Monday, July 16, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....42

https://www.facebook.com/echmu.kutty/posts/604018656444099?pnref=story&_rdc=1&_rdr
നോവല്‍ 42

പിറ്റേന്ന് രാവിലെ തന്നെ അവളുടെ ഭര്‍ത്താവ് ചേട്ടത്തിയമ്മയെ വിളിച്ചു, അവന്റെ ആരോഗ്യവിവരം അന്വേഷിക്കാന്‍.. മട്ടുകണ്ടാല്‍ അവന്റെ ദേഹമാസകലം പൊള്ളിയിട്ട് അവളും ചേട്ടത്തിയമ്മയും കൂടി മന:പൂര്‍വം ചികില്‍സിക്കാതെ വീട്ടില്‍ വെച്ചുകൊണ്ടിരിക്കുന്നതു പോലെ തോന്നുമായിരുന്നു.

വിഷമിക്കാനൊന്നുമില്ലെന്നും ഞാനവനെ നോക്കുന്നുണ്ടെന്നും അവനുറങ്ങിയെണീറ്റാല്‍ ഉടന്‍ ഫോണില്‍ സംസാരിപ്പിക്കാമെന്നും അമ്മയെ ഇത്തരം തെറിവാക്കുകള്‍ വിളിക്കാന്‍ ആ കുട്ടിയെ പഠിപ്പിച്ചതെന്തിനെന്നും ചേട്ടത്തിയമ്മ അയാളോട് മടിയില്ലാതെ സംസാരിച്ചു.

അയാള്‍ ഒന്നും കേട്ടതായി ഭാവിച്ചില്ല.

എന്തായാലും അന്നുച്ചയ്ക്ക് ഹെഡ് ഫോണ്‍ വാങ്ങാന്‍ രണ്ടായിരം രൂപ അവന്‍ അമ്മായിയോട് മേടിച്ചു. അവനു ഒരു കളിപ്പാട്ടം വാങ്ങാന്‍ കുറച്ചു കൂടി പൈസ കൊടുക്കാമോ എന്നും ചോദിച്ചു, അതിനുള്ള പണം കൈയിലില്ലെന്നും നാളെ അമ്മാവനോട് ബാങ്കിലിടാന്‍ പറഞ്ഞിട്ട് അമ്മായി തരാമെന്നും പറഞ്ഞപ്പോള്‍ അവന്‍ അത് സന്തോഷത്തോടെ സമ്മതിച്ചു. അവന്റെ പെരുമാറ്റം തികച്ചും സാധാരണമായിരുന്നു. വഴക്കോ മുഖം വീര്‍പ്പോ ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ക്കൊപ്പം പല ഷോപ്പുകള്‍ കയറിയിറങ്ങി അവന്‍ ഹെഡ് ഫോണ്‍ വാങ്ങി. വൈകീട്ട് ആ വീട്ടിലേക്ക് പോകുമ്പോള്‍ സ്വന്തം അമ്മയെ വിളിച്ച് അത്യാഹ്ലാദത്തോടെ അവന്‍ ഒറ്റയ്ക്ക് ഒരു മിടുക്കനായി നല്ലൊരു സാധനം സെലക്ട് ചെയ്തുവെന്നും അമ്മ സുഖമായിരിക്കുന്നോ, ഒത്തിരി ജോലിയുണ്ടോ ഓഫീസില്‍ എന്നും മറ്റും അതീവ മര്യാദയോടെ ഹൃദ്യമായി അവളോട് സംസാരിച്ചു. ഇന്നലെ അവര്‍ തമ്മിലുണ്ടായ വഴക്ക് അവന്‍ തീരെ മറന്നു കഴിഞ്ഞിരുന്നുവെന്ന് തോന്നി. എന്നാല്‍ രാത്രി ഒമ്പതു മണിയായിട്ടും അവന്‍ മടങ്ങിയില്ല. അവനെ കാത്ത് അവളുടെ കാറും ഡ്രൈവറും ആ ഫ്‌ലാറ്റ് സമുച്ചയത്തിനു മുന്നില്‍ കാത്തിരിപ്പുണ്ടായിരുന്നു. അവള്‍ ഫോണ്‍ ചെയ്തപ്പോള്‍ അവനും ഫോണ്‍ എടുത്തില്ല, അയാളും ഫോണ്‍ എടുത്തില്ല. അവള്‍ ഇരുവര്‍ക്കും എസ് എം എസ് അയച്ചു. അതിനും മറുപടി വന്നില്ല. അവള്‍ ഡ്രൈവറെ തിരികെ വിളിച്ചു.

അപ്പോഴേക്കും രാത്രി പത്തുമണിയായിരുന്നു.

അവളും ചേട്ടത്തിയമ്മയും കൂടി പോലീസ്സ്‌റ്റേഷനില്‍ പോയി പരാതി നല്‍കി. പോലീസുകാര്‍ പരാതി സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ പറഞ്ഞു, കുട്ടി പോയ സ്ഥലത്തെ പോലീസ് സ്റ്റേഷനിലാണ് പരാതിപ്പെടേണ്ടതെന്ന്.. അവിടെ ചെന്നപ്പോള്‍ അവിടത്തെ പോലീസുകാര്‍ പറഞ്ഞു, മറ്റേ സ്റ്റേഷനിലാണ് പരാതിപ്പെടേണ്ടതെന്ന്... അവരും പരാതി സ്വീകരിച്ചില്ല. പിന്നേയും ഒത്തിരി അപേക്ഷിച്ചപ്പോള്‍ അവിടത്തെ എസ് എച്ച് ഓ അയാളുടെ നമ്പറില്‍ നിന്ന് അച്ഛനേയും മോനേയും വിളിച്ചു. അവര്‍ അപ്പോഴും ഫോണ്‍ എടുത്തില്ല. എങ്കില്‍ പിന്നെ ഫ്‌ലാറ്റില്‍ പോയി നോക്കാമെന്നായി പോലീസുകാര്‍. അങ്ങനെ പോലീസുകാര്‍ ഫ്‌ലാറ്റില്‍ ചെന്നപ്പോള്‍ അച്ഛനും മോനും അവിടെ സുഖമായിരുന്നു ടി വി കാണുകയായിരുന്നു. അവരിരുവരെയും താഴെക്കൊണ്ടു വന്ന് അവളേയും ചേട്ടത്തിയമ്മയേയും കാണിച്ചുകൊടുത്തിട്ട് 'എന്താണെടോ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്തത് ? ആളുകളെ കളിപ്പിക്കുകയാണോ അച്ഛനും മോനും 'എന്ന് ഉറച്ച ശബ്ദത്തില്‍ ചോദിച്ച് ' നിങ്ങടെ മോന്‍ അവന്റെ തന്തയ്‌ക്കൊപ്പം ദേ, തോക്കു പോലെ നില്‍ക്കുന്നു 'എന്ന് ഉറക്കെ പ്രഖ്യാപിച്ച് പോലീസുകാര്‍ മടങ്ങി.

അവളും ചേട്ടത്തിയമ്മയും തിരികെപ്പോന്നു.

പിറ്റേന്ന് രാവിലെ അയാളുടെ ഒരു മെയില്‍ അവള്‍ക്ക് വന്നു. അവന്‍ അവളുടെ വീട്ടില്‍ അതിഭയങ്കരമായി ദ്രോഹിക്കപ്പെടുകയായിരുന്നുവെന്നും പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്നും ആ സങ്കടം അയാളോട് പറയാന്‍ അവന്‍ സ്വയം വന്ന് നിന്നതാണെന്നുമായിരുന്നു അയാള്‍ എഴുതീരുന്നത്. അവനെ ഇങ്ങനെ വിഷമിപ്പിച്ചാല്‍ പിന്നെ അവന്‍ എന്നുമെന്നും അയാളുടെ കുട്ടി മാത്രമായിരിക്കുമെന്നും ഭീഷണിപ്പെടുത്തീരുന്നു.

എന്തായാലും വൈകീട്ട് അവന്‍ ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ എടുത്തില്ല.
അവന്‍ മെസ്സെജ് അയച്ചപ്പോള്‍ അവള്‍ മറുപടി എഴുതി.

'ചക്കര വിഷമിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമില്ല. അമ്മയുടെ അടുത്ത് വന്ന് നീ സങ്കടപ്പെടുന്നതായി വേദനിക്കുന്നതായി അച്ഛന്‍ മെസ്സേജ് അയച്ചിരുന്നു. അതു പറയാനാണ് നീ പോയതെന്നും നിന്റെ സ്വന്തം ഇഷ്ടത്തിനു അങ്ങനെ നിന്നതാണെന്നും അതിലുണ്ട്. നീ വിഷമിക്കരുത്. അവിടെ നിന്നോളൂ... സന്തോഷത്തോടെ. ഇവിടെ വന്ന് അമ്മയെ ചീത്തവാക്കുകള്‍ വിളിച്ച് പാപത്തിന്റെ കുടം ഇനിയും നിറയ്‌ക്കേണ്ട. നീ പാപിയാകുന്നത് അമ്മയ്ക്ക് സഹിക്കാന്‍ പറ്റില്ല. ഏതു ബോര്‍ഡിംഗ് സ്‌കൂളില്‍ ചേരണമെന്ന തീരുമാനമെടുത്ത് അമ്മയെ അറിയിക്കുക. അതനുസരിച്ച് ചേരാന്‍ വേണ്ടുന്ന കാര്യങ്ങള്‍ അമ്മ ചെയ്യാം. '

അവന്‍ എന്തു ചീത്ത വാക്കാണ് അമ്മയെ വിളിച്ചതെന്ന് അവനു മനസ്സിലായില്ല എന്നായിരുന്നു അവന്റെ അടുത്ത മെസ്സേജ്.

ആ നിഷ്‌കളങ്കനാട്യത്തില്‍ ഇപ്രാവശ്യം അവള്‍ വഴങ്ങാനോ ഉരുകാനോ ലേശം പോലും കൂട്ടാക്കിയില്ല. രാത്രി അത്ര നീചമായി സംസാരിച്ചിട്ട് ഒരു ക്ഷമാപണം പോലും എഴുതാനാവാത്ത അവന്റെ ആ നിന്ദയെ അവള്‍ കഠിനമായി വെറുത്തു.

'അമ്മ തീരുമാനിക്കുന്ന സ്‌കൂളില്‍ ചേരാം' എന്നവന്‍ ഒരു മെസ്സേജ് കൂടി അയച്ചു. അത് അവള്‍ ഗൌരവത്തില്‍ എടുത്തതേയില്ല. എല്ലാം അവരുടെ നാടകമാണെന്ന തീരുമാനത്തില്‍ അവള്‍ എത്തിക്കഴിഞ്ഞിരുന്നു. അവന്‍ ഏതു നിമിഷവും മാറ്റിപ്പറയും. അയാളും അങ്ങനെ തന്നെ.

അമ്മയോട് ക്ഷമ ചോദിക്കാന്‍ അവന്‍ തയാറായിരുന്നില്ല. ഇത്തവണ പക്ഷേ, വെറുതെയെങ്കിലും ആത്മാര്‍ഥത തീരെ ഇല്ലാത്തതാണെങ്കില്‍പ്പോലും അവന്റെ ക്ഷമാപണം അവള്‍ക്ക് നിര്‍ബന്ധമായി വേണമായിരുന്നു.

ചേട്ടത്തിയമ്മയ്ക്ക് അവളില്‍ വന്ന കടുപ്പം മനസ്സിലായി. അവള്‍ ഒരക്ഷരം പോലും വിശദീകരിക്കാതെ തന്നെ. അവളില്‍ ആത്മാഭിമാനം ഉണര്‍ന്നുവെന്നും സ്വന്തം സ്‌നേഹത്തിന്റെയും അദ്ധ്വാനത്തിന്റെയും വില അവള്‍ തിരിച്ചറിഞ്ഞുവെന്നും അവര്‍ക്ക് ബോധ്യം വന്നു.

അടുത്ത ദിവസമായിരുന്നു ഡൊമസ്റ്റിക് വയലന്‍സ് കേസ് . അതിനവന്‍ അച്ഛന്റെ ഒപ്പം കോടതിയില്‍ വന്നു. ഒരു കള്ളച്ചിരി അമ്മയ്ക്ക് സമ്മാനിച്ചതല്ലാതെ അവളോട് സംസാരിക്കാന്‍ അവന്‍ കൂട്ടാക്കിയില്ല.

മജിസ്ട്‌റേറ്റിനോട് സംസാരിക്കുമ്പോള്‍ വികാരഭാരത്താല്‍ അയാള്‍ നന്നെ വിറയ്ക്കുന്നുണ്ടായിരുന്നു. ജോലി ഇല്ലെന്നും ഇന്‍കം ടാക്‌സ് അടയ്ക്കുന്നില്ലെന്നും അയാള്‍ കോടതിയില്‍ ബോധിപ്പിച്ചു. അവള്‍ക്ക് ഒരുപാട് വരുമാനമുണ്ടെന്നും അത് പൂര്‍ണമായും അവള്‍ വെളിപ്പെടുത്തീട്ടില്ലെന്നും അയാള്‍ പരാതിപ്പെട്ടു. കാശുണ്ടായിട്ടും കുട്ടിയെ പഠിപ്പിക്കാന്‍ അവള്‍ തയാറല്ലെന്ന് അയാള്‍ വേദനിച്ചു.

അപ്പോള്‍ അവളുടെ വക്കീല്‍ ഇടപെട്ടു. ഇന്ത്യയിലെ ഏറ്റവും നല്ല സ്‌കൂളുകളില്‍ ലക്ഷക്കണക്കിനു രൂപ ഫീസ് കൊടുത്ത് അവള്‍ സീറ്റ് ഉറപ്പാക്കിയിട്ടുണ്ടെന്നും കുഞ്ഞിനെ അവിടെ പഠിപ്പിക്കാന്‍ അവള്‍ തയാറാണെന്നും വക്കീല്‍ ബോധിപ്പിച്ചു.

മജിസ്‌ട്രേറ്റ് തല കുലുക്കി.

അവളുടെ ഹര്‍ജി മുഴുവന്‍ കളവാണെന്ന് അപ്പോള്‍ അയാള്‍ വിശദീകരിച്ചു. കുട്ടിയുടെ കസ്റ്റഡി അയാള്‍ വിട്ടിട്ടില്ലെന്നും കേസു കൊടുത്ത് പേടിപ്പിച്ചതുകൊണ്ട് അന്നങ്ങനെ പറ്റിപ്പോയതാണെന്നും അയാള്‍ സങ്കടപ്പെട്ടു. അത് കുടുംബകോടതിയില്‍ പറഞ്ഞോളാമെന്ന് അയാള്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചു. ഈ കോടതിയിലെ അവളുടെ ഹര്‍ജി ഈ നിമിഷം തള്ളണമെന്നായിരുന്നു അയാളുടെ ആവശ്യം.
മജിസ്ട്‌റേറ്റ് ഒരു ചെറുപ്പക്കാരനായിരുന്നു.

അയാളോട് സര്‍ക്കാര്‍ വക്കീലിനെ വെച്ചു തരാമെന്ന് അദ്ദേഹം അനുഭാവപൂര്‍വം അറിയിച്ചു.

വേണ്ടെന്നായിരുന്നു അയാളുടെ മറുപടി. സ്വയം വാദിച്ചു ജയിക്കാന്‍ കഴിയുമെന്ന് അയാള്‍ക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു.

പിന്നീട് കേസിന്റെ പ്രത്യേകതകള്‍ മജിസ്ട്‌റേറ്റ് വിശദീകരിച്ചു. അത് ക്രിമിനല്‍കേസായി മാറാവുന്ന ഒന്നാണെന്നും 'യൂ വില്‍ ഗെറ്റ് അറെസ്റ്റഡ് 'എന്നും അദ്ദേഹം വെളിപ്പെടുത്തി. ഹര്‍ജിക്ക് മറുപടി എഴുതിയേ തീരു എന്നദ്ദേഹം അയാളോട് പറഞ്ഞു. അദ്ദേഹത്തിനു അയാള്‍ ഇപ്പോള്‍ പറയുന്നതൊന്നും ഓര്‍മ്മയില്‍ നില്‍ക്കില്ല. ഈ ഒരു കേസ് മാത്രം നോക്കിയാല്‍ പോരല്ലോ. അതുകൊണ്ട് മറുപടി എഴുതിക്കൊണ്ട് വന്നേ തീരു എന്ന് അദ്ദേഹം കല്‍പിച്ചു, അതിനായി രണ്ടര മാസം സമയം നല്‍കിക്കൊണ്ട് ഒരു തീയതി അടുത്ത കേസ് ദിനത്തിനായി മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചു.

അവന്‍ ഒരു കൂസലുമില്ലാതെ അവളെ ശ്രദ്ധിക്കുക പോലും ചെയ്യാതെ അച്ഛന്റെ ഒപ്പം മടങ്ങിപ്പോയി. അവള്‍ വിളിക്കാനോ പുറകെ ഓടാനോ കണ്ണീരൊഴുക്കാനോ തുനിഞ്ഞില്ല.

പിന്നീട് എന്നും അവള്‍ ബോര്‍ഡിംഗ് സ്‌കൂളിനെപ്പറ്റി മാത്രം തീരുമാനിക്കാന്‍ പറഞ്ഞ് , അത് അവന്റെ അച്ഛനോട് തന്നെ അയയ്ക്കാന്‍ ആവശ്യപ്പെട്ട് അവനു സന്ദേശമയച്ചുകൊണ്ടിരുന്നു. അവനോ അയാളോ അതിനോട് പ്രതികരിച്ചില്ല.

അവന്‍ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.... അവളുടെ സന്ദേശങ്ങള്‍ക്ക് ആരും മറുപടി അയച്ചില്ല. അവ അനാഥമായി എവിടേയോ വിലയം പ്രാപിച്ചു.

( തുടരും )

1 comment: