Monday, August 12, 2019

അമ്മച്ചിന്തുകൾ 12

                                                                 

പന്ത്രണ്ട് വയസ്സിൽ മുപ്പത് വയസ്സുള്ള ഒരു മഹാബ്രാഹ്മണനെക്കൊണ്ട് അമ്മീമ്മയെ വിവാഹം ചെയ്യിച്ചിരുന്നു. അമ്മീമ്മ ഋതുമതിയായിരുന്നില്ല. വരനെ ആനപ്പുറത്താണത്രേ ഇരുത്തി മാപ്പിളയയപ്പ് നടത്തിയത്. നാലു ദിവസവും തൃക്കൂർ അടച്ച് സദ്യ ആയിരുന്നു പോലും...

ബ്രാഹ്മണ പെൺകുട്ടികളെ മരിക്കും മുമ്പ് ഒരു ബ്രാഹ്മണൻ ഭോഗിച്ചിരിക്കണം. അങ്ങനെ പെൺകുട്ടിയുടെ ശവം മാന്യമായി
സംസ്ക്കരിക്കാൻ ഉള്ള ഒരുക്കൽ കൂടിയാണ് അവളുടെ കല്യാണം. അങ്ങനെ ഭോഗിച്ചിട്ടില്ലെങ്കിൽ തറവാടിനും മുതിർന്നവർക്കും വന്നു ചേരുന്ന മഹാപാപത്തിനുള്ള പരിഹാരം ശവഭോഗമായി പോലും വേണ്ടി വരാറുണ്ടത്രേ പിതൃസദ്യ ഉണ്ണുന്ന ശവുണ്ഡി ബ്രാഹ് ണർക്ക്.....

ആഘോഷമെല്ലാം കഴിഞ്ഞു വരൻ പോയി. പിന്നെ ആ വരൻ ജീവിതത്തിലൊരിക്കലും അമ്മീമ്മയെ കണ്ടതേയില്ല. പതിനേഴു വയസ്സിൽ തീണ്ടാരി ആയ അമ്മീമ്മയെ ആഘോഷ പൂർവം ഭർതൃഗൃഹത്തിൽ എത്തിച്ചു. വലിയ വട്ടികൾ നിറയേ നൂറ്റൊന്നു ചുറ്റുള്ള മുറുക്കും തേങ്ങാ വലുപ്പത്തിലുള്ള പലതരം ലഡ്ഡൂവും ഒക്കെ ഒപ്പം ഉണ്ടായിരുന്നു.

കൂറച്ച് നാൾ മാമിയാർ അമ്മീമ്മയുടെ മുടി മെടഞ്ഞ് മുല്ലപ്പൂ ചൂടിച്ച് സ്വർണപ്പണ്ടങ്ങളും കുപ്പിവളകളും ഒക്കെ ഇടീച്ച് പതിനെട്ട് മുഴം ചേലയും ചുറ്റിച്ച് സീമന്തരേഖയിൽ സിന്ദൂരവും തൊടീച്ച് അരുമയായി പോറ്റി. അമ്മീമ്മക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. പാചകവും കോലമിടലും കൈത്തുന്നലും ചെടിവളർത്തലുമായിരുന്നു പ്രധാന കഴിവുകൾ.

അഞ്ചാറുമാസം കഴിഞ്ഞു മാമിയാർ അമ്മീമ്മയെ തറവാട്ടിൽ തന്നെ കൊണ്ടു വിട്ടു. വരാത്ത മകനേയും കാത്ത് അമ്മീമ്മയെ ഭർതൃഗൃഹത്തിൽ പാർപ്പിക്കുന്നതിൽ അവർ ഒരു അർഥവും കണ്ടില്ല. മകൻ തിരികെ വന്നാൽ അന്ന് മടക്കിക്കൊണ്ടുപോകാമെന്ന വാക്കും കൊടുത്ത്‌ ആ അമ്മായിഅമ്മ യാത്ര യായി.

മുപ്പത് തികഞ്ഞശേഷം വാശി പിടിച്ച് പഠിച്ച് എതിർത്തവരോടൊക്കെ ബഹളം കൂട്ടി അമ്മീമ്മ തൃക്കൂർ സ്കൂളിൽ ടീച്ചറായി. താലികെട്ടിയ മനുഷ്യൻറെ വീട്ടിൽ ഭാഗം നടന്നപ്പോൾ അയാളുടെ ഓഹരി ആ അമ്മായിഅമ്മ അമ്മീമ്മക്ക് നൽകുക തന്നെ ചെയ്തു. അന്നും ഒറ്റയ്ക്കായ പെണ്ണിന് എന്തിനാണ് പണം എന്ന ചോദ്യമുണ്ട്. അതുകൊണ്ട് നഗരങ്ങളിൽ വാടകയ്ക്ക് പാർക്കുന്ന ആൺമക്കൾക്ക് വീടു വാങ്ങാൻ സുബ്ബരാമയ്യർ ആ മൂവായിരത്തി അഞ്ഞൂറു രൂപ മുഴുവനും നല്കി. അക്കാലത്ത് അതൊരു വലിയ തുകയാണ്.

അമ്മീമ്മക്ക് വീടുണ്ടാക്കിക്കൊടുക്കണമെന്ന് ആ അച്ഛന് വളരെക്കഴിഞ്ഞാണ് തോന്നിയത്. ആ മൂവായിരത്തി അഞ്ഞൂറു രൂപ ബാങ്കിലിടണമെന്നും അദ്ദേഹം പിന്നെ മാത്രമേ ആലോചിച്ചുള്ളൂ. വീട് അമ്മീമ്മ മരിക്കുമ്പോൾ ഒരു സഹോദരൻറെ മകന് നൽകണമെന്ന് സുബ്ബരാമയ്യർ കട്ടായം പറഞ്ഞു. വീടെനിക്ക് വേണ്ട. അപ്പാ ഇപ്പോൾ തന്നെ കുഞ്ഞുമോന് നല്കിക്കൊള്ളൂ എന്ന് അമ്മീമ്മ ആ നിമിഷം തന്നെ തീർപ്പ് പ്രകടിപ്പിച്ചു. ആ നിലപാട് സുബ്ബരാമയ്യരെ വല്ലാതെ മാറ്റിമറിച്ചു. കാരണം ആ വീടു പണിക്ക് അതിനകം ഉദ്യോഗസ്ഥരായിക്കഴിഞ്ഞിരുന്ന അമ്മീമ്മയും എൻറെ അമ്മയും പോലും പണം മുടക്കീരുന്നു.അങ്ങനെ ആ വീടും പണവും ഒടുവിൽ അമ്മീമ്മയുടേതായിത്തീർന്നു.

അമ്മീമ്മ ഭർത്താവ് എന്ന മനുഷ്യൻ കെട്ടിയ താലിയും കഴുത്തിലിട്ട്, സീമന്തരേഖയിൽ സിന്ദൂരവും ചാർത്തി ഒരു പുരുഷൻറേയും സ്പർശന മേല്ക്കാതെ വിരിച്ചിട്ട ശുഭ്രവസ്ത്രം പോലെ ജീവിച്ചു , കൊടിയ അപ മാനങ്ങൾ സഹിച്ചു. ഞങ്ങളെ വളർത്തി, ഒടുവിൽ മരിച്ചു പോയി.

അമ്മീമ്മയുടെ ആ വീടും ബാങ്കിൽ കിടന്നിരുന്ന ആ രൂപയും ... ആ രൂപ ഏഴായിരത്തി അഞ്ഞൂറായി വളർന്നിരുന്നു. അതാണ് മുപ്പത് വർഷത്തെ സിവിൽ കേസീൻറെ ശരിയായ കാരണം. അല്ലാതെ അമ്മ ജാതിയിൽക്കുറഞ്ഞയാളെ പരിണയിച്ചതല്ല. അമ്മീമ്മയുടെ പേരിൽ മാത്രമായി കേസ് ഫയൽ ചെയ്യാൻ പറ്റാത്തതുകൊണ്ട് അമ്മയുടെ പേരും ചേർക്കപ്പെടുകയായിരുന്നു. തറവാട്ടു മഠത്തിൽ പാർക്കുന്ന അമ്മീമ്മയെ സഹോദരന്മാർ ബാങ്കിലിരുന്ന
ആ പണം എഴുതി മേടിച്ചശേഷം നിഷ്കരുണം ആട്ടിയിറക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ചാണ് പുറത്താക്കീയത്. തറവാട്ട് മഠത്തിൽ പാർക്കുന്ന അമ്മീമ്മയുടെ പേരിൽ അവിടെ താമസിച്ചുകൊണ്ട് സഹോദരന്മാർ എങ്ങനെ കേസ് നടത്തും?

അതവരുടെ കുടുംബ കാര്യമെന്ന് സമൂഹം എന്നുമെന്ന പോലെ അപ്പോഴും നോക്കി നിന്നു.

യൗവനം ബാക്കിയുള്ള ഒരു പെണ്ണ് അനാഥയായാൽ...

അമ്മീമ്മ കരഞ്ഞുകൊണ്ട് സ്വന്തം ചിത്തിയെ അഭയം പ്രാപിച്ചു. ഇതൊക്കെ ശരിയാവുമെന്നും സഹോദരന്മാർ മടക്കിവിളിക്കുമെന്നും പഴയപോലെ ജനിച്ചുവളർന്ന മഠത്തിൽ ജീവിക്കാനാവുമെന്നുമായിരുന്നു അമ്മീമ്മയുടെ പ്രതീക്ഷ.

എന്നാലും ആ ദിവസം നിറഞ്ഞൊഴുകിയിരുന്ന മണലിപ്പുഴയിൽ ചാടി മരിക്കാൻ അമ്മീമ്മ മോഹിച്ചിരുന്നു.

മുണ്ടൂരിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലെ ഡോക്ടേർസ് ക്വാർട്ടേഴ്സീലേക്ക് താമസം മാറ്റിയിരുന്ന എൻറ അമ്മ ഇതൊന്നും അറിഞ്ഞിരുന്നില്ല. അറിഞ്ഞാലും ഒന്നും ചെയ്യാൻ അമ്മക്ക് പറ്റുമായിരുന്നില്ല.

No comments: