Tuesday, August 13, 2019

അമ്മച്ചിന്തുകൾ 19

                                                                     
ഒത്തിരി ബന്ധുബലമുള്ള ധനിക പുരുഷൻമാർക്ക് പോലും ഇന്ത്യൻ കോടതി കളിൽ കേസ് നടത്താൻ എളുപ്പമല്ല. അപ്പോൾ അനാഥരും ഭ്രഷ്ടരും ചെറിയ സർക്കാർ ജോലിക്കാരുമായ രണ്ട് സ്ത്രീകളുടെ കാര്യം പറയാനുണ്ടോ?

വക്കീലിനെ കണ്ടു പിടിക്കുക, അവരുടെ ഫീസ് ഇൻസ്റ്റാൾ മെൻറായി ഒടുക്കുക, കേസ് പൊരുതാൻ വേണ്ട കാര്യങ്ങൾ അവർ ചോദിക്കുമ്പോഴെല്ലാം ഇങ്ങനെ നിരത്തി നിരത്തി വെക്കുക, അവർ കേസിൻറെ മറുപടി എഴുതുമ്പോൾ ഇന്നയിന്ന കാര്യങ്ങൾ ഉണ്ട് എന്ന് മറക്കാതെ, മടുക്കാതെ അറിയിക്കുക... ഒരുപാട് എഴുത്തുകുത്തുകൾ ആവശ്യമായ, കുറെയേറെ സമയം ചെലവാക്കേണ്ടുന്ന വളരെ നീണ്ട വിരസമായ പ്രക്രിയയാണ് ഓരോ കേസ്സും...

അമ്മയ്ക്കും അമ്മീമ്മയ്ക്കും അച്ഛനെ വണങ്ങി നിൽക്കുകയല്ലാതെ ഒരു വഴിയുമുണ്ടായിരുന്നില്ല. പിന്നെ വണക്കം തുടങ്ങിയാൽ അത് അവസാനപ്പടി വരെയാണ്..എന്നിട്ടും വെള്ളത്തിലേക്കോ തീയിലേക്കോ തട്ടിയിട്ട് അവസാനിപ്പിച്ചാലേ മുകളിൽ നില്ക്കുന്നവർക്ക് ഒരു പൊറുതി കിട്ടൂ.

റാണി പിറന്ന ഉടനെ അമ്മ വീണ്ടും ഗർഭിണിയായി. ഇത്തവണ അച്ഛൻ ചില മരുന്നുകൾ അമ്മയിൽ പ്രയോഗിക്കുക തന്നെ ചെയ്തു. പക്ഷേ, ജനിച്ചു കഷ്ടപ്പെടാനുള്ള തലേലെഴുത്തുമായി ഉരുവപ്പെട്ടവളല്ലേ, ഭാഗ്യ... അവൾ മരുന്നിലൊന്നും അങ്ങനെ അലിഞ്ഞു പോയില്ല...

അമ്മക്ക് ആധികൊണ്ട് ഭ്രാന്ത് വന്നില്ലെന്നേയുള്ളൂ. തകരാറുള്ള കുഞ്ഞ് ജനിക്കുമോ എന്ന് ഭയപ്പെട്ട്
അമ്മ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉണർന്നിരിക്കുമ്പോൾ അംഗവൈകല്യമോ ബുദ്ധി ക്കുറവോ ഉള്ള കുഞ്ഞു നടന്ന് വരുന്നത് കണ്ടു പേടിച്ചു.

അച്ഛന് അതൊരു തമാശയായാണ് തോന്നിയത്. അമ്മയുടെ അന്ധവിശ്വാസജഡിലമായ ബ്രാഹ്മണ്യത്തെയും ആയുർവേദ മരുന്നുകളിലും ജ്യോതിഷത്തിലുമുള്ള പ്രാവീണ്യത്തെയും ഒക്കെ അച്ഛൻ സദാ പരിഹസിച്ചു.

അക്കാലത്ത് ഡോ. തിമത്തിക്ക് സ്ഥലം മാററമായി. അച്ഛൻറെ പക്കൽ അദ്ദേഹം വീടിൻറെ താക്കോൽ കൈമാറി. പുതിയതായി വന്ന ഡോക്ടർക്ക് അച്ഛൻ
അപ്പോൾ തന്നെ ആ വീട് വാടകയ്ക്ക് കൊടുക്കുകയും ചെയ്തു.

തിരികെ വിയ്യൂരെത്തി വിവരം പറഞ്ഞപ്പോൾ അമ്മീമ്മ സമ്മതിച്ചില്ല. അമ്മയുടെ കൂടെ അങ്ങനെ സ്ഥിരമായി താമസിക്കുന്നത് എല്ലാവർക്കും ദോഷം വരുത്തുമെന്ന് അവർ അതിനോടകം അറിഞ്ഞു കഴിഞ്ഞിരുന്നു. അപ്പാ സുബ്ബരാമയ്യർ തീറാധാരം തന്ന വീട്ടിൽ പോയി താമസിച്ച് മരിക്കണമെന്ന് അമ്മീമ്മ കരഞ്ഞു വിളിച്ചു.

അമ്മക്കും അച്ഛനും ഉള്ളിൽ നല്ല ഭയമുണ്ടായിരുന്നു. അമ്മീമ്മ ആ വീട്ടിൽ തനിച്ചായാൽ കൊല്ലപ്പെട്ടെങ്കിലോ എന്ന്... പക്ഷേ, അമ്മീമ്മ
മരിച്ചാലും വേണ്ടില്ല , ആ വീട്ടിൽ പോയേ തീരു എന്ന് ശഠിച്ചു.

അച്ഛൻ ആ നിർബന്ധത്തിനു വഴങ്ങി. അമ്മീമ്മയെ ഇറക്കി വിടും എന്ന് ഭീഷണിപ്പെടുത്തി അമ്മയെ പേടിപ്പിക്കാൻ പിന്നീട് അച്ഛനു സാധിക്കാതായത് ആ നിമിഷത്തിന്റെ ദൗർബല്യത്തിലായിരുന്നു. അന്ന് വീട്ടിലുണ്ടായിരുന്ന ഡാറി ആൻറിയും അച്ഛനോട് അതു തന്നെയാണ് ശരി എന്ന് വാദിച്ചു. അച്ഛൻ പിന്നീട് ആ തീരുമാനമെടുത്തതിൽ വല്ലാതെ പശ്ചാത്തപിച്ചിട്ടുണ്ട്.

എനിക്ക് അമ്മീമ്മയോട് വലിയ ഇഷ്ടമായിരുന്നു . അമ്മീമ്മ ചോറു തരുന്നത്, എന്നെ ചുമന്നുകൊണ്ട് ആ പൂന്തോട്ടത്തിലും അടുക്കളത്തോട്ടത്തിലും നടക്കുന്നത്... അങ്ങനെ ചില ചിതറിയ ചിത്രങ്ങൾ ഓർമ്മകളായി ഉണ്ട്. എന്നാൽ അമ്മീമ്മ തൃക്കൂർക്ക് മാറിയ ദിവസമൊന്നും ഓർമ്മയിൽ ഇല്ല.

കുറച്ച് അരിയും വീട്ടുസ്സാധനങ്ങളും വീറകും ഒരു കിടക്കയും തലയിണയുമായി അമ്മീമ്മയെ ആ വീട്ടിൽ വിട്ടിട്ട് ഞങ്ങൾ, എന്ന് വെച്ചാൽ ഡാറി ആൻറിയുൾപ്പടെയുള്ളവർ മടങ്ങിപ്പോന്നു എന്നാണ് അമ്മയും അമ്മീമ്മയും പറഞ്ഞു ഞാൻ കേട്ടിട്ടുള്ളത്. അച്ഛൻറെ ഡയറിയിൽ ഒറ്റ വരിയേ ഉള്ളൂ. ' കല്യാണത്തിനെ തൃക്കൂര് കൊണ്ടു വിട്ടു.'

അമ്മീമ്മ അന്ന് വരെ അങ്ങനെ മറ്റാരുമില്ലാത്ത വീട്ടിൽ ഉറങ്ങീട്ടില്ലായിരുന്നു. അങ്ങനെ ആ അനുഭവവും അവർക്ക് സ്വന്തമായി.

അയൽപ്പക്കത്ത് അലക്കുകാരായ വേലൻ കുടുംബമായിരുന്നു. അമ്മീമ്മക്ക് ഓലച്ചൂട്ടില്ലാതെ അടുപ്പ് കത്തിക്കാൻ അറിയുമായിരുന്നില്ല. അമ്മീമ്മ അതിരാവിലെ വേലൻ പാച്ചുവിൻറെ വീട്ടിലെത്തി കതക് തട്ടി. അവർ ആട്ടിയിറക്കില്ല എന്ന് അമ്മീമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നുവത്രേ. ഒത്തിരി കാലം അമ്മീമ്മയുടെ മഠത്തിൽ തുണിയലക്കീരുന്നു അവർ അമ്മീമ്മയെ കണ്ടപ്പോൾ പാച്ചുവിൻറെ വീട്ടുകാർ ഭയന്നു. ആവശ്യം കേട്ടപ്പോൾ മരുമകൾ നാരായണി ഓലച്ചൂട്ട് കൊണ്ടുവന്ന് അടുപ്പ് കത്തിക്കാൻ സഹായിച്ചു. ഈ സംഭവം അനേകം തവണ അമ്മീമ്മ പറഞ്ഞു തന്നിട്ടുണ്ട്. ' അന്ത നാരായണിയോട് കൈകുരുത്തമാക്കും എന്നക്കും ഇന്ത അടുപ്പിലെ ഇപ്പടി തീയെരിയറത് ' എന്ന് അമ്മീമ്മ പറയുമായിരുന്നു. പക്ഷേ,. പിന്നീട് ആ കുടുംബത്തെ അമ്മീമ്മയുടെ സഹോദരൻ സ്വന്തം വരുതിക്ക് തന്നെ നിറുത്തി
അമ്മീമ്മയെ ഒത്തിരി ബുദ്ധിമുട്ടിച്ചിട്ടുണ്ട്.

അമ്മീമ്മ പോയതിനു ശേഷമാവണം വിയ്യൂർ വീട് തികച്ചും അശാന്തമാകുവാൻ തുടങ്ങുന്നത്...

അവിടത്തെ എൻറെ ആദ്യ ഓർമ്മ...

എനിക്കിന്നു പോലും മറക്കാനാവാത്ത ആ ഓർമ്മ ഇങ്ങനെയാണ്...

അതിൽ ആദ്യം തെളിയുന്ന കാഴ്ച ഒരു ചൂരലിന്റേതാണ്. അതിന്റെ നിറം, എന്തു നിറമാണതിന്?

വെളുപ്പ്…….. അല്ല.

ക്രീം……… അല്ല.

പിന്നെ……. പിന്നെ……

ഇത്ര കഷ്ടപ്പെടേണ്ട, അതിനു ഒരു ചൂരലിന്റെ വർണ്ണമാണ്. ഒട്ടകത്തിനു ഒട്ടക വർണ്ണം പോലെ, ചൂരലിനു ചൂരൽ വർണ്ണം.

അതിന്റെ ഒരറ്റത്ത് ഒരു വലിയ മനുഷ്യന്റെ കൈപ്പത്തി മുഴുവൻ കടത്തിപ്പിടിക്കാവുന്ന അണ്ഡാകൃതിയിലുള്ള പിടിയുണ്ട്. ആ പിടിയിൽ തീരെ വണ്ണമില്ലാത്ത തിളങ്ങുന്ന കമ്പികൾ ചുറ്റിക്കെട്ടിയിരുന്നു. അത്തരം എട്ട് കമ്പികൾ ആ ചൂരലിനുള്ളിലൂടെയും കടന്നു പോകുന്നുണ്ടായിരുന്നു.

ആ ചൂരൽ കൊണ്ടാണ് അച്ഛൻ അമ്മയെ തല്ലിയത്.

നമുക്ക് ഓർമ്മകൾ ഉണ്ടായിരിക്കണമോ?

മൂന്നു വയസ്സിൽ വിയ്യൂർ വീട്ടിൽ ഉറക്കം ഞെട്ടിയുണർന്ന ഒരു രാത്രിയാണെന്റെ മറക്കാൻ കഴിയാത്ത വ്യക്തമായ ഓർമ്മ.

ചുവന്ന് കലങ്ങിയ കണ്ണുകളോടെ, കണ്ണീരൊഴുകി വീണ കവിളുകളോടെ, കൂപ്പുകൈകളോടെ തറയിൽ മുട്ടു കുത്തി നിന്ന് യാചിക്കുന്ന അമ്മ. ചൂരലോങ്ങി ക്രൌര്യത്തോടേ ഗർജ്ജിക്കുന്ന അച്ഛൻ.

പെട്ടെന്ന് ചൂരൽ വായുവിൽ ആഞ്ഞു പുളഞ്ഞു, അമ്മയുടെ ചങ്ക് തകരുന്ന നിലവിളിയിൽ എനിക്ക് ശബ്ദം വറ്റിപ്പോയിരുന്നു. പിടഞ്ഞുകൊണ്ട് തറയിൽ വീണ അമ്മയേയും എന്നെയും അച്ഛൻ വീടിന്റെ മുൻ വാതിൽ തുറന്ന് പുറത്തിറക്കി വിട്ടു. ഇടി മുഴങ്ങിക്കൊണ്ടിരുന്ന ആ രാത്രിയിൽ റാണി തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. കരയുന്ന അമ്മയോട് ശബ്ദിച്ചാൽ കാലു മടക്കി അടിക്കുമെന്ന് അപ്പോൾ അച്ഛൻ അമറി.

വലിയ മഴ പെയ്യുകയായിരുന്നു. അടിപ്പാവാടയും ബ്ലൌസും മാത്രമണിഞ്ഞ അമ്മ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് അടക്കിയ ശബ്ദത്തിൽ ഏങ്ങലടിച്ച് കരഞ്ഞുകൊണ്ട് ആ ചവിട്ട് പടികളിലിരുന്നു, അച്ഛന്റെ ദേഷ്യം മാറി കതകു തുറക്കുന്നതും കാത്ത്. അമ്മയുടെ ഏങ്ങലടി കേട്ടു കരയാൻ പോലും ഭയന്ന് തുറിച്ച കണ്ണുകളുമായി ഞാനും. ആ ഏങ്ങലിന്റെ ആഴത്തിൽ അമ്മയും അമ്മയുടെ വയറ്റിലുള്ള കുഞ്ഞു വാവയും മരിച്ച് പോകുമെന്നു ഞാൻ നടുങ്ങി.

ഇത്തരം എത്രയോ രാത്രികളും ഇതിലും മോശമായ പകലുകളും എന്റെ ഓർമ്മകളിൽ നിത്യമായ ചോരച്ചാലുകൾ കീറി.

ഞങ്ങൾ അഞ്ച് പെണ്ണുങ്ങൾ, എന്റെ അമ്മയും ഞാനും രണ്ടനുജത്തിമാരും അമ്മീമ്മയും എന്നും ആരുമില്ലാത്തവരായിരുന്നു.

എനിക്കൊരിക്കലും അച്ഛനെ സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല. ഭയം, കൊലപ്പെടുമെന്ന ഭയം മാത്രമേ ഉണ്ടായിട്ടുള്ളൂ

അമ്മയെയും അമ്മീമ്മയേയും സ്നേഹിക്കാതിരിക്കാനും കഴിഞ്ഞിട്ടില്ല.

അന്ന് തൊണ്ടക്കുഴിയിൽ ഭയം കൊണ്ടമർന്നു പോയ ആ നിലവിളിയായി മാറി, പിന്നീടുള്ള എന്റെ ജീവിതമത്രയും. ഭയങ്ങൾ…ഇനിയുമിനിയും ഭയങ്ങൾ….പിന്നെയും പിന്നെയും ഭയങ്ങൾ, വെളുത്തഭയങ്ങൾ, കറുത്തഭയങ്ങൾ, ചുവന്നഭയങ്ങൾ, നീലിച്ച ഭയങ്ങൾ…അവ മാറിയില്ല.

ഭയപ്പെടുത്തുന്നവർ മാത്രം മാറി.

ചൂരലുകളുടെ പുളച്ചിൽ എനിക്ക് മുകളിൽ എന്നുമുയർന്നു, ചൂരൽ പിടിക്കുന്ന കൈകൾ മാത്രം മാറി. ഗർജ്ജിക്കുന്ന തൊണ്ടകളും അമറുന്ന ശബ്ദങ്ങളും മാറിയില്ല. അവയുടെ ഉടമസ്ഥന്മാർ മാത്രം മാറി.

ഞാൻ എന്നും ഉന്നത ഉദ്യോഗസ്ഥരുടേയും അഭ്യസ്തവിദ്യരുടേയും പുരോഗമനാശയക്കാരുടേയും ഒരുപാട് തറവാട്ടു മഹിമയുള്ളവരുടേയും സംസ്ക്കാരസമ്പന്നരുടേയും കലാകാരന്മാരുടേയും ഒപ്പം മാത്രമാണ് ജീവിച്ചിട്ടുള്ളത്.

എല്ലാവരും കമ്പികെട്ടിയ ചൂരലുകൾ ഉള്ളവരായിരുന്നു.

എല്ലാവർക്കും കാലു മടക്കി അടിക്കാൻ പറ്റുമായിരുന്നു.

എല്ലാവർക്കും ഗർജ്ജിക്കുവാനും അമറുവാനും സാധിക്കുമായിരുന്നു.

ഒരാൾ വേറൊരു ആളെ അടിക്കുന്നത്, ചവിട്ടുന്നത്, ചീത്തവാക്കുകൾ വിളിക്കുന്നത് ഒക്കെ സ്നേഹമാണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റില്ല. എന്തു ന്യായം പറഞ്ഞാലും. കാരണം ഞാനിതെല്ലാം ഒരുപാട് ഏറ്റിട്ടുണ്ട്.

സ്നേഹം കൊണ്ട് ആരും എന്നെ പതുക്കെ അടിച്ചില്ല, മെല്ലെ ചവിട്ടിയില്ല. മറക്കാവുന്ന ചീത്ത പറഞ്ഞില്ല.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ചൂരലുകളുടെ പുളച്ചിൽ എനിക്ക് മുകളിൽ എന്നുമുയർന്നു, ചൂരൽ പിടിക്കുന്ന കൈകൾ മാത്രം മാറി. ഗർജ്ജിക്കുന്ന തൊണ്ടകളും അമറുന്ന ശബ്ദങ്ങളും മാറിയില്ല. അവയുടെ ഉടമസ്ഥന്മാർ മാത്രം മാറി.

ഞാൻ എന്നും ഉന്നത ഉദ്യോഗസ്ഥരുടേയും അഭ്യസ്തവിദ്യരുടേയും പുരോഗമനാശയക്കാരുടേയും ഒരുപാട് തറവാട്ടു മഹിമയുള്ളവരുടേയും സംസ്ക്കാരസമ്പന്നരുടേയും കലാകാരന്മാരുടേയും ഒപ്പം മാത്രമാണ് ജീവിച്ചിട്ടുള്ളത്.

എല്ലാവരും കമ്പികെട്ടിയ ചൂരലുകൾ ഉള്ളവരായിരുന്നു.

എല്ലാവർക്കും കാലു മടക്കി അടിക്കാൻ പറ്റുമായിരുന്നു.

എല്ലാവർക്കും ഗർജ്ജിക്കുവാനും അമറുവാനും സാധിക്കുമായിരുന്നു.