Wednesday, August 14, 2019

അമ്മച്ചിന്തുകൾ 24

                                                                          

ശാരീരിക കലഹങ്ങൾ എപ്പോൾ വേണമെങ്കിലും ആരംഭിക്കാമെന്നതായിരുന്നു അമ്മയുടെയും അച്ഛൻറേയും ദാമ്പത്യത്തിന്റെ ദയനീയത. അമ്മ സന്തോഷമായി ചിരിച്ചു സംസാരിക്കുന്നത് കാണാൻ അച്ഛൻ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഒന്നും കിട്ടിയില്ലെങ്കിൽ അമ്മയുടെ ദാരിദ്ര്യം പിടിച്ച ക്ലർക്ക് ജോലി, സംഭാഷണത്തിലെ തമിഴ് ചുവയുള്ള തൃശൂർ സ്ലാംങ്, തമിഴ് എന്ന തല്ലിപ്പൊളി ഭാഷ, ബന്ധങ്ങൾക്ക് വില കല്പിക്കാത്ത ബ്രാഹ്മണർ, അമ്മയുടെ സംഭാഷണത്തിലെ വ്യാകരണപ്പിശകുകൾ, അമ്മ ഉരുവിടുന്ന ഈശ്വര നാമങ്ങളിലെയും ശ്ലോകങ്ങളിലേയും ഭയങ്കര തെറ്റുകൾ, പ്രയോഗങ്ങൾ ഇതൊക്കെ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടി അമ്മയെ അതി നിശിതമായി വിമർശിച്ച് മൗനിയാക്കുന്നതായിരുന്നു അച്ഛൻറെ രീതി.

ഓ... എന്തൊരു അവസ്ഥയായിരുന്നു അത്.

വിമർശനമേറുന്തോറും അമ്മ മൗനത്തിൻറെ കൂട്ടിലൊളിച്ചു. ഒരക്ഷരം പോലും ശബ്ദിക്കാതെ ഒരാഴ്ച യൊക്കെ കഴിയാൻ എൻറെ അമ്മക്ക് പറ്റുമായിരുന്നു. റാണിയും ഭാഗ്യയും മെല്ലെ മെല്ലെ അമ്മയുടെ ആ ശീലം സ്വന്തമാക്കി. എനിക്ക് അത് പറ്റിയില്ല. സംസാരിക്കുന്നതായിരുന്നു എനിക്കിഷ്ടം. ഞാൻ മരങ്ങളോടും ചെടികളോടും പൂക്കളോടും പക്ഷികളോടും മൃഗങ്ങളോടുമെല്ലാം സംസാരിച്ചു. പഴുതാരയും കൊതുകും ഈച്ചയും എല്ലാം സംസാരിക്കുന്നുണ്ടെന്നും ഞാൻ പറയുന്നത് കേൾക്കുന്നുവെന്നും വിശ്വസിച്ചു. എൻറെ ആധികളും ഭയങ്ങളുമെല്ലാം ഞാൻ കഴുകിക്കളഞ്ഞിരുന്നത് വർത്തമാനം പറേന്നതിലൂടെ ആയിരുന്നു. റാണിയും ഭാഗ്യയും എൻറെ സദസ്യരായിരുന്നു എന്നും.

അമ്മീമ്മയുടെ വീട്ടില്‍ മുറ്റമടിക്കാന്‍ വന്നിരുന്ന ഒരു പാറുക്കുട്ടി ഈഴവ ജാതിക്കാരിയായിരുന്നു. അവരെക്കൊണ്ട് കറികള്‍ക്കുള്ള പച്ചക്കറി മുറിപ്പിക്കുക, തേങ്ങ ചിരകിച്ച് ചമ്മന്തിക്കും മറ്റും അരപ്പിക്കുക, വെള്ളം പിടിച്ചു വെക്കുന്ന ചെപ്പ്, കുടമുള്‍പ്പടെയുള്ള പാത്രങ്ങള്‍ കഴുകിക്കുക ഇതിനൊന്നും അമ്മീമ്മ യാതൊരു മടിയും വിചാരിച്ചിരുന്നില്ല. അമ്മീമ്മയുടെ സഹോദരനെ ഭയപ്പെടാതെ ആ വീട്ടിൽ ജോലിക്കു വന്നവരിൽ മുമ്പത്തിയായിരുന്നു പാറുക്കുട്ടി.അമ്മീമ്മ എന്നും അവരെ സ്പെഷ്യൽ ആയി ആദരിച്ചു പോന്നു.

പിന്നെ, ഞാൻ പേരു മറന്നു പോയ ഒരു ചേച്ചി.... ആ ചേച്ചിക്ക് ഒരു ചുവപ്പ് കല്ല് മൂക്കുത്തി ഉണ്ടായിരുന്നു എന്ന് മാത്രമേ എനിക്കിപ്പോൾ ഓർക്കാൻ പറ്റുന്നുള്ളൂ.

ജാനകിയമ്മ, രത്നചേച്ചി, കാർത്യായനി ചേച്ചി, പാറുക്കുട്ടിയമ്മ, ദേവുവമ്മ, കുഞ്ചുക്കുട്ടി, മാതു, അമ്മീമ്മയുടെ തറവാട്ട് മഠത്തിൽ ജോലി ചെയ്തിരുന്ന പറങ്ങോടനും കുടുംബവും, ഗോവിന്നൻ, രാമൻ നായര്, രാവുണ്ണി, കണ്ട് രു, നാരായണൻ.. ഇവരൊക്കെ പതുക്കെപ്പതുക്കെ അമ്മീമ്മയുടെ സഹോദരനെ ഭയക്കാതെ വീട്ടിൽ വന്ന് ജോലികൾ ചെയ്തു. എങ്ങനെ യെന്നറിയില്ല ഗോവിന്നനാരുന്നു ആസ്ഥാന പണിക്കാരൻ.

ജാതി-മത ഭേദമെന്യേ എല്ലാവരേയും ഒരുപോലെ മനുഷ്യരായി പരിഗണിക്കാനുള്ള കഴിവ് അമ്മീമ്മക്കുണ്ടായിരുന്നു. ഇരുണ്ട വര്‍ണമുള്ള ഈഴവ ജാതിക്കാരിയായ പാറുക്കുട്ടി, അമ്മീമ്മയുടെ വീട്ടിലെ ആസ്ഥാന പണിക്കാരനും നായര്‍ ജാതിക്കാരനുമായ ഗോവിന്ദനെ കമ്മള് എന്നു മാത്രമേ അഭിസംബോധന ചെയ്തിരുന്നുള്ളൂ. അമ്മീമ്മയെ തമ്പുരാട്ടി എന്നും. എന്നെയും അനിയത്തിമാരേയും അവര്‍ പേരു വിളിച്ചിരുന്നു. എന്നാല്‍ അയല്‍പക്കക്കാരായിരുന്ന കൊച്ചു ബ്രാഹ്മണ പെണ്‍കുട്ടികളെ അവര്‍ കൊച്ചു തമ്പുരാട്ടിമാരെന്ന് തന്നെ വിളിച്ചു പോന്നു.

ഇവരെല്ലാവരും ഒരുപോലെ ഞങ്ങളെ എടുക്കുകയും കൊഞ്ചിക്കുകയും ചെയ്തിരുന്നു. പുരുഷന്മാരായ പണിക്കാർ ചായ കുടിക്കാൻ പോകുമ്പോഴൊക്കെ ഞങ്ങൾ ക്ക് പൊട്ടുകടല, ലോസഞ്ചർ മിഠായി ഇതൊക്കെ വാങ്ങിത്തന്നു. സ്ത്രീകൾ അരി വറുത്തു തന്നു. ഇവരെയൊന്നും ജാതിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ അറിഞ്ഞിരുന്നില്ല. എല്ലാവരും എന്നും അമ്മാവന്മാരും ചേച്ചിമാരുമായിരുന്നു.

നിങ്ങടെ അച്ഛന്‍ ഞങ്ങടെ ജാതിക്കാരനായതുകൊണ്ട് ഞങ്ങടെ വീട്ടില്‍ വന്നു ഭക്ഷണം കഴിക്കുമെന്നും കല്യാണം കൂടുമെന്നും ചിലര്‍ പറയാറുണ്ടായിരുന്നു. കുട്ടിയും ഞങ്ങടെ രാജുവും അല്ലെങ്കില്‍ ഞങ്ങടെ ശശിയും വയസ്സിന് ഒത്ത പാകമാണെന്നും പറഞ്ഞ് ഒരു പ്രത്യേക തരം കള്ളച്ചിരി ചിരിക്കുന്നതും ഗ്രാമീണരില്‍ ചിലര്‍ക്കെല്ലാം ഇഷ്ടമുള്ള കാര്യമായിരുന്നു. സ്ത്രീകളായിരുന്നു ഇക്കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയില്‍. എന്തോ ഒരു ഇക്കിളിയുടെ ദുരര്‍ഥം ഒളിപ്പിച്ചുവെച്ചിരിക്കുന്ന അമ്മാതിരി കള്ളച്ചിരികള്‍, ചെറുപ്പം മുതല്‍ ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചുകൊണ്ടിരുന്നു

ജാതിയുടെ കൊമ്പുകൂര്‍ത്ത അഹങ്കാരങ്ങള്‍ ഞങ്ങള്‍ കുട്ടികളെ പലപ്പോഴും കഠിനമായി ഒറ്റപ്പെടുത്തിയിട്ടുണ്ട്. എന്റെ നഴ്‌സറി സ്‌കൂള്‍ പഠനം അത്തരമൊരു പ്രാണ സങ്കടമായിരുന്നു. അമ്മീമ്മ ആദ്യം വാടകയ്ക്ക് പാർത്ത ആ ബ്രാഹ്മണ ഭവനത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞ വിറകുപുരയിലായിരുന്നു നഴ്‌സറി ആരംഭിച്ചത്. തൃക്കൂരില്‍ ചെറിയ തോതില്‍ പ്രവര്‍ത്തനമാരംഭിച്ച മഹിളാ സമാജത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു നഴ്‌സറി. ഒന്നോ രണ്ടോ ഒടിഞ്ഞ മരത്താറാവുകളും രണ്ട് ഭേദപ്പെട്ട മരക്കുതിരകളും ഒരു ചക്രമില്ലാത്തതുകൊണ്ട് ഓടാത്ത ട്രൈ സൈക്കിളും അവിടെയുണ്ടായിരുന്നു. പിന്നെ ഒരു നരച്ച ബോർഡും..

നാലു നാലര വയസ്സായപ്പോഴേക്കും മലയാളം, ഇംഗ്ലീഷ് അക്ഷരമാലകള്‍ എഴുതാനും നൂറു വരെ മേപ്പട്ടും കീപ്പട്ടും എണ്ണാനും തമിഴ്, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ കുട്ടിക്കവിതകള്‍ മന:പാഠം ചൊല്ലാനും ഒക്കെ കഴിഞ്ഞിരുന്ന ഒരു ബഹുഭാഷാ പണ്ഡിതയായിരുന്നു ഞാൻ. അതിനു കാരണം അമ്മീമ്മ മാത്രമാണ്. എൻറെ വിഷമങ്ങളും ആധികളും മാറ്റാൻ അമ്മീമ്മ ഇവയൊക്കെ എന്നെ കേൾപ്പിച്ചു പഠിപ്പിച്ചു. എങ്കിലും നഴ്‌സറി സ്‌കൂളിലെ ആദ്യത്തെ ദിനം തന്നെ എനിക്ക് വേപ്പിലക്കഷായം മാതിരി കയ്ച്ചു.

എല്ലാ കുട്ടികളും കൊഞ്ചിക്കൊഞ്ചി തമ്മില്‍ പരിചയപ്പെടുകയും പരിചയപ്പെടുത്തുകയുമായിരുന്നു.

ടീച്ചര്‍ ചോദിക്കും, എന്താ മോള്‍ടെ പേര്?

ഞ്ചെ പേര് മാല.

വീടേതാ?

കോവിലിഞ്ചെ പടിച്ച് മുമ്പത്തെ മഠം വീട്.

അച്ഛന്റെ പേരെന്താ?

ചുപ്പരാമ സാമി

അമ്മേടെ പേരോ?

അമ്മാന്ന്

അച്ഛന് എന്താ ജോലി?

പൂജ യ്യല്.

ഇമ്മട്ടില്‍ ചോദ്യോത്തരങ്ങള്‍ പുരോഗമിച്ചു കൊണ്ടിരുന്നു. ചിലര്‍ അമ്മയുടെ പേരും അറിയാമെന്ന് പറഞ്ഞ് മിടുക്കരായി. ഇനിയും ചില സാമര്‍ഥ്യക്കാര്‍ അച്ഛന്റെ സാമ്പത്തിക സ്ഥിതി കൂടിയും വെളിപ്പെടുത്തി… ‘ച്ഛന്റെ കൈലെപ്പയും ഞൂറിന്റെ പുത്യേ നോട്ന്താവും .’

അങ്ങനെ ടീച്ചര്‍ എന്നോടും ചോദിച്ചു.

അച്ഛന്റെ ജോലി എന്ന ചോദ്യത്തിന് ‘ഡോക്ടര്‍’ എന്ന് ഞാന്‍ പറഞ്ഞതും’ അല്ലല്ല, തീച്ചറെ അത് ആ കുത്തി പയണത് നൊണയാ.. ആ കുത്തീദച്ഛന്‍ ആശേരിയാ’ എന്ന് ചില കുഞ്ഞു തൊണ്ടകള്‍ കൂവിപ്പറഞ്ഞതും ഒന്നിച്ചായിരുന്നു.

ഞാന്‍ സമ്മതിക്കുമോ?

എന്റെ അച്ഛന്‍ ഡോക്ടറാണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. അച്ഛന്‍ രാവിലെ ആശുപത്രിയിലേക്ക് പോകും, പേഷ്യന്റ്‌സിനെ നോക്കും, മരുന്ന് കൊടുക്കും, കുത്തി വെക്കും. അമ്മീമ്മയുടെ വീട്ടില്‍ പണികള്‍ ചെയ്യാന്‍ വരുന്ന ആശാരിമാരെയും ഞാന്‍ കണ്ടിട്ടുണ്ട്. മുഷിഞ്ഞ ഒരു സഞ്ചി കൈയില്‍ പിടിച്ച്, ചളി പിടിച്ച ബനിയനും ഇട്ട് പലതരം ഉളികളും അറക്കവാളും ഒക്കെയായി അവര്‍ പുരപ്പുറത്ത് കയറി പണിയാറുണ്ട്. അവര്‍ക്ക് ഷൂസും പാന്റും ഷര്‍ട്ടും സ്റ്റെതസ്‌കോപ്പും ഇല്ല.

എന്റെ അച്ഛന്‍ ആശാരീം കീശാരീം ഒന്നുമല്ല, ഡോക്ടറാണെന്ന് ഞാന്‍ ബഹളം വെച്ചപ്പോള്‍ ടീച്ചര്‍ ചിരിച്ചു. അവര്‍ എന്നെ സമാധാനിപ്പിക്കുന്നതിനു പകരം ‘ഡോക്ടറായാലും ജാതി ആശാരി തന്നെയാ..’ എന്ന് പറഞ്ഞത് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മറ്റ് കുട്ടികള്‍ക്കൊപ്പം അവരും പൊട്ടിച്ചിരിച്ചപ്പോള്‍ ഞാന്‍ വിഷണ്ണയായി നിന്നു. പിന്നെ ഞാൻ ആ നഴ്സറിയിൽ പോവാൻ കൂട്ടാക്കിയില്ല. അമ്മീമ്മ ഏത്ര നിർബന്ധിച്ചിട്ടും ഞാൻ അനുസരിച്ചില്ല. റാണിയുടെ നിർലോഭമായ പിന്തുണയും അക്കാര്യത്തിൽ എനിക്ക് ലഭിച്ചു.

No comments: