Friday, June 24, 2016

വളച്ചു വാതിലിനുള്ളിലൂടെ അവര്‍ കടന്നു വരുമ്പോള്‍

https://www.facebook.com/echmu.kutty/posts/435169103329056

വലിയ വളച്ചു വാതിലുള്ള മാനസികരോഗാശുപത്രിയുടെ സൂപ്രണ്ട് ആയിരുന്നു, അച്ഛന്‍ കുറെക്കാലം. കടും നീല നിറത്തിലുള്ള ഒരു ബോര്‍ഡായിരുന്നു ആ വളച്ചു വാതിലില്‍ ഘടിപ്പിച്ചിരുന്നത്. അതില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരുന്നു,

മാനസികരോഗാശുപത്രി.

സ്വാതന്ത്ര്യകാലത്തിനു മുന്‍പ് സായിപ്പ് പണി തീര്‍ത്ത കെട്ടിടമാണ് സൂപ്രണ്ടിന്‍റെ താമസസ്ഥലം.
അതൊരു ബ്രഹ്മാണ്ഡപ്പുരയായിരുന്നു. ഫുട്ബാള്‍ കളിക്കാന്‍ വേണ്ടും ഇടമുള്ള അഞ്ചാറു മുറികള്‍, ഇതിനെയെല്ലാം കൂട്ടി ഘടിപ്പിക്കുന്ന വലിയ വലിയ വരാന്തകള്‍, വരാന്തകളുടെ തുറപ്പുകളെയെല്ലാം ഡയമണ്ട് ഷേപ്പിലുള്ള മരയഴികള്‍ ഇട്ട് ഭദ്രമാക്കിയിട്ടുണ്ടായിരുന്നു. വിട്ടിനുള്ളിലൂടെ, ഇളം കാറ്റും ഇളവെയിലും ധാരാളമായി കയറിയിറങ്ങുന്ന ആ വരാന്തകളിലൂടെ കുറെ ദൂരം അങ്ങനെ നടന്നാലാണ് അടുക്കളയിലെത്താനാവുക. അതും അതിവിശാലമായിരുന്നു.

വീടിനു മുന്‍വശത്ത് ഒരു നല്ല പൂന്തോട്ടമുണ്ടായിരുന്നു. പുറകുവശത്തായി അടുക്കളത്തോട്ടവും. വെളുപ്പും ചുവപ്പുമായ ഒട്ടനവധി ലില്ലിപ്പൂക്കള്‍ വിടര്‍ന്നു നിന്നിരുന്ന ആ പൂന്തോട്ടത്തിനെ ചുറ്റിപ്പോകുന്ന വഴിയില്‍ ചവുട്ടിയാല്‍ കിരുകിരു എന്നൊച്ച കേള്‍ക്കുന്ന ചരല്‍ വിരിച്ചിരുന്നു. വഴി ചെന്നെത്തുന്നതാകട്ടെ രണ്ട് ലോറികള്‍ സുഖമായി പാര്‍ക്ക് ചെയ്യാനാവുന്ന ഒരു കാര്‍ഷെഡ്ഡിലാണ്.

അച്ഛനെ കാണാന്‍ രാവിലെയും ഉച്ചയ്ക്കും അനവധി പേര്‍ വരുമായിരുന്നു.

ഏത് ഡോക്ടറുടേയും മക്കളെപ്പോലെ പേഷ്യന്‍റ് സ് എന്ന് അവരെ വിളിക്കാന്‍ ഞങ്ങളും നന്നെ ചെറുപ്പത്തില്‍ തന്നെ പഠിച്ചു കഴിഞ്ഞിരുന്നു.

എങ്കിലും അവരൊന്നും പനിയോ ചുമയോ തലവേദനയോ ഒക്കെയുള്ള സാധാരണ പേഷ്യന്‍റ്സ് അല്ല എന്ന് വളരെ വേഗം ഞങ്ങള്‍ക്ക് മനസ്സിലായി.

‘എനിക്ക് ഒരു സൂക്കേടുമില്ലാ ഡോക്ടറെ, ഇവരൊക്കെ കൂടി എന്നെ വെറുതേ പിടിച്ചുകൊണ്ട് വന്നിരിക്കുകയാണ് ‘ എന്ന് അലറിക്കരഞ്ഞുകൊണ്ടാണ് അവരില്‍ പലരും വന്നിരുന്നത്.

ചിലര്‍ ‘ ഭക്ഷണം തരൂ ‘ എന്ന് ആവശ്യപ്പെടും. ഭക്ഷണം നല്‍കിയാല്‍ എത്ര കഴിച്ചാലും അവര്‍ക്ക് മതിയാവാറുമില്ല.

മുറ്റത്ത് പൂത്തുമലര്‍ന്നിരുന്ന ഉഷമലരിയേയും ടേബിള്‍ റോസിനേയുമൊക്കെ കടുത്ത ശത്രുതയോടെ തിരുമ്മിക്കളഞ്ഞിരുന്ന ഒരു മുത്തശ്ശി ഗുരുവായൂരപ്പാ എന്ന് മാത്രം വിളിച്ചുകൊണ്ട് വരാറുണ്ട്. വേറെ ഒരു വാക്കും അവര്‍ ഉച്ചരിച്ചിരുന്നില്ല.

ഒരു സ്ത്രീയുടെ പക്കലുണ്ടായിരുന്നത് ഒരു പാവക്കുട്ടി ആയിരുന്നു. അതിനു വിശക്കുന്നുണ്ടെന്നും പാലു കുടിക്കണമെന്നും ബിസ്ക്കറ്റ് തിന്നണമെന്നും അവര്‍ സദാ പറഞ്ഞുകൊണ്ടിരുന്നു. ആ പാവക്കുട്ടിയോട് അവര്‍ പെരുമാറുന്നതു കണ്ടാല്‍ അതവരുടെ സ്വന്തം കുഞ്ഞാണെന്ന് മാത്രമേ തോന്നുകയുള്ളൂ.

അവരെക്കണ്ട് അമ്മ കണ്ണീര്‍ തൂകിയത് എന്തിനെന്ന് അപ്പോള്‍ മനസ്സിലായില്ലെങ്കിലും ഇന്ന് മനസ്സിലാകുന്നുണ്ട്.

മനസ്സിനു രോഗം ബാധിക്കുകയും അത് നാലാളുടെ മുന്നില്‍ ഒളിച്ചു വെയ്ക്കാന്‍ സാധിക്കാതാവുകയും ചെയ്യുന്ന പരമ ദയനീയമായ അവസ്ഥയെ ഞങ്ങള്‍ വളരെ ചെറുപ്പം മുതല്‍ പരിചയപ്പെട്ടതങ്ങനെയാണ്. മനസ്സ് എവിടെയാണിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു തന്നത് ... ഒരാളുടെ മനസ്സ് അയാളുടെയും അയാള്‍ക്ക് എറ്റവും അടുപ്പമുള്ളവരുടേയും തലമുടി മുതല്‍ കാല്‍നഖം വരെ ഉണ്ടെന്നാണ്. ചെറിയ അണുക്കളെ കാണാനാവാത്തതു പോലെ ആ മനസ്സിനേയും നഗ്നദൃഷ്ടികള്‍ കൊണ്ട് കാണാന്‍ കഴിയുന്നില്ല. ഒരാളുടെ മനസ്സ് ആ ഒരാളില്‍ മാത്രമല്ല അനവധി കാര്യങ്ങളിലാണ് കുടികൊള്ളുന്നത്. അതുകൊണ്ട് ചികില്‍സയും തികച്ചും സങ്കീര്‍ണമാണ്.

രോഗികളില്‍ ഏകദേശം മുഴുവന്‍ പേര്‍ക്കും അസുഖം മാറുമെന്ന് അച്ഛന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. നമുക്കൊപ്പമുള്ളവരുടെ മനസ്സ് താളം തെറ്റുന്നുവെന്ന് ആര്‍ക്കും വേണ്ട സമയത്ത് മനസ്സിലാവില്ല. മനസ്സിലായാലും പല മൂഢ വിശ്വാസങ്ങള്‍കൊണ്ട് , വാശികൊണ്ട്, ദേഷ്യം കൊണ്ട് , അജ്ഞത കൊണ്ട് ചികില്‍സിക്കുകയില്ല. ഒടുവിലാവുമ്പോഴേക്കും കാര്യങ്ങള്‍ കൈ വിട്ടു പോവുകയും ചെയ്യും.
ചില ഡോക്ടര്‍മാരും രോഗികളെ ചികില്‍സിച്ചു അവരുടെ ജീവിതം നശിപ്പിക്കാറുണ്ട്. അവര്‍ക്കും കാണുമല്ലോ മൂഢവിശ്വാസങ്ങളും വാശികളും ദേഷ്യവും അജ്ഞതയുമൊക്കെ.

തൊണ്ണൂറു ശതമാനം മാനസിക രോഗങ്ങളും ചികില്‍സിച്ചു മാറ്റാന്‍ കഴിയും. മറ്റുള്ളവ കൃത്യമായ മരുന്നു കഴിക്കലിലൂടെ നിയന്ത്രിച്ചു നിറുത്താം. എന്നാലും മാനസികപ്രശ്നമുള്ള ആള്‍ എന്നു കേട്ടാല്‍ പിന്നെ ആരും ആ വഴി നടക്കില്ല. ശരീരത്തിനെ മാത്രം ബാധിക്കുന്ന പല രോഗങ്ങളും യഥാര്‍ഥത്തില്‍ മാനസികരോഗങ്ങളേക്കാള്‍ എത്രയോ മടങ്ങ് അപകടകാരികളാണ്.

മൊട്ടത്തലയില്‍ ഒരു കീറിയ മുണ്ടിട്ട്, എന്നാല്‍ അരയില്‍ മുണ്ടുടുക്കാതെ ഒരു നിമിഷം പോലും നിറുത്താതെ ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു അമ്മാമ്മയെ കാണാറുണ്ടായിരുന്നു, സ്കൂളില്‍ പഠിക്കുന്ന കാലത്ത്. അവര്‍ക്ക് ഭ്രാന്താണെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. അവരെ ആരും ആശുപത്രിയിലാക്കി ചികില്‍സിക്കാത്തതെന്താണെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ ഒട്ടു നേരം മൌനമായിരുന്നു.

പിന്നെ പോലീസിനോട് സഹായം ചോദിക്കാം എന്നു പറഞ്ഞു.

പഞ്ചാരത്തലയുമായി ആറടിയിലേറെ ഉയരമുള്ള ഒരു അമ്മാവനുണ്ടായിരുന്നു, ഞങ്ങള്‍ കു ട്ടികള്‍ക്ക് കളിക്കൂട്ടുകാരനായി. ഭാര്യയേയും ഭാര്യയ്ക്കുണ്ടെന്ന് അദ്ദേഹം സങ്കല്‍പത്തില്‍ കരുതിയ ജാരനായ ഒരു അയല്‍ക്കാരനേയും വെട്ടിക്കൊന്നവനായിരുന്നു ആ അമ്മാവന്‍. ചികില്‍സ കഴിഞ്ഞപ്പോള്‍ അമ്മാവന്‍ ഏതോ ഒരു ബന്ധുവിനൊപ്പം വീട്ടിലേക്ക് പോയി. നാലഞ്ചുദിവസം കഴിഞ്ഞ് ഏകാകിയായി മടങ്ങി വന്നു. പിന്നീട് ആരും അന്വേഷിച്ചു വന്നില്ല.
അസുഖമില്ലാത്തതുകൊണ്ട് ആശുപത്രിയില്‍ കിടത്തിച്ചികില്‍സ സാധ്യമല്ലാതായി..
അമ്മാവന്‍ ആശുപത്രിയുടെ പറമ്പ് വൃത്തിയാക്കിയും അടുക്കളപ്പണിയില്‍ സഹായിച്ചും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും ആവശ്യമായതൊക്കെയും ചെയ്തു കൊടുത്തും ബാക്കി ജീവിതം ആ അശുപത്രിയില്‍ തന്നെ തള്ളി നീക്കി.

രോഗം മാറിയാലും ഇങ്ങനെ ആരുമില്ലാത്തവരാക്കിത്തീര്‍ക്കും മാനസികരോഗമെന്ന് നന്നെ ചെറുപ്പത്തിലേ ഞങ്ങള്‍ക്ക് മനസ്സിലായി.

രോഗം ഭേദമായ സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ ദീനമായിരുന്നു. ഏറ്റെടുക്കാന്‍ ആരുമില്ലാതെ, പോകാന്‍ ഇടമില്ലാതെ പലരും ഭീക്ഷാടനത്തിലേക്ക് വരെ വഴുതി വീണിട്ടുണ്ട്.

ഈ ലോകത്തിലെ ബന്ധങ്ങള്‍, അത് രക്തബന്ധങ്ങളോ കെട്ടിപ്പുലര്‍ച്ചയുടെ ബന്ധങ്ങളോ ആവട്ടെ, വിവിധ തരം ചൂഷണങ്ങളില്‍ മാത്രം കുഴിച്ചിട്ടിട്ടുള്ള അവയുടെ ഉറപ്പിനെപ്പറ്റി, മാനസിക രോഗാശുപത്രിയുടെ സൂപ്രണ്ടായിരുന്ന അച്ഛന്‍റെ മൂന്നു മക്കള്‍ക്കും തീക്ഷ്ണമായ സംശയങ്ങളുണ്ടായത് അക്കാലം മുതലാണ്. ആ സംശയങ്ങള്‍ ഇന്നും മാറിയിട്ടില്ല. ഇനി മാറുമെന്നും തോന്നുന്നില്ല.

Friday, June 10, 2016

പരിഭവിക്കുകയും പിണങ്ങുകയും ചെയ്യുന്ന സാരികള്‍

31/08/2018https://www.facebook.com/photo.php?fbid=1027766080736019&set=a.526887520823880&type=3&theater


‘എത്ര സാരിയുണ്ടായാലാണ് നിനക്ക് മതിയാവുക? ഇങ്ങനെയുമുണ്ടോ ഒരു സാരിക്കൊതി... ‘

ഇമ്മാതിരിയൊരു വാചകം കേള്‍ക്കാത്ത പെണ്ണുങ്ങളുണ്ടാവുമോ ഈ ലോകത്ത്... ?
എവിടെ നിന്നെങ്കിലും ഒക്കെ ഇതു കേട്ടിട്ടുണ്ടാവും..
സാരിയല്ലെങ്കില്‍ ചുരിദാര്‍ ... അല്ലെങ്കില്‍ ഫ്രോക്ക്.. അല്ലെങ്കില്‍ മറ്റെന്തെങ്കിലും തുണി.. പറഞ്ഞു വന്നതെന്തെന്ന് വെച്ചാല്‍ പെണ്ണുങ്ങള്‍ക്ക് വല്ലാത്ത വസ്ത്രക്കമ്പമാണെന്നാണ് പൊതുവേ ഉള്ള വിശ്വാസം.
ഭാര്യയ്ക്ക് സാരി വാങ്ങിക്കൊടുക്കാനാണ് ജോലിക്ക് പോകുന്നതെന്നും കൈക്കൂലി വാങ്ങിയതെന്നും ഒക്കെ പലപ്പോഴും ഭര്‍ത്താക്കന്മാര്‍ പറയാറുണ്ട്.

എന്‍റെ പെരിയമ്മയെക്കുറിച്ച് പെരിയപ്പാവും അങ്ങനെ ഒരു സാരിക്കമ്പക്കാരി എന്ന് തന്നെയാണ് വഴക്കിട്ടിരുന്നത്.

അറുപതു വര്‍ഷം നീണ്ട ദാമ്പത്യം.
എനിക്ക് ഒട്ടും അടുപ്പമുണ്ടായിരുന്നില്ല, അവരുമായി. വളരെക്കുറച്ചു തവണകളേ തമ്മില്‍ കണ്ടിട്ടുള്ളൂ. കുടുംബവഴക്കുകളും ജാതിയുടേയും മതത്തിന്‍റേയും സദാചാരത്തിന്‍റെയും കൂറ്റന്‍ മതിലുകളും ഞങ്ങള്‍ക്കിടയില്‍ സദാ ഉയര്‍ന്നിരുന്നു.
ദില്ലിയിലാണ് അവര്‍ ജീവിച്ചിരുന്നത്. പെരിയപ്പാ സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലെ ഒരു സാധാരണ ജീവനക്കാരനായിരുന്നു. സ്വന്തം കുടുംബത്തിലെ മൂത്ത മകനായിരുന്നതുകൊണ്ട് അനിയന്മാരെ പഠിപ്പിക്കുക, അനിയത്തിമാരെ കല്യാണം കഴിപ്പിക്കുക, ജീര്‍ണിച്ച തറവാട്ടു മഠത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുക എന്നിങ്ങനെ ഒത്തിരി ഭാരിച്ച ചുമതലകള്‍ അദ്ദേഹത്തിനു നിര്‍വഹിക്കാനുണ്ടായിരുന്നു.

നന്നേ അരിഷ്ടിച്ചാണ് അവര്‍ ദില്ലിയില്‍ ജീവിച്ചത്. മാസാവസാനമാകുമ്പോള്‍ പെരിയപ്പാ ഓഫീസിലേക്ക് നടന്നു പോകും, കാരണം ബസ്സു കൂലിയ്ക്ക് പണമുണ്ടാവില്ല. ന്യൂസ് പേപ്പര്‍ വരുത്തിയിരുന്നില്ല, വളരെക്കാലം. സിനിമ കാണാന്‍ ചെലവില്ലായിരുന്നു. ഇന്‍ഫര്‍മേഷന്‍ & ബ്രോഡ് കാസ്റ്റിംഗ് മിനിസ്ട്രിയിലായിരുന്നു പെരിയപ്പാവിനു ജോലി. അപ്പോള്‍ സിനിമാപാസ്സുകള്‍ കിട്ടിയിരുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട സിനിമാക്കാരേയും എഴുത്തുകാരേയും കവികളേയുമൊക്കെ നേരിട്ടറിഞ്ഞിരുന്നു പെരിയപ്പാ. എങ്കിലും സ്വന്തം കാര്യങ്ങള്‍ക്ക് ആരുടെയും ഒരു ചെറിയ സഹായം തേടാന്‍ പോലും ആ അഭിമാനി തയാറായിരുന്നില്ല.
പത്താം ക്ലാസ് പാസ്സായിരുന്ന പെരിയമ്മയ്ക്ക് വീട്ടുപണികള്‍ മാത്രമായിരുന്നു ജോലി. ഭാര്യയെ ജോലിക്ക് പറഞ്ഞയക്കുന്നത് അക്കാലങ്ങളിലെ ഏതൊരു പുരുഷനേയും പോലെ പെരിയപ്പാവിനും കുറച്ചിലായി തന്നെ തോന്നി.

ഒരു ധനിക ജമിന്ദാര്‍ അയ്യരുടെ മകളായിരുന്ന പെരിയമ്മ തയ്യല്‍പ്പണികള്‍ ചെയ്തു ലാഭമുണ്ടാക്കി. തകരടിന്നുകളില്‍ പച്ചക്കറി വളര്‍ത്തി വിളവെടുത്ത് ചെലവ് ചുരുക്കി. ചെറിയ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു കുറച്ച് ധനം കുടുംബച്ചെലവിലേക്ക് സ്വരുക്കൂട്ടി. ജിലേബിയും ലഡ്ഡുവുമൊക്കെ ഉണ്ടാക്കി പഞ്ചാബികള്‍ക്കും സിന്ധികള്‍ക്കും വിറ്റു കിട്ടുന്ന പണം ഒരു തലയിണയില്‍ നിറച്ചു സൂക്ഷിച്ചു.
പെരിയമ്മയുടെ മകള്‍ പഠിച്ച് എയര്‍ ഫോഴ്സിലെ ഡോക്ടറായി...

മകന്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ് ആര്‍മിയില്‍ ചേര്‍ന്നു... മക്കള്‍ക്ക് സ്വന്തം കുടുംബങ്ങളൂണ്ടായി.
പെരിയപ്പാ അടുത്തൂണ്‍ പറ്റി പിരിഞ്ഞപ്പോഴാണ് ആ പണം ഉപയോഗിച്ച് സൌത്ത് ദില്ലിയില്‍ പെരിയമ്മയും പെരിയപ്പാവും സ്വന്തം വീടുണ്ടാക്കിയത്.

പണത്തിന്‍റെ ഞെരുക്കം മാറിയപ്പോള്‍ ട്യൂഷന്‍ പഠിപ്പിക്കുന്നത് പെരിയമ്മ തികച്ചും സൌജന്യമാക്കി. അങ്ങനെ ഹൌസിംഗ് കോളനിയില്‍ അടിച്ചു തുടയ്ക്കുന്നവരും പാചകക്കാരുമായ പാവപ്പെട്ട സ്ത്രീകളും അവരുടെ മക്കളും എഴുത്തും വായനയും പഠിച്ചു. ഇംഗ്ലീഷും ഹിന്ദിയും തമിഴും മലയാളവും സംസ്കൃതവും പെരിയമ്മയ്ക്ക് നല്ല വശമായിരുന്നു.
വീട്ടു മാനേജുമെന്‍റിന് നോബല്‍ പ്രൈസുണ്ടായിരുന്നെങ്കില്‍ അത് എന്‍റെ പെരിയമ്മയ്ക്ക് കിട്ടേണ്ടതാണ്...

ദാമ്പത്യം തുടങ്ങിയ കാലത്ത് എന്നു വെച്ചാല്‍ അറുപതു കൊല്ലം മുന്‍പ് വാങ്ങിയ സ്പൂണ്‍ മുതലുള്ള സാധനങ്ങള്‍ ഒരു കേടുപാടും പറ്റാതെ അവരുടെ അടുക്കളയിലുണ്ടായിരുന്നു. പെരിയമ്മയുടെ അമ്മ ഉപയോഗിച്ചിരുന്ന നൂറു വര്‍ഷത്തിലധികം പഴക്കമുള്ള സ്ഫടിക ജാറുകള്‍, മണ്‍ ഭരണികള്‍ അതെല്ലാം അവര്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു. മുള്ളാണി, സ്ക്രൂ ,വലിയ ആണി… അങ്ങനെ ഒരു വീട്ടില്‍ വല്ലപ്പോഴുമൊക്കെ വേണ്ടി വരുന്ന ഇമ്മാതിരി ലൊട്ടുലൊടുക്ക് സാധനങ്ങള്‍ പോലും അവരുടെ പക്കലുണ്ടാവും. ഇതൊക്കെയും അറുപതു വര്‍ഷം പഴക്കമുള്ളതു വരെ ആവാം. ഈ ഇരുമ്പ് സാമഗ്രികളൊന്നും തുരുമ്പ് പിടിക്കുന്നവയുമല്ല, കാരണം എണ്ണ പുരട്ടി ബട്ടര്‍ പേപ്പറിലും പിന്നെ ബ്രൌണ്‍പേപ്പറിലും പൊതിഞ്ഞ് പേരെഴുതി കരുതലോടെ സൂക്ഷിച്ചവ എങ്ങനെ തുരുമ്പ് പിടിക്കും?

എല്ലാം അത്യാവശ്യത്തിനു പണം ചേര്‍ത്തുവെച്ച് ബുദ്ധിമുട്ടി വാങ്ങിയതാണ്. ഇനിയൊരിക്കല്‍ വാങ്ങാന്‍ കഴിയുമോ എന്നറിയില്ല, അതുകൊണ്ട് സൂക്ഷിച്ച് കരുതലോടെ ഉപയോഗിച്ചു, ബാക്കി വന്നതും സൂക്ഷിച്ചു വെച്ചു.

ഒന്നും അനാവശ്യമായി ചെലവാക്കാതെ, ഒരു തപസ്വിനിയുടെ ശ്രദ്ധയോടെയാണ് പെരിയമ്മ ജീവിച്ചത്. ഏറ്റവും പഴയ മോഡല്‍ ഗൃഹോപകരണങ്ങള്‍ എല്ലാം പൂര്‍ണമായും പ്രവര്‍ത്തിക്കുന്ന ഒരു അല്‍ഭുത വീടായിരുന്നു പെരിയമ്മയുടേത്. ഒന്നും കേടു വരാത്തതുകൊണ്ട് പുതിയ മോഡലുകള്‍ ഒരിക്കലും വാങ്ങേണ്ടി വന്നതുമില്ല.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഈരണ്ടു മാസം പെരിയമ്മയും പെരിയപ്പാവും എന്‍റെ കൂടെ വന്നു താമസിച്ചു. എന്‍റെ കൂട്ടുകാരന്‍ അവരെ പിള്ളേരേ എന്ന് വിളിച്ചിരുന്നത് അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം ടൂറു പോകുമ്പോള്‍ ഫോണ്‍ ചെയ്തു ചോദിക്കും. ‘ നമ്മുടെ പിള്ളേരൊറങ്ങിയോ? അത്താഴം കഴിച്ചു തന്നെ ഒറങ്ങിയത്?’

രണ്ട് മാസക്കാലത്തെ ആ താമസത്തിനിടയില്‍ പെരിയമ്മ പലതരം അച്ചാറുകള്‍ ഉണ്ടാക്കി തന്നു, എനിക്ക്. ആ പഴയ സ്ഫടിക ജാറുകള്‍ തന്നതിലൊരെണ്ണം , തൊണ്ണൂറുവര്‍ഷം പഴകിയ ഒരെണ്ണം ഞാനീയിടെ പൊട്ടിച്ചു. അതു കൈയില്‍ നിന്ന് വഴുതി... ഒരു നിമിഷം കൊണ്ട് തകര്‍ന്നുടഞ്ഞു.
പെരിയമ്മയുടെ വലിയ ദൌര്‍ബല്യമായിരുന്നു സാരികള്‍. പുതിയ സാരി കിട്ടിയാല്‍ അതില്‍ ഫാള്‍ വെച്ച് സാരിയുടെ വക്ക് തുന്നി ബ്ലൌസും തയാറാക്കിയിട്ട് മാത്രമേ അവര്‍ അത് ഉടുക്കുമായിരുന്നുള്ളൂ. പുതിയ സാരി ഉടുത്താല്‍ അത് ധരിച്ചുകൊണ്ട് വിളക്കു കത്തിയ്ക്കുകയും ഗുരുവായൂരപ്പനെ നമസ്ക്കരിക്കുകയും ചെയ്യും. കോട്ടണ്‍ അല്ലെങ്കില്‍ പട്ട് സാരികള്‍ മാത്രമേ അവര്‍ ധരിച്ചുള്ളൂ. കോട്ടണ്‍ സാരികളില്‍ കഞ്ഞി പിഴിഞ്ഞ് ബലം വരുത്തി അവര്‍ ഭംഗിയായി ഉടുക്കും. സിന്തറ്റിക് തുണികള്‍ക്ക് ഒരു ചീപ് ലുക്കും ചീപ് ഷൈനിംഗും ഉണ്ടെന്നായിരുന്നു അവരുടെ കണ്ടു പിടുത്തം. പിന്നെ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അത് ചേരുകയില്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു.
ഞങ്ങള്‍ തിരുവനന്തപുരത്തും എറണാകുളത്തും ഒക്കെ ചുറ്റിത്തിരിഞ്ഞ് സാരികള്‍ മേടിച്ചു. പുസ്തകവായനയില്‍ അതിരറ്റ ആഹ്ലാദം കണ്ടെത്തിയിരുന്ന, അടുത്തൂണ്‍ പറ്റിയതിനു ശേഷം സ്വന്തമായി ഒരു കര്‍ച്ചീഫ് പോലും വാങ്ങാതിരുന്ന പെരിയപ്പാവിനു, നിറഞ്ഞ വാര്‍ദ്ധക്യത്തിലെ പെരിയമ്മയുടെ ഈ സാരിമോഹം ഒട്ടും മനസ്സിലാകുന്നുണ്ടായിരുന്നില്ല. രണ്ട് മാസത്തില്‍ നാലാമത്തെ സാരി വാങ്ങിയ ദിവസം അദ്ദേഹം കലശലായി കോപിച്ചു.....

അനാവശ്യമായി പണം ചെലവാക്കുന്നതിനേയും സാരികള്‍ സ്വന്തമാക്കുന്നതിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

പെരിയമ്മ കരഞ്ഞു. ഇനി ഒരു സാരി പോലും വാങ്ങുകയില്ലെന്ന് പ്രതിജ്ഞ എടുത്തു. അതുകേട്ടപ്പോള്‍ പെരിയപ്പാവിനു പിന്നേയും ദേഷ്യം വന്നു.

പെരിയമ്മയേയും കൊണ്ട് ഷോപ്പിംഗിനു പോവുന്നതിന് എനിക്കും കിട്ടി അപ്പോള്‍ വയറു നിറയെ ചീത്ത...

മേജര്‍ ജനറലായ മകന്‍റെ വീട്ടില്‍ വെച്ചാണ് ഞാനിത്തവണ പെരിയപ്പാവിനെ കണ്ടത്.
‘ഉന്നോട് പെരിയമ്മ അന്ത പൊടവൈ എല്ലാം എങ്കിട്ടയേ വിട്ടിട്ട് പോയിട്ടാള്‍ ... ഒന്നും കെട്ടിക്കലൈ ‘ എന്നദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു.

ആ സാരിക്കെല്ലാം ബ്ലൌസ് തയിക്കാന്‍ കൊടുത്തിരുന്നു, അത് കിട്ടും മുന്‍പ് പെരിയമ്മ നിഗംബോധ്ഘട്ടില്‍ എരിഞ്ഞടങ്ങി.
സാരികള്‍ പെരിയപ്പാ ആര്‍ക്കും കൊടുത്തിട്ടില്ല. മകള്‍ക്കോ മരുമകള്‍ക്കോ പോലും..
അവ എന്തെങ്കിലുമൊക്കെ പെരിയപ്പാവിനോട് ഇന്നും പറയുന്നുണ്ടാവും... പരിഭവിക്കുന്നുണ്ടാവും...

ഞങ്ങള്‍ എല്ലാവരുടേയും നടുവിലിരിക്കുമ്പോഴും സംഭാഷണങ്ങളില്‍ പങ്കുകൊള്ളുമ്പോഴും പെരിയപ്പാ തനിച്ചായിരുന്നു. പെരിയമ്മയുടെ വര്‍ത്തമാനങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും സാരിമോഹത്തിനും അദ്ദേഹം കാതോര്‍ക്കുകയായിരുന്നുവെന്ന് തോന്നി...
കാണാവുന്ന തൊട്ടെടുക്കാവുന്ന ആ ഏകാന്തത ഹൃദയഭേദകമായിരുന്നു.

Wednesday, June 1, 2016

ബീഫ് ... ചിക്കന്‍ ... മീന്‍... സുഗന്ധങ്ങള്‍

https://www.facebook.com/echmu.kutty/posts/1142338459278780
23/02/19

ഈ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളുമായി ചേര്‍ത്ത് സുഗന്ധമെന്ന വാക്ക് എന്നോട് ആദ്യം ഉപയോഗിച്ചത് സുവര്‍ണയാണ്.
അതുവരെ ഇറച്ചിക്കും മീനിനുമൊപ്പം ഉളുമ്പ് മണമെന്ന വാക്കോ അല്ലെങ്കില്‍ നാറ്റമെന്ന വാക്കോ ആയിരുന്നു ഞാന്‍ പരിചയിച്ചിട്ടുള്ളത്.
അനുഗൃഹീതയായ ഹിന്ദുസ്ഥാനി ഗായികയാണ് സുവര്‍ണ . ദൈവം സ്വന്തം ശബ്ദം പകുത്തു നല്‍കിയാണ് സുവര്‍ണയെ ഈ ഭൂമിയിലേക്ക് ഇറക്കി വിട്ടത്.
എന്‍റെ കൂട്ടുകാരന്‍റെ വാസ്തുശില്‍പിയായ സുഹൃത്ത് സുവര്‍ണയുടെ സഹോദരനാണ്. അടിമുടി കലാകാരനായ ആ ബംഗാളി സുഹൃത്തിനും ഒട്ടേറെ പ്രത്യേകതകളുണ്ട്.
കുലീനത എന്ന വാക്കിന്, എന്‍റെ മനസ്സില്‍ ആ സുഹൃത്തിന്‍റെ രൂപമാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലുമുള്ള ഏതു വാക്കും അദ്ദേഹത്തിനറിയും. അസാധാരണമായ ഭാഷാനൈപുണ്യവും അസൂയാവഹമായ പദസ്സമ്പത്തുമായിരുന്നു ഈ ഭാഷകളില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. ആ വിരലുകളില്‍ ദൈവം ചിത്രങ്ങളായി, ഡിസൈനുകളായി ജീവിച്ചിരുന്നു. വാസ്തുവിദ്യ പഠിച്ച ആര്‍ക്കും വീടു വരയ്ക്കാനാവും.. അല്‍പം ശ്രദ്ധിച്ചാല്‍ തെറ്റില്ലാത്ത കൊള്ളാവുന്ന ഡിസൈനുകള്‍ ചെയ്യാനുമാവും. എന്നാല്‍ സുവര്‍ണയുടെ സഹോദരന്‍ വരയ്ക്കുന്ന വീടുകളില്‍, ചെയ്യുന്ന ഡിസൈനുകളില്‍, കുറ്റങ്ങളും കുറവുകളുമില്ലെന്നു മാത്രമല്ല , ഈശ്വരന്‍ ആഹ്ലാദത്തോടെ പുഞ്ചിരിക്കുന്നതും, തറയുടെയും ചുവരുകളുടേയും മേല്‍ക്കൂരയുടേയും താളമായി ലയമായി ആ പുഞ്ചിരി സ്വച്ഛന്ദം ഒഴുകുന്നതും നമുക്ക് കാണാം..
ദില്ലിയില്‍ എല്ലാ നവംബര്‍ മാസങ്ങളിലും ഇന്‍റര്‍ നാഷണല്‍ ട്രേഡ് ഫെയര്‍ നടക്കാറുണ്ട്. ചെലവ് കുറഞ്ഞ ഗൃഹനിര്‍മ്മാണ രീതികള്‍ അതില്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. ആ സ്റ്റാളുകള്‍ അനവധി വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എന്‍റെ കൂട്ടുകാരന്‍റെ ചുമതലയായിരുന്നു. ആ പ്രദര്‍ശനങ്ങളിലെ ഞങ്ങളുടെ കഠിനാധ്വാനത്തിനു പല വര്‍ഷങ്ങളിലും സ്വര്‍ണമെഡലുകള്‍ ലഭിച്ചിരുന്നു.
ഇരുപതു ദിവസങ്ങളായിരുന്നു പ്രദര്‍ശനങ്ങളുടെ തയാറെടുപ്പിനു വേണ്ടി കിട്ടിയിരുന്നത് . മൂന്നു ഷിഫ്റ്റുകളിലായി നിരന്തരമായി ജോലി ചെയ്തുകൊണ്ടാണ് ആ ജോലി ഞങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നത്. നവംബര്‍ മാസത്തില്‍ ദില്ലി തണുക്കാനാരംഭിക്കും. രാത്രികാലങ്ങളില്‍ ചെയ്യുന്ന സിമന്‍റു പണികള്‍ രാവിലെ ആയാലും സെറ്റ് ആവുകയില്ല. കുമ്മായച്ചാന്ത് വലിയുകയില്ല. പലപ്പോഴും വലിയ ബ്ലോവറുകള്‍ ഉപയോഗിച്ച് വീശി ഉണക്കിയിരുന്നു. എങ്കിലും എല്ലാ പ്രയാസങ്ങള്‍ക്കുമിടയിലും ഒരു ഉല്‍സവം പോലെ സന്തോഷത്തോടെ, വാസ്തുശില്‍പികളും മേസന്മാരും മെയ്ക്കാടു പണിക്കാരും ആ ദിനരാത്രങ്ങള്‍ പ്രഗതി മൈതാനില്‍ ചെലവാക്കുമായിരുന്നു.
നവംബര്‍ 14 നു രാവിലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ആ പ്രദര്‍ശനം സുരക്ഷാക്രമീകരണങ്ങള്‍ക്കായി 13നു അര്‍ദ്ധരാത്രിയ്ക്കു മുന്‍പ് തന്നെ ജോലി പൂര്‍ത്തിയാക്കി സുരക്ഷാഭടന്മാര്‍ക്കായി വിട്ടുകൊടുക്കണമെന്നാണ് നിയമം. എന്നാല്‍ ഒരിക്കലും പണി സമയത്തിനു തീരുകയില്ല. അറ്റന്‍ഷനില്‍ ഫാളിന്‍ ആവുന്ന തോക്കേന്തിയ ഭടന്മാര്‍ക്കു നടുവില്‍ നിന്നുകൊണ്ട് അവസാന മിനുക്ക് പണികള്‍ തീര്‍ക്കാറാണ് എപ്പോഴും പതിവ്.
അന്നു രാത്രി ജോലിക്കാര്‍ക്കെല്ലാമുള്ള ഭക്ഷണം തയാറാക്കുന്നത് എന്‍റെ അനൌദ്യോഗിക ജോലിയായിരുന്നു. കുറേയേറെ ചപ്പാത്തികളും ഒന്നോ രണ്ടോ തരം സബ്ജിയും പുലാവും എന്തെങ്കിലും മധുരവും ( മിക്കവാറും ക്യാരറ്റ് ഹല്‍വ ആയിരിക്കും ) ആണു സ്ഥിരം മെനു. ഞാന്‍ ഭക്ഷണം തയാറാക്കിക്കൊണ്ടു ചെല്ലുന്നത് വലിയൊരു അംഗീകാരവും സ്നേഹവുമായി അവര്‍ കണ്ടിരുന്നു. ജോലി ക്ഷീണവും ഉറക്കവും ഭാരമേറ്റിയ, അവരുടെ കുഴിഞ്ഞ കണ്ണുകളില്‍ സ്ഫുരിക്കുന്ന ആ കൃതജ്ഞത എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അവര്‍ക്കൊന്നും പൊതു മതവും ജാതിയുമായ ദാരിദ്ര്യമൊഴിച്ച് വേറൊരു ജാതിയോ മതമോ ഉണ്ടായിരുന്നില്ല.
അങ്ങനെ ഒരു നവംബര്‍ 13 രാത്രി ഭക്ഷണ സമയമായിരുന്നു..
കുറെ അധികം മല്‍സ്യം വറുത്തതും കുറച്ചു ബീഫ് കട് ലറ്റുമുണ്ടായിരുന്നു അന്നു ചപ്പാത്തിയ്ക്ക് ഒപ്പം... പിന്നെ ബട്ടര്‍ചിക്കന്‍...
പൂര്‍ണ സസ്യഭുക്കുകള്‍ക്കായി മട്ടര്‍ പനീറും മിക്സ്ഡ് വെജിറ്റബിളും..
മധുരത്തിനു സ്ഥിരം ഐറ്റമായ ക്യാരറ്റ് ഹല്‍വ ...
സഹോദരന്‍റെ അനുഗൃഹീതമായ ഡിസൈനുകളിലെ മിനുക്കു പണികാണാനും എല്ലാവര്‍ക്കുമൊപ്പം ആഹാരം കഴിക്കാനുമായി സുവര്‍ണയും വന്നു.
സുവര്‍ണ ഒരു ഭജനും പിന്നെ ഒരു ഗസലും ആലപിച്ച് എല്ലാവരേയും ഹര്‍ഷപുളകിതരാക്കി..
സംഗീതത്തിനു ശേഷം എല്ലാവരും ഭക്ഷണം കഴിച്ചു തുടങ്ങി.. എനിക്കൊപ്പം ഒടുവിലാകാമെന്ന് സുവര്‍ണ സ്വന്തം സഹോദരനും എന്‍റെ കൂട്ടുകാരനും തടിച്ച മീന്‍ കഷണങ്ങളും ചിക്കനും ഒക്കെ പ്രത്യേകം തെരഞ്ഞെടുത്ത് വിളമ്പിക്കൊണ്ട് നല്ല ആതിഥേയയായി ...
കൂട്ടത്തില്‍ പറയട്ടെ , തികഞ്ഞ മാംസഭുക്കായി , മട്ടണും ബീഫും പോര്‍ക്കുമൊക്കെ ഇഷ്ടം പോലെ കഴിച്ചു വളര്‍ന്ന സുവര്‍ണ വിവാഹം കഴിച്ചത് ഒരു പൂര്‍ണ സസ്യഭുക്കായ ഗുജറാത്തി ബ്രാഹ്മണനെയായിരുന്നു. ഗാഢമായ പ്രണയത്തില്‍ അകപ്പെട്ടു പോയ സുവര്‍ണയ്ക്ക് സവാളയും വെളുത്തുള്ളിയും പപ്പായയും പോലെയുള്ള താമസിക സസ്യാഹാരങ്ങള്‍ കൂടിയും ഒഴിവാക്കിക്കൊണ്ടുള്ള ജീവിതത്തെ പറ്റി വലിയ ഉല്‍ക്കണ്ഠയൊന്നും ആ പ്രണയകാലത്ത് തോന്നിയില്ല.
പക്ഷെ, പിന്നീട് സഹോദരനെ കാണാന്‍ തനിയെ വരുമ്പോഴെല്ലാം ബീഫും ചിക്കനും മട്ടനും പോര്‍ക്കും മീനുമെല്ലാം വയറു നിറയെ കഴിച്ച് സ്വന്തം രുചി മുകുളങ്ങളെ ആവുംവിധമെല്ലാം സാന്ത്വനപ്പെടുത്തുമായിരുന്ന സുവര്‍ണയിലെ മാംസഭുക്കിനെ കണ്ട് എനിക്ക് സങ്കടം വന്നിട്ടുണ്ട്. പാവം തോന്നിയിട്ടുണ്ട്.
പ്രണയം ഒരുവളെക്കൊണ്ട് എന്തെല്ലാം ചെയ്യിക്കുന്നുവെന്ന് അപ്പോഴൊക്കെ ഞാന്‍ അതിശയിച്ചിട്ടുണ്ട്.
അന്നത്തെ ആ രാത്രി ഭക്ഷണത്തിനായി മല്‍സ്യം വറുത്തത് ബംഗാളി രീതിയില്‍ നാരങ്ങാ നീരും മഞ്ഞളും ഉപ്പും കടുകു പേസ്റ്റും പുരട്ടിയായിരുന്നു. മലയാളികളെപ്പോലെ ബംഗാളികള്‍ മല്‍സ്യത്തിന്‍റെ തൊലിയും കൊച്ചുകൊച്ചു ചെതുമ്പലുമൊന്നും അങ്ങനെ നീക്കം ചെയ്യാറില്ല. എപ്പോഴും വെള്ളത്തില്‍ ജീവിക്കുന്ന നല്ല വൃത്തിയുള്ള മല്‍സ്യത്തിനെ ഇത്ര അധികം ഉരച്ചു തൊലി കളയുന്നതും കഴുകുന്നതുമെല്ലാം എന്തിനാണെന്ന് ബംഗാളി ചോദിക്കും.
മല്‍സ്യം ഇഷ്ടമാണെങ്കിലും മലയാളിയായ എന്‍റെ കൂട്ടുകാരനു മീനിന്‍റെ തൊലിയോട് അകല്‍ച്ച ഉണ്ടായിരുന്നു. അതുകൊണ്ട് ഭക്ഷണം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പ്ലേറ്റില്‍ മീന്‍ മുള്ളും തൊലിയും ബാക്കി വന്നു.
സ്വന്തം സഹോദരന്‍റെ പ്ലേറ്റില്‍ അവശേഷിച്ച ചിക്കന്‍ തരികള്‍ നുള്ളിത്തിന്നുന്നതിനിടയില്‍ എന്‍റെ കൂട്ടുകാരന്‍റെ പ്ലേറ്റിലും സുവര്‍ണയുടെ കണ്ണുകള്‍ എത്തി.
‘ ഇത്ര നല്ല ഭക്ഷണം ഇങ്ങനെ ചുമ്മാ കളയുകയോ’ എന്ന് സുവര്‍ണ എന്‍റെ കൂട്ടുകാരനെ കണ്ണുരുട്ടിക്കാണിച്ചു . എന്നിട്ട് ആ മീന്‍ തൊലിയെടുത്തു സ്വാദോടെ ചവയ്ക്കുന്നതിനിടയില്‍ എന്നോട് പറഞ്ഞു...
‘ ക്യാ ഖുശ്ബൂ.. ഹേ നാ.. മച്ഛി, ബീഫ്, ചിക്കന്‍ സബ് കോ ക്യാ ഖുശ്ബൂ ഹെ! മുഝേ വോ ഖുശ്ബൂ ബഹുത് അച്ഛാ ലഗ്താ ഹേ ! ‘
(എന്തൊരു സുഗന്ധം! മല്‍സ്യത്തിനും ബീഫിനും ചിക്കനുമെല്ലാം എന്തൊരു സുഗന്ധമാണ്. എനിക്ക് ആ സുഗന്ധം വളരെ നന്നായി തോന്നുന്നു.)
സ്വന്തം സഹോദരന്‍റെ പ്ലേറ്റില്‍ ബാക്കി വന്നത് കഴിച്ച് വെടിപ്പാക്കിയതു പോലെ എന്‍റെ കൂട്ടുകാരന്‍റെ പ്ലേറ്റും സുവര്‍ണ വെടിപ്പാക്കുമെന്ന് ഞാന്‍ തീരേ പ്രതീക്ഷിച്ചില്ല എന്നതാണ് വാസ്തവം.
സുവര്‍ണയ്ക്ക് മറുപടിയായി എല്ലാ വിഭവങ്ങളും പ്ലേറ്റില്‍ വിളമ്പി, ഒരു അമ്മയുടെ വാല്‍സല്യത്തോടെ ഞാന്‍ ക്ഷണിച്ചു ..
‘ സുവര്‍ണ വരൂ , വയറു നിറയെ കഴിക്കു.’
ഭക്ഷണത്തിന്‍റെ പേരില്‍ തര്‍ക്കങ്ങളുണ്ടാക്കുകയും വെറുതേ വാദിച്ചു കഷ്ടപ്പെടുകയും അങ്ങനെ താന്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ മാത്രം ശ്രേഷ്ഠത ഉച്ചൈസ്തരം പ്രഖ്യാപിക്കുകയും ചെയ്യുന്നവരെ കാണുമ്പോള്‍, അവരെപ്പറ്റി വായിയ്ക്കുമ്പോള്‍, എല്ലാം ഞാന്‍ സുവര്‍ണയെ ഓര്‍ക്കും..
ഒപ്പം ആ മീന്‍തൊലിയേയും ആ നവംബര്‍ രാത്രിയേയും.....