Sunday, August 11, 2019

കനവുചെപ്പിൻറെ നാലാമത്തെ അറ. 4

21/08/2020

https://www.facebook.com/echmu.kutty/posts/124209636263632220/07/19
പാടുക്കാട് വന്ന ഡ്രാക്കുള.

നാലാം ക്ളാസിൽ പഠിക്കുമ്പളാണ് ഞാൻ തൃക്കൂർ ഗ്രാമീണവായനശാലയീന്ന് എടുത്ത ഒറിജിനൽ ഡ്രാക്കുള വായിക്കണത്. ആ ബുക്ക് ഞാൻ എടുത്തപ്പൊ അരവിന്ദാക്ഷൻ മാഷ് തടഞ്ഞു. 'പേടിച്ചു മൂത്രൊഴിക്കും. വേണ്ട' എന്നായി മാഷ്.

'ഏയ്, എട്ടു വയസ്സുള്ള കുട്ടിയാ ഞാൻ. കഴിഞ്ഞ രണ്ടു കൊല്ലായിട്ട് വായിക്കല്ലേ... പല പല ബുക്കുകള്.. പിന്നെ അമ്മ വീട്ടില്ണ്ടെങ്കില് പേട്യാവില്ല..റാണീം ണ്ട്. ' എന്നൊക്കെ ഞാൻ വെച്ചു കാച്ചി..

'ടീച്ചറ് എന്നോട് ചോദിക്കോ എന്തിനാ ഈ ബുക്ക് കൊട്ത്തേന്ന് ' എന്നൊക്കെ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും മാഷ് ഒടുവിൽ ബുക്ക് തന്നു. ഞാൻ ഒരു ഗമണ്ടൻ വായനക്കാരിയാന്ന് മാഷക്ക് അതിനകം ബോധ്യായിരുന്നു.

'പേടിണ്ടാവണ ബുക്കല്ലേ.. മ്മക്ക് പകല് വായിക്കാ'ന്ന് ബുദ്ധിമതിയായ റാണി നിർദ്ദേശിച്ചു.

ന്തായാലും രാത്രി തന്നെ പനി വന്നു. കാലത്ത് നോക്കുമ്പോ ബെസ്റ്റ് ചിക്കൻ പോക്സാണ്. എന്താ ശേല്... മേല് നെറയേ കുരുക്കളാണ്..

അന്ന് അമ്മീമ്മ സ്ക്കൂൾ ലീവാക്കി. ശനീം ഞായറും കഴിഞ്ഞു.. അപ്പൊ കടും പഥ്യാ. ഉപ്പില്ലാത്ത പൊടിയരിക്കഞ്ഞീം ഒരു ചുട്ട പപ്പടോം. വാര്യത്തെ രാധ ടീച്ചറാണ് ഈ പഥ്യം അമ്മീമ്മക്ക് പറഞ്ഞു കൊടുത്തേ.... സൂക്കേട് വേഗം മാറാനാണ് ഈ പഥ്യം.

ഡ്രാക്കുളേ തൊട്ടിട്ട് ല്ല. കണ്ണ് മിഴി
ക്കണല്ലോ വായിക്കാൻ..

റാണിയാണ് പകല് എനിക്ക് കൂട്ട്. അവള്ക്ക് ഒന്നിൽ പഠിക്കുമ്പോഴേ ഈ പോക്സ് വന്നിരുന്നു. പിന്നെ അവള് മതീലോ എന്നെ നോക്കാൻ...

അമ്മേലും കടുപ്പത്തിയാണ് അവള്. പഥ്യം തെറ്റിക്കാമ്പറ്റില്ല..
'നിൻറെ സൂക്കേട് മാറട്ടേ'ന്നാണ് അനീത്തി ചേച്ചിടെ അമ്മന്യായം. ...

അങ്ങനെ പകല് നേരത്ത് മാത്രായിട്ട് വായിച്ചവസാനിപ്പിച്ചതാണ് ഡ്രാക്കുള പുസ്തകം...

പേടിയായീന്നല്ല, പേടിച്ച്‌ വെറവെറാന്ന് വെറച്ചു..

പിന്നെ ഇടക്കിടെ ഇങ്ങനെ കാണും ഈ പാടുക്കാടുള്ള വയലും ഡ്രാക്കുളേം...

അച്ഛൻറെ കൂടെ വൈകുന്നേരം തെണ്ടാൻ പോവാന്ന്ള്ളത് വല്യ കൊതിള്ള ഒരു കാര്യാണ്. അങ്ങനെ കരഞ്ഞു പിഴിഞ്ഞ് പിന്നാലെ ഓടാണ്...

അത് വിയ്യൂര് ജയിൽ ഡോക്ടർ ആയി അച്ഛൻ ജോലി ചെയ്യുമ്പഴാണ്. ചുരിദാറോ സാരിയോ ഒക്കെയാവും എൻറെ വേഷം. പക്ഷേ, ഗിന്നസ് പക്രുവിനെ പോലെയാ. ഞാൻ തീരെ ചെറുതാണ്. ഒരു നാലഞ്ച് വയസ്സേ ഉള്ളൂ.

അപ്പൊ വയലിൻറെ അടുത്തുള്ള വീട്ടിലെ ഗേറ്റ് തുറന്ന് വരണു..

ആരാ?

ഡ്രാക്കുള!!!!!

അച്ഛൻ മുമ്പില്...

എൻറേം അച്ഛൻറേം ഇടക്കാണ് ഡ്രാക്കുള.

എത്ര ശബ്ദത്തില് അലറി വിളിച്ചിട്ടും അച്ഛൻ കേക്ക്ണില്ല. പിൻതിരിഞ്ഞ് വിയ്യൂർ ജയിൽ ക്വാർട്ടേഴ്സിലേക്ക് ഓടാൻ നോക്കുമ്പോ അവിടെ മുഴുവനും ഡ്രാക്കുളേടെ കൊട്ടാരോം കാർപ്പാത്യൻ മലനിരകളുമാണ്....

പേടിച്ച് വെറച്ച് വിയർത്തൊഴുകി എണീക്കും എപ്പോഴും.. അതുകൊണ്ട് ആ സ്വപ്നത്തിന്
ഒരു ശരിക്കുള്ള
അവസാനം ഇല്ല...

ഇനി ഇന്നു രാത്രി കാണുവോ ആവോ?

നീയാരാ എന്നെപ്പറ്റി എഴുതാൻ എന്ന് ചോദിക്ക്വോ ഡ്രാക്കുള എന്നറീല..

No comments: