Thursday, October 10, 2019

അമ്മച്ചിന്തുകൾ 53


ആ കത്ത് അമ്മയെ ഏറെ ക്ഷുഭിതയാക്കി. എത്ര ശ്രമിച്ചിട്ടും അമ്മയിലെ പെണ്ണിന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

അടിയും ചവിട്ടും കുത്തുമൊന്നും പേടിക്കാതെ, അതിലൊന്നും ഒതുങ്ങാതെ അമ്മ സൗമ്യമായി ശാന്തമായി സ്വന്തം യുദ്ധം പ്രഖ്യാപിച്ചു.

അച്ഛൻ വഴക്ക് തുടങ്ങുക എന്നതായിരുന്നു വീട്ടിലെ എന്നത്തേയും രീതി. അമ്മ ഒതുങ്ങുക എന്നതും... അച്ഛൻറെ മർദ്ദനം തന്നെയാണ് അമ്മയെ ഭയപ്പെടുത്തിയിരുന്നത്. മർദ്ദനങ്ങളുടെ വേദന മാറും വരെ കരയുകയും പിന്നെ എണീറ്റ് കണ്ണും മുഖവും അമർത്തിത്തുടച്ച് യാതൊരു വൈരാഗ്യബുദ്ധിയുമില്ലാതെ വീട്ടുപണികൾ ചെയ്യുകയും ഭക്ഷണം ഉണ്ടാക്കി അച്ഛന് വിളമ്പുകയും ഓഫീസിൽ പോയി ജോലി യെടുക്കുകയും ചെയ്യാൻ എൻറെ അമ്മയ്ക്ക് മാത്രമേ കഴിയുകയുള്ളൂ. അച്ഛനെ പുകഴ്‌ത്തി അമ്മയെ ഇകഴ്ത്തുന്ന, ഞങ്ങളെ അച്ഛന്റെ മക്കളായി മാത്രം പരിചയപ്പെടുത്തുന്നവരെ കാണുമ്പോൾ നിയന്ത്രണം വിട്ടു പോകാതെ പിടിച്ചു നില്ക്കാൻ കഴിയുന്നത് ആ അമ്മയുടെ വയറ്റിൽ പിറന്ന നേരുകൊണ്ടു മാത്രമാവുമെന്ന് ഞാൻ എന്നും കരുതീരുന്നു.

അമ്മ ആഴത്തിലുള്ള ഉറപ്പും ആത്മീയമായ ഔന്നത്യവും നേടിയ സ്ത്രീയായിരുന്നുവെന്ന് ഇപ്പോൾ ഞങ്ങളറിയുന്നുണ്ട്. തുച്ഛമായ യാതൊന്നും തന്നെ കൈവശം സൂക്ഷിക്കാതിരുന്ന ഒരു സ്ത്രീ.. എല്ലാ വേദനകൾക്കുള്ളിലും അമ്മ ഞങ്ങൾ കുട്ടികളെ കാണുമ്പോൾ സന്തോഷിച്ചു. ഞങ്ങളുടെ തലമുടി, നിരയൊത്ത പല്ലുകൾ, ചിരിയുടെ ഭംഗി, അല്പം ഇരുണ്ടുമിനുത്ത തൊലി, ഞങ്ങളുടെ പാട്ടുകളും പഠിത്തവും പെയിൻറിംഗും ഇതെല്ലാം തന്നെ അമ്മയുടെ വലിയ സന്തോഷമായിരുന്നു. ഞങ്ങൾ കുട്ടികൾ തമ്മിൽത്തമ്മിൽ വർത്തമാനം പറഞ്ഞുകൊണ്ട് സന്തോഷമായി ഭക്ഷണം കഴിക്കുന്നത് നോക്കിയിരിക്കുമ്പോൾ അമ്മ എന്നും അതീവ ഹൃദ്യമായി പുഞ്ചിരിച്ചു.

വർണാഭമായ അനവധി പൂക്കളും, അടുക്കളത്തോട്ടത്തിലെ ചില്ലറ പച്ചക്കറികളും, സപ്പോട്ടയും പേരയും ചാമ്പക്കയും മാങ്ങയും ചക്കയും പലതരം വാഴപ്പഴങ്ങളും നിറഞ്ഞു വിളയുന്ന ആ പുരയിടം അമ്മയുടെ അഭിമാനവും ആഹ്ലാദവുമായിരുന്നു. എല്ലാ ചെറിയ കാര്യങ്ങളിലും അമ്മ വലുതായി സന്തോഷിച്ചു. എപ്പോഴും സംതൃപ്തയായി ജീവിക്കാൻ കഴിയുന്നത്ര പരിശ്രമിച്ചു.

ഇത്തരത്തിൽ ജീവിച്ചു പോന്ന അമ്മ ആ കത്തിനെപ്പറ്റി അച്ഛനോട് നേരിട്ടു ചോദിച്ചുവെന്നത് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അമ്മയുടെ ഒച്ച പതറുകയോ കണ്ണു നിറയുകയോ നാവു വരളുകയോ ചെയ്തില്ല. ആ വിടർന്ന മിഴികളിൽ തെളിഞ്ഞ വജ്ര ത്തിളക്കം അച്ഛന്റെ ആത്മവിശ്വാസത്തെ തകർത്തുതരിപ്പണമാക്കി.

അച്ഛൻ വിചാരണ ചെയ്യപ്പെടുകയായിരുന്നു...ഒരു പുരുഷനും ഭാര്യയുടെ വിചാരണ ദഹിക്കില്ല. ഒരു സ്ത്രീക്കും ഭർത്താവിന്റെ വിചാരണ ദഹിക്കില്ല.

അമ്മയെ ബലമായി ഇടതുകൈ കൊണ്ട് സോഫയിൽ ഇരുത്തിയ അച്ഛൻ എണീറ്റാൽ കൊല്ലുമെന്നലറി അടുക്കളയിലേക്ക് പാഞ്ഞു. മൂർച്ച യേറിയ അരികുള്ള ഒരു വലിയ പാത്രം കൊണ്ടു വന്ന് അമ്മയുടെ വായ്ക്ക് നേരെ എറിഞ്ഞു. അമ്മ ഒഴിഞ്ഞു മാറിയതുകൊണ്ട് പാത്രം സോഫയുടെ ചാരിൽ തട്ടിത്തെറിച്ചു..ചാര് തകർന്നു പോയി..

അന്നു രാത്രി ഭയങ്കരമായിരുന്നു...ലോകം അവസാനിക്കണമെന്നായിരുന്നു ഭാഗ്യയുടേയും എൻറേയും അന്നത്തെ ഒരേയൊരു ആഗ്രഹം. അലർച്ച...അടി... ബഹളം... പാത്രങ്ങൾ വലിച്ചെറിയൽ... ഒരു തുള്ളി കണ്ണീരു പൊഴിക്കാത്ത അമ്മ.. ആരും ഒന്നും കഴിച്ചില്ല..ഞാനും ഭാഗ്യവും അമ്മയുടെ ഇരുവശത്തും കുത്തിയിരുന്നു. അച്ഛൻ അമ്മയും അമ്മീമ്മയും ജനിച്ച അന്നുമുതലുള്ള തെറ്റുകൾ വിളിച്ചു പറയാൻ തുടങ്ങി. അച്ഛന്റെ കുടുംബം കലക്കിയ എന്നെ അടിച്ചു മര്യാദ പഠിപ്പിക്കാൻ ഒരു വലിയ വടി കൊണ്ടു വന്നു. അമ്മയും അമ്മീമ്മയും എന്നേയും അനിയത്തിമാരേയും വളർത്തി നശിപ്പിച്ചെന്നും അലറി. ഞങ്ങൾ അനങ്ങാതെ, എന്നാൽ കരയാതെ ഇരുന്നിടത്ത് തന്നെ ഇരുന്നു.
പലവട്ടം വടി ഓങ്ങിയെങ്കിലും അച്ഛൻ എന്നെ അടിച്ചില്ല...

എന്തൊരു രാത്രി...

ഒടുവിൽ നേരം പുലർന്നപ്പോൾ ഈ ബഹളം നിന്നു.

അമ്മ ഓഫീസിലേക്കും ഞങ്ങൾ കോളേജിലേക്കും ഇറങ്ങുമ്പോഴാണ് അമ്മയുടേയും ഭാഗ്യയുടേയും പരിചരണങ്ങളിൽ പൂത്തുലഞ്ഞു രോമാഞ്ചപ്പെട്ടിരുന്ന പിച്ചകവും പൂത്തു വിടർന്നു ചുവന്നു നിന്നിരുന്ന റോസ്ച്ചെടികളും അച്ഛൻ വെട്ടിത്തുണ്ടമാക്കിയിരുന്നത് കാണേണ്ടി വന്നത്... ഞങ്ങളായിരുന്നു അതെന്നാണ് ഇന്നും മനസ്സു ആർത്തു വിളിക്കുന്നത്. അപ്പോഴെല്ലാം ഭയം തീയായി പൊള്ളിക്കും.

അമ്മയുടെ കണ്ണിൽ നിന്ന് തീത്തുള്ളികൾ പെയ്തു... അതിൽ എല്ലാം... സകലവും അതുവരെയുള്ള ജീവിതം മുഴുവനും അമ്മ പൂർണമായും ദഹിപ്പിച്ചു കളഞ്ഞു. ഭാഗ്യയും ചെടികളിൽ നിന്നകന്നു പോയി..

പിന്നീട് ആ വീട്ടിൽ വെളുത്തതോ ചുവന്നതോ ആ ഒരു റോസ് പൂവും വിടർന്നില്ല. പിച്ചകപ്പന്തൽ ഉണങ്ങി അടർന്നു. അമ്മ അതൊന്നും ശ്രദ്ധിച്ചതേയില്ല.

ക്രമേണ ചില ഒടിച്ചു കുത്തിച്ചെടികൾ, അമ്മ നട്ടു പിടിപ്പിച്ച സപ്പോട്ട മരം,ചില തെങ്ങുകൾ, ഒന്നോ രണ്ടോ മാവുകൾ, കുറച്ചു ക്രോട്ടൺ ചെടികൾ.. അങ്ങനെ ഉണങ്ങാൻ തുടങ്ങി... ആ പുരയിടം..ഇന്ന് അമ്മയുടെ സപ്പോട്ടമരം മാത്രം തലയുയർത്തി പടർന്ന് പന്തലിച്ചു നില്ക്കുന്നുണ്ട്.. ബാക്കിയെല്ലാം ആ പുരയിടത്തിൽ നിന്ന് പടിയിറങ്ങി.

അച്ഛൻ ഒന്നും ക്ഷമിക്കുന്ന ആളായിരുന്നില്ലല്ലോ.

പാത്രങ്ങളും ഫർണിച്ചറുകളും തകർന്നുടഞ്ഞു. ചെടികൾ നശിപ്പിക്കപ്പെട്ടു. ഭക്ഷണം പലപ്പോഴും തീരേ ഇല്ലാതായി. അക്കാലങ്ങളിൽ തന്നോട് സംസാരിക്കാൻ ഞാൻ എന്താ വല്ല എരുമയോ മറ്റോ ആണോ എന്നായിരുന്നു അമ്മയുടെ സ്ഥിരം ഭാവം.

അമ്മ മാറുകയായിരുന്നു.

ഞങ്ങളുടെ അടിയേറ്റു പൊളിഞ്ഞ ദീന ജീവിതം കൂടുതൽ കഠിനമായ വഴിത്താരകളിലൂടെ ഇഴയാൻ തുടങ്ങി.

അപമാനത്തിൻറെ ചീഞ്ഞ രുചി, നിന്ദയുടെ ഓവുനാററം, അടികളുടെ രക്തം കങ്ങലുകൾ... ജീവിതമാണ്... ജനിച്ചു നേടിയ ജീവിതം..

1 comment:

Cv Thankappan said...

സങ്കടകരം