Sunday, July 8, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....22

https://www.facebook.com/echmu.kutty/posts/581645992014699
നോവല്‍ 22

അതൊരു സാധാരണ ദിവസമായിരുന്നു. രാവിലെ അവളെ ഓഫീസില്‍കൊണ്ട് വിടുവാന്‍ അയാള്‍ക്ക് പഴയതുപോലെ മടി വന്നുതുടങ്ങിയിരുന്നു. അവള്‍ക്കാണെങ്കില്‍ അയാളുടെ എല്ലാ മാറ്റങ്ങളും മനസ്സിലാകുന്നുമുണ്ടായിരുന്നു. പക്ഷെ, അവളായിട്ട് വഴക്കുണ്ടാക്കുകയില്ലെന്നത് അവളുടെ ഭീഷ്മപ്രതിജ്ഞയായിരുന്നുവല്ലോ.

എത്ര ഒളിപ്പിച്ചുവെക്കാന്‍ ശ്രമിച്ചാലും ചില സത്യങ്ങള്‍ക്ക് ചില സ്വഭാവങ്ങള്‍ക്ക് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല, ചെയ്ത തെറ്റുകളില്‍ പശ്ചാത്താപമുള്ളവനായി അയാള്‍ പെരുമാറിയത് വളരെ കഷ്ടപ്പെട്ടായിരുന്നു. അയാള്‍ക്ക് സത്യമായും പശ്ചാത്താപമൊന്നുമുണ്ടായിരുന്നില്ല. അയാളാണ് ശരി എന്നു തന്നെയായിരുന്നു അയാള്‍ മനസ്സില്‍ കരുതിയിരുന്നത്.

ജോലി അന്വേഷിക്കാനുള്ള താല്‍പര്യം ദിവസം ചെല്ലുംതോറും അയാളില്‍ കുറഞ്ഞു വന്നു. കൂടുകാര്‍ വിളിക്കുമ്പോള്‍ നോക്കുന്നു നോക്കുന്നു എന്ന് പറയുന്നതല്ലാതെ ശരിക്കും അയാള്‍ ഒന്നും നോക്കീരുന്നില്ല.

എന്തിനാണ് അയാള്‍ ജോലിക്ക് പോകുന്നതെന്ന് അയാള്‍ക്ക് മനസ്സിലായില്ല. അവള്‍ക്ക് നല്ല വരുമാനമുണ്ട്. അവര്‍ക്ക് മൂന്നു പേര്‍ക്കും കഴിയാന്‍ അതു ഇഷ്ടം പോലെ മതി. അപ്പോള്‍ അയാള്‍ ജോലിക്ക് പോകണമെന്നും ദുബായില്‍ പോകണമെന്നും മറ്റും പറയുന്നത് അവള്‍ക്കിവിടെ തോന്ന്യാസമായി ജീവിക്കാനും പണത്തിനോട് ആര്‍ത്തി പെരുത്തിട്ടും തന്നെയല്ലേ? അതയാള്‍ സമ്മതിക്കില്ല, കൊക്കില്‍ ജീവനുണ്ടെങ്കില്‍ സമ്മതിക്കില്ല. മകനോട് അക്കാര്യം അയാള്‍ പലപ്പോഴും പറഞ്ഞു കൊടുത്തിട്ടുണ്ട്. പന്ത്രണ്ട് വയസ്സായെങ്കിലും അവനൊരു മന്തനാണെന്ന്, മൊണ്ണയാണെന്ന് ,മന്ദബുദ്ധിയാണെന്ന് അയാള്‍ക്ക് തോന്നീട്ടുണ്ട്. അതിനു കാരണം അവളാണെന്നും അവളോടുള്ള അവന്റെ ഇഷ്ടമാണെന്നും.. അവനെ എങ്ങനെയാണ് പെണ്ണിനെ നിലക്ക് നിറുത്താന്‍ പോന്ന ഒരു ആണാക്കി മാറ്റേണ്ടതെന്ന് അയാള്‍ക്ക് എന്നും ഉല്‍ക്കണ്ഠയുണ്ടായിരുന്നു.

അവള്‍ വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ കുറച്ചു കാലമായി ഇല്ലാതിരുന്ന ആ ഘനം മടങ്ങി വന്നുവെന്ന് അവള്‍ക്ക് മനസ്സിലായി. എന്നാലും ഒന്നും ഭാവിക്കാതെ അവള്‍ ചായ ഉണ്ടാക്കുകയായിരുന്നു.

അപ്പോഴാണ് അയാള്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റുമായി അവളുടെ അടുത്ത് വന്നത്, അവളുടെ മുടിക്ക് പിടിച്ച് കറക്കിക്കൊണ്ട് അയാള്‍ അലറി..

'ഈ പൈസ നീ നിന്റെ അമ്മയ്ക്ക് എന്ന് കൊടുത്തു നായിന്റെ മോളേ? നിന്റെ വേശ്യത്തള്ളയ്ക്കും അറുവാണിച്ചി അനിയത്തിയ്ക്കും കാലകത്തി കെടന്ന് വ്യഭിചരിച്ചാ പോരേ? എന്തിനാടീ നീ കാശ് കൊടുക്കണേ തേവിടിശ്ശീ..'

അവള്‍ക്ക് എല്ലാ നിയന്ത്രണവും നഷ്ടമായി.. അവള്‍ അലറി..

'നീയാരെടാ പട്ടിക്കഴുവേറീ അത് ചോദിക്കാന്‍..? നീയാരെടാ അവരെ തെറി വിളിയ്ക്കാന്‍ ?'

അയാള്‍ ഇരുപതു പ്രാവശ്യം എണ്ണിക്കൊണ്ട് അവളുടെ മുഖത്തടിച്ചു. വായില്‍ നിന്ന് പൂക്കുല പോലെ ചോര ചീറ്റി. മോന്‍ വലിയ വായിലേ കരഞ്ഞുകൊണ്ട് ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു. 'അമ്മാ, സോറി പറയൂ, സോറി പറയൂ അല്ലെങ്കില്‍ അമ്മയെ തല്ലിക്കൊന്നാലോ'

അവള്‍ ഒടുങ്ങാത്ത വൈരാഗ്യത്തോടെ അലറി

'ഇല്ല. ഇയാളോട് ഞാന്‍ ഇനി സോറി പറയില്ല. എന്നെ കൊന്ന് അയാള്‍ ജയിലിലാകട്ടെ.'

അയാള്‍ അവളെ അടിച്ചു വീഴ്ത്തി, ഒരു തലയിണ കൊണ്ട് വന്ന് മുഖത്ത് വെച്ച് അമര്‍ത്തി 'ചാകടീ ചാക് 'എന്ന് അട്ടഹസിച്ചു.

മോന്‍ ഉറക്കെ കരഞ്ഞുകൊണ്ട് അയാളെ പിടിച്ചു വലിച്ചു. 'അമ്മയെ കൊല്ലല്ലേ, അച്ഛാ' എന്ന് വിമ്മിവിമ്മി ഏങ്ങലടിച്ചു.

അയാള്‍ ഒരു നിമിഷം നിന്നപ്പോള്‍ അവള്‍ പിടഞ്ഞെണീറ്റു. അവള്‍ സോറി പറയുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ ഒരു അടി കൂടി അവള്‍ക്ക് കൊടുത്തിട്ട് , കാലില്‍ കിടന്ന ചെരിപ്പൂരി മകന്റെ കൈയിലേല്‍പ്പിച്ചു.
എന്നിട്ട് രാക്ഷസനെപ്പോലെ അലറി.

'ഞാനീ തേവിടിശ്ശിയെ അടിക്കാന്‍ പാടില്ലെങ്കില്‍, നീയടിക്കടാ.. ചെരിപ്പുകൊണ്ട് അടിക്ക് .. '

അവന്‍ ഭയന്നു വിളറി, വിറച്ചു.. മടിച്ചു.

അപ്പോള്‍ മൂര്‍ച്ചയുള്ള പിച്ചാത്തി കാണിച്ച് അയാള്‍ അവനെ വിരട്ടി .

'നീയടിച്ചില്ലെങ്കില്‍ ഞാന്‍ നിന്നെ ശരിപ്പെടുത്തും.'

അവന്‍ ഒരു നിയന്ത്രണവുമില്ലാതെ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് പെറ്റമ്മയുടെ കാലിലും പുറത്തും അച്ഛന്റെ ചെരിപ്പുകൊണ്ട് പതുക്കെ അടിച്ചു.

അപ്പോള്‍ അയാള്‍ ഉഗ്രമൂര്‍ത്തിയായി കല്‍പ്പിച്ചു.

'പുറത്തും കാലിലുമൊന്നുമല്ല, ഈ വേശ്യയുടെ മുഖത്തടിക്കടാ നായേ! '

ഇപ്പോള്‍ അവന്‍ സ്വന്തം അമ്മയുടെ മുഖത്ത് ചെരിപ്പ് കൊണ്ട് അടിക്കുകയാണ്.. അടിച്ചുകൊണ്ടിരിക്കുകയാണ്.. അവന്റെ അച്ഛന്‍ മതി എന്ന് പറയുന്നത് വരെ.

പിന്നെ അവന്‍ കരഞ്ഞു. കരഞ്ഞു കരഞ്ഞ് കരഞ്ഞ്..ഏങ്ങലടിച്ച് ...ഏങ്ങലടിച്ച്.. ഏങ്ങലടിച്ച്..

അവള്‍ പിന്നെ ഒന്നും പറഞ്ഞില്ല. ഒന്നും ചെയ്തില്ല.

അയാള്‍ മതിയാകുവോളം അസഭ്യം പറഞ്ഞു. അവളുടെ എഴുപത്തഞ്ചു വയസ്സായ അമ്മയെ, അവളുടെ അനിയത്തിയെ , അനിയത്തിയുടെ പതിനഞ്ചുകാരിയായ മകളെ, ചേട്ടത്തിയമ്മയെ, അവരുടെ മകളെ..

ചേട്ടനെ പിമ്പെന്ന് വിളിക്കാനും അയാള്‍ക്ക് മടിയുണ്ടായില്ല.

അവള്‍ ശബ്ദിച്ചില്ല. മൌനത്തെ തന്നെ കവചമായി അവള്‍ ധരിച്ചു.

ആരും ഭക്ഷണം കഴിച്ചില്ല.. അയാള്‍ രാവിലെ നാലു മണിയാകുന്നതുവരെ അവളെയും അവളുടെ വീട്ടുകാരേയും തെറി പറഞ്ഞു. എത്ര പറഞ്ഞിട്ടും അയാള്‍ക്ക് തൃപ്തിയാകുന്നുണ്ടായിരുന്നില്ല. മകന്‍ തേങ്ങിത്തേങ്ങി ഒടുവില്‍ തറയില്‍ തന്നെ കിടന്നുറങ്ങി. അവള്‍ അടുക്കളയില്‍ കുത്തിയിരുന്ന് നേരം വെളുപ്പിച്ചു.

രാവിലെ മോനെ എണീപ്പിച്ച് അവള്‍ സ്‌ക്കൂളിലേക്ക് പറഞ്ഞയച്ചു. കുളിച്ച് തയാറായി ഓഫീസിലേക്ക് ഇറങ്ങി. അയാള്‍ അവള്‍ക്കൊപ്പം വന്നു. ബാങ്കിലേക്കാണ് അയാള്‍ കാറോടിച്ചത്. ബാങ്കില്‍ ചെന്ന് അവളുടെ സാലറി എക്കൌണ്ട് ജോയിന്റ് എക്കൌണ്ട് ആക്കണമെന്ന് അയാള്‍ അപേക്ഷ എഴുതി, അവളുടേയും അയാളുടേയും ഫോട്ടൊ പതിച്ച് അവളെക്കൊണ്ട് ഒപ്പും വെപ്പിച്ചശേഷം അയാള്‍ അവളെ ഓഫീസില്‍ ഇറക്കിവിട്ടു.

അവള്‍ മൌനമായി ഓഫീസിനുള്ളിലേക്ക് നടന്നു.

സ്വന്തം ക്യാബിനില്‍ ചെന്ന് ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജരെ ഫോണില്‍ വിളിച്ച് ആ അപേക്ഷ ഒരു കാരണവശാലും പരിഗണിക്കരുതെന്ന് കരച്ചില്‍ മുട്ടിത്തിരിയുന്ന തൊണ്ടയോടെ അവള്‍ അപേക്ഷിച്ചു.

ക്യാബിനിലേക്ക് കടന്നുവന്ന അവളുടെ ജൂനിയര്‍മാര്‍, അടിയേറ്റ് വീങ്ങിയ ആ മുഖം നോക്കി, അമ്പരന്നു നില്‍ക്കുകയായിരുന്നു അപ്പോള്‍ .

( തുടരും )

No comments: