Tuesday, August 13, 2019

അമ്മച്ചിന്തുകൾ 17

                                                       
ഇത്രയും കാര്യങ്ങൾ തറവാട്ടു മഠത്തിൽ സംഭവിച്ചത് ഒന്നും അമ്മീമ്മയുടെ അറിവിൽ വന്നിട്ടില്ലായിരുന്നു. സ്വന്തം പേരിൽ അപ്പാ സുബ്ബരാമയ്യർ തീറാധാരം കൊടുത്ത വീട് അമ്മീമ്മ താമസിച്ചിരുന്ന വിറകുപുരക്ക് സമീപമായിരുന്നു. അവിടെ വാടകയ്ക്ക് പാർത്തിരുന്നത് തൃക്കൂർ ഡിസ്പെൻസറിയിലെ ഡോക്ടർ ആയിരുന്ന തിമത്തിയും. എൻറെ അച്ഛൻ സ്ഥലം മാറി പുത്തൻതോപ്പിലേക്ക് പോയ ഒഴിവിലാണ് ഡോ. തിമത്തി ഡിസ്പെൻസറിയിൽ ചാർജെടുത്തത്. അദ്ദേഹത്തെ തൃക്കൂരുകാർ മറന്നിട്ടുണ്ടാവില്ല, ഇപ്പോഴും.

അമ്മീമ്മയുടെ സഹോദരന്മാർ ഡോക്ടറോട് വീടൊഴിഞ്ഞ് താക്കോൽ തരാൻ ആവശ്യപ്പെട്ടു. ജന്മിത്തത്തിൻറേയും ബ്രാഹ്മണ്യത്തിൻറേയും പെങ്ങളുടെ വീടാണെന്ന ആൺകോയ്മയുടേയും ധാർഷ്ട്യവും പുച്ഛവുമായിരുന്നു അവർക്ക്. ഡോ. തിമത്തി അതിനെയൊന്നും ഒട്ടും കൂട്ടാക്കിയില്ല. വാടകക്കരാർ ഒപ്പിട്ടിരിക്കുന്ന കല്യാണം ടീച്ചർക്കല്ലാതെ മറ്റാർക്കും വീടൊഴിയാൻ ആവശ്യപ്പെടാനുള്ള അധികാരമില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. പിന്നെയല്ലേ താക്കോൽ തരുന്ന കാര്യം. എല്ലാവരും വേഗം സ്ഥലം കാലിയാക്കാൻ അദ്ദേഹം ഗേറ്റിലേക്ക് വിരൽ ചൂണ്ടി.

തൃക്കൂർ മഠത്തിലെ പുരുഷന്മാർക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു ആ അപമാനം.

ഇണചേരുകയും പ്രസവിക്കുകയും മുലയൂട്ടുകയും ഒക്കെ ചെയ്താല്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലത്തെ പ്രയാസങ്ങള്‍ ഇല്ലാതായിത്തീരുമെന്നാണ് പെണ്ണുങ്ങളും ആണുങ്ങളും പൊതുവേ വിശ്വസിക്കുന്നത്. ഇക്കാര്യങ്ങളൊന്നും ജീവിതത്തില്‍ ഒരിയ്ക്കലും അനുഭവിയ്ക്കാത്ത അമ്മീമ്മയ്ക്ക് ആര്‍ത്തവം എന്നുമൊരു ദുരിതമായിരുന്നു. തലവേദന, വയറുവേദന, മയക്കം, ഛര്‍ദ്ദി … ഇതൊക്കെ പതിവായിരുന്നു. ഒരു ദിവസം സ്‌കൂളില്‍ വെച്ച് ഇങ്ങനെയൊക്കെ സംഭവിച്ചപ്പോള്‍ വിയ്യുരിലെ ജയില്‍ ഡോക്ടറായിരുന്ന എന്റെ അച്ഛനേയും അങ്ങനെ അമ്മയേയും വിവരമറിയിക്കുകയാണ് ബ്രാഹ്മണനായ ഹെഡ് മാസ്റ്റര്‍ ചെയ്തത്. അതിനു വേണ്ടി മാത്രം അദ്ദേഹം സ്ക്കൂൾ മാനേജരും അന്നത്തെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവും അമ്മീമ്മയുടെ ബന്ധുവു മായിരുന്ന ടി. പി സീതാരാമൻറെ മഠത്തിൽ ചേന്ന് ജയിലിലേക്ക് ഫോൺ ചെയ്തു. അമ്മീമ്മയുടെ ജോലിക്ക് സർവീസ് ബ്രേക്ക് വരുത്താൻ മാത്രം കാല ദൈർഘ്യം കൊണ്ട് വലുതായി വളർന്ന ഈ കളിയിൽ ടി. പി സീതാരാമന് ഒരിക്കലും
ഒരു പങ്കു മുണ്ടായിരുന്നില്ല.

എന്തായാലും അമ്മയും അച്ഛനും കാറുമെടുത്ത് പാഞ്ഞു വന്നു. രോഗിണിയെന്ന നിലയില്‍ അമ്മീമ്മയെ കൂട്ടിക്കൊണ്ടു പോവുകയും ചികില്‍സിക്കുകയും ചെയ്തു. അതൊരു പനിയായി രൂപാന്തരപ്പെട്ടതുകൊണ്ട് ഒരാഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞ് മാത്രമേ തിരികെ എത്താൻ അമ്മീമ്മക്ക് കഴിഞ്ഞുള്ളൂ.അച്ഛൻ നല്ല ശ്രദ്ധയും പരിചരണവും നല്കിച്ചിരുന്നു. അമ്മീമ്മയുടെ ആർത്തവ പ്രശ്നങ്ങൾ ഡോ സരോജ് രാഹുലൻറെ ചികിൽസയിൽ ഏറെ ഭേദപ്പെടുകയും ചെയ്തു.

തിരികെ തൃക്കൂരിലെത്തിയ അമ്മീമ്മ ശരിക്കും പെരുവഴിയാധാരമായി.
ഇടിഞ്ഞു പൊളിഞ്ഞ ആ വിറകു പുരയില്‍ നിന്ന് നിര്‍ദ്ദാക്ഷിണ്യം അവർ പുറത്താക്കപ്പെട്ടു. കുറഞ്ഞ ജാതിക്കാരനായ അച്ഛന്റെ സഹായം സ്വീകരിച്ച് ഭ്രഷ്ടയായ അമ്മീമ്മയെ സഹിക്കാന്‍ വിറകുപുരയുടെ ഉടമസ്ഥയായ ബ്രാഹ്മണപ്പാട്ടി ഒരുക്കമായിരുന്നില്ല. അവർ അമ്മീമ്മയുപയോഗിച്ച സകലസാധനങ്ങളും പെറുക്കി മുറ്റത്തിട്ടു. ബ്രാഹ്മണ്യം എത്ര വിലപിടിച്ചതാണെന്നറിയുമോ എന്നവർ അലറി. അമ്മീമ്മയെ കടങ്കാറീ, വാഴാവെട്ടീ, മച്ചീ, മലടേ എന്നൊക്കെ വായിൽതോന്നിയ തെറികൾ വിളിച്ചു ശകാരിച്ചു.

അമ്മീമ്മ ജനിച്ച് വളര്‍ന്ന ആ നാട്ടില്‍ അവര്‍ക്ക് താമസിക്കാന്‍ അങ്ങനെ ഒരു വീടു പോയിട്ട് ഒരു വരാന്ത പോലും ഇല്ലാതായി.

സാധനങ്ങൾ ഒരു ചെറുഭാണ്ഡമാക്കി അതും പേറി, ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട്
സ്‌കൂളിലെത്തിയപ്പോൾ അതിലും വലിയ ഒരു ഭൂകമ്പമായിരുന്നു അവരെ അവിടെ കാത്തിരുന്നത്. സുന്ദരിയും ചെറുപ്പക്കാരിയുമായ ഒരു ടീച്ചറും സുന്ദരനും ചെറുപ്പക്കാരനുമായ ഒരു മാസ്റ്ററും തമ്മില്‍ പ്രണയത്തിലാണെന്ന് ഒരു കഥ ആ ഒരാഴ്ച കൊണ്ട് സ്‌കൂളില്‍ പരന്നിരുന്നു. നമുക്ക് പ്രണയമെന്നാല്‍ കടുത്ത അപവാദമാണല്ലോ. അത് അമ്മീമ്മയാണ് പറഞ്ഞുണ്ടാക്കിയതെന്നും പിടിക്കപ്പെടാതിരിക്കാൻ രോഗമഭിനയിച്ചതാണെന്നും ഉള്ള കുറ്റമാരോപിച്ച് ബ്രാഹ്മണനായ ഹെഡ്മാസ്റ്റര്‍ അമ്മീമ്മയെ സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് മൂന്നു മാസം അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ അവര്‍ക്ക് ഒപ്പ് വെയ്ക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അത് അനുവദിച്ചില്ല. ആ ചെറുപ്പക്കാരി സുന്ദരി ടീച്ചർക്ക് താല്ക്കാലികമായി കുറച്ചുകാലം ജോലി ലഭിക്കാനും അങ്ങനെ ഒരു ജോലി അവകാശം സ്ഥാപിച്ചു കിട്ടാനുമായി രണ്ടു മാസം ലീവെടുത്ത് വീട്ടിലിരുന്ന് അവരെ സഹായിച്ചതാണ് അമ്മീമ്മ. അന്ന് അമ്മീമ്മയുടെ അപ്പാ ജീവിച്ചിരുപ്പുണ്ടായിരുന്നു. അങ്ങനെ തനിക്ക് ജോലി ഉണ്ടാക്കിത്തരാൻ പ്രയത്നിച്ച ടീച്ചർ ഇത്തരം ഒരു തരം താണ അപവാദം തന്നെപ്പറ്റി പറയില്ലെന്ന് പ്രതിഷേധിക്കാൻ പോലും സുന്ദരി ആയ ടീച്ചർ തയാറായില്ല. അവരുടെ ആ ഭീരുത്വ മൗനം അമ്മീമ്മയെ വല്ലാതെ നോവിച്ചു. ഒടുവിൽ ഡി ഇ ഓ കര്‍ശനമായി നിര്‍ദ്ദേശിച്ചപ്പോഴാണ്, ഹെഡ് മാസ്റ്റര്‍ക്ക് പിരിഞ്ഞു പോവേണ്ട ദിനമെത്തിയപ്പോഴാണ് മൂന്നു മാസത്തിനുശേഷം ഒപ്പ് വെയ്ക്കാന്‍ ആ മഹാബ്രാഹ്മണൻ അമ്മീമ്മയ്ക്ക് അനുവാദം നല്‍കിയത്.

താമസിയ്ക്കാന്‍ സ്ഥലമില്ലാതായ, സസ്‌പെൻഷൻ എഴുതി മേടിക്കേണ്ടി വന്ന ആ ദിവസം അതിഭയങ്കരമായിരുന്നു എന്ന് അമ്മീമ്മ കരഞ്ഞു പറഞ്ഞിട്ടുണ്ട്. സവർണർക്കും അവർണർക്കും തൃക്കൂർ മഠത്തിലെ ബ്രാഹ്മണരെ ഭയമായിരുന്നു. പിന്നെ എൻറെ അമ്മയുടെയും അച്ഛൻറേയും പ്രേമവിവാഹത്തിന് അമ്മീമ്മ സഹായി ആയിരുന്നുവെന്ന്, പീച്ചി ഡാമിൽ വെച്ചു കണ്ട ആ ബ്രാഹ്മണബന്ധുച്ചേട്ടൻ സാക്ഷ്യം പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. ആ ചേട്ടൻ ആയിരുന്നു സഹോദരന്മാരുടെ ഏറ്റവും പ്രധാന തെളിവ്. അങ്ങനെ ഒരു കുറ്റം അമ്മീമ്മ ചെയ്തു വെങ്കിൽ അവർ ശിക്ഷിക്കപ്പെടണമെന്ന് തൃക്കൂർ ഗ്രാമം അന്ന് കരുതിയിരുന്നു. പ്രളയമുണ്ടാവണമെന്നും കൊടുങ്കാറ്റടിയ്ക്കണമെന്നും അഗ്‌നിയാളിപ്പടരണമെന്നും ആകാശം കുത്തിത്തുറന്ന് ദൈവം നീതി നടപ്പാക്കണമെന്നും ഒക്കെ അന്ന്, ആ നശിച്ച ദിവസം അമ്മീമ്മ പ്രാര്‍ഥിക്കാതിരുന്നില്ല. എങ്കിലും ദൈവം ആ പ്രാര്‍ഥനയൊന്നും കേള്‍ക്കുകയുണ്ടായില്ല. തൃക്കൂരപ്പനായ പരമശിവനും പുറയങ്കാവിലെ ഭഗവതിയും അമ്മീമ്മയെ തീർത്തും കൈയൊഴിഞ്ഞ ദിവസമായിരുന്നു അത്.

ക്രിസ്തുമതക്കാരനായ ഒരു ധീര സഹപ്രവർത്തകന്റെ വീട്ടില്‍ അന്ന് രാത്രി അവർ താമസിച്ചു. അദ്ദേഹത്തിനും
അപ്പനമ്മമാർക്കും ബ്രാഹ്മണരെ തരിമ്പും ഭയമുണ്ടായിരുന്നില്ല. പിന്നീടുള്ള ജീവിതകാലമത്രയും അമ്മീമ്മയെ അമ്മയായി അദ്ദേഹം കരുതി. എന്റെ ടീച്ചറെ എന്ന് അദ്ദേഹം അമ്മീമ്മയെ വിളിക്കുമ്പോള്‍ തുളുമ്പിയിരുന്ന ആത്മാര്‍ഥത ഞങ്ങളെ കുട്ടികളെപ്പോലും എപ്പോഴും അസൂയപ്പെടുത്തിയിട്ടുണ്ട്. പന്നിയേയും പശുവിനേയും തിന്നുന്ന മാപ്ളയുടെ വീട്ടിൽ പാർത്തതോടെ അമ്മീമ്മയുടെ ഭ്രഷ്ട് പൂർത്തിയായി.

വിവരമറിഞ്ഞെത്തിയ അമ്മയും അച്ഛനും അമ്മീമ്മയെ വിയ്യൂരി
ലെ താമസസ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.

ഈ സസ്‌പെന്‍ഷന്‍ നിമിത്തം വന്ന സർവീസ് ഗ്യാപ് ഒരിയ്ക്കലും ശരിയായില്ല. അതുകൊണ്ട് അമ്മീമ്മയുടെ ഇന്‍ക്രിമെന്റുകള്‍ മുടങ്ങി. എ ഇ ഒ, ഡി, ഇ, ഒ, ആര്‍, ഡി , ഡി, ഡി, പി, ഐ, സ്‌ക്കൂള്‍ എഡ്യുക്കേഷന്‍ ഡയറക്ടറേറ്റ് തുടങ്ങിയ ഓഫീസുകളുടെയും ആ ഓഫീസര്‍മാരുടേയും പേരുകളും അവ സ്ഥിതി ചെയ്തിരുന്ന സ്ഥലങ്ങളും ഞങ്ങള്‍ കുട്ടികള്‍ക്ക് പോലും സുപരിചിതങ്ങളായിരുന്നു. ഞാനും അനിയത്തിമാരും അമ്മീമ്മയ്‌ക്കൊപ്പം ഈ ഓഫീസുകളില്‍ പലവട്ടം പോയി. സുന്ദരനും ചെറുപ്പക്കാരനും ആരോപിത കാമുകനുമായ ആ അധ്യാപകന്‍ ഗവണ്‍മെന്റ് ജോലിക്കാരാനായി സ്ഥലം മാറിപ്പോവുകയും സുന്ദരിയും ചെറുപ്പക്കാരിയും ആരോപിത കാമുകിയുമായ ആ അധ്യാപിക ഉയര്‍ന്ന ഒരുദ്യോഗസ്ഥനെ വിവാഹം കഴിച്ച് ഇരുവട്ടം മാതാവാകുകയും ചെയ്തുവെങ്കിലും ഈ സസ്‌പെന്‍ഷന്‍ കാര്യത്തില്‍ അനവധി തവണ സര്‍ക്കാര്‍ എന്‍ക്വയറികള്‍ നടത്തിയെങ്കിലും ഇതൊരു അനാവശ്യമായ സസ്‌പെന്‍ഷനാണ്, ഇത് റദ്ദാക്കിയിരിക്കുന്നു എന്ന രണ്ടേ രണ്ട് വരി എഴുതുവാന്‍ ധൈര്യവും ചങ്കുറപ്പുമുള്ള ഒറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആ ഓഫീസുകളില്‍ ഉണ്ടായിരുന്നില്ല.

കാര്യങ്ങള്‍ അനന്തമായി അങ്ങനെ നീണ്ടു പോവുമ്പോള്‍ അഞ്ചാംക്ലാസ്സില്‍ പഠിയ്ക്കുന്ന ഞാന്‍ അമ്മീമ്മയുടെ ഈ സസ്‌പെന്‍ഷന്‍ സങ്കടത്തെപ്പറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ഒരു കത്തയച്ചു. ഒന്നും സംഭവിച്ചില്ലെന്നു പറഞ്ഞു കൂടാ. ഡി ഇ ഒ സ്‌കൂളില്‍ എത്തി. പതിവ് ഇന്‍സ്‌പെക്ഷനു ശേഷം എന്നെ കാണണമെന്ന് അവര്‍ പറഞ്ഞു. ഹെഡ് മാസ്റ്ററുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍..

പ്രധാനമന്ത്രിയ്ക്ക് എഴുത്ത് എഴുതാന്‍ കുട്ടി ആരാണ്?

എനിക്കുത്തരമില്ലായിരുന്നു.

വിദ്യാഭ്യാസവകുപ്പിനെ മോശമാക്കി എഴുതാന്‍ കുട്ടിയ്ക്ക് എന്താണ് അധികാരം?

എനിക്കപ്പോഴും ഉത്തരമില്ലായിരുന്നു.

കുട്ടീടെ അമ്മീമ്മ പറഞ്ഞിട്ടാണോ ഇത്ര വലിയ തെറ്റ് കുട്ടി ചെയ്തത്?

അപ്പോള്‍ ഞാന്‍ പറഞ്ഞു. അല്ല.

പിന്നാരു പറഞ്ഞു ഇങ്ങനെ എഴുതാന്‍?

ഞാന്‍ സത്യം വെളിവാക്കി. എന്റെ അച്ഛനാണ് പറഞ്ഞത്.

ഡി ഇ ഒ വെട്ടിലായി. കാര്യമെന്താണെന്ന് വെച്ചാല്‍ അവര്‍ അച്ഛന്റെ അടുത്ത ബന്ധുവായിരുന്നു. അമ്മീമ്മയുടെ പേര് പറഞ്ഞു കിട്ടിയാല്‍ സ്വന്തം അധികാരമുപയോഗിച്ച് അവര്‍ അമ്മീമ്മയെ താക്കീതു ചെയ്യുമായിരുന്നു. അമ്മീമ്മയുടെയും അമ്മയുടേയും ബ്രാഹ്മണ്യം അവര്‍ക്കും
ചൊറിച്ചിലുണ്ടാക്കുന്ന ഒരു വെറുക്കപ്പെട്ട വസ്തുവായിരുന്നുവല്ലോ. ഞങ്ങൾ സവർണർക്കും അവർണർക്കും ഒരു പോലെ ആവശ്യമില്ലാത്തവരായിരുന്നുവെന്ന് ഞാൻ അതിനോടകം മനസ്സിലാക്കിയിരുന്നു.

ഗൗരവം വിടാതെ ഡി ഇ ഒ എന്നോട് കടന്നു പുറത്ത് പോകാന്‍ പറഞ്ഞു.

ഇതിനൊപ്പം മറ്റൊരു പ്രശ്‌നം കൂടി തൃക്കൂരിലെ സഹോദര ബ്രാഹ്മണ്യം അമ്മീമ്മയെ കീഴ്‌പ്പെടുത്താന്‍ വേണ്ടി ഉപയോഗിച്ചിരുന്നു. അത് ഒരു വിചിത്ര ജാതകമായിരുന്നു. അതനുസരിച്ച് അമ്മീമ്മയ്ക്ക് പത്തു വയസ്സ് കൂടുതലായിരുന്നു. അമ്മീമ്മയുടെ സഹോദരന്മാര്‍ ഈ ജാതകം ഇടയ്ക്കിടെ വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പല പേരുകള്‍ വെച്ച് അയച്ച് കൊടുക്കും. അമ്മീമ്മയ്ക്ക് പ്രായം അധികമായി എന്നും അവരെ ഉടന്‍ ജോലിയില്‍ നിന്ന് പിരിച്ചയയ്ക്കണമെന്നും അധിക ശമ്പളം പറ്റിയത് തിരിച്ചു വാങ്ങണം എന്നും ആയിരുന്നു അവരുടെ ആവശ്യം. ഈ കത്ത് കിട്ടിയാലുടന്‍ എന്‍ക്വയറി ആരംഭിക്കുകയായി. തെളിവില്ലാതെ ഫയല്‍ മടക്കുകയായി. പിന്നേം കത്തു വരും… പിന്നേം എന്‍ക്വയറി വരും.. പിന്നേം ഫയല്‍ മടക്കും. ഇന്നിതെഴുതുമ്പോള്‍ തോന്നുന്ന വികാരമായിരുന്നില്ല അന്ന്. അമ്മീമ്മ ദു:ഖിതയായും അപമാനം കൊണ്ട് വേദനിക്കുന്ന ഹൃദയവുമായി പരവശയായും കാണപ്പെടുമ്പോള്‍ ഒരിയ്ക്കലും ആര്‍ക്കും പൂരിപ്പിയ്ക്കാനാവാത്ത സുരക്ഷിതത്വമില്ലായ്മ എന്റെയും അനിയത്തിയുടേയും മനസ്സിനെ കാര്‍ന്നു തിന്നാറുണ്ടായിരുന്നു.

അങ്ങനെ അമ്മീമ്മ അടുത്തൂണ്‍ പറ്റിപ്പിരിയാന്‍ ഒരു വര്‍ഷം ബാക്കിയായി. അന്നും സസ്‌പെന്‍ഷന്‍ പ്രശ്‌നം ശരിയായിട്ടില്ല. ഒടുവില്‍ വിദ്യാഭ്യാസവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും അച്ഛന്റെ ഒരു സുഹൃത്തുമായിരുന്ന ഐ എ എസ്‌കാരനാണ് ഹൈക്കോടതിയില്‍ ഒരു റിട്ട് ഫയല്‍ ചെയ്യുവാന്‍ ഉപദേശം നല്‍കിയത്. അതും അത്ര എളുപ്പമൊന്നുമായിരുന്നില്ല. കാരണം സ്വന്തം അപ്പാ അമ്മീമ്മയ്ക്ക് നല്‍കിയ വീട് മടക്കിക്കിട്ടണമെന്ന ആവശ്യത്തില്‍, അപ്പാ എഴുതിവെച്ച വില്‍പത്രം റദ്ദാക്കണമെന്ന ആവശ്യത്തില്‍ സഹോദരന്മാര്‍ കൊടുത്ത മുപ്പത് വര്‍ഷം നീണ്ട സിവില്‍ കേസ് അമ്മീമ്മയുടേയും അമ്മയുടേയും വരുമാനത്തിന്റെ സിംഹഭാഗവും വക്കീല്‍ ഓഫീസുകളില്‍ ചെലവഴിപ്പിച്ചിരുന്നു.

എങ്കിലും അമ്മീമ്മ മാല പണയം വെച്ച് വക്കീലിനു ഫീസ് കൊടുത്ത് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. അഡ്വ. ശിവശങ്കരപ്പണിക്കരായിരുന്നു അമ്മീമ്മക്കായി വാദിച്ചത്.

ഒടുവില്‍ അമ്മീമ്മ റിട്ടയര്‍ ചെയ്യുന്നതിനു രണ്ട് മാസം മുമ്പ് കേരളാ ഹൈക്കോടതി അത്ഭുതത്തോടെ വിധി പ്രസ്താവിച്ചു…

ഇത് കേരളമോ? ഇവിടേ ജാതിയില്ലെന്നും മതമില്ലെന്നും ഒക്കെ ആരാണ് പറഞ്ഞത്? ഇവിടെ പുരോഗമനമുണ്ടെന്ന് ആരാണ് ദു:സ്വപ്നം കണ്ടത്? ഏകാകിനിയായ ഒരു സ്ത്രീയോട് ഇത്രയുമൊക്കെ ചെയ്യാന്‍ കഴിയുന്ന നമ്മുടെ ഉത്തുംഗ സംസ്‌കാരത്തിന്റെ പേരെന്താണ്?

ഹെഡ്മാസ്റ്ററുടെ അധികാര ദുര്‍വിനിയോഗത്തേയും വിദ്യാഭ്യാസവകുപ്പിന്റെ കെടുകാര്യസ്ഥതയേയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

തടഞ്ഞു വെയ്ക്കപ്പെട്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും പൂര്‍വകാല പ്രാബല്യത്തോടെ അമ്മീമ്മയ്ക്ക് അനുവദിക്കുകയും ചെയ്തു.

സത്യം പുലരുമെന്ന് എൻറെ പാവം അമ്മീമ്മ എന്നും കരുതീരുന്നു.

No comments: