Tuesday, July 31, 2018

മടവൂര്‍പ്പാറ

                                       
https://www.facebook.com/echmu.kutty/posts/877612562418039
        
                                        

ഈയിടെയായിട്ട് ഉരുണ്ടുപിരണ്ട് വീഴല്‍ അല്‍പം കൂടുതലാണ്. വീഴുക.. വാരിയെല്ലിലും മറ്റും ഹെയര്‍ ലൈന്‍ ക്രാക് വരിക, കാലിലും മുട്ടിലും ലിഗമെന്‍റ് ഇന്‍ജ്വറി ആവുക, ഉണ്ണിയപ്പം പോലെ മിനുസത്തില്‍ നീരു വരിക ഇങ്ങനൊക്കെയാണ് ഇപ്പോള്‍ ജീവിതം. വീട്ടിനുള്ളില്‍ കുറെ സമയം കഴിച്ചു കൂട്ടുമ്പോള്‍ എനിക്ക് മനസ്സിനു സഹിക്കാനാവാത്ത വിഷമം വരും. അടങ്ങിയൊതുങ്ങി കുടുംബത്തിരുന്നോണം എന്ന സിനിമകളില്‍ കേട്ടു പരിചയിച്ചിട്ടുള്ള ആണ്‍ശാസനയും അതനുസരിച്ചുള്ള ഇരിപ്പും എന്നെ ഭ്രാന്തിലേക്കെത്തിക്കുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ചുവരുകളും മേല്‍പ്പുരയും ഒക്കെ എന്നെ എപ്പോഴും ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. പലതരം പീഡനങ്ങള്‍ മുറികള്‍ക്കുള്ളില്‍ സഹിക്കേണ്ടി വന്നതുകൊണ്ടാകാം എനിക്ക് അടഞ്ഞ ഇടങ്ങളെ പേടിയാണ്. എ ടി എം മുറികളില്‍ തനിച്ച് ഞാന്‍ പോവില്ല. അത്തരം ഭീതിയുണര്‍ന്നാല്‍ പിന്നെ വാതിലടച്ച് ഇറങ്ങി നടക്കുക മാത്രമാണ് വഴി. ചിറകുണ്ടായിരുന്നെങ്കില്‍ ഇഷ്ടമുള്ളിടത്തേക്ക് പറക്കാമായിരുന്നുവെന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചു പോയിട്ടുണ്ട്.
      
                                           

അങ്ങനെ അലഞ്ഞു തിരിയുമ്പോഴാണ് ഞാന്‍ മടവൂര്‍പ്പാറയെ പറ്റി കേട്ടത്. തിരുവനന്തപുരത്തെ പോത്തന്‍കോടിനും ചെമ്പഴന്തിയ്ക്കും ഇടയിലാണ് മടവൂര്‍പ്പാറ.
                                         

കാലു വയ്യെങ്കിലും വീടിനടുത്തുള്ള മടവൂര്‍പ്പാറ വരെ പോയി വരാമെന്ന് ഒരു അലച്ചിലില്‍ ഞാന്‍ തീരുമാനിച്ചു. പണ്ട് ജൈന ബുദ്ധ സന്യാസിമാരുടെ താമസസ്ഥലവും ( എന്നുവെച്ചാല്‍ ഒരു ആയിരത്തി മുന്നൂറുകൊല്ലം പഴക്കം കാണും. )പിന്നീട് ശിവക്ഷേത്രവുമായി പരിണമിച്ച ഗുഹാക്ഷേത്രമാണ് ഇന്നത്തെ മടവൂര്‍പ്പാറ. ഒരു വശം മുഴുവന്‍ റബര്‍ പ്ലാന്‍റേഷനാണ്. മറുവശം കാടും. കാടെന്നു പറഞ്ഞാല്‍ അങ്ങനെ ഭീകര കാടൊന്നുമല്ല...
മൃദുലമായ ഒരു പാവം പാവം കാട്. 1960 ലാണ് ക്ഷേത്രത്തെ നമ്മുടെ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്‍റ് ഏറ്റെടുത്തത്.

ശിവക്ഷേത്രത്തിലേക്ക് ധാരാളം ചവിട്ടുപടികളുണ്ട്. പാറയില്‍ കൊത്തിയതും അല്ലാത്തതുമായ ചവിട്ടുപടികള്‍ . ഗുഹാക്ഷേത്രത്തെ ഉള്ളിലൊതുക്കിക്കൊണ്ട് പടുകൂറ്റനായ ഒരു പാറ വിരിഞ്ഞ മാറും കാട്ടി നില്‍ക്കുന്നത് രോമാഞ്ചമുളവാക്കുന്ന ഒരു ദൃശ്യമാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം മുന്നൂറടി ഉയരത്തിലാണിത്. ക്ഷേത്രത്തിനോടനുബന്ധിച്ച് ഒരു ഓഫീസുണ്ട്. അവിടെ ആളുണ്ടായിരുന്നു. പാറയുടെ വശത്തിലൂടെ മെല്ലെ നടന്നാല്‍ ഏറ്റവും മുകളിലെത്താമെന്നും അവിടെ നിന്ന് നോക്കിയാല്‍ തമ്പാനൂരും അറബിക്കടലും തിരുവനന്തപുരത്തിന്‍റെ കടുമ്പച്ചപ്പും കാണാമെന്നും അദ്ദേഹം പറഞ്ഞു. സൂര്യാസ്തമയം അലൌകികമായ ഒരു ദൃശ്യമായിരിക്കുമെന്ന് ഞാന്‍ അപ്പോള്‍ മനക്കണ്ണില്‍ കണ്ടു.

റബര്‍ക്കാടിനടുത്ത് ഉയരത്തില്‍ ഒരു കുളമുണ്ട്. ഗംഗാതീര്‍ഥം എന്ന് പേര്... പാറയില്‍ നിന്ന് ഒഴുകി വരുന്ന കൊച്ചരുവികള്‍ വന്നു ചേരുമ്പോള്‍ മഴക്കാലത്ത് കുളം നിറയുമായിരിക്കും.

ഗുഹാക്ഷേത്രത്തില്‍ വട്ടെഴുത്തിലെഴുതിയ ഒരു ശിലാലിഖിതമുണ്ട്. ഏ ഡി 830 ലെഴുതപ്പെട്ട ഒരു ലിഖിതമാണത്. ക്ഷേത്രം അടച്ചിരിക്കയായിരുന്നു.

പിന്നെയും പോകുമ്പോള്‍ കിഴക്കു ഭാഗത്തായി പാറ പതിയെ പരന്ന് വരുന്നതു കാണാം. അവിടെ കുട്ടികള്‍ക്കായി ഒരു പാര്‍ക്കും കളിസ്ഥലവും ഉണ്ട്. പാര്‍ക്ക് വഴി വരികയാണെങ്കില്‍ പടി കയറുന്ന ആയാസം ഒഴിവാക്കാം. അവിടെ നിന്ന് നോക്കുമ്പോള്‍ ദൂരെ ദൂരെ തെങ്ങിന്‍ തലപ്പുകള്‍ ഊഞ്ഞാലാടുന്നതിനിടയില്‍ വീടുകളും ഫ്ലാറ്റുകളും ഉയര്‍ന്ന് നില്‍ക്കുന്നത് ഭംഗിയുള്ള ഒരു കാഴ്ചയാണ്.
                                              

അമ്പതു മീറ്റര്‍ ഉയരം കൂടി കയറാന്‍ പാകത്തിലൊരു മുളപ്പാലം അവിടെയുണ്ട്. അതാണ് മലയുടെ ഏറ്റവും ഉയര്‍ന്ന ഇടം. അതിര്‍ത്തി വേലിയും ഒരു മുളങ്കുടിലും കാണാം. കാലിന്‍ ചുവട്ടില്‍ അലൌകിക സൌന്ദര്യവുമായി തിരുവനന്തപുരം നഗരം... അങ്ങു തമ്പാനൂര്‍ വരെ കാണാന്‍ പാകത്തില്‍ . പിന്നെ ചക്രവാളത്തിനതിരിടുന്ന അറബിക്കടല്‍. .... സൂര്യന്‍ പതുക്കെ എന്നാല്‍ പിന്നെ കാണാം എന്ന മട്ടിലൊരു പിന്‍ വാങ്ങല്‍ മൂഡില്‍.... എനിക്ക് എന്തിനെന്നറിയാത്ത ഒരു സമാധാനം തോന്നി അന്നേരം.

എന്‍റെ സമാധാനങ്ങളും അങ്ങനെയാണ്... വരുന്നത്ര വേഗത്തില്‍ എന്നോട് യാത്ര പറഞ്ഞു പോകും... ഞാന്‍ പിന്നെയും അതിനെ തേടി അലയും...

Monday, July 30, 2018

എല്ലോറയില്‍ നിന്ന് ഖുല്‍ദാബാദ് വഴി...

https://www.facebook.com/groups/yaathra/permalink/677644015658989/
                                        

എല്ലോറ ഗുഹകള്‍ കാണാന്‍ ഞാന്‍ രണ്ടു പൂര്‍ണ ദിവസങ്ങള്‍ ചെലവാക്കി.
മുപ്പത്തിനാലു ഗുഹകളും പാര്‍ശ്വനാഥന്‍റെ അമ്പലവും
ഘൃഷ്ണേശ്വര ശിവന്‍റെ അമ്പലവും
ദോ ഖംബയും മാലിക് അംബറിന്‍റെ ശവകുടീരവും ...
അങ്ങനെ എല്ലാം ..

അജന്തയും എല്ലോറയും ഞാന്‍ കുട്ടിയായി ജീവിച്ചു വളര്‍ന്ന, എനിക്ക് നല്ല പരിചയമുള്ള ഗ്രാമത്തിലെ ഗുഹാക്ഷേത്രത്തെപ്പോലും പലപ്പോഴും പലയിടങ്ങളിലും ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. പഴയ ഹിന്ദു ക്ഷേത്രങ്ങള്‍ എല്ലാം തന്നെ ജൈന ബുദ്ധമത വിഹാരങ്ങളുടെ മേല്‍ ഒട്ടിച്ചെടുത്ത, പലപ്പോഴും ഒന്നും ഒട്ടിക്കുക പോലും ചെയ്യാത്ത ചില പരിഷ്ക്കരണങ്ങള്‍ മാത്രമാണെന്ന് അജന്തയിലെയും എല്ലോറയിലെയും ഗുഹകള്‍ നമ്മോട് വിളിച്ചു പറയുന്നു.
                                                  

അതത് കാലം, അതത് ജനക്കൂട്ടം, അതത് വിശ്വാസം… എന്നിട്ട് അത് കാലാതിവര്‍ത്തിയാക്കിത്തീര്‍ക്കുന്ന അധികാര സമവാക്യം.. മനുഷ്യ കുലത്തിന്‍റെ ആകെ മൊത്തം കഥ ഇത്രയല്ലേ ഉള്ളൂവെന്ന് ഗുഹകളിലെ പൊളിഞ്ഞിളകാന്‍ തുടങ്ങുന്ന ഫ്രെസ്ക്കൊ പെയിന്‍റിംഗുകളും അടരാന്‍ തുടങ്ങുന്ന പാറകളും രൂപപരിണാമത്തിനിടയില്‍ എവിടേയോ അന്യം നിന്നു പോയ കലാരൂപങ്ങളും കണ്ണു ചിമ്മിക്കാണിച്ചു.

വൈകീട്ട് അഞ്ചുമണിയായിരുന്നു. എല്ലോറയില്‍ നിന്ന് ഔറംഗാബാദിലെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍.

ഷെയര്‍ ഓട്ടോയില്‍ പര്‍ദ്ദ ധരിച്ച ഒരു മധ്യവയസ്ക്കയായിരുന്നു എന്‍റെ ഒപ്പമിരുന്നത്. അവരുടെ പല്ലുകള്‍ക്കിടയില്‍ രൂക്ഷഗന്ധമുള്ള പുകയില തിരുകിവെച്ചിരുന്നു. മുംതാസ് എന്നായിരുന്നു അവരുടെ പേര്. ഓട്ടോ ഡ്രൈവര്‍ അവരുടെ അകന്ന ബന്ധത്തില്‍ പെട്ട ഒരു ആങ്ങളയായിരുന്നു. അതിന്‍റെ ഒരു ഗമ അവരുടെ വാക്കുകളില്‍ തുളുമ്പി.

മുംതാസ് ഒരു കല്യാണത്തിന് പോയതായിരുന്നു. അവരുടെ സഞ്ചിയിലുണ്ടായിരുന്ന മിനുങ്ങുന്ന സാരി അവര്‍ എന്നെ കാണിച്ചു, മരുമകള്‍ അമ്മായിക്ക് തന്ന സമ്മാനമാണെന്ന് പറഞ്ഞപ്പോള്‍ അവരില്‍ അഭിമാനം വിടര്‍ന്നു.

ഞങ്ങള്‍ അതിവേഗം കൂട്ടുകാരായി. ഹോട്ടലില്‍ പാര്‍ക്കേണ്ടെന്നും മുംതാസിന്‍റെ വീട്ടില്‍ താമസിക്കാമെന്നും അവര്‍ എന്നെ ക്ഷണിച്ചു. ആവശ്യത്തിനു എരിവും ഉപ്പുമുള്ള ചൂടുകപ്പലണ്ടി കൊറിക്കാന്‍ തന്നു. ഖുല്‍ദാബാദിലാണ് ഔറംഗസീബിന്‍റെ ശവകുടീരമെന്ന് അവരാണെനിക്ക് പറഞ്ഞു തന്നത്. ആ നിമിഷം ഞാനൊരു സ്കൂള്‍ കുട്ടിയായി മാറി.
കുട്ടിയായിരിക്കുമ്പോള്‍ എനിക്ക് ഔറംഗസീബിനെ പേടിയായിരുന്നു. 

                                           

അച്ഛനായ ഷാജഹാനെ തടവിലിട്ട ഔറംഗസീബ് , സ്വന്തം സഹോദരങ്ങളായ ദാരയേയും ഷൂജയേയും നിഷ്ക്കരുണം വധിച്ചു കളഞ്ഞ ഔറംഗസീബ്. ഗുരു തേജ് ബഹാദൂറിന്‍റെ തലവെട്ടിക്കളഞ്ഞ ഔറംഗസീബ്.. എത്രയോ അനവധി ക്ഷേത്രങ്ങള്‍ തകര്‍ത്ത ഔറംഗസീബ്..

ഭയങ്കരനായ ഔറംഗസീബിനെ സ്വപ്നത്തില്‍ കണ്ട് ഞാന്‍ ഭയന്നു നിലവിളിച്ചിട്ടുണ്ട്. ചോരയിറ്റുന്ന വാളുമായി ഏതു നിമിഷവും ആ മുഗള്‍ ചക്രവര്‍ത്തി കടന്നു വരുമെന്ന് ഭയന്നിരുന്ന ചില ബാല്യകാല ദിനങ്ങളുണ്ടായിരുന്നു എനിക്ക്. ചരിത്രപാഠങ്ങളായി ക്രൂരതയുടെ രക്തവര്‍ണമുള്ള ചിത്രങ്ങള്‍ എന്നിലുണ്ടാക്കിത്തന്നതില്‍ ഔറംഗസീബിനു വലിയൊരു പങ്കുണ്ടായിരുന്നു.

രാജാധികാരവും അതിന്‍റെ ക്രൌര്യം നിറഞ്ഞ കിടമല്‍സരങ്ങളും അതിജീവനതന്ത്രങ്ങളും ഒന്നും അറിയാത്ത, മനസ്സിലാവാത്ത ബാല്യകാലത്തില്‍ വരികള്‍ക്കിടയിലെ വായനയൊന്നും എനിക്കാവുമായിരുന്നില്ല. യഥാര്‍ഥത്തില്‍ നാലരയടി ഉയരം മാത്രമുള്ള രാജാക്കന്മാരെയും ചക്രവര്‍ത്തിമാരേയും മറ്റും ആറും ഏഴും അടി ഉയരത്തില്‍ പ്രതിഷ്ഠിക്കുന്നതിന്‍റെയും കടുത്ത ചായക്കൂട്ടുകളില്‍ വരയ്ക്കുന്നതിന്‍റേയും പല തലങ്ങളിലുള്ള കള്ളത്തരങ്ങള്‍ മുതിര്‍ന്നപ്പോഴാണ് എനിക്കല്‍പാല്‍പമായി മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഭരിക്കാന്‍ കഴിവില്ലാത്ത രാജാവിന്‍റെ മുഖം രക്ഷിക്കാന്‍ വില്ലന്മാരായ ദിവാന്മാരുണ്ടാകുന്നതും അയല്‍പ്പക്കരാജ്യങ്ങളുമായി നീണ്ട യുദ്ധം ഏര്‍പ്പാടാക്കുന്നതും സ്ത്രീലമ്പടന്മാര്‍ ഭരിക്കുമ്പോള്‍ ദൈവത്തിന്‍റെ പേരില്‍ സ്ത്രീകളെ വ്യഭിചാരിണികളാക്കുന്നതും ഒക്കെ അധികാരസമവാക്യങ്ങളിലെ അതിവിചിത്രമായ സൂത്രപ്പൂട്ടുകളാണ്. അതിനെയെല്ലാം ചോദ്യം ചെയ്യാനും തച്ചുടയ്ക്കാനും ശ്രമിക്കുമ്പോഴാണല്ലോ അധികാരത്തിന്‍റെ ഇടനാഴികളില്‍ വിപ്ലവങ്ങള്‍ ഗര്‍ജ്ജിക്കുന്നത്. മെല്ലെ മെല്ലെയെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുന്നത്. മാറ്റങ്ങളെ ഭയപ്പെടുന്നവരെല്ലാം എന്നും ചോദ്യം ചെയ്യലിന്‍റെ വിപ്ലവത്തെ നഖശിഖാന്തം എതിര്‍ക്കുക മാത്രമാണ് ചെയ്യുക. .
                                            

ഔറംഗസീബിന്‍റെ കബറിടത്തിനു ഒട്ടും പ്രശസ്തിയില്ല. അതെവിടെ എന്ന് ചോദിച്ചാലും അത്ര പെട്ടെന്ന് ആരും പറഞ്ഞു തരില്ല. ബീബി കാ മക്ബറ കാണാന്‍ പോയപ്പോഴാണ് ഔറംഗസീബിന്‍റെ കബറിടത്തെപ്പറ്റി ഞാന്‍ കേട്ടത്. അത് എല്ലോറ ഗുഹകളിലേക്ക് നയിക്കുന്ന വഴികളിലെവിടേയോ ആണെന്ന് മാത്രമേ അപ്പോള്‍ അറിയാന്‍ കഴിഞ്ഞുള്ളൂ. ആ അറിവിനെ കൂടുതല്‍ വിശാലമാക്കിയത് മുംതാസ് ആണ്.

ഞാന്‍ താല്‍പര്യത്തോടെ അവരോട് സംസാരിച്ചു കൊണ്ടിരുന്നു.

എല്ലോറാ ഗുഹകള്‍ക്കും ദൌലത്താബാദിനും ഇടയ്ക്കാണ് ഔറംഗസീബിന്‍റെ കബറിടമുള്ള ഖുല്‍ദാബാദ്. ഖുല്‍ദാബാദ് എന്ന വാക്കിന്‍റെ അര്‍ഥം സ്വര്‍ഗ്ഗപ്പൂന്തോപ്പ് അല്ലെങ്കില്‍ പറുദീസാതോട്ടം എന്നര്‍ഥമുള്ള റാവ് സ എന്നായിരുന്നു. മുഹമ്മദ് ബിന്‍ തുഗ്ലക് ദില്ലിയില്‍ നിന്ന് തലസ്ഥാനം ദൌലത്താബാദിലേക്ക് മാറ്റിയപ്പോള്‍ ഒരുപാട് സൂഫികളും ദൌലത്താബാദിന്‍റെ പരിസരങ്ങളില്‍ എത്തിച്ചേര്‍ന്നു. അങ്ങനെ ആ സ്ഥലം സൂഫികളുടെ താഴ്വര എന്ന പേരും നേടി.

കുറെ ദര്‍ഗകളുണ്ട് അവിടെ. സര്‍സാരിസര്‍ ഭക്ഷ്, ഷേഖ് ബുര്‍ഹാനുദ്ദീന്‍ ഖാരിബ് ചിഷ്ത്തി, ഷേഖ് സൈനുദീന്‍ ഷിരാസി എന്നീ സൂഫി സന്യാസിമാര്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഖുല്‍ദാബാദിലാണ്.

എന്‍റെ ചോദ്യങ്ങളും മുംതാസിന്‍റെ ഉത്തരങ്ങളും ശ്രദ്ധിച്ച വെളുവെളുത്ത താടിയുള്ള ഒരു മൌലവി ഓട്ടോ കുറച്ചു നേരം നിറുത്തിച്ച് എന്നെ ഖബറിടം കാണിക്കാന്‍ കൊണ്ടുപോകാമെന്നും അഞ്ചു മിനിറ്റ് തികച്ചെടുക്കില്ല ആ സന്ദര്‍ശനത്തിനു എന്നും പറഞ്ഞപ്പോള്‍ ഞാന്‍ അല്‍പം അല്‍ഭുതപ്പെടാതിരുന്നില്ല.
                                         

' ബീബി കാ മക്ബറ അഞ്ചു മിനിറ്റ് കൊണ്ട് കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്‍റെ മക്ബറ കാണാന്‍..' എന്ന് ഞാന്‍ സംശയിച്ച് നിറുത്തിയപ്പോള്‍ മൌലവിയും മുംതാസും ഒരുമിച്ച് പുഞ്ചിരി തൂകി.

അവിടെ ചെല്ലുമ്പോള്‍ മനസ്സിലാകുമെന്ന് മുംതാസ് ആ പുഞ്ചിരി മായാതെ തന്നെ വിശദീകരിച്ചു. ..
                                           
                                         

ഔറംഗസീബ് പണിതുയര്‍ത്തിയ കോട്ടമതിലുകളാല്‍ ചുറ്റപ്പെട്ടതാണ് ഖുല്‍ദാബാദ്. ഏഴു ഗേറ്റുകളും ഒരു വിക്കറ്റ് ഗേറ്റുമുണ്ട് കോട്ടയ്ക്ക്. കോട്ടമതില്‍ കുറേയേറെ ഇടിഞ്ഞു പൊളിഞ്ഞു കഴിഞ്ഞു. മതിലിന്‍റെ വടക്കന്‍ ഗേറ്റിനും തെക്കന്‍ ഗേറ്റിനും ഇടയ്ക്കാണ് ഔറംഗസീബിന്‍റെ ഖബര്‍. ഷേഖ് ബുര്‍ഹാനുദ്ദീന്‍ ചിഷ്ത്തിയുടെ ദര്‍ഗയ്ക്ക് സമീപമാണ് അത്. റോഡില്‍ നിന്നും ചെറിയൊരു കയറ്റത്തിലൂടെയാണ് അവിടെ എത്താന്‍ കഴിയുക. 1760 ലുണ്ടാക്കിയ ഒരു ഡോം നിര്‍മ്മിതിയുള്ള പോര്‍ച്ചിലൂടെ നടന്ന് ഒരു നാലുകെട്ട് ഡിസൈനില്‍ എത്തിച്ചേരുമ്പോള്‍ ഒരു സ്കൂളായും വഴിയാത്രക്കാരുടെ വിശ്രമസ്ഥലമായും ഉപയോഗിക്കപ്പെട്ടിരുന്ന തുറസ്സായ കെട്ടിടങ്ങള്‍ക്കപ്പുറം പള്ളി പ്രത്യക്ഷപ്പെടുന്നു. പള്ളിക്കു മുന്നിലൂടെ ചെറിയൊരു വഴിത്താര.. അതിലൂടെ പോയാല്‍ ഒരു ചെറുമുറ്റം.. ആ മുറ്റത്തിന്‍റെ തെക്കുകിഴക്കേ കോണിലാണ് ഇന്ത്യയുടെ ഭൂരിഭാഗവും കീഴടക്കി ഭരിച്ച ഔറംഗസീബിന്‍റെ നന്നെ വിനീതമായ ശവകുടീരം..                                           

തറയില്‍ നിന്ന് കഷ്ടിച്ച് അരയടി ഉയരമുള്ള ഒരു പ്ലാറ്റ്ഫോം. ഒരു നാലുകാല്‍പ്പുരയുടെ കീഴില്‍... സൂഫി സന്യാസിയായ ഷേഖ് ബുര്‍ഹാനുദ്ദീന്‍റെ ദര്‍ഗ്ഗയുടെ നിഴലില്‍... ഇതായിരുന്നു ആദ്യകാലങ്ങളില്‍ ആ ശവകുടീരം. അതു കണ്ട് വൈസ്രോയി ആയിരുന്ന കഴ്സണ്‍ പ്രഭു ഞെട്ടിപ്പോയി പോലും. അദ്ദേഹത്തിനു തികച്ചും അവിശ്വസനീയമായിരുന്നു ആ കാഴ്ച...

വെളുത്ത മാര്‍ബിളിന്‍റെ ലളിതമായ ജാലികളാല്‍ ചുറ്റപ്പെട്ട് അതിലും ലളിതമായ ഒരു മാര്‍ബിള്‍ത്തറയില്‍.... ആ ശവകുടീരത്തെ ഇന്നത്തെ രൂപത്തിലാക്കിയത് 1911 ല്‍ ഹൈദരാബാദ് നൈസാമായിരുന്നു. അത് കഴ്സണ്‍ പ്രഭുവിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു താനും.

വിശേഷദിനങ്ങളില്‍ ചിത്രത്തുന്നല്‍ ചെയ്ത ഒരു പുതപ്പും ബാക്കി ദിവസങ്ങളില്‍ ഒരു വെള്ളത്തുണിയുമാണ് ഔറംഗസീബിന്‍റെ ശവകുടീരത്തില്‍ കാണപ്പെടുന്ന ഏക അലങ്കാരം..

മതവെറിയനും യുദ്ധക്കൊതിയനും കുടുംബ സ്നേഹമില്ലാത്തവനും അധികാരമോഹിയുമെന്ന് ദുഷ്പേരു കേട്ട ഔറംഗസീബ് ഇത്ര സരളമായ ഒരു ശവകുടീരത്തിലുറങ്ങുന്നത് എന്തുകൊണ്ടാവും? സൂഫിസം പകര്‍ന്നു നല്‍കിയ ആത്മീയതയെ സ്വാംശീകരിച്ചതാവുമോ.. തൊപ്പി തുന്നിയും ഖുര്‍ ആന്‍ പകര്‍ത്തി വിറ്റും മാത്രം കിട്ടുന്ന പണം കൊണ്ട് സ്വന്തം ജീവിതച്ചെലവുകള്‍ നിവര്‍ത്തിക്കണമെന്നും ഖജനാവിന്‍റെ പണം ജനങ്ങളുടെ ആവശ്യങ്ങള്‍ക്കാണെന്നും ഔറംഗസീബിനെ ഇത്ര കര്‍ശനമായി ബോധ്യപ്പെടുത്തിയത് ഈ സൂഫിസത്തിന്‍റെ ധാരയായിരിക്കുമോ..

ആ ലാളിത്യത്തിനു മുന്നില്‍, എല്ലാ നിലയിലും സല്‍പ്പേരു മാത്രം നേടിയിട്ടുള്ള ജനാധിപത്യ ഭരണാധികാരികളുടെ മരണസൂക്ഷിപ്പ് ആഡംബരങ്ങളെക്കുറിച്ചോര്‍ത്തുകൊണ്ട് ഞാന്‍ കുറച്ചു നേരം നിശ്ശബ്ദയായി നിന്നു.

മഗ് രിബ് നമസ്ക്കാരത്തിനു നേരമായിക്കഴിഞ്ഞിരുന്നു.

ബാങ്ക് വിളി മുഴങ്ങി

സ്ത്രീകള്‍ സ്ത്രീകളോട് ഒരിയ്ക്കലും ചെയ്തു കൂടാത്തത് ..

https://www.facebook.com/echmu.kutty/posts/695785240600773

അടിമമനസ്ഥിതിയുള്ളവര്‍ എപ്പോഴും പരസ്പരം കലഹിക്കും. ഇത് ഞാന്‍ പറയുന്നതല്ല. അടിമക്കച്ചവടം ഉഷാറായി നടന്നിരുന്ന കാലത്തും അതിനുശേഷവും അടിമമനസ്സിന്‍റെ ആഴങ്ങളെപ്പറ്റി പഠിച്ച വിവരമുള്ളവര്‍ പറയുന്നതാണ്.

സ്ത്രീകള്‍ ചിലപ്പോള്‍ അങ്ങനെയാകാറുണ്ട്. പുരുഷന്മാര്‍ക്കും ഉണ്ട് അത്തരം കലഹങ്ങള്‍. യഥാര്‍ഥത്തില്‍ സ്ത്രീകള്‍ സ്ത്രീകളോടും പുരുഷന്മാര്‍ പുരുഷന്മാരോടും കലഹിക്കുന്നത് ചില അധികാരസമവാക്യങ്ങളെ മുന്‍നിറുത്തിയാണ് . എല്ലാ കലഹങ്ങളുടേയും അന്ത്യഗോപുരം അധികാരവും, അതുപയോഗിച്ച് മറ്റൊരാളെ എങ്ങനെ നിയന്ത്രിച്ച് നിറുത്താം എന്നതിന്‍റെ ഗവേഷണവുമാകുന്നു. ഗോപുരത്തിന്‍റെ ഏറ്റവും മുകളില്‍ കയറിയതാരായാലും അവരുടേ അധികാരപ്രകടനങ്ങള്‍ ഇനിയും കയറിയെത്താന്‍ സാധിക്കാത്തവരുടെയെല്ലാം മുകളില്‍ പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കും.

സ്ത്രീകളേപ്പറ്റിയാണല്ലോ പറഞ്ഞു തുടങ്ങിയത്.

അവരെ കൂട്ടിലിടുന്ന ആചാരവിചാരവേഷവിതാനങ്ങളോടെല്ലാം സ്ത്രീകള്‍ക്ക് അടങ്ങാത്ത ഭക്തിയും വിശ്വാസവുമാണെന്ന് ബാഹ്യചേഷ്ടകളില്‍ അവര്‍ പ്രദര്‍ശിപ്പിക്കുമെങ്കിലും സ്ത്രീകളുടേതായ അന്തര്‍ലോകത്ത് ഇതിനോടൊക്കെ അവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ടെന്നതാണ് സത്യം. ഈ സത്യം തിരിച്ചറിഞ്ഞാലും ഇല്ലെന്ന് ഭാവിക്കലാണ് , സ്ത്രീകള്‍ക്ക് അതൊക്കെ വലിയ പ്രിയമാണെന്ന് പ്രഖ്യാപിക്കലാണ് പുരുഷനീതി. ഞാനൊരു സ്ത്രീയുടേയും സ്വാതന്ത്ര്യം തടഞ്ഞിട്ടില്ല, എന്‍റെ ഭാര്യ സ്വാതന്ത്ര്യം വേണ്ടെന്ന് , ഞാന്‍ കൊടുക്കുന്ന സ്വാതന്ത്ര്യം മതിയെന്ന് പറഞ്ഞിട്ടുണ്ട് എന്നൊക്കെ തട്ടിമൂളിക്കുന്ന പുരുഷന്മാരെ കാണുമ്പോള്‍ ശരിക്കും ചിരി വരും.

ഭര്‍ത്താവ് മരിച്ച് കിടക്കുകയാണ്. അദ്ദേഹത്തിനു തൊണ്ണൂറോ തൊണ്ണൂറ്റഞ്ചോ വയസ്സായിട്ടുണ്ട്. രോഗിയായിരുന്നതുകൊണ്ട് , വൈധവ്യം കടന്നുവരുമെന്ന് അറിയുമെങ്കിലും അദ്ദേഹം മരിച്ചു എന്ന ഞെട്ടലില്‍ തളര്‍ന്നിരിക്കുന്ന ആ ഭാര്യയോട് സിന്ദൂരവും മറ്റും മായ്ച്ചു കളയാന്‍ പറയുന്നത് കാടത്തമാണ്. അവര്‍ എപ്പോഴെങ്കിലും അതു മായിച്ചുകൊള്ളും. ഇനി അതു മായിച്ചില്ലെങ്കില്‍ തന്നെ അവരുടെ ശരീരത്തില്‍ കടന്നു കയറി മറ്റു സിന്ദൂരവതികളും ആഭരണവതികളുമായ സ്ത്രീകള്‍ എന്തിനു അത് ചെയ്യണം ? എന്തു സംസ്ക്കാരമില്ലായ്മയാണാ പ്രവൃത്തി ?

സ്ത്രീകളില്‍ പലരും അങ്ങനെ ചെയ്യാന്‍ കഴിവുള്ള കഠിനമനസ്ക്കരാണ്. യാതൊരു ആലോചനയും അനുതാപവുമില്ലാതെ മറ്റൊരു സ്ത്രീശരീരത്തിനോട് അങ്ങനെ പെരുമാറാന്‍ വ്യവസ്ഥാവല്‍ക്കരിക്കപ്പെട്ടവരാണ്.

മക്കളില്ലാത്ത സ്ത്രീകളെ ധാരാളം മക്കളെ പെറ്റു പോറ്റിയ മാതൃത്വം തുള്ളിത്തുളുമ്പുന്ന സ്ത്രീകള്‍ പോലും മച്ചി എന്നും മലടി എന്നും വിളിക്കും. അമ്മമാരിലെ അലിവ്, സ്നേഹം, ക്ഷമ, സഹനം ഇതൊന്നും അപ്പോള്‍ കണി കാണാന്‍ കിട്ടില്ല. ധാരാളം പെറ്റവളുടെ അധികാരപ്രമത്തത അവിടെ കൊടിപറപ്പിക്കും.

അതുപോലെയാണ് പുതിയ കാലത്തിലെ പ്രതിഷേധിക്കുന്ന സ്ത്രീകളോടുള്ള വിരോധം. അകത്തെ ലോകത്തില്‍ അടഞ്ഞ ശബ്ദത്തില്‍ സ്ത്രീകള്‍ക്ക് പ്രതിഷേധിക്കുന്നവരോട് ചില്ലറ ആരാധനയും അനുഭാവവും ഒക്കെയുണ്ടെങ്കിലും പുറമേയ്ക്ക് അവര്‍ ഒരു പിന്തുണയും നല്‍കുകയില്ല. തന്നെയുമല്ല പ്രതിഷേധിക്കുന്ന സ്ത്രീകളെ കഴിയാവുന്നത്ര തടയുകയും അപവദിക്കുകയും പ്രതിഷേധസ്വരങ്ങളെ ഒരുതരം അറപ്പിക്കുന്ന വിധേയത്വത്തിന്‍റെ ലജ്ജപുരട്ടി കളിയാക്കിച്ചിരിക്കുകയും ചെയ്യും.

ചരിത്രബോധമുള്ള സ്ത്രീകള്‍ ഒരിയ്ക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണത്. കാരണം അനവധി സ്ത്രീകള്‍ ( തീര്‍ച്ചയായും പുരുഷന്മാരും ) നിരന്തരമായി സമരം ചെയ്ത്, രക്തവും വിയര്‍പ്പും ചിന്തി ജീവന്‍ നഷ്ടപ്പെടുത്തി നേടിത്തന്നതാണ്, പഠിയ്ക്കാനുള്ള, വോട്ടു ചെയ്യാനുള്ള, ജോലി ചെയ്യാനുള്ള സ്വത്തു നേടാനുള്ള , പ്രേമിക്കാനുള്ള, മതവും ജാതിയുമില്ലാതെ കല്യാണം കഴിക്കാനുള്ള.... അങ്ങനെ അനവധി അനവധി കാര്യങ്ങളില്‍ ഇപ്പോഴുള്ള സ്വാതന്ത്ര്യം. അത് പല അളവുകളിലും പരിമിതമാണെങ്കിലും സ്വാതന്ത്ര്യം തന്നെയാണ്. ഇപ്പോള്‍ നടക്കുന്ന സമരങ്ങളുടെ ഫലം നമുക്കല്ലെങ്കില്‍ നമ്മുടെ അടുത്ത തലമുറയ്ക്ക് പ്രയോജനപ്പെടും. ആ വിശ്വാസതീക്ഷ്ണതയെ, സമരസന്നദ്ധതയെ സ്ത്രീകള്‍ ഒരിയ്ക്കലും പരിഹസിക്കാന്‍ പാടില്ല.

യുദ്ധം രാഷ്ട്രീയാധികാരം കൊതിക്കുന്ന ആണിന്‍റെ കളിമാത്രമായിരുന്നു എന്നും. രാജ്യത്തിനും പെണ്ണിനും എപ്പോഴും മുറിവുകളും നഷ്ടങ്ങളും മാത്രം നല്‍കുന്ന ആണ്‍കളി. മതവും ജാതിയും വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം അതുപോലെ ആണിന്‍റെ മാത്രം കളിയാണ്. രാഷ്ട്രീയാധികാരത്തിനെന്നപോലെ പൌരോഹിത്യ അധികാരത്തിനായി കണ്ടുപിടിച്ച ഒരു ആണ്‍കളി. സ്ത്രീകള്‍ രാജ്യസ്നേഹികളും മതാനുയായികളുമാകണം. യുദ്ധമെന്ന ഭീകരതയുള്ള കളി പോലെയല്ല, മൃദുലമെന്നും കൂട്ടത്തിലെ സുരക്ഷിതത്വവുമെന്ന് തോന്നിപ്പിക്കുന്ന മതത്തിന്‍റെ കരാളമായ ആലിംഗനം. രാജ്യസ്നേഹത്തില്‍ സ്ത്രീകള്‍ പരീക്ഷിക്കപ്പെടുന്നത് താരതമ്യേനെ കുറവും മതജാതി വിശ്വാസങ്ങളില്‍ സ്ത്രീകള്‍ പരീക്ഷിക്കപ്പെടുന്നത് വളരെ കൂടുതലും ആകുന്നത് ഈ അധികാരസമവാക്യത്തിന്‍റെ സവിശേഷമായ നിര്‍ദ്ധാരണം നിമിത്തമാണ്.

ഒരു സ്ത്രീയെ വേദനിപ്പിക്കണമെന്ന് , അപവദിക്കണമെന്ന്, ഒറ്റപ്പെടുത്തണമെന്ന് , പാഠം പഠിപ്പിക്കണമെന്നൊക്കെ നമ്മള്‍ സ്ത്രീകള്‍ക്ക് തോന്നുമ്പോള്‍ , അടിമകളുടെ കലഹമനസ്ഥിതി നമുക്കുണ്ടാവരുത്. ഞാനാണ് വ്യവസ്ഥിതിയുടെ ഏറ്റവും നല്ല അടിമയെന്ന് മെഡല്‍ വാങ്ങാനാവരുത് നമ്മുടെ പരിശ്രമം. പകരം നമ്മള്‍ ഇന്നനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങളും നമുക്ക് നേടിത്തന്ന സ്ത്രീകളും പുരുഷന്മാരുമായിരുന്ന സ്വതന്ത്രമനസ്സും സമത്വബോധവുമുള്ളവരുമായിരുന്ന വിപ്ലവകാരികളോട് നന്ദിയുള്ളവരാകാനാവണം നമ്മുടെ പരിശ്രമം.

പുരുഷന്മാര്‍ പലപ്പോഴും എന്നല്ല എപ്പോഴും പുരുഷന്മാരെ ന്യായീകരിക്കും. അതവരുടെ ഉള്ളിലുള്ള ശാരീരിക ഉടമസ്ഥതാബോധത്തിന്‍റെ പ്രതിഫലനമാണ്.

നമ്മള്‍ സ്ത്രീകള്‍ക്ക് നമ്മുടെ ശരീരത്തിനോടെങ്കിലും ഉടമസ്ഥതാമനോഭാവം വളരണം. അപ്പോള്‍ അതേ ശരീരമുള്ള മറ്റൊരുവളെ വേദനിപ്പിക്കാനും അപവദിക്കാനും ഒറ്റപ്പെടുത്താനും പാഠം പഠിപ്പിക്കാനും തുനിയും മുമ്പ് നമ്മള്‍ ഒന്നുകൂടി ആലോചിക്കും.... ഇല്ലേ ?

അങ്ങനെ ആലോചിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ.. എന്‍റെ ആഗ്രഹം.

കോഴിമുട്ട അമേരിക്കേല്‍ക്ക് പോയിരിക്കുന്നു. !!

https://www.facebook.com/echmu.kutty/posts/692106940968603

പഴകി മഞ്ഞച്ച അനവധി വാരികകളും മാസികകളും വീട്ടിലുണ്ടായിരുന്നു, അല്ല ഞങ്ങളുടെ വീടുകളിലുണ്ടായിരുന്നു. എന്നുവെച്ചാല്‍ അമ്മീമ്മയും ഞാനും അനിയത്തിയും പാര്‍ത്തിരുന്ന ഗ്രാമത്തിലെ വീട്ടിലും.. അച്ഛനും അമ്മയും കുഞ്ഞനിയത്തിയും പാര്‍ത്തിരുന്ന ടൌണിലെ വീട്ടിലും.

അമ്മീമ്മയുടെ വീട്ടിലുണ്ടായിരുന്ന പഴയ കുങ്കുമം വാരികകളില്‍ നിന്നാണ് ഞാന്‍ ആദ്യമായി രാമായണം , ആനന്ദക്കുറുപ്പിന്‍റെ ചരിത്രം തിരുത്തിക്കുറിച്ച പത്തു ദിവസങ്ങള്‍, ജൂലിയന്‍ ഫ്യൂച്ചിക്കിന്‍റെ കൊലമരത്തില്‍ നിന്നുള്ള കുറിപ്പുകള്‍,വി ടി നന്ദകുമാറിന്‍റെ വണ്ടിപ്പറമ്പന്മാര്‍, മലയാറ്റൂരിന്‍റെ ദ്വന്ദ്വയുദ്ധം,പി വല്‍സലയുടെ നെല്ല് , വൈക്കം ചന്ദ്രശേഖരന്‍ നായരുടെ വിത്തുകള്‍ ഒക്കെ വായിക്കുന്നത്. ആ പഴകിയ വാരികകളില്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഉത്തരമെഴുതുന്ന ഒരു പംക്തിയുണ്ടായിരുന്നു. അതിലാരോ 'കുറവന്‍ മൂത്താല്‍ കുറുപ്പ് ആകുമോ' എന്നൊരു ചോദ്യം ചോദിച്ചിരുന്നു. അന്ന് ശ്രീ ആനന്ദക്കുറുപ്പ് കുങ്കുമം പത്രാധിപസമിതിയില്‍ ഉണ്ടായിരുന്നു എന്നാണെന്‍റെ ഓര്‍മ്മ. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ മറുപടി' ആനന്ദക്കുറുപ്പിനോട് ചോദിക്കുക 'എന്നായിരുന്നു. ജനയുഗത്തിന്‍റെ പഴയ ലക്കങ്ങളാണ് വാട്ടര്‍ഗേറ്റ് അഴിമതിയെക്കുറിച്ച് എന്നോട് പറഞ്ഞു തന്നത് , വിവി കനകലതയുടേയും കെ എ ബീനയുടേയും റഷ്യന്‍യാത്രകളെ പരിചയപ്പെടുത്തിയത്. അതുപോലെ ഒരു പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു പട്ടാള ഓഫീസറുടെ മകളുടെ കഥ വായിച്ച് ഞാന്‍ മൂന്ന് ദിവസം കരഞ്ഞിട്ടുണ്ട്. അത്ര സങ്കടമായിരുന്നു ആ കഥ. പിന്നെയും ഒരു പട്ടാളക്കാരന്‍റെ കഥയുണ്ടായിരുന്നു, യുദ്ധത്തില്‍ കാല്‍ നഷ്ടപ്പെടുന്ന ഒരാള്‍, ദേവാനന്ദിന്‍റെ ഹിന്ദി പടങ്ങള്‍ കാണുന്ന ഒരു കഥാപാത്രമായിരുന്നു ആ പട്ടാളക്കാരന്‍. അയാള്‍ നാട്ടില്‍ വരുമ്പോള്‍ കെ ആര്‍ വിജയയുടെ പടം കാണാന്‍ പോവുന്നതും മറ്റും ആ കഥയിലുണ്ടായിരുന്നു.

ഇലസ്റ്റ്റേറ്റഡ് വീക് ലി, ബ്ലിറ്റ്സ്, റീഡേഴ്സ് ഡൈജസ്റ്റ് തുടങ്ങിയ ഇംഗ്ലീഷ് വാരികകളും മറ്റ് പല വിദേശ മാസികകളും മറ്റും അച്ഛന്‍റെ ശേഖരത്തിലുണ്ടായിരുന്നു. കുഞ്ഞനിയത്തി കൂടുതല്‍ ഇംഗ്ലീഷ് പാണ്ഡിത്യം നേടാന്‍ അമ്മയുടെ പിച്ചും നുള്ളും അടിയും ഇമ്പോസിഷനും ഉള്‍പ്പെടുന്ന അശ്രാന്തപരിശ്രമത്തോടൊപ്പം ഈ പുസ്തകശേഖരവും കാരണമായിട്ടുണ്ട്.

അവള്‍ക്ക് ഗ്രെറ്റല്‍സ് ചിക്കന്‍ , നീണ്ട മൂക്കുള്ള പിനോഖ്യാ, തംബ് ലീന, സിന്‍ഡര്‍ല, മിക്കി മൌസ്, ഡൊണാള്‍ഡ് ഡക്ക്, ഗൂഫി എന്നിങ്ങനെ കുറേ വിദേശികളെയൊക്കെ നന്നെ കുട്ടിയായിരിക്കുമ്പോഴേ അറിയുമായിരുന്നു. ഈ ഗൂഫിയെ കല്യാണം കഴിക്കണമെന്നും അവള്‍ക്ക് മോഹമുണ്ടായിരുന്നു. ഇവരെപ്പറ്റിയുള്ള കഥകള്‍ ചേച്ചിമാരായ ഞങ്ങളെ കാണുന്ന അവസരങ്ങളില്‍ അവള്‍ പൊടിപ്പും തൊങ്ങലും വെച്ച് ഉഷാറായി വിളമ്പിത്തരും. ഞങ്ങള്‍ വായും പൊളിച്ചിരുന്ന് എല്ലാം തിന്നു രസിക്കും.

കഥകളുടെ രസച്ചരട് പൊട്ടുന്നത് ഞങ്ങള്‍ ചില ചോദ്യങ്ങളുന്നയിക്കുമ്പോഴാണ്. ചില്ലറ അസൂയയും ഉണ്ട് ആ ചോദ്യങ്ങളുടെ പിന്നില്‍. ഒന്നാമത് ഞങ്ങള്‍ വായിക്കാത്ത വിദേശ കഥകള്‍, വായില്‍ കൊള്ളാത്ത വികടപ്പേരുകള്‍, അതൊക്കെ അവള്‍ ചുമ്മാ ഇങ്ങനെ കാച്ചുന്നത് കേട്ടിട്ട് ഒരു പൊറുതികേട്. രണ്ടാമത് അവള്‍ എന്തു വായിച്ചാലും പഠിച്ചാലും ആഫ്റ്റര്‍ ആള്‍ വെറും ഒരു സിമ്പിള്‍ അനിയത്തി മാത്രമല്ലേ അവള്‍ എന്ന ചേച്ചിക്കുശുമ്പ്.

അവള്‍ക്കാണെങ്കില്‍ അത്രയ്ക്കൊന്നും കഥ പറയാന്‍ അറിയില്ല. ഇടയില്‍ ഒരു ചോദ്യം ചോദിച്ചാല്‍ ആകെ കുഴഞ്ഞു മറിയും കാര്യങ്ങള്‍. പിന്നെ എന്തോക്കേയോ കഷ്ടപ്പെട്ട് കുറെ വിശദീകരിക്കുമെങ്കിലും അതൊന്നും ഞങ്ങളുടെ ചോദ്യത്തിനുത്തരമാവില്ല.

അങ്ങനെ ഒരു ദിവസം പച്ച വെല്‍വെറ്റ് ഉടുപ്പിന്‍റെ മടി നിറയെ കറുവടാം എന്ന അരിക്കൊണ്ടാട്ടം ഇട്ട് ഓരോന്നായി കൊറിച്ചുകൊണ്ട് മൊട്ടത്തലയുള്ള കുഞ്ഞനിയത്തി കഥ പറയുകയാണ്. ഇരിക്കുന്നത് കശുമാവിന്‍റെ അല്‍പം ഉയര്‍ന്ന കവരത്തില്‍.... കാലുമാട്ടിയാട്ടി.. ബിസ്കറ്റ് കളര്‍ ഉടുപ്പിട്ട, കുറച്ചു കൂടെ തലമുടിയുള്ള ചേച്ചിമാര്‍ താഴത്തെ കവരത്തില്‍.. അവരും ഉശിരോടെ കാലാട്ടുന്നുണ്ട്. കറുവടാം കൊറിക്കുന്നുണ്ട്.

ആ കഥയില്‍ ഒരു കടല്‍ക്കൊള്ളക്കാരനുണ്ട് . അത് തന്നെ പിറേറ്റ് എന്ന ഇംഗ്ലീഷ് പേരില്‍ അറിയപ്പെടുന്നവന്‍. അവന്‍ ഇന്‍വിസിബിള്‍ മാനിനെപ്പോലെ എന്തോ ദ്രാവകം കുടിച്ച് അപ്രത്യക്ഷനാകും. അതൊന്നും അങ്ങ് മുഴുവന്‍ തലേല്‍ക്കയറിയില്ല. അങ്ങനെ കഷായം കുടിച്ചിരിക്കുമ്പോള്‍ അവള്‍ ഒരു ചോദ്യം ചോദിച്ചു.

'അവന്‍ എവിടെപ്പോയി?'

ഞങ്ങള്‍ക്കുത്തരമില്ല. എവിടെപ്പോയോ ആവോ?

കടല്‍ക്കൊള്ളക്കാരനല്ലേ? ഇഷ്ടം പോലെ കടലല്ലേ പരന്നു കിടക്കുന്നത് ? എങ്ങോട്ട് വേണമെങ്കിലും പോയ്ക്കൂടെ? ചേച്ചിമാര്‍ ഒന്നുമറിയാതെ അന്തംവിട്ട് ഇരിക്കുകയാണ്. അപ്പോള്‍ ശ്ശെ! ഈ ചേച്ചിമാര്‍ക്ക് ഇത്ര ബുദ്ധിയില്ലേ എന്ന മട്ടിലും ഭാവത്തിലും അവള്‍ പൂര്‍ത്തിയാക്കി. ' കോഴിമുട്ട അമേരിക്കേല്‍ക്ക് പോയിരിക്കുന്നു.'

ഞങ്ങള്‍ ചേച്ചിമാര്‍ രണ്ടും കുന്തസ്യാ. കടല്‍ക്കൊള്ളക്കാരന് കോഴിമുട്ട എന്ന പേരു വന്ന കാര്യം തന്നെ ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ലായിരുന്നു. അത് അവള്‍ പറഞ്ഞുമില്ലായിരുന്നു. അവള്‍ സമ്മതിക്കില്ല പറഞ്ഞിട്ടില്ലെന്ന് .. പറഞ്ഞുവെന്ന് ഞങ്ങളും സമ്മതിക്കില്ല.

ആകെ കുഴപ്പമായി.. കശപിശയായി. കണ്ണീരായി .

ഒടുവില്‍ എപ്പോഴത്തേയും പോലെ അമ്മീമ്മ ഇടപെട്ടു. കണ്ണീരൊലിപ്പിച്ച് ഏങ്ങലടിച്ച് അനിയത്തി അമ്മീമ്മയ്ക്ക് കഥ പറഞ്ഞുകൊടുത്തു.
ആ എന്തോ ഒരു ദ്രാവകം കുടിച്ച് അപ്രത്യക്ഷനായപ്പോള്‍ കടല്‍ക്കൊള്ളക്കാരന്‍റെ തലമുടി കൊഴിഞ്ഞു പോയി . തല കോഴിമുട്ട പോലെ മിനുസമായി. പിന്നെ അയാളെ എല്ലാവരും കോഴിമുട്ട എന്ന് വിളിച്ചു പോന്നു. അപ്പോള്‍ കള്ളനായ അയാള്‍ അതുമൊരു തക്കമാക്കി കൂടുതല്‍ കള്ളത്തരങ്ങള്‍ക്കായി അമേരിക്കയിലേക്ക് പോയതാണ്.

അതു ശരി . ഞങ്ങള്‍ തല കുലുക്കി. പിന്നെ വളരെ വേഗം തമ്മില്‍ സ്നേഹമായി.

അമ്മീമ്മ ഒരു പാഠം പഠിപ്പിച്ചു തന്നു. 'മനസ്സിലായില്ലെങ്കില്‍ പിന്നെയും പിന്നെയും ചോദിക്കണം. മനസ്സിലാവാത്തവര്‍ക്ക് പിന്നെയും പിന്നെയും പറഞ്ഞുകൊടുക്കണം. '

ഞങ്ങള്‍ മൂവര്‍ക്കും അത് അന്നു മാത്രമല്ല,പിന്നീടുള്ള ജീവിതത്തിലും ശരിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നുണ്ട്.

ദ ക്രെഡിറ്റ് ഗോസ് ടു ചിംബ്ലു ഒണ്‍ലി .....

https://www.facebook.com/echmu.kutty/posts/691234161055881
                                              

എന്‍റെ അനിയത്തിയുടെ മകള്‍ ചിംബ്ലു കഴിഞ്ഞ ദിവസം എന്നോട് പറയുകയായിരുന്നു.'ബോധമില്ലാതെ കിടക്കുന്നു എന്നൊക്കെ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും നമ്മുടെ അമ്മ കാത്തു കിടന്നത് റാണിയമ്മയെ ഒരു നോക്ക് കാണാനായിരുന്നു.'

ഞാനവളെ സൂക്ഷിച്ചു നോക്കി.

അവള്‍ പറയുന്നത് ശരിയാവുമെന്ന് ആ കണ്ണുകളില്‍ തുളുമ്പുന്ന ആത്മാര്‍ഥത കണ്ടപ്പോള്‍ എനിക്ക് തോന്നി.

അമ്മ പ്രസവിച്ച ഞങ്ങള്‍ മൂന്നു മക്കളേക്കാള്‍ ഞങ്ങളുടെ അമ്മയെ അതിഗാഢമായി പരി പൂര്‍ണമായി സ്നേഹിച്ച കൊച്ചുമോളാണവള്‍. ഒരു ഉപാധിയുമില്ലാതെ അമ്മയെ ശുശ്രൂഷിച്ചവള്‍, അമ്മയെ ശുശ്രൂഷിക്കാനായി മാത്രം വ്രതം പോലെ ഒരു മാസമൊക്കെ വീടു വിട്ട് പുറത്തിറങ്ങാതിരുന്നവള്‍, ഇതിനൊക്കെ എനിക്ക് പകരമെന്തു കിട്ടും എന്ന് തമാശയായി പോലും ചോദിക്കാത്തവള്‍, അവളുടെ പെറ്റമ്മയെ ബാജി എന്നും ഞങ്ങളുടെ അമ്മയെ അമ്മ എന്നും വിളിച്ചവള്‍. പതിനേഴുകാരിയായ അവളോട് എനിക്ക് നിറഞ്ഞ വാല്‍സല്യവും ബഹുമാനവും ആദരവും മാത്രമേയുള്ളൂ.

കഴിഞ്ഞ ഒരു മാസം കൊണ്ട് അവള്‍ പകുതിയായി.. ഇപ്പോഴും ആ കണ്ണുകള്‍ ഇടയ്ക്കിടെ സജലങ്ങളാവുന്നത് ഞാന്‍ കാണുന്നുണ്ട്.

അവള്‍ പറഞ്ഞത് സത്യമാണെന്ന് കുറച്ച് ആലോചിച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കി

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് അമ്മ അവസാനമായി സംസാരിച്ചത്. അത് 'റാണീ, റാണിക്കുട്ടാ... നീയെങ്കേ' എന്നായിരുന്നു. അന്നു രാവിലത്തെ വിമാനത്തിനാണ് അനിയത്തി ദില്ലിക്ക് തിരികേ പോയത്. അതിലധികം നീണ്ട അവധി അവള്‍ക്ക് സാധ്യമാകുമായിരുന്നില്ല. അമ്മയെ ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി 'ഞാന്‍ പോയിട്ടു വരാം അമ്മ' എന്ന് യാത്ര പറഞ്ഞ് ഉമ്മയൊക്കെ കൊടുത്താണ് അവള്‍ പോയത്. പക്ഷെ, അമ്മ അതു മറന്നു പോയിരുന്നു.

ഞാന്‍ അമ്മയെ അക്കാര്യം ഓര്‍മ്മിപ്പിച്ചു. അമ്മ തല കുലുക്കി.

പിന്നെ ഊണുകഴിച്ചു.. ടി വി കണ്ടു, ഉച്ചയ്ക്ക് ഉറങ്ങാന്‍ കിടന്നു. അപ്പോഴാണ് ഒരു മൂന്നരമണിയോടെ അമ്മയ്ക്ക് ഫിറ്റ്സ് ഉണ്ടായത്. ആ നിമിഷം അമ്മയുടെ ബോധം നഷ്ടപ്പെട്ടു. അമ്മ ഐ സി യൂ വിലായി.. അങ്ങനെ ആറുമാസക്കാലം പലവട്ടം ഫിറ്റ്സ് വരികയും ഐ സി യൂവിലാവുകയും ചെയ്തുകൊണ്ടിരിക്കേ തന്നെ അമ്മ മരണവുമായി ഒരു സന്ധിയിലേര്‍പ്പെട്ടു.

അതെ, എന്‍റെ മകള്‍ റാണിയെ ഒരു നോക്കു കണ്ടിട്ടേ ഞാന്‍ വരൂ...

അവള്‍ വന്ന് രണ്ടാംദിവസം അമ്മ പോയി.

അവള്‍ക്ക് ഒന്നേകാല്‍ വയസ്സുള്ളപ്പോള്‍ ചെറിയ അനിയത്തി പിറന്നുകഴിഞ്ഞിരുന്നു. ഞങ്ങള്‍ മൂന്നുമക്കള്‍ തമ്മില്‍ വളരെച്ചെറിയ പ്രായവ്യത്യാസമേ ഉള്ളൂ. ഇടങ്ങഴിയും നാഴിയും ചിരട്ടയും പോലെയുള്ള മൂന്നു മക്കള്‍, സ്വന്തം സഹോദരന്മാര്‍ ഫയല്‍ ചെയ്ത അവസാനിക്കാത്ത കോടതിക്കേസ്സുകള്‍, അച്ഛനുമായുള്ള അതിഭീകരമായ ശാരീരിക കലഹങ്ങള്‍, കേന്ദ്രഗവണ്മെന്‍റിന്‍റെ ഉത്തരവാദിത്തമുള്ള ഉദ്യോഗം, സഹായികളെ ഒരിയ്ക്കലും സ്ഥിരമായി നിര്‍ത്താനാവാത്ത വീട്ടന്തരീക്ഷം. ..

ഈയവസ്ഥയിലാണ് അനിയത്തിയായ റാണിയെ മൂന്നുമാസം അമ്മയുടെ അടുത്ത സുഹൃത്ത് ഡാറി ആന്‍റി കൊണ്ടുപോയി വളര്‍ത്തിയത്.

അമ്മയ്ക്ക് അപാരമായ സങ്കടമുണ്ടായിരുന്നു ആ നിസ്സഹായതയില്‍.. അത് ആരും മനസ്സിലാക്കിയില്ല. അച്ഛന് അങ്ങനൊരു കാരണം കൂടി കിട്ടി അമ്മയുടെ മാതൃത്വത്തെ വിലകുറച്ചു കാണാനെന്ന് മാത്രം..

നേരത്തെ വിശദമാക്കിയ കാരണങ്ങള്‍കൊണ്ടുതന്നെ ഞാനും റാണിയും അമ്മീമ്മയ്ക്കൊപ്പമായിരുന്നു പിന്നീട് വളര്‍ന്നത്. അതുകൊണ്ട് കലശലായ ഉടമസ്ഥതാബോധമാണ് റാണിക്കെന്നോട്. എന്നെ ഈ ലോകത്താരു വഴക്കു പറയുന്നതും അവള്‍ സഹിക്കില്ല. എന്നാല്‍ അവള്‍ക്ക് എന്നെ എന്തും പറയാം. അത് ഞാന്‍ ചോദ്യം ചെയ്യുവാനും പാടില്ല. ചോദ്യം ചെയ്താല്‍ അവള്‍ കാട്ടാന കോപിച്ച് മണ്ണു കുത്തിയിടുന്ന പോലെ പെരുമാറുകയും ഭൂതകാലത്തിലെ പല പല കണക്കുകള്‍ ഉദ്ധരിക്കുകയും ഒടുവില്‍ പ്രളയം പോലെ കണ്ണീരൊഴുക്കുകയും ചെയ്യും.

ഞങ്ങള്‍ രണ്ടുപേരെയും വളര്‍ത്തിയതിന്‍റെ പേരില്‍ അമ്മീമ്മയും വളര്‍ത്താത്തതിന്‍റെ പേരില്‍ അമ്മയും ധാരാളം പഴി കേട്ടു. ഞങ്ങളുടെ അച്ഛനില്‍ നിന്ന്, ഉള്ളവരും ഇല്ലാത്തവരുമായ ബന്ധുക്കളില്‍ നിന്ന്, ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്മാരില്‍ നിന്ന്, അവരുടെ വീട്ടുകാരില്‍ നിന്ന്, ഞങ്ങളില്‍ നിന്നിറങ്ങി വന്ന പുരുഷന്മാരില്‍ നിന്ന്..

അമ്മയുടെ കൊച്ചുമോളെപ്പറ്റിയാണല്ലോ ഞാന്‍ പറഞ്ഞു തുടങ്ങിയത്..

അവള്‍ പുതുതലമുറയിലെ അംഗമാണല്ലോ. സൈക്കിള്‍ പോലും ചവിട്ടാനറിയാതിരുന്ന അവളുടെ അമ്മയെ അതിവിദഗ്ധയായ ആത്മവിശ്വാസിയായ ഒരു ഡ്രൈവറാക്കിയതും അവളാണ്.

ആ കഥ ഇങ്ങനെ . ..

അനിയത്തി ഡ്രൈവിംഗ് പഠിച്ചു.. എറണാകുളം നഗരത്തിലൂടെ കാറോടിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷെ, ലൈസന്‍സ് എടുക്കാനുള്ള പരീക്ഷകളില്‍ എന്നും തോറ്റു തൊപ്പിയിടും. അനിയത്തിയുടെ ഡ്രൈവിംഗ് ടീച്ചര്‍ക്ക് കാര്യം മനസ്സിലായി. എക്സാമാണെന്ന് പറയാതെ വെറും ടെസ്റ്റ് ഡ്രൈവിംഗാണെന്ന് വിശ്വസിപ്പിച്ച് അവര്‍ അനിയത്തിയെ പരീക്ഷയ്ക്ക് കൊണ്ടുപോയി. അവള്‍ പുല്ലുപോലെ ജയിച്ചു.. ലൈസന്‍സ് കൈയില്‍ കിട്ടിയപ്പോഴാണ് അവള്‍ക്ക് ബുദ്ധി ഉദിച്ചത്.

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു.

'ബാജിക്ക് ലൈസന്‍സ് കിട്ടിയല്ലോ. നമുക്ക് തൃശൂര്‍ക്ക് പോകാ'മെന്നായി ചിംബ്ലു. അനിയത്തി എതിര്‍പ്പ് കാണിച്ചുവെങ്കിലും ഒടുവില്‍ വിയര്‍ത്തും പരിഭ്രമിച്ചും ഒക്കെ സ്വന്തം മകളുടെ ആഗ്രഹത്തിനു വഴങ്ങി. എന്നിട്ട് സുഖമായി കാറോടിച്ച് തൃശൂര്‍ വരെ പോവുകയും യാതൊരു അപകടവും കൂടാതെ മടങ്ങി വരികയും ചെയ്തു.

വിവരമറിഞ്ഞപ്പോള്‍ ഞാന്‍ ചിംബ്ലുവിനോട് ചോദിയ്ക്കാതിരുന്നില്ല, നിനക്കെങ്ങനെ ഇത്ര ധൈര്യം വന്നുവെന്ന്.

മറുപടി അതീവ ലളിതമായിരുന്നു.

'കലാമ്മ, ബാജിക്ക് ഈ ഭൂമിയില്‍ ഏറ്റവും വിലപിടിപ്പുള്ള സ്വത്താണ് ഞാന്‍ . ആ ഞാന്‍ ഇടതു വശത്തിരിക്കുമ്പോള്‍ ഷി വില്‍ ബി എക്സ്ട്രാ കോഷ്യസ്, കമ്പ്ലീറ്റ് ലി അലേര്‍ട്ട് ആന്‍ഡ് ഫുള്ളി അറ്റെന്‍ഡീവ്.'

അതെ, ഇന്നെന്‍റെ കുഞ്ഞനിയത്തി അതിവിദഗ്ധയായ ഒരു ഡ്രൈവറാണ്. എത്ര ദൂരം വേണമെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെ അവള്‍ കാറോടിക്കും.

ദ ക്രെഡിറ്റ് ഗോസ് ടു ചിംബ്ലു ഒണ്‍ലി.

Sunday, July 29, 2018

വെട്ടുകല്‍പ്പാറയിന്മേല്‍ വിരിഞ്ഞിറങ്ങുന്ന തിത്തിരി മുട്ടകള്‍a
 
https://www.facebook.com/groups/yaathra/permalink/682518865171504/
 
 
aമരങ്ങളൊന്നുമില്ല.. കുഞ്ഞു കുഞ്ഞു പടര്‍പ്പന്‍ പുല്ലുകള്‍ മാത്രം.. മുകളില്‍ നിന്നൊഴുകിയെത്തുന്ന തെളിനീര്‍പ്രവാഹത്തില്‍ അവിടവിടെ ചെറിയ നീര്‍ തളം കെട്ടലുകള്‍.. ആ നീര്‍ത്തടങ്ങള്‍ക്കു ചുറ്റും പടര്‍ന്ന പുല്ലുകള്‍ക്കിടയില്‍ വെളുപ്പും റോസും നീലയും നിറങ്ങളിലെ കുഞ്ഞു പൂക്കള്‍ ... കാറ്റില്‍ ചാഞ്ഞും ചരിഞ്ഞും വീണ പുരകെട്ടു പുല്ലുകള്‍ ...
                                        


‘നോക്കി നടക്കണം..തിത്തിരി പക്ഷികള്‍ മുട്ടയിടുന്നത് ഈ വെട്ടുകല്ലുകള്‍ക്കും ചരലിനുമിടയിലാണ്. മുട്ടകളുടെ നിറവും ചരല്‍ക്കല്ലുകളുമായി വേര്‍തിരിച്ചറിയാന്‍ കഴിയില്ല.’

കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനായ വാസ്തു ശില്‍പി ഒന്നാന്തരമൊരു പക്ഷിനിരീക്ഷകന്‍ കൂടിയായിരുന്നു. നാടന്‍ വെട്ടുകല്ലില്‍ തീര്‍ത്ത അദ്ദേഹത്തിന്‍റെ മനോഹരമായ വീട്ടില്‍ അനവധി അപൂര്‍വ ഇനം പക്ഷികളുടെ ചിത്രങ്ങളുണ്ടായിരുന്നു.

ഇത് കാസര്‍ഗോഡ് ജില്ല..

എന്‍ഡോസള്‍ഫാന്‍ വിഷ ബാധിതര്‍ക്ക് പുനരധിവാസത്തിനായി പരിശ്രമിക്കുന്നവരുടെ ഒപ്പമായിരുന്നു ഈ യാത്ര...

എന്‍റെ യാത്രകളില്‍ ഞാനെപ്പോഴും ഇങ്ങനെ ഏകാകിയായിത്തീരും. ഒറ്റയ്ക്കുള്ള യാത്രകളില്‍ മാത്രമല്ല ഗ്രൂപ്പ് യാത്രകളിലും ഞാന്‍ തനിച്ചാകാറാണ് പതിവ്.
                                               
ഇനിയും പലവട്ടം തിരികെച്ചെല്ലേണ്ടുന്ന ഒരു വലിയ ചുമതലയിലേക്കാണ് ഞാന്‍ നടന്നു പോയത്. അതുകൊണ്ട് ഞാന്‍ ആരോടും പോട്ടെ എന്നോ പോയിട്ടു വരാമെന്നോ യാത്ര പറഞ്ഞില്ല.
                 
എന്‍ഡോസള്‍ഫാന്‍ സമര സമിതിയില്‍ ഞാനില്ല. വെന്തുരുകലിന്‍റെതായ ആ ജീവിതങ്ങളെപ്പറ്റി
എന്‍മകജെ എന്ന നോവലും കുറെയേറെ പത്ര വാര്‍ത്തകളും അനവധി വാരികകളൂം വായിച്ച പരിചയമേ എനിക്കുള്ളൂ. ആ ഭാഗ്യഹീനരുടെ നീറുന്ന വേദനകളെ ഞാന്‍ നേരിലറിഞ്ഞിട്ടില്ല. അതുകൊണ്ട് അവര്‍ സംസാരിക്കുമ്പോള്‍ ഞാന്‍ വെറുതേ കേട്ടു നില്‍ക്കും. എനിക്കൊന്നും പറയാന്‍ കഴിയില്ല. ഒന്നും പറയാന്‍ അറിയില്ല. വാസ്തുശില്‍പികളുടെ ഒപ്പമാവുമ്പോള്‍ വാസ്തു ശില്‍പിയല്ലാത്തതുകൊണ്ട് അവിടെയും എനിക്ക് വാ തുറക്കേണ്ടതില്ല. വീട്ടമ്മമാരുടെ ഗ്രൂപ്പില്‍ , കുട്ടികളുടേയും കൌമാരക്കാരുടെയും യുവാക്കളുടേയും ഗ്രൂപ്പില്‍ ഒക്കെ.. ഞാനിങ്ങനെ .. അവര്‍ പറയുന്നതെല്ലാം കേട്ടുകൊണ്ട് .. കേള്‍ക്കുക മാത്രം ചെയ്തുകൊണ്ട് ....

എല്ലാവര്‍ക്കും നടുവിലായാലും ഒറ്റയ്ക്കായാലും എന്‍റെ യാത്രകള്‍ എനിക്കെന്നും പ്രിയപ്പെട്ടതു തന്നെ..

ഈ യാത്ര കുറെ സ്ഥലം കാണലും പരിചയപ്പെടലുമായിരുന്നു. ഗവണ്മെന്‍റും അതിന്‍റെ വിവിധയിനം ഡിപ്പാര്‍ട്ടുമെന്‍റുകളും സാധാരണ മനുഷ്യരോട് പുലര്‍ത്തുന്ന അനുതാപമില്ലായ്മയും ക്രൂരമായ അപരിചിതത്വവുമെല്ലാം പലവട്ടം അനുഭവിച്ചറിഞ്ഞിട്ടുള്ളതുകൊണ്ട് എനിക്ക് പ്രതീക്ഷയോ അല്ലെങ്കില്‍ നിരാശയോ ഉണ്ടായിരുന്നില്ല.

മരങ്ങള്‍ കിളുര്‍ക്കാത്ത, ചെങ്കല്‍പ്പാറകള്‍ നിറഞ്ഞ ഒരു ഭൂഭാഗം.. അതിങ്ങനെ നീണ്ടുയര്‍ന്ന് പരന്ന്.. ചിതറി.. ചക്രവാളത്തിന്‍റെ അതിരുകളില്‍ മുരടിച്ചു നില്‍ക്കുന്ന കുറച്ചു പറങ്കിമാവുകള്‍.. അത്ര ആരോഗ്യമൊന്നും തോന്നിപ്പിക്കാത്ത കമ്യൂണിസ്റ്റ് പച്ച.. കൊങ്ങിണിപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ചെറിയ കുറ്റിക്കാടുകള്‍.. ഇവിടെ അധികാരികളായ മനുഷ്യരുടെ ക്രൂരതയും പരിഗണനക്കുറവും ലാഭക്കൊതിയും കൊണ്ട് സ്വന്തം ജീവിതവും അടുത്ത തലമുറകളുടെ ജീവിതവും കൂടി തുലഞ്ഞുപോയ നിസ്സഹായരായ ജനത, എങ്ങനെ ജീവിതം കരുപ്പിടിപ്പിക്കുമെന്ന് എനിക്ക് മനസ്സിലായില്ല. പുനരധിവാസമെന്നാല്‍ വരണ്ട ഭൂഭാഗങ്ങളില്‍ പുതുതായി നിര്‍മ്മിക്കപ്പെടുന്ന കുറച്ചു കെട്ടിടങ്ങള്‍ മാത്രമല്ലല്ലോ. പാകത്തിനുപ്പും എരിവും ചേര്‍ത്ത കശുവണ്ടി കൊറിച്ചു കൊണ്ട് പ്രജാക്ഷേമത്തിനായുള്ള നീണ്ട പര്യാലോചനകള്‍ നടത്തുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച് എന്‍ഡോ സള്‍ഫാന്‍ ബാധിതര്‍ മറ്റ് ഫയലുകള്‍ക്കിടയിലെ ഒരു ഫയല്‍ മാത്രമല്ലേ ആകുന്നുള്ളൂ... അല്ലെങ്കില്‍ അത്രയുമല്ലേ ആകുവാന്‍ കഴിയുകയുള്ളൂ. കെട്ടിടഫയലുകള്‍ കെട്ടിടങ്ങളെപ്പറ്റി മാത്രം പറയും.. രോഗഫയലുകള്‍ രോഗത്തെപ്പറ്റി, ഭക്ഷണഫയലുകള്‍ ഭക്ഷണത്തെപ്പറ്റി… ഇതെല്ലാം ഒന്നിച്ച് പരിഗണിക്കേണ്ടുന്ന വിവിധ തരം മനുഷ്യഫയലുകളെ ശരിയായി വായിക്കാനോ അതില്‍ ഉത്തരവാദിത്തത്തോടെ ഒപ്പു വെയ്ക്കാനോ കശുവണ്ടി കൊറിക്കുന്നവരില്‍ അധികം പേര്‍ക്കും കഴിയുന്നുമില്ല.

തിത്തിരിപക്ഷി എവിടെ നിന്നോ നിറുത്താതെ ചിലച്ചുകൊണ്ടിരുന്നു. സ്ഥലം അനുയോജ്യമല്ലെന്ന് വിളിച്ചു പറയുകയായിരുന്നിരിക്കും.

മുട്ടകള്‍ കാണാനാവുമെന്ന പ്രതീക്ഷയോടെയായിരുന്നു ആ വെട്ടുകല്‍പ്പാറയിലെ എന്‍റെ ഓരോ കാല്‍വെപ്പും..

കാര്യമുണ്ടായില്ല.

മുട്ടയിട്ട് പറന്നകലുന്ന പെണ്‍ പക്ഷിക്ക് മുട്ടകളോട് യാതൊരു ഉത്തരവാദിത്തവുമില്ല. ആണ്‍ പക്ഷിയാണ് വെട്ടുകല്‍പ്പാറയില്‍ അടയിരുന്ന് മുട്ട വിരിയിക്കുന്നത്. മുട്ടകള്‍ക്കടുത്തേക്ക് ആരെങ്കിലും വന്നാല്‍ ദൂരെ പോയിരുന്ന് ചിലച്ച് വന്നവരുടെ ശ്രദ്ധ മുട്ടകളില്‍ നിന്ന് അകറ്റുന്നത്..
                                 
നല്ല റോഡുകളായിരുന്നു അധികവും.. .. അവ പലയിടങ്ങളിലേക്കും എന്നെ കൂട്ടിക്കൊണ്ടു പോയി. വഴിക്കിരുവശവും വിവിധയിനം സസ്യങ്ങളുടെ പച്ച നിറം ഒരു കടലായി തിരയടിച്ചു. കാറ്റിന്‍റെ വിരല്‍ സ്പര്‍ശങ്ങളില്‍ ഇലപ്പച്ചകള്‍ ആനന്ദത്തോടെ കമിഴ്ന്നു വീണു പുളകം കൊള്ളുമ്പോള്‍ ആ പച്ചക്കടലിന്‍റെ വര്‍ണം ഓരോ തിരയിലും മാറിക്കൊണ്ടിരുന്നു. ബാല്യത്തിലേ പരിചയമുള്ള വെള്ളിലത്താളി ‘ അമ്മ കറുത്തത് മോളു വെളുത്തത് മോളെ മോള് ലോക സുന്നരി’ യെന്ന് പാടി, ഒപ്പം ‘ കുട്ടീ, കുട്ടീ’ എന്ന് നീട്ടി വിളിച്ച് തലയാട്ടിക്കാണിച്ചു. കടുംപച്ച നിറത്തിലുള്ള വട്ടയിലകളെ അഹങ്കാരത്തോടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു പലയിടങ്ങളിലും ഉഴുന്നുണ്ടിയെന്നു കൂടി പേരുള്ള തടിച്ചു കൊഴുത്ത വട്ട. പലതരം കാട്ടുവള്ളികള്‍ തമ്മില്‍പ്പിണഞ്ഞ് സ്വന്തം ബലം ലേശമൊരു ഗമ യോടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. വിവിധ വര്‍ണങ്ങളിലുള്ള കൊങ്ങിണിപ്പൂക്കള്‍ നിറുത്താതെ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു..
                       

            
ഇവയ്ക്കെല്ലാമിടയിലൂടെ കര്‍ണാടകയിലേക്കും ഹോസ്ദുര്‍ഗിലേക്കും കാസര്‍ഗോഡിന്‍റെ വിവിധ താലൂക്കുകളിലേക്കുമുള്ള റോഡുകള്‍ കറുത്തു മിനുത്തു കിടന്നു. മഴച്ചാറലില്‍ നനഞ്ഞ് സ്റ്റേറ്റ് ഹൈവേയും നാഷണല്‍ ഹൈവേയും ഒരുപോലെ മിന്നിത്തിളങ്ങി.

വഴിയോര തീറ്റിപ്പണ്ടങ്ങള്‍ ചില പ്രത്യേകമായ പേരുകളോടെയാണ് മുന്നില്‍ നിരന്നത്. ഹോളി ബജ്ജായെന്നൊരു ചൂടന്‍ എണ്ണപ്പലഹാരമായിരുന്നു ആദ്യം. സീരിയെന്ന പേരില്‍ വന്നത് എനിക്ക് നല്ല പരിചയമുള്ള കേസരിയായിരുന്നു. തിരുവനന്തപുരത്തെ ബോളിയാണ് അവിടെ ഹോളിഗെയായി അറിയപ്പെടുന്നതത്രെ.. മധുരമുള്ള കലത്തപ്പവും എരിവുള്ള കലത്തപ്പവും മുളകുപപ്പടവും ഈ യാത്രയില്‍ കിട്ടി.
                                         

       
                                         നീലേശ്വരത്താണ് വിചിത്രമായ ആകൃതിയിലുള്ള ഒരു കുളം കണ്ടത്. മൂന്നോ നാലോ ചതുരങ്ങളെ പരസ്പരം ബന്ധിച്ചുകൊണ്ട് പ്രത്യേകമായി നിര്‍മ്മിച്ചതായി തോന്നിച്ചു ആ കുളം. ബാല്യവും കൌമാരവും കുളത്തില്‍ നിറഞ്ഞു കവിയുന്ന ജലത്തെ ആഹ്ലാദത്തിമിര്‍പ്പോടെ മുങ്ങാംകുഴിയിട്ടും കൈകാലിട്ടടിച്ചും അനുഭവിച്ചുകൊണ്ടിരുന്നു. കുളത്തിന്‍റെ വക്കില്‍ ആ പച്ചച്ച ജലധാരാളിത്തം കണ്ടു നിന്ന എന്നിലേക്ക് അവര്‍ ഇഷ്ടം പോലെ വെള്ളം ചിതറിത്തെറിപ്പിച്ചു. പൊട്ടിച്ചിരിച്ചു.. ‘ഏടുന്നാ ഏടുന്നാ’ എന്ന് പലയാവര്‍ത്തി ചോദിച്ചു.. ആ തെളി നീര്‍ എന്നെയും മോഹിപ്പിക്കാതിരുന്നില്ല.. നീന്തലറിയാത്ത ഞാന്‍ ആ പ്രലോഭനത്തെ മരണം മരണമെന്ന് ജപിച്ചുകൊണ്ട് അനങ്ങിപ്പോകരുതെന്ന് കല്‍പിച്ചു.
                                    


കുളത്തിനപ്പുറത്ത് മൂന്നാലു ഏക്കര്‍ വലുപ്പത്തിലുള്ള ഒരു കാവുണ്ടായിരുന്നു. കാവ് ഭയപ്പെടുത്തുന്ന വിധത്തില്‍ ഇരുണ്ടിരുന്നു. കൊഴുത്തു തെഴു ത്ത കാട്ടുവള്ളികള്‍ പെരുമ്പാമ്പുകളെപ്പോലെ വലിയ മരങ്ങളില്‍ ചുറ്റിപ്പിണഞ്ഞു കിടന്നു. വളര്‍ന്നു മുറ്റിയ വലിയ വലിയ ആലുകള്‍ സ്വന്തം വേരുകള്‍ കൊണ്ട് വഴിക്കപ്പുറത്തു നില്‍ക്കുന്ന മരങ്ങളെപ്പോലും ശ്വാസം മുട്ടിച്ച് ഇല്ലാതാക്കുന്നുണ്ടായിരുന്നു. ജീവിതമേല്‍പ്പിച്ച കഠിനയാതനകളില്‍ നിസ്സഹായരായി കൈയുയര്‍ത്തിക്കരയുന്ന മനുഷ്യരെ ആ മരങ്ങള്‍ ഓര്‍മ്മിപ്പിച്ചു. കാവിനകത്ത് ഒരു ദേവീക്ഷേത്രമുണ്ടായിരുന്നു. മണ്ണമ്പുറത്ത് ഭഗവതി ക്ഷേത്രം. തിമര്‍ത്ത് പെയ്യുന്ന മഴയില്‍ ക്ഷേത്ര ദര്‍ശനം ഒഴിവാക്കുവാനേ കഴിഞ്ഞുള്ളൂ..

എന്‍ഡോസള്‍ഫാന്‍ വിഷബാധിതരായ നിസ്സഹായ മനുഷ്യജന്മങ്ങളെ നേരിട്ട് കണ്ടതാണ് ഈ യാത്രയിലെ ഏറ്റവും ഹൃദയ ഭേദകമായ അനുഭവം. നടക്കാന്‍ കഴിയാത്തവര്‍, എഴുന്നേല്‍ക്കാന്‍ പറ്റാത്തവര്‍, വായില്‍ നിന്ന് സദാ തുപ്പലൊഴുകുന്നവര്‍, ഇരുപതു വയസ്സിലും അഞ്ചു വയസ്സിന്‍റെ ബുദ്ധി കാണിക്കുന്നവര്‍.. ഒന്നു രണ്ട് പേരെ കാണുമ്പോഴേക്കും ഇനി ആരേയും കാണേണ്ടെന്ന് തോന്നിപ്പിക്കുന്ന സങ്കടകരമായ തീവ്ര ദൈന്യം...
                                      


തുടര്‍ച്ചയായി മൂന്നാലു ആണ്‍കുട്ടികളെ ദുരിതബാധിതരായി കണ്ടു കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതം ബാധിക്കില്ലെന്ന ഒരു തീയറി രൂപപ്പെട്ടു വരുന്നത് ഞാന്‍ അല്‍ഭുതത്തോടെയാണ് കേട്ടു നിന്നത്. ആണ്‍കുഞ്ഞുങ്ങളെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും അപ്പോള്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ ദുരിതബാധിതരായ പെണ്‍കുട്ടികളുടെ എണ്ണം സമരസമിതിക്ക് അറിയാമായിരുന്നു. മാത്രമല്ല, തുടര്‍ച്ചയായി രണ്ടു കുഞ്ഞുങ്ങള്‍ ദുരിതബാധിതരാകുമ്പോള്‍ ജീവിതം മടുത്ത് ആ കുഞ്ഞുങ്ങളേയും അവരുടെ അമ്മയേയും ഉപേക്ഷിച്ചു പോകുന്ന അച്ഛന്മാരെപ്പറ്റിയും എന്നാല്‍ ദുരിതബാധിതരായ മക്കളേയും അച്ഛനേയും ഉപേക്ഷിച്ച് പോകാത്ത, ജീവിതം മടുക്കാത്ത അമ്മമാരെപ്പറ്റിയും അപ്പോള്‍ കേള്‍ക്കാനിടയായി.

പതിനൊന്നു ഗ്രാമങ്ങളിലായി ഏകദേശം അയ്യായിരം പേരെ സര്‍ക്കാര്‍ ദുരന്ത ബാധിതരായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനിയും അത്രയും പേര്‍ തിരിച്ചറിയപ്പെടാനുണ്ടെന്ന് സമര സമിതിയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ലഭ്യമാകുന്ന ചെറിയ ചില ആശുപത്രി സഹായങ്ങളെക്കുറിച്ച് സന്തോഷത്തോടെയാണ് ആ പാവപ്പെട്ട ദുരിതബാധിതര്‍ സംസാരിച്ചത്. ഇത്രയുമൊക്കെ സഹായം ലഭ്യമാകുന്നുവല്ലോ എന്ന മട്ടില്‍.. പാവം.. മനുഷ്യര്‍. ഈ അല്‍പ സഹായവുമില്ലാതെ വന്നാല്‍ അനുഭവിക്കുന്ന കൊടും ദൈന്യത്തെ നേരിടുന്നതെങ്ങനെയെന്ന് അവര്‍ നൊമ്പരപ്പെടുന്നുണ്ട്. ആധിയില്‍ വേവുന്നുണ്ട്. എന്നാല്‍ ഈ പാവപ്പെട്ട മനുഷ്യര്‍ക്കായി അനുവദിക്കപ്പെട്ട ചില്ലറ ധനസഹായം പോലും സമയത്തിനും കൃത്യമായും ലഭ്യമാവാറില്ലെന്ന് സമര സമിതിക്ക് അറിയാം.

അതത് ഗ്രാമപഞ്ചായത്തുകളും അതത് വാര്‍ഡുകളിലെ രാഷ്ട്രീയ പാര്‍ട്ടികളും ഒത്തൊരുമിച്ച് ഈ ഗതികെട്ട മനുഷ്യര്‍ക്ക് വേണ്ടി പ്രയത്നിക്കാന്‍ തീരുമാനിച്ചാല്‍.. ഇവരുടെ പുനരധിവാസമെന്നത് വളരെ വേഗം, എത്രയോ കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനാവശ്യമായ രാഷ്ട്രീയ ഇച്ഛാശക്തി എവിടെയുമില്ല...

അധികാരത്തിന്‍റെ അത്യാഗ്രഹവും അനുതാപക്കുറവും തെറ്റു തിരുത്താനുള്ള മനസ്സില്ലായ്മയും എല്ലാറ്റിലും ഉപരിയായ ധാര്‍ഷ്ട്യവും പച്ചപുതച്ച, കിളികള്‍ പാടുന്ന ഈ നാട്ടില്‍ നിസ്സഹായര്‍ക്ക് ദുരിതം ദുരിതമെന്ന് നിലവിളിക്കുന്നു.. 1976 ലെ ഒരു ദുരിതമുഹൂര്‍ത്തത്തില്‍, എന്‍ഡോ സള്‍ഫാന്‍ തുള്ളികള്‍ അവരെ ദ്രവിപ്പിക്കാന്‍ തുടങ്ങിയതു മുതല്‍... എത്രയോ സ്വാതന്ത്ര്യ ദിനങ്ങള്‍ കടന്നു പോയി ...എങ്കിലും ഈ സഹോദരങ്ങളുടെ വേദനകളില്‍ നിന്ന് ഇപ്പോഴും അവര്‍ക്ക് മോചനമുണ്ടായിട്ടില്ല.....

പുല്ല്, ചെടി, മരം, പുണ്യം...

https://www.facebook.com/echmu.kutty/posts/689226987923265

ഒരു ചെടിയെപ്പറ്റിയുള്ള ആദ്യത്തെ ഓര്‍മ്മ, ജയില്‍ ഡോക്ടറുടെ ക്വാര്‍ട്ടേഴ്സിലെ അഴിയിട്ട വരാന്തയില്‍ പടര്‍ന്നു കയറിയിരുന്ന കര്‍ട്ടന്‍ പ്ലാന്‍റിന്‍റേതാണ്. അതിന്‍റെ ഇല ചുരുട്ടി വെറ്റിലയാണെന്ന് സങ്കല്‍പിച്ച് വായിലിട്ടു ചവയ്ക്കുമായിരുന്നു. കയ്പും ചവര്‍പ്പും പടരുമ്പോള്‍ പച്ചനിറമുള്ള തുപ്പല്‍ ആഹ്ലാദത്തോടെ മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പുവാന്‍ ശ്രമിക്കും. ഉറപ്പായും അത് ഇട്ടിരിക്കുന്ന ഉടുപ്പിലോ ഡൈമണ്ട് കട്ടിംഗുള്ള മരയഴികളിലോ മാത്രമേ പതിച്ചിരുന്നുള്ളൂ.

സായിപ്പ് പണിത ആ വീട്ടില്‍ വലിയൊരു പൂന്തോട്ടവും അതിലും വലിയൊരു അടുക്കളത്തോട്ടവും ഉണ്ടായിരുന്നു. ഇളം കാറ്റില്‍ സുഖദമായ സൌരഭ്യമുയര്‍ത്തുന്ന ഒരു പിച്ചകപ്പൂപ്പന്തലും വിവിധനിറങ്ങളിലും തരത്തിലുമുള്ള ഒരുപാട് റോസാപ്പൂക്കളും മത്തു പിടിപ്പിക്കുന്ന മണമുള്ള പാരിജാതവും ആ പൂന്തോട്ടത്തിന്‍റെ അഭിമാനമായിരുന്നു. പിന്നെ ഡക്കോമ, മഞ്ഞയും ഓറഞ്ചും നിറത്തില്‍ കോളാമ്പിപ്പൂക്കള്‍, പവിഴമല്ലി, മഞ്ഞയും ചുവപ്പും റോസും നിറമുള്ള നാട്ടുമല്ലിപ്പൂക്കള്‍, വയലറ്റും വെള്ളയും മഞ്ഞയുമായ നാടന്‍ കനകാംബരങ്ങള്‍, മഞ്ഞയും ഓറഞ്ചുമായ തമിഴ് കനകാംബരങ്ങള്‍, അനവധി മുല്ലത്തരങ്ങള്‍, നന്ത്യാര്‍ വട്ടങ്ങള്‍, അനേക വര്‍ണങ്ങളിലുള്ള ചെമ്പരത്തികള്‍, പിന്നെ ലില്ലിപ്പൂക്കള്‍, ഓര്‍ക്കിഡുകള്‍, മേഫ്ലവര്‍.. പടര്‍ന്നു പന്തലിച്ച വലിയൊരു പൂന്തോട്ടം..

ആ വീട്ടിലായിരുന്നു എന്‍റെ ശൈശവം ,

കൊഴുത്തു പച്ചച്ച വാഴകളും കടുമ്പച്ച കുട പിടിക്കുന്ന ചേനയും വെള്ളത്തുള്ളികള്‍ മനോഹരമായി ഉരുണ്ട് വീഴുന്ന ചേമ്പിലകളും , നീണ്ടു നീണ്ടു പോകുന്ന പയറുവള്ളികളും കൌതുകം പകര്‍ന്നൊരു കാലമായിരുന്നു അത്. ചുകന്ന ചീരയിലകള്‍ ചുമ്മാ കൈയിലിട്ടു തിരുമ്മി മണപ്പിക്കാറുണ്ടായിരുന്നു. ആ മണം ഇപ്പോഴും ഓര്‍മ്മയിലൂണ്ട്. ഇളം വെണ്ടക്കായ് കള്‍ ആരും കാണാതെ പറിച്ച് വായിലിട്ട് ചവയ്ക്കുകയും ചിലപ്പോഴൊക്കെ തുപ്പിക്കളയുകയും ചെയ്തിരുന്നു. വഴുതനങ്ങ വയലറ്റു നിറത്തിലും പച്ച നിറത്തിലും പച്ചനിറത്തിലെ ഡിസൈനുകളോടെയും ചിലപ്പോള്‍ വെളുത്തുമൊക്കെ ജനിക്കുന്നത്, അതിനു തോന്നും പോലെ ഉരുണ്ടും നീണ്ടുമൊക്കെ ഇരിക്കുന്നത് .... അത് എത്ര ശ്രമിച്ചിട്ടും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അത് വഴുതനങ്ങ തന്നെയാണെന്ന് ഉറപ്പിച്ചു പറയുന്ന അമ്മയ്ക്ക് അച്ഛനെപ്പോഴും ചൂണ്ടിക്കാട്ടാറുള്ളതുപോലെ യാതൊരു വിവരവുമില്ലെന്നും ഞാന്‍ കരുതിയിരുന്നു.

അമ്മയ്ക്കൊപ്പമോ വീട്ടുസഹായികള്‍ക്കൊപ്പമോ ചെറീയ ഒരു വട്ടിയും പിടിച്ച് , പച്ചക്കറികള്‍ പറിക്കാനായി പ്രഭാതങ്ങളില്‍ കുഞ്ഞുകാലടികള്‍ പെറുക്കിവെച്ച് ആ അടുക്കളത്തോട്ടത്തില്‍ ഞാന്‍ നടന്നിരുന്നു. ഒരു ഷൂസു പോലെ ചുവന്ന മണ്ണ് അപ്പോള്‍ കാലുകളില്‍ പറ്റിപ്പിടിക്കുമായിരുന്നു. ചാറ്റല്‍ മഴത്തുള്ളികള്‍ ഏല്‍പിക്കുന്ന തണുപ്പും പുലര്‍വേളകളിലെ പല താളങ്ങളില്‍ വീശുന്ന കാറ്റ് പകരുന്ന സുഖവും ഞാനറിഞ്ഞു തുടങ്ങിയത് അവിടെ വെച്ചാണ്.

പിന്നീട് അമ്മീമ്മയുടെ വീട്ടില്‍ ഗോവിന്നന്‍റെയും രാവുണ്ണിയുടെയും കൊത്തും കിളയുമേറ്റ് പതം വന്ന മണ്ണില്‍ വിത്തുകള്‍ മറഞ്ഞു പോകുന്നതും അവയില്‍ നിന്ന് മുളകള്‍ പൊട്ടുന്നതും തികഞ്ഞ അല്‍ഭുതത്തോടെ ഞാനും അനിയത്തിയും കണ്ടു നില്‍ക്കാറുണ്ടായിരുന്നു.

പുല്ലുകളോടും ചെടികളോടും മരങ്ങളോടും സ്വന്തം ബന്ധുക്കളോടെന്ന പോലെ ഒരു സ്നേഹവും അടുപ്പവും അമ്മീമ്മ കാണിച്ചു. ഇവയെല്ലാം സംസാരിക്കുമെന്നും നമ്മുടെ വിശേഷങ്ങള്‍ തിരക്കുമെന്നും അതുകൊണ്ട് ഞങ്ങളും വിശ്വസിച്ചു. പുതിയ ഉടുപ്പുകള്‍ അണിഞ്ഞ് ഭംഗിയില്ലേ എന്ന് ചെടികളോടു ചോദിക്കുന്നതും തിന്ന മധുരപലഹാരങ്ങളെപ്പറ്റിയും എരിവുള്ള ചമ്മന്തിയെ പ്പറ്റിയുമൊക്കെ സംസാരിക്കുന്നതും ഞങ്ങള്‍ കുട്ടികളുടെ പതിവായിരുന്നു. ജെ സി ബോസ് എന്ന ശാസ്ത്രജ്ഞന്‍ സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്ന് തെളിയിച്ച പരീക്ഷണത്തെപ്പറ്റി വായിച്ചപ്പോള്‍ എനിക്ക് വലിയ അല്‍ഭുതമൊന്നും ഉണ്ടായില്ല. എനിക്ക് കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അറിവുള്ള വിശ്വാസമുള്ള ഒരു കാര്യം.... ഇത്ര ബുദ്ധിമുട്ടി തെളിയിക്കാന്‍ മാത്രം എന്താണതിലുള്ളതെന്നും ആര്‍ക്കാണ് അതറിയാത്തതെന്നുമായിരുന്നു എനിക്കപ്പോള്‍ തോന്നിയത്.

നാല്‍പതോളം തെങ്ങും തൈകള്‍ ഉണ്ടായിരുന്നു ആ അരയേക്കര്‍ പറമ്പില്‍. അമ്മീമ്മ രാവിലെ ഉണര്‍ന്ന് , വെള്ളം കോരി കുടങ്ങളില്‍ നിറച്ച് തെങ്ങും തടങ്ങളില്‍ വെച്ചിരുന്നു. കുടത്തില്‍ ഒരു ദ്വാരവും അതില്‍ തിരുകിക്കയറ്റിയ തുണിത്തിരിയും കാണും. ഡ്രിപ് ഇറിഗേഷന്‍ എന്ന ആ പരിപാടിയെപ്പറ്റി നന്നെ മുതിര്‍ന്നതിനു ശേഷം ചില അതിഘോര പരിസ്ഥിതിവാദികള്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അവരാണ് ആ വിദ്യ ആദ്യമായി കണ്ടു പിടിച്ചതെന്ന മട്ടില്‍.... ഇഞ്ചിയും മഞ്ഞളും ക്യാരറ്റിനെപ്പോലെ ഭൂമിക്കടിയിലാണോ ഉണ്ടാവുന്നതെന്ന് അല്‍ഭുതം കൊള്ളുകയും കൂടിയായിരുന്നു അവരപ്പോള്‍.

വീട്ടു പറമ്പില്‍ അഞ്ചാറു തേക്കു മരങ്ങളുണ്ടായിരുന്നു. വീട്ടില്‍ തേക്ക് വളര്‍ത്തിയാല്‍ ഗവണ്മെന്‍റ് കണ്ടുകെട്ടുമെന്ന് ഭയപ്പെടുത്തിയതുകൊണ്ടാണ് അമ്മീമ്മ അത് മുറിപ്പിച്ചത്. ആരാണങ്ങനെ അമ്മീമ്മയെ പേടിപ്പിച്ചതെന്ന് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നില്ല. അമ്മീമ്മയുടെ ഏകാന്തമായ ജീവിതത്തെ ഇത്തരത്തില്‍ പലരും ചൂഷണം ചെയ്തിട്ടുണ്ട്.. തീരെച്ചെറുതും ചിലപ്പോള്‍ അല്‍പം വലുതുമായ കാര്യങ്ങള്‍ക്ക്.

രാസവളങ്ങളോട് അമ്മീമ്മയ്ക്ക് ആദ്യം മുതലേ വലിയ വിപ്രതിപത്തി ആയിരുന്നു. 'അത്ക്ക് ഒരു നാറ്റമിരുക്കെന്നോ, അന്ത പാക്കറ്റ് തൊറന്താലേ കൊമട്ടറതെന്നോ' അറപ്പ് പ്രകടിപ്പിച്ച് അമ്മിമ്മ അത് സദാ ഒഴിവാക്കിപ്പോന്നു. നേര്‍പ്പിച്ച ഗോമൂത്രം, ചാണകം, ശീമക്കൊന്നയുടേയും കമ്യൂണിസ്റ്റ് പച്ചയുടേയും മറ്റും ഇലകള്‍, ഉപ്പ്, കുമ്മായം, കടലപ്പിണ്ണാക്ക് ഇതില്‍ക്കവിഞ്ഞ് ഒരു വളവും അമ്മീമ്മയുടെ അരയേക്കര്‍ പറമ്പില്‍ ഉപയോഗിക്കപ്പെട്ടിരുന്നില്ല.

വീട്ടില്‍ ചില സ്പെഷ്യല്‍ പച്ചക്കറികള്‍ വില്‍ക്കാന്‍ വരുമായിരുന്ന ഔസേപ്പും രാസവളങ്ങള്‍ക്ക് എതിരായിരുന്നു. ഉരുളക്കിഴങ്ങ്, കടച്ചക്ക, കൂര്‍ക്ക, സ്വര്‍ണവര്‍ണമുള്ള മത്തങ്ങ, പിന്നെ നരച്ച കുമ്പളങ്ങ ഇതൊക്കെയായിരുന്നു ഔസേപ്പിന്‍റെ സ്പെഷ്യല്‍ പച്ചക്കറികള്‍. അയാള്‍ പത്തു രൂപ പറഞ്ഞാല്‍ അമ്മീമ്മ അഞ്ചു രൂപ പറയും. പിന്നെ അവര്‍ തമ്മില്‍ തല്ലു കൂടും.

നല്ലോരു തറവാട്ടീപ്പിറന്ന നിങ്ങളു പിച്ചത്തരം പറയരുത് ' ഔസേപ്പ് ചൂടാകും.

അമ്മീമ്മ വിടുമോ?

'ഞാനൊരു പാവം സ്കൂള്‍ ടീച്ചറാ.. എണ്ണിച്ചുട്ട അപ്പം പോലെയുള്ള ശമ്പളാ എനിക്ക് കിട്ടണത്. നിന്‍റെ സ്വര്‍ണക്കുമ്പളങ്ങേം വെള്ളിക്കൂര്‍ക്കയുമൊന്നും വാങ്ങാന്‍ എന്‍റെ കൈയില് കാശില്ല.'

'എറച്ചീം മീനും ഒന്നും കഴിക്കാത്ത ഈ കുട്ട്യോളു പരോശായി വരാ..ങ്ങള് ഇതൊക്കെ എടുത്ത് കൊറച്ച് കാശ് തരോ...ന്നട്ട് ആ കുട്ട്യോള്‍ക്ക് വല്ലതും വച്ച് കൊടുക്കോ.. ഞാന്‍ നടക്കട്ടെ' എന്നാവും ഔസേപ്പ്.

അങ്ങനെ ഒത്തിരി വാഗ്വാദങ്ങള്‍ക്കും ഗേറ്റ് വരെയുള്ള പിണങ്ങിപ്പോകലുകള്‍ക്കും 'ദ്ദി..ദ്ദി.. ഞാന്‍ വല്ല ചീത്തേം വിളിച്ചു പറേം' എന്നൊക്കെയുള്ള ഭയങ്കര ഭീഷണികള്‍ക്കും ഒടുവില്‍ എരിശ്ശേരിയുണ്ടാക്കാനുള്ള മത്തങ്ങയും ഓലനും മുളകുഷ്യവും വെയ്ക്കാനുള്ള നരച്ച കുമ്പളങ്ങയും നാലുമണിക്കാപ്പിക്കൊപ്പം വെളിച്ചെണ്ണയില്‍ വറുത്തു ഉപ്പേരിയാക്കാനുള്ള കടച്ചക്കയും ഒക്കെ ഔസേപ്പ് വരാന്തയില്‍ നിരത്തി വെയ്ക്കും. പിന്നെ പറയും. 'ലേശം ചായ തരോ.. ആ മണ്ട പൊളിയണ വെയിലത്ത് നടന്ന് വന്നതാ.. എന്താ ഒരു വെയില് '

അമ്മീമ്മ ചായ കൊടുക്കും. ചായ കുടിച്ച് , വിയര്‍ത്തു നനഞ്ഞ തലയും തുടച്ച് അമ്മീമ്മ കൊടുക്കുന്ന കാശും മേടിച്ച് 'എന്‍റീശോയേ' എന്ന് വിളിച്ച് ഔസേപ്പ് പതുക്കെ നടന്നു പോകും. അടുത്ത വീടുകളിലേക്ക്..

ഈ ഓര്‍മ്മകളൊക്കെ തലച്ചോറിലെ ആഴങ്ങളില്‍ ഉള്ളതുകൊണ്ടാവണം ദില്ലിയിലെ ഓഫീസ് ക്യാമ്പസ്സിലും ഗുരുഗ്രാമത്തിലെ ചില വഴിയോരങ്ങളിലും രാസവളങ്ങളൊന്നുമില്ലാതെ ഞാന്‍ വെറും നാടന്‍ ചെടികള്‍ നട്ടുപിടിപ്പിച്ചത്.. ആ മരത്തണലുകളില്‍ വിശ്രമിക്കുന്ന തേപ്പുകാരനും പൂക്കള്‍ പറിച്ച് ദൈവങ്ങള്‍ക്ക് ചാര്‍ത്തുന്ന വീട്ടമ്മമ്മാരും എനിക്കു പുണ്യം കിട്ടുമെന്ന് ഇത്തവണയും എന്നോട് പറഞ്ഞത്...

ഈ ജീവിതത്തില്‍ എനിക്ക് കിട്ടിയതെല്ലാം പുണ്യമെന്ന് ഞാന്‍ അവരോട് മന്ദഹസിച്ചതും എന്നിലെ ആ നാട്ടുപച്ചപ്പിന്‍റെ ബലം കൊണ്ടുതന്നെയാവണം …

എന്തൊരു മോഹം

https://www.facebook.com/photo.php?fbid=685950948250869&set=a.526887520823880.1073741826.100005079101060&type=3&theaterഎന്തൊരു മോഹം ..എന്തൊരു ദാഹം .. എന്തൊരു തീരാത്ത തീരാത്ത ശോകം ..

എത്ര ഒതുക്കുമ്പോഴും ഒതുങ്ങാത്തത്..

എത്ര സഹിക്കുമ്പോഴും സഹിക്കാന്‍ വയ്യാത്തത്..

രാത്രികളില്‍ സ്വപ്നമായി കടന്നുവന്ന് വേദനിപ്പിക്കുന്നത്..

എപ്പോഴും കവിളിലൂടെ ഒഴുകുന്ന കാണാക്കണ്ണീര്.. .

ആറടിയിലേറെ ഉയരമായി.. ജീന്‍സും ഷര്‍ട്ട് വെളിപ്പെടുത്തുന്ന ഓപ്പണ്‍ കോട്ടും ഷൂവുമിട്ട് കാണുമ്പോള്‍ , ഓടിച്ചെന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നും … ആ കൈകളില്‍ ഒതുങ്ങി നില്‍ക്കണമെന്നു തോന്നും.. ആ നെഞ്ചില്‍ മുഖമണച്ച് ഹൃദയമിടിപ്പുകള്‍ കേള്‍ക്കണമെന്ന് തോന്നും..

പക്ഷെ, പക്ഷെ...

ഉറുമ്പുകളുടെ പകര്‍ന്നാട്ടങ്ങള്‍എത്ര തരം ഉറുമ്പുകളാണ് നമുക്കു ചുറ്റും.. എത്ര നിറങ്ങളിലും തരങ്ങളിലും പേരുകളിലുമാണ് അവര്‍ അറിയപ്പെടുന്നത്.

നെയ്യുറുമ്പ് മുതല്‍ കട്ടുറുമ്പ് വരെ ..

ചോണനുറുമ്പ് മുതല്‍ പുളിയുറുമ്പ് വരെ ..

അങ്ങനെ അങ്ങനെ അനവധി ജാതികളില്‍ ഉറുമ്പ് എന്ന മതത്തില്‍ പെട്ടവര്‍ എത്രയാണല്ലേ?

ഉറുമ്പിനെ കൊല്ലാന്‍ അനുവാദമുണ്ടായിരുന്നില്ല ചെറുപ്പത്തില്‍ … മഞ്ഞള്‍പ്പൊടി വിതറി ഓടിയ്ക്കാനേ പാടുള്ളൂ. ഗ്ലാസില്‍ മധുരമുള്ളതെന്തു കഴിച്ചാലും അത് അപ്പോള്‍ തന്നെ കഴുകി വെയ്ക്കണം. അതില്‍ ഉറുമ്പ് കയറി അതു മരിയ്ക്കാനിടയാക്കുന്നത് പാപവും തെറ്റുമാകുന്നു. എന്തിലെങ്കിലും ഉറുമ്പ് കയറിയാല്‍ അത് മുറത്തില്‍ പരത്തിയിട്ട് വെയിലത്ത് വെച്ച് ഉറുമ്പിനെ മെല്ലെ മെല്ലെ നുള്ളിക്കളയണം..

കാരണം ഉറുമ്പ് ദൈവസൃഷ്ടിയാകുന്നു. നമ്മെപ്പോലെ ഇവിടെ ജീവിയ്ക്കാന്‍ അവകാശമുള്ള ആള്‍. ഒരുറുമ്പ് കടിച്ചു എന്ന് പറഞ്ഞ് കരയാന്‍ ഒന്നുമില്ല.. കട്ടുറുമ്പ് കടിച്ചാല്‍ പോലും അല്‍പനേരത്തെ കട്ടു കഴപ്പേ ഉള്ളൂ. അതുകൊണ്ട് ഡി ഡി റ്റി എന്ന ഉറുമ്പ് പൊടി എല്ലാവരും ഉപയോഗിക്കുമ്പോഴും അമ്മീമ്മ ഉപയോഗിക്കാറില്ല. അന്നൊക്കെ അമ്മീമ്മയുടെ നിലപാടുകള്‍ വിചിത്രമായി അനുഭവപ്പെട്ടിരുന്നു. പക്ഷെ, ഇപ്പോഴതില്ല.

ഉറുമ്പ് എന്നതൊരു ഭീകരജീവിയാണെന്ന് ഞാനറിഞ്ഞത് അന്ധര്‍ക്കായി ഒരു കെട്ടിടം നിര്‍മ്മിക്കുമ്പോഴായിരുന്നു. അവര്‍ക്ക് അതിനെ കാണാന്‍ കഴിയില്ലല്ലോ. എത്ര വലുതായാലും ചെറുതായാലും. അതുകൊണ്ട് മുഴുവന്‍ കെട്ടിടത്തിന്‍റെയും തറപ്പൊക്കത്തില്‍ സദാ വെള്ളം നിറഞ്ഞുകിടക്കുന്ന ഒരു ചെറിയ കല്‍പ്പാത്തി പിടിപ്പിച്ചു. ആ വെള്ളം നീന്തിക്കടന്ന് ഉറുമ്പുകള്‍ ക്ക് ആ കെട്ടിടത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്നുറപ്പ് വരുത്തി.

എന്‍റെ അമ്മ ബോധശൂന്യയായി കിടക്കുമ്പോള്‍ വായില്‍ നിന്നും മറ്റും വന്നിരുന്ന കൊഴുത്ത സ്രവങ്ങളുടെ ഗന്ധം പിന്തുടര്‍ന്ന് ഉറുമ്പുകള്‍ കിടക്കയിലെത്താറുണ്ടായിരുന്നു. ഒരു ദിവസം അവ അമ്മയെ ഒത്തിരി ഇടങ്ങളില്‍ കടിക്കുകയും ചെയ്തു. മിണ്ടാനാവാത്ത അമ്മയ്ക്ക് ഞങ്ങള്‍ കാണും വരെ, അതെത്ര കുറച്ചു നേരമായാലും ശരി, ആ വേദന സഹിക്കേണ്ടി വന്നു. അന്നു ഞങ്ങള്‍ വല്ലാതെ തകര്‍ന്നു പോയി. ഇത്ര നിസ്സഹായയായി അമ്മയ്ക്ക് കിടക്കേണ്ടി വന്നല്ലോ എന്നോര്‍ത്ത് .... പിന്നെ കട്ടില്‍ക്കാല്‍ക്കല്‍ വെള്ളം നിറച്ച പിഞ്ഞാണങ്ങള്‍ വെച്ച് ഉറുമ്പുകളെ ഞങ്ങള്‍ തോല്‍പ്പിച്ചു.

ഇപ്പോള്‍ എന്‍റെ കൂട്ടുകാരന്‍റെ അമ്മ വീണ് പരിക്കു പറ്റി ആശുപത്രിയിലാണ്. ഭാഗ്യം കൊണ്ട് ഒടിവുകളൊന്നും ഉണ്ടായില്ല. എങ്കിലും മൂക്കിലെ ബ്ലീഡിംഗ് നിരീക്ഷണമാവശ്യമുള്ള വലിയ പ്രശ്നമാണ്. അമ്മയ്ക്ക് ഉറുമ്പ് കടിക്കുന്നുവെന്ന് പറയാനാവും..അപ്പോഴും പച്ചച്ചോരയുടെ ഗന്ധമറിഞ്ഞ് ഉറുമ്പുകള്‍ അമ്മയെ പിന്തുടരുന്നു.. ഞങ്ങള്‍ മാറി മാറി അവരെ നുള്ളിക്കളയുന്നു.

ഉറുമ്പുകള്‍ ഒരിയ്ക്കലും നിസ്സാരക്കാരല്ല... എത്ര വേണമെങ്കിലും വേദനിപ്പിക്കാന്‍ അവര്‍ക്കും കഴിയും..

Saturday, July 28, 2018

വേറിട്ട കാഴ്ചകൾ

ചിത്രത്തിൽ ക്ലിക്കിയാൽ വീഡിയൊ കാണാം
https://www.facebook.com/echmu.kutty/posts/683313295181301
https://www.facebook.com/piyush.abraham/videos/pcb.1581602528521009/1581602455187683/?type=3&theater

OOR Update.

From being thought to be a mad man for collecting everything reusable to being an inspiration to many, my Appan has come a long way.

From making documentaries on inspiring personalities to being on the other end of the camera, Shri Abraham P Kurien has come a long way.

Verritta Kazhchakal, a weekly program on Kairali TV (a leading malayalam channel) that features inspiring ideas and personalities is featuring our OOR and my father in this week's edition.

I have the trailer here for you all. Do let us know about what you think of the program.

The timings of the program is available in the attached poster.

Very soon we will publish an English version of the coverage

Continue to keep us in your prayers.

അന്നദാനമെന്ന പുണ്യം.


https://www.facebook.com/photo.php?fbid=992005424312085&set=a.526887520823880.1073741826.100005079101060&type=3&theaterഇന്നായിരുന്നു ആ ദിവസം .... അങ്ങനെ എല്ലാം തീര്‍ത്ത് ആഹാരവും നല്‍കി ഞങ്ങള്‍ അമ്മയുടെ ക്രിയാകര്‍മ്മാദികള്‍ അവസാനിപ്പിച്ചു. ഇനി എല്ലാവരും സ്വന്തം ജീവിതത്തിന്റെ അലകടലില്‍ തോണികള്‍ തുഴയണം.... അതെവിടെയായാലും എത്ര ക്ലിഷ്ടമായാലും.. ആരുണ്ടെങ്കിലും ഇല്ലെങ്കിലും ..

ഞങ്ങള്‍ക്ക് വേണ്ടി അളവില്ലാത്ത മര്‍ദ്ദനങ്ങള്‍ സഹിച്ച, അപമാനവും നിന്ദയും മാത്രം എന്നും കുടിച്ച, വേദനകളില്‍ പുളഞ്ഞ, കണ്ണില്‍ നിന്നും തീത്തുള്ളികള്‍ ഒഴുക്കിയ, ധനനഷ്ടങ്ങളേയും മാനനഷ്ടങ്ങളേയും ഉള്‍ക്കരുത്തോടെ നേരിട്ട അമ്മയ്ക്ക് മുന്നില്‍ , ഒരു മര്‍ദ്ദനത്തിലും തകര്‍ച്ചയിലും നഷ്ടത്തിലും തലകുനിയ്ക്കാത്ത മക്കളായി ഞങ്ങള്‍ക്ക് നിലനിന്നേ തീരു..

ഞങ്ങള്‍ക്ക് അമ്മയോടുള്ള കടവും കടമയും അങ്ങനെ മാത്രമേ വീട്ടാനായി പരിശ്രമിക്കാന്‍ പറ്റൂ. അതുകൊണ്ടാണ് കുറെ അമ്മമാര്‍ക്ക് അന്നദാനം ചെയ്യാമെന്ന് ഞങ്ങള്‍ തീരുമാനിച്ചതും .

ആ അമ്മമാരൊക്കെ യൂറിന്‍ ട്യൂബ് ശരീരത്തില്‍ ഘടിപ്പിച്ചിരുന്നു. അമ്മയുടെ വാക്കിംഗ് സ്റ്റിക് പിടിച്ച് സുഖമായി നടക്കാനാവുന്നുവെന്ന് പറഞ്ഞ ഒരമ്മ അനിയത്തിമാരുടേ ശിരസ്സില്‍ കൈ വെച്ചനുഗ്രഹിച്ചു.. എല്ലാം നന്നാവും.. എല്ലാം ശരിയാവും എന്ന് പറഞ്ഞു.

ഒരമ്മ ഒന്നെടുത്ത് ഒക്കത്ത് വെയ്ക്കാമോ എന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് അത് സാധിച്ചില്ല.അവരുടെ ശരീരം വല്ലാതെ കുഴഞ്ഞു പോയിരുന്നു. പിന്നൊരമ്മ ഭക്ഷണത്തിനു താങ്ക്യൂ എന്ന് പറഞ്ഞു. അതീവ സുന്ദരിയായ ഒരു അമ്മയുണ്ടായിരുന്നു, പക്ഷെ, അവര്‍ക്ക് സംസാരിക്കാന്‍ കഴിവില്ല. തലച്ചോറിലെ രക്തസ്രാവം അവരെ തീര്‍ത്തും മൌനിയാക്കിയിരിക്കുന്നു.

അനിയത്തിയുടെ മകളെ എല്ലാ അമ്മമാരും പ്രത്യേകം അനുഗ്രഹിച്ചു..

പലവട്ടം കണ്ണുകള്‍ നിറഞ്ഞെങ്കിലും ഞങ്ങള്‍ കണ്ണീരിനെ ബലമായി അകത്തേക്ക് വലിച്ചു, ഗദ്ഗദം തൊണ്ടക്കുഴിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയെങ്കിലും ഞങ്ങള്‍ ഗദ്ഗദത്തെ അതിജീവിച്ചു. ആ അമ്മമാരോടൊപ്പമിരുന്ന് ആഹാരം കഴിച്ചു....

ഞങ്ങളുടെ അമ്മ എവിടെയെങ്കിലും ഇരുന്നു അതൊക്കെ അറിയുന്നുണ്ടാവും.. സന്തോഷിക്കുന്നുണ്ടാവും..

അത്തരമൊരു സുപ്രതീക്ഷയില്‍ ശുഭവിശ്വാസത്തില്‍ ഞങ്ങള്‍ മടങ്ങി..

കാക്കത്തണ്ട്...

https://www.facebook.com/echmu.kutty/posts/677603585752272

അമ്മയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങളിലാണ് ഞാനിപ്പോള്‍.. കുറെ പൂജകള്‍, പ്രാര്‍ഥനകള്‍, വിളക്കു വെയ്ക്കല്‍, രണ്ടു നേരവും കുളി... മന്ത്രങ്ങള്‍ ഉരുവിടല്‍ അങ്ങനെയങ്ങനെ..
അസ്ഥി ഒഴുക്കുവാന്‍ പോയപ്പോള്‍ കാക്കയ്ക്കു നല്‍കാനുള്ള പിണ്ഡവുമുണ്ടായിരുന്നു.

ഇപ്പോള്‍ പരിസ്ഥിതീമലിനീകരണഭീഷണിയുള്ളതുകൊണ്ട് എവിടെ ഒഴുക്കാം എവിടെ പാടില്ല എന്നൊക്കെ കര്‍ശനനിര്‍ദ്ദേശങ്ങള്‍ ഉണ്ട്.. അത് നല്ലൊരു കാര്യമായിത്തന്നെ എനിക്ക് തോന്നി. എല്ലായിടത്തും ചപ്പും ചവറും നിറഞ്ഞ് വൃത്തികേടാവുന്നത് ഒട്ടും നല്ല കാര്യമല്ല.

പിണ്ഡമായ അരിയും എള്ളും ഭക്ഷിക്കാന്‍ ഏറ്റവും അര്‍ഹരായവര്‍ കാക്കബ്രാഹ്മണരാണ്. ബലിയിടുന്ന സ്ഥലങ്ങളിലെല്ലാം ഇവര്‍ക്ക് ഭയങ്കര ഡംഭുമാണ്. ആടുകളേയും പശുവിനേയും ഒക്കെ മനുഷ്യര്‍ ഓടിച്ചു കളയുകയും കാക്കബ്രാഹ്മണരെ കൈ തട്ടി വിളീച്ചു ആദരിച്ച് പിണ്ഡം എടുക്കാന്‍ അപേക്ഷിക്കുകയും ചെയ്യും.

പശൂവും ആടുമൊക്കെ വിശന്നു വലഞ്ഞു നടക്കുകയാണവിടെ.നല്ല ശാപ്പാട് കഴിച്ച് കാക്കകള്‍ പശുവിന്റെ പുറത്തും ആടിന്റെ പുറത്തും ഒക്കെ കയറിയിരുന്നു ഫുള്‍ ഗമയില്‍ സഞ്ചരിക്കുകയും ചെയ്യുന്നു.

അമ്മയുടെ പിണ്ഡം എന്തായാലും വിശന്നു വലഞ്ഞ ഒരു പശു തന്നെ കഴിച്ചു. എന്നിട്ട് അത് ഞങ്ങളെ കൃതജ്ഞതയോടെ നോക്കി. കാരണം ഞങ്ങള്‍ അതിനെ അടിച്ചോടിക്കാനൊന്നും പോയില്ല. അമ്മ പറയുമായിരുന്നു... 'പശിയെടുക്കറവാളുക്ക് ശാപ്പാട് പോടണം.'

ഞങ്ങള്‍ അമ്മയുടെ വാക്ക് പാലിച്ചു.

Friday, July 27, 2018

അമ്മയെന്ന കവചകുണ്ഡലം

https://www.facebook.com/echmu.kutty/posts/675751525937478


ഞങ്ങളുടെ സ്റ്റാറ്റസ് പൂര്‍ണമായും മാറിയിരിക്കുന്നു. ഇപ്പോള്‍ അമ്മീമ്മയും അച്ഛനും അമ്മയും ഇല്ലാത്ത ട്രിപ്പിള്‍ യത്തീമുകളാണ് ഞങ്ങള്‍.

ഇനി ക്രിസ്തുമസ്സ് ഞങ്ങള്‍ക്കെന്നും അമ്മയുടെ ദിവസമായിരിക്കും.. കാരുണ്യവാനായ കര്‍ത്താവ് ഞങ്ങളുടെ വീടിനെ സ്വന്തം ആലയമായിക്കരുതുകയും ആവശ്യങ്ങളില്‍ സഹായവും സങ്കടങ്ങളില്‍ സാന്ത്വനവും തരും. ആ ഉറപ്പുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം സ്വന്തം പിറന്നാള്‍ ദിനത്തില്‍ തന്നെ ഞങ്ങളുടെ ഒരേയൊരു കവചകുണ്ഡലമായ അമ്മയെ ഞങ്ങളില്‍ നിന്ന് അകറ്റിക്കളഞ്ഞത്..

ഡിസംബര്‍ 24നു വൈകീട്ട് ലക്ഷ്മി ഹോസ്പിറ്റല്‍ വിട്ട് അമ്മ വരുമ്പോള്‍ ഇത്തവണയും പരിസരത്തില്‍ പാത്തും പതുങ്ങിയും കാത്തു നിന്ന കണ്ണും വായും ചെവിയുമില്ലാത്ത പിംഗളകേശിനിയെ പറ്റിച്ചു എന്ന് ഞങ്ങള്‍ കരുതി. എന്നാലവള്‍ ഈ ഫ്‌ലാറ്റിലേക്ക് കയറി വന്നത് ഞങ്ങള്‍ കണ്ടിരുന്നില്ല. ഒരു ഡോക്ടറായിരുന്ന ഞങ്ങളുടെ അച്ഛന് അവളുടെ ഗന്ധത്തെ തിരിച്ചറിഞ്ഞു പറയാനുള്ള കഴിവുണ്ടായിരുന്നു. പല രോഗികളേയും കണ്ട് മടങ്ങി വരുമ്പോള്‍ 'ദെയര്‍ വാസ് ദ സ്‌മെല്‍ …ദ സ്‌മെല്‍ ഓഫ് ഡെത്ത് ' എന്ന് അച്ഛന്‍ പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.

ക്രിസ്തുമസ്സിനു രാവിലെ അമ്മയ്ക്ക് പ്രഭാതഭക്ഷണവും മരുന്നും മൂക്കിലെ ട്യൂബിലൂടെ നല്‍കി. ക്രീം പുരട്ടിത്തിരുമ്മി തിളക്കം വരുത്തി. അമ്മയെ കെട്ടിപ്പിടിച്ചു കിടന്ന് 'മാനസനിളയില്‍ പൊന്നോളങ്ങള്‍ മഞ്ജീരധ്വനി മുഴക്കി' എന്ന നൌഷാദിന്റെ ഗാനം കേള്‍പ്പിച്ചു. ധ്വനി അമ്മയ്ക്കിഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു. അതിലെ പ്രേം നസീറിന്റെ ഭാവഹാവാദികള്‍ അച്ഛനുണ്ടായിരുന്നതുകൊണ്ടാവാം . അച്ഛന്റെ അംഗീകാരമായിരുന്നു അമ്മ ജീവിതം മുഴുവന്‍ കൊതിച്ചിരുന്നത്. അത് ഒരു കാരണവശാലും കൊടുക്കുകയില്ലെന്ന് അച്ഛന്‍ വാശിപിടിച്ചു. അമ്മയുടെ കഠിന പരിശ്രമങ്ങള്‍ക്കും അച്ഛന്റെ ദുര്‍വ്വാശിക്കുമിടയില്‍ കൊഴിഞ്ഞടര്‍ന്നത് ഞങ്ങളുടെ ജീവിതമായിരുന്നു.

പിന്നീട് ഉച്ചഭക്ഷണവും മരുന്നും നല്‍കി. അമ്മ അപ്പോഴെല്ലാം ആഴത്തില്‍ ശ്വാസമെടുത്തിരുന്നു. തുടര്‍ച്ചയായി മലവിസര്‍ജ്ജനം ചെയ്തുകൊണ്ടിരുന്നു. ഞങ്ങള്‍ അതെല്ലാം വൃത്തിയാക്കുകയും 'ഉം, അപ്പീട്ട് കളിക്യാണല്ലേ, വതി അതി പെത ' എന്ന് കളിപ്പിക്കുകയും അമ്മയെ കൊഞ്ചിക്കുകയും പുന്നാരിക്കുകയും അമിതാബ് ബച്ചന്റെ പാട്ടുകള്‍ കേള്‍പ്പിക്കുകയും ചെയ്തു. അതിനിടയിലാണ് നാലുമണി കഴിഞ്ഞ് പന്ത്രണ്ട് മിനിറ്റായപ്പോള്‍ ആഴത്തിലുള്ള ഒരു ശ്വാസത്തോടെ മനോജ്ഞമായ ആ വലിയ കണ്ണുകള്‍ അമ്മ അടച്ചത്. ഒരു പൂവ് കൂമ്പും പോലെ.. തൊട്ടാവാടിയില വാടുമ്പോലെ... വിളക്ക് പൊടുന്നനെ കെടും പോലെ.. ഉറക്കത്തില്‍ ഒരു സ്വപ്നത്തിലേക്ക് ഇറങ്ങി പോകുമ്പോലെ .. അത്രമേല്‍ സ്വാഭാവികമായി, ശാന്തമായി അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു.

ഡോക്ടറുടെ മക്കളായ ഞങ്ങള്‍ അമ്മയുടെ കണ്ണുകള്‍ തുറന്നു നോക്കി. ആ കറുത്ത കൃഷ്ണമണി നിശ്ചലമായിരുന്നു. പള്‍സ് കിട്ടുന്നുണ്ടായിരുന്നില്ല. അനവധി വര്‍ഷക്കാലം നിരന്തരമായി താളമടിച്ച ആ ഹൃദയം മൌനമായിരുന്നു. ബി പി മെഷീന്‍ എറര്‍ എന്നെഴുതിക്കാണിച്ചു. എന്നിട്ടും പ്രതീക്ഷ കൈവിടാതെ ഞങ്ങള്‍ ആംബുലന്‍സ് വിളിച്ചു. പോം പോം എന്ന് കരഞ്ഞ് വിളിച്ചുകൊണ്ട് അഞ്ചുമിനിറ്റില്‍ ലക്ഷ്മി ഹോസ്പിറ്റലില്‍ എത്തി. ഡോ തനൂജ് തന്നെയാണ് ഇ സി ജി നോക്കിയത്. ബ്രോട്ട് ഡെഡ് എന്ന് ഞങ്ങള്‍ക്ക് എഴുതി കിട്ടി.

അവയവദാനം ചെയ്യണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. തോരാത്ത കണ്ണീരിലും ഞങ്ങള്‍ അത് ഡോക്ടറെ അറിയിക്കാതിരുന്നില്ല. കഴിഞ്ഞ ആറുമാസമായി എട്ടൊമ്പതു തവണ ഐ സി യൂവിലായിരുന്ന അമ്മ സഹിച്ച ബുദ്ധിമുട്ടുകള്‍ ശരിക്കും അറിയാമായിരുന്ന ഡോക്ടര്‍ അമ്മയെ ഇനി ഒന്നും ചെയ്യേണ്ട... അവര്‍ അത്രയും കഷ്ടപ്പെട്ടുകഴിഞ്ഞു.. ഒന്നും ആര്‍ക്കും കൊടുക്കേണ്ട എന്ന് ഞങ്ങളെ വിലക്കി. ഡോ തനൂജ് അമ്മയെ ഒരു രോഗി എന്നതിലേറെ അമ്മയായി തന്നെ കാണുകയായിരുന്നുവെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

ഞാനും അനുജത്തി റാണിയുമാണ് പോയിരുന്നത്. മറ്റാരും തന്നെ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല. ക്രിസ്തുമസ്സ് ആയതുകൊണ്ട് കടകളെല്ലാം ഒഴിവായിരുന്നു. കുറെ ബുദ്ധിമുട്ടിയെങ്കിലും അനിയത്തി ഒരു പുത്തന്‍ ഗൌണ്‍ വാങ്ങിക്കൊണ്ട് വന്നു. ആശുപത്രിയില്‍ നിന്ന് തന്നെ അമ്മയെ ഡ്രസ്സ് ചെയ്യിച്ച് ആംബുലന്‍സില്‍ തിരിച്ചു വരുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഫ്രീസര്‍ ശവപ്പെട്ടിയിലാക്കി വീട്ടില്‍ കിടത്തി. ഞങ്ങള്‍ ഉറങ്ങിയില്ല. അമ്മയുടെ ശരീരവും കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ കാണാതെയാകുമല്ലോ എന്നോര്‍ത്ത് ആധിപ്പെട്ടുകൊണ്ടിരുന്നു. ആ മുഖം നോക്കിക്കൊണ്ടിരുന്നു.

അമ്മയുടെ മകള്‍ എന്ന് എപ്പോഴും ഉറപ്പിച്ച് അവകാശപ്പെടുന്ന ചിംബ്ലു എന്ന പൌത്രി കരഞ്ഞില്ല.. പക്ഷെ, കരയുകയായിരുന്നു ഇതിലും ഭേദം. കഷണങ്ങളായി ഉടഞ്ഞു പോയി.കഴിഞ്ഞ ആറുമാസമായി രാത്രികളില്‍ ഉണര്‍ന്ന് അമ്മയുടെ മൂത്രം എടുത്തുകളയുകയും ഷുഗറും ബി പിയും ചെക് ചെയ്യുകയും ഇന്‍സുലിന്‍ കുത്തുകയും ആവശ്യമുണ്ടെങ്കില്‍ ഭക്ഷണം ട്യൂബിലൂടേ നല്‍കുകയും മലം എടുത്തുമാറ്റുകയുമൊക്കെ അവള്‍ ചെയ്തിരുന്നു. സ്‌കൂള്‍ വിട്ട് വന്നിട്ടും അല്ലെങ്കില്‍ തോന്നുമ്പോഴൊക്കെയും അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുന്നതും അമ്മയുടെ ചെവിയില്‍ പാട്ടുപാടുന്നതും കഥ പറയുന്നതുമൊക്കെ അവളുടെ പതിവുകളായിരുന്നു.

അവള്‍ ഉറങ്ങുന്നില്ല. ആഹാരം കഴിക്കുന്നില്ല. ഞങ്ങള്‍ മൂന്നമ്മമ്മാര്‍ ഉണ്ടായിട്ടും ചിംബ്ലുവിന്റെ മനസ്സിലെ തീ കെടുന്നില്ല.

ഞങ്ങള്‍ക്ക് ബന്ധുക്കള്‍ അങ്ങനെ ഇല്ലല്ലോ. അതുകൊണ്ട് അധികമാരും വരാനുണ്ടായിരുന്നില്ല. എങ്കിലും എന്റെ കൂട്ടുകാരന്റെ അമ്മയും പെങ്ങളും അവളുടെ മകളും വന്നു ചേര്‍ന്നു. ബന്ധുക്കളായി വന്നവര്‍ പലരും തന്നെ വലിയൊരു ഉദാരത എന്ന മട്ടിലായിരുന്നു എത്തിയത്.. 'നിങ്ങള്‍ക്ക് ഒരു ആണ്‍ തരിയില്ലേ കര്‍മ്മം ചെയ്യാന്‍? ഒന്നു ചോദിക്കട്ടെ, ഈ ഫ്‌ലാറ്റ് ആരുടേതാണ് ? 'അമ്മ പോട്ടെ... അമ്മ കടന്നു പോട്ടെ' എന്നായിരുന്നു പലരുടെയും സമാധാനിപ്പിക്കല്‍.. രോഗിണിയായ പ്രായമായ അമ്മ കടന്നു പോവുക തന്നെ വേണമല്ലോ.

ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്മാര്‍ക്കും ഞങ്ങളിലൂടെ ഇറങ്ങി വന്ന പുരുഷന്മാര്‍ക്കും ഞങ്ങളല്ലാതെ വേറെയും അവകാശികളും അധികാരപ്പെട്ടവരും ഉണ്ട്. എന്റെ മോനെക്കൊണ്ട് കര്‍മ്മം ചെയ്യിക്കരുതെന്ന് അവര്‍ ശഠിക്കുന്നത് ആണ്‍ തരിയെ പ്രസവിക്കാത്ത അമ്മയോടുള്ള വെല്ലുവിളി പോലെയായിരുന്നു. അധികാരപ്രകടനമായിരുന്നു. മോക്ഷം കിട്ടില്ലെന്ന ഭീഷണിപ്പെടുത്തലായിരുന്നു.

അവരൊക്കെ ആദ്യമേ അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ. ഞങ്ങള്‍ ആരോടും അക്കാര്യം അഭ്യര്‍ഥിച്ചില്ല. ഞങ്ങളുടെ അമ്മയുടെ ശേഷക്രിയ ചെയ്യാന്‍ ഞങ്ങള്‍ മൂന്നുപേരെക്കാള്‍ യോഗ്യതയുള്ളവര്‍ ആരാണ്?

അതുകൊണ്ട് മൂത്ത മകളായ ഞാന്‍ തന്നെ എല്ലാം ചെയ്തു. ഔഭപമന്യഭഗോത്രമെന്ന അമ്മയുടെ ഗോത്രത്തെ ശിവഗോത്രമെന്നും രാജലക്ഷ്മിയെന്ന അമ്മയുടെ പേരിനെ വിജയലക്ഷ്മിയെന്നും ഥീപം, സായൂജ്ജ്യം എന്നുമൊക്കെ അതിഭയങ്കരമായി മലയാളം പറഞ്ഞ പുരോഹിതനോട് എനിക്ക് പലപ്പോഴും ദേഷ്യം തോന്നി. കണ്ണീരൊതുക്കിഒതുക്കി എന്റെ കണ്ണു മാത്രമല്ല മുഖം കൂടി പൊട്ടിത്തെറിയ്ക്കാന്‍ പോവുന്നതു പോലെ ആയിത്തീര്‍ന്നു.

അമ്മയെ ചുമക്കുകയും ശ്മശാനത്തിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സില്‍ കയറ്റുകയും ചെയ്യുമ്പോള്‍ ഫ്‌ലാറ്റിലെ കെയര്‍ടേക്കര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ഞങ്ങള്‍ക്കൊപ്പം വന്നു. ചിംബ്ലുവിന്റെ സഹപാഠികള്‍ എപ്പോഴും കൂടെ ഉണ്ടായിരുന്നു. എന്തു സഹായത്തിനും അവര്‍ തയാറായിരുന്നു.

ശ്മശാനത്തിലെ വെറും തറയില്‍ അമ്മയെ കിടത്തുമ്പോള്‍ എന്റെ നിയന്ത്രണമെല്ലാം തകര്‍ന്നു. ഞാന്‍ ഏങ്ങലടിച്ചു കരഞ്ഞുപോയി. അനിയത്തിമാരെ നോക്കാന്‍ പോലും എനിക്ക് ത്രാണിയുണ്ടായിരുന്നില്ല.

എന്റെ കൂട്ടുകാരനും സുഹൃത്തുക്കളായ ഷിബുവും സാജനും ദേവനും ജയ് ഗോപാലും ശ്മശാനത്തിലേക്കും വന്നിരുന്നു. പക്ഷെ, ആരുണ്ടായാലും നമ്മള്‍ അമ്മയില്ലാത്തവരാകുന്നതിന്റെ സങ്കടം ഹൃദയം പിളര്‍ത്തുന്നതായിത്തീര്‍ന്നുവെന്നു മാത്രം .

അമ്മയെ അതികഠിനമായി വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ഒരാള്‍ അവസാനനിമിഷം വന്ന് സ്‌റ്റ്രെച്ചര്‍ പിടിക്കുകയും കാലു തൊട്ടു തൊഴുകയുമുണ്ടായി. കണ്ണീരുപ്പിട്ട ചില രക്തവൃത്തങ്ങള്‍ പൂര്‍ത്തിയാകുന്നത് അങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ മക്കള്‍ തിരിച്ചറിഞ്ഞു.

പിന്നെ ചിരട്ടപ്പുറത്ത്, ചകിരിപ്പുറത്തേയ്ക്ക് അമ്മയുടെ തണുത്ത, അതീവമൃദുലമായ ദേഹത്തെ മാറ്റിക്കിടത്തി. പലരും എരിഞ്ഞു തീര്‍ന്ന ആ മുറി കറുത്ത് കരിപിടിച്ച് യമദേവന്റെ വാതില്‍മാടമായി പ്രത്യക്ഷപ്പെട്ടു. എന്നോട് അമ്മയുടെ മുഖം മൂടുവാന്‍ പറഞ്ഞു. എനിക്കത് ഹൃദയഭേദകമായി തോന്നി... പിന്നെ തെരുതെരെ എന്ന് വിറകടുക്കുകയും ആ കൂമ്പാരത്തില്‍ അമ്മയെ കാണാതാക്കുകയും ചെയ്തു. വെണ്ണ തോല്‍ക്കുമുടലുള്ള അമ്മയ്ക്ക് നോവുന്നുണ്ടാവില്ലേ എന്ന് ഓര്‍ത്ത് എന്റെ മനസ്സ് തകര്‍ന്നു. വിറകടുക്കി തീര്‍ന്നപ്പോള്‍ ശ്മശാനജീവനക്കാര്‍ എന്നോട് പുറം തിരിഞ്ഞു നില്‍ക്കാനാവശ്യപ്പെട്ടു. പുറകോട്ട് കൈ കെട്ടി വെക്കാന്‍ പറഞ്ഞു. എന്നിട്ട് കൈയില്‍ തീക്കൊള്ളി തന്നു. അത് ചിതയിലേക്ക് വെക്കുകയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. പിന്നെ അഗ്‌നിദേവന്റെ എരിയുന്ന ആര്‍ത്തിയാണ് ഞാന്‍ കണ്ടത്..

എന്റെ കണ്ണുകളില്‍ നിന്ന് രക്തം കണ്ണീരായി ഒഴുകി വീണു. വസുവെന്ന കൂട്ടുകാരിയെ കെട്ടീപ്പിടിച്ച് ഞാന്‍ അത്യുച്ചത്തില്‍ തേങ്ങി. അനിയത്തിമാര്‍ എന്നേക്കാള്‍ ഒതുക്കാന്‍ കഴിവുള്ളവരായിരുന്നു. എനിക്ക് നിയന്ത്രണമുണ്ടാവാന്‍ പിന്നെയും ഒട്ടു സമയമെടുത്തു.

പിറ്റേന്ന് എന്റെ അനിയത്തി പോയി ഒരു ഇരുമ്പ് കൊടില്‍ കൊണ്ട് അസ്ഥിപെറുക്കുകയും കലശത്തിലാക്കുകയും ചെയ്തു.

ഇനിയും ജോലിയുണ്ട്... അസ്ഥി നിമജ്ജനം.. തര്‍പ്പണം.. ഹോമം.. ഗ്രേഖ്യം എന്ന് വിളിക്കുന്ന അടിയന്തിരം. അത് പതിമൂന്നാം ദിവസമാണ്.

അമ്മയുടെ ഒത്തിരി സാധനങ്ങള്‍, വീല്‍ ചെയര്‍, എയര്‍ബെഡ്, ഗ്ലൌസുകള്‍, അണ്ടര്‍പാഡുകള്‍, സുഗന്ധമുള്ള പേപ്പര്‍ തൂവാലകള്‍ , വാക്കിംഗ് സ്റ്റിക് അങ്ങനെ ഒത്തിരി സാധനങ്ങള്‍ കിടപ്പിലായിപ്പോയ അനാഥസ്ത്രീകളുടെ ഒരു ആലയത്തിനു നല്‍കി. അടിയന്തിരത്തിനു വേണ്ട സദ്യയും അവിടെ തന്നെയേ ചെയ്യുകയുള്ളൂ ..

ശൂന്യമായ നോട്ടത്തോടെ ഞങ്ങള്‍ മൂന്നു സ്ത്രീകള്‍ ഈ ഫ്‌ലാറ്റില്‍ കുത്തിയിരിക്കുന്നു. അമ്മയുടെ ചിത്രത്തിനു മുന്നില്‍ കെടാവിളക്ക് കത്തുന്നു. ഞങ്ങള്‍ പറ്റാവുന്നത്ര ഈശ്വരനാമങ്ങള്‍ ഉരുവിടുന്നു. ഞങ്ങള്‍ക്ക് അമ്മയുടെ മണം കിട്ടുന്നു. ആ ശബ്ദം കേള്‍ക്കാനാവുന്നു. രാത്രി ഉറങ്ങാതെ കിടക്കുമ്പോള്‍ അമ്മ തലോടുന്നതായി തോന്നുന്നു.

അമ്മയുടെ മകളായ പൌത്രി ഇപ്പോഴും ഉറങ്ങുന്നില്ല...ശരിക്ക് ആഹാരം കഴിക്കുന്നില്ല. കരയുന്നില്ല.

അമ്മയുടെ ശൂന്യത നികത്താന്‍ ഒരു ലോജിക്കും ഞങ്ങളെ സഹായിക്കുന്നില്ല.

ആശയും സത്യവും പൊട്ടിപ്പിളരവേ... ...

https://www.facebook.com/echmu.kutty/posts/673235056189125

പതിനാലാം നിലയിലെ ഈ ഫ്‌ലാറ്റില്‍ നിന്നു നോക്കുമ്പോള്‍ ക്രിസ്തുമസ്സിനായി അണിഞ്ഞൊരുങ്ങിയ എറണാകുളം നഗരം എന്റെ കാല്‍ക്കീഴിനു താഴെ മിന്നിത്തിളങ്ങുന്നു. കണ്ണീര്‍ നിറഞ്ഞ എന്റെ മിഴികളില്‍ നഗരവെളിച്ചം പ്രതിഫലിക്കുന്നുണ്ട്. ദൂരക്കാഴ്ചയിലെ ലക്ഷ്മി ഹോസ്പിറ്റലില്‍ എന്റെ അമ്മ ഞരങ്ങിക്കൊണ്ട് , വായ് തുറന്ന് വലിയ ശ്വാസമെടുത്തുകൊണ്ട് കിടക്കുകയാണ്. അനിയത്തിമാര്‍ ഇമപൂട്ടാതെ അവിടെ കാവലിരിക്കുന്നു.

''അമ്മയ്ക്ക് പ്രായമായില്ലേ, കഷ്ടപ്പെടാതെ പോകട്ടെ എന്ന് എല്ലാവരും ഞങ്ങളോട് പറയുന്നുണ്ട്. അമ്മ കഷ്ടപ്പെട്ട് ശ്വാസം കഴിച്ചുകൊണ്ട് നിസ്സഹായയായി കിടക്കണമെന്ന് തെല്ലും മോഹവുമില്ല. എന്നാല്‍ അമ്മ ഒഴിച്ചിട്ടിട്ട് പോകുന്ന ചക്രവര്‍ത്തിനിയുടെ സിംഹാസനം എന്നുമെന്നും ശൂന്യമായിത്തീരുമെന്ന മഹാസത്യം വല്ലാതെ അമ്പരപ്പിക്കുകയും കഠിനമായി നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു.

രണ്ടായിപ്പൊട്ടിപ്പിളരുകയാണ് ഞങ്ങളിപ്പോള്‍ … ആശയോടും എന്നാല്‍ പരമമായ സത്യത്തോടും പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്..

അച്ഛന്‍ കടന്നു പോയപ്പോള്‍ അമ്മീമ്മയും അമ്മയുമുണ്ടായിരുന്നു. അമ്മീമ്മ പോയപ്പോള്‍ അമ്മയുണ്ടായിരുന്നു. അമ്മ പോയാല്‍ പിന്നെ ആരുമില്ല എന്ന വാസ്തവത്തെ ഉള്‍ക്കൊള്ളാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. അതുകൊണ്ടുതന്നെ ആ സത്യവുമായി പൊരുത്തപ്പെടുവാനുള്ള നൊമ്പരമാണീ രാത്രിക്കുറിപ്പ്.

വളകള്‍ കിലുങ്ങുന്ന കൈയില്‍, നെയ്യിലും പഞ്ചസാരയിലും മുക്കിയ ഇഡ്ഡലിക്കഷ്ണവുമായി സാരി അല്‍പം എടുത്തു കുത്തിയ അമ്മ എന്റെ ശൈശവകാലത്ത് പുറകെ ഓടിവരുമായിരുന്നു. 'ഒരു കഷ്ണം കൂടി ശാപ്പിട് 'എന്ന് കൊഞ്ചിക്കുമായിരുന്നു. എന്റെ കുഞ്ഞുവായില്‍ മെല്ലെ ഇഡ്ഡലി തിരുകിത്തരുമായിരുന്നു. വീടിനു മുന്നിലെ റോഡീലൂടേ ഓടിയിരുന്ന ബസ്സുകളുടെ പേരുകള്‍, കിളികളുടെ പേരുകള്‍, പല മനുഷ്യരുടെയും പേരുകള്‍, ചെടികളുടേയും പൂക്കളുടേയും കായ്കളുടേയും പേരുകള്‍ അമ്മയില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. ഓഫീസ് വിട്ടുവരുന്ന അമ്മയുടെ നേരെ കൈകള്‍ നീട്ടി ഓടിച്ചെല്ലുമ്പോള്‍ അമ്മ എന്നെ വാരിയെടുത്തുമ്മ വെക്കുമായിരുന്നു. കുട്ടിക്കൂറാ പൌഡറിന്റെ സുഗന്ധം പ്രസരിപ്പിച്ച പുരുഷനെ ഞാന്‍ എന്നെ മറന്ന് സ്‌നേഹിച്ചത് അത് എന്നും അമ്മയുടെ സുഗന്ധമായിരുന്നതുകൊണ്ടു കൂടിയാണ്.

മുതിര്‍ന്നപ്പോള്‍ ഞാന്‍ അമ്മയുടെ ഒരു പ്രതീക്ഷയും നിറവേറ്റിയില്ല. ഡോക്ടറായില്ല, ഇംഗ്ലീഷ് അധ്യാപികയായില്ല, ബാങ്കുദ്യോഗസ്ഥയോ സിവില്‍ സര്‍വീസുകാരിയോ ആയില്ല. ഇതെല്ലാം എനിക്ക് സാധിക്കുമായിരുന്നുവെന്ന് ഇന്നെനിക്ക് ഉറപ്പുണ്ട്. കാലം തെറ്റി എന്നില്‍ പൂത്ത ഉറപ്പുകള്‍. എന്നാല്‍ അതിനൊന്നും ഒരുങ്ങാതെ ഞാനെന്നും എല്ലാറ്റിനും എല്ലാവരേയും ആശ്രയിച്ചു... അതുകൊണ്ടു തന്നെ എനിക്ക് ഒരുകാലത്തും ഒന്നും ഉണ്ടായതുമില്ല. അത്യാവശ്യത്തിനുള്ള പണം പോലും ... അനാവശ്യമായിരുന്ന എന്റെ ആശ്രിതത്വ സ്വഭാവത്തെ, അമ്മ എന്നും വെറുത്തിരുന്നു. പക്ഷെ, തൊണ്ടയില്‍ പുഴുത്താല്‍ ഇറക്കുകയല്ലാതെ വേറെ വഴിയില്ലെന്നതു പോലെ അമ്മ എനിക്കു വേണ്ടി അതും ഇറക്കി.

'അമ്മാ നാന്‍ ഒന്നോട് കലാകുട്ടിയല്ലവോ' എന്ന് ചോദിക്കുമ്പോള്‍ അമ്മ മൌനം പാലിച്ചു തുടങ്ങിയിട്ട് ആറുമാസമായി... അമ്മയുടെ ശൂന്യമായ മിഴികളില്‍ ഞാനില്ല... എന്റെ അനിയത്തിമാരില്ല... ഞങ്ങള്‍ പ്രസവിച്ച മക്കളില്ല... അമ്മയ്ക്ക് ഞങ്ങളില്ലെങ്കില്‍ പിന്നെ ഈ പ്രപഞ്ചത്തില്‍ ആര്‍ക്കാണു ഞങ്ങളുള്ളത്? മറുപടിയില്ലെങ്കിലും 'അമ്മാ അമ്മാ' എന്ന് ഞങ്ങള്‍ എപ്പോഴും വിളിക്കുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണം അരിച്ച് മൂക്കിലെ ട്യൂബിലൂടെ നല്‍കുന്നു , അമ്മയുടെ മലവും മൂത്രവും ഒന്നും ഞങ്ങളില്‍ യാതൊരു അറപ്പും ഉണ്ടാക്കുന്നില്ല.

അനേകം ഉത്തരവാദിത്തങ്ങളൂള്ള ജോലിക്കിടയില്‍ ജീവിതത്തിന്റെ സമരങ്ങള്‍ക്കിടയില്‍ എപ്പോഴാവശ്യമുണ്ടെങ്കിലും അനതിവിദൂരതയില്‍ നിന്ന് പറന്നിറങ്ങുന്ന, അവളുടെ കണ്ണിലൂറുന്ന കണ്ണുനീരിനെ തടഞ്ഞു നിറുത്തി അത്യാവശ്യ സഹായങ്ങളുടെ മിന്നല്‍പ്പിണറുകള്‍ ഉണ്ടാക്കുന്നു എന്റെ ഒരനിയത്തി, കണ്ണു തുറന്ന് ഉറങ്ങാനും െ്രെഡവ് ചെയ്യാനും ഉറങ്ങിക്കൊണ്ട് തന്നെ അമ്മയുടെ ഒരു ഞരക്കവും അനക്കവും പോലും തിരിച്ചറിയാനും കഴിവുള്ളവള്‍ ആയി മാറി എന്റെ കുഞ്ഞനിയത്തി . അമ്മയുടെ മരുന്നുകളും ആംബുലന്‍സ് നമ്പറുകളും അവളുടെ മകള്‍ മന:പാഠമാക്കി .

ഈ ലോകത്തിലെ ഏറ്റവും മിടുക്കനായ െ്രെഡവര്‍ എന്റെ അച്ഛനാണെന്ന് വിശ്വസിക്കാനിഷ്ടപ്പെട്ടിരുന്ന ഞാന്‍ ആംബുലന്‍സ് െ്രെഡവര്‍മാരുടെ കഴിവും, എന്നും എപ്പോഴും അവര്‍ കാണിച്ച സഹോദരസ്‌നേഹവും കണ്ട് അല്‍ഭുതപ്പെടുന്നു. അമ്മയെ സ്‌കാന്‍ ചെയ്യിക്കാനും മറ്റും കൊണ്ടുപോവുമ്പോള്‍ പലപ്പോഴും ആവശ്യത്തിനു പണമില്ലാത്ത പരിതസ്ഥിതിയില്‍ പല എ ടി എമ്മുകളില്‍ പോകാന്‍ ചേച്ചീ ഞാന്‍ വരാമെന്ന് കൂട്ടിക്കൊണ്ടു പോയിട്ടുള്ള ആംബുലന്‍സ് െ്രെഡവര്‍മാരെ എങ്ങനെ മറക്കാനാവും ? പതിനാലാം നിലയില്‍ നിന്ന് അമ്മയെ ഞൊടിയിടയില്‍ താഴേക്കിറക്കുകയും അതുപോലെ ആശുപത്രിയില്‍ നിന്ന് മടക്കികൊണ്ടുവരുമ്പോള്‍ കഴിയുന്നത്ര വേഗത്തില്‍ അമ്മയെ മുകളിലെ വീട്ടിലെത്തിച്ച് എയര്‍ബെഡ്ഡില്‍ കിടത്തുകയും ചെയ്യാന്‍ കൂടുന്ന കെയര്‍ടേക്കര്‍മാരും ഞങ്ങള്‍ക്ക് പിറക്കാതെ പോയ ബന്ധുക്കള്‍.

'അത്യാവശ്യമുണ്ടെങ്കില്‍ വിളിച്ചോളൂ, ആവശ്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ വരാം, ഞാന്‍ വന്നിട്ട് അത്യാവശ്യമൊന്നുമില്ലല്ലോ' എന്നൊക്കെ പറയാന്‍ വേണ്ടി വചനം പറയുന്നവരല്ല അവരാരും തന്നെ. അവര്‍ ഒന്നും പറയാറില്ല. പ്രവൃത്തിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

അമ്മയെ തങ്കക്കുട്ടീ , അമ്മക്കുട്ടി, കനകകട്ടേ , പ്ലാറ്റിനക്കൊടമേ എന്നൊക്കെ ഞങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ ഞങ്ങളോട് മല്‍സരിച്ച് കൊഞ്ചിച്ചു വിളിക്കുന്ന. യതൊരറപ്പും മടിയുമില്ലാതെ പരിചരിക്കുന്ന ഓമനചേച്ചി, കാരുണ്യവാനായ ഈശോയോട് ഞങ്ങള്‍ക്ക് വേണ്ടി എപ്പോഴും എപ്പോഴും പ്രാര്‍ഥിക്കുന്ന ശകുന്തള ചേച്ചി... ഡോ മാത്യു എബ്രഹാം, ജീവിതത്തിലെ എല്ലാ സങ്കടങ്ങളും എല്ലാ ഒറ്റപ്പെടലുകളും സമയമെടുക്കുമെങ്കിലും ആത്യന്തികമായി മാറുമെന്ന് എപ്പോഴൂം സമാധാനിപ്പിക്കുന്ന ഡോ തനൂജ്, ഡോ ശ്രീരാം, എന്റെ സ്വന്തമെന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുള്ള നീത, ചേച്ചീ എന്ന് എന്നെ എപ്പോഴും താലോലിക്കുന്ന ജെന്നി, അമ്മയുടെ മലം അല്ലെങ്കില്‍ മൂത്രം, അതുമല്ലെങ്കില്‍ കഫം തുടച്ചുകളയണോ എന്ന് സഹായം തരാന്‍ ഒട്ടും മടിക്കാത്ത നഴ്‌സുമാര്‍..

സംഭവിക്കുന്നതെല്ലാം നന്മക്കെന്ന് ആശ്വസിപ്പിക്കുന്ന വിദൂരങ്ങളിലെ എന്റെ ഒരു സുഹൃത്ത്..

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു?

വീ ഷാല്‍ ഓവര്‍കം... വീ ഷാല്‍ ഓവര്‍കം … വീ ഷാല്‍ ഓവര്‍ കം വണ്‍ ഡേ ....