Thursday, July 12, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്..33

https://www.facebook.com/echmu.kutty/posts/593097727536192
നോവല്‍ 33

അയാള്‍ ഒടുവില്‍ ജോലിക്ക് പോകാന്‍ തീരുമാനിച്ചു. മകന്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. അവന് അച്ഛന്റെ ഒപ്പം പാര്‍ക്കണം നാലു ദിവസം എന്ന് അവളോട് ആവശ്യപ്പെട്ടു. അവള്‍ക്ക് അവനെ ആ ഫ്‌ലാറ്റിലെത്തിക്കുകയല്ലാതെ പിടിച്ചു നിറുത്താന്‍ കഴിയുമായിരുന്നില്ല. അവന്‍ അവള്‍ക്ക് അടിക്കാനോ നിയന്ത്രിക്കാനോ പറ്റാത്ത വിധം വലുപ്പം വെച്ചു കഴിഞ്ഞിരുന്നു. പിന്നെ അവന്‍ അന്യായമാണ് ആവശ്യപ്പെട്ടതെന്ന് ആരും കേട്ടാല്‍ സമ്മതിക്കുകയുമില്ലല്ലോ. പക്ഷെ, പോയതിനു ശേഷം അവന്റെ ഫോണ്‍ വിളികള്‍ കുറഞ്ഞു. വിളിച്ചാല്‍ തന്നെ ജോലിക്ക് പോകുന്ന പെണ്ണുങ്ങളെപ്പോലെ വേലക്കാരെ ആശ്രയിക്കുന്നവനല്ല അവന്റെ അച്ഛന്‍ ... എല്ലാ ജോലിയും സ്വയം ചെയ്യുന്നയാളാണ് , അമ്മയുടേ ഓഫീസ് ജോലി നഷ്ടപ്പെട്ടാല്‍ അമ്മയ്ക്ക് പിന്നെ ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയില്ല.. എന്നാല്‍ അച്ഛനങ്ങനെയല്ല, അദ്ദേഹം ജോലിയില്ലാതെ ഇത്രയും കാലം ജീവിച്ചില്ലേ.. അമ്മയ്ക്ക് പെണ്ണുങ്ങളുടെ ജോലിയായ വീട്ടുപണി പോലും അറിയില്ല, അച്ഛനാണെങ്കില്‍ ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും ജോലികളെല്ലാം അറിയുന്ന സകലകലാവല്ലഭനാണ് എന്നും മറ്റും അവന്‍ പുലമ്പാന്‍ ആരംഭിച്ചു. എങ്കിലും അവന്‍ ഇടയ്ക്കിടെ അമ്മയ്‌ക്കൊപ്പം വന്ന് താമസിച്ചുകൊണ്ടിരുന്നു. വരുമ്പോഴെല്ലാം അമ്മയുടെ ഒന്നോ രണ്ടോ വസ്ത്രങ്ങളോ ഒരു മിക്‌സിയോ അവന്‍ ആ വീട്ടില്‍ നിന്ന് കൊണ്ടുവന്ന് അമ്മയ്ക്ക് സമ്മാനിച്ചു. അതു കണ്ട് നഷ്ടമായതെല്ലാം ഓരോന്നോരോന്നായി അവന്‍ തന്നെ നേടിക്കൊടുക്കുമെന്ന് പാവം മാതൃഹൃദയം അവളോട് മന്ത്രിച്ചു. അവള്‍ ആരോടും ഒരു വഴക്കിനും പോയില്ല. മോന്‍ വന്ന് കഴിഞ്ഞാല്‍ ആദ്യം കുറച്ചു നേരത്തെ പിണക്കത്തിനും വഴക്കുകള്‍ക്കും ശേഷം അവന്‍ അമ്മയുടെ പഞ്ചാരക്കുട്ടിയായി മാറുമായിരുന്നു. അതുകൊണ്ട് അവള്‍ ഡൊമസ്റ്റിക് വയലന്‍സ് കേസിനോ ഡൈവോഴ്‌സിനോ തുനിഞ്ഞില്ല. തന്നെയുമല്ല അയാള്‍ അവളുടെ ബാങ്കില്‍ നിന്നെടുത്ത രണ്ടരലക്ഷത്തിലധികം രൂപയേ മറക്കാനും അവള്‍ തയാറായി.

കോടതി നടപടികള്‍ മീഡിയേഷന്‍ ടോക്കുകളിലായിരുന്നു ആരംഭിച്ചത് .
അയാള്‍ ചെയ്തതെല്ലാം തെറ്റാണെന്ന് മീഡിയേറ്റര്‍ തുറന്നു പറഞ്ഞു. എന്നാല്‍ അതെല്ലാം അയാള്‍ ചെയ്യാനുള്ള പ്രേരണ അവളുടെ പെരുമാറ്റമായിരുന്നുവെന്നും മീഡിയേറ്റര്‍ പറയാതിരുന്നില്ല. അതങ്ങനെയാണല്ലോ. മീഡിയേറ്റര്‍ക്ക് ഒരിയ്ക്കലും പക്ഷം പിടിയ്ക്കാന്‍ കഴിയില്ലല്ലോ. അവള്‍ അയാളെ നിര്‍ബന്ധിച്ച് ജോലിക്കയക്കണമായിരുന്നുവെന്നും വീട്ടുകാരെയും സുഹൃത്തുക്കളേയും അയല്‍പ്പക്കക്കാരേയും പോലീസിനേയുമൊക്കെ ആദ്യം മുതലേ ഗാര്‍ഹികപ്രശ്‌നത്തില്‍ ഇടപെടീക്കണമായിരുന്നുവെന്നും മറ്റും ആയിരുന്നു അവള്‍ക്ക് കിട്ടിയ വിലപ്പെട്ട ഉപദേശങ്ങള്‍ .

പണമാണ് അയാളുടെ യഥാര്‍ഥ പ്രശ്‌നമെന്ന് വെളിപ്പെടുത്താന്‍  മൂന്നാലു മീഡിയേഷനുകള്‍ക്ക് ശേഷം ഒടുവില്‍ അയാള്‍ നിര്‍ബന്ധിതനായി. അയാളെ വിവാഹം കഴിച്ചശേഷമാണ് അവള്‍ക്ക് സ്വത്തുണ്ടായത്. അതുകൊണ്ട് അതിന്റെ നേര്‍പകുതി അയാള്‍ക്ക് ഇപ്പോള്‍ കിട്ടണം.കുട്ടിയേയും കിട്ടണം. പിന്നെ ഡൈവോഴ്‌സ് അയാള്‍ തരികയുമില്ല.

മീഡിയേറ്റര്‍ ചിരിച്ചു.

കുട്ടിയുടെ അഭിപ്രായം അറിയണമെന്ന് മാത്രമേ പിന്നീട് മീഡിയേറ്റര്‍ പറഞ്ഞുള്ളൂ. കാരണം കേസ് കുട്ടിയുടെ കസ്റ്റഡിക്കാണല്ലോ .. അല്ലാതെ മറ്റൊന്നിനും കേസ് ഇല്ലല്ലോ. മോന് അച്ഛന്റൊപ്പം അഞ്ചു ദിവസവും അമ്മേടൊപ്പം രണ്ട് ദിവസവും കഴിഞ്ഞാല്‍ മതി എന്നവന്‍ പറഞ്ഞപ്പോള്‍ നെഞ്ചുപൊട്ടിക്കൊണ്ടാണെങ്കിലും അവള്‍ പിന്നീട് കേസുമായി മുന്നോട്ട് പോയില്ല. കുഞ്ഞിനെ കോടതിയില്‍ വലിച്ചിഴയ്‌ക്കേണ്ടെന്ന് അവളിലെ അമ്മ തീരുമാനിച്ചു. അവളുടെ ചേട്ടന്‍ ' എല്ലാം യുക്തം പോലെ ചെയ്യൂ ' എന്ന് വാക്കുകള്‍ അവസാനിപ്പിച്ചു. ചേട്ടത്തിയമ്മയും അവളുടെ അനിയത്തിയും തൃപ്തരായായിരുന്നില്ല എന്നത് അവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു.

വക്കീല്‍ അവളെ ആവുന്നത്ര ഉപദേശിച്ചു.. 'കുട്ടിയല്ല അത് തീരുമാനിക്കേണ്ടത്, കോടതിയാണ്. അയാള്‍ക്ക് കുട്ടിയെ വളര്‍ത്താനുള്ള കഴിവുണ്ടോ എന്ന് നിശ്ചയിക്കേണ്ടത് കോടതിയാണ്. ഈ മീഡിയേഷന്‍ അംഗീകരിക്കരുത് ... ലെറ്റ് ദ കോര്‍ട്ട് ഡിസൈഡ് 'എന്ന് അല്‍പം ദേഷ്യപ്പെടുകയും ഒടുവില്‍ ' മാഡത്തിനു എന്റെ പക്കലേക്ക് ഇനിയും മടങ്ങി വരേണ്ടി വരുമെന്ന് ' താക്കീതു ചെയ്യുകയും ചെയ്തു.

എന്തായാലും ആ മീഡിയേഷന്‍ തീരുമാനം ഒരു ഉത്തരവായി തുറന്ന കോടതിയില്‍ പ്രഖ്യാപിക്കാനാണ് വനിതാ ജഡ്ജി താല്‍പര്യപ്പെട്ടത്. അവളുടെ ഭര്‍ത്താവിന്റെ ഇടപെടലുകള്‍ അത്ര സുതാര്യമല്ലെന്ന് മീഡിയേഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് അവര്‍ക്ക് തോന്നിയിരിക്കണം. 'മകനെ പറഞ്ഞ് പഠിപ്പിച്ചതായിരിക്കുമെന്നും അവന്‍ തിരിച്ചു വരുമെന്നും' നെഞ്ചു പൊട്ടി നിന്ന അവളെ സമാധാനിപ്പിക്കാന്‍ ജഡ്ജി മനസ്സ് വെച്ചു. ഉത്തരവ് വായിച്ച ദിവസം അയാളാകട്ടെ കോടതിയില്‍ ഹാജരാകാന്‍ പോലും കൂട്ടാക്കിയില്ല.

ശനിയാഴ് ച വൈകീട്ട് അവള്‍ അയാള്‍ താമസിക്കുന്ന കോളനിയില്‍ പോയി മോനെ വിളിച്ചുകൊണ്ടുവരികയും തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിക്കുകയും വേണമെന്നായിരുന്നു മീഡിയേഷന്‍ തീരുമാനമെന്ന കോടതി ഉത്തരവ് ..

മോനെ അവന്‍ അച്ഛന്റെ അരികിലായിരിക്കുമ്പോള്‍ ട്യൂഷന്‍ പഠിപ്പിക്കാന്‍ ഒരു എന്‍ജിനീയറിംഗ് ഗ്രാജുവേറ്റിനെ ശമ്പളം കൊടുത്ത് അവള്‍ ഏര്‍പ്പാടു ചെയ്തു. ഗൌതമനെന്ന ആ എന്‍ജിനീയര്‍ക്ക് മോന്റെ ചേട്ടനാവാനുള്ള പ്രായമേ ഉണ്ടായിരുന്നുള്ളൂ. മുഴുവന്‍ സമയവും അച്ഛന്‍ അമ്മയെപ്പറ്റി പറഞ്ഞുകൊടുക്കുന്ന തിന്മകള്‍ മാത്രം കേട്ട് മോന്‍ ബോറടിക്കാതിരിക്കട്ടേ എന്നും അവള്‍ കരുതിയിരുന്നു. ഗൌതമനുമായി മോന്‍ നന്നായി അടുത്തു. അവന്റെ ഹോംവര്‍ക്കുകള്‍ ഗൌതമന്‍ ചേട്ടന്‍ നന്നായി ചെയ്യിക്കുന്നുണ്ടെന്നും അവന്‍ ചേട്ടനെ കാത്തിരിക്കാറുണ്ടെന്നും വന്നാല്‍ ചായ ഇട്ടുകൊടുക്കാറുണ്ടെന്നും ഒക്കെ മോന്‍ അവളോട് പറഞ്ഞിരുന്നു. ഗൌതമന്‍ അവന്റെ യൂണിഫോം വരെ തയാറാക്കി നാളേയ്ക്കുള്ള്‌ല ബാഗും പാക്ക് ചെയ്യിച്ചേ പോകാറുള്ളൂ എന്ന് കൂടി അറിഞ്ഞപ്പോള്‍ അവള്‍ ഹൃദയം നിറഞ്ഞു സന്തോഷിച്ചു.

എന്നാല്‍ അവളും ഭര്‍ത്താവും കൂടി ഒന്നിച്ച് ഒപ്പിട്ട് തീരുമാനിച്ച മീഡിയേഷനു ശേഷമുള്ള ആ കോടതി ഉത്തരവ് ഒരിക്കലും നേരാം വണ്ണം പാലിക്കപ്പെട്ടില്ല. അവന്‍ മിക്കവാറും വന്നില്ല. ഫോണ്‍ ചെയ്താല്‍ അവന്‍ എടുക്കില്ല. മുപ്പതും നാല്‍പ്പതും തവണ വിളിക്കേണ്ട ഗതികേടിലേക്ക് 'അമ്മയോട് ഒരു വാക്ക് പറയൂ സ്വത്തേ' എന്ന് യാചിക്കേണ്ട അവസ്ഥയിലേക്ക് അവള്‍ പിന്നെയും തലകുത്തി വീണു.

'അവന് അവളോട് സംസാരിക്കാന്‍ ഇഷ്ടമില്ല, അവള്‍ക്കൊപ്പം വരാന്‍ ഇഷ്ടമില്ല, മണ്ണാങ്കട്ടിച്ചേച്ചി വീടു വിട്ട് പോയാലേ അവന്‍ വരൂ, അമ്മ അവന്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ കയറി വന്നാലേ അവന്‍ വരൂ, അമ്മ അവനെയും കാത്ത് പാര്‍ക്കില്‍ ഒന്നര മണിക്കൂര്‍ ഇരുന്നാലേ അവന്‍ വരൂ, അമ്മ ഇപ്പോ പോയിട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് വരൂ, അമ്മാവനോടും അമ്മായിയോടും ഇന്ദുചേച്ചിയോടും മിണ്ടാന്‍ പാടില്ല, ചെറിയമ്മയ്ക്കും പിങ്കി മോള്‍ക്കും അമ്മൂമ്മയ്ക്കും ഫോണ്‍ ചെയ്യാന്‍ പാടില്ല' എന്നൊക്കെയുള്ള അനവധി ഉപാധികള്‍ അവന്‍ ഓരോ തവണയും മുന്നോട്ട് വെച്ചു.അതിനൊന്നിനും അവള്‍ വഴങ്ങിയില്ല. എന്നാലും എല്ലാ ആഴ്ചയും അവിടെ ചെന്ന് അപമാനിതയായി, കലങ്ങിയ കണ്ണുകളോടെ അവള്‍ മടങ്ങി വന്നുകൊണ്ടിരുന്നു.

ഗൌതമനെ അവളുടെ ഭര്‍ത്താവ് അപമാനിച്ച് പറഞ്ഞയച്ചു. എങ്കിലും അവളുടെ വാക്കു കേട്ട് അയാള്‍ പിന്നെയും ആ ജോലിക്ക് പോയി. ഇത്തവണ ഒരിക്കലും അയാള്‍ക്ക് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത ഒരു ഡിമാന്‍ഡാണ് അവളുടെ ഭര്‍ത്താവ് മുന്നോട്ട് വെച്ചത്. ആദ്യം രണ്ട് മൂന്നു ഉപന്യാസങ്ങള്‍ ഗൌതമനോട് എഴുതാന്‍ പറഞ്ഞു. എന്തിനു പഠിക്കണം? എന്തു പഠിക്കണം? എങ്ങനെ പഠിക്കണം ? എന്ന വിഷയങ്ങളിലായിരുന്നു ഉപന്യാസങ്ങള്‍. ഗൌതമന്‍ ക്ഷമയോടേ മോനോടുള്ള സ്‌നേഹത്തിന്റെ പുറത്ത് അതെല്ലാം എഴുതി. അതെല്ലാം വായിച്ചിട്ട് 'മോന്‍ രണ്ടര മണിയ്ക്ക് ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ എത്തിയാലേ ഗൌതമനു അവനെ പഠിപ്പിക്കാന്‍ കഴിയൂ' എന്നയാള്‍ പ്രഖ്യാപിച്ചു. അത് ഗൌതമനു ഒരിയ്ക്കലും സാധിക്കുമായിരുന്നില്ല. കാരണം ഗൌതമന്റെ കമ്പനി ജോലി സമയം തീരുന്നത് അഞ്ചുമണിക്കായിരുന്നു.

ഗൌതമന്‍ അയാളുടേ നിസ്സഹായത അവളെ അറിയിച്ചു. മോനെ ഓര്‍ത്ത് ദു:ഖിക്കുകയും ചെയ്തു.

ദിവസങ്ങള്‍ ശൂന്യമായി കടന്നു പോയി.

എന്തുകൊണ്ടോ സെപ്തംബര്‍ മാസത്തിലെ ആ ശനിയാഴ്ചയും അവള്‍ മോന്‍ താമസിക്കുന്ന കോളനിയില്‍ എത്തിയതിനു ശേഷം അവന്‍ വരില്ലെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് എന്നത്തേയും പോലെ സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ ഒരു ഭ്രാന്തിയായി അലമുറയിട്ട് കരഞ്ഞു. അവന്റെ കാല്‍ക്കല്‍ വീണു യാചിച്ചു. ഫ്‌ലാറ്റുകളുടെ കോമണ്‍ വരാന്തയില്‍ കിടന്നുരുണ്ടു, അവളുടെ ഉദ്യോഗപ്രൌഡിയും സ്ഥാനമാനങ്ങളുമെല്ലാം അവളില്‍ നിന്ന് യാത്ര പറഞ്ഞിരുന്നു അപ്പോള്‍. മോന്‍ നാലുകൊല്ലം കുടിച്ച അവളുടെ മുലകള്‍ കട്ടുകഴച്ചു. അവനെ ചുമന്ന അവളുടെ വയര്‍ വെന്തു നീറി. അയാള്‍ വിജയസ്മിതത്തോടെ അവളുടെ ആ ദൈന്യത്തെ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു അപ്പോള്‍. 'എന്റെ മോനെ, എന്റെ മോനെ' എന്ന് വിളിച്ച് അവളുടെ ചങ്ക് പൊട്ടി. അലമുറയിട്ട് കരഞ്ഞ് തളര്‍ന്ന അവളുടെ മുഖത്ത് നോക്കി 'വരില്ല വരില്ല അമ്മേടെ ഒപ്പം വരില്ല ഒരു കോടതിയേയും പേടിയില്ല ഞാന്‍ ജുവനൈലാണ്, എന്നെ ആരും ശിക്ഷിക്കില്ല' എന്ന് ഉറപ്പിച്ചു പറയാനുള്ള തന്റേടം അപ്പോള്‍ അവനില്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു.

അയാള്‍ വളര്‍ത്തിയതാവണം ആ തന്റേടം. ആണ്മയുടെ തന്റേടം.

തികച്ചും തോറ്റ് , അലറി കരഞ്ഞുകൊണ്ട് അവള്‍ അവിടെ നിന്നിറങ്ങിപ്പോന്നു. പിന്നീടൊരിക്കലും മോനെ അവള്‍ ഫോണില്‍ വിളിച്ചില്ല. ഇനിയുള്ള കാലം തികച്ചും ഏകാകിനിയായി ജീവിക്കാന്‍ അന്ന് രാത്രി അവള്‍ തീരുമാനിച്ചു.

ആ തീരുമാനമെടുക്കാന്‍ അത്രയും നോവ് തിന്നിട്ടേ, അത്രയും നിരാകരിക്കപ്പെട്ടിട്ടേ, അത്രയും അപമാനിക്കപ്പെട്ടിട്ടേ അവള്‍ക്ക് സാധിച്ചുള്ളൂ. അത്രമേല്‍ വാല്‍സല്യപൂര്‍ണവും വെണ്ണ പോലെ മൃദുലവും സ്‌നേഹഭരിതവുമായിരുന്നു അവളിലെ പെറ്റമ്മമനം.

അവള്‍ ആത്മഹത്യ ചെയ്താല്‍ താന്‍ ഉത്തരവാദിയല്ലെന്ന് അറിയിക്കാനായി ആ വീഡിയോയും എടുത്ത് മോനെയും കൂട്ടി അയാള്‍ പോലീസ് സ്റ്റേഷനില്‍ ചെന്നു. പോലീസുകാര്‍ അവളെ വിളിച്ചപ്പോള്‍ അവള്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്നും ഒരിക്കലും ചെയ്യാന്‍ തയാറല്ലെന്നും ഉറച്ചശബ്ദത്തില്‍ അവള്‍ പോലീസുകാര്‍ക്ക് മറുപടി നല്‍കി.

ജീവിതത്തെ അത് മുന്നിലേക്ക് വരും പോലെ നേരിടുവാന്‍ അവള്‍ തീരുമാനിക്കുകയായിരുന്നു.

( തുടരും )

No comments: