രക്തബന്ധം, വിവാഹബന്ധം, മാതൃപിതൃപുത്രബന്ധം ... ഇങ്ങനെ നമ്മുടെ സമൂഹം പൊതുവായി കെങ്കേമമെന്ന് കൊട്ടിഘോഷിക്കുന്ന ബന്ധങ്ങളിലൊന്നും യാതൊരു വിശ്വാസവുമില്ലാത്ത ഒരുവളാണ് ഞാന്‍. എന്റെയും എന്റെ ജീവിതപരിസരങ്ങളിലുള്ളവരുടേയും ജീവിതം തന്നെയാണ്, അല്ലെങ്കില്‍ ഞാന്‍ കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന ജീവിതങ്ങള്‍ തന്നെയാണ് എന്നെ അങ്ങനെ മാറ്റിത്തീര്‍ത്തത്.
മനുഷ്യമനസ്സിന്റെ ക്രൂരതയും സ്വാര്‍ഥതയും കൌടില്യവും അതിന്റെ നന്മയേക്കാളേറെ എന്നും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാവണം എല്ലാ ബന്ധങ്ങളും മനസ്സില്‍ ആരംഭിച്ച് അവിടെ അവസാനിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നത്. മനസ്സിനപ്പുറത്ത് മനുഷ്യന് ബന്ധങ്ങളേയില്ല.
എന്റെ അനിയത്തിയാണ് എന്നെ ആ അനാഥാലയത്തില്‍ ആദ്യമായി കൊണ്ടുപോയത്. അരി, ഗോതമ്പ് പൊടി, നാലഞ്ചു തരം പരിപ്പു പയറു വര്‍ഗങ്ങള്‍,എണ്ണ, ചായ, പഞ്ചസാര, തുണികള്‍ അങ്ങനെ കാറിന്റെ ഡിക്കി നിറയെ കുറെ സാധനങ്ങളുമായിട്ടാണ് അവള്‍ അവിടെ പോകാറുള്ളത്. തെരുവിലെ കുട്ടികള്‍ക്ക് ശനിയാഴ്ചകളില്‍ ഹല്‍വ ഉണ്ടാക്കിക്കൊടുക്കും പോലെ ഒരു അനുഷ്ഠാനമാണ് അവള്‍ക്കീ അനാഥാലയ സന്ദര്‍ശനം.
അതീവ പരിമിതമായ സൌകര്യങ്ങളില്‍ ആ അനാഥാലയത്തില്‍ മുന്നൂറ്റമ്പതോളം മനുഷ്യര്‍ കഴിഞ്ഞു കൂടുന്നു. മണ്ണെടുത്ത് കുഴിയായ ഒരു സ്ഥലം. അവിടവിടെ അരാവലിത്താഴ്വരയില്‍ കാണപ്പെടുന്ന കുറ്റിച്ചെടികള്‍, നീളന്‍ പുല്ലുകള്‍ എന്നിവയുടെ വാടിയ പച്ചപ്പ്. കുഴിയെടുത്ത് ബാക്കിയായ മണ്ണിനോട് ചേര്‍ത്ത് ടിന്‍ ഷീറ്റുകള്‍ ഇറക്കിയാണ് ചുമരുണ്ടാക്കീരിക്കുന്നത്. ആ ഷീറ്റുകള്‍ കൊണ്ട് തന്നെയാണ് മേല്‍പ്പുരയും.
ഉത്തരേന്ത്യയുടെ അതിനിശിതമായ തണുപ്പും ചൂടും ആ മനുഷ്യര്‍ അതേ പോലെ ഏറ്റുവാങ്ങുന്നു. അവിടെ ഇന്ത്യയിലെ ഏതാണ്ട് എല്ലാ സ്റ്റേറ്റുകളിലുമുള്ള മനുഷ്യരുണ്ട്. മലയാളി മുതല്‍ കാശ്മീരി വരെ. ഗുജറാത്തി മുതല്‍ ത്രിപുരക്കാര്‍ വരെ. അവരെ തമ്മില്‍ ഒന്നിപ്പിക്കുന്നത് ഒറ്റസ്സത്യമാണ് ... അവര്‍ക്ക് ആരുമില്ല എന്ന മഹാസത്യം.
അവരില്‍ അന്താരാഷ്ട്രകോടതിയില്‍ ജഡ്ജായിരുന്നയാളുണ്ട്. ഐ എ എസ്സു കാരനുണ്ട്, പത്രപ്രവര്‍ത്തകനും, എന്‍ജിനീയറും ഡോക്ടറും ശില്‍പിയും എല്ലാമുണ്ട്. അവരുടെയെല്ലാം പണവും സ്വത്തും ബന്ധങ്ങള്‍ അപഹരിച്ചിരിക്കുന്നു. അമ്മാതിരിയുള്ള ധനാര്‍ത്തികള്‍ നല്‍കിയ ഷോക്കില്‍ ഓര്‍മ്മ പോയവരുണ്ട്. ഭര്‍ത്താവും മൂന്നു മക്കളും കാറപകടത്തില്‍ മരിച്ചതു കാണേണ്ടി വന്നതുകൊണ്ട് സമനില തെറ്റിയ വീട്ടമ്മയുണ്ട്. അങ്ങനെ ഒത്തിരി ഒത്തിരി മനുഷ്യരുണ്ട്. അവരെല്ലാവരും ഓരോ കഥയാണ്. വേണമെങ്കില്‍ ഒറ്റയടിക്ക് മുന്നൂറ്റമ്പത് വ്യത്യസ്ത കഥകള്‍ എഴുതാം... എല്ലാത്തിന്റെയും പ്രമേയം പക്ഷെ, വഞ്ചന, ചതി, സ്‌നേഹമില്ലായ്മ, അനാഥത്വം, ദൈന്യം, നിന്ദ, അപമാനം എന്നിവയായിരിക്കും.
പോലീസുകാര്‍ അവിടത്തെ സ്ഥിരം സന്ദര്‍ശകരാണ്. വ്രണങ്ങളും ജടയും പുഴുക്കളും വൃത്തികേടുകളുമായി മരിക്കാറായ അനാഥരെ അവര്‍ എപ്പോഴും കൊണ്ടുവരും, ചിലരൊക്കെ അവിടത്തെ പരിചരണത്തില്‍ രക്ഷപ്പെടും. ചിലര്‍ മരണത്തിനു കീഴടങ്ങും.
ജീവിതത്തില്‍ ഒന്നും കിട്ടാതെ പോയ അവരുടെ ശവശരീരത്തിനെങ്കിലും ബഹുമാനവും ആദരവും ലഭ്യമാക്കാന്‍ അനാഥാലയക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്.
അതുകൊണ്ടാണവര്‍ പറഞ്ഞത്. അവിടെ ഏറ്റവും അത്യാവശ്യം ശവക്കച്ചയാണെന്ന്.. ആഴ്ചയില്‍ മൂന്നാലു മരണമെങ്കിലും ഉണ്ടാവും. അപ്പോള്‍ അത് അത്യാവശ്യങ്ങളില്‍ പെട്ട ഒന്നായിത്തീരുന്നു. അരിയും ഗോതമ്പും ചായപ്പൊടിയും പഞ്ചസാരയും പോലെ...
ആ മനുഷ്യരെ കുളിപ്പിക്കാനും ഉടുപ്പിക്കാനും വ്രണങ്ങള്‍ വെച്ചുകെട്ടാനും മുടി വെട്ടിക്കാനുമൊക്കെ ഒത്തിരി മനുഷ്യരുടെ സഹായം വേണം. ഞങ്ങളോടും അതിനെല്ലാം ചെല്ലാമോ , പകല്‍നേരങ്ങള്‍ അവര്‍ക്കൊപ്പം ചെലവാക്കാമോ എന്ന് അനാഥാലയത്തിന്റെ നടത്തിപ്പുകാര്‍ ചോദിക്കാതിരുന്നില്ല.
നേരിട്ടിടപഴകുമ്പോള്‍ കിട്ടുന്ന വിവരങ്ങള്‍ പക്ഷെ, നമ്മെ വെറും പൊടിയാക്കി തകര്‍ത്തു കളയും. അവരാരും അനാഥരായി ജനിച്ചവരല്ല. നമ്മള്‍ പാടിപ്പുകഴ്ത്തുന്ന ഈ ബന്ധങ്ങളുണ്ടല്ലോ അതിലെ സ്വാര്‍ഥതയും ആര്‍ത്തിയും അവരെ റോഡിലും പാര്‍ക്കിലും മറ്റൊരു ദേശത്തും തീവണ്ടിമുറിയിലും റെയില്‍വേ സ്റ്റേഷനിലുമെല്ലാം കളഞ്ഞിട്ട് പോയതാണ്. അങ്ങനെ കടന്നുകളഞ്ഞവരെല്ലാം അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലുമില്ലാതെ സുഖമായി കഴിയുകയും ചെയ്യുന്നു.
പല കാരണങ്ങള്‍കൊണ്ട് ഈ മനുഷ്യര്‍ അനാവശ്യമായിട്ടുണ്ടാവാം. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞാണല്ലോ നമ്മള്‍ ചപ്പുചവറുകള്‍ ചവറുവീപ്പയിലിടുന്നത്. അതുപോലെ ഈ മനുഷ്യരേയും എവിടെയെങ്കിലും സുരക്ഷിതമായി നിക്ഷേപിക്കാവുന്നതല്ലേയുള്ളൂ. അനാഥാലയങ്ങളുണ്ട്, വൃദ്ധസദനങ്ങളുണ്ട്.. പല സംഘടനകളുണ്ട്. അവിടെ എവിടെയെങ്കിലും കൊണ്ടുപോകാമല്ലോ. എന്തൊരു തരം മനസ്സായിട്ടായിരിക്കണം ഒരിക്കല്‍ നമ്മുടെ ആരോ ആയിരുന്ന ഒരു മനുഷ്യജീവനെ എവിടെയെങ്കിലും കരിയില പോലെ ഉപേക്ഷിക്കാനാവുന്നവരുടേത്?
എനിക്ക് മനസ്സിലാക്കാനായിട്ടില്ല. ഇനി ആവുമെന്നും തോന്നുന്നില്ല.
ആ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അനാഥാലയത്തെപ്പറ്റി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്തിനു ഈ ഭ്രാന്തരേയും പുഴുത്തളിഞ്ഞവരേയും കാല്‍ക്കാശിനു പ്രയോജനമില്ലാത്തവരേയും ഇങ്ങനെ ഗ്രാമത്തില്‍ കുടിപാര്‍പ്പിച്ച് തീറ്റിപ്പോറ്റുന്നു എന്നവര്‍ക്ക് മനസ്സിലാകുന്നില്ല. എല്ലാവരേയും ആട്ടിക്കളയണമെന്നാണ് ആരോഗ്യമുള്ള നാട്ടുകാരുടെ പക്ഷം.
ഈ അനാഥരായ മനുഷ്യരെയൊക്കെ ദൈവം എന്തുദ്ദേശത്തിലാണ് ജീവിതമെന്ന് മോഹിപ്പിച്ച് ഭൂമിയിലേക്ക് പറഞ്ഞുവിട്ടതെന്ന് ചോദിക്കണമെന്നുണ്ട്. അതിനുള്ള കഴിവ് ദൈവമെനിക്ക് തന്നതുമില്ല. അതുകൊണ്ട് ഞാനിങ്ങനെ...
പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള നോട്ട് പരിഷ്‌ക്കാരം കൊണ്ട് അനാഥാലയത്തിനും ഗുണമുണ്ടായെന്ന് കേട്ടു... ഒത്തിരിസ്സാധനങ്ങള്‍ ഒത്തിരിപ്പേര്‍ കൊണ്ടുവന്നു കൊടുത്തുവത്രേ!
1 comment:
മനുഷ്യമനസ്സിന്റെ ക്രൂരതയും സ്വാര്‍ഥതയും കൌടില്യവും അതിന്റെ നന്മയേക്കാളേറെ എന്നും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാവണം എല്ലാ ബന്ധങ്ങളും മനസ്സില്‍ ആരംഭിച്ച് അവിടെ അവസാനിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നത്. മനസ്സിനപ്പുറത്ത് മനുഷ്യന് ബന്ധങ്ങളേയില്ല.
Post a Comment