Saturday, August 17, 2019

അമ്മച്ചിന്തുകൾ 35

                                               
അമ്മ ടി ബി മരുന്നുകൾ കഴിച്ചു തുടങ്ങി. എപ്പോഴും ഉറക്കം വരും. നന്നേ ക്ഷീണിച്ചിരുന്നുവെ ങ്കിലും അമ്മയ്ക്ക് വേദനയിൽ കുറവ് വന്നിരുന്നു.

ഭാഗ്യയുടെ പഠിത്തം മുടങ്ങി. അവൾ രണ്ട് ബസ്സ് മാറിക്കയറി അയ്യന്തോൾ നിർമലാ കോൺവൻറിൽ ചിലപ്പോഴൊക്കെ പോകും. എന്നും പോവാൻ പറ്റീരുന്നില്ല. അമ്മയെ തനിച്ചാക്കി പോവണ്ടേ. അതിലവൾക്ക് തീരേ താല്പര്യം ഇല്ലായിരുന്നു..

അച്ഛനും അമ്മയും തമ്മിലുള്ള ശാരീരിക കലഹങ്ങൾ നിമിത്തം എപ്പോഴും പഠിത്തം മുടങ്ങീരുന്നത് ഭാഗ്യയുടെയാണ്. അമ്മക്ക് പരിക്ക് പറ്റുമ്പോൾ അവളാണ് ശുശ്രൂഷിക്കുക. അമ്മയുടെ കാലൊടിഞ്ഞപ്പോഴൊക്കെ അവൾ നന്നേ ചെറിയ വാവയാണ്. അമ്മയുടെ മൂത്രം, ചിലപ്പോൾ മലവും അവൾ എടുത്തുകളയുമായിരുന്നു. അമ്മയെ കഴുകി വൃത്തിയാക്കുമായിരുന്നു. 'അമ്മയെ അടിക്കണ്ട അച്ഛാ' എന്ന് കരയും ആ കുഞ്ഞ്. 'എൻറെ കൂടെ കളിക്കച്ഛാ 'എന്നു സങ്കടപ്പെടും. അനുഭവിച്ചവർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന അതിതീവ്രനൊമ്പരമാണത്. സ്ത്രീ പുരുഷ ബന്ധത്തിൻറെ എഴുതിവെയ്ക്കപ്പെട്ട സൈദ്ധാന്തികതയൊന്നുമില്ലാത്ത വെറും യാഥാർഥ്യം.

പാഠപുസ്തകത്തിൽ കിട്ടുന്ന അറിവുകൾ ഞങ്ങൾക്ക് നന്നേ ചെറുതായി തോന്നിയിട്ടുണ്ട് പലപ്പോഴും. ഞങ്ങൾ അനുഭവിക്കുന്ന ജീവിതത്തെ വ്യാഖ്യാനിച്ച് മനസ്സിലാക്കാനുതകുന്ന ഒന്നും സർക്കാരിന്റെ ആ ഉണക്കപ്പുസ്തകങ്ങളിലില്ലല്ലോ എന്ന് ഞങ്ങൾ പരിതപിക്കുമായിരുന്നു. കൂടുതൽ വായനകളിലേക്ക് എന്നേയും ഭാഗ്യയേയും വലിച്ചുകൊണ്ടു പോയത് നെഞ്ച് വിങ്ങി നീലിച്ചു വിഷമേറ്റ ഞങ്ങളുടെ തീവ്ര ഏകാന്തതയായിരുന്നു. റാണിക്ക് എഴുതപ്പെട്ട ബുക്കുകളിൽ വിശ്വാസം കുറഞ്ഞതും അങ്ങനെ തന്നെ.

എനിക്ക് സ്ക്കോളർഷിപ്പുണ്ടായിരുന്നു പഠിക്കാൻ. ആ വിവരമറിഞ്ഞിട്ട് അച്ഛൻ ഒന്നു ചിരിക്കുക പോലും ചെയ്തില്ല. ഡോ. അബ്ദുള്ള സ്വന്തം പേന എടുത്ത് സമ്മാനിച്ച് എന്നെ അഭിനന്ദിച്ച് ആ നനഞ്ഞ പരിതസ്ഥിതിയെ ഒരുവിധം രക്ഷപ്പെടുത്തി.

ഭാഗ്യ നന്നായി ചിത്രം വരച്ചിരുന്നു. കലാമണ്ഡലം ക്ഷേമാവതിയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിരുന്നു. പക്ഷേ, ഒന്നും വേണ്ട വിധത്തിൽ പ്രോൽസാഹിപ്പിക്കപ്പെടുകയോ മുടങ്ങാതെ പഠിപ്പിക്കപ്പെടുകയോ ഒന്നുമുണ്ടായില്ല. മൂന്നു വയസ്സിൽ ചിത്രരചനക്ക് ഒന്നാം സമ്മാനം വാങ്ങിച്ച ഭാഗ്യയെ ഒക്കിലെടുത്ത് പോവാൻ പോലും അമ്മക്ക് കഴിഞ്ഞില്ല.

ഭാഗ്യക്ക് മൂന്നു വയസ്സായപ്പോൾ മുതൽ അച്ഛന് ഹാർട്ട് അറ്റാക് വന്നു തുടങ്ങി. അത് ആദ്യമൊക്കെ നമ്മെ വല്ലാതെ ഭീതിപ്പെടുത്തും. അച്ഛൻ നെഞ്ച് തിരുമ്മുകയും വിയർക്കുകയും ചെയ്യും. വെള്ളം കുടിക്കും.
അച്ഛന് അന്ന് കേരളത്തിൽ ലഭ്യമായ ഏറ്റവും നല്ല പരിചരണമാവും കിട്ടുന്നത്. എല്ലാ ഡോക്ടർമാരും ശടേന്ന് റെഡിയാവും.

പക്ഷേ, ഒരിക്കലും ഒരിക്കൽ പോലും അതൊരു ഹാർട്ട് അറ്റാക് ആയിരുന്നില്ല.. മദ്യവും കുറേ നോൺവെജ് ഭക്ഷണവും ഒന്നിച്ചു ചേർന്ന് ഉണ്ടാക്കുന്ന ദഹനപ്രശ്നങ്ങളായിരുന്നു അത്. ഡോക്ടർമാരും നഴ്സുമാരും ശ്രദ്ധിക്കും. അച്ഛൻ റെ എല്ലാ ബന്ധുക്കളും ഓടിവരും. അമ്മയുടെ പരിചരണക്കുറവിനെ പഴിക്കും. ദഹനക്കേടുള്ളയാൾക്ക് അമ്മ കഞ്ഞികൊടുക്കുന്നതു പോലും കുറ്റമായിരുന്നു. അതിനുള്ള ശിക്ഷയായി അമ്മയെ അച്ചടിക്കാൻ കൊള്ളാത്ത പദങ്ങളാൽ അഭിസംബോധന ചെയ്തു ഏതെങ്കിലും ഹോസ്പിറ്റൽ സ്ററാഫിൻറെ പക്കൽ തുറന്ന കത്തെഴുതി അമ്മയുടെ ഓഫീസിലെ പ്യൂണുമാരെ ഏല്പിക്കുന്നതും അച്ഛൻറെ ഒരു രീതിയായിരുന്നു.

ഈ ലോകത്തിൽ നിലവിലുണ്ടെന്ന് പറയുന്ന പലതരം ഈശ്വരനീതികളും സ്നേഹിച്ചാൽ സ്നേഹം തിരിച്ചു കിട്ടുമെന്ന പ്രശസ്തമായ പ്രയോഗവും പിന്നെ നമ്മുടെ പഴഞ്ചൊല്ലുകളുമെല്ലാം ശുദ്ധ ഭോഷ്ക്കാണെന്ന് അങ്ങനെ ഞങ്ങൾ വളരെ ചെറുപ്പത്തിലേ അറിഞ്ഞു.

മൂന്നു കുട്ടികളെ നോക്കുക, വീട്ടുപണികൾ ചെയ്യുക, സ്ക്കൂളിൽ പോവുക, രോഗിണിയായ അമ്മയെ ശുശ്രൂഷിക്കുക .. അമ്മീമ്മക്ക് പിടിപ്പത് പണിയുണ്ടായിരുന്നു. എന്നാലും അവർ മടുക്കാതെ തളരാതെ എല്ലാം ചെയ്തു കൊണ്ടിരുന്നു.

അമ്മക്ക് ഇടക്കിടെ ചെക്കപ്പ് ഉണ്ടാകും. അതിനു പോയാൽ പിന്നെ കുറച്ച് ദിവസം അമ്മ അയ്യന്തോൾ വീട്ടിൽ നിന്നിട്ടേ മടങ്ങൂ.

അങ്ങനെ ഒരു സമയത്ത് അമ്മീമ്മ ഉണ്ടാക്കിയ ചക്കച്ചുള വറുത്തത് ഒരു വലിയ തൂക്കുപാത്രത്തിലാക്കി ( പൊതുവെ ബ്രാഹ്മണ ഗൃഹങ്ങളിൽ പല വലുപ്പത്തിലുള്ള ഇത്തരം തൂക്കുപാത്രങ്ങൾ ഉണ്ടാവും) അതുംകൊണ്ട് ഞാൻ അയ്യന്തോളിലെ വീട്ടിലേക്ക് പോയി.

അവിടെ ഭയങ്കര വഴക്കായിരുന്നു. അമ്മയെ എണീക്കാൻ സമ്മതിക്കാതെ ഒരു കസേരയിൽ ഇരുത്തീരിക്കുകയാണ്. അച്ഛൻ പാത്രങ്ങൾ പലപാട് വലിച്ചെറിയുന്നു. ചില ജനൽച്ചില്ലുകൾ പൊട്ടുന്നുണ്ട്. എന്നെ കണ്ടപ്പോൾ അച്ഛൻ പ്രകടനം നിറുത്തി പുറത്തേക്ക് പോയി.

രോഗിണിയാണ് കൈ പ്ളാസ്റ്ററിലിട്ടിരിക്കയാണ് ആ അമ്മ പന്ത്രണ്ടു മണിക്കൂറായി കസേരയിൽ അടിച്ചുകൊന്ന് എടുത്തുവെച്ചത് പോലെ ഇരിക്കുകയായിരുന്നു. എന്താണ് ഞങ്ങളുടെ അമ്മ ചെയ്ത കുറ്റം ?

അമ്മ കുറേ നേരം കരഞ്ഞു. ഞാനും തകർന്നു പോയി. പിന്നെ എന്നത്തേയും പോലെ സമാധാനിച്ചു. വേറെ മാർഗമൊന്നുമില്ലല്ലോ.

കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. അച്ഛൻ ഭയങ്കര മായി മദ്യപിച്ചാണ് പാതിരായ്ക്ക് തിരികെ വന്നത്. വന്നപാടെ സ്വീകരണമുറിയിൽ വെട്ടിയിട്ട പോലെ കിടന്നു. എന്നിട്ടിങ്ങനെ മയങ്ങിമയങ്ങിപ്പോവുകയാണ്. ഇടയിൽ പറഞ്ഞു. 'അച്ഛൻ ആത്മഹത്യ ചെയ്യുകയാണ്. വിഷം കഴിച്ചിട്ടുണ്ട്. അമ്മക്കും നിങ്ങൾക്കും അച്ഛനില്ലെങ്കിൽ സുഖമായി ജീവിക്കാം.'

ഞങ്ങൾ പേടിച്ച് വിറച്ചു. അമ്മ അടുത്ത വീട്ടിൽ പോയി വാതിൽ തട്ടി നോക്കി. അവർ ഉണർന്നില്ല. അപ്പോഴേക്കും അച്ഛൻ എറണാകുളത്തെ ഡോ. ഗോപാലകൃഷ്ണനെ വിളിച്ചു പറഞ്ഞു കഴിഞ്ഞിരുന്നു. 'എന്നെ കാണണമെങ്കിൽ ഉടൻ വരണം. '

ഞങ്ങൾ അപ്പുറത്തെ ഒന്നു രണ്ടു വീടുകളിലും കൂടി പോയി. ഒടുവിൽ ആറേഴു പേർ വന്നു. കാർ സ്ററാർട് ചെയ്തു. അച്ഛൻ ഇങ്ങനെ കുഴഞ്ഞു പോവുകയാണ്. ആർക്കും പിടിക്കാൻ പറ്റുന്നില്ല. ആംബുലൻസ് വിളിച്ചു. ഇതിനോടകം അമ്മ തളർന്നു കുഴഞ്ഞിരുന്നു. ആംബുലൻസ് വന്ന് അവർ പിടിച്ചു കയറ്റുമ്പോഴേക്ക് ഡോക്ടർ ഗോപാലകൃഷ്ണൻ എത്തി. ആയുസ്സിൽ അത്രയും സ്പീഡിൽ കാറോടിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആംബുലൻസിലെ ജൂനിയർ ഡോക്ടറോട് പ്രഷറും പൾസുമെല്ലാം എങ്ങനെ എന്ന് അദ്ദേഹം ചോദിച്ചു. പിന്നെ സ്വയം അച്ഛനെ പരിശോധിക്കുകയും ചെയ്തു. അമ്മ ആ സമയമെല്ലാം മരിച്ചതുപോലെ വരാന്തയിൽ ഇരിക്കുകയാണ്.

അച്ഛനെ അകത്തുകൊണ്ട് കിടത്താൻ പറഞ്ഞു ഡോക്ടർ ഗോപാലകൃഷ്ണൻ. ആംബുലൻസ് പറഞ്ഞു വിട്ടു. അയൽക്കാരും പിരിഞ്ഞു പോയി.

പറഞ്ഞറിയുമ്പോൾ എന്താണ് കഥ?

ലൈംഗിക കേമദ്രുമമാണ് പ്രശ്നം. അമ്മ സഹകരിക്കുന്നില്ല. അമ്മയെ കുറെ പോൺചിത്രങ്ങൾ കാണിച്ചു അച്ഛൻ. ക്ഷയരോഗിയായ അമ്മയുടെ പ്രതികരണങ്ങൾ മോശമായിരുന്നു. പിന്നെ വഴക്കായി, അടിയായി, കസേരയിൽ ഇരുത്തി തെറി പറയലായി. ഇപ്പോൾ ഈ രാത്രിയിൽ അഞ്ചാറു പെഗ് മദ്യവും മൂന്ന് ഉറക്കഗുളികയും കഴിച്ചിട്ടുണ്ട് അച്ഛൻ.

അമ്മ അപമാനം കൊണ്ട് നെഞ്ച് പൊട്ടേ ഏങ്ങലടിച്ചു കരഞ്ഞു.

അമ്മയോടും എന്നോടും ഉറങ്ങാൻ പറഞ്ഞിട്ട്, ഡോക്ടർ അച്ഛനെ തട്ടിവിളിച്ചു. അച്ഛൻ കണ്ണുമിഴിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ' നീ വേഗം മരിക്ക്.ദഹനം കഴിഞ്ഞേ ഞാൻ പോകൂ. ഞാനിവിടിരിക്കാം . '

ഞങ്ങൾക്ക് ആത്മഹത്യാ ശ്രമം, ഹാർട്ട് അറ്റാക് എന്നൊന്നും കേട്ടാൽ പിന്നീട് വളരെ കാലത്തേക്ക് ഒരു വികാരവും തോന്നുമായിരുന്നില്ല.

എത്ര നീചമാണ് അപമാനകരമാണ് ഈ മനുഷ്യ ജീവിതം!!!!

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...


എത്ര നീചമാണ് അപമാനകരമാണ് ഈ മനുഷ്യ ജീവിതം!