Wednesday, July 11, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....29

https://www.facebook.com/echmu.kutty/posts/589362121243086
നോവല്‍ 29

ഒരു സെക്കന്റ് സ്തംഭിച്ചു നിന്നുവെങ്കിലും 'കടക്കെടോ പുറത്ത് 'എന്ന് ചേട്ടത്തിയമ്മ അയാളെ പിടിച്ച് പുറത്തേക്ക് ആഞ്ഞുതള്ളി. വല്ലാതെ ഞടുങ്ങിപ്പോയ അവളാണെങ്കില്‍ ബഹളം ഒഴിവാക്കാന്‍ അയാള്‍ക്കും മകനുമൊപ്പം പുറത്തേക്കിറങ്ങുകയാണ് ചെയ്തത്. ചേട്ടത്തിയമ്മയും മണ്ണാങ്കട്ടിയും കൂടി വാതില്‍ പൂട്ടി ഫോണും പിടിച്ച് ഒരല്‍പം അകലെയായി അവരെ പിന്തുടര്‍ന്നു. അവരുടെ ഹൃദയം ഭയം കൊണ്ട് പടപട എന്നിടിക്കുന്നുണ്ടായിരുന്നു. 100 നമ്പര്‍ ഫോണില്‍ റെഡിയാക്കിവെച്ചാണ് അവര്‍ നടന്നിരുന്നത്.

അയാള്‍ മോനോട് അമ്മയുടെ കാല്‍ പിടിച്ച് മാപ്പു പറയാന്‍ ആവശ്യപ്പെട്ടു. അവന്‍ ഒരു സ്പ്രിംഗ് പാവയെപ്പോലെ അതനുസരിച്ചു. അവള്‍ കരഞ്ഞുകൊണ്ട് വാരിപ്പുണര്‍ന്നപ്പോള്‍ അവന്‍ അമ്മയുടെ നെഞ്ചില്‍ ഒരു നിമിഷം മുഖമണയ്ക്കാതിരുന്നില്ല. ആ നിമിഷം തന്നെ സ്വന്തം ചെരുപ്പെടുത്ത് അയാള്‍ സ്വയം കവിളില്‍ തല്ലി. എന്നാല്‍ അവള്‍ ചെയ്ത കുറ്റങ്ങള്‍ക്കാണ് അയാള്‍ നേരത്തെ ശിക്ഷ തന്നതെന്നും ഇനിയുമവള്‍ കുറ്റങ്ങള്‍ ഒന്നും ചെയ്യാതെ അവള്‍ക്കൊപ്പം പാര്‍ത്താല്‍ മതിയെന്നും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി അവര്‍ ഒരുമിച്ച് പാര്‍ക്കുകയായിരുന്നില്ലേന്നും അയാള്‍ പലവട്ടം ആവര്‍ത്തിച്ചു. അവള്‍ ഇനി ആ വീട്ടിലേക്ക് വരില്ലെന്നും മോനെ ഇവിടെ വിട്ടിട്ട് പോണമെന്നും പറഞ്ഞപ്പോള്‍ അയാളുടെ സ്വരം മാറി. വയസ്സുവെച്ചു വളര്‍ന്ന മോനവളെ ഇഷ്ടമില്ലെന്നും അവള്‍ കണ്ടവന്മാര്‍ക്കൊപ്പം കിടക്കുന്നതൊക്കെ അവന്‍ കണ്ടിട്ടുണ്ടെന്നും ആ രാത്രി തന്നെ വെണമെങ്കില്‍ അയാള്‍ക്കവളെ കൊല്ലാന്‍ കഴിയുമായിരുന്നുവെന്നും അയാള്‍ അലറി. ഇനി ഈ കോളനിക്കകത്ത് കയറിപ്പോകരുതെന്ന് ക്ഷമ കെട്ട് അവളും ഒച്ചവെച്ചു. അപ്പോഴേക്കും ആളുകള്‍ അടുത്തു കൂടുവാന്‍ തുടങ്ങിയിരുന്നു.

പിന്നീട് അധികം ബഹളമുണ്ടാക്കാതെ അയാള്‍ മോനെയും കൊണ്ട് കാറോടിച്ചു പോയി.

അവള്‍ പിന്നെയും ഒത്തിരി കരഞ്ഞു ...സങ്കടപ്പെട്ടു. കോളനിയ്കകത്തെ പാര്‍ക്കില്‍ കരഞ്ഞുകൊണ്ട് കുത്തിയിരിക്കുമ്പോള്‍ മണ്ണാങ്കട്ടി ചോദിച്ചു, 'അക്കാ, ഒരു തോക്കു വാങ്കി കുടുപ്പീങ്കളാ.. അന്ത ആളെ ചുട്ടിട്ട് വന്താ, നമ്മ കൊഴന്തൈ നമ്മ കിട്ടെ ഇരുക്കും. നാന്‍ ജയിലുക്ക് പോയി തിരുമ്പി ഉങ്കകിട്ടയെ വറേന്‍..'

അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മണ്ണാങ്കട്ടിയെ കെട്ടിപ്പിടിച്ചു. ചേട്ടത്തിയമ്മയ്ക്കും കരച്ചില്‍ വന്നു പോയി.

അനാഥര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നായിരുന്നു മണ്ണാങ്കട്ടിയുടെ ധൈര്യം.

പിന്നീട് അതൊരു പതിവായി , കോളനിക്ക് കുറച്ചകലെ മാര്‍ക്കറ്റില്‍ കാര്‍ പാര്‍ക്ക് ചെയ്ത് അയാളും മകനും കൂടി അവളുടെ ഫ്‌ലാറ്റിനു താഴെ വന്ന് നില്‍ക്കും . അവരെ മുകളില്‍ നിന്ന് കാണാന്‍ പറ്റീരുന്നു ചേട്ടത്തിയമ്മയ്ക്കും മണ്ണാങ്കട്ടിയ്ക്കും. അവര്‍ ഫോണ്‍ ചെയ്ത് അവളോട് അയാന്റെ വീട്ടില്‍ പോകാന്‍ പറയും, അല്ലെങ്കില്‍ കോളനിയിലെ ദൂരെയൊരു ബ്ലോക്കില്‍ പോയി ഇരിക്കാന്‍ പറയും. കാറില്‍ മുന്‍വശത്തെ റോഡിലിറങ്ങി, അവളുടെ കാര്‍ ഒരു സഹപ്രവര്‍ത്തകന്റെ വീട്ടില്‍ പാര്‍ക്കു ചെയ്യുകയായിരുന്നു അപ്പോഴെല്ലാം ഡ്രൈവറുടെ പതിവ്. പുറത്ത് കാത്ത് നില്‍ക്കുന്ന അയാളുടേയും മോന്റെയും കണ്ണ് വെട്ടിച്ച് ബ്ലോക്കിന്റെ പുറകിലൂടെ ചേട്ടത്തിയമ്മയും മണ്ണാങ്കട്ടിയും അവള്‍ക്കൊപ്പമെത്തിച്ചേരും . ബഹളമുണ്ടായി പ്രശ്‌നമായാല്‍ ഈ വീട് വിടേണ്ടി വരുമെന്ന ഒറ്റ ഭീതിയായിരുന്നു എല്ലാറ്റിനും കാരണം. സ്ത്രീകള്‍ക്ക് മാത്രമായി താമസിയ്ക്കാന്‍ വീട് കിട്ടാനുള്ള ബുദ്ധിമുട്ടു മറ്റൊരു കാരണവുമായിരുന്നു. അങ്ങനെ അനവധി ദിവസങ്ങള്‍ ഭീതിയില്‍ കൊഴിഞ്ഞു പോയി. വയസ്സു വന്ന് വളര്‍ന്ന മകന്‍ ഒപ്പമില്ലാത്തതുകൊണ്ട് ഭര്‍ത്താവായിരിക്കും ശരിയെന്നും അയാളുടെ വാക്കുകള്‍ക്ക് വില കല്‍പിക്കാത്ത തന്റേടിയായ ഭാര്യയായിരിക്കുമവളെന്നും തേപ്പുകാരും കാര്‍ കഴുകുന്നവരും പച്ചക്കറിക്കടക്കാരും പാല്‍ക്കടക്കാരും എല്ലാം അവളെ നോക്കി പിറുപിറുക്കാന്‍ തുടങ്ങി. എന്നും അവിടെ വന്നു നില്‍ക്കുന്ന അയാളെയും മകനേയും കണ്ട് എല്ലാവര്‍ക്കും വല്ലാത്ത സഹതാപം ഉണ്ടായിക്കഴിഞ്ഞിരുന്നു.

അവള്‍ എന്നും മോനെ ഫോണില്‍ വിളിക്കുമായിരുന്നു. അവന്‍ ഫോണ്‍ എടുക്കില്ല. എടുത്താല്‍ തന്നെ 'എനിക്ക് മിണ്ടാന്‍ സമയമില്ല' എന്ന് ഫോണ്‍ വെയ്ക്കും. ചിലപ്പോള്‍ അവന്റെ അച്ഛന്‍ അമ്മയെ വിളിച്ചിരുന്ന തെറി വാക്കുകളെല്ലാം മാലയായി എഴുതിയ മെസ്സേജുകള്‍ അയക്കും. അതു വായിച്ച് അവളുടെ ഹൃദയം പൊട്ടുമായിരുന്നു. അവന്റെ ഒച്ച കേള്‍ക്കാനായി അവനെ ഒന്നു കാണാനായി എനിക്കമ്മയെ വേണമെന്ന് അവന്‍ പറയുന്നതു കേള്‍ക്കാനായി അവളുടെ ആത്മാവിന്റെയും ശരീരത്തിന്റെയും ഓരോ തരിയും എപ്പോഴും ഉണര്‍ന്നിരുന്നു.

മണ്ണാങ്കട്ടിചേച്ചിയെ അവനു ജീവനായിരുന്നു, ഇപ്പോള്‍ അവള്‍ കാരണമാണ് അമ്മ അവന്റെ അടുത്തേക്ക് മടങ്ങിച്ചെല്ലാത്തത് എന്ന് മോന്‍ ഉറച്ചു വിശ്വസിക്കാന്‍ തുടങ്ങി. അതുകൊണ്ട് ആ ചേച്ചിയെ അവന്‍ വെറുത്തു, അച്ഛന്‍ ചൂണ്ടിക്കാണിക്കുന്നവരെയെല്ലാം വെറുക്കുക എന്നതായി കുഞ്ഞിന്റെ സ്ഥിതി. ചേച്ചി ലജ്ജയില്ലാതെ നിത്യവും ഫോണ്‍ ചെയ്തിട്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല.

അച്ഛനില്‍ അവന്‍ ഒത്തിരി മാറ്റങ്ങള്‍ കണ്ടു . അച്ഛന്‍ രാത്രി ഉറങ്ങുന്നില്ല, ഭക്ഷണം കഴിക്കുന്നില്ല, സ്ഥിരമായി സിഗരറ്റ് പുകയ്ക്കുന്നു, ഫേസ് ബുക്കും കമ്പ്യൂട്ടറും ഒന്നും ശ്രദ്ധിക്കുന്നില്ല, അച്ഛന്‍ പണ്ട് വിലക്കീരുന്ന പിറ്റ്‌സയും വേഫര്‍ ബിസ്‌ക്കറ്റും, മോമോസും ബോണ്‍ ലസ് ചിക്കനും എല്ലാമെല്ലാം അവനു സമൃദ്ധമായി വാങ്ങിക്കൊടുക്കുന്നു. രാവിലെ നേരെത്തെ ഉണരണ്ട, തോന്നുമ്പോള്‍ എണീല്‍ക്കാം. സ്‌ക്കൂളില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നില്ല. എത്ര വേണമെങ്കിലും ടി വി കാണാം. മൊബൈലില്‍ സിനിമ കാണാം. ലാപ് റ്റോപും കൊണ്ടു ടോയ്‌ലറ്റില്‍ പോയി എത്ര നേരം വേണമെങ്കിലുമിരിക്കാം. ടിവിയും ഫോണും ഇന്റര്‍നെറ്റുമൊക്കെ അമ്മയുടെ ഓഫീസില്‍ നിന്നാണ് കിട്ടുന്നതെന്ന് അവനറിയാം. അച്ഛന്റെ ലാപ് ടോപ്പും ടാബ് ലറ്റുമൊക്കെ അമ്മയ്ക്ക് സമ്മാനം കിട്ടിയതാണെന്നും അവനറിയാം. അച്ഛനിപ്പോള്‍ ജോലിക്ക് പോവാന്‍ ശ്രമിക്കുന്നുണ്ട്. അന്വേഷിക്കുന്ന മാതിരി അത്ര എളുപ്പത്തില്‍ അച്ഛനു പണി കിട്ടണ്ടേ? അവള്‍ അമ്പതു പ്രാവശ്യം ഫോണ്‍ ചെയ്യുമ്പോള്‍ പൊട്ടും പൊടിയുമായി ഫോണ്‍ എടുക്കാതെയുമെടുത്തുമൊക്കെ അവന്‍ അമ്മയോട് പറഞ്ഞിരുന്നതാണിതൊക്കെ. ഇത്രേം അറിയാന്‍ തന്നെ അവള്‍ ഒരു ദിവസങ്ങളോളം അമ്പതും അറുപതും തവണ അവനെ വിളിച്ചിരുന്നു. അച്ഛന്‍ മുഴുവനായും ആളു മാറി, അമ്മ വീട്ടിലേക്ക് വന്നാല്‍ മതി, ഇനി അച്ഛന്‍ അമ്മയെ തല്ലാന്‍ അവന്‍ സമ്മതിക്കില്ല, ഇനി അമ്മയെ തല്ലിയാല്‍ അവന്‍ അച്ഛനെ തല്ലിക്കോളാം എന്നും അവന്‍ വാഗ്ദാനം ചെയ്യാതിരുന്നില്ല.

അതു തന്നെയായിരുന്നു അവളുടെ ഭയം . അയാള്‍ കാരണം അവന്‍ അപകടത്തില്‍ പെടുമെന്ന ഭയം. അയാള്‍ ചൂണ്ടിക്കാണിക്കുകയും അവന്‍ അക്രമപ്രവൃത്തികള്‍ക്ക് മുതിരുകയും ചെയ്യുമോ എന്ന ഭയം. കാരണം അവന്‍ ജുവനൈലായതുകൊണ്ട് അവനു ശിക്ഷയില്ലെന്ന് അയാള്‍ അവനെ പറഞ്ഞു ധരിപ്പിച്ചിരുന്നു.

ഭയം അവളുടെ നട്ടെല്ലിനെ തീനാക്കായി നക്കി. തലച്ചോറിനെ ആവിയില്‍ പുഴുങ്ങി. അവന്‍ പോലീസ് പിടിയിലാകുന്നതും ജയിലിലാകുന്നതും ഒക്കെ ഓര്‍ത്ത് അവള്‍ക്ക് സമനില തെറ്റി. കരഞ്ഞു കരഞ്ഞ് അവളുടെ രാത്രികള്‍ പകലായി.

വക്കീല്‍ ഇതിനിടയില്‍ കുട്ടിയുടെ കസ്റ്റഡി അവള്‍ക്ക് കിട്ടണമെന്ന് കാണിച്ച് കേസ് ഫയല്‍ ചെയ്യാന്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തിരുന്നു. ഡൊമസ്റ്റിക് വയലന്‍സ് കേസും ഒന്നിച്ച് ഫയല്‍ ചെയ്യണമെന്ന് ചേട്ടത്തിയമ്മ വക്കീലിനെ സദാ നിര്‍ബന്ധിച്ചുകൊണ്ടി രുന്നു.

അങ്ങനൊരു വൈകുന്നേരമാണ് മോന്‍ അവളെ വിളിച്ചത്. അവന്‍ മാര്‍ക്കറ്റില്‍ വരാമെന്നും അവനു അമ്മയെ കാണണമെന്നും അമ്മയില്ലാതെ ബോറടിക്കുന്നുവെന്നും വീട്ടില്‍ കയറാനേ തോന്നുന്നില്ലെന്നും അമ്മയുടെ തലയിണയും ഉടുപ്പും മണത്താണ് അവന്‍ കിടക്കുന്നതെന്നും പറഞ്ഞപ്പോള്‍ അവളുടെ പെറ്റവയറും ഹൃദയവും തലച്ചോറും ഒന്നായി ഉരുകിയമര്‍ന്നു.

മണ്ണാങ്കട്ടിയേയും ചേട്ടത്തിയമ്മയേയും ഡ്രൈവറെയും കാറിലിരുത്തിയിട്ട് മൊബൈല്‍ ഫോണ്‍ കുര്‍ത്തിയുടെ പോക്കലിട്ട് അവന്‍ വരാന്‍ പറഞ്ഞ അവര്‍ക്കേറേ പരിചിതമായ ഒരു ഈറ്റിംഗ് ജോയിന്റിലേക്ക് അവള്‍ സന്തോഷപൂര്‍വം നടന്നു ചെന്നു. അവള്‍ പോയതിനു പുറകേ മണ്ണാങ്കട്ടിയും ചേട്ടത്തിയമ്മയും ഡ്രൈവറും അവളെ പിന്തുടര്‍ന്നുവെങ്കിലും മാര്‍ക്കറ്റില്‍ ഭയങ്കര തിരക്കായിരുന്നതുകൊണ്ട് അവരെ അത്ര എളുപ്പത്തില്‍ ആര്‍ക്കും തിരിച്ചറിയാനാകുമായിരുന്നില്ല.

( തുടരും )

No comments: