വന്‍ നഗരങ്ങളിലെ തിരക്കേറിയ റോഡുകളില്‍ ഒരുപാട് യാചകരെ കാണാം. വയസ്സന്മാരും കുട്ടികളും സ്ത്രീകളും ഒക്കെയായി ദൈന്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും ജീവിക്കുന്ന ആള്‍ രൂപങ്ങള്‍. വിലപിടിച്ച വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന വിലകൂടിയ മനുഷ്യരോട്, ട്രാഫിക് സിഗ്‌നലുകളിലെ കാത്തിരിപ്പിനിടയില്‍ അവര്‍ യാചിക്കും, കാല്‍ തൊട്ട് വണങ്ങും, ഗര്‍ഭിണികള്‍ ലജ്ജയില്ലാതെ വയറ് ചൂണ്ടിക്കാണിച്ച് വിശക്കുന്നുവെന്ന് പറയും, കുട്ടികള്‍ കുറച്ച് ചോറിനും ചപ്പാത്തിക്കും വേണ്ടി നിലവിളിക്കും. നമ്മള്‍ തിളക്കമാര്‍ന്ന സ്വതന്ത്ര ഇന്ത്യയിലെ വിശ്വപൌരന്മാരാണല്ലൊ, സൂപ്പര്‍ പവര്‍ പദവിയിലേക്ക് റോക്കറ്റില്‍ കുതിക്കുന്നവര്‍. നാല്‍പ്പതോളം ശത കോടീശ്വരന്മാരുടേയും ഒരു ലക്ഷത്തിലധികം വരുന്ന ലക്ഷപ്രഭുക്കളുടെയും നാടായ നമ്മുടെയെല്ലാം ഇന്ത്യയില്‍ പാര്‍ക്കുന്നവര്‍.
ഈ യാചകര്‍ ഒരു നേരത്തെ ആഹാരത്തിനും ചില്ലറത്തുട്ടുകള്‍ക്കും വേണ്ടി, കുറച്ച് കള്ളത്തരമൊക്കെ ചെയ്യാറുണ്ട്. ഉദാഹരണത്തിന് പരിക്ക് പറ്റിയതായി അഭിനയിക്കുക, വ്യാജ ഗര്‍ഭവും പ്രസവവേദനയും പ്രദര്‍ശിപ്പിക്കുക, വികലാംഗനായി നടിക്കുക അങ്ങനെ ചില സൂത്രപ്പണികള്‍. ചിലപ്പോള്‍ വളരെ മോശമായ രീതിയില്‍ പിടിക്കപ്പെടുകയും ചെയ്യും.
അപ്പോഴാണ് ഒരു ദരിദ്രനു അത്യന്താപേക്ഷിതമായ സത്യസന്ധതയെക്കുറിച്ച് എനിക്ക് മനസ്സിലാകുന്നത്. അവന്റെ കള്ളത്തരം കണ്ടു പിടിക്കപ്പെട്ടാല്‍, നമ്മള്‍ ഉടനെ അവന്റെ പല്ലടിച്ച് കൊഴിക്കും, യാചകിയുടെ തുണി വലിച്ച് കീറും, കുഞ്ഞുങ്ങളുടെ കൈ പിടിച്ച് തിരിക്കും… എന്ത് ക്രൂരതയും കാണിക്കും. ദരിദ്രനെയും കറുത്തവനെയും അടിച്ച് വേദനിപ്പിക്കാന്‍ ഒരു മനസ്സായി ഒരുമിക്കും. 'കള്ളത്തരം കാണിക്കുന്നോടാ നായേ'എന്ന് ആക്രോശിക്കും.
ധനികനു തീരെ ആവശ്യമില്ലാത്ത ദയ, സത്യം, മര്യാദ, വിനയം ഒക്കെ നിര്‍ബന്ധമായും വെച്ചു പുലര്‍ത്തേണ്ട ഒരു സ്പീഷീസാകുന്നു ദരിദ്രന്‍. ധനികന് അത്യാവശ്യമായ ധനം മാത്രം ദരിദ്രനു ഒരു കാലത്തും സ്വപ്നം കൂടി കാണാന്‍ പറ്റില്ല. അവന്‍ സ്വപ്നം കണ്ടാലുടനെ നമ്മള്‍ പറയും, അരിമണിയൊന്നു കൊറിപ്പാനില്ല തരിവളയിട്ട് കിലുക്കാന്‍ മോഹമെന്ന്.
വില കൂടിയ ധനികന്‍ കള്ളത്തരം കാണിക്കുമ്പോള്‍ നമുക്ക് ആദരവും രോമാഞ്ചവും ഉണ്ടാകുന്നു. അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാന്‍ തിടുക്കപ്പെട്ട്, പൂമാല ചാര്‍ത്തുകയും അവനൊപ്പം നിന്ന് ഫോട്ടോ പിടിക്കുവാന്‍ വ്യഗ്രതപ്പെടുകയും ചെയ്യുന്നു. ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പിലെ ശബരീനാഥിന് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള കഴിവുണ്ടെന്ന് ഗൌരവത്തോടെയും ആര്‍ജ്ജവത്തോടെയും വാദിക്കുന്ന അഭ്യസ്ഥവിദ്യര്‍!!!!
ദരിദ്രന് ചില്ലറത്തുട്ടുകള്‍, കീറിയ പഴയ തുണികള്‍ ഇങ്ങനെ അല്പം സഹായമൊക്കെ ചെയ്യുമ്പോള്‍ അത് ഈശ്വരസേവയായാണ് വാഴ്ത്തപ്പെടുക. പക്ഷെ അവനു ദാരിദ്ര്യമുണ്ടായതെങ്ങനെ എന്നു ചോദിച്ചാല്‍, അന്വേഷിച്ചാല്‍ ഉടനെ ആ ചോദ്യം ദൈവനിന്ദയായിത്തീരും.
ദാരിദ്ര്യം ഒരു പാപവും ശാപവുമാണ്,
ധനികന്‍ ചെയ്യുന്ന പാപം, അവനുതിര്‍ക്കുന്ന ശാപം.
No comments:
Post a Comment