Monday, August 12, 2019

അമ്മച്ചിന്തുകൾ 14


100719
വിയ്യൂർ സെൻട്രൽ ജയിൽ ഡോക്ടർ ആയിരുന്നു അച്ഛൻ അക്കാലത്ത്. താമസിച്ചിരുന്ന

ത് ജയിലിനോട് ചേർന്നുള്ള ഡോക്ടേർസ് ക്വാർട്ടേഴ്സിലായിരുന്നു. കേമമായ ഒരു പൂന്തോട്ടവും അടുക്കള ത്തോട്ടവും എൻറെ അമ്മ അവിടെ സംവിധാനം ചെയ്തു.... ഡയമണ്ട് കട്ടിംഗുള്ള മരയഴികളുള്ള വലിയ സ്വീകരണമുറി. പിന്നെ ഗംഭീരൻ ഒരു ലിവിംഗ് റൂം. രണ്ടു കൂററൻ കിടപ്പുമുറികൾ. വേറേയും രണ്ടു മുറികൾ. അവക്കിടയിൽ വരാന്ത. അടുക്കളയിലേക്ക് പോവാൻ പിന്നെം ഒരു വരാന്ത. അടുക്കള. വീട്ടിനകത്ത് കുളിമുറി. കക്കൂസ് ദൂരെയായിരുന്നു. സായിപ്പുമാർ പണിത വീടാണ്. എൻറെ ഓർമ്മകൾ ആരംഭിക്കുന്നത് ആ വീട്ടിൽ നിന്നുമാണ്.


അവിടെ താമസമാക്കിയതിൽ അച്ഛനും അമ്മക്കും സന്തോഷമായിരുന്നെന്ന് അച്ഛൻറെ ഡയറിക്കുറിപ്പുകൾ പറയുന്നുണ്ട്. ആ വീട്ടിലാണ് റാണിയും പിന്നെ ഭാഗ്യയും പിറന്നത്.


മോട്ടോർ സൈക്കിൾ വാങ്ങി രാജത്തിൻറെ പക്കലുണ്ടായിരുന്ന ആയിരം രൂപ തുലച്ചുവെന്നും ആദ്യം ഓടിച്ച നാൾ തന്നെ അതിൽ നിന്നുരുണ്ട് വീണു എല്ലൊടിഞ്ഞു കിടപ്പായെന്നും അങ്ങനെ ആ നാശത്തിനെ വിറ്റുകളഞ്ഞുവെന്നും അച്ഛൻ ഡയറിയിൽ എഴുതീട്ടുണ്ട്. അത് വായിച്ചപ്പോൾ ഞങ്ങൾ മക്കൾക്ക് ചിരി വരാതിരുന്നില്ല.


അമ്മീമ്മ തറവാട്ട് മഠത്തിൽ നിന്നിറക്കിവിടപ്പെട്ടിട്ടും സ്വയം വിശ്വസിച്ചത് അനിയൻ പശ്ചാത്തപിച്ച് തിരികെ വിളിച്ചു കൊണ്ട് ചെല്ലുമെന്നാണ്. ആ ധൈര്യത്തിലാണ് സ്വന്തം ചിത്തിയുടെ വീട്ടിൽ അഭയം തേടിയത്. അക്കാലത്ത് തൃക്കൂരിനു ചുറ്റും വലിയ നെല്പാടങ്ങളായിരുന്നു. ആ പച്ചക്കടൽപ്പാടവരമ്പുകളിലൂടെ നടന്ന് പരിസരത്തെ സകല ഇടങ്ങളിലും എത്താമായിരുന്നു. ഞാൻ അമ്മയായ കാലത്ത് പോലും തൃക്കൂർ അങ്ങനെ പച്ചപുതച്ച, വാഴത്തോപ്പുകളും, തെങ്ങിൻ തോപ്പൂകളും നിറഞ്ഞ ഒരു തനിഗ്രാമമായിരുന്നു. താരതമ്യേന ഭേദമാണെങ്കിലും ഇപ്പോൾ കുറേയേറെ മാറ്റങ്ങൾ വന്നു കഴിഞ്ഞു.


ചിത്തി സ്വന്തം മകനെ പറഞ്ഞു വിട്ട് അമ്മീമ്മയ്ക്കായി വക്കാലത്ത് പറയിച്ചു. അന്ന് കിട്ടിയ അപമാനം നിമിത്തം പിന്നെ ജീവിതത്തിലൊരിക്കലും ആ മകൻ അമ്മീമ്മയുടെ സഹോദരന്മാരുമായി സംസാരിക്കാൻ തയാറായില്ല.


അമ്മീമ്മ തകർന്നു തരിപ്പണമായി. ഉടുത്ത സാരിയോടെ വീട്ടിൽ നിന്നിറക്കിവിടപ്പെട്ടതാണ്. അമ്മീമ്മയുടെ എല്ലാം സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും പുസ്തകങ്ങളും കൊച്ചുകൊച്ചു കൗതുകവസ്തുക്കളും അതുവരെയുള്ള ജീവിത മാകെത്തന്നെയും ആ മഠത്തിലെ മുറികളിൽ പരന്നു കിടക്കുകയാണ്...


ചിത്തിയുടെ പതിനെട്ട് മുഴം ചേല കീറി അമ്മീമ്മ രണ്ടു സാരിയാക്കി. അവരുടെ ബ്ളൗസിനെ കൈത്തുന്നൽകൊണ്ട് ഷേപ്പ് വരുത്തി ധരിച്ച് അമ്മീമ്മ സ്ക്കൂളിൽ പോയിത്തുടങ്ങി. അന്നൊക്കെ അമ്മീമ്മ തോരാതേ കരയുമായിരുന്നുവെന്ന് ആ ചിത്തിയുടെ മകൻ ഞാൻ മുതിർന്നപ്പോൾ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെയും റാണിയേയും വളർത്തുമ്പോൾ അപൂർവമായി മാത്രമേ അമ്മീമ്മയുടെ കണ്ണുകൾ നനഞ്ഞ് ഞങ്ങൾ കണ്ടിട്ടുള്ളൂ.


ചിത്തിക്ക് അമ്മീമ്മ മകളായി. ചിത്തപ്പാവിന് ആയില്ല. അമ്മീമ്മ കന്യകയാണെന്ന അറിവ് പൂണൂൽ ധരിച്ച ആ മഹാബ്രാഹ്മണന് പ്രലോഭനമായിരുന്നു. ചിത്തിയുടെ സാരിയിൽ കണ്ടാൽ ചിത്തിയായി തോന്നാൻ എളുപ്പം....


അമ്മീമ്മ ചിത്തപ്പാവിനെ രണ്ടു പൊട്ടിച്ചു, മകളാണെന്ന് ഓർമ്മപ്പെടുത്തി. അപ്പോൾ കാര്യങ്ങൾ കൂടുതൽ കുഴപ്പമായി. അന്തം വിട്ട പ്രതി എന്തും ചെയ്യുമല്ലോ. പുരുഷനെ കാണാത്തവൾക്കല്ലേ ആശയും ആഗ്രഹവും അടക്കാൻ പറ്റാതാവുക. അല്ലാതെ വയസ്സായ എല്ലാ ജപതപാദികളും മുടങ്ങാതെ ചെയ്യുന്ന പൂണൂലിട്ട ബ്രാഹ്മണനാണോ? അദ്ദേഹം സമ്മതിക്കില്ലെന്ന് അറിഞ്ഞപ്പോൾ അമ്മീമ്മ വീണിടം വിദ്യയാക്കുന്നു. അത് അവിടെ പറ്റില്ല. അമ്മീമ്മ ഉടൻ മഠം വിട്ടു പോകണമെന്ന് ചിത്തപ്പാ കല്പിച്ചു.


രാവിലെ ഇറക്കിവിടാമെന്ന് ചിത്തി വീണ്ടും വീണ്ടും മാപ്പ് പറഞ്ഞ് ചിത്തപ്പാവിനെക്കൊണ്ട് സമ്മതിപ്പിച്ചു. രാത്രി മുഴുവൻ ആ രണ്ടു സ്ത്രീകളും ഉറങ്ങിയില്ല.


ചിത്തി സാധാരണ സ്ത്രീ ആയിരുന്നില്ല. എല്ലാവരും പറയുംപോലെ നീ എൻറെ ഭർത്താവിനെ വശീകരിച്ചു നീ ആണിനെ കാണാത്ത അതികാമമുള്ളവളാണ് എന്ന് അവർ പറഞ്ഞതേയില്ല. ഇക്കാലത്ത് കൂടിയും ഒത്തിരി വിദ്യാഭ്യാസവും ഉദ്യോഗവുമുള്ള സ്ത്രീകൾ ക്ക് പോലും അത് സാധ്യമാകാറില്ല. അവർക്ക് ഏതെങ്കിലും തരത്തിൽ താല്പര്യമുള്ള പുരുഷൻ കുറ്റാരോപിതനായാൽ, ആരോപണമുന്നയിച്ച പെണ്ണിനെ ചീത്തയാക്കി ചവുട്ടിത്താഴ്ത്തി ആ പുരുഷനെ സംരക്ഷിക്കലാണ് സ്ത്രീകൾ പതിവായി ചെയ്യുക. സ്ത്രീ പീഡനത്തിനും അപമാനത്തിനും മറ്റു പെണ്ണുങ്ങളുടെ ഈ നിലപാട് വലിയ തോതിൽ കാരണവും പ്രേരണയുമാകാറുണ്ട്. അതാലോചിക്കുമ്പോഴാണ് അമ്മീമ്മയെ തരിമ്പു പോലും കുറ്റപ്പെടുത്താത്ത ആ പഴയകാല പഠിത്തവും ഭർത്താവിനെ ആശ്രയിച്ചു മാത്രം ജീവിതവുമുണ്ടായിരുന്ന ചിത്തി വ്യത്യസ്ത യാകുന്നത്.


പിറ്റേന്ന് നേരം പരപരാ വെളുത്തപ്പോൾ 'ഉനക്കെല്ലാം ഉണ്ടാവും. നീ റാണിയാ ഇരുപ്പായ് 'എന്ന

ചിത്തിയുടെ അനുഗ്രഹവും മേടിച്ച് അമ്മീമ്മ ആ മഠം വിട്ടിറങ്ങി.


പുലർകാലത്ത് ഒരു തുണിസ്സഞ്ചിയിൽ രണ്ടു പഴയ സാരികളും മടക്കിവെച്ച് പാടവരമ്പിലൂടെ ഒറ്റയ്ക്ക് നടക്കുന്ന അമ്മീമ്മയെ ഞാൻ എന്നും ഓർക്കും. അമ്മീമ്മയേയും അമ്മയേയും ധാരാളമായി ചീത്ത പറഞ്ഞിരുന്ന പലരേയും ഞാൻ എൻറെ ജീവിതത്തിൽ ഒരു ഗത്യന്തരവുമില്ലാതെ സഹിച്ചിട്ടുണ്ട്.


ഇപ്പോൾ അതിലെനിക്ക് എന്നോടു തന്നെ അടക്കാനാവാത്ത വെറുപ്പും പുച്ഛവുമുണ്ട്.

No comments: