Monday, July 30, 2018

എല്ലോറയില്‍ നിന്ന് ഖുല്‍ദാബാദ് വഴി...

https://www.facebook.com/groups/yaathra/permalink/677644015658989/
                                        

എല്ലോറ ഗുഹകള്‍ കാണാന്‍ ഞാന്‍ രണ്ടു പൂര്‍ണ ദിവസങ്ങള്‍ ചെലവാക്കി.
മുപ്പത്തിനാലു ഗുഹകളും പാര്‍ശ്വനാഥന്‍റെ അമ്പലവും
ഘൃഷ്ണേശ്വര ശിവന്‍റെ അമ്പലവും
ദോ ഖംബയും മാലിക് അംബറിന്‍റെ ശവകുടീരവും ...
അങ്ങനെ എല്ലാം ..

അജന്തയും എല്ലോറയും ഞാന്‍ കുട്ടിയായി ജീവിച്ചു വളര്‍ന്ന, എനിക്ക് നല്ല പരിചയമുള്ള ഗ്രാമത്തിലെ ഗുഹാക്ഷേത്രത്തെപ്പോലും പലപ്പോഴും പലയിടങ്ങളിലും ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. പഴയ ഹിന്ദു ക്ഷേത്രങ്ങള്‍ എല്ലാം തന്നെ ജൈന ബുദ്ധമത വിഹാരങ്ങളുടെ മേല്‍ ഒട്ടിച്ചെടുത്ത, പലപ്പോഴും ഒന്നും ഒട്ടിക്കുക പോലും ചെയ്യാത്ത ചില പരിഷ്ക്കരണങ്ങള്‍ മാത്രമാണെന്ന് അജന്തയിലെയും എല്ലോറയിലെയും ഗുഹകള്‍ നമ്മോട് വിളിച്ചു പറയുന്നു.
                                                  

അതത് കാലം, അതത് ജനക്കൂട്ടം, അതത് വിശ്വാസം… എന്നിട്ട് അത് കാലാതിവര്‍ത്തിയാക്കിത്തീര്‍ക്കുന്ന അധികാര സമവാക്യം.. മനുഷ്യ കുലത്തിന്‍റെ ആകെ മൊത്തം കഥ ഇത്രയല്ലേ ഉള്ളൂവെന്ന് ഗുഹകളിലെ പൊളിഞ്ഞിളകാന്‍ തുടങ്ങുന്ന ഫ്രെസ്ക്കൊ പെയിന്‍റിംഗുകളും അടരാന്‍ തുടങ്ങുന്ന പാറകളും രൂപപരിണാമത്തിനിടയില്‍ എവിടേയോ അന്യം നിന്നു പോയ കലാരൂപങ്ങളും കണ്ണു ചിമ്മിക്കാണിച്ചു.

വൈകീട്ട് അഞ്ചുമണിയായിരുന്നു. എല്ലോറയില്‍ നിന്ന് ഔറംഗാബാദിലെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍.

ഷെയര്‍ ഓട്ടോയില്‍ പര്‍ദ്ദ ധരിച്ച ഒരു മധ്യവയസ്ക്കയായിരുന്നു എന്‍റെ ഒപ്പമിരുന്നത്. അവരുടെ പല്ലുകള്‍ക്കിടയില്‍ രൂക്ഷഗന്ധമുള്ള പുകയില തിരുകിവെച്ചിരുന്നു. മുംതാസ് എന്നായിരുന്നു അവരുടെ പേര്. ഓട്ടോ ഡ്രൈവര്‍ അവരുടെ അകന്ന ബന്ധത്തില്‍ പെട്ട ഒരു ആങ്ങളയായിരുന്നു. അതിന്‍റെ ഒരു ഗമ അവരുടെ വാക്കുകളില്‍ തുളുമ്പി.

മുംതാസ് ഒരു കല്യാണത്തിന് പോയതായിരുന്നു. അവരുടെ സഞ്ചിയിലുണ്ടായിരുന്ന മിനുങ്ങുന്ന സാരി അവര്‍ എന്നെ കാണിച്ചു, മരുമകള്‍ അമ്മായിക്ക് തന്ന സമ്മാനമാണെന്ന് പറഞ്ഞപ്പോള്‍ അവരില്‍ അഭിമാനം വിടര്‍ന്നു.

ഞങ്ങള്‍ അതിവേഗം കൂട്ടുകാരായി. ഹോട്ടലില്‍ പാര്‍ക്കേണ്ടെന്നും മുംതാസിന്‍റെ വീട്ടില്‍ താമസിക്കാമെന്നും അവര്‍ എന്നെ ക്ഷണിച്ചു. ആവശ്യത്തിനു എരിവും ഉപ്പുമുള്ള ചൂടുകപ്പലണ്ടി കൊറിക്കാന്‍ തന്നു. ഖുല്‍ദാബാദിലാണ് ഔറംഗസീബിന്‍റെ ശവകുടീരമെന്ന് അവരാണെനിക്ക് പറഞ്ഞു തന്നത്. ആ നിമിഷം ഞാനൊരു സ്കൂള്‍ കുട്ടിയായി മാറി.
കുട്ടിയായിരിക്കുമ്പോള്‍ എനിക്ക് ഔറംഗസീബിനെ പേടിയായിരുന്നു. 

                                           

അച്ഛനായ ഷാജഹാനെ തടവിലിട്ട ഔറംഗസീബ് , സ്വന്തം സഹോദരങ്ങളായ ദാരയേയും ഷൂജയേയും നിഷ്ക്കരുണം വധിച്ചു കളഞ്ഞ ഔറംഗസീബ്. ഗുരു തേജ് ബഹാദൂറിന്‍റെ തലവെട്ടിക്കളഞ്ഞ ഔറംഗസീബ്.. എത്രയോ അനവധി ക്ഷേത്രങ്ങള്‍ തകര്‍ത്ത ഔറംഗസീബ്..

ഭയങ്കരനായ ഔറംഗസീബിനെ സ്വപ്നത്തില്‍ കണ്ട് ഞാന്‍ ഭയന്നു നിലവിളിച്ചിട്ടുണ്ട്. ചോരയിറ്റുന്ന വാളുമായി ഏതു നിമിഷവും ആ മുഗള്‍ ചക്രവര്‍ത്തി കടന്നു വരുമെന്ന് ഭയന്നിരുന്ന ചില ബാല്യകാല ദിനങ്ങളുണ്ടായിരുന്നു എനിക്ക്. ചരിത്രപാഠങ്ങളായി ക്രൂരതയുടെ രക്തവര്‍ണമുള്ള ചിത്രങ്ങള്‍ എന്നിലുണ്ടാക്കിത്തന്നതില്‍ ഔറംഗസീബിനു വലിയൊരു പങ്കുണ്ടായിരുന്നു.

രാജാധികാരവും അതിന്‍റെ ക്രൌര്യം നിറഞ്ഞ കിടമല്‍സരങ്ങളും അതിജീവനതന്ത്രങ്ങളും ഒന്നും അറിയാത്ത, മനസ്സിലാവാത്ത ബാല്യകാലത്തില്‍ വരികള്‍ക്കിടയിലെ വായനയൊന്നും എനിക്കാവുമായിരുന്നില്ല. യഥാര്‍ഥത്തില്‍ നാലരയടി ഉയരം മാത്രമുള്ള രാജാക്കന്മാരെയും ചക്രവര്‍ത്തിമാരേയും മറ്റും ആറും ഏഴും അടി ഉയരത്തില്‍ പ്രതിഷ്ഠിക്കുന്നതിന്‍റെയും കടുത്ത ചായക്കൂട്ടുകളില്‍ വരയ്ക്കുന്നതിന്‍റേയും പല തലങ്ങളിലുള്ള കള്ളത്തരങ്ങള്‍ മുതിര്‍ന്നപ്പോഴാണ് എനിക്കല്‍പാല്‍പമായി മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഭരിക്കാന്‍ കഴിവില്ലാത്ത രാജാവിന്‍റെ മുഖം രക്ഷിക്കാന്‍ വില്ലന്മാരായ ദിവാന്മാരുണ്ടാകുന്നതും അയല്‍പ്പക്കരാജ്യങ്ങളുമായി നീണ്ട യുദ്ധം ഏര്‍പ്പാടാക്കുന്നതും സ്ത്രീലമ്പടന്മാര്‍ ഭരിക്കുമ്പോള്‍ ദൈവത്തിന്‍റെ പേരില്‍ സ്ത്രീകളെ വ്യഭിചാരിണികളാക്കുന്നതും ഒക്കെ അധികാരസമവാക്യങ്ങളിലെ അതിവിചിത്രമായ സൂത്രപ്പൂട്ടുകളാണ്. അതിനെയെല്ലാം ചോദ്യം ചെയ്യാനും തച്ചുടയ്ക്കാനും ശ്രമിക്കുമ്പോഴാണല്ലോ അധികാരത്തിന്‍റെ ഇടനാഴികളില്‍ വിപ്ലവങ്ങള്‍ ഗര്‍ജ്ജിക്കുന്നത്. മെല്ലെ മെല്ലെയെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുന്നത്. മാറ്റങ്ങളെ ഭയപ്പെടുന്നവരെല്ലാം എന്നും ചോദ്യം ചെയ്യലിന്‍റെ വിപ്ലവത്തെ നഖശിഖാന്തം എതിര്‍ക്കുക മാത്രമാണ് ചെയ്യുക. .
                                            

ഔറംഗസീബിന്‍റെ കബറിടത്തിനു ഒട്ടും പ്രശസ്തിയില്ല. അതെവിടെ എന്ന് ചോദിച്ചാലും അത്ര പെട്ടെന്ന് ആരും പറഞ്ഞു തരില്ല. ബീബി കാ മക്ബറ കാണാന്‍ പോയപ്പോഴാണ് ഔറംഗസീബിന്‍റെ കബറിടത്തെപ്പറ്റി ഞാന്‍ കേട്ടത്. അത് എല്ലോറ ഗുഹകളിലേക്ക് നയിക്കുന്ന വഴികളിലെവിടേയോ ആണെന്ന് മാത്രമേ അപ്പോള്‍ അറിയാന്‍ കഴിഞ്ഞുള്ളൂ. ആ അറിവിനെ കൂടുതല്‍ വിശാലമാക്കിയത് മുംതാസ് ആണ്.

ഞാന്‍ താല്‍പര്യത്തോടെ അവരോട് സംസാരിച്ചു കൊണ്ടിരുന്നു.

എല്ലോറാ ഗുഹകള്‍ക്കും ദൌലത്താബാദിനും ഇടയ്ക്കാണ് ഔറംഗസീബിന്‍റെ കബറിടമുള്ള ഖുല്‍ദാബാദ്. ഖുല്‍ദാബാദ് എന്ന വാക്കിന്‍റെ അര്‍ഥം സ്വര്‍ഗ്ഗപ്പൂന്തോപ്പ് അല്ലെങ്കില്‍ പറുദീസാതോട്ടം എന്നര്‍ഥമുള്ള റാവ് സ എന്നായിരുന്നു. മുഹമ്മദ് ബിന്‍ തുഗ്ലക് ദില്ലിയില്‍ നിന്ന് തലസ്ഥാനം ദൌലത്താബാദിലേക്ക് മാറ്റിയപ്പോള്‍ ഒരുപാട് സൂഫികളും ദൌലത്താബാദിന്‍റെ പരിസരങ്ങളില്‍ എത്തിച്ചേര്‍ന്നു. അങ്ങനെ ആ സ്ഥലം സൂഫികളുടെ താഴ്വര എന്ന പേരും നേടി.

കുറെ ദര്‍ഗകളുണ്ട് അവിടെ. സര്‍സാരിസര്‍ ഭക്ഷ്, ഷേഖ് ബുര്‍ഹാനുദ്ദീന്‍ ഖാരിബ് ചിഷ്ത്തി, ഷേഖ് സൈനുദീന്‍ ഷിരാസി എന്നീ സൂഫി സന്യാസിമാര്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഖുല്‍ദാബാദിലാണ്.

എന്‍റെ ചോദ്യങ്ങളും മുംതാസിന്‍റെ ഉത്തരങ്ങളും ശ്രദ്ധിച്ച വെളുവെളുത്ത താടിയുള്ള ഒരു മൌലവി ഓട്ടോ കുറച്ചു നേരം നിറുത്തിച്ച് എന്നെ ഖബറിടം കാണിക്കാന്‍ കൊണ്ടുപോകാമെന്നും അഞ്ചു മിനിറ്റ് തികച്ചെടുക്കില്ല ആ സന്ദര്‍ശനത്തിനു എന്നും പറഞ്ഞപ്പോള്‍ ഞാന്‍ അല്‍പം അല്‍ഭുതപ്പെടാതിരുന്നില്ല.
                                         

' ബീബി കാ മക്ബറ അഞ്ചു മിനിറ്റ് കൊണ്ട് കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്‍റെ മക്ബറ കാണാന്‍..' എന്ന് ഞാന്‍ സംശയിച്ച് നിറുത്തിയപ്പോള്‍ മൌലവിയും മുംതാസും ഒരുമിച്ച് പുഞ്ചിരി തൂകി.

അവിടെ ചെല്ലുമ്പോള്‍ മനസ്സിലാകുമെന്ന് മുംതാസ് ആ പുഞ്ചിരി മായാതെ തന്നെ വിശദീകരിച്ചു. ..
                                           
                                         

ഔറംഗസീബ് പണിതുയര്‍ത്തിയ കോട്ടമതിലുകളാല്‍ ചുറ്റപ്പെട്ടതാണ് ഖുല്‍ദാബാദ്. ഏഴു ഗേറ്റുകളും ഒരു വിക്കറ്റ് ഗേറ്റുമുണ്ട് കോട്ടയ്ക്ക്. കോട്ടമതില്‍ കുറേയേറെ ഇടിഞ്ഞു പൊളിഞ്ഞു കഴിഞ്ഞു. മതിലിന്‍റെ വടക്കന്‍ ഗേറ്റിനും തെക്കന്‍ ഗേറ്റിനും ഇടയ്ക്കാണ് ഔറംഗസീബിന്‍റെ ഖബര്‍. ഷേഖ് ബുര്‍ഹാനുദ്ദീന്‍ ചിഷ്ത്തിയുടെ ദര്‍ഗയ്ക്ക് സമീപമാണ് അത്. റോഡില്‍ നിന്നും ചെറിയൊരു കയറ്റത്തിലൂടെയാണ് അവിടെ എത്താന്‍ കഴിയുക. 1760 ലുണ്ടാക്കിയ ഒരു ഡോം നിര്‍മ്മിതിയുള്ള പോര്‍ച്ചിലൂടെ നടന്ന് ഒരു നാലുകെട്ട് ഡിസൈനില്‍ എത്തിച്ചേരുമ്പോള്‍ ഒരു സ്കൂളായും വഴിയാത്രക്കാരുടെ വിശ്രമസ്ഥലമായും ഉപയോഗിക്കപ്പെട്ടിരുന്ന തുറസ്സായ കെട്ടിടങ്ങള്‍ക്കപ്പുറം പള്ളി പ്രത്യക്ഷപ്പെടുന്നു. പള്ളിക്കു മുന്നിലൂടെ ചെറിയൊരു വഴിത്താര.. അതിലൂടെ പോയാല്‍ ഒരു ചെറുമുറ്റം.. ആ മുറ്റത്തിന്‍റെ തെക്കുകിഴക്കേ കോണിലാണ് ഇന്ത്യയുടെ ഭൂരിഭാഗവും കീഴടക്കി ഭരിച്ച ഔറംഗസീബിന്‍റെ നന്നെ വിനീതമായ ശവകുടീരം..                                           

തറയില്‍ നിന്ന് കഷ്ടിച്ച് അരയടി ഉയരമുള്ള ഒരു പ്ലാറ്റ്ഫോം. ഒരു നാലുകാല്‍പ്പുരയുടെ കീഴില്‍... സൂഫി സന്യാസിയായ ഷേഖ് ബുര്‍ഹാനുദ്ദീന്‍റെ ദര്‍ഗ്ഗയുടെ നിഴലില്‍... ഇതായിരുന്നു ആദ്യകാലങ്ങളില്‍ ആ ശവകുടീരം. അതു കണ്ട് വൈസ്രോയി ആയിരുന്ന കഴ്സണ്‍ പ്രഭു ഞെട്ടിപ്പോയി പോലും. അദ്ദേഹത്തിനു തികച്ചും അവിശ്വസനീയമായിരുന്നു ആ കാഴ്ച...

വെളുത്ത മാര്‍ബിളിന്‍റെ ലളിതമായ ജാലികളാല്‍ ചുറ്റപ്പെട്ട് അതിലും ലളിതമായ ഒരു മാര്‍ബിള്‍ത്തറയില്‍.... ആ ശവകുടീരത്തെ ഇന്നത്തെ രൂപത്തിലാക്കിയത് 1911 ല്‍ ഹൈദരാബാദ് നൈസാമായിരുന്നു. അത് കഴ്സണ്‍ പ്രഭുവിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു താനും.

വിശേഷദിനങ്ങളില്‍ ചിത്രത്തുന്നല്‍ ചെയ്ത ഒരു പുതപ്പും ബാക്കി ദിവസങ്ങളില്‍ ഒരു വെള്ളത്തുണിയുമാണ് ഔറംഗസീബിന്‍റെ ശവകുടീരത്തില്‍ കാണപ്പെടുന്ന ഏക അലങ്കാരം..

മതവെറിയനും യുദ്ധക്കൊതിയനും കുടുംബ സ്നേഹമില്ലാത്തവനും അധികാരമോഹിയുമെന്ന് ദുഷ്പേരു കേട്ട ഔറംഗസീബ് ഇത്ര സരളമായ ഒരു ശവകുടീരത്തിലുറങ്ങുന്നത് എന്തുകൊണ്ടാവും? സൂഫിസം പകര്‍ന്നു നല്‍കിയ ആത്മീയതയെ സ്വാംശീകരിച്ചതാവുമോ.. തൊപ്പി തുന്നിയും ഖുര്‍ ആന്‍ പകര്‍ത്തി വിറ്റും മാത്രം കിട്ടുന്ന പണം കൊണ്ട് സ്വന്തം ജീവിതച്ചെലവുകള്‍ നിവര്‍ത്തിക്കണമെന്നും ഖജനാവിന്‍റെ പണം ജനങ്ങളുടെ ആവശ്യങ്ങള്‍ക്കാണെന്നും ഔറംഗസീബിനെ ഇത്ര കര്‍ശനമായി ബോധ്യപ്പെടുത്തിയത് ഈ സൂഫിസത്തിന്‍റെ ധാരയായിരിക്കുമോ..

ആ ലാളിത്യത്തിനു മുന്നില്‍, എല്ലാ നിലയിലും സല്‍പ്പേരു മാത്രം നേടിയിട്ടുള്ള ജനാധിപത്യ ഭരണാധികാരികളുടെ മരണസൂക്ഷിപ്പ് ആഡംബരങ്ങളെക്കുറിച്ചോര്‍ത്തുകൊണ്ട് ഞാന്‍ കുറച്ചു നേരം നിശ്ശബ്ദയായി നിന്നു.

മഗ് രിബ് നമസ്ക്കാരത്തിനു നേരമായിക്കഴിഞ്ഞിരുന്നു.

ബാങ്ക് വിളി മുഴങ്ങി

No comments: