അച്ഛൻ വീട്ടുജോലിക്ക് സഹായിക്കാൻ വന്ന സ്ത്രീയുടെ വൈഭവത്തിൽ സമാധാനമായി ജീവിക്കാൻ തുടങ്ങി.. അവർ അച്ഛനു പിടിച്ച ആഹാരം ഉണ്ടാക്കി വിളമ്പി. സുഹൃത്തുക്കളോടെല്ലാം അച്ഛൻ ആഗ്രഹിക്കുന്ന വിധത്തിൽ പെരുമാറി. അച്ഛനു വേദന വന്നപ്പോഴെല്ലാം അവർ അൻപോടെ അലിവോടെ ചൂടു പിടിക്കുകയും തടവിക്കൊടുക്കുകയും ചെയ്തു. അച്ഛന്റെ വനിതാ സുഹൃത്തുക്കളും മൽസരിച്ചു സ്നേഹിച്ചു. അവരുടെയെല്ലാം ഹൃദയംഗമമായ പരിചരണം അച്ഛന് കിട്ടിയതിൽ അമ്മ സന്തോഷവതിയായിരുന്നു. 'എന്തായാലും അച്ഛൻ ബുദ്ധിമുട്ടാതിരിക്കട്ടെ 'എന്ന് അമ്മ പറഞ്ഞിരുന്നു. ഞങ്ങളും അതുതന്നെ കരുതി. ബുദ്ധിമുട്ടിയും അപമാനവും നിന്ദയും സഹിച്ചും ഒറ്റപ്പെട്ടും കഷ്ടപ്പെട്ടും അലഞ്ഞുതിരിഞ്ഞും ഞങ്ങൾക്ക് മതിയായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഈ ലോകത്തിൽ ആരും അമ്മാതിരി അനുഭവങ്ങളിലൂടെ കടന്നുപോകണമെന്ന് ഞങ്ങൾ ഒട്ടും ആശിക്കാതെയായി.
മനുഷ്യർ സങ്കടപ്പെടാതിരുന്നാൽ പിന്നെ അവരെ ഓർത്ത് നമ്മൾ ദണ്ഡപ്പെടേണ്ടല്ലോ.
അങ്ങനെ ഒരു ദിവസം അമ്മയുടെ മരിച്ചു പോയ രണ്ടു ചേട്ടന്മാരുടെ മക്കളാണ് 'അത്തേ ( അമ്മായീ )'എന്ന് വിളിച്ചുകൊണ്ട് വീട്ടിലേക്ക് കയറി വന്നത്. രണ്ട് അമ്മായിമാരും അലിഞ്ഞു. എത്രയായാലും ആങ്ങളമാരുടെ മക്കൾ.. ആങ്ങളമാർ മരിച്ചു പോയി. ഈ കുട്ടികളോട് എന്തു വാശി പിടിക്കാൻ...
'കേസേ തീർക്കണം അത്തേ.. ' എന്നായിരുന്നു അവരുടെ ആവശ്യം.. കുട്ടികൾ മടുത്തു കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് തൃക്കൂര് താമസിച്ചിരുന്ന സഹോദരൻറെ ഇളയ മകൾ.. അവളാണ് കേസ് അവസാനിക്കണമെന്ന് നിർബന്ധം പിടിച്ചത്. പില്ക്കാലത്ത് അവളുടെ ജീവിതത്തിൽ കൊടുങ്കാറ്റാഞ്ഞു വീശിയപ്പോൾ ഞങ്ങൾ മൂന്നു പേരും ഞാനും ഭാഗ്യയും ഭാഗ്യയുടെ മകളും ഒന്നിച്ചു നിന്ന് അവളെ പൊതിഞ്ഞു പിടിച്ചു സംരക്ഷിച്ചു. അവൾക്കാരുമില്ലെന്ന് കരുതിയവരോട് ഞങ്ങളുണ്ടെന്ന് അറിയിച്ചുകൊടുത്തു. ഇന്നവൾ ഞങ്ങളുണ്ടെന്ന ഉറപ്പിൽ, പോകാനിടമുള്ളവളെന്ന ഉറപ്പിൽ ജീവിക്കുന്നുവെന്ന് പറയുമ്പോൾ അമ്മീമ്മയും അമ്മയും ഭൂതകാലത്തിന്റെ വാതിലുകൾ തുറന്ന് ഞങ്ങളെ നോക്കി മധുരപ്പുഞ്ചിരി തൂകുന്നതായി തോന്നും. ഞങ്ങൾ അവരുടെ സ്വന്തം മക്കളാണെന്ന് തെളിയിക്കുന്നത് അവർ വിദൂരത്തിരുന്നു കാണുന്നുണ്ടാവുമെന്ന് ഞങ്ങൾ വിചാരിച്ചു പോകും. അവളുടെ അച്ഛൻ കത്തിച്ചു കളഞ്ഞ അമ്മീമ്മയുടെ സാരികൾക്ക് പകരം ഭാഗ്യയുടെ മകൾക്കുള്ള സമ്മാനങ്ങളായി ആ സഹോദരൻറെ ഇളയമകൾ സ്വന്തം സാരികൾ അലമാരിയിൽ അടുക്കിവെച്ചിട്ടാണ് പോയത്.
അങ്ങനെ കേസ് തീരാനുള്ള നടവഴികൾ വൃത്തിയാക്കപ്പെട്ടു. ദില്ലിയിൽ നിന്ന് മീനാളും പെരിയപ്പാവും വന്നു. രുഗ്മിണി അമ്മാളും ജായ്ക്കാളും കടന്നുപോയിക്കഴിഞ്ഞിരുന്നുവല്ലോ. ജായ്ക്കാളുടെ മകൾക്കായിരുന്നു സ്വന്തം അമ്മയുടെ പങ്ക് .
പക്ഷേ, കോടതി വിധിച്ച പോലെ തുല്യ പങ്ക് പെൺകുട്ടികൾക്ക് കൊടുത്താൽ പിന്നെ ആൺകുട്ടികൾക്ക് എന്താ ഒരു സ്ഥാനം ല്ലേ...
പിന്നെ, ചർച്ചകളായി. അമ്മയുടെ അമ്മാവൻറെ മകൻ വക്കീൽ മധ്യ സ്ഥനായി വന്നുചേർന്നു. കാര്യം ഒന്നുമില്ല.. തുല്യമായ പങ്ക് പറ്റില്ല. അത്രേയുള്ളൂ..
അമ്മയും അമ്മീമ്മയും കിട്ടുന്നതാകട്ടെ എന്ന് കരുതി. അയ്യന്തോൾ വീട് ഇനിയൊരിക്കലും സ്വന്തമാക്കാൻ കഴിയില്ല എന്ന് അമ്മ കരുതിയിരുന്നു. അച്ഛനേക്കാൾ മുൻപ് അമ്മ മരിക്കുമെന്നും പിന്നീട് ഒരിക്കലും ആ വീട് അമ്മയുടെ മക്കൾക്ക് ലഭിക്കുകയില്ലെന്നും അമ്മ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് ബാക്കിയായ രണ്ടു ചേട്ടന്മാർ തരുന്നത് മതി എന്ന് അമ്മ കീഴടങ്ങി. ജായ്ക്കാളുടെ മകൾക്കും മീനാൾക്കും കിട്ടിയതെന്തും ലാഭമായിരുന്നു. കാരണം കേസിനു വേണ്ടി അവർക്ക് അദ്ധ്വാനിക്കേണ്ടി വരികയോ പണം വെള്ളം പോലെ ചെലവാക്കേണ്ടി വരികയോ ഒന്നുമുണ്ടായില്ല. അമ്മ വിജാതീയ കല്യാണം കഴിച്ചതുകൊണ്ടാണ് അവർക്ക് സുബ്ബരാമയ്യരുടെ സ്വത്തിൽ പങ്കു വന്നതെന്ന് പറയാം.
അങ്ങനെ മുപ്പതു വർഷം നീണ്ട ആ സിവിൽ കേസ് ഒടുവിൽ അവസാനിച്ചു.
1 comment:
അമ്മ വിജാതീയ കല്യാണം കഴിച്ചതുകൊണ്ടാണ് അവർക്ക് സുബ്ബരാമയ്യരുടെ സ്വത്തിൽ പങ്കു വന്നതെന്ന് പറയാം.
അങ്ങനെ മുപ്പതു വർഷം നീണ്ട ആ സിവിൽ കേസ് ഒടുവിൽ അവസാനിച്ചു.എന്താല്ലേ?!!
ആശംസകൾ
Post a Comment