Monday, November 15, 2010

ഫെലുദാ, ഷെർലക് പിന്നെ കാഫ്ക

ഇങ്ങനെ ചുവരിൽ നിറയെ എഴുതി വെച്ചിരിയ്ക്കണതെന്തിനാ എന്നാണോ?
കഥ പറയാനാ.

ഫെലുദാ
(കഥാകാലം പത്തു മുതൽ പതിമൂന്നു വയസ്സു വരെ)
അതെ, അദ്ദേഹമാണ് പ്രദോഷ് സി മിത്തർ. പ്രൈവറ്റ് ഡിറ്റക്ടീവ്………. ഫെലു മിത്തർ എന്ന് വിളിപ്പേരുള്ള, കുട്ടിയുടെ സ്വന്തം ഫെലുദാ - എന്നു വെച്ചാൽ ഫെലുച്ചേട്ടൻ.
കുട്ടിയ്ക്കേതാണ്ട് പത്തു വയസ്സുള്ളപ്പോഴാണ് ഫെലുദായുടെ ചിത്രം ആദ്യമായി കാണുന്നത്.
ഫെലുദാ ചിത്രത്തിൽ നിന്നും നേരെ കേറിയിരുന്നത് കുട്ടിയുടെ മനസ്സിലാണ്.
കുട്ടി വിചാരിച്ചു.
എന്റെ ഫെലുദാ.
ഫെലുദായുടെ ബുദ്ധിശക്തി, നിരീക്ഷണ പാടവം, നിർഭയത്വം, ഏതു വിഷയത്തെക്കുറിച്ചും സംസാരിയ്ക്കുവാനുള്ള കഴിവ്, ഗ്രീക്ക് ഭാഷയിലുള്ള ജ്ഞാനം, വറുത്ത മത്സ്യം കഴിയ്ക്കുമ്പോഴുള്ള സന്തോഷം, കുറിപ്പുകൾ എഴുതുന്ന നീല പുസ്തകം, …………..
ഇങ്ങനെ ഫെലുദായെക്കുറിച്ച് എല്ലാം കുട്ടി വായിച്ച് മന:പാഠമാക്കിയിരുന്നു.
ഗ്രീക്ക് ഭാഷയിലെ അക്ഷരമാല ആൽഫാ, ബീറ്റ, ഗാമ, ഡെൽറ്റ……….എന്ന ക്രമത്തിൽ ഒമേഗ വരെ എഴുതുവാൻ ഡിക് ഷ്നറി നോക്കി കുട്ടി പരിശീലിച്ചു.
ഹേയ്, ഒട്ടും കള്ളത്തരമല്ല.
ഒരിത്തിരി പോലും ഗമയുമല്ല.
അത്രയ്ക്കും സ്നേഹമായിരുന്നു.
ആ അക്ഷരങ്ങളിൽ സ്വന്തം പേരും ഫെലുദായുടെ പേരും കുട്ടിയ്ക്ക് എഴുതുവാൻ കഴിഞ്ഞിരുന്നു.
നോട്ബുക്കിന് നീല നിറം വരുത്താൻ വേണ്ടി നീലക്കടലാസ്സിട്ട് പൊതിഞ്ഞു, പേജുകളുടെ വശങ്ങളിൽ നീല ക്രയോൺ കൊണ്ട് മുറുക്കി വരച്ചു.
ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത മാഷമ്മാരും ടീച്ചർമ്മാരും കുട്ടിയ്ക്ക് പുസ്തകങ്ങൾ വൃത്തിയായും ഭംഗിയായും സൂക്ഷിയ്ക്കാനറിയില്ലെന്ന് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു.
പഠിപ്പിയ്ക്കണവരെല്ലാവരും എന്നും എപ്പോഴും അങ്ങനെയാണല്ലോ.
ബംഗാളികളെ അറിയാനായി കുട്ടി ബംഗാളി കവിതകളും കഥകളും നോവലുകളും തേടിപ്പിടിച്ചു വായിയ്ക്കാനാരംഭിച്ചു.
സ്വർണക്കോട്ടയെന്ന പുസ്തകത്തിലാണ് ഫെലുദായുടെ ചിത്രം കണ്ടത്. അപ്പുറത്തെ വീട്ടിൽ താമസിച്ചിരുന്ന മുരളിച്ചേട്ടനെക്കൊണ്ട് ആ പടം കുട്ടി വലുതാക്കി വരപ്പിച്ചു.
ഒരുപാട് അപേക്ഷിയ്ക്കേണ്ടി വന്നു അതിന്.
നന്നായി വരയ്ക്കുന്ന, പത്താം ക്ലാസ്സിൽ പഠിയ്ക്കുന്ന ഒരുഗ്ര പ്രതാപശാലിയല്ലേ ചേട്ടൻ?
‘നീ ഇപ്പോ പോ, പിന്നെയാവട്ടെ‘
‘കൊറെ പഠിയ്ക്കാനുണ്ട്‘
പലവട്ടം ഓടിച്ച് വിട്ടെങ്കിലും ഒടുവിൽ പടം വരച്ച് കിട്ടി.
കാൽ പായ കടലാസ്സിന്റെ വലുപ്പം മാത്രമേ ആ പടത്തിനുണ്ടായിരുന്നുള്ളൂ.
എങ്കിലും ചേട്ടൻ പറഞ്ഞു.
‘ഇത് ഗംഭീര പടാ. നീയ് സൂക്ഷിച്ച് വെയ്ക്കണം. കൊർച്ച് കാലം കഴിഞ്ഞ് വിറ്റാൽ ഒരുപാട് കാശ് കിട്ടും, ആൾക്കാര് പിലുപിലുന്നനെ വരും പടം വാങ്ങാൻ, ഞാൻ ……പിന്നെ……നിനക്കായതോണ്ട് വെറുതെ തന്നതാ……‘
മിനുത്ത് നേർമ്മയേറിയ പ്ലാസ്റ്റിക് കടലാസ് കൊണ്ട് കുട്ടി, പടം പൊതിഞ്ഞ് ഒരു കാർഡ്ബോർഡിൽ ഒട്ടിച്ചു. അതിനു ശേഷം എപ്പോഴും പഠനമേശപ്പുറത്ത് ഫെലുദാ കുട്ടിയെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
അച്ഛന്റെ കാർക്കശ്യമേറിയ ശബ്ദമുയരുമ്പോൾ, ക്രീ നിറമുള്ള ചൂരൽ പുളഞ്ഞുകൊണ്ട് അമ്മയുടെ ദേഹം ചുവപ്പിയ്ക്കുമ്പോൾ ഓരോ രാത്രിയിലും പേടിച്ച് കിടുങ്ങി വിങ്ങിവിങ്ങിക്കരഞ്ഞ് കുട്ടി ഫെലുദായെ വിളിച്ചു നോക്കി , പലവട്ടം.
കുട്ടിയുടെ ഫെലുദാ വന്നില്ലൊരിയ്ക്കലും……….

ഷെർലക്
(പതിമൂന്നു വയസ്സു മുതൽ പതിനേഴു വരെ)
ഷെർലക്കിനെ പരിചയപ്പെടുമ്പോൾ പെൺകുട്ടിയ്ക്ക് പതിമൂന്ന് വയസ്സു കഴിഞ്ഞിരുന്നു. ബൊഹീമിയയിലെ രാജാവിനോട് ഐറിൻ ആഡ്ലർ എന്ന ബുദ്ധിമതിയായ കലാകാരിയെക്കുറിച്ച് ഷെർലക് സംസാരിച്ചത് കേട്ട് അവൾ കോരിത്തരിച്ചു.
അതായിരുന്നു തുടക്കം.
രാജാവിന്റെ ഷേക് ഹാൻഡ് പോലും ഒഴിവാക്കി, ഐറിന്റെ ഫോട്ടോ മാത്രം പ്രതിഫലമായി വാങ്ങി മടങ്ങുന്ന അന്തസ്സുള്ള ഷെർലക്കിനെ പെൺകുട്ടി മനസ്സിൽ എന്നേയ്ക്കുമായി കുടി വെയ്ക്കുകയായിരുന്നു.
പിന്നീട് ഡോക്ടർ വാട്സൻ ഷെർലക്കിന്റെ മേശയ്ക്കുള്ളിൽ ഐറിന്റെ ഫോട്ടൊ കണ്ടെത്തുമ്പോൾ ആഹ്ലാദത്താൽ അവൾ ചിരിച്ചു.
ഷെർലക് പെൺകുട്ടിയുടെ സ്വപ്നങ്ങളെ മഴവില്ലാൽ വർണ്ണാഭമാക്കി.
നിരീക്ഷണവും, സമർപ്പണവും കലയാണെന്ന് ഷെർലക് അവളോട് മന്ത്രിച്ചു. നിർഭയത്വത്തെയും സത്യസന്ധതയെയും നിശ്ചയ ദാർഢ്യത്തെയും കുറിച്ച് വാചാലനായി.
ഷെർലക്കിനെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പുറം ചട്ടയിൽ ഒരു പടമുണ്ടായിരുന്നു. ആ പുസ്തകം  സ്വന്തം മുറിയിൽ സാമാന്യം ഉയരത്തിൽ പ്രതിഷ്ഠിച്ച് എല്ലായ്പോഴും അദ്ദേഹത്തെ അവൾ കണ്ടുപോന്നു.
ഇംഗ്ലീഷ് കവിതകളും കഥകളും നോവലുകളും വശ്യമായ നറുമണത്തോടെയും വന്യമായ ലഹരിയോടെയും അവളെ അഗാധമായ സമുദ്രങ്ങളിലേയ്ക്കും ഉന്നതമായ പർവത ശിഖരങ്ങളിലേയ്ക്കും മാറി മാറി ഊഞ്ഞാലാട്ടി.
മദ്യപനെങ്കിലും ഉയർന്ന ഉദ്യോഗസ്ഥനായ അങ്കിൾ വീട്ടിൽ നിത്യ സന്ദർശകനായിരുന്ന കാലം കൂടിയായിരുന്നു അത്.
അങ്കിളിന്റെ അധികാര പരിധിയെക്കുറിച്ച് അവളുടെ അച്ഛൻ എന്നും ആവശ്യത്തിലുമധികം വാചാലനായി.
പെൺകുട്ടിയെ വല്ലാതെ, നോവിയ്ക്കുന്ന അവൾക്കൊരിയ്ക്കലും മനസ്സിലാക്കാനാവാതിരുന്ന ചില വിചിത്രമായ ശീലങ്ങൾ അങ്കിൾ പുലർത്തിയിരുന്നു.
‘നീ ഇബ്ടെ വാ, ചോദിയ്ക്കട്ടെ‘
ലഹരിയിൽ കുഴഞ്ഞ നാവുമായി അയാൾ വിളിച്ചു.
ഇരുട്ടിന്റെ കൂർത്ത നഖങ്ങളും പരുക്കൻ മീശത്തുമ്പും അയാളാണ് പെൺകുട്ടിയ്ക്ക് ആദ്യം കാണിച്ചു കൊടുത്തത്. ഭയം കൊണ്ട് വെറുങ്ങലിച്ചു പോയ അത്തരം രാത്രികളിൽ അവൾ ഷെർലക്കിനെ വിളിച്ച് കരഞ്ഞു.
കാണുവാനും സംസാരിയ്ക്കുവാനും കൂടെ താമസിയ്ക്കുവാനും അവൾ ഉൽക്കടമായി മോഹിച്ച ഒരാളായിരുന്നു ഷെർലക്.
കൊക്കേയിൻ ലഹരിയിൽ മയങ്ങിയതാവാം ഷെർലക് ഒരിയ്ക്കലും ആ കരച്ചിൽ കേട്ടില്ല, കേസ് ഏറ്റെടുത്തതുമില്ല………..

കാഫ്ക
(പതിനേഴു മുതൽ പ്രായപൂർത്തിയാവും വരെ………………….)
കാഫ്ക മൂത്താരെക്കുറിച്ച് ആദ്യം പറഞ്ഞത് വി കെ എൻ ആയിരുന്നു.
നല്ല രസം തോന്നി.
ചങ്കു മൂത്താര്, പപ്പ്നു മൂത്താര്, കാഫ്ക മൂത്താര്……….
മൂത്താര് മിലേനയ്ക്കെഴുതിയ കത്തുകൾ വായിച്ചപ്പോൾ അവൾ കണ്ണീരിൽ കുതിർന്നു. ഈ ലോകത്തിന്റെ ഒരു നിയമവും സ്നേഹത്തിനു ബാധകമല്ല എന്നവൾക്ക് മനസ്സിലായി.
വഴിയറിയാതുഴറേണ്ടുന്ന വിഭ്രാന്തിയുടെ കൊട്ടാരവും ഉച്ചസൂര്യൻ പോലുമുരുകുന്ന വിചാരണയും കാഫ്ക അവൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു.
ക്ഷയരോഗത്തിന്റെ ഇരുണ്ടു ചുവന്ന വർണ്ണപ്പൊട്ടുകളിൽ ആ മിഴികൾ കൂമ്പുന്നത് അവൾ കണ്ടു……
കാഫ്കയുടെ മുഖചിത്രമുള്ള പുസ്തകം തലയിണയിൽ ഒപ്പം വെച്ചാണ് അവൾ ഉറങ്ങുവാൻ കിടന്നിരുന്നത്. പുസ്തകത്തെ പുതപ്പിയ്ക്കുവാനും അവൾ മുതിർന്നു.
രോഷാകുലനായ അവളുടെ ഭർത്താവ് പിന്നീട് കാഫ്കയെ പിച്ചിക്കീറി കത്തിച്ചു കളയുകയായിരുന്നു.
കൈകാലുകൾ അകത്തിപ്പരത്തി കിടക്കുമ്പോഴെല്ലാം പശുവിന്റെ മുഖച്ഛായയും അകിടുമുള്ള ഒരു ഷട്പദത്തെക്കുറിച്ച് അവൾ കാഫ്കയോട് മന്ത്രിച്ചു…………..
അപ്പോഴേയ്ക്കും അവൾക്ക് പ്രായപൂർത്തിയായിക്കഴിഞ്ഞിരുന്നു.
പ്രായപൂർത്തിയായ മനുഷ്യർ ഫെലുദയ്ക്കും ഷെർലക്കിനും കാഫ്കയ്ക്കും വേണ്ടി കരയാറില്ല.

Tuesday, November 2, 2010

പൂച്ചമ്മ

അദ്ദേഹവുമായി പിരിഞ്ഞതിനു ശേഷം മഹാ നഗരത്തിൽ ഞാൻ താമസിച്ചിരുന്നത് ഇടുങ്ങിയ, വൃത്തി ഹീനമായ ഒരു തെരുവിലായിരുന്നു.
എപ്പോഴും ബഹളം വെയ്ക്കുന്ന ആളുകളും പശുക്കളും കഴുതകളും തിങ്ങി നിറഞ്ഞ തെരുവായിരുന്നു അത്.
ചാണകത്തിന്റെയും മലത്തിന്റെയും കേടു വന്ന പച്ചക്കറികളുടേയും മടുപ്പിയ്ക്കുന്ന ഗന്ധം തെരുവിലേയ്ക്ക് തുറക്കുന്ന വാതിലുള്ള ആ മുറിയിലും സദാ കെട്ടി നിന്നു.
അദ്ദേഹത്തിന്റെ കൂടെ കഴിയുന്ന കാലത്ത് ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു.
അച്ഛന്റെ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവും മാത്രമാണു കുഞ്ഞെന്ന് അദ്ദേഹവും ബന്ധുക്കളും പ്രഖ്യാപിച്ചു.
വിളയിറക്കാവുന്ന ഭൂമി മാത്രമാണ് അമ്മയെന്നും ആ ഭൂമിയ്ക്കൊരിയ്ക്കലും വിളയുടെ ഉടയോനാവാൻ കഴിയുകയില്ലെന്നും ഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ട് എല്ലാവരും അഭിപ്രായപ്പെട്ടു.
അധികാരവും പദവിയുമുള്ള അദ്ദേഹത്തിന്റെ ജോലിയും ധനസമ്പത്തും സുഹൃത് ബന്ധങ്ങളും ഈ ഉറപ്പിന്മേൽ അരക്കു മുദ്രയും പതിപ്പിച്ചു.
കുഞ്ഞിനെ പ്രസവിച്ചുവെന്നും അതിനെ സ്നേഹിയ്ക്കുന്നുവെന്നും മാത്രമായിരുന്നു എനിയ്ക്കാകെ ബോധിപ്പിയ്ക്കാനുണ്ടായിരുന്നത്.
അതുകൊണ്ട് കുഞ്ഞിനെ ഒന്ന് കാണുവാനും താലോലിയ്ക്കുവാനും മഹാ നഗരത്തിലെ വിവിധ കോടതികളിൽ കയറിയിറങ്ങേണ്ടത് എന്റെ ദിനചര്യയുടെ ഒരു ഭാഗമായിത്തീർന്നു.
ഞാൻ താമസിച്ചിരുന്ന കുടുസ്സു മുറിയിൽ മിനി എന്ന പൂച്ചയായിരുന്നു എന്റെ റൂം മേറ്റ്.
വെളുവെളുത്ത് അതീവ മൃദുലമായ രോമങ്ങളിൽ പടരുന്ന മഞ്ഞയും കറുപ്പും നിറങ്ങളിൽ അവൾ പരമ സുന്ദരിയായിരുന്നു.
ഞാൻ മണ്ണിഷ്ടികയെണ്ണുന്ന ജോലിയ്ക്ക് പോകുമ്പോൾ അവൾ അയല്പക്കങ്ങളിൽ കറങ്ങി നടക്കും. അടുത്തുള്ള ചെറിയ മാർക്കറ്റിലെ റൊട്ടിക്കടയിലും ഇറച്ചിക്കടയിലും പോയിരിയ്ക്കും. അവിടെ നിന്നെല്ലാം അവൾക്ക് വയറു നിറച്ച് ഭക്ഷണവും ലഭിക്കും.
പിന്നെ അവളുടെ കൂട്ടുകാരുമൊത്ത് മധുരകരമായ, ആഹ്ലാദകരമായ നിമിഷങ്ങൾ പങ്ക് വെയ്ക്കും.
വൈകുന്നേരം ഞാൻ മടങ്ങി വരുമ്പോൾ അവളും തിരിച്ചെത്തും. ചിലപ്പോൾ എന്റെ ഒപ്പം, അല്ലെങ്കിൽ കുറച്ച് കഴിഞ്ഞിട്ട്.
വരുമാനം കുറഞ്ഞ, ചെറിയ ജോലിയിൽ നിന്ന് എനിയ്ക്ക് കോടതിച്ചെലവുകളൊന്നും നൽകുവാൻ കഴിയുമായിരുന്നില്ല.
പോരാത്ത പണത്തിനായി ഞാൻ ജോലി കഴിഞ്ഞ് വന്ന് കൊച്ച് കുട്ടികൾക്ക് ട്യൂഷനെടുത്തിരുന്നു.
മിനി എന്റെ ട്യൂഷൻ വിദ്യാർത്ഥികൾക്കൊപ്പം നിശബ്ദയായി ഇരിയ്ക്കും. ഒരു പേനയും പുസ്തകവും നൽകിയാൽ അവളും എഴുതുമെന്നും ക്ലാസ്സ് മനസ്സിലായില്ലെങ്കിൽ സംശയങ്ങൾ ചോദിയ്ക്കുമെന്നും എനിക്ക് തോന്നുമായിരുന്നു.
കുട്ടികൾ പോയിക്കഴിഞ്ഞാൽ, അടിച്ചു വാരി വെള്ളം തളിച്ച് നിലം തുടച്ച ശേഷം ഒരു പുൽപ്പായ വിരിച്ച് ഞാനുറങ്ങാൻ കിടക്കുമ്പോൾ മിനി അടുത്ത് കിടക്കും.
കുഞ്ഞിന്റെ പടം നോക്കി ഉറങ്ങാതെ കണ്ണീരൊഴുക്കുകയും പിച്ചും പേയും പറയുകയും ചെയ്യുന്ന ഗതികെട്ടതും ദയനീയവുമായ എന്റെ മാതൃത്വത്തെ അവൾ കണ്ണിമയ്ക്കാതെ വീക്ഷിച്ചു.
ഞാനുറങ്ങും വരെ കൂട്ടു കിടക്കാനുള്ള സൌമനസ്യവും അവൾ എന്നും പ്രദർശിപ്പിച്ചുപോന്നു.
തലോടുമ്പോൾ അവൾ കുറുകും. ആ നിമിഷങ്ങളിലൊന്നിൽ അവളുടെ കണ്ണുകൾക്കും മുഖത്തിനും കുഞ്ഞിന്റെ ച്ഛായയുണ്ടാകുമായിരുന്നു.
മുട്ട കഴിയ്ക്കാത്ത, പാൽ കുടിയ്ക്കാത്ത ഞാൻ അവൾക്ക് മുട്ടയും പാലും വാങ്ങി കൊടുക്കും.
എന്റെ വീട്ടുടമസ്ഥൻ ആഗ്രഹം പ്രകടിപ്പിച്ചു.
‘നിന്റെ പൂച്ചയായാൽ മതിയായിരുന്നു.’
ആ കണ്ണുകളിലെ തിളക്കം എന്നെ ഭയപ്പെടുത്തി.
ഒരു ദിവസം ബഹുമാനപ്പെട്ട കോടതി എന്റെ അപേക്ഷ നിഷ്ക്കരുണം തള്ളിക്കൊണ്ട് വിധി പ്രഖ്യാപിച്ചു.
അതു കേട്ട് കോടതി മുറിയിൽ ബോധരഹിതയായി വീണ എന്നെ, മുഖം വീർപ്പിച്ചുകൊണ്ടാണെങ്കിലും കാറിൽ വീട്ടിലെത്തിയ്ക്കുവാനുള്ള മനസ്സുണ്ടായി എന്റെ വക്കീലിന്.
അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
പണം ധാരാളമായി ചെലവാക്കുമ്പോഴല്ലേ അവകാശങ്ങളെക്കുറിച്ച് നമുക്ക് എല്ലാവരേയും ധരിപ്പിയ്ക്കാൻ കഴിയുക?
അല്ലാതെ എപ്പോഴും കുഞ്ഞിന്റെ പേരു ഉരുക്കഴിയ്ക്കുകയും കണ്ണീരൊഴുക്കുകയും ബോധം കെട്ട് വീഴുകയുമൊക്കെ ചെയ്തതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്?
എങ്കിലും ‘നമുക്ക് മേൽക്കോടതിയിൽ അപ്പീൽ പോകാം, രണ്ട് ദിവസം കഴിഞ്ഞ് ഓഫീസിലേയ്ക്ക് വരൂ‘ എന്ന് നിർദ്ദേശിച്ചിട്ടാണ് വക്കീൽ മടങ്ങിയത്.
കുഞ്ഞിനു വേണ്ടിയുള്ള ഈ കേസിൽ ഇനി വിജയിയ്ക്കുമെന്ന യാതൊരു പ്രതീക്ഷയും എനിയ്ക്കില്ലായിരുന്നു.
അന്ന് ഞാൻ ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചു.
അരുതെന്ന് കൈ പിടിച്ച് തടയാനാരുമില്ലാത്ത വിധം ഏകാകിനിയായിരുന്നുവല്ലോ, ഞാൻ.
പ്രതീക്ഷിയ്ക്കാനൊന്നും ബാക്കിയില്ലാതായതിന്റെ ഭാരമില്ലായ്മ എന്നെ ഉന്മാദിനിയാക്കി.
ഫാനിൽ ചുന്നി കെട്ടി തൂങ്ങി മരിയ്ക്കാമെന്നാണ് കരുതിയത്. ആർക്കെങ്കിലും എന്തെങ്കിലും കുറിപ്പ് എഴുതി വെയ്ക്കണമോ എന്ന് ഒരു നിമിഷം ആലോചിച്ചു. ഉരുകിത്തിളയ്ക്കുന്ന കോടതി മുറിയിൽ വാദിച്ച് വിശദീകരിയ്ക്കപ്പെട്ടതും അമ്പേ പരാജയപ്പെട്ട്, തകർന്ന് തരിപ്പണമായതുമായ ഈ ജീവിതത്തെക്കുറിച്ച് എന്താണിനി എഴുതിയിടുവാനുള്ളത്?
കുഞ്ഞിന്റെ അരുമയായ മുഖം മനസ്സിലുയർന്നപ്പോൾ എന്റെ കണ്ണുകളിലൂടെ രക്തം കണ്ണീരായി ഒഴുകി.
നിസ്സാരയായ അമ്മ.
യാചകിയായ അമ്മ.
അനാഥങ്ങളായിത്തീർന്ന പ്രാർത്ഥനകളുടെ അമ്മ.
നിരന്തരമായ ബോധ്യപ്പെടുത്തലുകളിൽ പരിപൂർണ പരാജയമടഞ്ഞ അമ്മ.
ആ നിമിഷത്തിലാണ് മിനി ജനലിലൂടെ മുറിയിലേയ്ക്ക് ചാടിയത്. അവൾ എനിയ്ക്കു ചുറ്റും ഓടി നടന്നു. ‘മ്യാവൂ‘ എന്ന് പരിഭ്രമത്തോടെ വിളിച്ചു. പത്രക്കടലാസ്സുകളിലേയ്ക്ക് മുഖം തിരുകി. നഖങ്ങൾ കൊണ്ട് തറയിൽ മാന്തി. അസാധാരണമായ ഒരു തിടുക്കവും അക്ഷമയും കാണിച്ചു.
അവളെ ശ്രദ്ധിയ്ക്കേണ്ടി വന്ന ഞാൻ മനസ്സിലാക്കി… മിനി പ്രസവിയ്ക്കാൻ പോവുകയാണ്. അതിനുള്ള സൌകര്യമാണവൾ തേടുന്നത്.
പത്രക്കടലാസ്സുകളും കീറിയ അരിച്ചാക്കും ഒരു കടലാസ്സ് പെട്ടിയിൽ വിരിച്ച് ഞാനവൾക്ക് പ്രസവ മുറിയുണ്ടാക്കി. ഉൽക്കണ്ഠയോടെ അവളുടെ ചലനങ്ങൾ ശ്രദ്ധിച്ചു.
മൂന്നു പൂച്ചക്കുഞ്ഞുങ്ങൾ എന്റെ കണ്മുന്നിൽ പിറന്നു വീണു.
പ്രസവിച്ചെണീറ്റ മിനിയ്ക്ക് പാൽ കൊടുത്തപ്പോൾ അവൾ പഴയതു പോലെ കുറുകി. മടിയിൽ കിടന്ന് സമാധാനമായി വിശ്രമിച്ചു.
ആ അമ്മയെ തലോടുമ്പോൾ എന്നിലെ അമ്മ ചാരമായിരുന്നില്ല. കിതപ്പോടെ ചിറകടിയ്ക്കുന്ന പക്ഷിയായിരുന്നു.
പൂച്ചക്കുഞ്ഞുങ്ങൾ കണ്ണ് തുറന്ന ദിവസമാണ് ഞാൻ പരാതിയുമായി മേൽക്കോടതിയെ സമീപിച്ചത്.