Tuesday, August 13, 2019

അമ്മച്ചിന്തുകൾ 18

                                                            
അമ്മീമ്മ വിയ്യൂരിൽ താമസമാക്കിയതിൻറെ സകല സൗകര്യവും ഞങ്ങൾ, അച്ഛനും അമ്മയും ഞാനും അനുഭവിച്ചു. എനിക്ക് അമ്മീമ്മ അവിടെ താമസിക്കുന്ന ഓർമ്മകൾ അത്ര ചെറുപ്പത്തിലേതൊന്നുമില്ല. എന്നാലും അച്ഛൻ എഴുതിയതും അമ്മീമ്മയും അമ്മയും അച്ഛനും പറഞ്ഞു കേൾപ്പിച്ചതുമായ കാര്യങ്ങൾ അറിയാം.

അമ്മീമ്മ വന്ന് ഏത്തക്കാ വട്ടത്തിലും വട്ടം ഒന്ന് പകുതിയാക്കിയും നാലുമുറിഞ്ഞതായും വറുത്തു. ശർക്കരപുരട്ടി ഉണ്ടാക്കിയിട്ട് അതിൽ പഞ്ചസാരത്തരികളും ചുക്കു പൊടിച്ചതും വിതറി എന്നൊക്കെ അച്ഛൻ എഴുതീട്ടുണ്ട്. അമ്മീമ്മയുണ്ടാക്കുന്ന മൈസൂർപ്പാക്ക്, പലതരം ലഡ്ഡു, ജിലേബി, മുറുക്ക്, ചീട,പൊക്കുവട,തേങ്കുഴൽ അച്ഛന് എല്ലാ പലഹാരങ്ങളും നല്ല ഇഷ്ടമായി. അമ്മയുണ്ടാക്കുന്ന ഫിൽറ്റർ കോഫിയെപ്പറ്റിയും അച്ഛൻ നന്നായി എഴുതീട്ടുണ്ട്.

അമ്മീമ്മ വിയ്യൂരിൽ നിന്ന് തൃക്കൂരേക്ക് ജോലിക്ക് വന്നു പോയി. യു. പി സ്ക്കൂളായിരുന്നു. അങ്ങനെ കുറച്ചുകാലം അമ്മീമ്മ ഹെഡ് മിസ്ട്രസ്സുമായി.

റാണിയെ അമ്മ ഗർഭം ധരിച്ചതിൽ അച്ഛനു സന്തോഷക്കുറവുണ്ടായിരുന്നു. അച്ഛൻ ഇത് വേണ്ട എന്ന് പറഞ്ഞെങ്കിലും അമ്മക്ക് ഭയങ്കര പാപബോധമായിരുന്നു. 'പട്ടത്തികൾ രണ്ടും പേടിക്കൊടലുകളാണ് ' എന്നാണ് അച്ഛൻറെ പരാമർശം. അമ്മീമ്മ ഗർഭമലസിപ്പിക്കുന്നതിനോട് ഒരിക്കലും യോജിച്ചിരുന്നില്ല. അച്ഛന് ഇഷ്ടമില്ലാതെ തന്നെ അങ്ങനെ അമ്മ റാണിയേ വയറ്റിൽ ചുമന്നു.

അമ്മീമ്മയും ഉച്ചിച്ചേച്ചിയും ഉണ്ടായി രുന്നതുകൊണ്ട് അമ്മയുടെ ഗർഭശുശ്രൂഷകൾ ഭംഗിയായി നടന്നു. റാണി പിറക്കും മുൻപേ ഉച്ചിച്ചേച്ചിയെ അവരുടെ അച്ഛൻ വന്ന് കൂട്ടിക്കൊണ്ടുപോയി. ഉച്ചിച്ചേച്ചി വാവിട്ടു കരഞ്ഞു. അവർക്ക് അമ്മയുണ്ടായിരുന്നില്ല. നാല്പത് വയസ്സായ ഒരു അരിക്കടക്കാരന് ഉച്ചിച്ചേച്ചിയെ കല്യാണം കഴിപ്പിച്ച് ഭാരമൊഴിക്കാനാണ് അവരുടെ അച്ഛൻ അങ്ങനെ പെട്ടെന്ന് കൂട്ടിക്കൊണ്ടു പോയത്.

ഉച്ചിച്ചേച്ചി പോയപ്പോൾ അച്ഛന് ഇറച്ചിയും മീനും പ്രശ്നമായിത്തീർന്നു. ഭാഗ്യത്തിന് ഒരു ക്രിസ്തു മതവിശ്വാസിയായ അമ്മാമ്മയെ വീട്ടു ജോലി സഹായത്തിന് കിട്ടി. അങ്ങനെ അച്ഛൻറെ ആ വിഷമം തത്കാലം മാറി.

റാണി പിറന്ന ദിവസമാണ് ഇരിങ്ങാലക്കുട സബ്കോടതിയിൽ അമ്മയേയും അമ്മീമ്മയേയും പ്രതികളാക്കി സഹോദരന്മാർ കേസ് ഫയൽ ചെയ്തത്. അമ്മയും അമ്മീമ്മയും കൂടി ബോധമറ്റു കിടക്കുന്ന അപ്പാ സുബ്ബരാമയ്യരെക്കൊണ്ട് വില്പത്രം ഉണ്ടാക്കിച്ചെന്നും എന്നാൽ നിഷ്ക്കാശനായ, വെറും പിച്ചയായ, ആൺമക്കളുടെ സമ്പത്ത് കൊണ്ട് ജീവിക്കുന്ന സുബ്ബരാമയ്യർക്ക് അതിന് അവകാശമില്ലെന്നും അതുകൊണ്ട് വില്പത്രം അംഗീകരിക്കില്ലെന്നും അമ്മീമ്മയുടെ വീട് ആൺമക്കൾക്ക് വേണമെന്നുമാരുന്നു കേസ്. രാവിലെ ഉണർന്നപ്പോൾ ഞാൻ ഉറക്കെ കരഞ്ഞുവെന്നാണ് കേട്ടിട്ടുള്ളത്. റാണി അമ്മേടടുത്ത് കിടക്കുന്നതാവും കാരണമെന്ന് എല്ലാവരും വിചാരിച്ചു. കരഞ്ഞ് കരഞ്ഞ് ഉച്ചയോടെ എനിക്ക് പനി വന്നുവെന്നും ഏക്നിൽ എന്ന മരുന്ന് തന്നുവെന്നും അച്ഛൻ കുറിച്ചിരിക്കുന്നു. 'എന്തോ കണ്ടു പേടിച്ചു കരയുന്ന പോലെ 'എന്നാണ് അച്ഛൻ എഴുതീട്ടുള്ളത്...

ശരിയാവാം... ഞങ്ങൾ എല്ലാവരുടേയും എല്ലാത്തരം അനാഥത്വത്തിനും ഏറ്റവും അധികം കളമൊരുക്കിയത് ആ കേസായിരുന്നല്ലോ. എനിക്ക് ആ ശിശുപ്രായത്തിൽ തന്നെ അതറിയാൻ പറ്റീട്ടായിരിക്കാം എന്നൊക്കെ ഞാൻ അത് വായിച്ചപ്പോൾ വിചാരിച്ചു.

അമ്മയ്ക്ക് ഒത്തിരി മുലപ്പാൽ വന്നതുകൊണ്ട് റാണി പാലു കുടിച്ച് നല്ല തക്കുടുവായി വളർന്നു. തലയിൽ തൊപ്പി വെച്ച പോലെ കറുത്ത മുടിയും ബദാം പരിപ്പ് പോലെയുള്ള കണ്ണുകളുമാരുന്നു അവൾക്ക് ഒരുപാട് കാലം. ഗ്ളാക്സോ ബേബി ആവേണ്ട ഗതികേട് മുലപ്പാൽ കിട്ടിയ തുകൊണ്ട് അവൾക്ക് വന്നതേയില്ല.

കേസ് എന്ന ഈതിബാധ വീട്ടിൽ വലിയ കരിനിഴൽ പതിപ്പിക്കാൻ തുടങ്ങി. വക്കീൽ ഫീസ് എപ്പോഴും വലിയ കുരിശാണ്. എത്ര ഇട്ടാലും നിറയാത്ത ഒരു കിണറാണ്. അമ്മയും അമ്മീമ്മയും സമ്പാദിച്ചതിൻറെ സിംഹഭാഗവും വക്കീലുമാർ പിന്നീടുള്ള കാലമത്രയും അവരുടെ പോക്കറ്റിലാക്കി

വീട് നഷ്ടമാവുമോ എന്ന ആധി അമ്മീമ്മയെ കാർന്നു തിന്നിരുന്നു. ആ വീടിനെ ഉൾപ്പെടുത്തിയതുകൊണ്ടുമാത്രമാണ് അമ്മയും അമ്മീമ്മയും കേസു പറയാൻ പോയത്. അല്ലെങ്കിൽ അവർ അതിനു മുതിരുകയേ ഇല്ലായിരുന്നു.

അമ്മീമ്മ ഹെഡ് മിസ്ട്രസ്സായിരിക്കേ, തൃക്കൂർ സർവോദയ സ്ക്കൂൾ പഞ്ചായത്തിനെ ഏല്പിച്ച് ഹൈസ്‌കൂൾ ആക്കി മാറ്റാൻ മാനേജർ ടി പി.സീതാരാമൻ തീരുമാനിച്ചു. അമ്മീമ്മ സർവാത്മനാ ആ തീരുമാനത്തെ പിൻതുണച്ചു. അങ്ങനെ സ്ക്കൂൾ വലുതായി. വലിയ പണ്ഡിതർ സ്ക്കൂളിൽ വന്ന് പഠിപ്പിക്കാൻ ആ തീരുമാനം കാരണമായി.

കേസ് കൊടുക്കുക വഴി അമ്മയും അമ്മീമ്മയും പൂർണമായും ബന്ധുക്കൾ ആരുമില്ലാത്തവരായിത്തീർന്നു. വീടും കൂടി ഇല്ലാത്ത അമ്മീമ്മയോട് സംസാരിച്ചാൽ തങ്ങൾ ക്കു വല്ല ധനസഹായവും നല്കേണ്ടി വന്നെങ്കിലോന്ന് ഭയന്ന് എല്ലാവരും പരിപൂർണമായും അകന്നു നിന്നു.

കേസ് അച്ഛനെയും ആകെ മാറ്റിത്തീർത്തു. അമ്മയുടെ വില കൂടിയ കളിപ്പാട്ടമെന്ന സ്ഥാനം ഇടിഞ്ഞു . കവിയൂർ പൊന്നമ്മയുടേയോ കെ പി ഏ സി സുലോചനയുടേയോ കഴിവോ പണമോ പ്രശസ്തിയോ അമ്മക്കില്ലെന്ന് അച്ഛന് മനസ്സിലായി. ഈ നശിച്ച കേസ് എത്ര നാൾ നടത്തേണ്ടി വരുമെന്ന് അച്ഛനും അറിയില്ലായിരുന്നല്ലോ. പ്രേമവിവാഹം കഴിച്ച് അച്ഛന് ആകെ കിട്ടിയത് രണ്ടു പെൺമക്കളും ഒരു ഭാര്യയും ബാധ പോലെ കൂടെ സഹിക്കേണ്ടി വരുന്ന ഒരു അമ്മീമ്മയും കുറേ പണവും സമയവും ചെലവാക്കേണ്ട ഒരു കോടതി കേസും വിദ്യാഭ്യാസ വകുപ്പിൽ കയറി ഇറങ്ങി കണ്ട ക്ളർക്കുമാരുടെ മുന്നിൽ തല കുനിച്ച് ശരിയാക്കേണ്ടുന്ന സസ്പെൻഷൻ പ്രശ്‌നവും ജാതകപ്രശ്നവുമാണ്. അച്ഛൻറെ വീട്ടുകാർക്കിഷ്ടമില്ലാത്ത കല്യാണം കഴിച്ചിട്ട് അച്ഛന് എന്തു മാങ്ങാത്തൊലിയാണ് കിട്ടിയത്.

അച്ഛനും മടുത്തു.

അമ്മീമ്മ എന്ന വിളി അച്ഛൻ പതുക്കെ അവസാനിപ്പിച്ചു. ആ സ്ത്രീ, പന്ന സ്ത്രീ, കല്യാണം എന്നൊക്കെയായി പരാമർശങ്ങൾ. അമ്മീമ്മ ഉറക്കെ സംസാരിച്ചു എന്ന കുറ്റം വന്നു. അഹങ്കാരി എന്ന പേരായി. എന്നെയും മടിയിൽ വെച്ച് അടുക്കള വരാന്തയിലിരുന്ന് മുറത്തിലെ അരിയിൽ നിന്ന് കല്ലു പെറുക്കുന്ന അമ്മീമ്മ അച്ഛൻറ സുഹൃത്തിനെ കണ്ട് എണീറ്റ് നിന്ന് ബഹുമാനിക്കാൻ വൈകിയതും അതിനു ന്യായം പറഞ്ഞതും അച്ഛനു പൊറുക്കാൻ പറ്റിയില്ല. 'പന്ന സ്ത്രീയേ, ഇവിടെ ഒരു ഡോക്ടറുടെ വിലയ്ക്കനുസരിച്ച് ജീവിച്ചോളണ'മെന്ന് അച്ഛൻ അമ്മീമ്മയോട് ഒച്ചവെച്ചു.

അന്ന് രാത്രിയാണ് എൻറെ അമ്മയ്ക്ക് ജീവിത ത്തിലാദ്യമായി കരണത്ത് അടി കിട്ടുന്നത്.

അമ്മയും അമ്മീമ്മയുമെന്ന അനാഥ സ്ത്രീകളും അമ്മ പെറ്റിട്ട അനാഥ പെൺകുട്ടികളും അങ്ങനെ ജീവിതം തുടർന്നു.

No comments: