Thursday, August 15, 2019

അമ്മച്ചിന്തുകൾ 26

                                                                                                                                                       
തികഞ്ഞ കോൺഗ്രസുകാരായിരുന്നു അമ്മീമ്മയും അമ്മയും. എങ്കിലും ഭൂനയ ബില്ല് പാസ്സാക്കി അമ്മീമ്മയെയും അമ്മയേയും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രക്ഷിച്ചുവെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ വളരെ ചുരുക്കം ഭൂവുടമകളായിരിക്കും ചിലപ്പോള്‍ അവർ.സ്വന്തം പേരില്‍ അപ്പാ എഴുതിക്കൊടുത്ത പാട്ടനിലങ്ങള്‍ നഷ്ടപ്പെട്ടതില്‍ അവര്‍ക്ക് തെല്ലും ഖേദമില്ലായിരുന്നു. സര്‍ക്കാര്‍ അത് കുടിയാന്മാര്‍ക്ക് കൊടുത്തതുകൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടത് എന്ന് ഇരുവരും കരുതി. അതികേമമായ പാട്ടവരവ് നിര്‍ബാധം തുടരുകയായിരുന്നുവെങ്കില്‍ അവരുടെ സഹോദരന്മാര്‍ പണത്തിന്റെ ധാരാളിത്തം നിമിത്തം അമ്മീമ്മയേയും അമ്മയേയും വകവരുത്താന്‍ പോലും മടിക്കുമായിരുന്നില്ല എന്ന ഉത്കണ്ഠ അവർ ചിലപ്പോഴൊക്കെ പങ്ക് വെച്ചിരുന്നു.

ഈ കേസിനു വേണ്ടി അലയുന്ന കാലത്താണ് നേരത്തേ പറഞ്ഞ സസ്‌പെൻഷനും ജാതകപ്രശ്നവും ഒക്കെ ഇടക്കിടെ പൊന്തിവന്ന് ആധി കയറ്റുക. അസാമാന്യമായ ശാന്തതയോടെയാണ് അമ്മീമ്മ അതെല്ലാം നേരിട്ടിരുന്നത്. അവർക്ക് ചായാനൊരു ചുമലോ ചേർന്ന് നില്ക്കാൻ ഒരു നെഞ്ചോ ഇല്ലായിരുന്നു. അതുകൊണ്ട് അമ്മീമ്മ തല നിവർത്തിപ്പിടിച്ച് ഒട്ടും കുനിയാതെ ജീവിതം മുഴുവൻ തനിച്ചു തന്നെ നടന്നു നീങ്ങി.

അമ്മ കുറ്റബോധം നിമിത്തം നീറി ദഹിച്ചു. അമ്മയുടെ കല്യാണത്തീരുമാനം അമ്മീമ്മയെ കൊല്ലാതെ കൊന്നതിൽ, ബോധം മറയുന്ന അന്ന് വരെ , ആ അവസാനകാലം വരെ എൻറെ അമ്മ അതിതീവ്രമായി നൊമ്പരപ്പെട്ടിരുന്നു. അവരിരുവരുടേയും ജീവിത സമരങ്ങളിൽ അച്ഛൻ ഒരു ഫോൺ ചെയ്യുന്നതോ ഒരു ഓഫീസറെ പരിചയപ്പെടുത്തുന്നതോ ഒക്കെ അവർക്ക് വലിയ കാര്യവും സഹായവും ആയിരുന്നു. അതിനു അമ്മ എത്ര തന്നെ താഴ്ന്നു നിന്നാലും അച്ഛനു വേണ്ടത്ര സംതൃപ്തിയുണ്ടാവുമായിരുന്നില്ല താനും.

എന്നേയും റാണിയേയും തൃക്കൂരു വീട്ടിൽ വന്നു കാണാൻ മാസത്തിൽ ഒരു തവണയേ അനുവദിക്കൂ എന്നായിരുന്നു ഞങ്ങളെ അമ്മീമ്മയുടെ പക്കൽ വിട്ടതിനായി, അമ്മക്ക് അച്ഛൻ വിധിച്ച ശിക്ഷ. അങ്ങനെയാണ് ചില ശനിയാഴ്ചകളിൽ ഞങ്ങൾ അമ്മയുടെ ഓഫീസിൽ പോയിത്തുടങ്ങിയത്.

വീട്ടുജോലിക്ക് സഹായികളെ കിട്ടാതെയായ ഒരു അവസ്ഥ വന്നപ്പോൾ നാലു വയസ്സുള്ള റാണിയെ അഞ്ചു വയസ്സായി എന്ന് പറഞ്ഞ് സ്കൂളിൽ ചേർക്കാൻ കൊണ്ടു പോയി. റാണിയെ നോക്കി വളർത്തുന്നത് അമ്മീമ്മയാണെങ്കിലും അവർ റാണിയുടെ ആരുമല്ലെന്നും അതുകൊണ്ടു തന്നെ അവർക്ക്
റാണിയേ സ്കൂളിൽ ചേർക്കാൻ അവകാശമില്ലെന്നും ഹെഡ് മാസ്റ്റർ അറിയിച്ചു. തൊഴുക്കാട്ട് ഭാസ്‌കരമേനോൻ ആയിരുന്നു ഹെഡ് മാസ്റ്റർ. അദ്ദേഹം ഒരു പുസ്തകം നോക്കി വായിച്ചാണ് നിയമം പറഞ്ഞത്. അമ്മീമ്മക്ക് ഞങ്ങളോടുള്ള സ്നേഹത്തെ അംഗീകരിക്കാനാവാത്ത ആ നശിച്ച നിയമത്തെ അന്നേ ഞാൻ വെറുത്തു.

സങ്കടപ്പെട്ട് തിരിച്ചു എത്തിയപ്പോൾ അമ്മ വന്നിരുന്നു .തനിച്ചായിരുന്നു അമ്മ. ഓഫീസിലെ ആരുടേയോ വിവാഹത്തിന് മരത്താക്കര വരെ വന്നതായിരുന്നു . അപ്പോൾ ഞങ്ങളെ ഒന്നു കാണാമെന്ന് കരുതി വീട്ടിലേക്ക് എത്തിയതാണ് . അങ്ങനെ അമ്മ തന്നെ റാണിയെ സ്ക്കൂളിൽ ചേർത്തു.

ആയിടക്കാണ് ഇരിങ്ങാലക്കുട കോടതി അമ്മയേയും അമ്മീമ്മയേയും കേസിനായി വിസ്തരിക്കുന്നത്. ആ രണ്ട് ദിവസങ്ങളും ഞാൻ ജീവിത ത്തിൽ ഒരിക്കലും മറക്കുകയില്ല.

സഹോദരന്മാരുടെ വക്കീൽ ചോദ്യങ്ങൾ കൊണ്ട് അവരെ നിറുത്തിപ്പൊരിക്കുകയായിരുന്നു. അപ്പോൾ ചേട്ടൻ അനുജനാകുമെന്ന് എനിക്ക് മനസ്സിലായി. അമ്മീമ്മക്ക് പ്രായം കൂടുതലാണെന്ന് സ്ഥാപിക്കാനായിരുന്നു ആ ശ്രമം.

വില്പത്രം അംഗീകരിക്കില്ലെന്ന് സഹോദരന്മാർ തീർത്തു പറഞ്ഞു.

അവരുടെ വക്കീലിനെ പലപ്പോഴും നിയന്ത്രിച്ച, ചിലപ്പോൾ ശാസിച്ച വിഷ്ണു നമ്പീശൻ എന്ന ജഡ്ജിയെ എനിക്ക് നന്നായി ബോധിച്ചു. വിചാരണ കഴിഞ്ഞ് പ്രതിക്കൂട്ടിൽ നിന്നിറങ്ങിയ അമ്മയേയും അമ്മീമ്മയേയും കെട്ടിപ്പിടിച്ച് ഞാൻ ഒരു പ്രതിജ്ഞ എടുത്തു. 'ഞാൻ വലുതാകുമ്പോൾ ഒരു ജഡ്ജിയായിത്തീരും.'

പിന്നേയും കോടതി നടപടികൾ തുടർന്നു.. വക്കീലിനെ കാണൽ തുടർന്നു. അച്ഛൻ അമ്മയെ അടിച്ചുകൊല്ലുമോ എന്ന ഭീതി ഞങ്ങൾക്കൊപ്പം ജീവിച്ചു, വളർന്നു,വലുതായി.

അയ്യന്തോളിലെ വീട് അച്ഛൻറെ പൂർണ നിസ്സഹകരണത്തിലും പൂർത്തിയാവുക തന്നെ ചെയ്തു. സിവിൽ എൻജിനീയർ ആയ മുസ്തഫ അങ്കിൾ എന്ന ഉമാപ്പയും കോൺട്രാക്ടർ രാജാരാമനുമായിരുന്നു കാരണം. രാജാരാമൻ സിവിൽ എൻജിനീയറും
അമ്മയുടെ ഒരു ബന്ധുവുമായിരുന്നു . വീടുപണിയുടെ പണം കൊടുത്തു തീർത്തിട്ടില്ലാത്തപ്പോഴും ആ കോൺട്രാക്ടർ അച്ഛന് പുതിയ വീടിൻറെ താക്കോൽ കൊടുത്തു. ഉമാപ്പ ചുമ്മാ ഡിസൈൻ ചെയ്ത് വീട് നിർമ്മാണത്തിന്റെ മേൽനോട്ടം വഹിച്ചു. ഉമാപ്പയുടെ ഉമ്മ അങ്ങനെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അമ്മയുടേയും അമ്മീമ്മയുടേയും ഉറ്റ സുഹൃത്തായിരുന്നു അവർ. ഉമാപ്പ ഉമ്മയുടെ നല്ല മകനായിരുന്നു.

അച്ഛന് വീട് ഇഷ്ടമായിരുന്നില്ല. എന്നും പറയും 'രാജാരാമനെ വെടിവെക്കണം അയാൾ വീട് മോശമാക്കി പണിതു. '

ആ വീട് ഇന്നും ഭംഗിയായി നിലനില്ക്കുന്നത് കാണുമ്പോൾ അച്ഛൻ പറഞ്ഞിരുന്നത് പച്ചക്കള്ളമാണെന്ന് തോന്നിപ്പോകുന്നു.

എന്തായാലും പണം കൊടുക്കാതെ കിട്ടിയ താക്കോൽ അച്ഛന് പ്രധാന മായി തോന്നിയില്ല. അത് നഷ്ടപ്പെട്ടു. പിന്നെ താക്കോൽ ചോദിച്ചത് രാജാരാമനും ഇഷ്ടമായില്ല. അയാൾ പണം കിട്ടാനുണ്ടെന്ന പ്രോനോട്ട് എഴുതി വാങ്ങിയിട്ടേ ഡ്യൂപ്ളിക്കേറ്റ് താക്കോൽ നൽകിയുള്ളൂ. അങ്ങനെ അച്ഛനു കോപം അതിയായി വർദ്ധിച്ചു. രാജാരാമനെ ബോംബ് വെച്ചും അയാളെക്കൊണ്ട് വീടുപണി ചെയ്യിച്ച അമ്മയേയും അമ്മീമ്മയേയും വെടിവെച്ചും
കൊല്ലണമെന്നായി അച്ഛൻറെ ഉഗ്രത.

ഇതൊക്കെ ഞങ്ങൾ കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കിയ വൈകാരികമായ അരക്ഷിതത്വത്തിന് അളവോ കണക്കോ ഇല്ല. അത് പറഞ്ഞോ എഴുതിയോ ഫലിപ്പിക്കാനുള്ള ഭാഷയും എനിക്കില്ല..

അത്തരം ഭീതികളിൽ നിന്നും രക്ഷ നേടാനാണ് ഞാൻ പുസ്തകങ്ങളെ കൂട്ടുപിടിച്ചത്. റാണി അമ്മീമ്മയുടെ വീട്ടുപറമ്പിൽ വരുന്ന കിളികളോടും കീരീകളോടും ചെടികളോടും തികച്ചും മൗനമായി സംസാരിച്ചു. ഞങ്ങൾ ഒന്നിച്ചു പയറു നട്ടു. പറ്റാവുന്ന ചെടികൾ ഒക്കെ നട്ടുപിടിപ്പിക്കാൻ അമ്മീമ്മക്ക് കൂട്ടായി.

വ്യത്യസ്തമായ നിറങ്ങളിലുള്ള ചെമ്പരത്തിപ്പൂക്കൾ രണ്ടു ഡസനെങ്കിലും ഉണ്ടായിരുന്നു ആ വീട്ടിൽ, പല തരം മുല്ലത്തരങ്ങൾ, പനിനീർപ്പൂക്കൾ,മന്ദാരങ്ങൾ, കൃഷ്ണകിരീടം... അങ്ങനെ ഏറെപ്പൂക്കൾ...

ധാരാളം പച്ചക്കറികൾ... ഒന്നും വില കൊടുത്ത് വാങ്ങിയിരുന്നില്ല. വാഴകൾ..മുരിങ്ങ മരം, അമ്മീമ്മ നട്ടു പിടിപ്പിച്ച തെങ്ങിൻ തൈകൾ, കശുമാവുകൾ... ചാമ്പക്ക, സപ്പോട്ട, പേര എന്തൊരു പച്ചപിടിച്ച പറമ്പായിരുന്നു അത്.... ഇളം കാറ്റു പോലും പൂക്കളുടെ സുഗന്ധം പേറിയിരുന്നു.

ഇവയോടൊക്കെ സംസാരിച്ചും ഭയങ്ങളും ആധികളും സങ്കടങ്ങളും പങ്കു വെച്ചും പുസ്തകങ്ങൾ വായിച്ചും ഞങ്ങൾ വളർന്നുകൊണ്ടിരുന്നു. ഏറ്റവും ലളിതമായ ജീവിതരീതികളായിരുന്നു ഞങ്ങളുടേത്.

ഒത്തിരി സവർണ ജാതിവൈരാഗ്യം പുലർത്തുന്ന ടീച്ചർമാർ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണക്കുട്ടികൾക്കും നായർ കുട്ടികൾക്കും ഞങ്ങളേക്കാൾ മാർക്ക് കുറവാണെങ്കിൽ, ഞങ്ങളുടെ സ്ലേറ്റ് തിരികെ വാങ്ങി അവരേക്കാൾ മാർക്ക് കുറച്ചിടുക എന്നത് സ്കൂളിലെ ഒരു സ്ഥിരം പരിപാടിയായിരുന്നു. ആശാരിയുടെ മക്കൾ എന്നതായിരുന്നു പലപ്പോഴും ഞങ്ങൾ പരാമർശിക്കപ്പെട്ടിരുന്നത്. അതിലുള്ള തമാശ എന്താണെന്ന് വെച്ചാൽ അച്ഛനോളം വിദ്യാഭ്യാസവും അത്രയും വലിയ ഉദ്യോഗവും അന്ന് ആ ഗ്രാമത്തിൽ ആർക്കും ഉണ്ടായിരുന്നില്ല. എന്നിട്ടും സവർണതയുടെ അഹങ്കാരത്തിന് യാതൊരു കുറവും വന്നില്ല.

തൃക്കൂർ മഹാദേവക്ഷേത്രത്തിൽ പോവുമ്പോൾ ഞങ്ങളുടെ ഒപ്പമുള്ള ശുദ്ധ ബ്രാഹ്മണക്കുട്ടികൾക്കും മറ്റും കൈയിൽ പ്രസാദം നല്കിയിരുന്ന പൂജാരി ഞങ്ങളിരുവർക്കും കല്ലിൽ എറിഞ്ഞു തരികയേയുള്ളൂ. അപ്പോൾ അവരൊക്കെ ഞങ്ങളെ പരിഹസിച്ചു പുഞ്ചിരി തൂകും. റാണി അമ്പലത്തിൽ പോവും മുമ്പേ വീട്ടിൽ നിന്നും ചന്ദനം അരച്ചു കുറി തൊട്ട് പ്രസാദം ബഹിഷ്ക്കരിക്കാമെന്ന് എന്നെ പഠിപ്പിച്ചു. കർപ്പൂരാരതിയും അഞ്ച് തട്ട് ആരതിയും ഒറ്റ വിളക്കാരതിയും ഞങ്ങൾ, ഇരുവരും സവർണരുടെ അകറ്റിനിറുത്തൽ കൊണ്ട് പൂർണമായും ബഹിഷ്കരിച്ച ആരാധനകളാണ്.

നമ്മളെ മോശമെന്ന് പറയുന്നിടത്ത് എന്തിനു പോകണമെന്ന് അന്നൊക്കെ ഞങ്ങൾ വളരെ ഗൗരവമായി ആലോചിച്ചിരുന്നു.

No comments: