ഞങ്ങൾ മൂന്നു പേരും ഉഷാറായി പഠിച്ചു. കിട്ടാവുന്ന പുസ്തകങ്ങൾ എല്ലാം വായിച്ചു. തൃശ്ശൂർ പബ്ലിക് ലൈബ്രറിയിൽ സ്ഥിരമായി പോയി. ഞങ്ങൾക്ക് അമ്മ മരണപ്പെടുമോ എന്ന ഭീതി ഇല്ലായിരുന്നു. ഞങ്ങൾ പഠിക്കുമ്പോൾ അമ്മ നാമം ജപിച്ചുകൊണ്ട് മുറ്റത്ത് ഉലാത്തുന്നുണ്ടാവും. അല്ലെങ്കിൽ അമ്മീമ്മയോട് എന്തെങ്കിലും പറയുന്നുണ്ടാവും അതുമല്ലെങ്കിൽ ഞങ്ങൾക്കായി ഒരു അമ്മസ്പെഷ്യൽ കറി ഉണ്ടാക്കുന്നുണ്ടാവും. ...
മാതു ആയിരുന്നു അക്കാലത്ത് വീട്ടുജോലികളിൽ സഹായിച്ചിരുന്നത്. മാതുവും അമ്മയും അമ്മീമ്മയും പരസ്പരം സമാധാനിപ്പിച്ച് ദിവസങ്ങൾ നീക്കി.
അമ്മ അങ്ങനെ അധികകാലമൊന്നും തൃക്കൂരിൽ വന്നു നിന്നിരുന്നില്ല. ഞാൻ നാലാം ക്ളാസ്സിൽ പഠിക്കുമ്പോൾ കാലൊടിഞ്ഞു കിടപ്പിലായ സമയത്ത് അമ്മ തൃക്കൂരിലാണ് താമസിച്ചത്. ക്ഷയരോഗം ബാധിച്ച കാലത്തും അമ്മ അവിടെ ആയിരുന്നു.
അമ്മയ്ക്ക് ആരോഗ്യമില്ലെന്നും അച്ഛന്റെ ആവശ്യങ്ങൾ ഒന്നും നടത്തിക്കൊടുക്കാൻ പറ്റില്ലല്ലോ എന്നും
കുറ്റപ്പെടുത്താത്ത, പരിഹസിക്കാത്ത ഒരാളേപ്പോലും എനിക്കോർമ്മിക്കാൻ കഴിയുന്നില്ല. ആ ഒരു ഭീഷണിയുണ്ടല്ലോ, ഭർത്താവിനു ആവശ്യമുള്ളത് ഭാര്യക്ക് നല്കാൻ കഴിഞ്ഞില്ലെങ്കിൽ, ഭർത്താവ് അത് കിട്ടുന്നേടം തേടിപ്പോകുമെന്ന ഭീഷണി... ഈ അശ്ലീലം എല്ലാവരും അമ്മയോട് പറഞ്ഞിട്ടുണ്ട്. 'ഫ 'എന്ന് പതുക്കെ ഒരാട്ടെങ്കിലും അമ്മ ആർക്കും വെച്ചുകൊടുത്തില്ല. അച്ഛൻ താമസിക്കുന്ന വീട്ടിൽ താമസിച്ച് വീടു നോക്കിയില്ലെങ്കിൽ അതിനും വേറെ ആരെയെങ്കിലും അച്ഛൻ കണ്ടെത്തുമെന്നും അമ്മയോട് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അതിരില്ലാത്ത സഹനം അമ്മയുടെ ആത്മവിശ്വാസത്തെയാണ് നീറ്റി നീറ്റി ദഹിപ്പിച്ചത്. അതിന്റെ സങ്കടം അമ്മ മരിക്കുന്ന ദിവസം വരെ ഞങ്ങൾ മക്കളെ ആഴത്തിൽ മുറിവേല്പിച്ചു.
അമ്മ തിരിച്ചു വരുന്നില്ലെന്ന് അറിഞ്ഞ് അച്ഛൻ പുരുഷന്മാരായ ചില അടുത്ത ബന്ധുക്കളെ പറഞ്ഞയക്കുകയുണ്ടായി. അമ്മയേയും മക്കളേയും കൂട്ടിക്കൊണ്ടു പോരാൻ... എന്നാൽ അച്ഛൻ അവർക്ക് ഒപ്പം വന്നില്ല.
അവരുടെ എല്ലാ അധിക്ഷേപങ്ങളും കേട്ട് അമ്മ കല്ലു പോലെ നിന്നു. അപമാനങ്ങൾക്കും അധിക്ഷേപങ്ങൾക്കും നിന്ദകൾക്കും അങ്ങനൊരു പ്രത്യേകതയുണ്ട്. ആദ്യമായിട്ടാവുമ്പോൾ ലോകം അവസാനിച്ച പോലെ തോന്നുമെങ്കിലും അവ തുടർന്നുപോയാൽ പിന്നെ നിർവികാരത അതിൻറെ കട്ടിക്കമ്പിളി കൊണ്ട് നമ്മെ പൊതിയും. അത് ഭേദിക്കപ്പെടുന്നത് വളരെ കഠിനമായ ഒരു കാര്യമാണ്.
അമ്മയുടെ മൗനം അഹങ്കാരമായും
സവർണതയുടെ കൊമ്പു കൂർപ്പിക്കലായും അവതരിപ്പിക്കപ്പെട്ടിരുന്നു. അമ്മക്ക് സുഹൃത്തുക്കൾ ഇല്ലയെന്ന് അച്ഛൻ എല്ലാ കാലത്തും പരിഹസിച്ചു പോന്നു. അതിന്റെ കാരണം അമ്മയുടെ സവർണതയാണെന്നാരുന്നു അച്ഛന്റെ വ്യാഖ്യാനം. അതുകൊണ്ട് സവർണതയെ അപഹസിക്കുന്ന കാര്യങ്ങളിൽ അച്ഛൻ മുൻപന്തിയിൽ നിന്നു. എന്തെങ്കിലും അത്തരം കമൻറുകൾ രേഖപ്പെടുത്തിയിട്ട് അമ്മയെ ഒളിഞ്ഞു നോക്കുന്നത് അച്ഛന്റെ പതിവായിരുന്നു. അമ്മയിൽ ഒരു വികാരവും ഉണ്ടാവുന്നില്ലെന്ന് മനസ്സിലാക്കാൻ അച്ഛനും അച്ഛനെ അനുകരിച്ച ഞങ്ങളും വൈകിപ്പോയി.
എന്തായാലും എത്ര അപമാനിക്കപ്പെട്ടിട്ടും അമ്മ പോയില്ല. അച്ഛൻറെ ബന്ധുക്കൾ ദേഷ്യത്തോടെ മടങ്ങി.
ഞങ്ങളുടെ ലളിതജീവിതത്തിൽ സമാധാനം കളിയാടി. അഞ്ചു സ്ത്രീകൾ ഒന്നിച്ച് തൃക്കൂർ വീട്ടിൽ അങ്ങനെ ജീവിച്ചു.
മൂന്നു പേരും ആ വർഷം നന്നായി പരീക്ഷ എഴുതി. റാണി എൻട്രൻസ് എഴുതി എൻജിനീയറിങിന് പ്രവേശനം നേടി. ഡിഗ്രി ക്ളാസ്സിലെ രണ്ടു വർഷത്തെ പരീക്ഷ ഒന്നിച്ചെഴുതി യൂണിവേഴ്സിറ്റിയിൽ ഞാൻ രണ്ടാം സ്ഥാനത്ത് വന്നു. വിമല കോളേജിലെ കുട്ടിക്കായിരുന്നു ഒന്നാം സ്ഥാനം. ഒത്തിരി അധികം മാർക്കിനൊന്നുമല്ല.. മൂന്നോ നാലോ മാർക്കിന്.. കേരളവർമയിൽ അങ്ങനെ ഞാനൊരു റാങ്ക് പ്രതീക്ഷയായി. ഭാഗ്യയും നല്ല റിസൾട്ട് തന്നെ കരസ്ഥമാക്കി.
റാണിക്ക് എൻജിനീയറിങ് അഡ്മിഷൻ കിട്ടിയ ദിവസം അച്ഛന് ഹാർട്ട് അറ്റാക്കാണെന്ന് രാത്രി അടുത്ത വീട്ടിലേക്ക് ഫോൺ വന്നു. അന്ന് പകൽ അമ്മയാണ് റാണിയെ എൻജിനീയറിങ് കോളേജിൽ ചേർത്തത്.
2 comments:
അമ്മയുടെ ക്ഷമ.....
അമ്മയുടെ ക്ഷമ
Post a Comment