Sunday, August 11, 2019

അമ്മച്ചിന്തുകൾ 11

                                                                             

സവർണതയെന്നല്ല എല്ലാത്തരം ജാതികളും മതങ്ങളും കൈതമുള്ളു പോലെയാണ്. മേല്പോട്ടും വയ്യ, കീഴ്പോട്ടും വയ്യ. പരസ്പരം സ്നേഹമുണ്ടാക്കുന്നതിൽ മതങ്ങൾക്കും ജാതികൾക്കും യാതൊരു താല്പര്യവുമില്ല. എന്നാൽ പരസ്പരം കൊല്ലാനും പച്ചക്ക് കത്തിക്കാനും സാധനസാമഗ്രികൾ തച്ചുടച്ച് കളയാനും ആണെങ്കിൽ എല്ലാവരും മൽസരത്തോട് മൽസരമാണ്.

അങ്ങനെ ഊതി വീർപ്പിച്ച് പെരുപ്പിച്ചതാണ് അമ്മയുടെ ജാതിയിൽ കുറഞ്ഞ കല്യാണം എന്ന അപമാനം. അതായിരുന്നില്ല ശരിയായ കാരണം. മരിച്ചുപോയ സുബ്ബരാമയ്യരുടെ വില്പത്രമായിരുന്നു യഥാർത്ഥ വില്ലൻ.

ഏറ്റവും മൂത്ത മകൻ സുബ്ബരാമയ്യർ ജീവിച്ചിരിക്കേ തന്നെ ഭാഗം വാങ്ങി വേറെ താമസമാക്കിയിരുന്നു. മറ്റ് നാലു ആൺമക്കൾക്കും വിവാഹജീവിതമില്ലാതായ അമ്മീമ്മക്കൂം അമ്മക്കൂം അമ്മ രുഗ്മിണിഅമ്മാൾക്കും കൂടിയായിരുന്നു വില്പത്രം. സ്വത്തിൻറെ എൺപതു ശതമാനവും ആൺകുട്ടികൾക്ക് തന്നെയാണ്. അമ്മീമ്മക്ക് ഒരു വീട്. പാട്ടക്കുടിയാന്മാരുടെ കൈവശമായിപ്പോയ കുറച്ച് ഇരുപ്പൂ നിലം. എൻറെ അമ്മയ്ക്കും അതേ സ്ററാററസിലെ കുറച്ചു ഇരുപ്പൂ നിലം..

1957 ൽ ഭൂനയബില്ല് പാസ്സാക്കിയ കമ്യൂണിസ്റ്റ് സർക്കാരിനെ അമ്മയുടെ ജ്യേഷ്ഠന്മാർക്കൊന്നും അഞ്ചു പൈസക്ക് മതിപ്പുണ്ടാരുന്നില്ല. അന്നേ വൻ നഗരങ്ങളിൽ വലിയ ജോലികൾ ചെയ്തു വന്ന അവർക്ക് കേരളമെന്ന കോണകം പോലെയുള്ള രാജ്യമോ അവിടെ അവരുടെ അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ വസ്തു വകകളോ അഭിമാനകരമായി തോന്നിയുമില്ല. എല്ലാം വല്ലപാടും വിറ്റു തുലച്ചിട്ട് ഗ്രാമം വിടണമെന്നായിരുന്നു അവരൊക്കെ ശരിക്കും വിചാരിച്ചിരുന്നത്.

നാലായിരം പറ നെല്ല് പാട്ടം കിട്ടുന്ന ഇരുപ്പൂ നിലത്തിൻറെ ഉടമസ്ഥനായിരുന്നു സുബ്ബരാമയ്യർ. ആറേഴൂ തെങ്ങിൻതോപ്പുകൾ വേറേയുമുണ്ടായിരുന്നു.പക്ഷേ, എല്ലാം പാട്ടക്കുടിയാന്മാരുടെ കൃഷിയായിരുന്നു. ഭൂനയബില്ല് പാസ്സായിട്ടും നല്ലവരായ കുടിയാന്മാർ പാട്ടം മുടക്കാതെ അളന്നു.

സുബ്ബരാമയ്യർ മരിച്ചപ്പോൾ നാട്ടിൽ വന്ന ആൺമക്കൾ എല്ലാം ഭംഗിയായി കണക്ക് കൂട്ടി. അവരൊക്കെ കണക്കിലും നിയമത്തിലും എല്ലാം ഒന്നാമതായിരുന്നു.

പാട്ടക്കുടിയാന്മാർ അളക്കാവുന്ന കാലത്തോളം പാട്ടം അളക്കട്ടെ. അവരോട് വഴക്കിനു പോകുന്നത് തോൽവിക്കിടയാക്കും . പിന്നെ കമ്യൂണിസ്റ്റ് അനുഭാവികളായ അവർ കൈക്രിയക്ക് മുതിർന്നാൽ അതും ബുദ്ധിമുട്ടാവുമല്ലോ. തൃക്കൂർ മഠം നില്ക്കുന്ന പറമ്പും അടുത്തു തന്നെയുള്ള തെങ്ങിൻതോപ്പും ആയിരുന്നു സുബ്ബരാമയ്യർ കൈവശം വെച്ചിരുന്നത്. പിന്നെ അമ്മീമ്മയുടെ ആ വീടും...

തനിച്ചായ അമ്മീമ്മക്ക് എന്തിനാണ് വീട്? ജോലി എന്തിനാണ്? അവരൂടെ ഭർത്താവിൻറെ വീട്ടുകാർ അമ്മീമ്മക്ക് ഭാഗം നല്കിയ പണം സുബ്ബരാമയ്യർ അമ്മീമ്മയുടെ പേരിൻ ബാങ്കിലിട്ടു വെച്ചത് എന്തിന്? തനിച്ചായ അമ്മീമ്മക്ക് ഈ പ്രപഞ്ചത്തിൽ എന്തെങ്കിലും ആവശ്യമുണ്ടോ?.

ഇല്ല ....

ആർത്തികളിൽ ദുരകളിൽ എക്കാലവും വിവിധതരം മഹാഭാരതങ്ങൾ വിരചിതമാകുന്നു. അത്തരം രഥചക്രങ്ങൾ ഉരുളൂമ്പോൾ തലമുറകൾ ഭാവിയുടെ അഗ്നിയിൽ വെന്തമരുന്നു.

No comments: