30/06/19
എന്തോ ചില പരിഷ്ക്കാരമൊക്കെ വന്നതോടെ ലോകത്തെല്ലാവരും ജോലിക്കാരായി എന്നാണ് ടീ വീ ലും റേഡിയോയിലും വാർത്തകൾ വായിക്കുന്നവർ പറയുന്നത്. ശരിയായിരിക്കും . ഞാൻ എല്ലാവരിലും പെടുന്നില്ലല്ലോ അല്ലേ.. അതിൻറെ കുഴപ്പമാവും...
ജോലിയില്ല ഇപ്പൊ..
വെയിലത്തും മഴയത്തും മഞ്ഞത്തും അലഞ്ഞലഞ്ഞ് മടുത്തു. വയസ്സ് നാല്പതായി. ജോലി ഇല്ലാതെ കഴിഞ്ഞു കൂടാൻ പറ്റില്ല. അച്ഛനുണ്ട്. രോഗിയാണ്. ഓർമ്മ ഇല്ല. ചികിൽസിക്കണം. അത് മുടക്കാൻ വയ്യ.
കല്യാണം ഒരെണ്ണം കഴിച്ചു. അതൊക്കെ വേണ്ട കാലത്ത് ചെയ്തു. എന്തു ഫലം? അവൾക്ക് വേണ്ട തൊന്നും കൊടുക്കാൻ പറ്റിയില്ല.
എല്ലാറ്റിനും കാശു വേണം. കുപ്പിവള വാങ്ങാനായാലും വേണ്ടേ കാശ്? പറ്റുന്ന ജോലിയൊക്കെ ചെയ്തു നോക്കി. ഒന്നിലും പച്ചപിടിച്ചില്ല.
അവൾക്ക് ദാരിദ്ര്യം മതിയായി. കാശില്ലെങ്കിൽ സിനിമേം ടീവീം മൊബൈലും ഒക്കെ കിട്ടാൻ ബുദ്ധിമുട്ട് തന്നെയാണ്. ഓർമ്മ കുറഞ്ഞ അച്ഛനും വെള്ളം വരാത്ത പൈപ്പും ഒക്കെ അങ്ങ് കളഞ്ഞ് അവൾ പോയി. പിന്നെ വന്നില്ല. എന്ത് മോന്തയും കൊണ്ട് ചെന്ന് വിളിക്കും ?
ഒരു കാര്യം നന്നാക്കാൻ പറ്റിയിട്ടില്ല. അതേ പളപളപ്പുള്ള നഗരം, അതേ ചേരി, അതേ ഒടിഞ്ഞ ചാർപ്പായി, വെള്ളം വരാത്ത പൈപ്പ്, ഓർമ്മക്കുറവ് കുറെക്കൂടി കൂടുതലായ അച്ഛൻ, അഞ്ചാറുമാസത്തേക്ക് മാത്രമായിട്ട് കിട്ടുന്ന പലതരം ജോലികൾ. അവള് പോയത് നന്നായി എന്ന് ചെലപ്പൊ തോന്നും. ഈയിടെ എപ്പഴും അങ്ങനെ തോന്നുന്നുണ്ട്.
അച്ഛനെ ജുഗ്ഗിയുടെ തൂണിൽ കെട്ടിയിട്ടിട്ടാണ് പോകുന്നത്. അഴുക്ക് ചാലിൻറടുത്ത്. അടുത്ത പരിസരത്തെ ചാച്ചുകുത്തി മുറിലുള്ള ദീദിയോ ചാച്ചിയോ കാക്കിയോ ഒക്കെ വല്ലതും കൊടുത്താലായി. ഇല്ലെങ്കിൽ വരണവരെ അവടെ കെടക്കും. തൂറീതും മുള്ളീതും ഒക്കെണ്ടാവും. ഒന്നു രണ്ടു ബക്കറ്റ് വെള്ളം തറേലും അച്ഛൻറെ മേലും കമഴ്ത്തി വെടുപ്പാക്കി റൊട്ടീം ദാലും വായിൽ തിരുകി കേറ്റി കൊടുക്കും. എന്നാലും വിശക്കുന്നുവെന്ന് രാത്രി കരയും. വല്ല തുണിയെടുത്ത് തിരുകാൻ തോന്നാറുണ്ട്. ആട്ട വെള്ളത്തിൽ കുഴച്ച് കൊടുത്തു വായടപ്പിക്കും അപ്പോ.
വേറെ ഗതിയൊന്നുമില്ല. ഒന്നും മെച്ചപ്പെട്ടിട്ടില്ല. ചിലപ്പോ മനസ്സ് മടുക്കുമ്പോൾ ചേരിയിൽ ചില പെണ്ണുങ്ങളെ കാണാൻ പോവും. കാശ് കൊടുത്തിട്ടാണെങ്കിലും വല്ലാതെ വീർപ്പുമുട്ടുമ്പോൾ അതൊരു സുഖമാണ്. എല്ലാം കഴിയുമ്പോൾ ശരിക്കും ഒരു നല്ല ഉറക്കമെങ്കിലും കിട്ടും.
ഒന്നും നന്നായിട്ടില്ല. കുറെ വണ്ടികൾ ചീറിപ്പാഞ്ഞു പോകുന്നുണ്ട്. മാളുകളുണ്ട്. പാലങ്ങളും റോഡുകളും ഫ്ലാറ്റുകളും വന്നിട്ടുണ്ട്. ആർക്കൊക്കേയോ ഒരുപാട് മെച്ചമുണ്ടായി എന്ന് കേൾക്കുന്നു. നല്ലത് തന്നെ. എനിക്ക് ഒരു ഗുണവും വന്നില്ല... അത്രേയുള്ളൂ.
അതാണ് പണിക്കാരുടെ കണക്ക് എഴുതണ പണിക്ക് വിളിച്ച ഉടനെ പോകാന്ന് വെച്ചത്.. അക്ഷരം തെറ്റും എന്നാലും അക്കം തെറ്റില്ല എന്ന ധൈര്യമേയുള്ളൂ.
സച്ചേലാൽ എന്നാണ് ലേബർ കോൺട്രാക്ടറുടെ പേര്. സത്യം മാത്രം ഇല്ല. നൂറു പണിക്കാരെ കൊണ്ടുവരും. നൂറ്റിപ്പത്താണെന്ന് പറയും. എന്നും തല്ലും പിടീം ഉണ്ടാക്കാൻ വയ്യ. ഇപ്പൊ കണ്ണടയ്ക്കാൻ ശീലിച്ചു. പത്ത് പേരുടെ പേര് ചുമ്മാ എഴുതിയാൽ സച്ചേലാലിന് 5000 രൂപ നേരെ ഒരു ദിവസം ലാഭം. ഇടക്കും മുറക്കും അമ്പതും നൂറും അതിനായി തരുന്നുണ്ട്. കൃത്യമായ ഒരു വരുമാനം വന്നാൽ ആ ചട്ടൻ ചെക്കനെ പിടിച്ചു വീട്ടിൽ നിറുത്തണം. അപ്പോ അച്ഛനേം നോക്കാം. വൈകുന്നേരം ചെല്ലുമ്പോൾ ഇത്തിരി ദാലും വെള്ളവും ചോറും വെച്ച് കിട്ടാൻ ഭാഗ്യം വന്നാൽ അതുമായല്ലോ. ചട്ടൻ ചേരിയിൽ തെണ്ടിത്തിന്നാണ് കഴീന്നത്. ആൾക്കാർ തിന്നാനും കുടിക്കാനും ഒന്നും അങ്ങനെ കൊടുത്തില്ലെങ്കിലും അടിയും ചവിട്ടും ഇഷ്ടം പോലെ കൊടുക്കും.
ഇതൊക്കെ ആശയാണ്. ഏതാശ നിവർത്തിക്കണമെങ്കിലും പൈസ വേണം... അപ്പോ സച്ചേലാലിനോട് വഴക്കിടാത്തതാണ് നല്ലത്.
വലിയ ആപ്പീസർമാരൊന്നും ഇതിൽ ഇടപെടില്ല. അവർക്ക് സാധനം വാങ്ങണ പരിപാടികളിലാണ് ഇഷ്ടം. അതിലിങ്ങനെ ആയിരമൊന്നുമല്ലല്ലോ ലക്ഷങ്ങളല്ലേ മറിയുക...
അല്ലെങ്കിലും പഠിപ്പും വിവരവും കൂടിയവര് ചെയ്യുന്ന കള്ളത്തരം സച്ചേലാലിനും എനിക്കു മൊക്കെ ആലോചിക്കാൻ പോലും പറ്റില്ല... എന്തിനാ പറ്റാത്തതൊക്കെ ആലോചിച്ചു കൂട്ടുന്നത്.
അങ്ങനെ കണ്ണടച്ചതാവും ഇപ്പൊ ഈ ആഴ്ചക്കൂലി കൊടുക്കലും ജോലിയായി വന്നത്...
ഹാജരായ ദിവസം, പണിയെടുത്ത നേരം, പെണ്ണുങ്ങൾക്ക് മുല കുടിപ്പിക്കാൻ ഇത്തിരി നേരം ഉച്ചയ്ക്ക് മുമ്പും പിമ്പും കൊടുക്കലുണ്ട്...അതിൻറേം കണക്ക് എഴുതിയത്.. ഒക്കെ നോക്കി തട്ടിക്കിഴിച്ചാണ് കാശ് കൊടുക്കുന്നത്. മേസ്തിരിമാരേ നോക്കാൻ കൂടുതൽ വിവരമുള്ളവർ ഉണ്ട്. സച്ചേലാലിനും സർവാണികൾക്കും ഞാൻ മതി.
കാശ് കൊടുക്കാരുന്നു. അപ്പോഴാണ് കുഴപ്പമായത്. ഹരീടെ പേരു വിളിച്ചപ്പോ അവൻറെ ഭാര്യേം വന്നു. ഒക്കത്തൊരു കൊച്ച്, ഒരെണ്ണം വയറ്റില്, പിന്നൊരെണ്ണം കൈയിൽ തൂങ്ങീട്ട്.. അവളുടെ പുറത്തൊരു മാറാപ്പും.
ഹരി അവൻറേം അവളുടേം ഒപ്പിട്ടു. എന്തൊപ്പ്? ഒരെണ്ണത്തില് ഹ എന്നും ഭാര്യേടേതില് മ എന്നും എഴുതി ഒരു വട്ടം വരച്ച് ഹ യില് മൂന്നു കുത്തും മ യില് ഒരു കുത്തും.
ഭാര്യേടെ കാശും അവൻ തന്നെ വാങ്ങിയത്.. എന്നിട്ട് അവൻ ഒറ്റപ്പോക്കാണ്.
പെണ്ണ് കൈയും നീട്ടി നിക്കണത് കണ്ടപ്പോ വല്ലായ്മ തോന്നി.
അവളോട് അവൻറേല് കൊടുത്തിട്ട്ണ്ടെന്ന് പറഞ്ഞ താമസം, 'നിന്നെ പുഴുവരിക്കുമെടാ'ന്ന് മുഖത്ത് തുറിച്ച് നോക്കി പ്രാകിയിട്ട് പെണ്ണ് അവൻറെ പിറകേ ഓടുന്നത് കണ്ടു.
പടക്കം പൊട്ടണ പോലെ. അടീടെ ഒച്ച കേട്ടപ്പോഴാണ് തല പൊക്കി നോക്കിയത്. ഹരി അവളെ അടിച്ച് പല്ലുകൊഴിക്കുകയാണ്. വീണുപോയ അവളെ പിന്നേം ചവിട്ടുന്നു. പെണ്ണുങ്ങൾ ഓടിപ്പോയപ്പോൾ ഹരി വേഗം സ്ഥലം വിട്ടു.
മനസ്സാകെ കലങ്ങി..
ആദ്യ ദിവസം തന്നെ ഇങ്ങനെയായല്ലോ.
ആണുങ്ങളാണ് കാര്യം പറഞ്ഞത്. പെണ്ണുങ്ങൾക്ക് മുല കുടിപ്പിച്ച നേരം പറഞ്ഞും ആണുങ്ങൾ ക്കൊപ്പം പണിത് കൂട്ടാൻ പറ്റില്ലാന്ന് പറഞ്ഞും കൂലി കുറവാണ് കൊടുക്കല്. ഉള്ള കൂലി ഭർത്താക്കന്മാർക്ക് തന്നെ നല്കും. പെണ്ണുങ്ങൾ ക്ക് എഴുതാനും വായിക്കാനും അറിയില്ല. എത്ര എന്നറിയാതെ ഒപ്പ് വരക്കും. ഇന്ന ദിവസം ഇത്ര നേരം പണിതു എന്ന് പെണ്ണുങ്ങൾ പറയുമ്പോ ഒക്കെ കംപ്യൂട്ടറിലുണ്ട് നിൻറെ പൊട്ടക്കണക്കൊന്നും ഇവിടെ വേണ്ട എന്ന് പറഞ്ഞാൽ മതി. ഹരി അടിച്ചത് അവൻറെ ഭാര്യയേ അല്ലേ.. സ്വന്തം ഭാര്യേ തല്ലാൻ ആരുടെ സമ്മതം വേണം..
തല പെരുത്തു. പിന്നേം കള്ളത്തരം തന്നെ.. കാശ് ബാക്കി വന്നത് സത്യം എഴുതിയകൊണ്ടാണ്. ഇവര് പറഞ്ഞു തന്ന ചേലിൽ എഴുതീരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു.
രണ്ടായിരം രൂപയുണ്ട്. എടുത്താലും ആരും അറിയില്ല. അക്കമെഴുതി മുട്ടിക്കാൻ ഇപ്പോൾ അറിയാം.
സത്യം കളവാക്കല് എളുപ്പമാണ്.
പണം എണ്ണി ധൈര്യമായി ഷർട്ടിൻറെ പോക്കറ്റിൽ വെച്ചു. കടലാസ്സുകളും മറ്റ് അനുസാരികളും എല്ലാം അലമാരിയിൽ വെച്ചു പൂട്ടി.
ആ കട്ടിൽ മാറ്റണം. കിടക്കാൻ അല്പം കൂടി സുഖമുണ്ടാവുന്നത് നല്ലതാണ്. ചട്ടനെ പിടിച്ചു പണിക്ക് നിറുത്താൻ പറ്റുമോ എന്നറിയണം. കുറച്ച് കള്ളത്തരം ചെയ്യാതെ ആരും നന്നായ ചരിത്രമില്ല.
പുറത്തിറങ്ങി ബസ്സ്സ്ററോപ്പിലേക്ക് നടക്കുമ്പോഴാണ് ഹരീടെ ഭാര്യയേം മക്കളേം കണ്ടത്. ഫുട് പാത്തിൽ ഇരുന്നു ആ കറുത്ത നീളൻ കായ ഈമ്പുന്നു. ആ കായേടെ പേര് എന്താവോ ഇപ്പോ ഓർമ്മ വരണില്ല.
പാവം, പെണ്ണ്. അടികൊണ്ട് വീങ്ങിയിരിക്കാണ്. വയറ്റിലും ഒരു കൊച്ച്. .. ബാക്കി രണ്ടെണ്ണം അവളെ പറ്റി ഇരിക്കുന്നു.
എന്തേലുമാവട്ടെ.... നാനൂറു രൂപ അവൾക്ക് നേരെ നീട്ടി.
വല്ലതും മേടിച്ച് കഴിക്കെന്ന് പറഞ്ഞ് തിരിഞ്ഞു നോക്കാതെ വേഗം നടന്നു.
കണ്ണിനൊരു മൂടൽ പോലെ... നീരു പൊടിഞ്ഞോ ഹേയ്, പൊടി പോയതാവും...
ഞാനൊരാണല്ലേ... ?
No comments:
Post a Comment