Friday, August 16, 2019

അമ്മച്ചിന്തുകൾ 30

                                                                
ഇസ്ലാം മതവിശ്വാസികളോട് ഇപ്പോൾ എല്ലാവരും നിരന്തരം ആവശ്യപ്പെടുന്നുണ്ടല്ലോ ... ഇന്ത്യാ മഹാരാജ്യത്തോടുള്ള നിങ്ങളുടെ കൂറു തെളിയിക്കൂ.. നിങ്ങളുടെ രാജ്യസ്നേഹം തെളിയിക്കൂ എന്നൊക്കെ...

ചെറുപ്പന്നേ ഇങ്ങനെ അച്ഛനോടും അച്ഛൻറെ ബന്ധുക്കളോടുമുള്ള കൂറും സ്നേഹവും തെളിയിച്ചു ജീവിക്കാൻ എന്നും നിർബന്ധിക്കപ്പെട്ടവരാണ് ഞങ്ങൾ. അവർ ഞങ്ങളെ എപ്രകാരം സ്നേഹിക്കുന്നു എങ്ങനെ പെരുമാറുന്നു എന്നതൊന്നും പ്രശ്നമേ ആയിരുന്നില്ല. അച്ഛൻറെ വിദൂരബന്ധുക്കൾ പോലും ഞങ്ങളെ അവരുദ്ദേശിക്കുന്ന അനുസരണ പഠിപ്പിക്കുമായിരുന്നു. ഇന്ന് ചിരി വരുന്നുണ്ടെങ്കിലും അന്ന് വല്ലാത്ത സങ്കടം തോന്നുമായിരുന്നു.

ഒരു സദ്യക്ക് ഇരിക്കുകയാണ് നമ്മൾ..

ഇന്ന വിഭവം ആദ്യം കഴിക്കണമെന്നതിൽ തുടങ്ങി.. അമ്മയുടെയും അവരുടെ ചേട്ടത്തിയുടേയും സ്വഭാവം കാണിക്കരുതെന്നതിൽ കയറി ഡോക്ടറുടെ മക്കളാണെന്ന് തോന്നുകയില്ലെന്ന് കുത്തിപ്പറഞ്ഞ് അച്ഛനേയും അച്ഛൻറെ ബന്ധുക്കളേയും ബഹുമാനിക്കാൻ പഠിക്കണമെന്നിടം വരെ ആവുമ്പോഴേക്കും ഈ ഭൂമിയിൽ ജനിച്ചു വീണു പോയ ആ വലിയ തെറ്റ് ഞങ്ങളെ തുറിച്ചു നോക്കി പുച്ഛിക്കും... കഴിച്ച ആഹാരമെല്ലാം തൊണ്ടക്കുഴിയിൽ വന്ന് ഞാനാദ്യം ഞാനാദ്യം എന്ന് പുറത്തേക്ക് ചാടാൻ വെമ്പും.

ഇതൊന്നും ഒട്ടും ആവശ്യമില്ലെന്ന് ഒരിക്കലും അച്ഛൻ ആരോടും പറഞ്ഞില്ല.

എനിക്കെന്നാ ഒരു വെല എന്നതായിരുന്നുവല്ലോ അദ്ദേഹത്തെ അലട്ടിയിരുന്ന ഏറ്റവും പ്രധാന പ്രശ്‌നം.

അച്ഛൻറെ ചേട്ടൻ എൻജിനീയറായിരുന്നു. ജീവിതകാലത്ത് സ്വന്തം വിരൽ നീട്ടി അദ്ദേഹം ഞങ്ങളെ ഒന്നു തൊട്ടിട്ടില്ല. ഒരു മിഠായിയോ കുഞ്ഞുടുപ്പോ സമ്മാനിച്ചിട്ടില്ല. ഒന്ന് ചിരിച്ചിട്ട് പോലുമില്ല. അമ്മ പണമയച്ചു കൊടുത്തു പഠിപ്പിച്ച പെങ്ങൾ എനിക്ക് ചുവപ്പിൽ നീല പൂക്കളുള്ള ഒരു സ്കേർട്ടും നീല ബ്ളൗസും വാങ്ങിത്തന്നിട്ടുണ്ട്. ഭാഗ്യയേ ഒരിക്കൽ ദേഹത്തോട് ചേർത്ത് നിറുത്തീട്ടുണ്ട്.

തിരുവനന്തപുരത്ത് അച്ഛൻറെ ഒരു പെങ്ങൾ ഉണ്ടായിരുന്നു. അവരുമായി അമ്മ ചില്ലറ കത്തിടപാടുകൾ നടത്തീരുന്നു. അവർ മാത്രം അവർ മാത്രം മടിയിലിരുത്താറുണ്ട്. ഉമ്മ തരാറുണ്ട്. മുട്ട പുഴുങ്ങി മുറിച്ച് ഉപ്പും കുരുമുളകുപൊടിയും വിതറിത്തരാറുണ്ട്. ആപ്പവും പുട്ടും ഉണ്ടാക്കിത്തരും. റാണി എൻട്രൻസ് പരീക്ഷക്ക് തയാറെടുക്കുമ്പോൾ ഒരു ദിവസം മുടങ്ങാതെ ഭക്ഷണം നല്കിയിട്ടുണ്ട്.

അവരുടെ ജീവിതം നരകമായിരുന്നു. എപ്പോഴും കുറ്റം പറയുന്ന ഭർത്താവായിരുന്നു അവർക്ക്. എൻജിനീയർ ആയിരുന്നു അദ്ദേഹം. ഒരു ചമ്മന്തി അരച്ചത് മുതൽ തുണി മടക്കി വെച്ചതിന് വരെ കുറ്റം ഉണ്ടാവും. അവർക്ക് ജോലി ഉണ്ടായിരുന്നതുകൊണ്ട് പാവം, എങ്ങനെയൊക്കേയോ ജീവിച്ചു പോയി. എപ്പോഴും കഠിനമായി ജോലി ചെയ്യുന്ന ഒരു സ്ത്രീ ആയിരുന്നു അവർ. അവരുടെ മകൻ അമ്മയെ ഇനി അടിക്കരുതെന്ന് അച്ഛനെ ശാസിക്കുന്ന അന്ന് വരെ അവരും ഭർത്താവിൻറെ തല്ലു കൊണ്ടു.

ആ പെങ്ങളോട് അച്ഛന് സ്നേഹമോ ബഹുമാനമോ ആദരവോ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ അവരും മക്കളും ഒരിക്കലും അതറിഞ്ഞതേയില്ല. ആ പെങ്ങൾ നല്കുന്നതെല്ലാം കഴിച്ച് അവരുടെ വീട്ടിൽ പാർത്തുകൊണ്ട് അവരെപ്പറ്റി വളരേ വിലകുറഞ്ഞ കാര്യങ്ങൾ അച്ഛൻ ഡയറിയിൽ കുറിച്ചു വെച്ചു. സ്വന്തം സുഹൃത്തുക്കളോട് അവരെ പറ്റി നിലവാരം താണ തമാശകൾ പറഞ്ഞു.

അവരുടെ മകൾ ഇപ്പോഴും എന്നോട് സംസാരിക്കാറുണ്ട്. അവളുടെ മക്കളെ കൊണ്ടു വന്ന് കാണിച്ചിട്ടുണ്ട്. അച്ഛൻറെ വീട്ടിലെ ഒരേയൊരു ബന്ധുവാണവൾ. അവൾക്ക് സ്വന്തം കുഞ്ഞമ്മാവനെ ഒരിക്കലും ശരിയായി മനസ്സിലാക്കാൻ പറ്റിയിട്ടില്ല. ഇനി അതിൻറെ ആവശ്യവും അവൾക്കില്ല.

അങ്ങനെ എല്ലാവരും എപ്പോഴും പറഞ്ഞതനുസരിച്ച് അച്ഛൻറെ നന്മകൾ എഴുതിപ്പഠിച്ച് മന:പ്പാഠമാക്കിയ മക്കളാണ് ഞങ്ങൾ. ഓരോരോ തിന്മകളേയും ഈ നന്മകളുമായി തുലനം ചെയ്തു ജീവിക്കാൻ വേണ്ട പരിശീലനം നേടിയ മക്കളാണ് ഞങ്ങൾ.

പഴയ പാട്ടുകളോടുള്ള താല്‍പര്യംകൊണ്ട് മാത്രമല്ല, സാധിക്കുമ്പോഴെല്ലാം പ്രേം നസീർ
അഭിനയിച്ച ഗാനരംഗങ്ങള്‍ കാണാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. കറുപ്പും വെളുപ്പുമായ സിനിമാ ചിത്രങ്ങള്‍ക്ക് തന്‍റെ ഗന്ധര്‍വസാന്നിധ്യം കൊണ്ട് പ്രേംനസീര്‍ മഴവില്ലിന്‍റെ വര്‍ണശോഭ പകര്‍ന്നുവെന്ന് അപ്പോഴെല്ലാം ഞങ്ങൾക്ക് തോന്നും. പ്രേംനസീറിന്‍റെ അഭിനയത്തെക്കുറിച്ച് വിലയിരുത്താനുള്ള അറിവൊന്നും ഇ
ല്ലെങ്കിലും അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ ( എന്നെ തേടിയെത്തിയ കഥാപാത്രങ്ങള്‍, ജീവിതചിത്രങ്ങള്‍ എന്നോ മറ്റോ പേരിട്ടിട്ടുള്ള അദ്ദേഹത്തിന്‍റെ കുറെയേറെ സ്മരണകള്‍) ഞാന്‍ തേടിപ്പിടിച്ച് വായിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് എഴുതി വരുന്നതെല്ലാം കഴിയുന്നത്ര വായിക്കാറുമുണ്ട്. അതിനു പ്രത്യേകമായ ഒരു കാരണമുണ്ടെന്നു മാത്രം.

അതെന്തെന്നല്ലേ?

പ്രേംനസീറിന്‍റെ മാനറിസങ്ങള്‍ ഞങ്ങളുടെ അച്ഛനെ ഓര്‍മ്മിപ്പിക്കുന്നവയാണ്.

അച്ഛന്‍ പ്രേംനസീറിനെ അനുകരിക്കുകയായിരുന്നു എന്നത് വാസ്തവമാണ്. തിരിച്ചാവാന്‍ ഒരു വഴിയുമില്ലാത്തിടത്തോളം അതങ്ങനെയാവാനല്ലേ തരമുള്ളൂ.

പൊതുസമൂഹം ഒരു സുന്ദരന് അത്യാവശ്യമായത് എന്ന് കുറിപ്പിട്ട് വെച്ചിട്ടുള്ള സൌന്ദര്യ സങ്കല്‍പങ്ങളില്‍ അച്ഛന്‍ ഒരിക്കലും പാകമായിരുന്നില്ല.

കഷ്ടിച്ച് അഞ്ചടി അഞ്ചിഞ്ച് ഉയരവും നല്ല കറുത്ത നിറവുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പക്ഷെ, താന്‍ തികച്ചും സുന്ദരനും വളരെയേറെ ആകര്‍ഷണീയനുമാണെന്ന ഉറച്ച വിശ്വാസം അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്നു. മെഡിക്കല്‍ ബിരുദങ്ങളും വഹിച്ചിരുന്ന ഉയര്‍ന്ന ഉദ്യോഗവും കീഴുദ്യോഗസ്ഥരായ സ്ത്രീകളുടെ, ഡോക്ടർമാരും നഴ്സുമാരും ആയ അനവധി സ്ത്രീകളുടെ നിരന്തര സാമീപ്യവും സര്‍ക്കാര്‍ അദ്ദേഹത്തിനു നല്‍കിയിരുന്ന സൌകര്യങ്ങളുമെല്ലാം അച്ഛന്‍റെ ഇത്തരമൊരു ആത്മവിശ്വാസത്തെ ശതഗുണീഭവിപ്പിച്ചു. ലോകത്തില്‍ ഏതൊരു സ്ത്രീ യേയും ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് അച്ഛന്‍ എല്ലായ്പോഴും ധ്വനിപ്പിച്ചിരുന്നു. ചില ഫോട്ടോകളില്‍ അദ്ദേഹം ശരിക്കുമൊരു സുന്ദരന്‍ തന്നെയായിരുന്നു താനും. ഒരു കേടും ഒരിക്കലും പറ്റാത്ത നിരയൊത്ത പല്ലുകളും തുടുത്തു ചുവന്ന ചെറിയ കൈപ്പത്തികളുമായിരുന്നു അച്ഛന്‍റേത്. വൃത്തിയായി വെട്ടിയ നഖങ്ങളും ഡെറ്റോളിന്‍റേയും ലൈസോളിന്‍റേയും സമ്മിശ്ര സുഗന്ധവും അച്ഛന്‍റെ പ്രത്യേകതകളായിരുന്നു. ആ കാല്‍മടമ്പുകളില്‍ ഒരിക്കലും അഴുക്കു പറ്റിയിരുന്നില്ല. അവയും സദാ തുടുത്തു ചുവന്നിരുന്നു.

ഷര്‍ട്ടിലും പാന്‍റിലും ഒന്നും ഒരു ചുളിവ് വീഴുന്നത് അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ അച്ഛനെ വളരെ അപൂര്‍വമായി മാത്രമേ സ്പര്‍ശിച്ചിരുന്നുള്ളൂ. ‘ എന്‍റെ ഷര്‍ട്ട് ചുളിക്കാതെ നീങ്ങി നില്‍ക്ക് ‘എന്ന് കടുപ്പിച്ച് പറയാന്‍ അച്ഛന്‍ ഒട്ടും മടിച്ചിരുന്നില്ല. തന്‍റെ കറുത്തിരുണ്ട് ചുരുണ്ട് ഇടതൂര്‍ന്ന തലമുടിയെപ്പറ്റി അച്ഛന്‍ വലിയ അഭിമാനം വച്ചു പുലര്‍ത്തിയിരുന്നു.

രാവിലെ ഏഴുമണി എന്നൊരു സമയമുണ്ടെങ്കില്‍ അച്ഛന്‍ കുളിച്ചു തയാറായിട്ടുണ്ടാവും. അഞ്ചു മിനിറ്റിനുള്ളില്‍ അലക്കിയ വസ്ത്രങ്ങള്‍ ധരിച്ച് മുടി ചീകി ഷൂ ഇട്ട് അച്ഛന്‍ പുറത്തിറങ്ങിയിരുന്നു. അത്ര എളുപ്പത്തില്‍, അത്ര വൃത്തിയായി തയാറാവാന്‍ ഈ പ്രപഞ്ചത്തില്‍ മറ്റാര്‍ക്കും സാധിക്കില്ലെന്ന് ഞാന്‍ ഇന്നും കരുതിപ്പോരുന്നു.

ഒരു ഡോക്ടര്‍ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും വളരെ കുട്ടിയായിരിയ്ക്കുമ്പോഴേ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അത് ഒരു ഡോക്ടര്‍ എന്ന നിലയില്‍ അച്ഛന് രോഗികളോടുണ്ടായിരുന്ന പ്രതിബദ്ധത കണ്ടറിയാന്‍ സാധിച്ചതുകൊണ്ടാണ്. രോഗി എത്ര പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നായാലും ഏതു സമയത്തായാലും അച്ഛന്റെ സേവനം ആവശ്യപ്പെട്ടാൽ അതു കൊടുക്കാൻ അദ്ദേഹം നിറഞ്ഞ മനസ്സോടെ സദാ സന്നദ്ധനായി. ഡോക്ടര്‍ക്ക് നല്‍കാന്‍ പണമില്ലാത്തതുകൊണ്ട് ഒരു രോഗിക്കും ചികില്‍സ ലഭിക്കാതെ ബുദ്ധിമുട്ടേണ്ടി വരരുതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. പണത്തിനു ആര്‍ത്തിയുള്ള ഡോക്ടര്‍മാര്‍ പാവനമായ വൈദ്യവൃത്തിയെ അതികഠിനമായി കളങ്കപ്പെടുത്തുന്നവരാണെന്ന് അച്ഛന്‍ ഉറച്ചു വിശ്വസിച്ചു. കാറിൽ മാത്രമല്ല, ഇരുട്ടുള്ള പാട വരമ്പിലൂടെ നടന്നും അറ്റക്കഴകൾ ചാടിക്കടന്നും സൈക്കിളിന്റെ ക്യാരിയറിലിരുന്നും ഒക്കെ അദ്ദേഹം രോഗികളെ പരിശോധിയ്ക്കാൻ പോകാറുള്ളത് എനിക്കൊരിയ്ക്കലും മറക്കാൻ കഴിയില്ല. ഇന്നും എന്നില്‍ ബാക്കി നിൽക്കുന്ന അച്ഛന്റെ ഓർമ്മയായ ഡെറ്റോൾ സുഗന്ധവും പരത്തിക്കൊണ്ട് അത്തരം യാത്രകളിൽ നിന്ന് അദ്ദേഹം തിരികെ വരുന്നതും കാത്ത് ഞങ്ങൾ പലപ്പോഴും ഉറങ്ങാതിരിക്കാറുണ്ടായിരുന്നു.

അച്ഛനോളം ഭംഗിയായി കാറോടിക്കുന്ന ഒരാളെയും ഞാനിതു വരെ കണ്ടിട്ടില്ല. കണ്ണൂരു നിന്ന് തിരുവനന്തപുരം വരെ ഒരിടത്തും നിറുത്തി സംശയം ചോദിക്കാതെയും എന്നാല്‍ ഒരു വളവ് പോലും തെറ്റിപ്പോകാതെയും അച്ഛന്‍ കാറോടിച്ചിരുന്നു. ഏതു ദേശത്തായാലും ഒരിക്കല്‍ സഞ്ചരിക്കാന്‍ ഇടയായ വഴികള്‍ കൃത്യമായി ഓര്‍മ്മിക്കുന്നതില്‍ അദ്ദേഹത്തിനു അസാമാന്യമായ നൈപുണ്യമുണ്ടായിരുന്നു.

അച്ഛന്‍ അതിഗംഭീരനായ ഒരു വായനക്കാരനായിരുന്നു. മിക്കവാറും കാര്യങ്ങളെപ്പറ്റിയെല്ലാം എന്തെങ്കിലും രണ്ട് വാചകം പറയാന്‍ എപ്പോഴും അച്ഛന് കഴിഞ്ഞിരുന്നു. കൈയിലെത്തുന്ന ഏതു പുസ്തകവും ക്ഷമയോടെ അദ്ദേഹം വായിച്ചു. ആ ശീലം കൊണ്ടാവണം ധാരാളം പുസ്തകങ്ങള്‍ സംഭരിക്കാന്‍ അദ്ദേഹം എന്നും ഔല്‍സുക്യം കാട്ടിയിരുന്നത്.

പുസ്തകങ്ങളേയും ഹിന്ദി സിനിമകളേയും പരിചയപ്പെടുത്തിയത് അച്ഛനാണ്. ഡി സിയുടേയും എന്‍ ബി എസ്സിന്‍റേയും ഒക്കെ ബുക് ക്ലബ്ബുകളില്‍ അദ്ദേഹത്തിനു മെമ്പര്‍ഷിപ്പുണ്ടായിരുന്നതുകൊണ്ട് എല്ലാ മാസവും അരഡസന്‍ പുതിയ ബുക്കുകളെങ്കിലും വീട്ടില്‍ വന്നിരുന്നു. ചിലപ്പോള്‍ വലിയ വില കൊടുത്ത് ചില ഇംഗ്ലീഷ് പുസ്തകങ്ങളും അദ്ദേഹം വാങ്ങിക്കൊണ്ടു വരുമായിരുന്നു. പത്രങ്ങളും മാസികകളും വേറെയും. ഹിന്ദി സിനിമാഗാനങ്ങള്‍ അദ്ദേഹത്തിനു വലിയ ഇഷ്ടമായിരുന്നു. പങ്കജ് മല്ലിക്കിനേയും സൈഗാളിനേയും മുതല്‍ ഉദിത് നാരായണനേയും കുമാര്‍ ഷാനുവിനേയും വരെ. റേഡിയോ സിലോണും ഉറുദു സര്‍വീസും റേഡിയോ പാക്കിസ്ഥാനും വെച്ച് ഹിന്ദിപ്പാട്ടുകള്‍ അച്ഛന്‍ കേള്‍പ്പിച്ചിരുന്നു. വോയിസ് ഓഫ് അമേരിക്കയും ബി ബിസിയും അച്ഛന്‍ വെച്ചു തന്നിരുന്നു.

ലന്ത പറങ്കിയുമിംഗിരീയേസ്സുമെന്നും പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രനെന്നും എന്‍റെ വീടിനു ചുമരുകളില്ലയെന്നും ശര്‍ക്കരപ്പന്തലില്‍ തേന്മഴ ചൊരിയുമെന്നും ഒക്കെ അച്ഛന്‍ പലപ്പോഴും കവിത ചൊല്ലുകയും നാടകഗാനങ്ങള്‍ മൂളുകയും ചെയ്യുമായിരുന്നു.

അമ്മയുടെ മുറിയിലെ ചുവരില്‍ തൂങ്ങുന്ന അച്ഛന്‍റെ പടത്തിന് പ്രേംനസീറിന്‍റെ സാദൃശ്യമുണ്ട്. ഒരുപക്ഷെ, ഞങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന സാദൃശ്യം. വിനയം പ്രദര്‍ശിപ്പിക്കുന്ന ആ തല കുനിക്കല്‍, ദൂരക്കാഴ്ചയിലെ അല്‍പം ചെരിഞ്ഞുള്ള നടത്തം, ആ മധുരപ്പുഞ്ചിരി, ആ നോട്ടം……. പ്രേംനസീറിന്‍റെ കുറച്ച് പ്രായം തോന്നിപ്പിക്കുന്ന ധനികരായ കഥാപാത്രങ്ങള്‍ പലരും അച്ഛന്‍റെ ചലനങ്ങളുള്ളവരാണ്. വിട പറയും മുമ്പേയിലെ മാധവന്‍ കുട്ടി, ധ്വനിയിലെ ജഡ്ജി അങ്ങനെ അങ്ങനെ....

പ്രേംനസീര്‍ പാടി അഭിനയിച്ച ഗാനരംഗങ്ങളില്‍ പലപ്പോഴും അച്ഛനെ കാണാറുണ്ട് ഞാന്‍. സന്ധ്യയ്ക്കെന്തിനു സിന്ദൂരം എന്ന ഗാനരംഗത്ത് അച്ഛനും അമ്മയുമാണെന്ന് ഞാന്‍ വിചാരിക്കുമായിരുന്നു. കാരണം ആ ഗാനരംഗത്തിലെ പ്രേംനസീറിന്‍റെ വേഷമായിരുന്നു അച്ഛനെപ്പോഴും വീട്ടില്‍ ധരിക്കാറ്. കായാമ്പൂ കണ്ണില്‍ വിടരും, ആയിരം പാദസരങ്ങള്‍ കീലുങ്ങി, കസ്തൂരി മണക്കുന്നല്ലോ കാറ്റേ, സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍, മാനത്തെ കായലിന്‍, ജീവിതേശ്വരിക്കേകുവാന്‍, ലക്ഷാര്‍ച്ചന കണ്ടു , സുപ്രഭാതം സുപ്രഭാതം .... പ്രേംനസീര്‍ അഭിനയിച്ച മിക്കവാറും പ്രേമ ഗാനങ്ങളും വിഷാദഗാനങ്ങളും എവിടെയെല്ലാമോ അച്ഛനെ ഓര്‍മ്മിപ്പിക്കുന്നു.

പക്ഷേ,

അതൊരു വലിയ പക്ഷേ, ആണ്.

സ്നേഹോഷ്മളമായ ഒരു പിതൃ സുരക്ഷിതത്വം അദ്ദേഹമൊരിക്കലും തന്നിട്ടില്ല. ഈ പ്രപഞ്ചം മുഴുവന്‍ എതിരായി നിന്നാലും ഒരു അച്ഛന്‍ മക്കള്‍ക്ക് നല്‍കേണ്ട ഉറച്ച പിന്തുണയെപ്പറ്റി അദ്ദേഹത്തിനു ഒട്ടും അറിവുണ്ടായിരുന്നില്ല. അച്ഛനാകുന്നതിന്‍റെ മാനസികവും ആത്മീയവുമായ ഉത്തരവാദിത്തത്തെപ്പറ്റി അദ്ദേഹമൊരിക്കലും ഉല്‍ക്കണ്ഠപ്പെട്ടിരുന്നില്ല. ലോകത്തിന്‍റെ നിര്‍ദ്ദയത്വത്തില്‍ നിന്ന് , നാട്ടുകൂട്ടത്തിന്‍റെ നാവിളക്കലുകളില്‍ നിന്ന്, സ്വന്തം അച്ഛനില്‍ യാതൊരു അഭയവുമില്ലെന്നും ജീവിതത്തെ തികഞ്ഞ ഏകാന്തതയോടെ സ്വയം നേരിടണമെന്നുമുള്ള സത്യം ഞങ്ങള്‍ ശൈശവത്തിലേ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.മൈ എനിമീസ് എനിമി ഈസ് മൈ ഫ്രണ്ട് എന്ന പഴഞ്ചൊല്ലിൽ അച്ഛൻ മക്കളെ മൈ എനിമിയായി കാണുന്നത് എത്ര ഭീകരവും ദയനീയവുമാകാമെന്നും, ഏകാന്തതയും നിസ്സഹായതയും എന്താകാമെന്നും ജീവിതം കാലിനടിയില്‍ നിന്ന് വഴുതിപ്പോകുമ്പോള്‍ ഞങ്ങള്‍ രക്തം ചാലിട്ട കണ്ണീരോടെ മനസ്സിലാക്കിയിരുന്നു.

സാമൂഹികമായും വൈകാരികമായും നമ്മെ മാത്രം ആശ്രയിച്ചു കഴിയുന്ന വീട്ടിലെ സ്ത്രീകളോട് സ്നേഹപൂര്‍ണമായും മാന്യമായും പെരുമാറുവാന്‍ ഉന്നത വിദ്യാഭ്യാസമോ ഉയര്‍ന്ന ഉദ്യോഗമോ ഒന്നും ഒരു പുരുഷനെ പ്രാപ്തനാക്കുകയില്ലെന്ന് ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നത് അച്ഛന്‍ തന്നെയാണ്. അതിനു സമത്വചിന്തയിലൂന്നിയ പ്രത്യേകമായ സാംസ്ക്കാരിക വിദ്യാഭ്യാസം അത്യാവശ്യമാണെന്നും അദ്ദേഹം പഠിപ്പിച്ചു.

കടന്നു പോയ കാലത്തിനു മുന്നില്‍.... ഇനിയും തുറക്കാത്ത എത്രയോ അനവധി ഓര്‍മ്മച്ചെപ്പുകള്‍ക്കു മുന്നില്‍...

അങ്ങനെ എത്രയെത്ര പാഠങ്ങൾ....

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

കഷ്ടിച്ച് അഞ്ചടി അഞ്ചിഞ്ച് ഉയരവും നല്ല കറുത്ത നിറവുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പക്ഷെ, താന്‍ തികച്ചും സുന്ദരനും വളരെയേറെ ആകര്‍ഷണീയനുമാണെന്ന ഉറച്ച വിശ്വാസം അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്നു. മെഡിക്കല്‍ ബിരുദങ്ങളും വഹിച്ചിരുന്ന ഉയര്‍ന്ന ഉദ്യോഗവും കീഴുദ്യോഗസ്ഥരായ സ്ത്രീകളുടെ, ഡോക്ടർമാരും നഴ്സുമാരും ആയ അനവധി സ്ത്രീകളുടെ നിരന്തര സാമീപ്യവും സര്‍ക്കാര്‍ അദ്ദേഹത്തിനു നല്‍കിയിരുന്ന സൌകര്യങ്ങളുമെല്ലാം അച്ഛന്‍റെ ഇത്തരമൊരു ആത്മവിശ്വാസത്തെ ശതഗുണീഭവിപ്പിച്ചു.