Saturday, August 17, 2019

അമ്മച്ചിന്തുകൾ 33

                                                                   
വേദന സഹിക്കാതെ അമ്മ ആയുർവേദ ചികിത്സ എടുക്കാൻ തീരുമാനിച്ച് തൃക്കൂരേക്ക് വന്നു. അച്ഛനു അവജ്ഞയായിരുന്നു കണ്ട വടക്കോട്ടു പോകുന്ന വേരും തെക്കോട്ടു പോകുന്ന ഇലയും ഒക്കെ വേവിച്ച് അതിൻറെ നീരും എണ്ണയും കലർത്തി ചികിത്സിക്കുന്നതിൽ... എങ്കിലും വേദന എന്ന മഹാശല്യം ഒഴിവാകാൻ വേണ്ടി അച്ഛൻ ഒടുവിൽ അതിന് വഴങ്ങി.

അമ്മയുടെ അപ്പാ സുബ്ബരാമയ്യർക്ക് വലിയൊരു ആയുർവേദ വൈദ്യശാലയുണ്ടായിരുന്നു. പുത്തൂർ നമ്പീശൻ, കുന്നത്തുവളപ്പൻ, പാണനാർമാരായ ചില പ്രഗൽഭ ആയുർവേദ ഭിഷഗ്വരന്മാർ ഒക്കെ അവിടെ രോഗീ ചികിത്സ ചെയ്തു പോന്നു. അലോപ്പതി വൈദ്യത്തിന് അടിയന്തര ഘട്ടങ്ങളിൽ തൃശൂർ നിന്നും ഡോ. കൃഷ്ണയ്യർ വരും. ഉഷാറായി ഓടിക്കൊണ്ടിരുന്നു ആ വൈദ്യശാല. പെൺമക്കളും അവരുടെ അമ്മയും അഷ്ടാംഗഹൃദയവും ഭൈഷജ്യരത്നാവലിയും വൈദ്യന്മാരിൽ നിന്നും ചൊല്ലിക്കേട്ടു പഠിച്ചു. എന്നാൽ സുബ്ബരാമയ്യരുടെ ആൺമക്കൾക്ക് ആ വൈദ്യശാലയെ കൊന്നു കുഴിച്ചു മൂടാനായിരുന്നു ധിറുതി. സുബ്ബരാമയ്യർ മരിച്ചു പോയതോടെ കഴിവുള്ള വൈദ്യന്മാർ മടുത്തു. സ്വന്തം പാടു നോക്കി അവർ പോയി. മരുന്നരയ്ക്കാൻ ഉപയോഗിച്ചിരുന്ന വലിയ അമ്മികളും കാഞ്ഞിരക്കാതലിൽ തീർത്ത ധാരപ്പാത്തികളും ചെമ്പും ചരക്കും ഉരുളികളുമെല്ലാം ആൺമക്കൾ വിറ്റൊഴിച്ചു. കൂടെ കദളീവനമായിരുന്ന ആ പറമ്പിലെ സകല മരങ്ങളും വെട്ടിവിറ്റു. തണൽ പരത്തുന്ന വന്മരങ്ങൾ ഒത്തിരി യുണ്ടായിരുന്നുവത്രേ ആ പറമ്പിൽ..

അമ്മീമ്മ പറഞ്ഞയച്ചത് കേട്ട് കുന്നത്തുവളപ്പൻ എന്ന മഹാവൈദ്യൻ തൃക്കൂർ വീട്ടിൽ വന്നു. അമ്മയെ പത്തു ദിവസം ചികിത്സിച്ചു. അമ്മക്ക് വേദന മാറിയില്ല. അപ്പോൾ അദ്ദേഹം അറിയിച്ചു. 'ഇത് സാധാരണ ഒരു രോഗമല്ല. വിദഗ്ധ പരിശോധന വേണം. എക്സ്റേയും രക്തപരിശോധനയും ചെയ്യൂ. എന്നിട്ട് നോക്കാം.'

അമ്മ അച്ഛനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പുച്ഛം നാലിരട്ടിയായി. പുച്ഛിച്ച് പുച്ഛിച്ച് അമ്മക്ക് കാണാൻ ആഗ്രഹമുണ്ടായിരുന്ന ഓർത്തോപീഡിക് സർജനെ അച്ഛൻ കാണിച്ചതുമില്ല.

ഞങ്ങൾ കുട്ടികൾക്ക് എന്തോ പ്രശ്നമുണ്ടെന്നല്ലാതെ കാര്യം ശരിക്കും മനസ്സിലായിരുന്നില്ല. പ്രശ്നങ്ങൾക്ക് പഞ്ഞമില്ലാതിരുന്നത് കൊണ്ട് ഏതാണ് അധികം സാന്ദ്രത കൂടിയ പ്രശ്‌നമെന്നതേ അറിയാനുണ്ടായിരുന്നുള്ളൂ.

അച്ഛൻ അമ്മയെ കാണിച്ച ഓർത്തോപീഡിക് സർജൻ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു. ഡോ. ഈ ജെ തോമസ് എന്ന അദ്ദേഹം അമ്മയെ കണ്ടയുടനെ രണ്ട് കോർട്ടിസോൺ ഇൻജെക് ഷൻ കൊടുക്കാൻ തീർച്ചയാക്കി. ഈയാഴ്ച ഒന്ന് അടുത്താഴ്ച രണ്ട്.

അമ്മ ആ കുത്തിവെപ്പിനു ശേഷം കണ്ണിൻറെ പോള അടച്ചിട്ടില്ല. അന്ന് തൃക്കൂർ വീട്ടിൽ ഞങ്ങൾ മൂന്നു കുട്ടികളും അമ്മയും അമ്മീമ്മയും പിന്നെ മൂന്ന് നായ്ക്കളും ഒരു തള്ളപ്പൂച്ചയും അതിൻറെ ആറുമക്കളുമുണ്ടായിരുന്നു. അമ്മീമ്മ രാവിലെ നാലുമണിക്കുണർന്ന് വീട്ടു ജോലിയെല്ലാം ചെയ്തു രണ്ടു കിലോമീറ്റർ നടന്ന് സ്ക്കൂളിൽ പോകും. ഞങ്ങളും പോകും. അയ്യന്തോൾ നിർമലകോൺവൻറിൽ പഠിച്ചിരുന്ന ഭാഗ്യ പോവില്ല. അവളും പട്ടികളും പൂച്ചകളുമായി കരയുന്ന അമ്മക്ക് കാവലിരിക്കും. ആ കാലത്ത് ഭാഗ്യ തൃക്കൂരിലെ ലൈബ്രറി ഒരു എലിയെപ്പോലെ കരണ്ട് തിന്നുമായിരുന്നു.

മൂന്നാമത്തെ ആഴ്ച അമ്മ ഡോക്ടറോട് വേദന ഇരട്ടിയിലധികമായെന്ന് പരാതിപ്പെട്ടപ്പോഴാണ് അമ്മക്ക് ഡിക്രൂഎയിൻസ് ഡിസീസ് ആണെന്നും സർജറിയാണ് ഇനിയുള്ള മാർഗമെന്നും ഡോക്ടർ പറയുന്നത്.

ഇതൊരു ചെറിയ സർജറിയാണ്. കൈ റിസ്റ്റിലെ രണ്ട് നേർവ് ടെൻഡണുകളിൽ വന്ന നീർക്കെട്ടാണ് കാരണം എന്ന് പറഞ്ഞ് അമ്മയെ ഓപ്പറേഷനു കൊണ്ടു പോയി.

അച്ഛൻ ഒരക്ഷരം പോലും എന്നോട് പറഞ്ഞില്ല. അമ്മയെ ഒന്നു തൊട്ടു സമാധാനിപ്പിച്ചില്ല. അമ്മ നീണ്ട ഇടനാഴിയിലൂടെ നടന്നുമറയുന്നത് എനിക്ക് കാണാമായിരുന്നു.

ഡോക്ടർമാരുടെ വിശ്രമമുറിയിൽ ഞാൻ ഒറ്റയ്ക്ക് കുത്തിയിരുന്നു.

അമ്മ തിരികെ വന്നപ്പോൾ കൈ മൊത്തം പ്ളാസ്ററർ ഇട്ടിരുന്നു. അപ്പോൾ ഞാൻ അൽഭുതപ്പെട്ടുപോയി. അമ്മയുടെ വലതുകൈയിൽ പത്ത് വളകളുണ്ടായിരുന്നു. പീലി വള എന്ന് വിളിച്ചിരുന്ന മെലിഞ്ഞ വളകൾ. അത് അമ്മയുടെ അപ്പാ പണിയിച്ചതാണ്. അവ ഊരിയെടുക്കാൻ പറ്റുമായിരുന്നില്ല. അവ മുറിച്ചുമാറ്റാതെ അതിനു പുറത്താണ് പ്ളാസ്ററർ ഇട്ടിരുന്നത്.

എനിക്ക് ഒന്നും മനസ്സിലായില്ല. അച്ഛന് വല്ലവിധേനേയും ഞങ്ങളെ തൃക്കൂർ വീട്ടിൽ എത്തിച്ചാൽ മതി എന്നായിരുന്നു. ആരോട് എന്ത് ചോദിക്കണമെന്നറിയാതേ ഞാൻ പിന്നോട്ടോടുന്ന മരങ്ങളേയും കെട്ടിടങ്ങളേയും നോക്കി മൗനമായിരുന്നു.

ഒരാഴ്ച കഴിഞ്ഞു പ്ളാസ്ററർ വെട്ടണമായിരുന്നു. ആ ഒരാഴ്ച അമ്മ രാത്രിയിൽ ഉറങ്ങിയിരുന്നു. അതുകൊണ്ട് രോഗം മാറുകയാണെന്ന് ധരിച്ചു ഞങ്ങൾ സമാധാനിച്ചു. അച്ഛൻ പ്ളാസ്റ്റർ വെട്ടുന്ന ദിവസമാണ് തൃക്കൂരിൽ വന്നത്.

അന്ന് പ്ളാസ്ററർ വെട്ടിയപ്പോൾ അമ്മയുടെ കൈ കണ്ട് എല്ലാവരും ഞെട്ടിപ്പോയി. ഓപ്പറേറ്റു ചെയ്ത മുറിവ് പഴുത്തളിഞ്ഞിരുന്നു. വള മുറിക്കാത്തതുകൊണ്ടാണെന്ന് പഴുപ്പെന്ന് തീർച്ചയാക്കി, ഉടൻ തന്നെ വള മുറിപ്പിച്ചു. പിന്നെ ആ മുറിവ് എന്നും ഡ്രെസ്സ് ചെയ്യുന്ന ഏർപ്പാടായി. അത് എഴുതാനുള്ള ബലം ഇപ്പോഴില്ലാത്തതുകൊണ്ട് ....

No comments: