പാതിരായ്ക്ക് തിരികെ വന്നത്. വന്നപാടെ സ്വീകരണമുറിയിൽ വെട്ടിയിട്ട പോലെ കിടന്നു. എന്നിട്ടിങ്ങനെ മയങ്ങിമയങ്ങിപ്പോവുകയാണ്. ഇടയിൽ പറഞ്ഞു. 'അച്ഛൻ ആത്മഹത്യ ചെയ്യുകയാണ്. വിഷം കഴിച്ചിട്ടുണ്ട്. അമ്മക്കും നിങ്ങൾക്കും അച്ഛനില്ലെങ്കിൽ സുഖമായി ജീവിക്കാം.'

ഞങ്ങൾ പേടിച്ച് വിറച്ചു. അമ്മ അടുത്ത വീട്ടിൽ പോയി വാതിൽ തട്ടി നോക്കി. അവർ ഉണർന്നില്ല. അപ്പോഴേക്കും അച്ഛൻ എറണാകുളത്തെ ഡോ. ഗോപാലകൃഷ്ണനെ വിളിച്ചു പറഞ്ഞു കഴിഞ്ഞിരുന്നു. 'എന്നെ കാണണമെങ്കിൽ ഉടൻ വരണം. '

ഞങ്ങൾ അപ്പുറത്തെ ഒന്നു രണ്ടു വീടുകളിലും കൂടി പോയി. ഒടുവിൽ ആറേഴു പേർ വന്നു. കാർ സ്ററാർട് ചെയ്തു. അച്ഛൻ ഇങ്ങനെ കുഴഞ്ഞു പോവുകയാണ്. ആർക്കും പിടിക്കാൻ പറ്റുന്നില്ല. ആംബുലൻസ് വിളിച്ചു. ഇതിനോടകം അമ്മ തളർന്നു കുഴഞ്ഞിരുന്നു. ആംബുലൻസ് വന്ന് അവർ പിടിച്ചു കയറ്റുമ്പോഴേക്ക് ഡോക്ടർ ഗോപാലകൃഷ്ണൻ എത്തി. ആയുസ്സിൽ അത്രയും സ്പീഡിൽ കാറോടിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആംബുലൻസിലെ ജൂനിയർ ഡോക്ടറോട് പ്രഷറും പൾസുമെല്ലാം എങ്ങനെ എന്ന് അദ്ദേഹം ചോദിച്ചു. പിന്നെ സ്വയം അച്ഛനെ പരിശോധിക്കുകയും ചെയ്തു. അമ്മ ആ സമയമെല്ലാം മരിച്ചതുപോലെ വരാന്തയിൽ ഇരിക്കുകയാണ്.

അച്ഛനെ അകത്തുകൊണ്ട് കിടത്താൻ പറഞ്ഞു ഡോക്ടർ ഗോപാലകൃഷ്ണൻ. ആംബുലൻസ് പറഞ്ഞു വിട്ടു. അയൽക്കാരും പിരിഞ്ഞു പോയി.

പറഞ്ഞറിയുമ്പോൾ എന്താണ് കഥ?

ലൈംഗിക കേമദ്രുമമാണ് പ്രശ്നം. അമ്മ സഹകരിക്കുന്നില്ല. അമ്മയെ കുറെ പോൺചിത്രങ്ങൾ കാണിച്ചു അച്ഛൻ. ക്ഷയരോഗിയായ അമ്മയുടെ പ്രതികരണങ്ങൾ മോശമായിരുന്നു. പിന്നെ വഴക്കായി, അടിയായി, കസേരയിൽ ഇരുത്തി തെറി പറയലായി. ഇപ്പോൾ ഈ രാത്രിയിൽ അഞ്ചാറു പെഗ് മദ്യവും മൂന്ന് ഉറക്കഗുളികയും കഴിച്ചിട്ടുണ്ട് അച്ഛൻ.

അമ്മ അപമാനം കൊണ്ട് നെഞ്ച് പൊട്ടേ ഏങ്ങലടിച്ചു കരഞ്ഞു.

അമ്മയോടും എന്നോടും ഉറങ്ങാൻ പറഞ്ഞിട്ട്, ഡോക്ടർ അച്ഛനെ തട്ടിവിളിച്ചു. അച്ഛൻ കണ്ണുമിഴിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ' നീ വേഗം മരിക്ക്.ദഹനം കഴിഞ്ഞേ ഞാൻ പോകൂ. ഞാനിവിടിരിക്കാം . '

ഞങ്ങൾക്ക് ആത്മഹത്യാ ശ്രമം, ഹാർട്ട് അറ്റാക് എന്നൊന്നും കേട്ടാൽ പിന്നീട് വളരെ കാലത്തേക്ക് ഒരു വികാരവും തോന്നുമായിരുന്നില്ല.

എത്ര നീചമാണ് അപമാനകരമാണ് ഈ മനുഷ്യ ജീവിതം!!!!

അമ്മച്ചിന്തുകൾ 34

                                                                   
അമ്മയുടെ പഴുത്തളിഞ്ഞുപോയ ഓപ്പറേഷൻ മുറിവ് അച്ഛൻ തൃശൂരിലെ ജില്ലാ ആശുപത്രിയിൽ നിന്ന് തൃക്കൂര് വന്നാണ് എന്നും ഡ്രസ്സ് ചെയ്യുക. സ്പിരിറ്റിലും ചില ആൻറിബയോട്ടിക്കുകളിലും ഒക്കെ മുക്കിയ പഞ്ഞിത്തിരികൾ ഫോഴ്സെപ്സ് വെച്ച് മാററി മാററി മുറിവിലൂടെ തുടച്ചു തുടച്ചു പഴുപ്പ് നീക്കും. ചോരയും ചലവും പുറത്ത് വരും. അത് കണ്ടു നില്ക്കുന്നത് ഒരു തേൾ ചങ്കിൽ കടിക്കുന്ന പോലേയായിരുന്നു. അമ്മയുടെ വലിയ കണ്ണുകൾ പുഴ പോലെ നിറഞ്ഞൊഴുകുമെങ്കിലും ശബ്ദം പുറത്ത് കേൾക്കില്ല. ആ ഡ്രസ്സിംഗ് കഴിഞ്ഞിട്ട് അച്ഛൻ അമ്മയുടെ കണ്ണീരു തുടക്കുകയോ 'രാജം, എല്ലാം ശരിയാവു'മെന്ന് പറയുകയോ അമ്മയുടെ കവിളിലൊന്നു തടവുകയോ ചെയ്തിരുന്നുവെങ്കിൽ... എന്ന് ഞങ്ങൾ കുട്ടികൾ പോലും ഉൽക്കടമായി കൊതിച്ചിട്ടുണ്ട്. അച്ഛൻ വെറും ഒരു ഡോക്ടർ ആയിരുന്നുവെങ്കിൽ അത് ചെയ്യുമായിരുന്നു. അങ്ങനെ രോഗികളോട് പറയുന്നതും ആശ്വസിപ്പിക്കുന്നതും ഞങ്ങൾ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. ഇവിടെ അങ്ങനല്ലല്ലോ. ഭാര്യയെ ഇഷ്ടമേയില്ലാത്ത ഭർത്താവല്ലേ അച്ഛൻ... അപ്പോൾ കൂടുതൽ പ്രതീക്ഷകൾ പുലർത്തിയിട്ട് കാര്യമില്ല.

ആയിടയിലായിരുന്നു ഹൈക്കോടതി കേസിൽ വിധി വന്നത്. അമ്മീമ്മയുടെ വീട് അവർക്ക് സ്വന്തമാണെന്ന് കോടതി പ്രഖ്യാപിച്ചു. യജ്ഞോപവീതം ധരിച്ചു നിത്യവും ഗായത്രി ചൊല്ലുന്ന വിദ്യാസമ്പന്നരും ഉന്നതോദ്യോഗസ്ഥരുമായ ബ്രാഹ്മണരുടെ എല്ലാ അധമത്വത്തേയും കോടതി അക്കമിട്ട് വിമർശിച്ചിരുന്നു. സ്വന്തം അച്ഛൻ സമ്പാദിച്ച സ്വത്ത് വേണമെന്ന് പറയുക. എന്നാൽ അതേസമയം അദ്ദേഹം പാപ്പരാണെന്ന് വാദിക്കുക, അച്ഛൻ സമ്പാദിച്ചതെല്ലാം തങ്ങൾ ആൺകുട്ടികളുണ്ടാക്കിയതെന്ന് അവകാശപ്പെടുന്നവർക്ക് രണ്ടും മൂന്നും വയസ്സുമൊക്കെയാണ് അച്ഛൻ പണം സമ്പാദിക്കുന്ന ആ കാലത്തെ പ്രായമെന്നും കോടതി കണ്ടെത്തി.

ധനാർത്തി മൂലം എത്ര കളവും പറയാൻ കഴിയുന്ന ഏതു വഞ്ചനയും ചെയ്യാൻ പറ്റുന്ന ഈ ആൺമക്കളെ മനുഷ്യരെന്ന് വിശേഷിപ്പിക്കാൻ പോലും കോടതിക്ക് കഴിയില്ലെന്ന് ആ വിധിന്യായത്തിൽ ഹൈക്കോടതി തുറന്നടിച്ചു.

അപ്പാ സുബ്ബരാമയ്യരുടെ സ്വത്തുക്കൾ അമ്മീമ്മയുടെ വീടൊഴിച്ചുള്ള സ്വത്തുക്കൾ അമ്മ രുഗ്മിണി അമ്മാൾക്കും നാല് ആൺമക്കൾക്കും കേസിൽ പങ്ക് എടുക്കാത്ത ജായ്ക്കാൾക്കും മീനാൾക്കുമായി തുല്യമായി വിഭജിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

കേസ് തീർന്നെന്ന ആശ്വാസം വന്നെങ്കിലും സ്വത്ത് വിഭജിക്കപ്പെടുമെന്നൊന്നും ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. പക്ഷേ, തൃക്കൂർ ഗ്രാമത്തിൽ അമ്മീമ്മയ്ക്ക് പല ബ്രാഹ്മണവീടുകളിലും കല്പിച്ചിരുന്ന ഭ്രഷ്ടിൽ നേരിയ കുറവ് വരാൻ ഹൈക്കോടതി വിധി ഒരു കാരണമായി.

തൃക്കൂരിൽ ഒരിക്കലും ഭ്രഷ്ട് പുലർത്താതിരുന്ന ബ്രാഹ്മണരും ഉണ്ടായിരുന്നു കേട്ടോ. ഹൈക്കോടതി വിധി അല്പം കൂടി
ആത്മവിശ്വാസം അവർക്കും നല്കി. അമ്മീമ്മയുടെ സഹോദരനെ അത്ര ഭയപ്പെടേണ്ടെന്ന് പറമ്പിൽ പണിയാൻ വരുന്നവരും മറ്റും തീരുമാനിച്ചു.

പത്ത് ദിവസം ഡ്രസ്സ് ചെയ്തിട്ടും അമ്മയുടെ കൈയിലെ വ്രണം ഉണങ്ങിയില്ല. വീണ്ടും ആ ഡോക്ടറെ കാണാൻ പോയി. അപ്പോൾ അദ്ദേഹം അമ്മയെ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

അസഹ്യമായ വേദനയോടെ ഏകാന്തത്തടവിന് വിധിക്കപ്പെട്ടവളായി അമ്മ. അച്ഛൻ ഇതിനിടയിൽ തൃശൂർ മെൻറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ആവുകയും വീണ്ടും ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറ്റപ്പെടുകയും ചെയ്തിരുന്നു.

അച്ഛൻ ആശുപത്രി മുറിയിൽ നിന്ന് ജോലിക്ക് പോകും. രാത്രി യിലേ വരൂ. നഴ്സുമാർ വന്ന് അച്ഛൻറെ ബുദ്ധിമുട്ടിനെപ്പറ്റി അമ്മയോട് പറയും. 'കുറച്ച് വേദനയൊക്കെ സഹിക്കണം. അല്ലാതെ ആയുർവേദചികിത്സ ക്ക് ഒന്നും പോകരുത്. സാറിന് വീട്ടിൽ പോവാൻ പറ്റാതായില്ലേ' എന്നൊക്കെ ചോദിക്കും.

അമ്മ ആശുപത്രിയിൽ കിടന്ന ആ ഒരു മാസവും അച്ഛൻറെ ബന്ധുക്കൾ ആരും തന്നെ അമ്മയെ വന്നു കണ്ടില്ല. അവർക്ക് ഞങ്ങളുടെ അമ്മ ഒരിക്കലും ആരുമായിരുന്നില്ല.

ഡോക്ടർ അതിനിടയിൽ അമ്മയ്ക്ക് ഡയബെറ്റിസാണെന്ന് മനസ്സിലാക്കി. അന്നു തീർന്നതാണ് അമ്മയുടെ ജീവിതത്തിലെ ആഹാരമാധുര്യം. മധുരം വലിയ ഇഷ്ടമായിരുന്നു അമ്മയ്ക്ക്. പക്ഷേ, ഒരു സന്യാസിനിയുടെ കരളുറപ്പോടെ അമ്മ മധുരവും കൊഴുപ്പുമെല്ലാം ജീവിതം മുഴുവൻ വർജ്ജിച്ചു. അതേസമയം ഞങ്ങൾക്കും ഞങ്ങളുടെ കുട്ടികൾക്കും കൂടി എല്ലാത്തരം മധുരവും ഉണ്ടാക്കിത്തരികയും ചെയ്തു.

അച്ഛൻറെ സുഹൃത്ത് ഡോ. വേണുഗോപാൽ ഉണ്ടായിരുന്നു. കണ്ണൂർ നഗരത്തിൽ ജോലി ചെയ്തിരുന്നയാൾ. അദ്ദേഹം അമ്മയെ കാണാൻ വന്നതാണ് ചികിത്സയിലെ പ്രധാന വഴിത്തിരിവായത്. എല്ലാ വിവരങ്ങളും കേട്ടറിഞ്ഞിട്ട് ഇപ്പോൾ ഈ നിമിഷം ടി ബിയുടെ ടെസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം വാശി പിടിച്ചു. ടെസ്റ്റ് റിസൽറ്റ് കിട്ടിയിട്ടേ താൻ പോകൂ എന്നദ്ദേഹം തീർത്തു പറഞ്ഞപ്പോൾ ആ ടെസ്റ്റ് ചെയ്യുകയായിരുന്നു.

അമ്മക്ക് ഗുരുതരമായ ബോൺ ടി ബി ആണെന്ന് റിപ്പോർട്ട് വന്നു.

ഡോ. ഈ . ജെ തോമസ് അമ്മയെ ഉടനടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടു പോവാൻ നിർദ്ദേശിക്കുകയായിരുന്നു ചെയ്തത് . അമ്മയുടെ വലതുകൈ രക്ഷപ്പെടുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായില്ല.

ഞങ്ങൾ കുട്ടികൾ തകർന്നു പോയി. അമ്മീമ്മക്കും അമ്മക്കും അങ്ങനെ തകരാൻ അവകാശമില്ലല്ലോ.

ഞാൻ അമ്മയുടെ ഒപ്പം അയ്യന്തോൾ വീട്ടിൽ പോയി നിന്നു. കൈയില്ലാത്ത ജോലിയില്ലാത്ത അമ്മയെ ഓർത്തോർത്ത് ഭയന്ന് ഭയന്ന് കരയാതെ പിടിച്ചു നിന്നെങ്കിലും അമ്മ തിരുവനന്തപുരത്തേക്ക് പോകുന്നതിൻറെ തലേ ദിവസം എനിക്ക് പനി പിടിച്ചു. ഞാൻ സ്വയം വിശ്വസിക്കാതെ എല്ലാം മാറും എന്ന് അമ്മയോട് സദാ പറഞ്ഞുകൊണ്ടിരുന്നു.

അങ്ങനെയാവും എൻറെ വായിൽ നിറയേ പുണ്ണ് വന്നത്.

പിറ്റേന്ന് ഞാനും അമ്മയും അച്ഛനും ഡോ. അബ്ദുള്ളയുടെ ഡ്റൈവറുമൊത്ത് ഡോക്ടറുടെ കറുത്ത അംബാസഡർ കാറിൽ തിരുവനന്തപുരത്തേക്ക് യാത്ര യായി. ആ യാത്ര ചുട്ടുപഴുത്ത ഒരു മണലാരണ്യത്തിലൂടെയായിരുന്നു എന്നാണ് എൻറെ ഓർമ്മ. ഞാൻ പച്ചപ്പോ കുളിർക്കാറ്റോ കടലോ കായലോ ഒന്നും അറിഞ്ഞില്ല.

ആദ്യം തിരുവനന്തപുരം എൻജിനീയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലിൽ പോയി ഡോക്ടറുടെ മകൾ ജാസ്മിന് വീട്ടിൽ നിന്നും കൊടുത്തയച്ച സാധനങ്ങൾ കൈമാറി. (കുറച്ച് വർഷങ്ങൾക്കു ശേഷം ജാസ്മിൻ ഗൾഫിലുണ്ടായ ഒരു വാഹനാപകടത്തിൽ മരണപ്പെടുകയായിരുന്നു. )

പിന്നെ അച്ഛൻറെ സുഹൃത്തായ ഡോ. വി. ബാലകൃഷ്ണൻറെ വീട്ടിൽ എത്തി.അദ്ദേഹം
അച്ഛൻറെ ബാലനായിരുന്നു. അമ്മാവാ , അങ്കിള്‍ എന്നൊന്നും ഞങ്ങള്‍ കുട്ടികൾ ഒരിക്കലും അദ്ദേഹത്തെ വിളിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ എൻററോളജി ഡിപ്പാർട്ട്മെൻറ് എച്ച് ഓ ഡി ആയിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജ് ക്യാമ്പസ്സിലായിരുന്നു നിറഞ്ഞ ഉദ്യാനഭംഗിയുണ്ടായിരുന്ന ആ വലിയ വീട്.

ഞാനും അമ്മയും അച്ഛനും കൂടി ലില്ലിപ്പൂക്കളും ബൊഗയിന്‍ വില്ലകളും നിറഞ്ഞ അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നു കയറുമ്പോള്‍ തികഞ്ഞ പ്രസാദാത്മകതയോടെ അച്ഛന്‍റെ ബാലന്‍ പാടി ...

'ചെല്ലപ്പാ .. ചെല്ലപ്പാ.. ചെല്ലപ്പാ... ചെല്ലപ്പാ..ചെല്ലപ്പാ.. ചെല്ലപ്പാ... ചെല്ലപ്പാപ്പാ..'

രോഗിണിയും അതീവ ക്ഷീണിതയുമായിരുന്നെങ്കിലും അമ്മ പോലും പൊട്ടിച്ചിരിച്ചു പോയി ആ സ്വാഗതവചനത്തില്‍.
സ്നേഹമധുരമായി സ്വീകരിച്ചു സരളയാന്‍റി.

പിറ്റേന്ന് മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപെഡിക് ഡിപ്പാർട്ടുമെൻറിൻറെ എച്ച് ഓ ഡി ആയിരുന്ന ഡോ. വേണുഗോപാലിനെ കാണിച്ച് അമ്മയുടെ വലം കൈ പ്ലാസ്റ്ററിടുവോളം അച്ഛന്‍റെ ബാലന്‍ ഒപ്പമുണ്ടായിരുന്നു. അതുവരെ ബോണ്‍ ടി ബിയുടെ അസഹ്യ വേദനയില്‍ തുടിച്ചിരുന്ന അമ്മ പ്ലാസ്റ്ററിട്ടു കഴിഞ്ഞപ്പോള്‍ വേദന കുറഞ്ഞതായി സ്വയം സമാധാനിച്ചു. കോര്‍ട്ടിസോണ്‍ എന്ന ഇന്‍ജെക്ഷന്‍ അനാവശ്യമായി നല്‍കിയതു കൊണ്ട് അമ്മയുടെ ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയില്‍ മാറ്റം വരികയും ഇന്‍സുലിന്‍ ഉല്‍പ്പാദനം തകരാറാവുകയും ചെയ്തിരുന്നു. അങ്ങനെയാണ് അമ്മ ഡയബെററിക് ആയത്. അമ്മയ്ക്ക് വേണ്ട സ്പെഷ്യല്‍ ഡയറ്റ് അച്ഛന്‍റെ ബാലന്‍ തന്നെ എഴുതിത്തയാറാക്കി. പനിയും വായ്പുണ്ണും കൊണ്ട് കരഞ്ഞിരുന്ന എനിക്കും അല്‍പം മരുന്നും ഡയറ്റും അദ്ദേഹം തീരുമാനിച്ചു.

അന്നു വൈകീട്ട് അമ്മയേം കൂട്ടി തണ്ണീര്‍ത്തണ്ണീര്‍ എന്ന മൂവി കാണാന്‍ പോകാമെന്ന് അച്ഛന്‍റെ ബാലന്‍ പരിപാടിയിട്ടു. അമ്മ സന്തോഷവതിയായിരിക്കേണ്ടത് ഈ രോഗം മാറുന്നതിന് അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. സരളയാന്‍റിയും വിജി എന്ന മോളും ബാലചന്ദ്രന്‍ എന്ന ബാല്‍സി മോനും ഞങ്ങള്‍ എല്ലാവരുമായി അന്ന് ആ മൂവി കണ്ടു. എന്തായാലും അമ്മ അന്നു രാത്രി സുഖമായി ഉറങ്ങി.

ആ വീട്ടില്‍ വെച്ച് അച്ഛന്‍റെ ബാലനാണ് പെട്ടീരിയര്‍ ഡെക്കൊറേഷന്‍ എനിക്ക് ആദ്യമായി പരിചയപ്പെടുത്തിത്തന്നത്. ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിരുന്നതുകൊണ്ട് ഒത്തിരി പെട്ടികള്‍ അവരുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നും അവയെ അടുക്കിവെച്ച് നല്ല വിരിപ്പും കുഷനും കൊണ്ടലങ്കരിച്ച് സോഫയായും കട്ടിലായും ഒക്കെ രൂപപ്പെടുത്താമെന്നും ഞാന്‍ അന്ന് മനസ്സിലാക്കി.

ബോംബിന്‍റെ ഒരു ലോഹകവചം അലങ്കാരമെന്ന മട്ടില്‍ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. വിവിധ തരം ബോംബുകളെക്കുറിച്ചും അതിന്‍റെ നശീകരണ ശക്തിയെക്കുറിച്ചും ഒക്കെ അച്ഛനുമായി ദീര്‍ഘനേരം വാചകമടിച്ചിട്ട് ഒടുവില്‍ ബോംബിന്‍റെ ആ ലോഹകവചം ഊരുമ്പോള്‍ വലിയ ശബ്ദം ഉണ്ടാവുമെന്നും ഭയപ്പെടരുതെന്നും പ്രത്യേകം പറഞ്ഞിട്ടാണ് അച്ഛന്‍റെ ബാലന്‍ അത് ഊരിക്കാണിച്ചത്. എങ്കിലും ആ ശബ്ദത്തില്‍ വിരണ്ടു പോയ ഞാന്‍ സരളയാന്‍റി ഉണ്ടാക്കി വിളമ്പിത്തന്ന ഐസ്ക്രീം ബൌള്‍ സഹിതം താഴെയിട്ടു പൊട്ടിക്കുകയും ഉറക്കെ കരയുകയും ചെയ്തു.

അച്ഛന്‍റെ ബാലന് വിഷമമായി... അദ്ദേഹം എന്‍റെ കവിളില്‍ തട്ടി ആശ്വസിപ്പിച്ചു.

അമ്മയുടെ കൈ ഓപ്പറേറ്റ് ചെയ്തപ്പോൾ ടി ബി യാണെന്നറിഞ്ഞില്ലേ എന്ന് ഡോ വേണുഗോപാൽ അച്ഛനോട് ചോദിക്കാതിരുന്നില്ല. അച്ഛൻ ആ ചോദ്യം കേട്ടില്ലെന്ന് നടിച്ചു.

അമ്മയ്ക്ക് എല്ലാം ഭേദമാകുമെന്നും അമ്മ വീണ്ടും മിടുക്കിയായി ജോലിക്കു പോകുമെന്നും സരളയാൻറി എന്നെ സമാധാനിപ്പിച്ചിരുന്നു.

അമ്മയുടെ കൈ മൊത്തമായി പ്ളാസ്ററർ ഇട്ട് ഞങ്ങൾ തൃക്കൂർക്ക് മടങ്ങി വന്നു.

അമ്മച്ചിന്തുകൾ 33

                                                                   
വേദന സഹിക്കാതെ അമ്മ ആയുർവേദ ചികിത്സ എടുക്കാൻ തീരുമാനിച്ച് തൃക്കൂരേക്ക് വന്നു. അച്ഛനു അവജ്ഞയായിരുന്നു കണ്ട വടക്കോട്ടു പോകുന്ന വേരും തെക്കോട്ടു പോകുന്ന ഇലയും ഒക്കെ വേവിച്ച് അതിൻറെ നീരും എണ്ണയും കലർത്തി ചികിത്സിക്കുന്നതിൽ... എങ്കിലും വേദന എന്ന മഹാശല്യം ഒഴിവാകാൻ വേണ്ടി അച്ഛൻ ഒടുവിൽ അതിന് വഴങ്ങി.

അമ്മയുടെ അപ്പാ സുബ്ബരാമയ്യർക്ക് വലിയൊരു ആയുർവേദ വൈദ്യശാലയുണ്ടായിരുന്നു. പുത്തൂർ നമ്പീശൻ, കുന്നത്തുവളപ്പൻ, പാണനാർമാരായ ചില പ്രഗൽഭ ആയുർവേദ ഭിഷഗ്വരന്മാർ ഒക്കെ അവിടെ രോഗീ ചികിത്സ ചെയ്തു പോന്നു. അലോപ്പതി വൈദ്യത്തിന് അടിയന്തര ഘട്ടങ്ങളിൽ തൃശൂർ നിന്നും ഡോ. കൃഷ്ണയ്യർ വരും. ഉഷാറായി ഓടിക്കൊണ്ടിരുന്നു ആ വൈദ്യശാല. പെൺമക്കളും അവരുടെ അമ്മയും അഷ്ടാംഗഹൃദയവും ഭൈഷജ്യരത്നാവലിയും വൈദ്യന്മാരിൽ നിന്നും ചൊല്ലിക്കേട്ടു പഠിച്ചു. എന്നാൽ സുബ്ബരാമയ്യരുടെ ആൺമക്കൾക്ക് ആ വൈദ്യശാലയെ കൊന്നു കുഴിച്ചു മൂടാനായിരുന്നു ധിറുതി. സുബ്ബരാമയ്യർ മരിച്ചു പോയതോടെ കഴിവുള്ള വൈദ്യന്മാർ മടുത്തു. സ്വന്തം പാടു നോക്കി അവർ പോയി. മരുന്നരയ്ക്കാൻ ഉപയോഗിച്ചിരുന്ന വലിയ അമ്മികളും കാഞ്ഞിരക്കാതലിൽ തീർത്ത ധാരപ്പാത്തികളും ചെമ്പും ചരക്കും ഉരുളികളുമെല്ലാം ആൺമക്കൾ വിറ്റൊഴിച്ചു. കൂടെ കദളീവനമായിരുന്ന ആ പറമ്പിലെ സകല മരങ്ങളും വെട്ടിവിറ്റു. തണൽ പരത്തുന്ന വന്മരങ്ങൾ ഒത്തിരി യുണ്ടായിരുന്നുവത്രേ ആ പറമ്പിൽ..

അമ്മീമ്മ പറഞ്ഞയച്ചത് കേട്ട് കുന്നത്തുവളപ്പൻ എന്ന മഹാവൈദ്യൻ തൃക്കൂർ വീട്ടിൽ വന്നു. അമ്മയെ പത്തു ദിവസം ചികിത്സിച്ചു. അമ്മക്ക് വേദന മാറിയില്ല. അപ്പോൾ അദ്ദേഹം അറിയിച്ചു. 'ഇത് സാധാരണ ഒരു രോഗമല്ല. വിദഗ്ധ പരിശോധന വേണം. എക്സ്റേയും രക്തപരിശോധനയും ചെയ്യൂ. എന്നിട്ട് നോക്കാം.'

അമ്മ അച്ഛനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പുച്ഛം നാലിരട്ടിയായി. പുച്ഛിച്ച് പുച്ഛിച്ച് അമ്മക്ക് കാണാൻ ആഗ്രഹമുണ്ടായിരുന്ന ഓർത്തോപീഡിക് സർജനെ അച്ഛൻ കാണിച്ചതുമില്ല.

ഞങ്ങൾ കുട്ടികൾക്ക് എന്തോ പ്രശ്നമുണ്ടെന്നല്ലാതെ കാര്യം ശരിക്കും മനസ്സിലായിരുന്നില്ല. പ്രശ്നങ്ങൾക്ക് പഞ്ഞമില്ലാതിരുന്നത് കൊണ്ട് ഏതാണ് അധികം സാന്ദ്രത കൂടിയ പ്രശ്‌നമെന്നതേ അറിയാനുണ്ടായിരുന്നുള്ളൂ.

അച്ഛൻ അമ്മയെ കാണിച്ച ഓർത്തോപീഡിക് സർജൻ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു. ഡോ. ഈ ജെ തോമസ് എന്ന അദ്ദേഹം അമ്മയെ കണ്ടയുടനെ രണ്ട് കോർട്ടിസോൺ ഇൻജെക് ഷൻ കൊടുക്കാൻ തീർച്ചയാക്കി. ഈയാഴ്ച ഒന്ന് അടുത്താഴ്ച രണ്ട്.

അമ്മ ആ കുത്തിവെപ്പിനു ശേഷം കണ്ണിൻറെ പോള അടച്ചിട്ടില്ല. അന്ന് തൃക്കൂർ വീട്ടിൽ ഞങ്ങൾ മൂന്നു കുട്ടികളും അമ്മയും അമ്മീമ്മയും പിന്നെ മൂന്ന് നായ്ക്കളും ഒരു തള്ളപ്പൂച്ചയും അതിൻറെ ആറുമക്കളുമുണ്ടായിരുന്നു. അമ്മീമ്മ രാവിലെ നാലുമണിക്കുണർന്ന് വീട്ടു ജോലിയെല്ലാം ചെയ്തു രണ്ടു കിലോമീറ്റർ നടന്ന് സ്ക്കൂളിൽ പോകും. ഞങ്ങളും പോകും. അയ്യന്തോൾ നിർമലകോൺവൻറിൽ പഠിച്ചിരുന്ന ഭാഗ്യ പോവില്ല. അവളും പട്ടികളും പൂച്ചകളുമായി കരയുന്ന അമ്മക്ക് കാവലിരിക്കും. ആ കാലത്ത് ഭാഗ്യ തൃക്കൂരിലെ ലൈബ്രറി ഒരു എലിയെപ്പോലെ കരണ്ട് തിന്നുമായിരുന്നു.

മൂന്നാമത്തെ ആഴ്ച അമ്മ ഡോക്ടറോട് വേദന ഇരട്ടിയിലധികമായെന്ന് പരാതിപ്പെട്ടപ്പോഴാണ് അമ്മക്ക് ഡിക്രൂഎയിൻസ് ഡിസീസ് ആണെന്നും സർജറിയാണ് ഇനിയുള്ള മാർഗമെന്നും ഡോക്ടർ പറയുന്നത്.

ഇതൊരു ചെറിയ സർജറിയാണ്. കൈ റിസ്റ്റിലെ രണ്ട് നേർവ് ടെൻഡണുകളിൽ വന്ന നീർക്കെട്ടാണ് കാരണം എന്ന് പറഞ്ഞ് അമ്മയെ ഓപ്പറേഷനു കൊണ്ടു പോയി.

അച്ഛൻ ഒരക്ഷരം പോലും എന്നോട് പറഞ്ഞില്ല. അമ്മയെ ഒന്നു തൊട്ടു സമാധാനിപ്പിച്ചില്ല. അമ്മ നീണ്ട ഇടനാഴിയിലൂടെ നടന്നുമറയുന്നത് എനിക്ക് കാണാമായിരുന്നു.

ഡോക്ടർമാരുടെ വിശ്രമമുറിയിൽ ഞാൻ ഒറ്റയ്ക്ക് കുത്തിയിരുന്നു.

അമ്മ തിരികെ വന്നപ്പോൾ കൈ മൊത്തം പ്ളാസ്ററർ ഇട്ടിരുന്നു. അപ്പോൾ ഞാൻ അൽഭുതപ്പെട്ടുപോയി. അമ്മയുടെ വലതുകൈയിൽ പത്ത് വളകളുണ്ടായിരുന്നു. പീലി വള എന്ന് വിളിച്ചിരുന്ന മെലിഞ്ഞ വളകൾ. അത് അമ്മയുടെ അപ്പാ പണിയിച്ചതാണ്. അവ ഊരിയെടുക്കാൻ പറ്റുമായിരുന്നില്ല. അവ മുറിച്ചുമാറ്റാതെ അതിനു പുറത്താണ് പ്ളാസ്ററർ ഇട്ടിരുന്നത്.

എനിക്ക് ഒന്നും മനസ്സിലായില്ല. അച്ഛന് വല്ലവിധേനേയും ഞങ്ങളെ തൃക്കൂർ വീട്ടിൽ എത്തിച്ചാൽ മതി എന്നായിരുന്നു. ആരോട് എന്ത് ചോദിക്കണമെന്നറിയാതേ ഞാൻ പിന്നോട്ടോടുന്ന മരങ്ങളേയും കെട്ടിടങ്ങളേയും നോക്കി മൗനമായിരുന്നു.

ഒരാഴ്ച കഴിഞ്ഞു പ്ളാസ്ററർ വെട്ടണമായിരുന്നു. ആ ഒരാഴ്ച അമ്മ രാത്രിയിൽ ഉറങ്ങിയിരുന്നു. അതുകൊണ്ട് രോഗം മാറുകയാണെന്ന് ധരിച്ചു ഞങ്ങൾ സമാധാനിച്ചു. അച്ഛൻ പ്ളാസ്റ്റർ വെട്ടുന്ന ദിവസമാണ് തൃക്കൂരിൽ വന്നത്.

അന്ന് പ്ളാസ്ററർ വെട്ടിയപ്പോൾ അമ്മയുടെ കൈ കണ്ട് എല്ലാവരും ഞെട്ടിപ്പോയി. ഓപ്പറേറ്റു ചെയ്ത മുറിവ് പഴുത്തളിഞ്ഞിരുന്നു. വള മുറിക്കാത്തതുകൊണ്ടാണെന്ന് പഴുപ്പെന്ന് തീർച്ചയാക്കി, ഉടൻ തന്നെ വള മുറിപ്പിച്ചു. പിന്നെ ആ മുറിവ് എന്നും ഡ്രെസ്സ് ചെയ്യുന്ന ഏർപ്പാടായി. അത് എഴുതാനുള്ള ബലം ഇപ്പോഴില്ലാത്തതുകൊണ്ട് ....

Friday, August 16, 2019

അമ്മച്ചിന്തുകൾ 32

                                                                     
അമ്മീമ്മയുടെ നാലു സഹോദരന്മാർക്കും ആ കോടതി വിധി തീരെ ബോധ്യമായില്ല. അവർ ഏറെ ധനികരാണല്ലോ. അതുകൊണ്ട് കേരള ഹൈക്കോടതിയിൽ ആ വിധിക്കെതിരേ അവർ അപ്പീൽ പോയി.

അഡ്വ. കെ. എം കൃഷ്ണയ്യർ വിധി വന്നപ്പോഴേ 'നമ്മൾ ആദ്യം അപ്പീൽ പോവണ'മെന്ന് അഭിപ്രായപ്പെട്ടിരുന്നു. കാരണം ഞങ്ങളുടെ അമ്മയ്ക്ക് കേസിൽ നിന്നും യാതൊരു ലാഭവും ഉണ്ടായില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ലോ പോയിൻറ്. എന്നാൽ അമ്മീമ്മക്ക് ആ വീട് കിട്ടിയതിനപ്പുറം ഒന്നും വേണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നില്ല. അച്ഛനും വക്കീലിനോട് പറഞ്ഞു. 'അമ്മീമ്മക്ക് വീട് കിട്ടിയല്ലോ അതു മതി'യെന്ന്.....

അങ്ങനെ മതിയാവില്ലല്ലോ സഹോദരന്മാർക്ക്. അപ്പീലായി. വീണ്ടും കേസായി. അച്ഛന് അമ്മയെ കല്യാണം കഴിച്ച തെറ്റ് തീരെ സഹിക്കാൻ പറ്റാതായത് ആ കാലം മുതലാണ്.

എറണാകുളത്തെ അഡ്വ. ശിവശങ്കരപ്പണിക്കരായിരുന്നു അമ്മക്കും അമ്മീമ്മക്കും വേണ്ടി കേസ് വാദിച്ചത്. നല്ല തുക അദ്ദേഹത്തിന്റെ ഫീസായി ഒടുക്കേണ്ടി വന്നു.

കേസ് നടത്തുന്നത് എളുപ്പമല്ലല്ലോ. അതിരില്ലാത്ത പണം, നിലയ്ക്കാത്ത അദ്ധ്വാനം, അവസാനിക്കാത്ത ക്ഷമ, എന്ത് തിരിച്ചടി വന്നാലും തോല്ക്കാത്ത ശുഭാപ്തി വിശ്വാസം... അമ്മയും അമ്മീമ്മയും ശരിക്കും നരകത്തിലാണ് ജീവിച്ചത്. നിത്യവും ആ നരകത്തെ അറിഞ്ഞറിഞ്ഞാണ് നമ്മുടെ നിയമങ്ങൾ കടലാസു പുലികളാണെന്ന തോന്നൽ എന്നിലുറച്ചതും...

അച്ഛനു എല്ലാം മടുത്തു. കേസും ധനച്ചെലവും മക്കളും എല്ലാം മതിയായി. മറ്റ് ചില ഡോക്ടർ മാരെപ്പോലേ ഗംഭീരമായ പ്രൈവറ്റ് പ്രാക്ടീസ് അച്ഛനുണ്ടായില്ല. എന്നാലും കുറച്ചു ഉണ്ടായിരുന്നു. അത് അയ്യന്തോളിൽ വെച്ച വീടിൻറെ പണിക്കുറ്റമാണെന്ന് അച്ഛൻ വിശ്വസിച്ചു പോന്നു. അദ്ദേഹത്തിന്റെ വിശ്വസ്തരും ഒപ്പം മദ്യപിക്കുന്നവരുമായ ചില സുഹൃത്തുക്കൾ ജ്യോതിഷിമാരായിരുന്നു. അവരുടെ പ്രവചനങ്ങൾ അച്ഛൻ വെള്ളം കൂട്ടാതെ വിഴുങ്ങി. ജ്യോതിഷജ്ഞാനം അമ്മയ്ക്ക് ഒരു നീചമായ കുറവായി അച്ഛൻ കണ്ടപ്പോൾ സുഹൃത്തുക്കളുടെ ജ്ഞാനം എങ്ങനെ കേമമായി എന്ന് ആലോചിച്ചാലോചിച്ച് ഞങ്ങൾക്ക് ഭ്രാന്തെടുത്തിട്ടുണ്ട്.

അച്ഛനു കേൾക്കാൻ താല്പര്യമുള്ള കാര്യങ്ങൾ പറയുന്ന ജ്യോതിഷമായിരുന്നു അവരുടേത്. ഉദാഹരണത്തിന് അമ്മ അഹങ്കാരിയാണ്. അമ്മ അമ്മീമ്മേടെ ചൊല്പടിയിലാണ്. അമ്മക്ക് അച്ഛനെ ബഹുമാനമില്ല. അമ്മയെ കുനിച്ച് നിറുത്തി പുറത്ത് മുട്ടുകൈ കൊണ്ട് ഇടിക്കണം. ഇന്നിതെഴുതുമ്പോൾ പോലും എൻറെ കൈ വിറക്കുകയാണ്. അമ്മയുടെ കരച്ചിലിൻറെ ഏക്കവും ഞരക്കവും എൻറെ ഹൃദയത്തെ ഞെക്കിപ്പിഴിയുകയാണ്.

ആ ജ്യോതിഷിമാർ പറഞ്ഞതനുസരിച്ച് വീട് വാടകയ്ക്ക് കൊടുക്കാനോ വിൽക്കാനോ അമ്മ തയാറായില്ല. അമ്മ ഒരു പശുവിനെപ്പോലെ കണക്കില്ലാത്ത അത്രയും അടിയും ചവിട്ടും ഏറ്റു. അമ്മയുടെ കാലൊടിഞ്ഞു, കണ്ണിൽ പരിക്ക് പറ്റി. എന്നിട്ടും വീട് അമ്മ ഉപേക്ഷിച്ചില്ല. ആ കാലമെല്ലാം എങ്ങനെ നീങ്ങിപ്പോയി എന്ന് എനിക്ക് ഓർക്കാൻ പോലും പറ്റുന്നില്ല. പഠിക്കുക, വായിക്കുക എന്നീ രണ്ടു പ്രവൃത്തികളിൽ കുറച്ച് ആശ്വാസം തോന്നിയിരുന്നതുകൊണ്ട് ഞങ്ങൾ പഠിച്ചു. ഞാനും ഭാഗ്യയും യാതൊരു സെലക് ഷനുമില്ലാതെ കൈയിൽ കിട്ടുന്ന എന്തും വായിച്ചു. രാമായണം മുതൽ കൊച്ചുപുസ്തകം വരെ... ഒഡിസി മുതൽ രതിസാമ്രാജ്യം വരെ... റാണി എല്ലാം മൂളിമൂളിക്കേട്ടു. അങ്ങനെ ആയിരുന്നില്ലെങ്കിൽ ഞങ്ങൾ കുറ്റവാളികളോ ലഹരി ക്കടിമപ്പെട്ടവരോ ഒക്കെ ആയിപ്പോയേനേ എന്ന് ഭയം തോന്നുകയാണിപ്പോൾ....

ചിലപ്പോൾ ഞാൻ അനിയത്തിമാരോട് പറയുമായിരുന്നു... 'ഞാൻ ആൺകുട്ടിയായിരുന്നെങ്കിൽ... അല്ലെങ്കിൽ നമ്മിൽ ആരെങ്കിലും ആൺകുട്ടിയായിരുന്നെങ്കിൽ...' അവർ തിരുത്തും. 'നിനക്ക് ഭ്രാന്താണോ.. അപ്പോൾ ആ കുട്ടി അല്ലെങ്കിൽ നമ്മിൽ ആണായിപ്പിറന്ന ആ കുട്ടി ഇപ്പൊ ജയിലിലാവും ഉണ്ടാവുക... അമ്മക്ക് അപ്പോഴും സങ്കടാവും. ഇപ്പൊ നമ്മള് വലുതായി പഠിച്ച് നല്ല ജോലിയൊക്കെ ആയി അമ്മേം അമ്മീമ്മേം നോക്കുന്നെങ്കിലും അവർക്ക് വിചാരിക്കാലോ...'

ആ സമയത്ത് വീട്ടു ജോലി സഹായി ആയിരുന്ന ചേച്ചിയെ അച്ഛൻ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. എല്ലാം അച്ഛൻ റെ ഇഷ്ടത്തിനു മാത്രമേ അവർ ചെയ്തിരുന്നുള്ളൂ. അമ്മയെ അവർക്ക് പരമപുച്ഛവും. ആ ചേച്ചിയോട് ഉച്ചക്ക് അടുത്തുള്ള ബേക്കറിയിൽ പോയി കേക്ക് വാങ്ങിത്തരണമെന്ന് ഞാൻ വാശി പിടിച്ചതിന് അച്ഛൻ എന്നെ തല്ലീട്ടുണ്ട്. 'അവർ ഉച്ചവെയിലിൽ കരിഞ്ഞു പോവില്ലേ' എന്നും പറഞ്ഞാണ് തല്ലിയത്.

അവരുടെ അടുപ്പം വർദ്ധിച്ചു വരികയായിരുന്നു. അച്ഛൻ ഇരിക്കുന്ന കസേരക്കയ്യിലൊക്കെ ചേച്ചി സുഖമായി ഇരിക്കും. അച്ഛൻറെ തല ഞാവിക്കൊടുക്കും. ചേച്ചി താരൻ ചുരണ്ടിക്കളയുവാണെന്നും 'നിൻറെ തള്ളക്ക് എന്നെ ശ്രദ്ധിക്കാൻ നേരമില്ലെ'ന്നും അച്ഛൻ പറയുമ്പോൾ ഞാൻ മൗനിയാകും.

ഞങ്ങൾ ആരുമില്ലാത്തപ്പോൾ അച്ഛൻറെ സുഹൃത്തായ ഒരു ഡോക്ടർ അപ്രതീക്ഷിതമായി വീട്ടിൽ എത്തി. എന്നെ വിരട്ടും പോലെ അദ്ദേഹത്തിന്റെ കണ്ണിൽ പൊടിയിടാൻ അച്ഛനു സാധിച്ചില്ല.

ചേച്ചിയെ പറഞ്ഞു വിടണമെന്ന് ആ ഡോക്ടർ അമ്മയെ ചെന്നു കണ്ടു പറഞ്ഞു. ചേച്ചിക്ക് അമ്മ വൈകീട്ട് വരുമ്പോൾ അഭിമുഖീകരിക്കാൻ മടിയായിട്ടുണ്ടാവണം അച്ഛൻറെ പക്കൽ നിന്ന് പണവും വാങ്ങി അവർ ജോലി വിട്ടു പോയി. അച്ഛൻ മിടുക്കനായിത്തന്നെത്തുടർന്നു.

പിന്നെ വീട്ടു ജോലി സഹായത്തിനു വന്ന തമിഴത്തി സ്ത്രീ നോൺവെജ് ആഹാരം വെക്കാൻ തയാറായില്ല. ഓംലററ്, ബുൾസ് ഐ, പോച്ഡ് എഗ്ഗ് , തേങ്ങാ വറുത്തരച്ച മുട്ടക്കറി ഒക്കെ അമ്മ ഉണ്ടാക്കുമായിരുന്നു. അതിൽ ഒതുങ്ങി നോൺവെജ് പാചകം.

അച്ഛൻ എല്ലാവരോടും ഇഷ്ടപ്പെട്ട ആഹാരം കിട്ടുന്നില്ലെന്ന് സങ്കടം കൊണ്ടു. പറ്റാവുന്നവരെല്ലാം അതുണ്ടാക്കി സമ്മാനിക്കുകയും അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും ചെയ്തു. പൊതുവേ പല സ്ത്രീകൾക്കും ഉയർന്ന ഉദ്യോഗസ്ഥനായ ഒരു പുരുഷൻ നൊമ്പരപ്പെടുന്നത് കണ്ടാൽ സഹിക്കാൻ പറ്റില്ല. അങ്ങനെയുള്ളവർ എന്നും അച്ഛൻറെ പരിചിതവലയത്തിലുണ്ടായിരുന്നു.

കഠിനമായ മാനസിക ക്ളേശവും ശാരീരിക മർദ്ദനങ്ങളും അമ്മയെ രോഗിണിയാക്കി. ഒരു പനിയായിട്ടായിരുന്നു തുടക്കം. അത് പതിനഞ്ചു ദിവസമായിട്ടും മാറിയില്ല. വെറും പാരെസറ്റമോളിനപ്പുറം ഒരു മരുന്നും അച്ഛൻ കൊടുത്തതുമില്ലായിരുന്നു. ഭാഗ്യക്ക് പത്തു വയസ്സാണ് അക്കാലത്ത്...

അമ്മയുടെ അസുഖം സഹിക്കാനാവാത്ത കൈവേദനയായി പരിണമിച്ചു. ഞങ്ങളുടെ ജീവിതം കൂടുതൽ സങ്കീർണമാവുന്നതിൻറെ ആദ്യ പടിയായിരുന്നു അത്.

അമ്മച്ചിന്തുകൾ 31

                                                                    
മാസത്തിലൊരിക്കലേ ഞങ്ങളേ കാണാൻ തൃക്കൂർക്ക് വരാവൂ എന്ന് അമ്മയോട് കണിശമായി പറഞ്ഞിരുന്നു അച്ഛൻ. എങ്കിലും ഔദ്യോഗിക ആവശ്യമുള്ളപ്പോൾ അച്ഛൻ തനിച്ച് ഒന്നു രണ്ട് തവണ പ്രൈമറി സ്കൂളിൽ വന്ന് ഞങ്ങളെ കണ്ടിട്ടുണ്ട്. 'എൻറെ മക്കളെ ഒന്നു കണ്ടോട്ടേ 'എന്ന് അദ്ദേഹം ഏറ്റവും വിനയത്തോടെ സ്കൂളിൽ വന്ന് ചോദിക്കുമ്പോൾ അവിടെ എല്ലാവരും അൽഭുതപ്പെടുമായിരുന്നു. അച്ഛനെ ആദരവോടെ തൊഴുതു നില്ക്കുമായിരുന്നു. ഇത്ര സ്നേഹമുള്ള അച്ഛനേ പിരിഞ്ഞു നില്ക്കേണ്ടി വരുന്ന മക്കളാണല്ലോ ഞങ്ങളെന്ന് അവരെല്ലാം വ്യാകുലപ്പെടും.

അസുഖം എന്തെങ്കിലും വന്നാൽ അച്ഛൻ കാറോടിച്ച് വരികയും ഉടനെ ഞങ്ങളെ അയ്യന്തോളിലെ വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്യുമായിരുന്നു. പിന്നെ അസുഖം ഭേദമാകുമ്പോൾ അമ്മീമ്മ വന്ന് കൂട്ടിക്കൊണ്ട് വരും.

അച്ഛന് ഒത്തിരി ബന്ധുക്കൾ ഉണ്ടായിരുന്നു. അച്ഛനാണെങ്കിൽ മിശ്രവിവാഹം കഴിച്ചതുകൊണ്ട് അവർ അകന്നു പോകരുതെന്ന് കരുതി ആ ഇഷ്ടമെല്ലാം കിട്ടാൻ വല്ലാതെ താല്പര്യപ്പെടുന്നയാളും..

വീട്ടിലെ ജോലി സഹായി വെക്കുന്ന ഇറച്ചി മീൻ വിഭവങ്ങൾ ഒരിക്കലും അച്ഛനും അങ്ങനെ വരുന്ന അകന്ന ബന്ധുക്കൾക്കും പ്രിയമാവുന്നില്ലെന്നത് വലിയ തർക്കമായിരുന്നു. 'നിനക്കീ ഗതി വന്നല്ലോ 'എന്നവർ സങ്കടത്തിൽ കരയും. അച്ഛൻ സഹനത്തിൻറെ മൂർത്തിമദ്ഭാവമായി തല കുനിച്ച് നില്ക്കും.

ഞങ്ങൾക്ക് തന്നെ ഈ അഭിനയം ചെടിപ്പുണ്ടാക്കും ബന്ധുക്കളെ വേണ്ട വിധം സല്ക്കരിച്ചാദരിച്ചില്ലെന്ന കുറ്റത്തിന് അമ്മ ബെൽറ്റുകൊണ്ടും ഹാംഗർ കൊണ്ടും അടി കൊള്ളുന്നത് കണ്ട് അച്ഛൻറെ എല്ലാ ബന്ധുക്കളേയും ഞങ്ങൾ വെറുക്കാൻ തുടങ്ങി. അവർ അച്ഛനായി തയ്യാറാക്കിക്കൊണ്ട് വരുന്ന നോൺ വെജ് വിഭവങ്ങളേയും ഞങ്ങൾ ഭയങ്കരമായി വെറുത്തു.

അമ്മീമ്മ തമിഴ് പദങ്ങളാണ് പഠിപ്പിച്ചു തന്നിരുന്നത്. ഉദാഹരണം പറഞ്ഞാൽ അമ്മായി എന്നതിന് അത്ത എന്നാണ് തമിഴ് വാക്ക്. അവരെ അപ്പച്ചി എന്ന് വിളിക്കണമെന്ന് അവരും അച്ഛനും ഉറപ്പിച്ചു പറയും. ഞങ്ങൾ പലപ്പോഴും അത്തച്ചി, അപ്പത്ത എന്നൊക്കെ തെറ്റായി
വിളിച്ചുപോകും. അമ്മാവനെ മാമാ എന്ന് വിളിക്കുന്നത് വലിയ തെമ്മാടിത്തരമായിരുന്നു. എത്ര വലിയ വഴക്കാണ് അപ്പോൾ ഉണ്ടാവുക. പെങ്ങളുടെ മോളെ കല്യാണം കഴിക്കുന്ന തമിഴ് രീതി, മാമാപ്പണി എന്ന കൂട്ടിക്കൊടുപ്പു ജോലി... പിന്നെ അമ്മക്ക് അടിയും...

അങ്ങനെ അങ്ങനെ ഈ ബന്ധുപ്പദവികളുടെ അച്ചടി ഭാഷ, പുസ്തകങ്ങളിലും മറ്റും എഴുതി വരുന്നത്, അതിൻറെ ഇംഗ്ലീഷ് വാക്കുകൾ ഒക്കെ ഞങ്ങൾ വേഗം വേഗം പഠിച്ചു. എന്നാലും അവരെയൊക്കെ തൊട്ടു വിളിക്കാനായിരുന്നു അധികം പ്രേരണ. ആ വാക്കുകൾ വിളിക്കുമ്പോൾ ഒരു വല്ലാത്ത അകൽച്ചയാണ് ഞങ്ങൾക്ക് തോന്നിയിരുന്നത്. തൊണ്ടയിൽ ആരോ പിടിച്ചു ഞെക്കുന്നത് പോലെ... വിളിയില്ലെന്നതും ഒരു വലിയ കുറ്റമായാണ് കണ്ടിരുന്നത്.

അച്ഛനു മീനും ഇറച്ചിയും കൂട്ടി ചോറു വാരിക്കൊടുത്തിരുന്ന പല ബന്ധു വീട്ടമ്മമാരും തമിഴ് സംസാരിച്ചുകൂടെന്ന് ഞങ്ങളെ കർശനമായി വിലക്കീരുന്നു.

അമ്മയുടെ ഒരാനന്ദമായിരുന്നു ഞങ്ങൾ മൂന്നു പേരേയും എണ്ണയിട്ട് കുളിപ്പിച്ച് വെളുത്ത പെറ്റിക്കോട്ട് ഇടുവിച്ച് തറയിലിരുത്തി ചോറു കുഴച്ചു വായിൽ തരികയെന്നത്. എന്ത് തെറ്റാണ് അമ്മ ആ പ്രവൃത്തികൊണ്ട് ഈ ലോകത്തിനോട് ചെയ്തിരുന്നതെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. അതുകണ്ടാൽ അച്ഛൻ പിശാചിനെപ്പോലെ അലറും. അമ്മയെ അടിക്കും. ഊണുപാത്രം ഞങ്ങളെക്കൊണ്ട് തെങ്ങിൻകുഴിയിൽ കൊണ്ടിടുവിക്കും...

അങ്ങനെ പത്തു വയസ്സിൽ തന്നെ ജീവിതം മടുത്ത കുട്ടികളായിരുന്നു ഞങ്ങൾ മൂന്നു പേരും.

അമ്മ വഴക്ക് ഒരിക്കലും തുടങ്ങില്ല. അടിയേറ്റു വാങ്ങേണ്ടി വരുന്ന ഒരു ഏർപ്പാടിലേക്ക് ആരാണ് ആദ്യം നടന്നു തുടങ്ങുക? ഞങ്ങൾ അമ്മയുടെ ഭാഗത്താണ് ശരിയെന്ന് കരുതാനുള്ള കാരണങ്ങളിലൊന്ന് അതായിരുന്നു. അമ്മയെ അടിക്കുന്നത് എന്ത് കുറ്റത്തിൻറെ പേരിലായാലും ഞങ്ങൾക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മീമ്മയെ പന്ന, കല്യാണം, ആ സ്ത്രീ എന്നൊക്കെ അച്ഛൻ പറഞ്ഞു തരും. ഒരു തരം താണ മല്സരബുദ്ധി. അമ്മീമ്മ ഒരു മോശം വാക്കും അച്ഛനെപ്പറ്റി പറയില്ല. ഞങ്ങൾക്ക് വല്ലാത്ത അതിശയം തോന്നുമായിരുന്നു അപ്പോഴൊക്കെ...

വീട്ടിൽ ജോലിസഹായത്തിന് നില്ക്കുന്ന സ്ത്രീകളുടെ മുന്നിൽ വെച്ച് അമ്മയെ നിന്ദിക്കാൻ അച്ഛൻ എന്നും ഇഷ്ടപ്പെട്ടു. കുറച്ചു കഴിയുമ്പോൾ അവർ അമ്മയെ തീരെ വിലയില്ലാതെ പുച്ഛിച്ചു കാണും. അച്ഛൻറെ ബന്ധു ക്കളും അമ്മയിലധികം വില വെച്ചിരുന്നത് വീട്ടിലെ ജോലി സഹായികളെയാണ്.

അങ്ങനെയിരിക്കേ അനവധി കോടതി കയറിയിറങ്ങലുകൾക്ക് ശേഷം ഇരിങ്ങാലക്കുട സബ്കോടതിയിൽ നിന്ന് വിധി വന്നു. അമ്മീമ്മയുടെ വീടിനായി ധനിക ജമീന്ദാർ ആയ അച്ഛൻ സുബ്ബരാമയ്യർ വെറും അഞ്ഞൂറു രൂപ മാത്രമേ ചെലവാക്കിയിട്ടുള്ളൂവെന്നും അത് അദ്ദേഹത്തിന്റെ ആകെ സ്വത്തിൻറെ നൂറിലൊരംശം പോലും ആകുന്നില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. അതുകൊണ്ട് ആ വീടിനെ പൂർണമായും കേസിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു... അതിൻമേൽ അമ്മീമ്മക്ക് പൂർണാവകാശം കോടതി നല്കിയിരിക്കുന്നുമെന്നായിരുന്നു വിധി. ബാക്കി സ്വത്തുക്കൾ സഹോദരന്മാരോട് വീതിച്ച് എടുത്തോളാനും കോടതി നിർദ്ദേശിച്ചു.

ആ വിധി വന്നപ്പോൾ ഒരിക്കലും കരയാത്ത അമ്മീമ്മ ഞങ്ങളെ എന്നേം റാണിയേം കെട്ടിപ്പിടിച്ച് തേങ്ങിത്തേങ്ങി കരഞ്ഞു. തൃക്കൂരമ്പലത്തിൽ അപ്പവും മുപ്പറയുമൊക്കെ നടത്തി ആ പാവം.

എന്നാൽ ആർത്തിയും അഹങ്കാരവും ഒരു സബ്കോടതി വിധി കൊണ്ട് മാറുമോ?

ഇല്ല.

മാറിയില്ലെന്ന് മാത്രമല്ല... അതിന് കുറെക്കൂടി ക്രൗര്യം കൈവന്നു...

അതിൻറെ കൂർത്ത പല്ലുകളിൽ ഞങ്ങൾ ചോരയൊലിപ്പിച്ചു കൊണ്ട് പിടഞ്ഞു ഏറെക്കാലം...

ബ്രാഹ്മണർക്കും വിശ്വകർമജർക്കും ഒരുപോലെ വേദനിപ്പിക്കാൻ പറ്റുമെന്ന് ഞങ്ങൾ ആ പിടച്ചിലുകളിൽ നിലവിളിച്ചുകൊണ്ട് ഏങ്ങിക്കരഞ്ഞുകൊണ്ട് തിരിച്ചറിഞ്ഞു.

മനുഷ്യത്വമില്ലാത്ത സവർണതയും അവർണതയും ഒരുപോലെയാണെന്ന് ഞങ്ങൾക്ക് അങ്ങനെ തികച്ചും ബോധ്യമായി.


അമ്മച്ചിന്തുകൾ 30

                                                                
ഇസ്ലാം മതവിശ്വാസികളോട് ഇപ്പോൾ എല്ലാവരും നിരന്തരം ആവശ്യപ്പെടുന്നുണ്ടല്ലോ ... ഇന്ത്യാ മഹാരാജ്യത്തോടുള്ള നിങ്ങളുടെ കൂറു തെളിയിക്കൂ.. നിങ്ങളുടെ രാജ്യസ്നേഹം തെളിയിക്കൂ എന്നൊക്കെ...

ചെറുപ്പന്നേ ഇങ്ങനെ അച്ഛനോടും അച്ഛൻറെ ബന്ധുക്കളോടുമുള്ള കൂറും സ്നേഹവും തെളിയിച്ചു ജീവിക്കാൻ എന്നും നിർബന്ധിക്കപ്പെട്ടവരാണ് ഞങ്ങൾ. അവർ ഞങ്ങളെ എപ്രകാരം സ്നേഹിക്കുന്നു എങ്ങനെ പെരുമാറുന്നു എന്നതൊന്നും പ്രശ്നമേ ആയിരുന്നില്ല. അച്ഛൻറെ വിദൂരബന്ധുക്കൾ പോലും ഞങ്ങളെ അവരുദ്ദേശിക്കുന്ന അനുസരണ പഠിപ്പിക്കുമായിരുന്നു. ഇന്ന് ചിരി വരുന്നുണ്ടെങ്കിലും അന്ന് വല്ലാത്ത സങ്കടം തോന്നുമായിരുന്നു.

ഒരു സദ്യക്ക് ഇരിക്കുകയാണ് നമ്മൾ..

ഇന്ന വിഭവം ആദ്യം കഴിക്കണമെന്നതിൽ തുടങ്ങി.. അമ്മയുടെയും അവരുടെ ചേട്ടത്തിയുടേയും സ്വഭാവം കാണിക്കരുതെന്നതിൽ കയറി ഡോക്ടറുടെ മക്കളാണെന്ന് തോന്നുകയില്ലെന്ന് കുത്തിപ്പറഞ്ഞ് അച്ഛനേയും അച്ഛൻറെ ബന്ധുക്കളേയും ബഹുമാനിക്കാൻ പഠിക്കണമെന്നിടം വരെ ആവുമ്പോഴേക്കും ഈ ഭൂമിയിൽ ജനിച്ചു വീണു പോയ ആ വലിയ തെറ്റ് ഞങ്ങളെ തുറിച്ചു നോക്കി പുച്ഛിക്കും... കഴിച്ച ആഹാരമെല്ലാം തൊണ്ടക്കുഴിയിൽ വന്ന് ഞാനാദ്യം ഞാനാദ്യം എന്ന് പുറത്തേക്ക് ചാടാൻ വെമ്പും.

ഇതൊന്നും ഒട്ടും ആവശ്യമില്ലെന്ന് ഒരിക്കലും അച്ഛൻ ആരോടും പറഞ്ഞില്ല.

എനിക്കെന്നാ ഒരു വെല എന്നതായിരുന്നുവല്ലോ അദ്ദേഹത്തെ അലട്ടിയിരുന്ന ഏറ്റവും പ്രധാന പ്രശ്‌നം.

അച്ഛൻറെ ചേട്ടൻ എൻജിനീയറായിരുന്നു. ജീവിതകാലത്ത് സ്വന്തം വിരൽ നീട്ടി അദ്ദേഹം ഞങ്ങളെ ഒന്നു തൊട്ടിട്ടില്ല. ഒരു മിഠായിയോ കുഞ്ഞുടുപ്പോ സമ്മാനിച്ചിട്ടില്ല. ഒന്ന് ചിരിച്ചിട്ട് പോലുമില്ല. അമ്മ പണമയച്ചു കൊടുത്തു പഠിപ്പിച്ച പെങ്ങൾ എനിക്ക് ചുവപ്പിൽ നീല പൂക്കളുള്ള ഒരു സ്കേർട്ടും നീല ബ്ളൗസും വാങ്ങിത്തന്നിട്ടുണ്ട്. ഭാഗ്യയേ ഒരിക്കൽ ദേഹത്തോട് ചേർത്ത് നിറുത്തീട്ടുണ്ട്.

തിരുവനന്തപുരത്ത് അച്ഛൻറെ ഒരു പെങ്ങൾ ഉണ്ടായിരുന്നു. അവരുമായി അമ്മ ചില്ലറ കത്തിടപാടുകൾ നടത്തീരുന്നു. അവർ മാത്രം അവർ മാത്രം മടിയിലിരുത്താറുണ്ട്. ഉമ്മ തരാറുണ്ട്. മുട്ട പുഴുങ്ങി മുറിച്ച് ഉപ്പും കുരുമുളകുപൊടിയും വിതറിത്തരാറുണ്ട്. ആപ്പവും പുട്ടും ഉണ്ടാക്കിത്തരും. റാണി എൻട്രൻസ് പരീക്ഷക്ക് തയാറെടുക്കുമ്പോൾ ഒരു ദിവസം മുടങ്ങാതെ ഭക്ഷണം നല്കിയിട്ടുണ്ട്.

അവരുടെ ജീവിതം നരകമായിരുന്നു. എപ്പോഴും കുറ്റം പറയുന്ന ഭർത്താവായിരുന്നു അവർക്ക്. എൻജിനീയർ ആയിരുന്നു അദ്ദേഹം. ഒരു ചമ്മന്തി അരച്ചത് മുതൽ തുണി മടക്കി വെച്ചതിന് വരെ കുറ്റം ഉണ്ടാവും. അവർക്ക് ജോലി ഉണ്ടായിരുന്നതുകൊണ്ട് പാവം, എങ്ങനെയൊക്കേയോ ജീവിച്ചു പോയി. എപ്പോഴും കഠിനമായി ജോലി ചെയ്യുന്ന ഒരു സ്ത്രീ ആയിരുന്നു അവർ. അവരുടെ മകൻ അമ്മയെ ഇനി അടിക്കരുതെന്ന് അച്ഛനെ ശാസിക്കുന്ന അന്ന് വരെ അവരും ഭർത്താവിൻറെ തല്ലു കൊണ്ടു.

ആ പെങ്ങളോട് അച്ഛന് സ്നേഹമോ ബഹുമാനമോ ആദരവോ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ അവരും മക്കളും ഒരിക്കലും അതറിഞ്ഞതേയില്ല. ആ പെങ്ങൾ നല്കുന്നതെല്ലാം കഴിച്ച് അവരുടെ വീട്ടിൽ പാർത്തുകൊണ്ട് അവരെപ്പറ്റി വളരേ വിലകുറഞ്ഞ കാര്യങ്ങൾ അച്ഛൻ ഡയറിയിൽ കുറിച്ചു വെച്ചു. സ്വന്തം സുഹൃത്തുക്കളോട് അവരെ പറ്റി നിലവാരം താണ തമാശകൾ പറഞ്ഞു.

അവരുടെ മകൾ ഇപ്പോഴും എന്നോട് സംസാരിക്കാറുണ്ട്. അവളുടെ മക്കളെ കൊണ്ടു വന്ന് കാണിച്ചിട്ടുണ്ട്. അച്ഛൻറെ വീട്ടിലെ ഒരേയൊരു ബന്ധുവാണവൾ. അവൾക്ക് സ്വന്തം കുഞ്ഞമ്മാവനെ ഒരിക്കലും ശരിയായി മനസ്സിലാക്കാൻ പറ്റിയിട്ടില്ല. ഇനി അതിൻറെ ആവശ്യവും അവൾക്കില്ല.

അങ്ങനെ എല്ലാവരും എപ്പോഴും പറഞ്ഞതനുസരിച്ച് അച്ഛൻറെ നന്മകൾ എഴുതിപ്പഠിച്ച് മന:പ്പാഠമാക്കിയ മക്കളാണ് ഞങ്ങൾ. ഓരോരോ തിന്മകളേയും ഈ നന്മകളുമായി തുലനം ചെയ്തു ജീവിക്കാൻ വേണ്ട പരിശീലനം നേടിയ മക്കളാണ് ഞങ്ങൾ.

പഴയ പാട്ടുകളോടുള്ള താല്‍പര്യംകൊണ്ട് മാത്രമല്ല, സാധിക്കുമ്പോഴെല്ലാം പ്രേം നസീർ
അഭിനയിച്ച ഗാനരംഗങ്ങള്‍ കാണാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. കറുപ്പും വെളുപ്പുമായ സിനിമാ ചിത്രങ്ങള്‍ക്ക് തന്‍റെ ഗന്ധര്‍വസാന്നിധ്യം കൊണ്ട് പ്രേംനസീര്‍ മഴവില്ലിന്‍റെ വര്‍ണശോഭ പകര്‍ന്നുവെന്ന് അപ്പോഴെല്ലാം ഞങ്ങൾക്ക് തോന്നും. പ്രേംനസീറിന്‍റെ അഭിനയത്തെക്കുറിച്ച് വിലയിരുത്താനുള്ള അറിവൊന്നും ഇ
ല്ലെങ്കിലും അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ ( എന്നെ തേടിയെത്തിയ കഥാപാത്രങ്ങള്‍, ജീവിതചിത്രങ്ങള്‍ എന്നോ മറ്റോ പേരിട്ടിട്ടുള്ള അദ്ദേഹത്തിന്‍റെ കുറെയേറെ സ്മരണകള്‍) ഞാന്‍ തേടിപ്പിടിച്ച് വായിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് എഴുതി വരുന്നതെല്ലാം കഴിയുന്നത്ര വായിക്കാറുമുണ്ട്. അതിനു പ്രത്യേകമായ ഒരു കാരണമുണ്ടെന്നു മാത്രം.

അതെന്തെന്നല്ലേ?

പ്രേംനസീറിന്‍റെ മാനറിസങ്ങള്‍ ഞങ്ങളുടെ അച്ഛനെ ഓര്‍മ്മിപ്പിക്കുന്നവയാണ്.

അച്ഛന്‍ പ്രേംനസീറിനെ അനുകരിക്കുകയായിരുന്നു എന്നത് വാസ്തവമാണ്. തിരിച്ചാവാന്‍ ഒരു വഴിയുമില്ലാത്തിടത്തോളം അതങ്ങനെയാവാനല്ലേ തരമുള്ളൂ.

പൊതുസമൂഹം ഒരു സുന്ദരന് അത്യാവശ്യമായത് എന്ന് കുറിപ്പിട്ട് വെച്ചിട്ടുള്ള സൌന്ദര്യ സങ്കല്‍പങ്ങളില്‍ അച്ഛന്‍ ഒരിക്കലും പാകമായിരുന്നില്ല.

കഷ്ടിച്ച് അഞ്ചടി അഞ്ചിഞ്ച് ഉയരവും നല്ല കറുത്ത നിറവുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പക്ഷെ, താന്‍ തികച്ചും സുന്ദരനും വളരെയേറെ ആകര്‍ഷണീയനുമാണെന്ന ഉറച്ച വിശ്വാസം അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്നു. മെഡിക്കല്‍ ബിരുദങ്ങളും വഹിച്ചിരുന്ന ഉയര്‍ന്ന ഉദ്യോഗവും കീഴുദ്യോഗസ്ഥരായ സ്ത്രീകളുടെ, ഡോക്ടർമാരും നഴ്സുമാരും ആയ അനവധി സ്ത്രീകളുടെ നിരന്തര സാമീപ്യവും സര്‍ക്കാര്‍ അദ്ദേഹത്തിനു നല്‍കിയിരുന്ന സൌകര്യങ്ങളുമെല്ലാം അച്ഛന്‍റെ ഇത്തരമൊരു ആത്മവിശ്വാസത്തെ ശതഗുണീഭവിപ്പിച്ചു. ലോകത്തില്‍ ഏതൊരു സ്ത്രീ യേയും ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് അച്ഛന്‍ എല്ലായ്പോഴും ധ്വനിപ്പിച്ചിരുന്നു. ചില ഫോട്ടോകളില്‍ അദ്ദേഹം ശരിക്കുമൊരു സുന്ദരന്‍ തന്നെയായിരുന്നു താനും. ഒരു കേടും ഒരിക്കലും പറ്റാത്ത നിരയൊത്ത പല്ലുകളും തുടുത്തു ചുവന്ന ചെറിയ കൈപ്പത്തികളുമായിരുന്നു അച്ഛന്‍റേത്. വൃത്തിയായി വെട്ടിയ നഖങ്ങളും ഡെറ്റോളിന്‍റേയും ലൈസോളിന്‍റേയും സമ്മിശ്ര സുഗന്ധവും അച്ഛന്‍റെ പ്രത്യേകതകളായിരുന്നു. ആ കാല്‍മടമ്പുകളില്‍ ഒരിക്കലും അഴുക്കു പറ്റിയിരുന്നില്ല. അവയും സദാ തുടുത്തു ചുവന്നിരുന്നു.

ഷര്‍ട്ടിലും പാന്‍റിലും ഒന്നും ഒരു ചുളിവ് വീഴുന്നത് അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ അച്ഛനെ വളരെ അപൂര്‍വമായി മാത്രമേ സ്പര്‍ശിച്ചിരുന്നുള്ളൂ. ‘ എന്‍റെ ഷര്‍ട്ട് ചുളിക്കാതെ നീങ്ങി നില്‍ക്ക് ‘എന്ന് കടുപ്പിച്ച് പറയാന്‍ അച്ഛന്‍ ഒട്ടും മടിച്ചിരുന്നില്ല. തന്‍റെ കറുത്തിരുണ്ട് ചുരുണ്ട് ഇടതൂര്‍ന്ന തലമുടിയെപ്പറ്റി അച്ഛന്‍ വലിയ അഭിമാനം വച്ചു പുലര്‍ത്തിയിരുന്നു.

രാവിലെ ഏഴുമണി എന്നൊരു സമയമുണ്ടെങ്കില്‍ അച്ഛന്‍ കുളിച്ചു തയാറായിട്ടുണ്ടാവും. അഞ്ചു മിനിറ്റിനുള്ളില്‍ അലക്കിയ വസ്ത്രങ്ങള്‍ ധരിച്ച് മുടി ചീകി ഷൂ ഇട്ട് അച്ഛന്‍ പുറത്തിറങ്ങിയിരുന്നു. അത്ര എളുപ്പത്തില്‍, അത്ര വൃത്തിയായി തയാറാവാന്‍ ഈ പ്രപഞ്ചത്തില്‍ മറ്റാര്‍ക്കും സാധിക്കില്ലെന്ന് ഞാന്‍ ഇന്നും കരുതിപ്പോരുന്നു.

ഒരു ഡോക്ടര്‍ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും വളരെ കുട്ടിയായിരിയ്ക്കുമ്പോഴേ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അത് ഒരു ഡോക്ടര്‍ എന്ന നിലയില്‍ അച്ഛന് രോഗികളോടുണ്ടായിരുന്ന പ്രതിബദ്ധത കണ്ടറിയാന്‍ സാധിച്ചതുകൊണ്ടാണ്. രോഗി എത്ര പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നായാലും ഏതു സമയത്തായാലും അച്ഛന്റെ സേവനം ആവശ്യപ്പെട്ടാൽ അതു കൊടുക്കാൻ അദ്ദേഹം നിറഞ്ഞ മനസ്സോടെ സദാ സന്നദ്ധനായി. ഡോക്ടര്‍ക്ക് നല്‍കാന്‍ പണമില്ലാത്തതുകൊണ്ട് ഒരു രോഗിക്കും ചികില്‍സ ലഭിക്കാതെ ബുദ്ധിമുട്ടേണ്ടി വരരുതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. പണത്തിനു ആര്‍ത്തിയുള്ള ഡോക്ടര്‍മാര്‍ പാവനമായ വൈദ്യവൃത്തിയെ അതികഠിനമായി കളങ്കപ്പെടുത്തുന്നവരാണെന്ന് അച്ഛന്‍ ഉറച്ചു വിശ്വസിച്ചു. കാറിൽ മാത്രമല്ല, ഇരുട്ടുള്ള പാട വരമ്പിലൂടെ നടന്നും അറ്റക്കഴകൾ ചാടിക്കടന്നും സൈക്കിളിന്റെ ക്യാരിയറിലിരുന്നും ഒക്കെ അദ്ദേഹം രോഗികളെ പരിശോധിയ്ക്കാൻ പോകാറുള്ളത് എനിക്കൊരിയ്ക്കലും മറക്കാൻ കഴിയില്ല. ഇന്നും എന്നില്‍ ബാക്കി നിൽക്കുന്ന അച്ഛന്റെ ഓർമ്മയായ ഡെറ്റോൾ സുഗന്ധവും പരത്തിക്കൊണ്ട് അത്തരം യാത്രകളിൽ നിന്ന് അദ്ദേഹം തിരികെ വരുന്നതും കാത്ത് ഞങ്ങൾ പലപ്പോഴും ഉറങ്ങാതിരിക്കാറുണ്ടായിരുന്നു.

അച്ഛനോളം ഭംഗിയായി കാറോടിക്കുന്ന ഒരാളെയും ഞാനിതു വരെ കണ്ടിട്ടില്ല. കണ്ണൂരു നിന്ന് തിരുവനന്തപുരം വരെ ഒരിടത്തും നിറുത്തി സംശയം ചോദിക്കാതെയും എന്നാല്‍ ഒരു വളവ് പോലും തെറ്റിപ്പോകാതെയും അച്ഛന്‍ കാറോടിച്ചിരുന്നു. ഏതു ദേശത്തായാലും ഒരിക്കല്‍ സഞ്ചരിക്കാന്‍ ഇടയായ വഴികള്‍ കൃത്യമായി ഓര്‍മ്മിക്കുന്നതില്‍ അദ്ദേഹത്തിനു അസാമാന്യമായ നൈപുണ്യമുണ്ടായിരുന്നു.

അച്ഛന്‍ അതിഗംഭീരനായ ഒരു വായനക്കാരനായിരുന്നു. മിക്കവാറും കാര്യങ്ങളെപ്പറ്റിയെല്ലാം എന്തെങ്കിലും രണ്ട് വാചകം പറയാന്‍ എപ്പോഴും അച്ഛന് കഴിഞ്ഞിരുന്നു. കൈയിലെത്തുന്ന ഏതു പുസ്തകവും ക്ഷമയോടെ അദ്ദേഹം വായിച്ചു. ആ ശീലം കൊണ്ടാവണം ധാരാളം പുസ്തകങ്ങള്‍ സംഭരിക്കാന്‍ അദ്ദേഹം എന്നും ഔല്‍സുക്യം കാട്ടിയിരുന്നത്.

പുസ്തകങ്ങളേയും ഹിന്ദി സിനിമകളേയും പരിചയപ്പെടുത്തിയത് അച്ഛനാണ്. ഡി സിയുടേയും എന്‍ ബി എസ്സിന്‍റേയും ഒക്കെ ബുക് ക്ലബ്ബുകളില്‍ അദ്ദേഹത്തിനു മെമ്പര്‍ഷിപ്പുണ്ടായിരുന്നതുകൊണ്ട് എല്ലാ മാസവും അരഡസന്‍ പുതിയ ബുക്കുകളെങ്കിലും വീട്ടില്‍ വന്നിരുന്നു. ചിലപ്പോള്‍ വലിയ വില കൊടുത്ത് ചില ഇംഗ്ലീഷ് പുസ്തകങ്ങളും അദ്ദേഹം വാങ്ങിക്കൊണ്ടു വരുമായിരുന്നു. പത്രങ്ങളും മാസികകളും വേറെയും. ഹിന്ദി സിനിമാഗാനങ്ങള്‍ അദ്ദേഹത്തിനു വലിയ ഇഷ്ടമായിരുന്നു. പങ്കജ് മല്ലിക്കിനേയും സൈഗാളിനേയും മുതല്‍ ഉദിത് നാരായണനേയും കുമാര്‍ ഷാനുവിനേയും വരെ. റേഡിയോ സിലോണും ഉറുദു സര്‍വീസും റേഡിയോ പാക്കിസ്ഥാനും വെച്ച് ഹിന്ദിപ്പാട്ടുകള്‍ അച്ഛന്‍ കേള്‍പ്പിച്ചിരുന്നു. വോയിസ് ഓഫ് അമേരിക്കയും ബി ബിസിയും അച്ഛന്‍ വെച്ചു തന്നിരുന്നു.

ലന്ത പറങ്കിയുമിംഗിരീയേസ്സുമെന്നും പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രനെന്നും എന്‍റെ വീടിനു ചുമരുകളില്ലയെന്നും ശര്‍ക്കരപ്പന്തലില്‍ തേന്മഴ ചൊരിയുമെന്നും ഒക്കെ അച്ഛന്‍ പലപ്പോഴും കവിത ചൊല്ലുകയും നാടകഗാനങ്ങള്‍ മൂളുകയും ചെയ്യുമായിരുന്നു.

അമ്മയുടെ മുറിയിലെ ചുവരില്‍ തൂങ്ങുന്ന അച്ഛന്‍റെ പടത്തിന് പ്രേംനസീറിന്‍റെ സാദൃശ്യമുണ്ട്. ഒരുപക്ഷെ, ഞങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന സാദൃശ്യം. വിനയം പ്രദര്‍ശിപ്പിക്കുന്ന ആ തല കുനിക്കല്‍, ദൂരക്കാഴ്ചയിലെ അല്‍പം ചെരിഞ്ഞുള്ള നടത്തം, ആ മധുരപ്പുഞ്ചിരി, ആ നോട്ടം……. പ്രേംനസീറിന്‍റെ കുറച്ച് പ്രായം തോന്നിപ്പിക്കുന്ന ധനികരായ കഥാപാത്രങ്ങള്‍ പലരും അച്ഛന്‍റെ ചലനങ്ങളുള്ളവരാണ്. വിട പറയും മുമ്പേയിലെ മാധവന്‍ കുട്ടി, ധ്വനിയിലെ ജഡ്ജി അങ്ങനെ അങ്ങനെ....

പ്രേംനസീര്‍ പാടി അഭിനയിച്ച ഗാനരംഗങ്ങളില്‍ പലപ്പോഴും അച്ഛനെ കാണാറുണ്ട് ഞാന്‍. സന്ധ്യയ്ക്കെന്തിനു സിന്ദൂരം എന്ന ഗാനരംഗത്ത് അച്ഛനും അമ്മയുമാണെന്ന് ഞാന്‍ വിചാരിക്കുമായിരുന്നു. കാരണം ആ ഗാനരംഗത്തിലെ പ്രേംനസീറിന്‍റെ വേഷമായിരുന്നു അച്ഛനെപ്പോഴും വീട്ടില്‍ ധരിക്കാറ്. കായാമ്പൂ കണ്ണില്‍ വിടരും, ആയിരം പാദസരങ്ങള്‍ കീലുങ്ങി, കസ്തൂരി മണക്കുന്നല്ലോ കാറ്റേ, സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍, മാനത്തെ കായലിന്‍, ജീവിതേശ്വരിക്കേകുവാന്‍, ലക്ഷാര്‍ച്ചന കണ്ടു , സുപ്രഭാതം സുപ്രഭാതം .... പ്രേംനസീര്‍ അഭിനയിച്ച മിക്കവാറും പ്രേമ ഗാനങ്ങളും വിഷാദഗാനങ്ങളും എവിടെയെല്ലാമോ അച്ഛനെ ഓര്‍മ്മിപ്പിക്കുന്നു.

പക്ഷേ,

അതൊരു വലിയ പക്ഷേ, ആണ്.

സ്നേഹോഷ്മളമായ ഒരു പിതൃ സുരക്ഷിതത്വം അദ്ദേഹമൊരിക്കലും തന്നിട്ടില്ല. ഈ പ്രപഞ്ചം മുഴുവന്‍ എതിരായി നിന്നാലും ഒരു അച്ഛന്‍ മക്കള്‍ക്ക് നല്‍കേണ്ട ഉറച്ച പിന്തുണയെപ്പറ്റി അദ്ദേഹത്തിനു ഒട്ടും അറിവുണ്ടായിരുന്നില്ല. അച്ഛനാകുന്നതിന്‍റെ മാനസികവും ആത്മീയവുമായ ഉത്തരവാദിത്തത്തെപ്പറ്റി അദ്ദേഹമൊരിക്കലും ഉല്‍ക്കണ്ഠപ്പെട്ടിരുന്നില്ല. ലോകത്തിന്‍റെ നിര്‍ദ്ദയത്വത്തില്‍ നിന്ന് , നാട്ടുകൂട്ടത്തിന്‍റെ നാവിളക്കലുകളില്‍ നിന്ന്, സ്വന്തം അച്ഛനില്‍ യാതൊരു അഭയവുമില്ലെന്നും ജീവിതത്തെ തികഞ്ഞ ഏകാന്തതയോടെ സ്വയം നേരിടണമെന്നുമുള്ള സത്യം ഞങ്ങള്‍ ശൈശവത്തിലേ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.മൈ എനിമീസ് എനിമി ഈസ് മൈ ഫ്രണ്ട് എന്ന പഴഞ്ചൊല്ലിൽ അച്ഛൻ മക്കളെ മൈ എനിമിയായി കാണുന്നത് എത്ര ഭീകരവും ദയനീയവുമാകാമെന്നും, ഏകാന്തതയും നിസ്സഹായതയും എന്താകാമെന്നും ജീവിതം കാലിനടിയില്‍ നിന്ന് വഴുതിപ്പോകുമ്പോള്‍ ഞങ്ങള്‍ രക്തം ചാലിട്ട കണ്ണീരോടെ മനസ്സിലാക്കിയിരുന്നു.

സാമൂഹികമായും വൈകാരികമായും നമ്മെ മാത്രം ആശ്രയിച്ചു കഴിയുന്ന വീട്ടിലെ സ്ത്രീകളോട് സ്നേഹപൂര്‍ണമായും മാന്യമായും പെരുമാറുവാന്‍ ഉന്നത വിദ്യാഭ്യാസമോ ഉയര്‍ന്ന ഉദ്യോഗമോ ഒന്നും ഒരു പുരുഷനെ പ്രാപ്തനാക്കുകയില്ലെന്ന് ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നത് അച്ഛന്‍ തന്നെയാണ്. അതിനു സമത്വചിന്തയിലൂന്നിയ പ്രത്യേകമായ സാംസ്ക്കാരിക വിദ്യാഭ്യാസം അത്യാവശ്യമാണെന്നും അദ്ദേഹം പഠിപ്പിച്ചു.

കടന്നു പോയ കാലത്തിനു മുന്നില്‍.... ഇനിയും തുറക്കാത്ത എത്രയോ അനവധി ഓര്‍മ്മച്ചെപ്പുകള്‍ക്കു മുന്നില്‍...

അങ്ങനെ എത്രയെത്ര പാഠങ്ങൾ....

അമ്മച്ചിന്തുകൾ 29

                                                                 
അമ്മീമ്മ വളർത്തിയതുകൊണ്ട് ഞങ്ങൾക്ക് അച്ഛനോട് തീരേ ഇഷ്ടമില്ല എന്നൊരു പൊതുഅഭിപ്രായം എന്നും നിലവിലുണ്ടായിരുന്നു. അച്ഛൻ ഭാര്യയുടേയും മക്കളുടേയും സ്നേഹം ഒരിക്കലും കിട്ടാത്ത രക്തസാക്ഷിയെന്ന് സ്വയം ചമയുവാൻ തുടങ്ങുന്ന കാലം മുതൽ അച്ഛൻറെ കദനം കണ്ട് മനസ്സലിയാത്ത സ്ത്രീകളോ പുരുഷന്മാരോ ഞങ്ങളുടെ പരിചയവലയത്തിൽ ഉണ്ടായിരുന്നില്ല. എന്നേയും റാണിയേയും പറ്റാവുന്നവരെല്ലാം അവരവരുടെ കഴിവു പോലെ ഉപദേശിച്ചിട്ടുണ്ട്. പലപ്പോഴും എന്താണിവരൊക്കെ പറഞ്ഞു കൂട്ടുന്നതെന്ന് പോലും ഞങ്ങൾക്ക് മനസ്സിലാവാറില്ല.

ജില്ലാ ആശുപത്രിയിൽ നിന്നും നൂറനാട് കുഷ്ഠരോഗാശുപത്രിയിലേക്കും പിന്നീട് മുളകുന്നത്ത് കാവ് ടി ബി സാനറ്റോറിയത്തിലേക്കും അച്ഛനു സ്ഥലം മാറ്റം കിട്ടി. നൂറനാട് പോയപ്പോൾ അമ്മ ലീവെടുത്ത് കൂടെത്താമസിച്ചത് പോരാ എന്ന് വഴക്കുണ്ടാകുമായിരുന്നു. എപ്പോഴും എന്തിനും വഴക്കും അടിയും ഉണ്ടാകുന്ന വീട്ടിൽ മക്കളായി പിറക്കുന്ന ദുര്യോഗം അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. സങ്കടം ഒരിക്കലും നമ്മേ വിട്ടു പോവില്ല. അത് മുറികളിലോ കർട്ടൻറെ ഉള്ളിലോ മുറ്റത്തെ പൂച്ചെടികളിലോ ഫാൻ കറങ്ങുന്ന ഒച്ചയിലോ അങ്ങനെ പതുങ്ങി നില്ക്കും.

സിനിമകളിൽ സ്ത്രീകൾ പുരുഷനെ സ്നേഹിക്കുന്നപോലെ, കാത്തിരിക്കുന്ന പോലെ, ആ പുരുഷൻറെ വീരസ്യങ്ങൾ പറയുന്ന പോലേ അമ്മയും മറ്റുള്ളവരുടെ മുന്നിൽ അച്ഛനെ കടുത്ത വർണങ്ങളിൽ ചാലിച്ച് പ്രദർശിപ്പിക്കണമെന്ന് അദ്ദേഹം ആശിച്ചിരുന്നു. അച്ഛനും സുഹൃത്തുക്കളും മദ്യപിക്കുമ്പോൾ അമ്മ മദ്യം പകർന്നു കൊടുത്തും അച്ചാറും അനുസാരികളും നല്കി കൂടെയിരുന്നു കട്ടികൂടിയ കൃത്രിമശബ്ദത്തിൽ സംസാരിച്ചും ലൈംജൂസിൽ വോഡ്ക കലർത്തി കഴിച്ചും പിന്തുണക്കണമെന്ന് അച്ഛൻ കരുതി. ഇതൊന്നും അമ്മയ്ക്ക് തീരേ സാധിച്ചിരുന്നില്ല. മദ്യവും അത്തരം കമ്പനികളും അമ്മക്ക് സഹിക്കാൻ വളരെ സങ്കടമുള്ള ഒരു കാര്യമായിരുന്നു. അങ്ങനൊക്കെ ചെയ്യാൻ കഴിവുള്ള ചില പ്രശസ്ത ഡോക്ടർമാരുടെ ഭാര്യമാരുമായി അമ്മയെ താരതമ്യം ചെയ്തു മാർക്കിടുന്നത് അച്ഛനു വലിയ താല്പര്യമായിരുന്നു.

ആ പ്രശസ്ത ഡോക്ടർമാരുടെ ഭാര്യമാർ ജീവിച്ചിരുന്ന തലത്തിലേക്ക് അമ്മയെ എത്തിക്കാൻ അച്ഛന് സാധിക്കുമായിരുന്നില്ല. അതിനുള്ള സാമ്പത്തിക ശേഷി അച്ഛൻ ഒരു കാലത്തും സ്വന്തമായി കൈവരിച്ചില്ല. പക്ഷേ, അച്ഛൻറെ പക്കൽ ന്യായമുണ്ടായിരുന്നു. അവരുടെ ഭാര്യമാർ ലോറിക്കണക്കിനു പൊന്നും പണവുമായാണ് വന്നു കയറിയിട്ടുള്ളതെന്ന്....അമ്മയുടെ പോലെ കേസ് നടത്തേണ്ടല്ലോ അവർക്ക്... മനുഷ്യർക്ക് എത്ര സെലക്ടീവ് ഓർമ്മകളാണ് ഉണ്ടാവുക യെന്ന് ഞങ്ങൾ അൽഭുതം കൂറിയിട്ടുണ്ട്. ആ ഡോക്ടർ മാരോ ഭാര്യമാരോ മിശ്രവിവാഹമെന്ന ഏടാകൂടത്തിൽ തലവെച്ചിരുന്നില്ലല്ലോ.

അച്ഛൻറെ ഡയറിയിലെ ഒരു വല്ലാത്ത വാക്കാണ് ലൈംഗിക കേമദ്രുമം. കേമദ്രുമമെന്നാൽ ദാരിദ്ര്യയോഗമാണ്. ഗ്രഹനിലയിൽ ചന്ദ്രൻ നിൽക്കുന്നതിൻറെ തൊട്ടപ്പുറത്തും ഇപ്പുറത്തുമുള്ള സ്ഥാനങ്ങൾ ഒരു ഗ്രഹവുമില്ലാതെ ഒഴിഞ്ഞു കിടന്നാൽ കേമദ്രുമമായി. അച്ഛൻ അമ്മയെ എന്നും ലൈംഗിക തൃപ്തി തന്നില്ലെന്ന് അധിക്ഷേപിച്ചു. ഇതൊക്കെ വളർന്നു വരുന്ന ഞങ്ങളുടെ മുന്നിലാണെന്നും കൂടി
ഓർക്കണം. അച്ഛൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന ചില വാക്കുകൾ ഉണ്ട്. പാലും തേനും ഇട്ട് കഴുകിയാലും ബ്രാഹ്മണപ്പെണ്ണിൻറെ യോനിക്ക് തീട്ടച്ചൂരാണ്... അച്ഛന് കറുത്ത സ്ത്രീകളേയാണ് ഇഷ്ടം, ലൈറ്റണച്ചാൽ എല്ലാ പെണ്ണും പെണ്ണിൻറെ ഭംഗിയും ഒരു പോലേയാണ്.

ഞങ്ങൾ ഞെട്ടാൻ പോലും ഭയന്ന് നില്ക്കും. അമ്മക്ക് തീട്ടച്ചൂരാണെന്ന് പറയുന്നത് ഞങ്ങൾക്ക് അസഹനീയമായിരുന്നു. ഞങ്ങളെ അത് ഭ്രാന്ത് പിടിപ്പിച്ചിരുന്നു. എന്നാലും ഞങ്ങൾ സ്വകാര്യഭാഗങ്ങൾ ഏറേ നേരം സോപ്പിട്ട് കഴുകി ശീലിച്ചു. .... ബ്രാഹ്മണവേരുകളിൽ നിന്നും തീട്ടച്ചൂര് ഞങ്ങൾക്കും കിട്ടാമല്ലോ. വല്ലവരുമല്ല, ഞങ്ങളുടെ അച്ഛനല്ലേ പറയുന്നത്? അതും ഡോക്ടർ ആയ അച്ഛൻ..

പല നഴ്സുമാരും പറഞ്ഞു തന്നിട്ടുണ്ട്. അച്ഛനു വേണ്ട തൊക്കെ കൊടുത്തില്ലെങ്കിൽ അച്ഛൻ കിട്ടുന്നേടത്ത് പോകുമെന്ന് അമ്മയോട് പറയണമെന്ന്...

ഞങ്ങൾക്ക് അത്ര വിവരമായിട്ടില്ലല്ലോ. അതും മടിയില്ലാതെ മറക്കാതെ അമ്മയോട് ഞങ്ങൾ എഴുന്നള്ളിക്കും.

അച്ഛൻറെ ചില ബന്ധുവീടുകളിൽ പോവുമ്പോൾ അവിടത്തെ വീട്ടമ്മമാർ ചായയും കാപ്പിയുമൊന്നുമല്ല ആദ്യം തരിക. അവർ വേഗം വലി യൊരു തളികയിൽ ചോറും ഇറച്ചിക്കറിയും മീൻ വറുത്തതും കൊണ്ടു വന്ന് അച്ഛനെ ഊട്ടും. ഇതുവരെ അന്നം കാണാത്തതു പോലെ അച്ഛൻ വാ പൊളിച്ചു വേഗം വേഗം കഴിക്കും. അപ്പോൾ ആ വീട്ടമ്മമ്മാരുടെ കണ്ണുകൾ നനയും. ഇഷ്ടമുള്ള ആഹാരം സ്വന്തം ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കിക്കിട്ടാനും അതു കഴിക്കാനും യോഗമില്ലാത്ത ഒരു ഗതികെട്ടവനല്ലേ അച്ഛൻ...

അമ്മ ഒറ്റയക്ഷരം പറയില്ല. അപാരമായ, ശാന്ത സാഗരം പോലെയുള്ള മൗനമായിരുന്നു അമ്മയുടേത്.

അമ്മയുടെയും അമ്മീമ്മയുടേയും കുറ്റങ്ങൾ കണ്ടു പിടിക്കാൻ എല്ലാവരും ഞങ്ങളോട് ആവശ്യപ്പെടുമായിരുന്നു. അച്ഛൻറെ നന്മകൾ കാണാനും...

അങ്ങനെ അച്ഛൻറെ നന്മകൾ എഴുതിവെച്ച് ഓർമ്മിക്കാൻ ഞങ്ങൾ ശീലിച്ചു.