മറുനാടൻ മലയാളിയിൽ വന്ന ഷാജി ജേക്കബിന്റെ അവലോകനമാണ്
കൊമ്പുമുളച്ച
ആത്മരതിയും പത്തിവിടർത്തിയ പരനിന്ദയും ഒസ്യത്തായി കിട്ടിയ മനുഷ്യൻ എന്ന
ജന്തുവർഗത്തെക്കുറിച്ച് തീർത്തുപറയാവുന്ന ഒരു കാര്യമിതാണ്. രണ്ടുതരം
മനുഷ്യരേയുള്ളൂ. സ്നേഹം ലഭിക്കുന്നവരും - ലഭിക്കാത്തവരും. സ്നേഹം
ലഭിക്കുന്നവർ സ്നേഹം കൊടുക്കും. അവർ സൗന്ദര്യമുള്ളവരായി ജീവിക്കുകയും
ചെയ്യും. - ദ്രവിച്ചാലും അവരുടെ സൗരഭ്യം ഓർമയായി നിലനിൽക്കും. സ്നേഹം
ലഭിക്കാത്തവർ അതു കൊടുക്കുകയില്ല. അവർ തന്നിലേക്കുതന്നെ തലകുത്തിവീഴുന്ന
നരകത്തിലെ പുഴുക്കളെപ്പോലെ ജീവിതം മുഴുവൻ പുളിച്ചുതിമിർക്കുകയും --
ജീവനോടെതന്നെ അഴുകിത്തീരുകയും ചെയ്യും. കാലം അവരെ വെള്ളത്തിൽ വീണ
നിഴലെന്നപോലെ വിഴുങ്ങിക്കളയും.
മനുഷ്യരുടെയും
ജീവിതത്തിന്റെയും സൗന്ദര്യം സ്നേഹമല്ലാതെ മറ്റൊന്നുമല്ല എന്നു
തെളിയിക്കുന്ന മുപ്പത്തൊന്ന് അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ്
എച്മുക്കുട്ടിയുടെ ജീവിതമാണ്' എന്ന പുതിയ പുസ്തകം. ആത്മകഥാക്കുറിപ്പുകളായി
ഫേസ്ബുക്കിൽ അവരെഴുതിയ രചന പുസ്തകമായി ഈയിടെ പുറത്തുവന്നിരുന്നു. ഈ -
പുസ്തകമാകട്ടെ, അതിനു മുൻപും പിൻപുമായി എച്മുക്കുട്ടി എഴുതിയ
വ്യക്തിചിത്രങ്ങളുടെ സമാഹാരമാണ്. തികച്ചും ആത്മകഥാപരം തന്നെയാണ് ഇവയും.
മുൻപു പ്രസിദ്ധീകരിച്ചിട്ടുള്ള അമ്മീമ്മ' ക്കഥകളുടെ തുടർച്ചയായുള്ള ചില
രചനകളും ഫേസ് ബുക്കിലെ രണ്ട് കുറിപ്പുകളും ഇവയിൽ ഉൾപ്പെടുന്നു.
നിശിതമായ
സ് ത്രേണ രാഷ്ട്രീയാവബോധം, ലാവണ്യാത്മകമായ ഭാഷാശൈലി, ആഘാതശേഷിയുള്ള
അനുഭവങ്ങൾ, അമ്പരപ്പിക്കുന്ന ആഖ്യാനം, അതിസൂക്ഷ്മമായ ജീവിതനിരീക്ഷണം,
പരിചിതവും അപരിചിതവുമായ - സ്ഥലപടങ്ങൾ, ആത്മവും അപരവും തമ്മിലുള്ള അപാരമായ
കൂടിക്കലരലിന്റെ രസതന്ത്രം-എച്മുക്കുട്ടിയുടെ കഥനങ്ങൾക്കുള്ള കലയും
രാഷ്ട്രീയവും തികച്ചും മൗലികമാണ്.
രണ്ടു ഭാഗമായി വേർതിരിക്കാം ഈ
പുസ്തകത്തിലെ കുറിപ്പുകളെ. ഡൽഹി, ചെന്നൈ, മുംബയ്, ഉത്തരേന്ത്യൻ -
ചെറുനഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ, വർക്ക് സൈറ്റുകൾ... എന്നിവിടങ്ങളിൽ
എഴുത്തുകാരി കണ്ടുമുട്ടിയ ദരിദ്രരും നിസ്വരും രോഗികളുമായ സ്ത്രീകളുടെ
കഥകളാണ് ഒരുവിഭാഗം. തങ്ങളുടെ ചെറുജീവിതത്തിലും സ്നേഹത്തിന്റെ ഉറവ -
വറ്റിയിട്ടില്ല എന്നു തെളിയിക്കുന്നവരാണ് എച്മുക്കുട്ടിയുടെ ഓരോ സ്ത്രീയും.
ഒന്നുകിൽ അതിനുവേണ്ടി ദാഹിക്കുന്നവർ. അല്ലെങ്കിൽ അതിൽ മുങ്ങിച്ചാകുന്നവർ.
കവി പാടിയതുപോലെ, ജീവിതം ഒരു ചൂളയായിരുന്നപ്പോൾ അതിൽനിന്നു നന്മയുടെ
വെളിച്ചം സൃഷ്ടിച്ച മനുഷ്യരുടെ കഥകൾ. ജാതി, ദാരിദ്ര്യം, പുരുഷാധികാരം,
നിരക്ഷരത, ലൈംഗികചൂഷണം, രോഗം, അനാഥത്വം, ഏകാന്തത... സ്ത്രീയെ തീനാമ്പുകൾ
പോലെ നക്കിത്തോർത്തുന്ന തിന്മകളുടെയും ഗതികേടുകളുടെയും പേക്കഥകളാണ്
ഓരോന്നും.
രണ്ടാം വിഭാഗം, കേരളത്തിൽ, തന്റെതന്നെ കുടുംബത്തിലും
സൗഹൃദങ്ങളിലും നിന്നു കണ്ടെത്തുന്ന വ്യക്തികളുടെയും അവർ നൽകിയ കത്തുന്ന
അനുഭവങ്ങളുടെയും ഓർമ്മക്കുറിപ്പുകളാണ്. ഇവയിൽ തന്നെ വലിയൊരു ശതമാനം തന്റെ
അമ്മീമ്മയുടെ (അമ്മയുടെ സഹോദരി) ജീവിതവും സഹനങ്ങളും സമരങ്ങളുമാണ്. ഒരുപക്ഷെ
മലയാളത്തിൽ ഇന്നോളമെഴുതപ്പെട്ടിട്ടുള്ള ഏറ്റവും ദുഃഖഭരിതമായ
സ്ത്രീജീവിതാഖ്യാനങ്ങളിലൊന്നാണ് എച്മുക്കുട്ടിയുടെ അമ്മീമ്മയുടേത്. ജാതി
മുതൽ കുടുംബം വരെയുള്ള മുഴുവൻ ആണധികാരസ്ഥാപനങ്ങളുടെയും ഇരകളായി
ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ദുരിതചരിതങ്ങളായി മാറുന്നു, മൊത്തത്തിൽ ഈ
പുസ്തകം. ഇരുഭാഗത്തുമുണ്ട്, നന്മയുടെയും കരുതലിന്റെയും തുണയുടെയും
തണലിന്റെയും കരുണയുടെയും നിലപാടിന്റെയും ഉടൽരൂപങ്ങളായ ചില പുരുഷന്മാരും.
ആത്മാനുഭവങ്ങളായോ അപരാനുഭവങ്ങളായോ എഴുതപ്പെടുന്ന ഓരോ കുറിപ്പിലുമുണ്ട് ,
രക്താതമായ ജീവിതമുദ്രകൾ.
മേല്പറഞ്ഞ രണ്ടു വിഭാഗത്തിലുൾപ്പെടുന്ന ഈ
രചനകളെ അവയുടെ ഉള്ളടക്കം മുൻനിർത്തി നാലായി തിരിക്കാം. അന്യനാടുകളിൽ
എച്മുക്കുട്ടി കണ്ടുമുട്ടുന്ന സ്ത്രീപുരുഷന്മാരുടെ പൊള്ളുന്ന ജീവിതങ്ങളുടെ
അവതരണമാണ് ഒന്ന്. ഭോലയുടെ ഓണം, ചന്ദനം അരഞ്ഞാരു മഞ്ഞുകാലം, ശീലാബൈാതി,
മഴനൊമ്പരങ്ങൾ, നൂതൻ ഗോപാലനെന്ന - പൊട്ടിച്ചിരി... എന്നിങ്ങനെ പതിനൊന്നു
രചനകൾ. എച്മുക്കുട്ടിയുടെ തന്നെ ജീവിതം വഴിതിരിച്ചുവിടുന്ന നല്ലതും
ചീത്തയുമായ അനുഭവങ്ങളുടെ ഉടമകളായ പുരുഷന്മാരെക്കുറിച്ചാണ് മൂന്നെണ്ണം -
ഇംഗ്ലീഷ് പറയുന്ന ധന്വന്തരി, ബാലചന്ദ്രൻ ചുള്ളിക്കാട്, കാമം കവി അയ്യപ്പനെ
ഭ്രാന്തനാക്കി എന്നിവ. സ്വന്തം ജീവിതം സ്നേഹത്തിന്റെയും നന്മയുടെയും
നിശ്ശബ്ദവിപ്ലവമായി നിർവഹിച്ച ആൾ(ൺ) രൂപങ്ങളെക്കുറിച്ചാണ് ആറുരചനകൾ.
മുസ്ലിം ഛായയുള്ള കൂട്ടുകാരൻ, ദൈവം, ഉമാപ്പ എന്നിങ്ങനെ. കേരളത്തിൽ. തന്റെ
തന്നെ നാട്ടിലും വീട്ടിലും എഴുത്തുകാരി ആത്മബന്ധം സ്ഥാപിക്കുന്നവരും
പലനിലകളിൽ ആത്മാവിൽ ഇടംപിടിച്ചവരുമായ സ്ത്രീകളെക്കുറിച്ചാണ്
ഇനിയുമൊരുവിഭാഗം രചനകൾ. ബാല്യകാലസഖി, പനിയുടെ മണമുള്ള ആനി, പെൺപാട്ട്,
ബ്രാഹ്മണജാതി ഒരു സ്ത്രീയോടു ചെയ്തത്, രണ്ടു സ്ത്രീകൾ എന്നിങ്ങനെ
പതിനൊന്നെണ്ണം.
പട്ടിണിയും ദാരിദ്ര്യവും നിരക്ഷരതയും അനാരോഗ്യവും
അയിത്തവും അടിമത്തവും മറ്റും മറ്റും ചേർന്ന് പുഴുക്കളെപ്പോലെ
നിസ്വരാക്കിക്കളഞ്ഞ ഇന്ത്യയിലെ നാൽപ്പത്തൊമ്പതിനായിരം ചേരികളിലെ
പത്തുകോടിയിലധികം മനുഷ്യരുടെ പ്രതിനിധികളാണ് പല കഥകളിലെയും കഥാപാത്രങ്ങൾ -
ആണും പെണ്ണും. വിദൂരഗ്രാമങ്ങളിൽ നിന്ന് അന്നം തേടി - മഹാനഗരങ്ങളിലെത്തിയ
ആഭ്യന്തര അഭയാർഥികൾ. മാറാരോഗികൾ. ഭിക്ഷാടകർ. കിടപ്പാടമില്ലാത്തവർ.
അംഗവിഹീനർ. അയിത്തക്കാർ. കുറ്റവാളികൾ. ജാതിമുതൽ ഭരണകൂടം വരെയുള്ളവയുടെ
ഇരകൾ. ആൺവേട്ടയിൽ പൊറുതിമുട്ടുന്ന പെണ്ണിരകൾ.
ഭോലയെന്ന ബീഹാറിക്ക്
വച്ചുവിളമ്പിയ ഓണം, തന്നെയും അവനെയും ഒരുപോലെ ഉലച്ചുകളഞ്ഞ അനുഭവം -
വിവരിക്കുന്ന ആദ്യരചന വായിക്കൂ. നിങ്ങൾ ഈ പുസ്തകം തുടർന്നു വായിക്കാൻ
പിന്നെ കുറെ സമയമെടുക്കും, തീർച്ച...
“പരിപ്പും പപ്പടവും
ഇഞ്ചിക്കറിയും അവിയലും സാമ്പാറും എരിശ്ശേരിയുമെല്ലാമടങ്ങുന്ന ഭേദപ്പെട്ട
ഒരു ഓണസദ്യയാണ് ഞാൻ ഇലയിട്ട് വിളമ്പിയത്. ഓരോ വിഭവം വിളമ്പുമ്പോഴും ഭോലയുടെ
കുണ്ടിൽപ്പെട്ട കണ്ണുകൾ മിഴിഞ്ഞു. പക്ഷേ, ചിരി കണ്ടില്ല. അനുനിമിഷം ആ
ഉണങ്ങിയ മുഖം ആകുലമായിക്കൊണ്ടിരുന്നു. ഊണു കഴിക്കുമ്പോൾ നന്ദനെപ്പോലെ
പ്രകടമായ ആഹ്ലാദം ജോലയിൽ ഉണ്ടായിരുന്നില്ല. കഴിച്ച ശീലമില്ലാത്ത വിഭവങ്ങൾ
അവനെ പ്രയാസപ്പെടുത്തുന്നുണ്ടാവുമെന്ന് എനിക്കു തോന്നി.
പായസം
വിളമ്പിയപ്പോൾ, അടക്കിപ്പിടിച്ച കരച്ചിൽ പൊട്ടിയതുമാതിരി പൊടുന്നനെ ഭോല
തേങ്ങിക്കരഞ്ഞു. ഞാൻ സ്തബ്ദയായിരുന്നുപോയി. “എന്തു പറ്റി... എന്തു പറ്റി?”
എന്ന് ഞാനും നന്ദനും ചോദിച്ചതിനൊന്നും അവൻ ആദ്യം ഉത്തരം പറഞ്ഞില്ല.
നിർബന്ധിച്ചപ്പോൾ ഭോല കണ്ണീർ തുടച്ചു.
“ഗാവ് മേം മാ ബാബ ബീവി ബച്ചെ... സബ് കി യാദ്.
ഗ്രാമത്തിലെ അമ്മയച്ഛന്മാരേയും ഭാര്യയേയും മക്കളേയും ഓർമ്മിക്കുമ്പോൾ... ഭോല വിങ്ങിപ്പൊട്ടി.
അന്ധനായ ബാബയും അമ്മയും, പിന്നെ ഭാര്യയും നാലു കുട്ടികളുമുണ്ടെന്ന്...
കീറിയ പ്ലാസ്റ്റിക്കും പൊളിഞ്ഞ പനമ്പും കൊണ്ടുണ്ടാക്കിയ ചെറ്റപ്പുരയിലാണ് അവർ കഴിഞ്ഞുകൂടുന്നതെന്ന്...
ജാതിയിൽ വളരെ താഴ്ന്നവരാണെന്ന്...
അതുകൊണ്ടുതന്നെ വെള്ളമോ വിറകോ ധാന്യമോ മാനമോ ഒരുപക്ഷേ, ജീവൻ പോലുമോ സ്വന്തമായില്ലെന്ന്...
സിംഗാഡ
(കുളവാഴ പോലുള്ള ഒരു ജലസസ്യത്തിന്റെ കായ്) വെയിലത്തുണക്കി പൊടിച്ചത്
പച്ചവെള്ളത്തിൽ കലക്കിക്കുടിക്കുന്നതാണ് അവരുടെ ഭക്ഷണമെന്ന്...
വേവിച്ച ഭക്ഷണം വളരെ അപൂർവമായി മാത്രം കിട്ടുന്ന ഭാഗ്യക്കുറിയാണെന്ന്...
ഗാവിലെല്ലാവരും അങ്ങനെ കഴിയുമ്പോൾ ഭോലക്ക് ഇത്ര നല്ല ഭക്ഷണം എങ്ങനെ തൊണ്ടയിലൂടെ ഇറങ്ങാനാണെന്ന്....
കടലയും
ഗോതമ്പുപൊടിയും വെള്ളത്തിൽ കുതിർത്തിക്കഴിക്കുന്ന അടുപ്പ് കത്തിക്കാൻ
മടിക്കുന്ന ഭോല ആ ഒരു നിമിഷത്തിൽ ആകാശത്തോളം വളരുന്നതും അവന്റെ
വിണ്ടുമൊളിഞ്ഞ് വികൃതമായ കാലടികൾ ഈ പ്രപഞ്ചത്തിലെ സ്വാർഥത മുഴുവൻ
അളന്നുതീർക്കുന്നതും ഞാൻ കാണുകയായിരുന്നു.
എല്ലാവരുമൊരുമിച്ച് ഒരു ദിവസമെങ്കിലും വയറുനിറയെ ചോറും പൂരിയും കടലയും ലേശം ഹൽവയും കഴിക്കണമെന്ന് ഭോലയ്ക്കാഗ്രമുണ്ട്.
“സിർഫ് ഏക് ദിൻ... ഉസ്കെ ബാദ് ഹം സബ് ജഹ്ർ പീനേ കെ ലിയേ ഭി തയ്യാർ ഹേ".
ഒരേയൊരു
ദിവസം അങ്ങനെ ഭക്ഷണം കഴിച്ചിട്ട് വിഷം കുടിക്കാൻ പോലും എല്ലാവരും
ഒരുക്കമാണെന്ന് ഭോല ഉച്ചത്തിൽ കരഞ്ഞു. മുഴുത്ത കണ്ണീർത്തുള്ളികൾ ഇലയിൽ
വിളമ്പിയ പായസത്തിൽ വീണുടഞ്ഞു'.
തന്റെ വീട്ടിലെ കക്കൂസ്
വൃത്തിയാക്കാൻ വന്ന ചന്ദൻ എന്ന മനുഷ്യന്റെ അവസ്ഥയും ദൈന്യതയും
ആത്മനിന്ദയോടെ ആവിഷ്ക്കരിക്കുന്ന മറ്റൊരു രചനയിൽ എച്മുക്കുട്ടി എഴുതുന്നു:
“അല്പം
കഴിഞ്ഞപ്പോഴേക്കും ചന്ദൻ വന്നു. തനിച്ചല്ല വന്നത്. മൂന്നും രണ്ടും വയസ്സ്
തോന്നിപ്പിക്കുന്ന രണ്ടൂ പെൺകുട്ടികളുമുണ്ടായിരുന്നു കൂടെ. ഒരു കീറിയ
പുതപ്പായിരുന്നു കുഞ്ഞുങ്ങളുടെ വേഷം. അതിനകത്ത് വേറൊന്നും
ധരിച്ചിട്ടില്ലെന്ന് കീറലുകളിലൂടെ വെളിപ്പെട്ടിരുന്ന അവരുടെ ദരിദ്രനഗ്നത
വിളിച്ചു പറഞ്ഞു. ഇടയ്ക്കിടെ നാവു നീട്ടി മുക്കീരു നുണഞ്ഞുകൊണ്ട് കുട്ടികൾ
വീട്ടുവാതിക്കൽ മുട്ടും മടക്കി കുത്തിയിരുന്നു; ക്ഷമയോടെ.
സാദിക്കുമായിരുന്നെങ്കിൽ വെള്ളത്തിൽ ഉപ്പെന്ന പോലെ അവർ ഭൂമിയിൽ
ലയിച്ചുചേർന്നേനെ എന്ന് എനിക്കു തോന്നി. എന്റെ നോട്ടമേൽക്കുമ്പോഴെല്ലാം ആ
കുഞ്ഞിക്കണ്ണുകളിൽ അസാധാരണമായ പേടിയും വല്ലാത്ത പരിഭ്രമവും ചിറകടിച്ചു.
ഒരു
നിമിഷം പോലും പാഴാക്കാതെ ചന്ദൻ ജോലി തുടങ്ങി. കക്കൂസ് ടാങ്കിന്റെ മൂടി
തുറക്കുന്നതു കണ്ടപ്പോൾ എനിക്കു ശരിക്കും വലിയ ശബ്ദത്തിൽ ഓക്കാനിക്കണമെന്നു
തോന്നി. ഞരമ്പുകളെ തളർത്തുന്ന ദുർഗന്ധം അന്തരീക്ഷത്തിൽ വ്യാപിച്ചു. ചന്ദൻ
വിറകു വെട്ടുകയോ നാളികേരം പൊതിക്കുകയോ ചെയ്യുന്നതു മാതിരി, അത്ര
സാധാരണമായി, മലം പാട്ടയിൽ കോരിയെടുത്ത് പ്രധാന തെരുവിലെ വലിയ സീവേജ്
പൈപ്പിനരികിലേക്ക് പലവട്ടം നടന്നുപോയി. ആ കുഞ്ഞുങ്ങൾ അവരുടെ അച്ഛനെ ഒരു
ഭാവഭേദവുമില്ലാതെ നോക്കിക്കൊണ്ടിരുന്നു.
പ്രഭാതഭക്ഷണം ഞാൻ
കഴിച്ചിരുന്നില്ല. അടുക്കളയിലെ ഭക്ഷണം സ്വയമുണ്ടാക്കിയതാണെങ്കിലും ഇത്രയും
നാറ്റത്തിൽ അത് കഴിക്കുവാൻ സാധിക്കുകയില്ലെന്ന് എനിക്കു തോന്നി.
ചന്ദനത്തിരികൾ പുകച്ച് ആകാവുന്നത്ര സുഗന്ധത്തെആവാഹിക്കാൻ ശ്രമിച്ച ഞാൻ
പരാജയപ്പെട്ടു.
“ദീദി വാതിലടച്ച് അകത്ത് പോയിരുന്നുകൊള്ള. ഞാൻ പണി
കഴിയുമ്പോൾ പറയാം. കുട്ടികൾ വാതിക്കൽ ഇരുന്നോളും". ചന്ദൻ മലപ്പാട്ട തലയിൽ
വച്ചുകൊണ്ട് എന്നോട് പറഞ്ഞു. നാറ്റം സഹിക്കാനാവാതെ ഞാൻ
പ്രയാസപ്പെടുന്നുണ്ടെന്ന് അയാൾ മനസ്സിലാക്കിയതോർത്തപ്പോൾ എനിക്കൽപ്പം
വല്ലായ്മയുണ്ടായി. തന്നെയുമല്ല, ആ പിഞ്ചുകുട്ടികളെ പുറത്തിരുത്തി
വാതിലെങ്ങനെ കൊട്ടിയടയ്ക്കും?
പെട്ടെന്ന് ചെറിയ കുട്ടി ഏങ്ങി
കരയാനാരംഭിച്ചു. അതിനു വിശക്കുന്നുണ്ടായിരിക്കണം. കേൾക്കുമ്പോൾ വേദന
തോന്നിപ്പിക്കുന്ന തരമൊരു സങ്കടക്കരച്ചിലായിരുന്നു അത്. ചന്ദൻ "ചുപ് ചുപ്'
എന്ന് കുറച്ച് കർശനമായി മിണ്ടാതിരിക്കാൻ പറഞ്ഞെങ്കിലും കുഞ്ഞ് കരച്ചിൽ
നിറുത്തിയില്ല. അടുക്കളയിൽ പോയി ചപ്പാത്തിയും പൊരിച്ച ഉരുളക്കിഴങ്ങും
എടുത്തുവച്ച പ്ലേറ്റ് കൊണ്ടുവന്ന് ഞാൻ കുട്ടികൾക്ക് നീട്ടി. ആഹാരം
കണ്ടപ്പോൾ ആ കുഞ്ഞിക്കണ്ണുകളിൽ ആർത്തി ഓളം തുള്ളിയെങ്കിലും അവരുടെ കൈകൾ
സിമന്റിട്ട് ഉറപ്പിച്ചതു മാതിരി പുതപ്പിനുള്ളിൽ അനങ്ങാതിരുന്നതേയുള്ളൂ.
പക്ഷേ, ഞാൻ പ്ലേറ്റ് തറയിൽ വച്ച നിമിഷം അവർ "ബാബാ, ബാബാ' എന്ന് ചന്ദ്രനെ
ഉറക്കെ വിളിച്ചു.
അയാൾ മലപ്പാട്ട കൈയിൽ പിടിച്ച് ഭക്ഷണത്തിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി. എന്നിട്ട് വിക്കി വിക്കി പറഞ്ഞു.
“ഖാനാ ജമീൻ പെ ഡാലിയേ ദീദി, ഹം ആപ്കെ ബർത് ൻ നഹി ച്ഛയേംഗെ”.
അതെ,
വല്ല തെരുവുപട്ടിക്കോ പൂച്ചയ്ക്ക് ക്കോ ഒക്കെ കൊടുക്കുന്നതുമാതിരി
മണ്ണിലിട്ട് കൊടുത്താൽ മതിയെന്ന്. തേച്ച മിനുക്കി വച്ച എന്റെ പാത്രങ്ങളെ
അയാളോ ആ കുട്ടികളോ സ്പർശിക്കുകയില്ല.
അതിനു കാരണം... അതിനു
കാരണം... എന്റെ മലിനതകൾ നൽകി ഞാൻ കവർന്നെടുക്കുന്ന ആ മാന്യതയുടെ വിചിത്രമായ
അളവുകോലല്ലേ? ഒരൽപ്പം പണത്തിന്റെ അഹന്തയിൽ, ജാതിയുടെ ഉയർച്ചയിൽ, ഞാൻ അയാളെ
ഏൽപ്പിക്കുന്ന ഈ നാറുന്ന ജീവിതമാർഗമല്ലേ? എനിക്കുണ്ടെന്ന് ഞാൻ കരുതിവശായ
കേമത്തത്തിന്റെ പിന്നിലൊളിച്ചിരിക്കുന്നതെന്താണെന്ന്, എത്ര കണ്ണടച്ചു
പിടിച്ചിട്ടും അല്പം മുൻപ് പകൽവെളിച്ചം മാതിരി വെളിവായിക്കിട്ടിയില്ലേ?
പൊടുന്നനെ തീട്ടത്തിൽ മുങ്ങിയ ഒരു ഇരുമ്പുകൂടം തലയിൽ വന്ന് വീഴുന്നതു പോലെ
എനിക്കു തോന്നി. ഞാൻ വാതിൽക്കൽ മരവിച്ച് നിന്നു.
റോഡരികിലെ പൈപ്പിൻ
ചുവട്ടിൽ പോയി കാലും കൈയുമെല്ലാം കഴുകി ചന്ദൻ തിരിച്ചു വന്നപ്പോഴും ഞാൻ
പ്ലേറ്റ് മാറ്റി ആഹാരം മണ്ണിൽ വച്ചിരുന്നില്ല. ആ കുഞ്ഞുങ്ങളുടെ മുന്നിൽ
നിന്നുകൊണ്ട് അത്തരമൊരു കാര്യം ചെയ്യാനാവശ്യമായ എന്തോ ഒന്ന്
എന്നിലുണ്ടായിരുന്നില്ല. തൊലിയടർന്ന് തേഞ്ഞരഞ്ഞു പോയ ഇരുകൈകളും ഒരു
ഭിക്ഷയ്ക്കായി നീട്ടി, ഭൂമിയോളം നിലം പറ്റി, കാലൊടിഞ്ഞ ഒരു
തെരുവുനായയെപ്പോലെ ചന്ദൻ എന്നെ നോക്കിക്കൊണ്ടു നിന്നു.
കരച്ചിൽ ഒതുക്കുവാൻ ശ്രമിച്ച്, ഇടറിയ തൊണ്ടയ്ക്ക് അപരിചിതമായ ശബ്ദത്തിൽ ഞാൻ പറഞ്ഞു:
“ബൈറ്കേ ആരാം സേ ഖാവോ, ചന്ദൻ. ബർത് ൻ ഭി തും ലോ, മുജ് നഹി ചാഹിയേ".
ചേരികളിലും
പുറമ്പോക്കുകളിലും ഗ്രാമങ്ങളിലും നിന്നുവരുന്ന നിർധനസ്ത്രീകളുടെ
അവസ്ഥാന്തരങ്ങൾ എച്മുക്കുട്ടി എടുത്തെഴുതുമ്പോൾ ഉത്തരേന്ത്യയിലെ
അടിസ്ഥാനവർഗങ്ങളിൽപെട്ട മനുഷ്യരുടെ ജീവിതനിലവാരം എത്രമേൽ ദയനീയവും
അതിൽതന്നെ സ്ത്രീകളുടെ നില എത്രമേൽ അതിദയനീയവും പരിതാപകരവുമാണെന്നും നാം
ഒരു ഞെട്ടലോടെ മനസ്സിലാക്കും. മാപ്പർഹിക്കാത്ത കുറ്റംപോലെ ജീവിതം
സുഖഭോഗങ്ങളിലും ആർഭാടങ്ങളിലും ധൂർത്തുകളിലും ഗർവങ്ങളിലും അർമാദിക്കുന്ന
മധ്യ-ഉപരിവർഗ മനുഷ്യരുടെ നേർക്കുള്ള വിരൽചൂണ്ടലാണ് ഈ കഥകൾ. ആണധികാരത്തിനു
നേർക്കു മാത്രമല്ല. ജാത്യധികാരത്തിനും ധനാധികാരത്തിനും
ആൾക്കൂട്ടാധികാരത്തിനും നേർക്കുള്ള കുറ്റപത്രങ്ങൾ.
ചാക്കുമാത്രമുടുത്തു
നടക്കുന്ന സുനിതയെന്ന പണിക്കാരിയുടെ കഥ എച്മുക്കുട്ടി മനസ്സിലാക്കുമ്പോൾ
അത് ഒരു രാഷ്ട്രത്തിന്റെ തന്നെ മുദ്രാവാക്യങ്ങൾക്കും
മുഖവാക്യങ്ങൾക്കുമെതിരായ വിധിയെഴുത്താകുന്നു.
“അഞ്ചു പേരാണ് അവരെ
തുടർച്ചയായി ബലാൽസംഗം ചെയ്തത്. എന്നിട്ട് നഗ്നയാക്കി ഗ്രാമത്തിലെ റോഡിലൂടെ
നടത്തി. അതു കണ്ടുകൊണ്ട് അവിടെയുള്ള മുഴുവൻ ജനങ്ങളും അവരുടെ ഭർത്താവും
മക്കളും ഉണ്ടായിരുന്നു. ആരും അനങ്ങിയില്ല. അനങ്ങാൻ അവർക്ക്
ധൈര്യമുണ്ടായില്ല; അന്നു മാത്രമല്ല, പിന്നീടൊരിക്കലും.
സ്വന്തം കുടിലിന്റെ വാതിൽ അന്ന് അവർക്കു മുമ്പിൽ അടഞ്ഞു.
പൂർണനഗ്നയായിത്തന്നെ
അങ്ങനെ കുറെ ദൂരം നടന്നു. അല്ല, ഇഞ്ചിഞ്ചായി ഇഴഞ്ഞു; കാലുകൾക്കിടയിലും
മുലകളിലും ഒക്കെ ഇടിച്ചുപിഴിഞ്ഞ നൊമ്പരവും ദേഹമാസകലം പൊടിഞ്ഞ രക്തവും
നഖത്തിന്റെയും പല്ലുകളുടെയും നീറ്റലുമെല്ലാമായി.
ഒടുവിൽ വഴിയിൽ നിന്നൊരു കീറിയ ചാക്കു കിട്ടി; പിന്നെ ഒരു ഫ് ളക്സസും. അതുമതി ഇനി വസ്ത്രമായിട്ട് എന്ന് അപ്പോൾ തീരുമാനിച്ചു.
ഏതോ
ഒരു ട്രെയിനിൽ കയറി ഡൽഹിയിൽ വന്നിറങ്ങി. കുറെ നാൾ ഭിക്ഷയെടുത്ത് നടന്നു.
ചില ചേരികളിൽ പണികൾ ചെയ്തു. ഒടുവിൽ ഒരു ദിവസം പൊലീസ് ഓടിച്ചപ്പോഴാണ് ഈ
ചേരിയിൽ വന്നത്...
“ഒരിക്കൽ പൊതുവഴിയിൽ നഗ്നയാക്കപ്പെട്ടു കഴിഞ്ഞാൽ
വസ്ത്രങ്ങൾ നമ്മൾ പെണ്ണുങ്ങൾക്ക് ഒരു പ്രശ്നമേയല്ലാതാകും. ഒരിക്കൽ
ബലാൽസംഗം ചെയ്യപ്പെട്ടു കഴിഞ്ഞാൽ പിന്നെ ആ ഭീതിയും മാറും.
ബാക്കിയാവുന്നത്...'
കണ്ണീരുള്ളിലേക്കു വലിച്ച് ചുവന്നു കലങ്ങിയ കണ്ണുകളോടെ ഞാൻ സുനിതയെ നോക്കി.
“പുരുഷലിംഗവും
അവന്റെ കൈകാലുകളും നാവും കൊത്തിമുറിക്കാനുള്ള അടങ്ങാത്ത പ്രതികാരമോഹമാണ്.
അത് ഒരിക്കലും സാധിക്കാത്തതുകൊണ്ട് ആ അഗ്നിയിൽ എരിഞ്ഞൊരിഞ്ഞ് പെണ്ണ് സ്വയം
ചാമ്പലാകും'', ''
ഈയൊരു സ്ത്രീയവസ്ഥയുടെ പാരമ്യമാണ് ചേരിനിവാസിയായ
ഫൂൽമതിയെന്ന പത്തൊൻപതുകാരിയുടെ നരകാനുഭവങ്ങളും നാലാമത്തെ പ്രസവത്തിന്റെ
ദുരിതങ്ങളും വിവരിക്കുന്ന രചനയിലുള്ളത്. വായിക്കൂ.
“ദിവസങ്ങൾ
കടന്നുപോയി. വേനൽക്കാലം തണുപ്പകാലത്തിന് വഴിയൊഴിഞ്ഞുകൊണ്ടിരുന്നു. ഒരു നാൾ
രാവിലെ ഫൂൽമതി പറഞ്ഞു, “ദീദി ഞാൻ വീണ്ടും അമ്മയാവാൻ പോവുകയാണ്'.
എനിക്കു
കലിയാണു വന്നത്. പെറ്റിട്ടതുങ്ങൾക്ക് തന്നെ തിന്നാൻ കൊടുക്കാൻ വഴിയില്ല;
അപ്പോഴാണ് വീണ്ടും വീണ്ടും... നാണമില്ലാത്ത ചെറ്റക്കൂട്ടങ്ങൾ!
“നീയീ
നാണം കെട്ട ഏർപ്പാട് നിറുത്താതെ ഗതി പിടിക്കില്ല. ഇനിയും പെറ്റാൽ അതിനും
തിന്നാൻ കൊടുക്കണ്ടേ???ക്ഷോഭം കൊണ്ട് എന്റെ വാക്കുകൾ വിറച്ചു.
ഫൂൽമതിയുടെ ശബ്ദം ശാന്തമായിരുന്നു: “ഇതും കൂടിയില്ലെങ്കിൽ പിന്നെ ഞങ്ങൾക്ക്
എന്താണൊരു സന്തോഷം ദീദി? ഉണ്ടാവുന്നെങ്കിൽ ഉണ്ടാവട്ടെ. അത് അതിന്റെ
തലേലെഴുത്തും കൊണ്ട് വരും'.
എന്റെ കണ്ണുകൾ അതുവരെ കാണാൻ
തയാറാവാതിരുന്ന ഒരു കാഴ്ചയായിരുന്നു ആ നിമിഷം അവൾ കാണിച്ചത് , കാതുകൾ
അതുവരെ കേൾക്കാൻ തയാറാവാതിരുന്ന ഒരു ശബ്ദമായിരുന്നു ആ നിമിഷം അവൾ
കേൾപ്പിച്ചത്. ശരിയാണ്. അവൾക്കും അവളുടെ ആദ്മിക്കും വേറെ എന്താണ് ഒരു
സന്തോഷം? ഒരു സുഖം? വയറു നിറയ്ക്കാൻ ഭക്ഷണം കൂടിയില്ലാത്തവർ... ജീവൻ മാത്രം
സ്വന്തമായുള്ളവർ. ഒന്നുമൊന്നുമില്ലാത്തവരുടെ ഒരാനന്ദം.... അല്പനിർവൃതി.
എനിക്കു
പാവം തോന്നി. അവളുടെ എണ്ണ കാണാത്ത പരുത്തു ചെമ്പിച്ച തലമുടിയിൽ ഞാനെന്റെ
കൈ ചേർത്തു. അവളെ ആശുപത്രിയിൽ പോകാൻ നിർബന്ധിക്കുകയും, ഗർഭിണി
സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെക്കുറിച്ചും പ്രത്യേകമായി കഴിക്കേണ്ടുന്ന
ആഹാരത്തെക്കുറിച്ചുമൊക്കെ വിസ്തരിക്കുകയും ചെയ്തു ഞാൻ.
അവൾ
ചിരിച്ചുകൊണ്ട് തല കുലുക്കി. “ഒന്നും സംഭവിക്കില്ല ദീദി, നാലാമത്തെ
പ്രാവശ്യമല്ലേ, എനിക്കിതു നല്ല പരിചയമാണ്.“ ഒരുപക്ഷേ, ആ അവസ്ഥയിൽ അവൾക്ക്
മാത്രം പറയാൻ കഴിയുന്ന വാക്കുകൾ.
എന്നാൽ കാര്യങ്ങൾ അത്ര
എളുപ്പമായില്ല. അവൾ ദിനംപ്രതി ക്ഷീണിച്ചു. ശ്വാസംമുട്ടലും കിതപ്പും
വർദ്ധിച്ചു. തുടർച്ചയായി അഞ്ചാറു ദിവസം വരാതിരുന്നപ്പോൾ ഞാൻ അന്വേഷിച്ചു
ചെന്നു. അവൾക്ക് പനി പിടിപെട്ടിരുന്നു. ആ കണ്ണുകൾ പളുങ്ക് ഗോട്ടികളെ
ഓർമ്മിപ്പിച്ചു. രോഗവും ദാരിദ്ര്യവും ഗർഭവും തളർത്തിയ ദുർബലശരീരത്തെ
തൊട്ടുവിളിച്ച് - മൂന്നു കുഞ്ഞുങ്ങളും വിശന്നു കരഞ്ഞുകൊണ്ടിരുന്നു. അവളുടെ
ആദ്മി അവിടെയുണ്ടായിരുന്നില്ല.
ചേരിയിലെ ആരോഗ്യപ്രവർത്തകരെ കണ്ടുപിടിക്കാൻ അൽപ്പം പണിപ്പെടേണ്ടി വന്നുവെങ്കിലും അവളെ ചികിത്സിപ്പിക്കാൻ എനിക്കു സാധിച്ചു.
പത്തു
പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ എല്ലും തോലുമായി, ഒരു പടുകിഴവിയുടെ രൂപത്തിൽ
അവൾ എന്റെ മുന്നിൽ വന്നു നിന്നു. നെഞ്ചുതകരുന്നതായി എനിക്കു തോന്നി. അവൾ
എനിക്കൊരു വെറും സഹായി മാത്രമായിരുന്നില്ലെന്ന് ഞാൻ
മനസ്സിലാക്കുകയായിരുന്നു. ഫൂൽമതിക്ക് ക്ഷയം ബാധിച്ചിട്ടുണ്ടെന്നും ഈ ഗർഭം
ഒഴിവാക്കുന്നതാവും അവൾക്ക് നല്ലതെന്നും എന്നോട് പറഞ്ഞത് ചേരിയിലെ
ആശുപത്രിയിൽ ഇടയ്ക്കൊക്കെ വരാറുണ്ടായിരുന്ന നഴ്സ്സമ്മയാണ്. അവളുടെ
ആദ്മിയോട് അവർ സംസാരിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല.
“ആ നാശം
പിടിച്ചവൻ മോന്തേം വീർപ്പിച്ച് താഴോട്ട് നോക്കി നിൽക്കുകയായിരുന്നു.
ഇതുങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ആർക്കറിയാം?” നഴ്സമ്മ വെറുപ്പോടെ
പിറുപിറുത്തു. “കഴിഞ്ഞ നസ്ബന്ദി ക്യാമ്പിന് വരാൻ ആ ചെകുത്താനെ
നിർബന്ധിച്ചതാണ് .
അവർക്ക് കലിയടങ്ങുന്നുണ്ടായിരുന്നില്ല.
ഞാൻ
ഏൽമതിയോട് കാര്യങ്ങൾ വിശദമാക്കിയപ്പോൾ അവൾ തലയും കുമ്പിട്ടിരുന്ന് എല്ലാം
മൂളി കേട്ടു. ഒട്ടു കഴിഞ്ഞ് ദുപ്പട്ടയിൽ തിരുപ്പിടിച്ചുകൊണ്ട് ചോദിച്ചു.
"കുഞ്ഞിനെന്തെങ്കിലും കുഴപ്പം വരുമോ ദീദി?
ആ നിമിഷത്തിൽ അവളുടെ കുണ്ടിലാണ്ട കണ്ണുകൾ നിറഞ്ഞു തുളുമ്പി.
അവൾക്കാണു
കുഴപ്പമുണ്ടാവുകയെന്ന് നഴ്സ്സമ്മ വിസ്തരിച്ചത് ഞാൻ അതേപടി
കേൾപ്പിച്ചിട്ടും ജനിക്കാൻ പോകുന്ന കുഞ്ഞിനെ മാത്രം ഓർമ്മിച്ച്
ഉത്കണ്ഠപ്പെടുന്ന അവളുടെ അമ്മമനസ്സ് എന്റെ ചിന്താശേഷിക്കപ്പുറത്തു നിന്ന്
എന്നെ കളിയാക്കിച്ചിരിച്ചു.
“വേണ്ട ദീദി. കുഞ്ഞിനെ കളയേണ്ട.
ചിലപ്പോൾ അതൊരു ആൺകുട്ടിയായിരിക്കും. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിനും എന്റെ
പെൺകുട്ടികൾക്കും വലിയ സഹായവുമാകും. ഞാനത്രയെങ്കിലും ചെയ്യേണ്ടേ ദീദി???
“കഴിഞ്ഞ
നസ്ബന്ദി ക്യാമ്പിന് നിന്റെ ആദ്മി പോവാതിരുന്നതുകൊണ്ടാണ് ഈ
കുഴപ്പമുണ്ടായത്. അയാൾ അതിനു പോയി എന്ന് വിചാരിച്ചാൽ മതി,
ഗർഭമുണ്ടായിട്ടില്ലെന്ന് കരുതിയാൽ മതി”. ഞാൻ അവളെ ആശ്വസിപ്പിക്കാൻ
ശ്രമിക്കുകയായിരുന്നു.
ശോഷിച്ച കൈകൾ ഉയർത്തി അരുതാത്തതെന്തോ കേട്ടപോലെ അവൾ ചെവികൾ പൊത്തി. “രാം രാം'' എന്നു ജപിച്ചു. എന്നിട്ടു യാചനയോടെ വിലക്കി.
“മഹാപാപം
പറയരുത് ദീദി. നസ്ബന്ദി ചെയ്താൽ അദ്ദേഹത്തിന് ആരാണു രണ്ടാമത് പെണ്ണിനെ
കൊടുക്കുക? ഞങ്ങളുടെ ഇടയിൽ മൂന്നാലു പ്രസവിക്കുമ്പോൾ പെണ്ണുങ്ങൾ
മരിച്ചുപോകുന്നത് ഒരു സാധാരണ കാര്യമാണ്. അപ്പോൾ ആദ്മി രണ്ടാമതും കല്യാണം
കഴിക്കും. അവർക്ക് ഒരു കൂട്ട് വേണ്ട ദീദി? ഇത് ആൺകുട്ടിയാണെങ്കിൽ ഞാൻതന്നെ
പ്രസവം നിറുത്താം ദീദി. അദ്ദേഹത്തിന് കുറവൊന്നും വരാതിരിക്കട്ടെ'.
ഒരു
വാക്കും.... കേടു വന്നതോ തേഞ്ഞതോ പൊട്ടിയതോ ചതഞ്ഞതോ ആയ ഒരു വാക്കു പോലും,
ഉമിനീർ വറ്റിപ്പോയ എന്റെ വായിലുദിച്ചില്ല. അവളെ കാണുന്ന കണ്ണുകൾ മാത്രം
നിറഞ്ഞ് വിറച്ചുകൊണ്ടിരുന്നു''.
ശരീരവും മനസും ഒരുപോലെ തളർന്നുപോയ
സ്വന്തം ഭർത്താവിനെ വർഷങ്ങളോളം പരിചരിച്ച് സ്നേഹത്തിന്റെ പാരമ്യത്തിൽ തന്നെ
ജീവിതം മുന്നോട്ടുകൊണ്ടുപോയ നൂതൻഗോപാലിന്റെ കഥ. നിരക്ഷരതയുടെ
കെട്ടുപൊട്ടിച്ചും സഹോദരങ്ങളുടെ ആയുഷ്കാലവേട്ട അതിജീവിച്ചും സ്വന്തം ജീവിതം
വിധിയിൽ നിന്നു പിടിച്ചുവാങ്ങി അതിന്മേൽ ആത്മാഭിമാനത്തിന്റെ പതാക കെട്ടിയ
അമ്മീമ്മയുടെ കഥ. സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും
അവതാരമായി തനിക്കു മുകളിൽ തണൽവിരിച്ചുനിന്ന ലാറിബേക്കറുടെ കഥ -
എച്മുക്കുട്ടി എഴുതുമ്പോൾ ജീവിതം അതിന്റെ സമസ്ത ഭാവങ്ങളിലും ഭാവനയെക്കാൾ
വലിയ യാഥാർഥ്യങ്ങളായി മാറുകയും വായനയെന്നത് അസ്ഥിയോളം ആഴ്ന്നിറങ്ങുന്ന ഒരു
വേദനപോലെ നിങ്ങളെ കുത്തിനോവിക്കുകയും ചെയ്യും.
നാട്ടിലുമുണ്ട്.
സമാനമല്ലെങ്കിലും അതിനിന്ദ്യമായ നരജന്മത്തിന്റെ ചില നരകാവസ്ഥകൾ. സ്നേഹം
എത്രമേൽ വിലപ്പെട്ടതാണെന്നും സ്നേഹമുണ്ടെങ്കിൽ മനുഷ്യർ എത്രതന്നെ സ്വയം
റദ്ദാക്കി മറ്റുള്ളവർക്കുവേണ്ടി നിലനിൽക്കുമെന്നും തെളിയിക്കുന്ന
മാതുവിന്റെ കഥ നോക്കൂ. കുമാരനാശാൻ പറഞ്ഞതുപോലെ, "സ്നേഹത്തെപ്രതികഴികിൽ
നൂറാവൃത്തി ചത്തീടുവിൻ' എന്ന് തന്നോടുതന്നെ പറയുന്ന മനുഷ്യരുടെ
പ്രതിനിധിയാണവൾ. കഷ്ടകാലങ്ങളിലെല്ലാം തന്നെയിട്ടിട്ട് കടന്നുകളഞ്ഞ
കെട്ടിയവൻ, മരിക്കാൻ വേണ്ടി തിരിച്ചുവന്നപ്പോൾ മക്കളും നാട്ടുകാരും
ആട്ടിയിറക്കിയിട്ടും മാതു അയാളെ കൈവിട്ടില്ല.
“കുട്ടികളെ
പഠിപ്പിച്ച് വലിയ പാസ്സുകാരാക്കാമെന്നൊന്നും മാതു ഒരിക്കലും
കരുതിയിരുന്നില്ല. പതിനെട്ട് വയസ്സായപ്പോൾ മൂത്ത മകളെ വല്ലവിധേനയും
വില്ലേജ് ഓഫീസിലെ ഒരു പ്യൂണിനു കല്യാണം കഴിച്ചുകൊടുത്തു. അതുവരെ ആ കുട്ടി
അമ്പലക്കുന്നിന്റെ താഴ്വാരത്തിലുള്ള ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിൽ
പോയിരുന്നു. കല്യാണം കഴിഞ്ഞ് അവൾ ഭർത്താവിന്റെ ജോലിസ്ഥലമായ കണ്ണൂരിലേക്ക്
യാത്രയായി.
ആൺമക്കൾ ഓട്ടുകമ്പനികളിലും ഇഷ്ടികക്കളത്തിലും പറമ്പ്
കിളയ്ക്കാനും മറ്റും പോയി. പതുക്കെപ്പതുക്കെ ഓട്ടോറിക്ഷ ഡ്രൈവർമാരായി,
വണ്ടികൾ സ്വന്തമാക്കി. പിന്നെ കല്യാണം കഴിച്ചു.
അങ്ങനെ തലമുടി
നരച്ച്, പല്ലുകൾ കൊഴിഞ്ഞ്, ദേഹം ശോഷിച്ച മാതു ഒരു വിധം സമാധാനമായി
കഴിഞ്ഞുവരുമ്പോഴാണ് അനേകവർഷങ്ങൾക്കുശേഷം രാമൻനായർ മടങ്ങി വന്നത്. രാമൻ
നായർക്ക് ക്യാൻസർ ബാധിച്ചിരുന്നു. ആൺകുട്ടികൾ കർക്കശക്കാരായി. വീട്ടിനകത്ത്
കയറിപ്പോകരുതെന്ന് അച്ഛനെ വിലക്കി. അവർക്ക് തീർത്താൽ തീരാത്ത
വൈരാഗ്യമായിരുന്നു അച്ഛനോട്. മകളാണെങ്കിൽ വിവരമറിഞ്ഞതായി പോലും
ഭാവിച്ചില്ല.
രോഗിയായ രാമൻ നായരെ റോഡിൽ അലയാൻ വിടരുതെന്ന് മാതു
മക്കളോട് അപേക്ഷിച്ചു. എന്നാൽ മൂന്ന് ആൺമക്കളും മാതുവിനെ എതിർത്തു.
തന്നെയുമല്ല. “അമ്മ വേണമെങ്കിൽ അച്ഛനേയും കൊണ്ട് വല്ല ആസ്പത്രീലും
പൊക്കോളു, ഈ വീട്ടിൽ കയറിപ്പോകരുത്“ന്ന് അവർ ദുശ്ശാസനന്മാരായി.
മാതു
ഒരു മുറി വാടകയ്ക്കെടുത്ത് രാമൻ നായരെ കിടത്തി ശുശ്രൂഷിച്ചു. പറ്റാവുന്ന
മരുന്നുകൾ വാങ്ങിക്കൊടുത്തു. എന്നാൽ, അതിനായിക്കൂടി മാതു കൂടുതൽ
അദ്ധ്വാനിച്ചു എന്നല്ലാതെ പ്രത്യേകിച്ചു പ്രയോജനം ഒന്നുമുണ്ടായില്ല. രാമൻ
നായരുടെ നില വഷളാവുക തന്നെയായിരുന്നു. മാതുവിന്റെ ശുശ്രൂഷയിൽ കിടന്ന്
മരിക്കാനുള്ള ഭാഗ്യം എന്തായാലും രാമൻ നായർക്കുണ്ടായി.
ക്ഷമിക്കാൻ
എങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തിന്, “ഇനി ഈ അവസാനകാലത്ത് ആരോടാണ് വൈരാഗ്യം“
എന്ന് മാതു ഉത്തരം പറഞ്ഞു. കേട്ടിരുന്ന ആർക്കും ഒരു മറുപടിയും ഉണ്ടായില്ല.
മാതു
ഇപ്പോഴും ആ വാടകമുറിയിലാണ് പാർക്കുന്നത്. വിദേശപ്പണവും അതിന്റെ ശീലങ്ങളും
മാറ്റിക്കളഞ്ഞ പുതിയ ഗ്രാമത്തിലൂടെയും രാത്രികളിൽ വഴി നടക്കാൻ മാതു ഇന്നും
ഇഷ്ടപ്പെടുന്നു. നിലാവിൽ കുളിച്ചുകിടക്കുന്ന പുഴയെപ്പറ്റി പറയുമ്പോൾ
മാതുവിന്റെ ഒച്ചയിൽ തൊട്ടെടുക്കാവുന്ന ആഹ്ലാദം ദൃശ്യമാവും. രാത്രിയുടെ ഭംഗി
കാണേണ്ടതാണെന്ന്, ചുമ്മാ കണ്ണടച്ച് ഉറങ്ങിയാൽപ്പോരെന്ന്, പല്ലുകൾ
കൊഴിഞ്ഞുപോയ വായുമായി മാതു ചിരിക്കും. രാത്രിയുടെ നിശ്ശബ്ദത, രാപ്പാടികളുടെ
കൂജനം, നിശാപുഷ്പങ്ങൾ വിരിയുന്നതിന്റെ സൗരഭ്യം, - മഞ്ഞുതുള്ളികൾ പൊഴിയുന്ന
ശബ്ദം, ആയിരമായിരം നക്ഷത്രങ്ങൾ പൂത്തിറങ്ങുന്ന ആകാശം, പൗർണമിചന്ദ്രന്റെ
സുന്ദരമുഖം... മാതു ഇപ്പോൾ എല്ലാറ്റിനേയും സ്നേഹിക്കുന്നു".
സ്നേഹനിരാസവും
സ്നേഹരാഹിത്യവും മർത്യജീവിതത്തെ എങ്ങനെയെല്ലാം ഭ്രാന്തുപിടിപ്പിക്കും
എന്നു തെളിയിക്കുന്ന കഥകളുമുണ്ട് ഈ പുസ്തകത്തിൽ. കവി അയ്യപ്പനെക്കുറിച്ച്
എച്മുക്കുട്ടി ഫേസ് ബുക്കിൽ എഴുതിയ, ഏറെ ചർച്ചചെയ്യപ്പെട്ട കുറിപ്പിന്റെ
പശ്ചാത്തലം നെറികെട്ട ആണധികാരത്തിന്റെയും ആക്രാമകമായ കാമത്തിന്റെയും
അല്പത്തരം മാത്രമല്ല തെളിയിക്കുന്നത്, സ്നേഹം കിട്ടാത്ത മനുഷ്യർ
എങ്ങനെയെല്ലാം ദുഷിച്ചുപോകാം എന്നുകൂടിയാണ്.
" ജീവിതമാണ്' വായിക്കൂ.
എല്ലാ സങ്കടങ്ങൾക്കും സഹനങ്ങൾക്കും കല്ലുകൾക്കും കളങ്കങ്ങൾക്കും
നിസാരതകൾക്കും നിസ്വതകൾക്കും വെറികൾക്കും നെറികേടുകൾക്കും മുകളിൽ സ് നേഹം,
മഴപോലെ പടർന്നുപെയ്യുന്ന സ്നേഹം, മനുഷ്യജീവിതത്തെ വീണ്ടും വീണ്ടും
തളിർപ്പിക്കുന്നതെങ്ങനെ എന്നു തിരിച്ചറിയാം.
"ജീവിത'ത്തിൽനിന്ന്:
കാമം കവി അയ്യപ്പനെ ഭ്രാന്തനാക്കി
“പെറ്റിട്ട് ഇരുപത്തഞ്ചു ദിവസമായ അന്നാണ് കവി അയ്യപ്പൻ കുഞ്ഞിനെ കാണാൻ വന്നത്.
ഒരു
താത്കാലിക വിവാഹ രജിസ്ട്രേഷൻ നടത്തി, എന്നെ ഒപ്പം പാർപ്പിച്ച്
ഗർഭിണിയാക്കിയ ആളുടെ അടുത്ത സുഹൃത്തായിരുന്നു കവി അയ്യപ്പൻ. പൊതുവേ
മദ്യപനായ കവി അപ്പോൾ മദ്യപിച്ചിരുന്നില്ല.
തുടുത്തു കൊഴുത്ത
കുഞ്ഞിനെ സ് സ്നേഹത്തോടെ തലയിൽ കൈപതിപ്പിച്ച് അനുഗ്രഹിച്ചു. അമ്മയായതിൽ
എന്നെ അഭിനന്ദിച്ചു. എനിക്കും സന്തോഷമായി. കവിയുടെ വരികൾ എനിക്ക്
മനഃപാഠമായിരുന്നുവല്ലോ.
ഇരുപത്തെട്ട് ദിവസമായപ്പോഴേക്കും ഞാൻ കോളേജിൽ പോയി പഠിക്കാൻ തുടങ്ങി, അതിലും അധികം അവധി അമ്മയാവലിനു കിട്ടിയിരുന്നില്ല.
എനിക്കൊത്തിരി
മുലപ്പാലുണ്ടായിരുന്നു. പാഡ് വച്ച ബ്രാ ധരിച്ചും സാരിയിൽ
മൂടിപ്പൊതിഞ്ഞുമാണ് പോയതെങ്കിലും രണ്ട് മണിക്കൂർ കഴിയുമ്പോഴേക്കും
മാറിടങ്ങൾ ചുരക്കും. എനിക്കാകെ മുലപ്പാലിന്റെയും കുഞ്ഞിന്റെയും
മണമായിത്തീരും.
ആയിടയ്ക്ക് ഒരു നാൾ മദ്യപിച്ച് ഉന്മത്തനായ കവി
എന്റെ ക്ലാസ് മുറിയിലേക്കെത്തിച്ചേർന്നു. ഞാൻ പ്രസവിച്ച കുഞ്ഞിന്റെ
ബീജദാതാവിനെ കാണാനായി എത്തിയ കവിക്ക് എന്നെ അവിടെ കണ്ടപ്പോൾ എന്തു
പറ്റിയെന്നറിഞ്ഞില്ല; കവി വിഷമമേതും കൂടാതെ, എന്റെ മുല വലിച്ചു
കുടിക്കണമെന്നും എന്നെ അവിടെ വച്ച് അപ്പോൾ തന്നെ മതിവരുവോളം
ഭോഗിക്കണമെന്നും പ്രഖ്യാപിച്ചു. മുല കുടിച്ച് കുടിച്ച് നറുംപാൽ പോലെ ഒരു
കവിതയുണരുമെന്നാണ് അയ്യപ്പകവി കൂക്കിവിളിച്ചത്.
അമ്പേ തളർന്നു നാണം
കെട്ടുപോയ എന്റെ ചുരക്കുന്ന മാറിടത്തിൽ കൈയമർത്താനും പാഡുവെച്ച ബ്രാ ഇട്ട് ഈ
നറുംപാലിനെ ഒളിപ്പിക്കണതെന്തിനെന്നു ചോദിക്കാനും കവി മുതിർന്നു.
എനിക്ക്
മരിക്കണമെന്നു തോന്നി. നാലാം നിലയിലെ ക്ലാസ് റൂമിൽ നിന്ന് കീഴോട്ട്
ചാടണമെന്നു തോന്നി. എന്നെ ഗർഭം ധരിപ്പിച്ചയാൾ കവിക്ക് ഒരു അമ്പതു രൂപയും
നൽകി അപ്പോൾ പറഞ്ഞുവിട്ടുവെങ്കിലും കവി എന്നെ മറന്നില്ല. ചെകിട്ടത്തടിക്ക്
പകരം അമ്പതു രൂപ കിട്ടിയപ്പോൾ കവി കൂടുതൽ ഉത്തേജിതനായി.
അങ്ങനെ കവി വീണ്ടും വന്നു. ആ വരവ് വീട്ടിലേക്കായിരുന്നു.
ആ
ദിവസം രാവിലെ ഒരു പതിനൊന്നു മണിക്ക് മുൻവശത്തെ മുറിയിൽ ആരോ
സംസാരിക്കുന്നത് ഞാൻ കേട്ടു. അപ്പോൾ ഞാൻ അടുക്കളയിലിരുന്നു തേങ്ങാ
ചിരകുകയായിരുന്നു. എന്റെ സാരി ഞാൻ അൽപം ഉയർത്തിവച്ചിരുന്നു.
കവി
വെള്ളം കുടിക്കാൻ വന്നപ്പോഴാണ് കുനിഞ്ഞിരുന്നു തേങ്ങാ ചിരകുന്ന എന്നെ
കണ്ടത്. ആ നിമിഷമാണ്, - സാരിക്കിടയിലൂടെ ആ വൃത്തികെട്ട മൂർച്ചയുള്ള നഖങ്ങൾ
ദ്രുതഗതിയിൽ പായിച്ച് "പാലേരിമാണിക്യ'ത്തിലെ ചീരുവിന്റെ തുടയിലേപ്പോലെ ഒരു
മൂന്നു നഖപ്പാട് എന്റെ തുടയിലും അയ്യപ്പൻ തെളിയിച്ചത്. കാമം ആ മനുഷ്യനെ
ഭ്രാന്തനാക്കിയിരുന്നു.
ആ നീറ്റലും ഞാൻ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടുപോവില്ല.
കൈയിലിരുന്ന തേങ്ങാമുറി കൊണ്ട് ഞാൻ അയ്യപ്പനെ ആഞ്ഞടിച്ചു.
ബഹളവും
അലർച്ചയും കേട്ട് അകത്തുവന്ന എന്നെ ഗർഭിണിയാക്കിയ ആൾ, ഞാൻ മഹാകവിയായ
അയ്യപ്പനോട് മോശമായി പെരുമാറിയെന്നു പറഞ്ഞ് തേങ്ങ ചിരകി വെച്ചിരുന്ന
കുപ്പിപ്പാത്രം കൊണ്ട് നിറുകന്തലയിൽ അടിക്കുകയാണ് ചെയ്തത്.
തല
തകർന്നു പോകുന്ന പോലെ എനിക്ക് തോന്നി. പാത്രം ഉടയുകയും ചുരണ്ടിയ തേങ്ങ
അടുക്കളയാകെ ചിതറി വീഴുകയും ചെയ്തു. “അവളെ അടിക്കണ്ട്, തങ്കമല്ലേയവള് ''
എന്ന് കുഴഞ്ഞ നാവോടെ പറഞ്ഞ് അയ്യപ്പൻ മുൻവശത്തെ മുറിയിൽ കിടന്ന് കൂർക്കം
വലിക്കാൻ തുടങ്ങി.
ഞാൻ എന്റെ കുഞ്ഞിനെ കെട്ടിപ്പിടിച്ച് കുറേ നേരം കരഞ്ഞു. ഭക്ഷണം ഉണ്ടാക്കിയില്ല.
നാലുമണിയായപ്പോൾ
ഞാൻ എണീറ്റ് കപ്പ പുഴുങ്ങി. ചുട്ടരച്ച ചമ്മന്തിയും ചായയും ഉണ്ടാക്കി.
എല്ലാവരും കഴിച്ചു. അയ്യപ്പൻ നൂറു രൂപയും വാങ്ങി യാത്ര പറഞ്ഞു പോയി.
പിന്നീട് ഞാൻ കവി അയ്യപ്പനെ കണ്ടിട്ടില്ല”.
ജീവിതമാണ്
(ഓർമ)
എച്മുക്കുട്ടി
താമര - ഇന്ദുലേഖ.കോം
2019, 150 രൂപ
----------------------------------------------------------------------------------------------------------
ഷാജി ജേക്കബ്
കേരള
സർവകലാശാലയിൽ ഗവേഷകവിദ്യാർത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയിൽ
തുടർച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും,
പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച
നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും
മാദ്ധ്യമവിമർശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളിൽ ഷാജി ജേക്കബിന്റെ
നൂറുകണക്കിനു രചനകൾ പുറത്തുവന്നിട്ടുണ്ട്.
---------------------------------------------------------------------