Thursday, October 24, 2019

അമ്മച്ചിന്തുകൾ 60



ജോലിയിൽ നിന്ന് വിരമിച്ച ശേഷം അമ്മീമ്മ ഇഷ്ടപ്പെട്ട വായനകളിലേക്കും നാമജപങ്ങളിലേക്കും പറമ്പിലെ ചെറുകിട കൃഷി പരിപാടികളിലേക്കുമായി ജീവിതം സമർപ്പിച്ചു. പറമ്പിലെ ചവറടിച്ചു വാരാൻ അമ്മീമ്മക്ക് മടിയായിരുന്നു. ഞങ്ങളോ ഇടക്ക് പറമ്പ് പണിക്ക് വരുന്ന ലീല എന്ന ചേച്ചിയോ ആണ് അത് ചെയ്യുക. എല്ലാ മാസവും വീട്ടിലെ ചിതല് തട്ടി മണ്ണെണ്ണ കൊണ്ട് തുടക്കലും അമ്മീമ്മയുടെ വീട്ടിലെ ഒരു പതിവായിരുന്നു. ഇങ്ങനൊക്കെ സമയം നീക്കിയിരുന്നെങ്കിലും ആ മനസ്സിൽ ഞങ്ങളും ഞങ്ങളുടെ അന്ത്യമില്ലാത്ത ദുരിതങ്ങളും വ്യാകുലതയായി എന്നുമുണ്ടായിരുന്നു. പലപ്പോഴും അനുഭവപ്പെട്ട നിസ്സഹായതയുടെ പരകോടി അവരുടെ മനസ്സിനേയും ശരീരത്തേയും കാർന്നു തിന്നിട്ടുണ്ട്.

അമ്മീമ്മയുടെ സഹോദരൻ അനവധികാലമായി തറവാട്ട് മഠത്തിൽ കുടുംബമായി കഴിയുകയായിരുന്നു. വെളുത്തു മെലിഞ്ഞു ആറടി ഉയരത്തിൽ ശിരസ്സിലെ മുടി മുഴുവൻ വെഞ്ചാമരമായ ഒരാളായിരുന്നു അദ്ദേഹം. പ്രത്യക്ഷത്തിൽ ആരോഗ്യക്കുറവൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം തൊണ്ടയിൽ കാൻസർ ബാധിച്ച് രോഗിയായത് വളരെ പെട്ടെന്നായിരുന്നു.

തൃക്കൂരിൽ കെ എസ് ആർ ടി സി ബസ്സിനായി നിലയ്ക്കാത്ത പരിശ്രമം നടത്തിയ ഒരാളായിരുന്നു അദ്ദേഹം. അതിൽ വിജയം കാണുകയും ചെയ്തുവെന്നതു
കൊണ്ടുതന്നെ അവിടുത്തെ സ്വകാര്യ ബസ്സുടമസ്ഥർക്ക് അദ്ദേഹം അത്തവും ചതുർത്ഥിയുമായിരുന്നു. അസുഖം പോലും പലർക്കും സന്തോഷം പകർന്നു. അതങ്ങനെയാണല്ലോ. അമ്മീമ്മയോടും പലരും വന്നു പറഞ്ഞു.' ടീച്ചറുടെ കഴുത്തിനു പിടിച്ചുന്തിയല്ലേ, മഠത്തീന്ന് ഇറക്കി വിട്ടത്? ഇപ്പോ വെള്ളം കൂടി എറക്കാൻ പറ്റ്ണില്ല..'

'ഒരുപാട് വേദന സഹിക്കേണ്ടി വരരുതേ' എന്നായിരുന്നു അപ്പോൾ അമ്മീമ്മയുടെ സങ്കടം. തൃക്കൂരു നിന്ന് അദ്ദേഹത്തെ കോയമ്പത്തൂരിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അല്ലെങ്കിൽ സഹോദര
നെ ശുശ്രൂഷിക്കാനും അമ്മീമ്മ മുതിർന്നേനെ എന്ന് വിചാരിച്ചിട്ടുണ്ട് റാണിയും ഭാഗ്യയും.

അമ്മീമ്മയുടെ രണ്ട് അമ്മാവന്മാരും കാൻസർ ബാധിച്ചാണ് മരിച്ചത്. ഈ തലമുറയിൽ അത് സഹോദരൻറെ തലേലാണോ വീഴുന്നതെന്ന് അമ്മീമ്മ ഭയന്നു.

ആ സഹോദരനോട് ഞങ്ങൾ കുട്ടികൾക്ക് വല്ലാത്ത വിരോധം തോന്നീട്ടുണ്ട്. ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു അതിന്. ചെറുപ്പത്തിൽ അമ്മീമ്മയെ പറ്റിയിരിക്കുന്ന ഞങ്ങൾ കുട്ടികളെ രാത്രി നേരമായാൽ അതായത് ഒരു എട്ടൊമ്പത് മണിയാകുമ്പോൾ വാതിലിൽ തട്ടി ഭയപ്പെടുത്തുന്ന ഒരു വിനോദത്തിന് അദ്ദേഹം ആളുകളെ ഏർപ്പാട് ചെയ്തിരുന്നു. ഒരു വാതിലിൽ തട്ട് കേൾക്കുമ്പോൾ അമ്മീമ്മ തുറക്കാൻ ചെല്ലും. അപ്പോൾ ഇപ്പുറത്തെ പുറം വാതിലിൽ തട്ട് വരും.അപ്പോൾ അമ്മീമ്മ ഇപ്പുറത്തേക്ക് വരും. ഇങ്ങനെ പലവട്ടം..പല ദിവസങ്ങളിൽ.. വേലി കെട്ടിയ പുരയിടത്തിൽ ആർക്കും കടന്നുവരാമല്ലോ. രാത്രിയിൽ ചിലരൊക്കെ പുരയിടത്തിൽ നടക്കുന്നതും പതിവായിരുന്നു. അമ്മീമ്മയെ ഭയപ്പെടുത്തി ആ വീട് വിട്ട് നാട്ടിൽ നിന്ന് ഓടിക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്. ഞങ്ങൾ കുട്ടികൾ എല്ലായ്പോഴും ഭയന്നു നിലവിളിക്കും. അമ്മീമ്മ അന്നൊക്കെ ലവലേശം കുലുങ്ങിയിരുന്നില്ല. വീട്ടിനകത്ത് കയറാൻ അവരാരും ധൈര്യപ്പെടില്ല എന്ന ഉറപ്പായിരുന്നു അമ്മീമ്മക്ക്. സർട്ടിഫിക്കറ്റുകൾ എടുക്കാനായി കള്ളനെ ഏർപ്പാടാക്കിയതും പിന്നീട് പണിതുയർത്തിയ വീട്ടുമതിലിന്മേൽ വേശിയാലയം എന്ന് എഴുതി വെപ്പിച്ചതും എല്ലാം അദ്ദേഹത്തിന്റെ പ്രോൽസാഹനമായിരുന്നു.

എന്തായാലും അദ്ദേഹം കോയമ്പത്തൂർ ആശുപത്രിയിൽ കിടന്ന് ജീവൻ വെടിഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം തൃക്കൂർ വിട്ടു പോയി. അപ്പോഴും ഹൈക്കോടതി വിധി നടത്തിക്കിട്ടാനുള്ള കാര്യങ്ങൾ ഒട്ടും നീങ്ങിയില്ല. തറവാട്ടു മഠത്തിന് പൂട്ടു വീഴുകയും അതിന്റെ മേൽനോട്ടം ചിലരെ ഏല്പിച്ചു അമ്മീമ്മയുടെ മറ്റൊരു സഹോദരൻ സ്വന്തം ജോലിസ്ഥലമായ ബോംബെക്ക് മടങ്ങുകയും ചെയ്തു.

ജായ്ക്കാളെ തറവാട്ടു മഠത്തിൽ നിന്ന് ഇറക്കി വിട്ട സഹോദരൻ ബോംബെ ഹൈക്കോടതിയിൽ വക്കീലാരുന്നു. അദ്ദേഹത്തിന്റെ വക്കീൽ ബുദ്ധിയാണ് കേസിൽ പ്രധാനമായിരുന്നത്. അദ്ദേഹവും വൈകാതെ തൊണ്ടയിൽ ക്യാൻസർ ബാധിച്ചു മരിച്ചു. അങ്ങനെ ആ കേസ് കൊടുത്തവരിൽ രണ്ടു പേർ മാത്രം ബാക്കിയായി. കേസ് തുടർന്ന് നടത്താനാളില്ലാതായി. തറവാട്ടു മഠമോ തൃക്കൂർ പുഴയോടു ചേർന്നുള്ള പുരയിടമോ വില്ക്കാൻ പറ്റാതായി.

യുദ്ധം കൊണ്ട് ആരെന്ത് നേടി എന്ന് ചോദിക്കരുത്.. ആയുധ വ്യാപാരികൾ എന്നും പണം നേടിയിരുന്നു.. അതുപോലെ വക്കീലുമാരാണ് ഇത്തരം നീണ്ടു നീണ്ടു വിരസമായ കേസുകളിൽ പണമെങ്കിലും നേടുക..

അമ്മയുടെ ജാതി മാറിയ കല്യാണമാണ് എല്ലാറ്റിനും കാരണമെന്ന് വ്യാഖ്യാനിച്ച അമ്മയുടെ സഹോദരന്മാരുടെ വീടുകളിൽ ഒന്നിൽ അയ്യർ പെൺകുട്ടി
അയ്യങ്കാരെ വിവാഹം ചെയ്തു പുതിയ മാറ്റത്തിന് തുടക്കം കുറിച്ചു. ഒരു വീട്ടിൽ മകന് വധുവിന്റെ താല്പര്യത്തിൽ മാത്രം വിവാഹമോചനവും അങ്ങനെ രണ്ടാം കല്യാണവുമായി . മറ്റൊരിടത്ത് അവിവാഹിതനായ മകൻ ഒറ്റയ്ക്കായി. മകൾ വിവാഹമോചിതയായി തനിച്ചു പാർക്കുന്നു. ഇനിയുമൊരു വീട്ടിൽ മകളുടെ ഭർത്താവും ഒരേയൊരു മകനും നഷ്ടപ്പെട്ട അതിതീവ്രദുരിതം പെയ്തിറങ്ങി. ആ മകൻ ഒരു അമേരിക്കൻ തരുണിയെ ആണ് ഭാര്യയാക്കീരുന്നത്. അഞ്ചാമത്തെ സഹോദരൻറെ മകൻ മുസ്‌ലിം വധുവിനെ സ്വീകരിച്ചു. അയാൾ അധികകാലം ജീവിച്ചതുമില്ല. പല വീടുകളിലും പെൺകുട്ടികൾ വല്ലാതെ ഒറ്റപ്പെട്ടു പോയി. സർദാറിണിയും തെലുങ്ക് പിന്നോക്ക ജാതിയും പഹാഡി ദളിതയും അങ്ങനെ എല്ലാവരുമെല്ലാവരും ഇന്ന് തൃക്കൂർ മഠത്തിലുണ്ട്. എന്തിന് സ്വവർഗസ്നേഹവും ജീവിതവും പോലും പ്രശ്നമില്ലാത്തതായിത്തീർന്നു.

കാലം അങ്ങനെയാണ്...
ജീവിതം അങ്ങനെയാണ്...

അമ്മയുടെയും അമ്മീമ്മയുടെയും ജീവിതത്തെ കനൽ നിറച്ച് ഊതിപ്പെരുക്കിയവർ .....അവരുടെ പിന്മുറക്കാർ ഒത്തിരി പൂജകൾ ചെയ്യുന്നുണ്ട് ഇപ്പോൾ.. ആ കണ്ണീർത്തുള്ളികൾ കണക്ക് പറയിക്കുമെന്ന് കാലം അവരെ ഭീഷണിപ്പെടുത്തുന്നു.

ആവോ.. ആർക്കറിയാം..

2 comments:

Cv Thankappan said...

വിതച്ചതേ കൊയ്യൂ എന്നതെത്രശരി അല്ലേ!
ആശംസകൾ

Cv Thankappan said...

വിതച്ചതേ കൊയ്യൂ എന്നതെത്രശരി അല്ലേ!
ആശംസകൾ