Monday, October 14, 2019

സ്നേഹം Mini Vish


                                                                                                                                        

അനുഭവങ്ങളുടെ അഗ്നികുണ്ഠത്തിൽ പൊള്ളിയമർന്ന ചില പെൺജീവിതങ്ങളുണ്ട്. അവരെഴുതുമ്പോൾ വായിക്കുന്നവരും ആ തീജ്വാലയുടെ ചൂടും പുകയും അനുഭവിക്കും. അങ്ങിനെയൊരു വായനയിൽ ചുട്ടുപൊള്ളി ശ്വാസം മുട്ടി തളർന്നിരുന്ന് ദീർഘനിശ്വാസം കൂടി വിടാനാവാതെ നിന്ന ഞാൻ എഴുത്തുകാരിയെ വിളിച്ച് സംസാരിച്ചു.

എനിക്കവരോട് കുമ്പസരിക്കണമായിരുന്നു....എന്തിനാണെന്നറിയാതെ ...

ഞാനവരോട് എന്റെ കുറ്റബോധം ഏറ്റു പറഞ്ഞു. ഓർമ്മിക്കാൻ നല്ല അനുഭവങ്ങൾ മാത്രം സമ്മാനിച്ച ജീവിതത്തെ ഞാൻ പലവട്ടം തള്ളിപ്പറഞ്ഞിട്ടുണ്ട്. കുറ്റപ്പെടുത്തിയിട്ടുണ്ട്. അഗാധമായ വിഷാദത്തിന്റെ നീർച്ചുഴിയിലേക്ക് എന്നെത്തന്നെ തള്ളിയിട്ടുണ്ട്.
അവരോട് ഞാൻ ഏറ്റുപറഞ്ഞു മാപ്പപേക്ഷിക്കുമ്പോൾ പുറത്ത് കർക്കിടക മഴ കോരിപ്പെയ്യുന്നുണ്ടായിരുന്നു.

പ്രസവമുറിയിൽ എന്റെ കരച്ചിൽ കണ്ട് കളിയാക്കിച്ചിരിച്ച സിസ്റ്ററെ ഞാനന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നെ
പരിഹസിച്ചത് ഞാൻ എല്ലാവരോടും പറഞ്ഞു കൊടുക്കുമെന്നും, അവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും
മനസ്സിലാവർത്തിച്ചിരുന്നു. കഠിനമായ വേദനയിൽ പുളയുമ്പോൾ ചുറ്റുമുള്ള നേഴ്സുമാരോട് എന്റെ കൈ തടവിത്തരാനും തലമുടി ഒതുക്കിക്കെട്ടാനും ഞാൻ ആവശ്യപ്പെടുകയും അവരത് സ്നേഹത്തോടെയല്ല ചെയ്തതെന്ന് പിന്നീട് പരാതി പറയുകയും ചെയ്തിരുന്നു.

അതേ സ്ഥാനത്താണ് മറ്റൊരു പെണ്ണ് നിറവയറുമായി ഓട്ടോറിക്ഷയിൽ ഒറ്റക്ക് യാത്ര ചെയ്ത് വന്ന് ലേബർ റൂമിലെ കട്ടിലിൽ കിടന്ന് ഞാൻ ഇപ്പോൾ പ്രസവിക്കുമെന്ന് വിളിച്ച് പറഞ്ഞ് ജീവൻ പണയപ്പെടുത്തി മറ്റൊരു ജീവനെ ഭൂമിയിലേക്കെത്തിച്ചത്. ചുറ്റുപാടുമുള്ളവരുടെ ദയാരഹിത്യം പുറത്ത് പറയാനാവാതെ ശ്വാസമടക്കിയത്. ഏതോ ഒരു മിഡ്വൈഫിന്റെ സഹായത്താൽ പൊക്കിൾക്കൊടി മുറിച്ച് കുഞ്ഞിനെ സ്വതന്ത്രയാക്കിയത്.
അതു കൊണ്ട് എച്ചുമിക്കുട്ടിയെ വായിക്കുമ്പോഴൊക്കെ ഞാൻ നാണക്കേട് കൊണ്ട് ചൂളുമായിരുന്നു.

എച്ചുമി കുഞ്ഞായിരിക്കുമ്പോഴേ മുതിർന്നവരുടെ ലോകത്തെക്കുറിച്ചു മനസ്സിലാക്കിയിട്ടില്ലായിരുന്നു.. തിരക്കിനിടയിൽ കൊടുക്കാൻ മറന്നു പോയ പത്ത് പൈസയുമായി ബസിന് പിന്നാലെയോടിയ കുട്ടിയെ കളിയാക്കി ചിരിച്ച വലിയവരുടെ മാനസികവ്യാപാരം അവൾക്കന്യമായിരുന്നു. തുണിക്കെട്ടിൽ പൊതിഞ്ഞു കൊണ്ടുവന്ന കുഞ്ഞ് അനിയത്തിയാണോ മകളാണോ എന്നറിയാതെ വേവലാതിപ്പെടുന്ന ലക്ഷ്മിയേടത്തിയോടൊപ്പം അമ്മമ്മയും കരഞ്ഞതെന്തിനാണെന്ന് അവൾക്കറിയില്ലായിരുന്നു. മറ്റൊരു സന്ദർഭത്തിൽ പറഞ്ഞതുപോലെ വറ്റിവരണ്ട ഉമിനീരിൽ അമ്മയും ദൈവവും ഒന്നിച്ച് തൂങ്ങി മരിക്കുകയാണവിടെ.

അവളാണ് ഡൽഹിയിലെ ചാളകൾക്ക് ചുറ്റുമുള്ള വരണ്ടുണങ്ങിയജീവിതത്തോടൊപ്പം സദ്യയുണ്ണാനാവാതെ വീട്ടുകാരെ ഓർത്ത് കരയുന്ന ബംഗാളിഭയ്യയെ നമുക്ക് പരിചയപ്പെടുത്തിയത്....
തോട്ടിയുടെ വിശക്കുന്ന മക്കൾക്ക് പഴയ ഒരു അലുമിനിയം പാത്രത്തിനു പോലും അർഹതയില്ലെന്ന് സമൂഹം ആവർത്തിക്കുന്നത് കാണിച്ചു തന്നത്.

കഥകളും ജീവിതവും ഇടകലർത്തി എഴുതിത്തുടങ്ങുമ്പോൾ എല്ലാവരും സംശയിച്ചു. ഇതൊക്കെ സത്യമാണോ എന്ന് മൂക്കിൽ വിരൽ വെച്ചു. അനുഭവിച്ചതൊക്കെ പറയാനുള്ളതല്ലെന്ന് പലരും പരിഭവിച്ചു.
താൻ കാണാത്തതും അനുഭവിക്കാത്തതുമൊക്കെ മിഥ്യയാണെന്ന് എങ്ങിനെ പറയാൻ പറ്റുമെന്ന ചോദ്യം എല്ലാ സംശയങ്ങൾക്കും മറുപടിയാവുന്നു.

നേരിട്ടു കാണുമ്പോൾ സമസ്താപരാധവും പറഞ്ഞ് കെട്ടിപ്പിടിക്കണമെന്ന് തീരുമാനിച്ചതായിരുന്നു ഞാൻ. തിടുക്കപ്പെട്ട കാഴ്ചയിൽ ഒന്നും പറയാൻ പറ്റിയില്ല. ചെറിയ കുട്ടിയെപ്പോലെ അവർ പറഞ്ഞതൊക്കെ കേൾക്കുക മാത്രം ചെയ്തു.

അമ്മച്ചിന്തുകൾ വായിച്ച് നെഞ്ചു പൊട്ടിയ എന്നിലെ അമ്മ ഒരിക്കൽക്കൂടി നിന്നെ ചേർത്തു പിടിക്കുന്നു.

മകൾക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിനിടെ എല്ലാം കൈവിട്ടു പോയെന്ന് തോന്നുന്ന നിമിഷത്തിൽ കഴുത്തിലിട്ട കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചയുടെ പേര് മിനി യെന്നായിരുന്നു.

ആ പേര് എന്റേതു കൂടിയാണെന്ന സമാധാനത്തിലാണ് ഞാൻ.

ഓർമകളിലെന്നും ആ പേരുണ്ടാവുമെന്ന സന്തോഷത്തിൽ.

ഒരു പാട് സ്ത്രീകൾക്ക് ജീവിക്കാനുള്ള പ്രചോദനമായിരുന്നു എച്ചുമിയുടെ എഴുത്തുകൾ.

എന്നും അത് നിലനിൽക്കട്ടെ... അനുഗ്രഹത്തിനും, പ്രാർത്ഥനകൾക്കുമുപരിയായി സ്നേഹം മാത്രം.

2 comments:

Cv Thankappan said...

അശംസകൾ

Unknown said...

Wynn casino opens in Las Vegas - FilmfileEurope
Wynn's first hotel casino in Las Vegas since opening its doors in gri-go.com 1996, Wynn filmfileeurope.com Las Vegas https://febcasino.com/review/merit-casino/ is the first hotel on the Strip https://deccasino.com/review/merit-casino/ to offer such a large selection of