Saturday, July 7, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....19

https://www.facebook.com/echmu.kutty/posts/577892919056673?pnref=story

നോവല്‍ 19

അവള്‍ ഡിസൈന്‍ ചെയ്ത ഒരു ഫ്‌ലാറ്റ് സമുച്ചയം അവളുടെ അമ്മയും അനിയത്തിയും താമസിക്കുന്ന നഗരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ അതില്‍ ഒരു ഫ്‌ലാറ്റ് അവള്‍ വാങ്ങിച്ചു. അല്‍പം സഹായവിലയായിരുന്നെങ്കിലും അതിനും സാലറി സ്ലിപ് നല്‍കി ബാങ്ക് ലോണ്‍ എടുത്തു. അതുകൊണ്ട് ആ ഫ്‌ലാറ്റും അവളുടെ പേരിലായിത്തീര്‍ന്നു.

അതിലൊന്നും അയാള്‍ക്ക് അന്നേരം പ്രയാസമുണ്ടായിരുന്നില്ല. അവള്‍ ജോലി ചെയ്ത് സ്വത്ത് സമ്പാദിക്കുന്നതില്‍ അയാള്‍ക്ക് വിഷമമില്ലായിരുന്നു. അയാള്‍ക്ക് ജോലിക്ക് പോവാന്‍ വയ്യ എന്ന് മാത്രം.. അയാളെ ജോലി ചെയ്യാന്‍ ആരും നിര്‍ബന്ധിക്കരുത്. കാരണം ഈ ലോകത്തില്‍ നിലവിലുള്ള ഒരു അഴിമതിയോടും പൊരുത്തപ്പെടാനാവാത്ത ഒരു തീവ്ര വിപ്ലവകാരിയാണ് അയാള്‍. അയാള്‍ക്കെങ്ങനെ ഒരു ഓഫീസില്‍ ഒതുങ്ങിക്കൂടാന്‍ കഴിയും?

അവളുടെ അമ്മയും അനിയത്തിയും മകളും അവള്‍ പുതിയതായി വാങ്ങിച്ച ഫ്‌ലാറ്റില്‍ താമസിക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കിലും മറ്റേതെങ്കിലും കൂടിയ സാമര്‍ത്ഥ്യക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്താല്‍ അവരെ ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ടാകുമോ എന്ന ഭയത്തില്‍ അയാള്‍ അത് വല്ലവിധേനെയും സഹിച്ചു.

അവളുടെ അമ്മയ്ക്ക് എന്തു പെന്‍ഷന്‍ കിട്ടുന്നുണ്ടെന്നോ അനിയത്തിയ്ക്ക് എന്തു ശമ്പളം കിട്ടുന്നുണ്ടെന്നോ അയാള്‍ക്ക് അറിയുമായിരുന്നില്ല. അമ്മയുടെ അസുഖം ഒരിയ്ക്കല്‍ വല്ലാതെ മൂര്‍ച്ഛിക്കുകയും എല്ലാവരേയും അറിയിച്ചോളൂ എന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് അവളും മകനും അയാളും കൂടി അമ്മയെ കാണാന്‍ വരികയും ചെയ്തപ്പോഴാണ് ആ ഫ്‌ലാറ്റില്‍ സൌകര്യങ്ങള്‍ എല്ലാമുണ്ടെന്നും അവര്‍ സുഖമായി ജീവിക്കുകയായിരുന്നുവെന്നും അയാള്‍ക്ക് മനസ്സിലായത്.

അത് അയാള്‍ക്ക് പൊറുക്കാന്‍ കഴിഞ്ഞില്ല.

അവളുടെ പണം അവര്‍ വാങ്ങുന്നുണ്ടെന്ന് അതോടെ അയാള്‍ക്കുറപ്പായി. അവളുടെ അമ്മയ്ക്ക് നല്ല ശമ്പളമുള്ള സര്‍ക്കാരുദ്യോഗസ്ഥനായ ഒരു മകനുണ്ടെന്ന കാര്യം അയാള്‍ മറന്നു പോയി. ചേട്ടന്റെ മകള്‍ക്കും ജോലിയുണ്ടെന്ന് ഓര്‍മ്മിക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ അവളുടെ അമ്മയേയും അവളുടെ അനിയത്തിയേയും സഹായിച്ചേക്കുമെന്ന് അയാള്‍ക്ക് തോന്നിയതേയില്ല.

അയാളിലെ സംശയാലു അവളുടെ എല്ലാം പരിശോധിക്കാന്‍ തുടങ്ങി. മൊബൈല്‍ ഫോണും ഓഫീസില്‍ നിന്നു കൊടുത്ത കമ്പ്യൂട്ടറും ഉള്‍പ്പടെ അവള്‍ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ വരെ. അവളുടെ ബാഗുകളും അലമാരിയും ഒന്നും അയാള്‍ വിട്ടില്ല. അയാള്‍ സാങ്കേതികതയില്‍ നല്ല കഴിവുള്ള ഒരാളായിരുന്നുവല്ലോ. അതുകൊണ്ട് കമ്പ്യൂട്ടറും മൊബൈലുമെല്ലാം അയാളുടെ പരിശോധനയ്ക്ക് എളുപ്പത്തില്‍ വഴങ്ങി.

അവളുടെ പാസ്സ് വേര്‍ഡ് അയാള്‍ തീരുമാനിച്ചു. അവളറിയാതെ അതുമാറ്റുന്നതും അതിനായി അവള്‍ക്ക് അയാളുടെ കാലു പിടിക്കേണ്ടി വരുന്നതും മിക്കവാറും എപ്പോഴും സംഭവിക്കാന്‍ തുടങ്ങി.

ജീവിതം പരമനരകമാകാന്‍ മറ്റു കാര്യങ്ങളൊന്നും വേണ്ടി വന്നില്ല. അവള്‍ ഓഫീസ് ആവശ്യത്തിനു വിസിറ്റ് ചെയ്യുന്ന ഗൂഗിള്‍ സൈറ്റുകള്‍ അയാള്‍ പരിശോധിച്ചു. റീ സൈക്കിള്‍ ബിന്‍ മുഴുവന്‍ അരിച്ചു പെറുക്കി. അവള്‍ ചെയ്യുന്ന സേവിംഗ്‌സിന്റെ പട്ടിക എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. അവളുടെ ഫോണിലെ നമ്പറുകളില്‍ ആരൊക്കെയാണെന്ന് അവളോടു ചോദിച്ചു, എന്നിട്ടും വിശ്വാസം വരാതെ അവരെ വിളിച്ചുറപ്പ് വരുത്തി.

ഏതു വഴക്കുണ്ടാവുമ്പോഴും ഉറങ്ങിക്കിടക്കുന്ന മകനെ എഴുന്നേല്‍പ്പിച്ച് അവരുടെ ഇടയില്‍ ഇരുത്തുന്നതും വഴക്കില്‍ അവന്റെ അഭിപ്രായമെന്ത് എന്ന് ചോദിക്കുന്നതും അയാളുടെ പതിവായിരുന്നു. എന്തിനു ആ സൈറ്റില്‍ പോയി ? എന്തിനു ആ ആളോട് ഇത്ര നേരം സംസാരിച്ചു? എന്തിനു ഈ നമ്പറില്‍ അഞ്ചെട്ട് പ്രാവശ്യം വിളിച്ചു? മകന്‍ ഉറക്കപ്പിച്ചില്‍ അയാള്‍ ചോദിക്കുന്നതെല്ലാം ആവര്‍ത്തിച്ചു. ചിലപ്പോള്‍ സഹിക്കാന്‍ വയ്യാതെ അവന്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു. അയാള്‍ അന്നേരമെല്ലാം അവനെയും 'കഴുതേ, നിനക്കെന്തറിയാം തള്ളേടെ മോനേ, ബുദ്ധികെട്ടവനേ ' എന്നൊക്കെ വഴക്കു പറയുമായിരുന്നു.

എല്ലാ ദുരിതങ്ങള്‍ക്കും അപ്പുറത്ത് അവള്‍ക്ക് രണ്ട് അത്യാവശ്യയാത്രകള്‍ വേണ്ടി വന്നു. നാലുമാസം മുമ്പ് അയാളെ അറിയിച്ചിട്ടും സമയം വന്നപ്പോള്‍ അയാളുടെ മട്ടു മാറി.

ഡിഗ്രി കിട്ടിയിട്ട് ഇരുപത്തഞ്ചു വര്‍ഷമായതിന്റെ ആഘോഷമായിരുന്നു, പഠിച്ചിറങ്ങിയ എന്‍ ജിനീയറിംഗ് കോളേജില്‍...

അവള്‍ പോകണമെന്ന് ഉറപ്പിച്ചുതന്നെ പറഞ്ഞു.

സമ്മതിക്കില്ലെന്ന് അയാളും .. അവര്‍ പോരുകോഴികളെ പോലെ പൊരുതി. അയാള്‍ വേശ്യേ, തേവിടിശ്ശി, അറുവാണിച്ചി എന്നൊക്കെ വിളിച്ചു. എന്തു വിളിച്ചിട്ടും അവള്‍ കുലുങ്ങിയില്ല. കൂടെ പഠിച്ചവരില്‍ പലരും മരിച്ചു പോയെന്നും ഇനിയൊരു കൂടിച്ചേരല്‍ ഇങ്ങനെ ഉണ്ടാവില്ലെന്നും ഉണ്ടായാല്‍ തന്നെ ആരൊക്കെ ബാക്കിയാകുമെന്നറിയില്ലെന്നും അവള്‍ അയാളോട് വിശദീകരിച്ചു. മകന്‍ ഭയന്ന്, സങ്കടപ്പെട്ട് കരഞ്ഞുകൊണ്ട് 'പോകണ്ടാ അമ്മ പോകണ്ട' എന്ന് കെഞ്ചി. അവനെ ആവുന്ന മട്ടിലൊക്കെ സമാധാനിപ്പിച്ചിട്ട് അവള്‍ പോകാന്‍തന്നെ തീര്‍ച്ചയാക്കി.

അയാള്‍ക്ക് അത് ഒരിയ്ക്കലും ക്ഷമിയ്ക്കാന്‍ കഴിഞ്ഞില്ല. അവള്‍ വ്യഭിചരിയ്ക്കാന്‍ പോയതാണെന്ന് അയാള്‍ മകനെ ധരിപ്പിച്ചു. അവനിത്ര മോശം തലേലെഴുത്തായല്ലോ, ഒരു വേശ്യയുടെ മകനായി ജനിക്കേണ്ടി വന്നല്ലോ എന്ന് അയാള്‍ അവന്റെ മുന്നില്‍ കണ്ണീരോടെ വിലപിച്ചു.

അവന്റെ കുഞ്ഞുഹൃദയം തകര്‍ന്നുപോയി. വാചകങ്ങളുടെ അര്‍ഥമറിഞ്ഞിട്ടല്ല, അച്ഛന്‍ കരയുന്നത് കണ്ടിട്ട്..

അമ്മയെ ഇനി അവന്‍ ശ്രദ്ധിയ്ക്കണമെന്ന് അയാള്‍ അവനു പറഞ്ഞുകൊടുത്തു. ഏതൊക്കെ ആണുങ്ങള്‍ അമ്മയെ നോക്കുന്നുണ്ട് അമ്മയോട് സംസാരിക്കുന്നുണ്ട് എന്ന് കണ്ടുപിടിക്കേണ്ട ചുമതല മകനുണ്ട്. അവന്‍ പലപ്പോഴും അമ്മയുടെ ഓഫീസില്‍ പോകാറുണ്ടായിരുന്നു. ആ സമയമെല്ലാം അവിടെ വെറുതേ കളിച്ചു നടക്കാതെ അമ്മയെ നിരീക്ഷിക്കണമെന്ന് അയാള്‍ അവനെ ഉപദേശിച്ചു.

( തുടരും )

No comments: