Sunday, August 11, 2019

അമ്മച്ചിന്തുകൾ 9

                                                                      

പുത്തൻതോപ്പിലെ അച്ഛനുമൊത്തുള്ള ജീവിതത്തിൽ അമ്മയ്ക്ക് നഷ്ടമായത് എല്ലാ തരത്തിലുമുള്ള സമൃദ്ധിയായിരുന്നു. പ്രിയപ്പെട്ട ആഹാരം മുതൽ തലയിൽ തേക്കുന്ന എണ്ണ വരെ അമ്മ ഉപേക്ഷിക്കേണ്ടി വന്നു. അന്നൊക്കെ അമ്മയ്ക്ക് മുട്ടൊപ്പം മുടിയുണ്ടായിരുന്നു. അമ്മ പച്ചരി പോലെ വെളുത്തും അച്ഛൻ എള്ളു പോലെ കറുത്തുമിരുന്നു. പക്ഷേ അച്ഛന് നിറമില്ല എന്നത് ഞങ്ങൾക്കോ അമ്മയ്ക്കോ ഒരിക്കലും ഒരുകാലത്തും പ്രശ്നമായിരുന്നില്ല. നാട്ടുകാർക്കായിരുന്നു എന്നും പ്രശ്‌നം. ഞങ്ങൾ മൂന്നു പേരിൽ ഒരാൾക്കെങ്കിലും അമ്മയുടെ നിറം കിട്ടാത്തതിൽ പലരും സങ്കടം പറയുമായിരുന്നു.

അച്ഛൻറെ ഇടതൂർന്ന ചുരുണ്ട മുടിയെ അമ്മ വല്ലാതെ ഇഷ്ടപ്പെട്ടു. വയസ്സായപ്പോൾ അച്ഛന് കഷണ്ടി വന്നതിൽ അമ്മ സങ്കടപ്പെട്ടിരുന്നു. പ്രേം നസീറിനെ അനുകരിക്കാനും അച്ഛൻ മിടുക്കനായിരുന്നു. പ്രേം നസീറല്ല അച്ഛനാണ് സ്ക്രീനിൽ എന്നു വരെ ചില സിനിമകൾ കാണുമ്പോൾ , ചില പാട്ടുകൾ കേൾക്കുമ്പോൾ ഞങ്ങൾ വിചാരിക്കുമായിരുന്നു. ഇന്നും അങ്ങനെ തോന്നിപ്പോകാറുണ്ട്.

അച്ഛൻ സ്റ്റേറ്റ് ഗവൺമെന്റ് സർവീസിലായിരുന്നുവല്ലോ. സ്ഥലം മാറ്റമൊക്കെ വന്നാൽ ബില്ലെഴുതി ട്രഷറിയിൽ നിന്ന് പണം വന്ന് ശമ്പളമായി കൈയിൽ കിട്ടാൻ സമയം ഒത്തിരി വൈകും. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ പോലും ഇതായിരുന്നു സ്ഥിതി. കുറേ നാൾ പണമില്ലാതെയിരിക്കുക, പിന്നെ പെട്ടെന്ന് വലിയ പണക്കാരനാവുക അങ്ങനെയായിരുന്നു അച്ഛൻ.

പുത്തൻതോപ്പിൽ താമസിക്കുമ്പോഴും അച്ഛന് ശമ്പള മെത്തീരുന്നില്ല. അമ്മയാകട്ടെ ജോലി കിട്ടിയപ്പോൾ മുതലുള്ള ലീവെല്ലാം കൂട്ടിവെച്ചിരുന്നു. അങ്ങനെ പ്രസവ അവധി ഉൾപ്പെടെ ഒരു വർഷം അമ്മ ശമ്പളത്തോടെ അവധിയെടുത്ത് അച്ഛനൊപ്പം പാർത്തു. വീടു നടത്തിക്കൊണ്ട് പോകൽ എന്നും അമ്മയുടെ തലയിലായിരുന്നു. ഇടയ്ക്ക് പണക്കാരനാവുന്ന അച്ഛനെ ഒരിക്കലും ഒന്നിനും കൃത്യമായി ആശ്രയിക്കാൻ പറ്റുമായിരുന്നില്ല.

അച്ഛന് ചില്ലറ പ്രൈവറ്റ് പ്രാക്ടീസ് ഉണ്ടാരുന്നുവെങ്കിലും ഒന്നാം തിയതി ധനികയാവുന്ന അമ്മ തന്നെയായിരുന്നു വീട്ടിൽ സമൃദ്ധി വരുത്തിയിരുന്നത്.

അച്ഛൻറെ അച്ഛൻ അമ്മയൊരുമിച്ച് വീട്ടിൽ കയറാൻ അനുവദിച്ചില്ലെങ്കിലും ബി എസ് സി പാസ്സായിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും ഇളയ മകളെ തുടർന്ന് പഠിപ്പിക്കേണ്ട ബാധ്യത എൻറെ അച്ഛൻ ഏറ്റെടുക്കണമെന്ന് നിർബന്ധം പിടിച്ചു. അമ്മ ഒരു എതിർപ്പും പറഞ്ഞില്ല. അച്ഛൻറെ ആ സഹോദരിയെ പഠിപ്പിച്ചത് അമ്മയാണ്. പക്ഷേ,. അവർക്കൊരിക്കലും അമ്മയേയോ ഞങ്ങളേയോ സ്നേഹിക്കാൻ കഴിഞ്ഞില്ല. അവരുടെ കോളേജ് മേറ്റ്സും റൂം മേറ്റ്സും പോലും വളരെ കാലത്തോളം പലതും പറഞ്ഞ് അമ്മയെ പുച്ഛിക്കുമായിരുന്നു.

ആരും കാണാതെ നമ്മളെ ചീത്ത പറയുന്ന ഗോസ്സിപ്പിംഗ് വേറൊരു തരമാണ്. അത് നമ്മളറിയുന്നില്ല എന്ന് സമാധാനിക്കാമായിരുന്നു. എന്നാൽ മുഖത്ത് നോക്കി ചീത്ത പറയുമ്പോൾ നമ്മൾ എന്താണ് ചെയ്യുക? മുഖത്ത് നോക്കി ബോഡി ഷേമിംഗ് ചെയ്യുമ്പോൾ നമ്മൾ എന്താണ് ചെയ്യുക?

എന്തായാലും ആ സഹോദരി പാസ്സായ വിവരമോ അവർക്ക് ജോലി കിട്ടിയ വിവരമോ അവർ അമ്മയെ അറിയിച്ചില്ല. അമ്മക്ക് സങ്കടമുണ്ടായിരുന്നു കുറേ ക്കാലം. പിന്നെ കൂടുതൽ വലിയ സങ്കടങ്ങൾ വന്നപ്പോൾ അമ്മ അത് പറയാതെയായി.

പുത്തൻതോപ്പിലെ പൂഴിമണലിൽ നടക്കുമ്പോൾ കാൽ വേദനിക്കുമായിരുന്നുവത്രേ അമ്മയ്ക്ക്. കടലിനെ അമ്മ ഇഷ്ടപ്പെട്ടു. കടലിരമ്പത്തേയും ഇഷ്ടപ്പെട്ടു. രാത്രിയുടെ നിശ്ശബ്ദതയിൽ ആ കടലിരമ്പം ഒരു താരാട്ടായി തോന്നിയിരുന്നുവെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

ഡാറി ആൻറിയായിരുന്നു അമ്മയുടെ ബലം. അച്ഛൻ നല്ല ഡോക്ടർ ആയിരുന്നു വെങ്കിലും ഡാറി ആൻറിയുടെ നടുവേദന, കഴുത്തു വേദന, തലവേദന പോലെയുള്ള അസുഖങ്ങൾ പെരേര അങ്കിൾ അടുത്തില്ലാത്തതുകൊണ്ടാണെന്ന് ദുർവ്യാഖ്യാനിച്ച് അവർക്ക് ഡിസ്റ്റിൽഡ് വാട്ടർ കുത്തിവെക്കുമായിരുന്നു അച്ഛൻ. ആൻറി മരുന്നാണെന്ന് കരുതും. അമ്മക്ക് ഇത് വൈദ്യൻറെ ധാർമികതക്ക് എതിരായാണ് തോന്നിയിരുന്നത്. അച്ഛൻ എന്നെ സംബന്ധിച്ച് ഒരിക്കലും ഒരു നല്ല ഡോക്ടർ ആയിരുന്നില്ല. എന്നെ പലതവണ അച്ഛൻ മരണത്തിന് അഭിമുഖം നിറുത്തീട്ടുണ്ട്. പച്ചവെള്ളം കുത്തിവെച്ചിട്ടുണ്ട്. മരുന്ന് തരാതിരുന്നിട്ടുണ്ട്. എൻറെ രോഗമെല്ലാം അഭിനയമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നെ നുണ പറയുന്നവളായി ചിത്രീകരിക്കാൻ അച്ഛനെക്കൊണ്ട് ആകാവുന്നതെല്ലാം ചെയ്തിട്ടുണ്ട്.

എൻറെ ഭാവിയറിയില്ലാരുന്നുവല്ലോ അമ്മയ്ക്ക്. അതുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് അമ്മ എനിക്ക് ജന്മം നല്കി.

പ്രസവരക്ഷയൊന്നും ഉണ്ടായില്ല. അമ്മ കുറച്ച് ആൻറിബയോട്ടിക്കുകൾ കഴിച്ചു. എണ്ണ പുരട്ടലോ വേതു പിടിക്കലോ ഒന്നുമുണ്ടായില്ല. ഡാറി ആൻറി കൊടുത്ത കഞ്ഞി കുടിച്ചു അമ്മ കഴിഞ്ഞുകൂടി.

ഞാൻ ഒരു ഗ്ലാക്സോ ബേബിയായിരുന്നു. അമ്മക്ക് ഒരു തുള്ളി പോലും മുലപ്പാൽ വന്നില്ല. ഞാൻ ഗ്ലാക്സോ പാല് കുടിച്ച് വളർന്നു.

എനിക്ക് മൂന്നുമാസമായപ്പോൾ അച്ഛന് തൃശ്ശൂർക്ക് സ്ഥലം മാറ്റമായി. ഡാറി ആൻറി സുശീല എന്നൊരു പെൺകുട്ടിയെ അമ്മയ്ക്ക് സഹായിയായി പറഞ്ഞയച്ചു.

അങ്ങനെ ഞങ്ങൾ മുണ്ടൂരിൽ വന്ന് താമസമായി.

അമ്മയ്ക്ക് ജോലിക്ക് പോകേണ്ട ദിവസം അടുത്തു വന്നു. വല്ലാതെ പേടി തോന്നിയിരുന്നുവത്രേ ആ ദിവസങ്ങളിൽ...

സവർണരെ ആകമാനം വെറുപ്പിച്ചുകൊണ്ട് അക്കാലത്ത് അങ്ങനെ യൊരു മിശ്രവിവാഹം കഴിച്ചതിന് കേന്ദ്ര ഗവൺമെന്റ് ഓഫീസിലും അമ്മ വല്ലാതെ ഇകഴ്ത്തപ്പെട്ടു. ആ ദൂരക്കാഴ്ചയുണ്ടായിരുന്നതുകൊണ്ടാണ് ജോലിക്ക് പോവാൻ അമ്മ ഭയന്നത്.
ജോലി രാജിവെച്ചാലോ എന്നു കൂടി അമ്മ ആലോചിച്ചിരുന്നു. .... എങ്കിൽ ഞാനോ അനിയത്തിമാരോ ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല.

അതുകൊണ്ട് എൻറെ അമ്മ ജോലിക്ക് പോവുക തന്നെ ചെയ്തു.

No comments: