സവർണതയ്ക്ക് വലിയൊരു സാമർഥ്യമുണ്ട്. ആവശ്യമുള്ളപ്പോൾ അവർണതയെ സമീപിക്കുന്നതായും നമ്മളൊന്നല്ലേ എന്ന ഭാവം പ്രദർശിപ്പിക്കുന്നതായും തോന്നിപ്പിക്കും.
ആവശ്യം കഴിഞ്ഞാൽ അവർണരോ 'ച്ഛായ് , മ്ളേച്ഛർ' എന്നു ആട്ടിക്കളയും. അവർണത ഒരിക്കലും ഈ കള്ളത്തരം തിരിച്ചറിയാതിരിക്കാനാവശ്യമായ ചെപ്പടിവിദ്യകളെല്ലാം സവർണത ഭംഗിയായി പയറ്റും. ബ്രഹ്മാവിൻറെ തലയും കാലും തമ്മിലെന്ത് ഭേദമെന്നൊക്കെ വെച്ചു കാച്ചും...
ചുമ്മാതാണ്..
ഭേദമേയുള്ളൂ.. ഭേദം മാത്രമേയുള്ളൂ. ബ്രാഹ്മണ പുരുഷൻറെ അവകാശമൊന്നും ബ്രാഹ്മണ സ്ത്രീക്ക് പോലുമില്ല. പിന്നെയാണ് അവർണപുരുഷനെ ഒപ്പമാക്കുന്നത്.
സമൂഹത്തിൽ തുല്യമായി ബഹുമാനിക്കപ്പെടാൻ ആഗ്രഹമുണ്ടാവുമല്ലോ എല്ലാ മനുഷ്യർക്കും. അതുകൊണ്ട് അവർണർ സവർണരുടെ ഒപ്പമെത്താൻ ആവശ്യമായ കാര്യങ്ങൾ നേടാൻ പരിശ്രമിക്കും. അവർ ഓരോരോ നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കുന്നതനുസരിച്ച് സവർണർ, സ്കെയിലുകൾ ഉയർത്തിഉയർത്തി കൊണ്ടുവരും. ഉദാഹരണത്തിന് പഠിച്ചാലും ജോലി കിട്ടിയാലും 'സംവരണംകൊണ്ടല്ലേ' എന്ന് ചോദിക്കും. സ്ത്രീകളുടെ നേട്ടങ്ങളിലും പൊതുസമൂഹം ഈ നിലപാട് തന്നെയാണ് എടുക്കുക. എല്ലാത്തവണത്തേയും എന്ന പോലേ ഇപ്രാവശ്യത്തെയും വിംബിൾഡൺ വനിതാ ചാമ്പ്യനായ സിമോണ ഹാലേപിനോടും പറയും... പുരുഷ ചാമ്പ്യനായ നോവോക് ജ്യോക്കോവിച്ചിനെ ടെന്നീസ് കളിയിൽ തോല്പിച്ചു കാണിക്കൂ, അപ്പോൾ നിങ്ങളെ അംഗീകരിക്കാം എന്ന് ഉദാരരാവും
ഞങ്ങളുടെ താഴ്ന്ന ജാതിയും അമ്മീമ്മയുടെയും അമ്മയുടേയും ഭ്രഷ്ടും തൃക്കൂർ ഗ്രാമം ചർച്ചയാക്കിയിരുന്നെങ്കിലും അച്ഛന് ഈപ്പറഞ്ഞ ഒരു കുറവും ഉണ്ടായിരുന്നില്ല.
ഞങ്ങളുടെ മാർക്ക് കുറച്ചിടുന്ന ടീച്ചർമാരും, ചന്ദനം കല്ലിലെറിയുന്ന പൂജാരിയും ഞങ്ങളെ എതിരേ കാണുമ്പോൾ വേലിയുടെ തിണ്ടിലൂടെ കയറി അയിത്തം പറ്റാതെ നടക്കുന്നവരും ബൊമ്മക്കൊലുവിന് പോകുമ്പോൾ ചുണ്ടലും പായസവും പുറം വരാന്തയിലെ ഇലക്കീറിൽ ഇട്ടു തരുന്ന മാമിമാരും .... ആരും തന്നെ അച്ഛൻറെ ജാതി ഒരു പ്രശ്നമാക്കിയില്ല. 'എന്നാലും തൃക്കൂർ മഠത്തിലെ കുട്ടികളാവണ്ടവരല്ലേ' എന്ന് കവിളിൽ കൈവെച്ച് സഹതപിക്കുന്നവർ... സവർണരാവാൻ ഒത്തിരി ആശിക്കുന്ന അവർണർ... ഇവർക്കൊന്നും അച്ഛൻറെ ജാതി പ്രധാനമായി തോന്നിയില്ല. ശരിക്കും ദരിദ്രരായ അവർണർക്ക് ഞങ്ങളുടെ ജീവിതം ഒട്ടുമേ ഒരു പ്രശ്നമായിരുന്നില്ല.
അച്ഛൻ ജില്ലാ ആശുപത്രിയിൽ ഡോക്ടറായിരുന്നു. അസുഖം, അപകടം, മരണം ഇവ ജാതി നോക്കിയല്ല, വരിക. വേദനക്കും തീരേ ജാതിയില്ല.
തൃക്കൂരിൽ ജാതി പറഞ്ഞ് ഞങ്ങളെ അകറ്റിനിറുത്തുന്നവരൊക്കെയും തൃശൂർ ജില്ലാ ആശുപത്രിയിൽ ചെല്ലവേ അച്ഛനെ 'നമ്മ രാജത്തോട് വീട്ടുക്കാരൻ' ആയിക്കണ്ടു. അച്ഛൻ അവരെ തൊട്ടു പരിശോധിച്ച് സ്വന്തം കൈ കഴുകി. അച്ഛൻ തൊട്ടിട്ടും അവർക്ക് അയിത്തം വന്നില്ല. തൃക്കൂരു നിന്നും ആരു ചെന്നാലും അവരോടൊക്കെ ഒരു പ്രത്യേക പരിഗണന അച്ഛൻ പ്രദർശിപ്പിച്ചു. സ്പെഷ്യലിസ്ററ്
ഡോക്ടർമാരേ കാണാൻ തൃക്കൂർകാർക്ക് എല്ലാ സഹായവും ചെയ്തു. ഓപ്പറേഷനുകളും പോസ്റ്റ് മാർട്ടങ്ങളും പെട്ടെന്നാക്കിച്ചു. രോഗികൾക്കെല്ലാം പറ്റാവുന്ന മരുന്നുകൾ നല്കി. അഡ്മിറ്റായവരെ എന്നും പോയി കണ്ടു. അച്ഛന് അതൊരു വാശിയായിരുന്നു. തൃക്കൂരുകാർ അദ്ദേഹത്തെ വാഴ്ത്തണമെന്നത്... അതിൽ അച്ഛൻ മിക്കവാറും വിജയിക്കുകയും ചെയ്തു. അതുകൊണ്ടാണ് ജായ്ക്കാളുടെ മകൾ എൻറെ അമ്മയോട് പറഞ്ഞത്... 'ഡോക്ടർ അടിച്ചിട്ട് നീ എരന്തുപോനാലെന്നടീ, ഉനക്ക് സ്വർഗം കെടയ്ക്കും... '
അമ്മ അങ്ങനെ അടികൊണ്ട് മരിച്ചു സ്വർഗത്തിൽ പോകുന്ന ദു:സ്വപ്നം എന്നെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടെന്നോ.. ജായ്ക്കാളുടെ മകളുടെ വാക്കുകൾ എന്നെ ആഴത്തിൽ നൊമ്പരപ്പെടുത്തിയിട്ടുമുണ്ട്.
സ്വന്തത്തിനു കിട്ടുന്ന പരിഗണനയിലാണ് മനുഷ്യർ ഒരാളുടെ നന്മ വ്യാഖ്യാനിക്കുക എന്ന് അങ്ങനെ ഞങ്ങൾ ചെറുപ്പത്തിലേ അറിഞ്ഞു. മറ്റാരേ കൊന്നാലും തരക്കേടില്ല, എന്നോട് മധുരമായി പെരുമാറിയിട്ടുണ്ടെങ്കിൽ ആ ആൾ നല്ലവനാണ് , ആ അവൾ
നല്ലവളാണ് എന്നതാണ് മനുഷ്യ രുടെ സിദ്ധാന്തം. നൊമ്പരപ്പെടുന്നവർ എന്നും ഈ ലോകത്തിൽ ഏകാകികളാവുന്നത് അങ്ങനെ യാണ്.
വീട് പണി തീർന്ന് അമ്മയും അച്ഛനും ഭാഗ്യയും അയ്യന്തോളിലേക്ക് താമസം മാറ്റി. അച്ഛൻ വൈകാതെ തന്നെ വീടിൻറെ ആധാരം പണയപ്പെടുത്തി കാറു വാങ്ങിച്ചു. കേരളത്തിൽ അന്ന് ആകെ നാല്പത്തയ്യായിരം കാറുകളേയുള്ളൂ. അതിലൊന്നിൻറെ ഉടമയായി മാറി അച്ഛൻ.
വീടിൻറെ ആ ആധാരമുണ്ടല്ലോ അത്, അച്ഛൻ മരിച്ചിട്ടു മാത്രമേ അമ്മക്ക് കാണാൻ കൂടി പറ്റിയുള്ളൂ.
വീട് നഷ്ടപ്പെടുമെന്ന നിത്യ ഭീതിയിലും എൻറെ അമ്മ സ്വന്തം ശരീരത്തിന്റെ ഒരു ഭാഗമെന്ന പോലെ ആ പതിനഞ്ച് സെൻറ് സ്ഥലത്തേയും വീടിനേയും സ്നേഹിച്ചു.
അതിനുള്ള ശിക്ഷയും അച്ഛൻറെ പക്കലുണ്ടായിരുന്നു.
No comments:
Post a Comment