നമ്മുടെ നിയമങ്ങൾക്കുള്ള ഏറ്റവും വലിയ പ്രത്യേകത അവയിലെ പഴുതുകളാണ്. കേൾക്കുമ്പോൾ ഭീകര നിയമമെന്നൊക്കെ തോന്നുമെങ്കിലും തടിച്ചുകൊഴുത്ത ഒട്ടകങ്ങൾക്ക് പോലും ആ നിയമപ്പഴുതുകളിലൂടെ എളുപ്പത്തിൽ ഇറങ്ങി വരാൻ പറ്റും. ഇന്ത്യൻ കോടതികളിൽ കേസ്സുകളുമായി അലഞ്ഞുതിരിയുന്ന ഏതു സാധാരണക്കാരുടേയും അനുഭവമാണത്.
അമ്മയുടെ അപ്പാ സുബ്ബരാമയ്യരെ അദ്ദേഹത്തിന്റെ പെരിയപ്പാ ദത്തെടുത്തിരുന്നു. ദത്തമ്മയുടെ പേര് കല്യാണം എന്നായിരുന്നു. ആ പേരാണ് അമ്മീമ്മക്കിട്ടത്. ദത്ത് പുത്രൻ എന്ന നിലയിൽ അവരുടെ സ്വത്തും സ്വന്തം മാതാപിതാക്കൾ നല്കിയ സ്വത്തിൻറെ ഒരോഹരിയും അമ്മയുടെ അപ്പാവായ സുബ്ബരാമയ്യർക്ക് ലഭിച്ചിരുന്നു. കിട്ടിയ സ്വത്തെല്ലാം നശിപ്പിച്ചില്ലെന്നു മാത്രമല്ല, സ്വന്തം അദ്ധ്വാനത്താൽ അദ്ദേഹം അതിനെ ഭംഗിയായി വളർത്തുകയും ചെയ്തു.
അമ്മയുടെ അമ്മ രുഗ്മിണി അമ്മാളുടെ അച്ഛൻ ഇംഗ്ലീഷുകാരുടെ കോടതിയിലെ ക്രിമിനൽ വക്കീലായിരുന്നു. അദ്ദേഹത്തിന്റെ പഴകി നരച്ച ഒരു ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്.
കാര്യം ഇംഗ്ലീഷുകാരുടെ കോടതിയിലാണ് വാദിച്ചിരുന്നതെങ്കിലും അദ്ദേഹം കടുത്ത ദേശീയ വാദിയായിരുന്നു. ചില കാര്യങ്ങളിൽ ഒരു ഫെമിനിസ്ററും.
പുന്നയ്ക്കാ എണ്ണ മാത്രം ഉപയോഗിച്ചു. ബ്രിട്ടീഷ് മണ്ണെണ്ണ അദ്ദേഹം വർജ്ജിച്ചു. എന്നും രാവിലെ നാലു മണിക്ക് ഉണർന്ന് മുറ്റവും വീടും അടിച്ചുവാരി വൃത്തിയാക്കി. ഖദർ ധരിച്ചു. സ്വന്തം വസ്ത്രം സ്വയം അലക്കി. പെൺമക്കളെയെല്ലാം ഏഴാം ക്ലാസ് വരെയെങ്കിലും പഠിപ്പിച്ചു. അമ്മയുടെ അമ്മക്ക് ഇംഗ്ലീഷ് , മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകൾ നല്ല വശമായിരുന്നു. ഗുരുവായൂരിലുണ്ടായിരുന്ന അവരുടെ പതിനാറുകെട്ട് കൊട്ടാരത്തിൽ ഞാൻ പോയിട്ടുണ്ട്. അമ്മീമ്മയും അമ്മയും ഞങ്ങളെ കൊണ്ടുപോയി കാണിച്ചു തന്നിട്ടുണ്ട്.
അമ്മയുടെ അപ്പാ സുബ്ബരാമയ്യർ ആ വക്കീൽ സ്വാമിയുടെ വല്സല ജാമാതാവായിരുന്നുവത്രേ. സുബ്ബരാമയ്യർ സ്വന്തം പെൺകുട്ടികളെ പഠിക്കാൻ അയക്കാത്തതിൽ ഫെമിനിസ്ററ് മാമനാർക്ക് കലശലായ വിരോധമുണ്ടായിരുന്നെങ്കിലും ഈ അദ്ധ്വാനിയായ ജാമാതാവിനെ അദ്ദേഹം ഇഷ്ടപ്പെട്ടു. രുഗ്മിണി അമ്മാൾക്ക് കിട്ടിയ സ്വത്തും സുബ്ബരാമയ്യർ ഭംഗിയായി അദ്ധ്വാനിച്ച് വർദ്ധിപ്പിച്ചു.
കാര്യങ്ങൾ ഇങ്ങനെ യൊക്കെയാണെങ്കിലും അമ്മയുടെയും അമ്മീമ്മയുടേയും പേരിൽ കേസ് കൊടുക്കുവാൻ സഹോദരന്മാർ തീരുമാനിച്ചപ്പോൾ കഥയാകെ മാറി. വില്പത്രം എഴുതാനുള്ള അവകാശം പോലും സുബ്ബരാമയ്യർക്കില്ല എന്ന് ആൺമക്കൾ കോടതി യിൽ ബോധിപ്പിച്ചു. കാരണം ദത്ത് കിട്ടിയ മുതൽ മാത്രമേ അദ്ദേഹത്തിനുള്ളൂ. സ്വന്തമായി ഒരണ സമ്പാദിച്ചിട്ടില്ല. പിന്നെ എല്ലാം ആൺകുട്ടികൾ സമ്പാദിച്ചതാണ്. കല്യാണം കഴിച്ച ബ്രാഹ്മണപ്പെൺകുട്ടികൾക്ക് വീട്ടിൽ അവകാശമില്ല. അതുകൊണ്ട് എൻറെ അമ്മയുടേയും അമ്മീമ്മയുടേയും പേരിൽ വില്പത്രം എഴുതി വെച്ചത് കോടതി റദ്ദ് ചെയ്യണം. അപ്പാ സുബ്ബരാമയ്യർക്ക് വില്പത്രം എഴുതാൻ അധികാരമില്ലാത്തത് കൊണ്ട് ആ വിൽപത്രം ആൺമക്കൾ അംഗീകരിക്കുന്നില്ല.
ആൺകുട്ടികളെ അധികം ഇഷ്ടപ്പെട്ട ധനികനും പ്രതാപിയുമായിരുന്ന സുബ്ബരാമയ്യർ ആ കോടതിക്കടലാസ്സുകളിൽ
ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് വായിച്ച് ഞാൻ അല്ഭുതപ്പെട്ടിട്ടുണ്ട്. ധനാശ പിതൃപുത്രബന്ധത്തെ എത്ര നിസ്സാരമാക്കുമെന്ന് ഞാൻ ആദ്യം അറിഞ്ഞത് അങ്ങനെയാണ്.
No comments:
Post a Comment