Sunday, August 18, 2019

അമ്മച്ചിന്തുകൾ 37

                              
അമ്മീമ്മ ചെയ്ത
ധീരകൃത്യമറിഞ്ഞ് എൻറെ അമ്മ സ്തംഭിച്ചിരുന്നു പോയി. 'ഒനക്ക് എപ്പടി ധൈര്യം വന്ത്ത് 'എന്ന് ചോദിച്ച് അവർ ആ സഹോദരിമാർ പരസ്പരം കെട്ടിപ്പിടിച്ച് കണ്ണുനീർ തൂവി.

അവരുടെ സഹോദരൻ ലീവ് അവസാനിപ്പിച്ച് ബോംബെക്ക് മടങ്ങിയ ശേഷമാണ് അമ്മീമ്മക്ക് ഒരു ടെലഗ്രാം സ്ക്കൂൾ വിലാസത്തിൽ വന്നത്. അമ്മീമ്മയുടെ അറുപതാം പിറന്നാളിനുള്ള ആശംസകളായിരുന്നു അത്. അയച്ചിരുന്നത് ജായ്ക്കാളുടെ മകളുടെ ഭർത്താവായിരുന്നു. അമ്മീമ്മ കള്ളപ്പിറന്നാൾ ആശംസ സ്വീകരിക്കാൻ തയാറായില്ല. ടെലിഗ്രാം മടങ്ങി . അയച്ച ആൾ അപ്പോഴാണ് അത് അറിയുന്നത്. അദ്ദേഹം ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ ചിന്ന മാമിയാർ ആണല്ലോ അമ്മീമ്മ. അദ്ദേഹം ഉടനെ അമ്മീമ്മക്ക് 'ഞാൻ ഇങ്ങനെ ഒരു കള്ളപ്പിറന്നാൾ ആശംസ അയച്ചിട്ടില്ലെന്നും അദ്ദേഹത്തെ തെറ്റിദ്ധരിക്കരുതെ'ന്നും വിശദീകരിച്ചു്‌ ഒരു കത്തയച്ചു. മാത്രമല്ല പോസ്റ്റൽ ഡിപ്പാർട്ട്മെൻറിൽ പരാതിയും നല്കി. പക്ഷേ, ബോംബെ പോലെ ഒരു വൻ നഗരത്തിൽ ഒരാളുടെ വിലാസം ഉപയോഗിച്ച് വേറൊരാൾ കമ്പിയടിച്ചാൽ എങ്ങനെ അറിയാനാണ്?

അടുത്തതായി വന്നത് സ്കൂൾ മാനേജരായിരുന്ന ടി പി സീതാരാമൻ എജുക്കേഷൻ ഡിപ്പാർട്ടുമെൻറിന് എഴുതിയ പരാതിയാണ്. അമ്മീമ്മ ഒരു പെരും വയസ്സിയാണ്. മുഖം കണ്ടാൽ അറിയാമല്ലോ. ഉടൻ പിരിച്ചു വിടണം. അധികം പറ്റിയ ശമ്പളമടക്കം തിരികെ പിടിക്കണം.

അദ്ദേഹം അങ്ങനൊന്നും എഴുതില്ലെന്നറിയാമായിരുന്നെങ്കിലും അമ്മീമ്മ തകർന്നു പോയി. സങ്കടത്തോടെ അമ്മീമ്മ അദ്ദേഹത്തെ കാണാൻ ചെന്നു.
'നാനിപ്പടി എഴുതുവേനാ, കല്യാണം... ഉനക്ക് പൈത്യമാ ' എന്നദ്ദേഹം അമ്മീമ്മയോട് ചോദിച്ചു. തന്നെയുമല്ല, അദ്ദേഹത്തിന്റെയല്ല ആ കത്ത് എന്ന് കാണിച്ചും ഈ കത്തെഴുതിയ ആളേ കണ്ടു പിടിക്കണമെന്നു ആവശ്യപ്പെട്ടും അദ്ദേഹം പരാതിയും നല്കി.

കാര്യങ്ങൾ അവിടെ നിന്നില്ല. തുടരെത്തുടരേ ഇമ്മാതിരി കത്തുകൾ വരുന്നതു കൊണ്ട് ഗവണ്മെൻറ് ഒരു വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ആ വിവരമറിഞ്ഞ ദിവസം ഞങ്ങൾ തളർന്നു പോയി. എല്ലാവരും ഒരു പോലേ...

ഞങ്ങളുടെ ചെടികളും പൂക്കളും നായ്ക്കുട്ടികളും പൂച്ചക്കുട്ടികളും എല്ലാവരും തന്നെ..

കുറ്റം ചെയ്ത് അന്വേഷണം നേരിടുന്നത് വേറെ കാര്യമാണ്. എന്നാൽ ഒരു തെറ്റും ചെയ്യാത്ത ഒരു സ്ത്രീയെ ദ്രോഹിക്കുന്നതിനുമില്ലേ ഒരു പരിധി ?അമ്മീമ്മക്ക് പേരിനു പോലും ആരുമില്ല. ഒരു തുണ ആരുണ്ട്? ഞങ്ങൾ ഒന്നിനും പ്രാപ്തി നേടിയിട്ടില്ല. അമ്മ രോഗം പിടിച്ചു കിടക്കുന്നു...

അന്ന് അമ്മീമ്മയുടെ കണ്ണിൽ നിന്നുരുണ്ടു വീണ തീത്തുള്ളികൾക്ക് ആരേ വേണമെങ്കിലും ദഹിപ്പിക്കാനാവുമായിരുന്നുവെന്ന് ഭാവി ഞങ്ങൾക്ക് കാണിച്ചു തന്നു.

വിജിലൻസ് എൻക്വയറി നടന്നു. എന്താണ്‌ എന്ത് തേങ്ങയാണ് അന്വേഷിക്കുക..? ഇരുപത് വയസ്സ് വരെ സ്വന്തം മഠത്തിലും അതിനിടയിൽ ആറുമാസം ഭർതൃഗൃഹത്തിലും പാർത്ത ഒരു പെണ്ണ്.. പിന്നെ
മുപ്പതു വയസ്സുവരെ ബോംബെ യിലേക്ക് കൊണ്ടുപോകപ്പെട്ട് സഹോദരഭാര്യമാരുടെ പ്രസവശുശ്രൂഷയും മക്കളെ നോക്കലും ഒക്കെ ചെയ്ത ഒരു പെണ്ണ്.. ഹിന്ദി പഠിച്ച് പെട്രോൾ ബങ്കിലും ചെറുകിട കടകളിലും മറ്റും ഹിന്ദിയിൽ ബില്ല് എഴുതുക എന്ന
ജോലി ചെയ്ത ഒരു പെണ്ണ്.... വേറെ എന്താണ് അന്വേഷണത്തിനുള്ളത്?

എന്തായാലും തെളിവൊന്നുമില്ലാതെ അന്വേഷണം വഴിമുട്ടി. അച്ഛനും അച്ഛൻറെ ഔദ്യോഗികപദവിയും അമ്മീമ്മയെ രക്ഷപ്പെടുത്തിയത് അപ്പോഴാണ്. വിജിലൻസ് ഡയറക്ടർ അച്ഛൻറെ സുഹൃത്ത് ഐ എ എസ് കാരനായിരുന്നു. അമ്മീമ്മയെയും അമ്മയേയും ഞങ്ങളേയും ഒന്നിച്ച് അച്ഛൻ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടു പോയി.

കഥയെല്ലാം അറിഞ്ഞ അദ്ദേഹം 'ബ്രാഹ്മണപ്പുരുഷന്മാർ... പൂണൂലിട്ടവർ, സസ്യഭുക്കുകൾ, ഒരു വയറ്റിൽ ജനിച്ച സഹോദരൻമാർ അല്ലേ ....' എന്ന് അൽഭുതം കൂറി. എല്ലാവർക്കും അങ്ങനെ തോന്നുമല്ലോ. ശാന്തരായ ബ്രാഹ്മണർ കള്ളത്തരമൊന്നും ചെയ്യില്ല. കുറെ മന്ത്രം ചൊല്ലും. പച്ചവെള്ളം ചവച്ച് ചവച്ച് കുടിക്കും എന്നൊക്കെ.

ഏറ്റവും ഒടുവിൽ നെറ്റിയിലാണിയടിച്ചു കേറ്റും പോലെ അദ്ദേഹം ഒരു ചോദ്യം ചോദിച്ചു. 'ഡോക്ടർ എങ്ങനെ ഇത്രമാത്രം അധ:പ്പതിച്ച ഈ മഠത്തിൽ ചെന്നു കൂടി?'

അമ്മയുടെയും അമ്മീമ്മയുടേയും തല പാതാളത്തോളം താഴ്ന്നു പോയി. അച്ഛൻ നിസ്സഹായനായ നിഷ്കളങ്കനായി തലയല്പം കുനിച്ചു നിന്നു.

ഐ ഏ എസ് ഓഫീസറുടെ ആ ചോദ്യം അച്ഛന് ഒത്തിരി ഇഷ്ടമായി. തിരികെ വരുമ്പോൾ അദ്ദേഹം ആഹ്ലാദത്തോടെയാണ് കാർ ഡ്രൈവ് ചെയ്തത്.

അമ്മീമ്മയുടെ ദുരിതത്തിനെ ആ ഐ ഏ എസ് ഓഫീസർ എന്നേക്കുമായി ഒഴിവാക്കിത്തന്നു. ഇത്തരം അനാവശ്യ കാര്യങ്ങളുടെ പുറകെ പോയി സർക്കാരിൻറെ സമയവും സമ്പത്തും ദുർവിനിയോഗം ചെയ്യരുതെന്ന കുറിപ്പോടെ അദ്ദേഹം ഫയൽ അവസാനിപ്പിച്ചു.

അമ്മ രുഗ്മിണി അമ്മാളെ കാണാൻ പോയതിൻറെ ശിക്ഷ വേറെയും ഒരു രൂപത്തിൽ വന്നു. ഞങ്ങൾ തൃക്കൂർ വീട് പൂട്ടി അയ്യന്തോളിലായിരുന്ന അമ്മയെ കാണാൻ പോയി. തിരികെ വന്നപ്പോൾ വീട്ടിൽ കവർച്ച നടന്നിരുന്നു.

ചില്ലറത്തുട്ടുകൾ, ചില്ലുഗ്ളാസ്സുകൾ, തുണിക്കഷണങ്ങൾ, എനിക്കും റാണിക്കും അമ്മീമ്മ ഇത്തിരി സ്വർണം കൊണ്ട് പണിയിച്ചു തന്നിരുന്ന ഉച്ചിപ്പൂ എന്ന് തമിഴിൽ വിളിക്കുന്ന, തലമുടിയിൽ ചൂടുന്ന ചെറിയ സ്വർണപ്പൂവുകൾ...അങ്ങനെ രണ്ടു ദിവസം വീട് അരിച്ചുപെറുക്കി കിട്ടാവുന്നതെല്ലാം കവർച്ചക്കാർ കൊണ്ടു പോയിരുന്നു. വീട് നന്നായി അറിയാവുന്ന ആരോ ആണ് അവർക്ക് ചൂട്ടു പിടിച്ചത്. ഒറ്റ നോട്ടത്തിൽ കള്ളൻ കയറിയതായി അറിയുകയേയില്ലായിരുന്നു.

എന്തായാലും പോലീസ് വന്നു. അവരാണ് അമ്മയുടെ സർട്ടിഫിക്കറ്റ് വെച്ചിരുന്ന മേശയുടെ പൂട്ട് പൊളിക്കാൻ കവർച്ചക്കാർ നടത്തിയ പരിശ്രമം കണ്ടു പിടിച്ചത്. അപ്പോൾ ഞങ്ങളുടെ തലയിൽ ശരിക്കും ഇടി വെട്ടി. ആരാണ് കവർച്ചക്കാരെ അയച്ചതെന്നും കവർച്ചക്കാർ ആരായിരുന്നുവെന്നും പെട്ടെന്ന് തന്നെ മനസ്സിലായി.

അത് വലിയ ദ്രോഹമാണുണ്ടാക്കിയത്. ഞങ്ങളുടെ വീട്ടു മതിലിന്മേൽ വലിയ അക്ഷരത്തിൽ 'വേശിയാലയം' എന്നെഴുതി വെക്കപ്പെട്ടു. ഞങ്ങൾ ആദ്യം എഴുത്ത് മായ്ച്ചു. അപ്പോൾ മതിലിൽ മുഴുവനും അവർ എഴുതി. പിന്നെ ഞങ്ങൾ
അത് മായ്ക്കാൻ പണിപ്പെട്ടില്ല. അങ്ങനെ എഴുതി മടുക്കുമ്പോൾ സ്വയം നിറുത്തും എന്നു തന്നെ കരുതി. ഓർക്കണം, ആ വീട്ടിൽ ഉണ്ടായിരുന്നത് തൃക്കൂരുള്ള മിക്കവാറും എല്ലാവരുടേയും ഗുരുനാഥയായ അമ്മീമ്മയും ടി ബി വന്ന് കൈ പ്ളാസ്റ്ററിലിട്ട അമ്മയും ഞങ്ങൾ പതിനഞ്ച് വയസ്സ് തികയാത്ത കുട്ടികളുമാണ്. എന്തായാലും അന്നു മുതൽ സ്ത്രീകളെ വേശ്യ എന്ന് പറയുന്ന എല്ലാ മനുഷ്യരേയും ഞങ്ങൾ മൂന്നു പേരും അടിമുടി വെറുത്തു. ആ വാക്കുച്ചരിക്കുന്നവരെല്ലാം മനുഷ്യവിരുദ്ധരാണെന്ന് ഞങ്ങൾ ഉറപ്പിച്ചു.

ബ്രാഹ്മണ്യത്തെ അനുകരിക്കാൻ ശ്രമിക്കുന്നതാണ് , അങ്ങനെ ജാതിയുടെ നിയമങ്ങളിലേക്ക് തിരിച്ചു നടക്കുന്നതാണ് നന്മയെന്ന് കരുതുന്നവർ നമ്മുടെ നാട്ടിലെ കൂടി വരുന്ന സ്ത്രീ വിരുദ്ധതക്ക് ഒരു പ്രധാന കാരണക്കാരാണ്. മനുഷ്യത്വത്തിന് അനുകരിക്കാൻ പറ്റിയ ഒന്നും തന്നെ ഒരു ജാതിയിലും ഒരു മതത്തിലുമില്ല.

വജ്രായുധം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് പുതിയ ഒരു കേസായിരുന്നു. തൃശൂർ ജില്ലാ കോടതിയിൽ അമ്മീമ്മയുടെ സഹോദരന്മാർ വീണ്ടും അമ്മക്കും അമ്മീമ്മക്കും എതിരേ കേസ് കൊടുത്തു. മരിച്ചു പോയ അപ്പാ സുബ്ബരാമയ്യരുടെ വില്പത്രം കിട്ടി. അത് അനുസരിച്ച് സ്വത്ത് വിഭജിക്കണം എന്നായിരുന്നു കേസ്. ആർത്തിയുടെ അങ്ങേയറ്റം ആയിരുന്നു ആ കേസ്. സ്വത്ത് തുല്യമായി വിഭജിക്കണമെന്ന് ഉത്തരവിട്ട കേരളാ ഹൈക്കോടതിയെ പരിഹസിക്കൽ...

അവരുടെ വക്കീൽ തൃശൂരിലെ ഒരു അഡ്വ. മറിയാമ്മ ആയിരുന്നു. നമ്മുടെ നിയമത്തിൻറെ തമാശകൾ ഇങ്ങനെയാണ്. ഹൈക്കോടതി ക്ക് എതിരേ ഒന്നും പറയാൻ നിയമപരമായി അവകാശ മില്ലാത്ത തൃശൂർ ജില്ലാ കോടതി ഈ കേസ് ഫയലിൽ സ്വീകരിച്ചു അമ്മക്കും അമ്മീമ്മക്കും വിശദീകരണം ചോദിച്ചു നോട്ടീസ് അയച്ചു. നിയമം ഒരു നോക്കുകുത്തി അല്ലെങ്കിൽ ഇത്തരം ഒരു കേസ് ഫയലിൽ സ്വീകരിക്കപ്പെടുന്നതെങ്ങനെയെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. കോടതിയുടെയും സാധാരണ മനുഷ്യരുടേയും സമയം, ഇത്തരം കള്ളക്കേസുകൾ നല്കുന്നവർ, എത്രമാത്രമാണ് നശിപ്പിച്ചു കളയുന്നത്. കോടതിയേ മന:പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്ന മനുഷ്യ ർക്കും വക്കീലുമാർക്കും എതിരേ കൃത്യമായ നടപടി ഉണ്ടാകണം. എങ്കിൽ വെള്ളത്തിന് തീ പിടിച്ചു എന്ന മട്ടിലുള്ള കേസുകൾ ഒരു പരിധി വരെയെങ്കിലും കുറയും.

അമ്മയുടെ സഹോദരന്മാരുടെ കേസ് എടുത്ത വക്കീൽ മാഡത്തിന് സത്യമറിയാഞ്ഞാണോ അതോ രണ്ടു പെണ്ണുങ്ങളല്ലേ അപ്പുറത്ത് ദ്രോഹിച്ചുകളയാം എന്ന് കരുതീട്ടാണോ എന്നറിയില്ല... എന്തായാലും കേസ് വീണ്ടും ഉഷാറായി ആരംഭിച്ചു.

അച്ഛൻറെ സുഹൃത്തും ഡിസ്ട്രിക്ട് ജഡ്ജായി റിട്ടയർ ചെയ്ത് വക്കീൽ ജോലി തുടരുകയും ചെയ്ത
സുബ്രഹ്മണ്യയ്യരായിരുന്നു അമ്മയുടെയും അമ്മീമ്മയുടേയും വക്കീൽ. ആ കുടുംബത്തിലെല്ലാവരും അച്ഛനെ ഒരു വീരപരിവേഷത്തോടെയാണ് നോക്കിക്കണ്ടത്. എത്ര മിടുക്കനും ആദർശവാനുമാണ് ഡോക്ടർ. അന്യായക്കാരായ ബ്രാഹ്മണരെ അങ്ങനെ വെറുതേ വിട്ടുകളയാതെ അദ്ദേഹം സ്ത്രീകൾ ക്കൊപ്പം നിന്ന് ഇഞ്ചോടിഞ്ച് പൊരുതുന്നുണ്ടല്ലോ.

വീണ്ടും കേസ്, വക്കീലിനെ കാണൽ, വക്കീൽ ഫീസ്, കോടതിയിൽ കെട്ടിത്തിരിയൽ, അച്ഛൻറെ കോപം, അതൃപ്തി എല്ലാം ആരംഭിച്ചു.

അപ്പോഴേക്കും അച്ഛൻ ഒളരിക്കര ഈ എസ് ഐ ആശുപത്രിയിലേക്ക് മാറിയിരുന്നു. അവിടെ വെച്ച് ഒരു നഴ്സ് മാലാഖ അവരുടെ ജാതിക്കാരനായ അച്ഛൻറെ 'ഹൃദയത്തിലൊരിത്തിരി ഇടം തന്നേ'യെന്ന് പറഞ്ഞപ്പോൾ അച്ഛനു കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല.

സ്നേഹം ചിലപ്പോൾ അങ്ങനെയാണ്... അത് സ്വന്തം ജാതിയിലേക്ക് ഏറ്റവും തീവ്രമായി പടർന്നൊഴുകും.. ആ വഴിയിൽ കാത്തു നിന്ന് അതിൽ നിന്ന് ലേശം കോരിക്കുടിക്കാനുള്ള ഭാഗ്യമെങ്കിലും വേണം... ഞങ്ങൾക്കാർക്കും അതില്ലായിരുന്നു.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

സ്നേഹം ചിലപ്പോൾ അങ്ങനെയാണ്... അത് സ്വന്തം ജാതിയിലേക്ക് ഏറ്റവും തീവ്രമായി പടർന്നൊഴുകും.. ആ വഴിയിൽ കാത്തു നിന്ന് അതിൽ നിന്ന് ലേശം കോരിക്കുടിക്കാനുള്ള ഭാഗ്യമെങ്കിലും വേണം...