Wednesday, August 14, 2019

അമ്മച്ചിന്തുകൾ 22

                                                   
റാണിയേയും ഭാഗ്യയേയും ഈ വഴക്കുകൾ അത്ര ബാധിക്കാതെ വന്നത്
അക്കാലത്ത് അവർ തീരേ കുഞ്ഞുങ്ങളായതുകൊണ്ടാണ്. ഓർമ്മ വെച്ചപ്പോൾ മുതൽ അവരും വല്ലാതെ വേദനിച്ചു തുടങ്ങി.

ഇങ്ങനെ ഒരു രാത്രി പത്തു മണിയോടെ അമ്മയെ മതിവരുവോളം ഇടിക്കുകയും അടിക്കുകയും ഒക്കെ ചെയ്തിട്ട് അച്ഛൻ ഒരു ടാക്‌സി വിളിച്ച് ഞങ്ങളെയും അമ്മയേയും തൃക്കൂർക്ക് പറഞ്ഞയച്ചു. അമ്മയുടെ ഹൃദയം തകരുന്ന ഏങ്ങൽ നിറഞ്ഞ ആ രാത്രിയും എനിക്ക് ഇതുവരെ മറക്കാൻ പറ്റിയിട്ടില്ല.

അമ്മ ഉടുത്ത സാരിയോടെയാണിറങ്ങേണ്ടി വന്നത്. തൃക്കൂരെത്തിയപ്പോൾ
കാറുകൂലി അമ്മീമ്മയാണ് കൊടുത്തത്.

അമ്മ അമ്മീമ്മയെ കെട്ടിപ്പിടിച്ച് പ്രളയം പോലെ കരഞ്ഞു. ഞാൻ പകച്ച് നോക്കി നില്ക്കുകയാണ്. അമ്മക്ക് അടി കിട്ടീട്ടുള്ള വേദനയാണെന്ന് എനിക്കറിയാം.

അമ്മ തകർന്നു തരിപ്പണമായിരുന്നു. അച്ഛൻ ഉപേക്ഷിച്ചു എന്നാണ് അമ്മ മനസ്സിലാക്കിയത്. അമ്മീമ്മയും അതേ.

തൃക്കൂർ നാട്ടിൽ എല്ലാവരുടേയും പരിഹാസവും പുച്ഛവും ഭ്രഷ്ടും സഹിച്ച് എങ്ങനെ ജീവിക്കുമെന്ന് അമ്മ ദണ്ഡപ്പെട്ടു. അമ്മയുടെ കേന്ദ്ര ഗവൺമെന്റ് ജോലി കളയിക്കാൻ എളുപ്പമല്ലാത്തതുകൊണ്ട് അതിനാരും മുതിരില്ലെങ്കിലും... മഠവും ബ്രാഹ്മണ്യവും വിട്ട് പോയിട്ട് അച്ഛനും ഉപേക്ഷിച്ചില്ലേ എന്ന് നിന്ദിക്കപ്പെടുമല്ലോ. പിന്നെ സഹോദരന്മാരുമായുള്ള കേസ്
നടത്തണമല്ലോ എന്നും ഓർമ്മിച്ച് അമ്മ ആധിപിടിച്ചു.

ഒരാഴ്ച അമ്മ ലീവെടുത്ത് തൃക്കൂർ വീട്ടിൽ മൂന്നു മക്കൾക്കൊപ്പം സമയം ചെലവാക്കി. ഒടുവിൽ മനസ്സിനെ ധൈര്യപ്പെടുത്തി.. ഓഫീസിൽ പോകാൻ തന്നെ നിശ്ചയിച്ചു.

അച്ഛൻ ഞങ്ങളെ പറഞ്ഞു വിട്ടിട്ട് അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് പോയത്. തിരികെ വന്നപ്പോഴാണ് അമ്മ ഓഫീസിലും ലീവാണെന്ന് അറിഞ്ഞത്. അച്ഛൻറെ കീഴിലുണ്ടായിരുന്ന ഫ്രാൻസിസ് എന്ന പോലീസുകാരനെ ഉടനെ ഒരു ടാക്‌സിയിൽ തൃക്കൂർക്കയച്ചു.

അമ്മ പോവാൻ ഒരുങ്ങിയില്ല. വരില്ല എന്ന് തീർത്തു പറഞ്ഞു. അമ്മ എടുത്ത തെറ്റായ തീരുമാനത്തിന്റെ ശിക്ഷ ഇങ്ങനെ സഹിക്കാം എന്ന് തീരുമാനിച്ചതായി അമ്മ ഫ്രാൻസിസിനോട് പറഞ്ഞു.

അയാൾ, പോകുമോ?

അയാൾ അമ്മയെ പറഞ്ഞുപറഞ്ഞു സമാധാനിപ്പിച്ചു. മൂന്നു പെൺകുട്ടികൾ എന്ന അതി ഘോരവിപത്തുകളെ ചൂണ്ടിക്കാട്ടി. അച്ഛൻറെ സഹായമില്ലാതെ ഈ വിപത്തുകളെ എങ്ങനെ പരിഹരിക്കും എന്ന് ചോദിച്ചു. കേസ് എങ്ങനെ നടത്തും? തൃക്കൂരുകാർ ഒരു വിലയും കൽപിക്കാതെ അമ്മയെ നീട്ടിത്തുപ്പുമെന്ന് പ്രവചിച്ചു. കേസിൽ അമ്മീമ്മയും അമ്മയും തോറ്റുപോയാൽ താമസിക്കുന്ന ഈ വീട് വരെ പോവില്ലേ? പിന്നെ ഭർത്താവല്ലാതെ ആരാണ് ആശ്രയം? എല്ലാ ദാമ്പത്യത്തിലും വഴക്കുണ്ടാവും , അതത്ര സാരമില്ല എന്ന് ആശ്വാസം പറഞ്ഞു. ഭർത്താവിനെ അറിഞ്ഞു പെരുമാറിയാൽ മതി... ഒരു പ്രശ്നവുമില്ല.

അങ്ങനെ വീണ്ടും അമ്മ എന്നേം ഭാഗ്യയേയും എടുത്ത് ടാക്‌സി യിൽ കയറി.

വിയ്യൂർ വീട്ടിൽ ഞങ്ങൾ തിരികെ ചെന്നു.

കാര്യങ്ങൾ ശകലം പോലും മെച്ചപ്പെട്ടില്ല.

അമ്മ എന്നും വൈകുന്നേരം തറയിൽ മലർന്ന് കിടന്ന് കാലുകൾ ഒന്നിച്ചുയർത്തി ശിരസ്സിനു മുകളിലൂടെ തറയിൽ പാദം മുട്ടിക്കുന്ന എക്സർസൈസ് ചെയ്യുമായിരുന്നു. ഞാൻ അന്തം വിട്ട് നോക്കി നില്ക്കും. കിടപ്പുമുറിയിലെ തറയിൽ കിടന്നാണ് അമ്മ ഇത് ചെയ്യുക. അങ്ങനെ ഒരു ദിവസം അച്ഛൻ ... അച്ഛൻ എന്ന ഡോക്ടർ കാലുയർത്തി പാദം ശിരസ്സിനപ്പുറത്ത് മുട്ടിച്ചു കിടക്കുന്ന അമ്മയുടെ പിൻഭാഗത്ത് കാലു മടക്കിത്തൊഴിച്ചു. പിന്നെ അമ്മയെ തറയിലിട്ട് ചവുട്ടിക്കൂട്ടി..

ഭയന്ന് എൻറെ ബോധം പോവും മുൻപ്, 'ദുട്ടാ നിന്നെ കൊല്ലാനുള്ള ആൾ ഈ ഭൂമിയിൽ വന്ന്ട്ട്ണ്ട് ' എന്ന് ഞാൻ അലറിയത് അച്ഛൻ ഡയറിയിൽ എഴുതീട്ടുണ്ട്. അച്ഛന് കോപം ഇല്ലാത്തപ്പോൾ ഭാഗവതം കഥ വായിച്ചു തരുമായിരുന്നു. അതിൽ ശ്രീകൃഷ്ണജനനത്തിനപ്പുറം കാരാഗൃഹത്തിൽ കണ്ട പെൺകുട്ടി കംസൻ തലയടിച്ചു കൊല്ലുമ്പോൾ ആകാശത്തേക്ക് തെറിച്ചു പോയിട്ട് പറഞ്ഞതാണീ വാക്കുകൾ.

പനി വരുന്ന എനിക്ക് സമാധാനമാണ് വേണ്ടതെന്നും ഞാൻ പേടിച്ചു വിറക്കുന്നുവെന്നും മനസ്സിലാക്കാനുള്ള വൈദ്യബുദ്ധി അച്ഛനുണ്ടായിരുന്നു. പക്ഷേ, അമ്മയുടെ വായിൽ നാവ് പിഴുതു കളയണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അമ്മയുടെ എല്ലാ ചീത്ത സ്വഭാവങ്ങളും ചീത്തവിളിച്ചും അടിച്ചും ഇടിച്ചും ചവുട്ടിയും മാറ്റണമെന്നതും അച്ഛൻറെ നിർബന്ധമായിരുന്നു.

എൻറെ അമ്മ പിന്നീട് ഒരിക്കലും ആ എക്സർസൈസ് ചെയ്തിട്ടില്ല.

എന്നെ അങ്ങനെ തീരെ ഗത്യന്തരമില്ലാതെ അമ്മീമ്മയെ ഏല്പിക്കുകയാണ് ചെയ്തത്. അമ്മയുടെ വൈഭവമില്ലായ്മയാണ് അതിനു കാരണമായി അച്ഛൻ ജീവിത കാലമത്രയും പറഞ്ഞിരുന്നതെങ്കിലും .... അമ്മീമ്മ എന്നേയും റാണിയേയും വളർത്തി ചീത്തയാക്കി എന്ന് ജീവിതകാലമത്രയും അമ്മീമ്മയെ പഴിച്ചിരുന്നുവെങ്കിലും...

അമ്മയെ കല്യാണം കഴിച്ചതുകൊണ്ടുമാത്രം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം കരുതിയ
സ്വന്തം വീട്ടിലെ പിൻതുണയും ആരാധനയും വലിപ്പവും പ്രതാപവും നാലിരട്ടിയായി തിരിച്ചു പിടിക്കാൻ അച്ഛൻ എക്കാലവും മോഹിച്ചിരുന്നു. സ്ത്രീധനം വാങ്ങി വിശ്വകർമജയായ, നോൺവെജ് കഴിക്കുന്നവളായ ഒരു ലേഡി ഡോക്ടറെ പരിണയിച്ചിരുന്നെങ്കിൽ എത്ര കേമമാകുമായിരുന്നു എന്ന വീട്ടുകാരുടെ തീവ്രസങ്കടം അച്ഛനിൽ അളവില്ലാത്ത കുറ്റബോധം നിറച്ചു.

അതിന് എന്തു വേണമെന്ന് അച്ഛനും ശരിക്കറിയുമായിരുന്നില്ല. വീട്ടുകാരിൽ നിന്നും സഹതാപം നേടാനാവശ്യമായ കഥകൾ അച്ഛൻ അപ്പോഴേ പറഞ്ഞു തുടങ്ങിയിരുന്നു. അമ്മ ആ പന്ന സ്ത്രീയായ അമ്മീമ്മയുടെ കൈപ്പിടിയിലാണെന്നും അച്ഛന് ഒരു സമാധാനവും സന്തോഷവും കിട്ടുന്നില്ലെന്നുമായിരുന്നു കഥകളുടെ തുടക്കം.

അങ്ങനെ പലതരത്തിൽ ആ പിന്തുണക്കും വലുപ്പത്തിനുമായി ഉഴറുമ്പോഴാണ് അമ്മയുടെ വജ്രക്കമ്മലും ബാങ്കിൽ കിടക്കുന്ന പണവും അച്ഛൻറെ ശ്രദ്ധയിൽ പെട്ടത്.

വിവാഹത്തിനു മുമ്പ് പത്തര വർഷം ജോലി ചെയ്ത ശമ്പള മായിരുന്നു അമ്മയുടെ ബാങ്കിൽ ഉണ്ടായിരുന്നത്. അപ്പാ സുബ്ബരാമയ്യർ വാങ്ങിയിട്ട വജ്രക്കമ്മലും... മൂന്ന് പെൺകുട്ടികളെ പ്രസവിച്ച ശേഷം അമ്മക്ക് ആ സമ്പത്ത് സ്ത്രീധനമായി കൈമാറാൻ നല്ല വൈമനസ്യമുണ്ടായിരുന്നു.

ധനാശ വല്ലാത്തൊരു ഏടാകൂടമാണ്.അത് ആരംഭിക്കാൻ എളുപ്പവും എത്ര യായാലും മതിയെന്ന തോന്നലുണ്ടാക്കാൻ തയാറല്ലാത്തതുമാണ്.

ധനാശ പലപ്പോഴും ഒരു സീരിയൽ കൊലയാളി കൂടിയാണ്... അത് സ്നേഹം, പരിഗണന, അനുതാപം,ഒരുമ, മനുഷ്യത്വം അങ്ങനെ
ഒത്തിരിപ്പേരേ നിഷ്ക്കരുണം വധിച്ചു കളയുന്നു.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ധനാശ വല്ലാത്തൊരു ഏടാകൂടമാണ്.അത് ആരംഭിക്കാൻ എളുപ്പവും എത്ര യായാലും മതിയെന്ന തോന്നലുണ്ടാക്കാൻ തയാറല്ലാത്തതുമാണ്.

ധനാശ പലപ്പോഴും ഒരു സീരിയൽ കൊലയാളി കൂടിയാണ്... അത് സ്നേഹം, പരിഗണന, അനുതാപം,ഒരുമ, മനുഷ്യത്വം അങ്ങനെ
ഒത്തിരിപ്പേരേ നിഷ്ക്കരുണം വധിച്ചു കളയുന്നു.