Sunday, July 1, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....3

https://www.facebook.com/echmu.kutty/posts/561105560735409?pnref=story

നോവല്‍ 3

ആര്‍ത്തവം പെണ്‍ ശരീരത്തിന്റെ ഭയങ്കര കുറ്റമാണ്.. അതിനു പലതരം ശിക്ഷകളുണ്ട്. പറ്റാവുന്നിടത്തു നിന്നെല്ലാം അകറ്റിനിറുത്തപ്പെടുന്നതും അശുദ്ധയെന്ന് വിളിക്കപ്പെടുന്നതും ആ ശിക്ഷകളുടെ ഭാഗമായാണ്.

ഗര്‍ഭവും അങ്ങനെയാണ്.. അത് ധരിച്ചവളുടെ പ്രശ്‌നം, അവളുടെ കുറ്റം. ..

പുരുഷന്മാര്‍ അധികമുള്ള ഓഫീസില്‍ മൂത്രമൊഴിക്കുന്ന ഇടം മുതല്‍ അവളെ ശിക്ഷിച്ചു തുടങ്ങും. ശാരീരിക പ്രത്യേകതകള്‍ കൊണ്ട് നിന്നു മൂത്രമൊഴിക്കാന്‍ ഭാഗ്യം സിദ്ധിച്ച പുരുഷന്മാര്‍ക്ക് ടോയ്‌ലറ്റ് സീറ്റിന്റെ വൃത്തിയെ പറ്റിയോ അതില്‍ തെറിച്ചു വീണിട്ടുള്ള അന്യരുടെ മൂത്രത്തുള്ളികളെപ്പറ്റിയോ വേവലാതി കൊള്ളേണ്ട കാര്യമില്ല.
അങ്ങനെയുള്ള യൂറോപ്യന്‍ ടോയ്‌ലറ്റില്‍ സ്ത്രീകള്‍ എപ്പോഴും സങ്കല്‍പ കസേര എന്ന അഭ്യാസം പരിശീലിക്കുന്നു.. എന്നാല്‍ ഒരു ഗര്‍ഭിണിക്ക് സങ്കല്‍പകസേര സര്‍ക്കസ്സ് ഒട്ടും എളുപ്പമായിരിക്കില്ല. നിനക്ക് ഗര്‍ഭമുണ്ടെന്ന് കരുതി സഹപ്രവര്‍ത്തകരായ പുരുഷന്മാരുടെ നിന്നു മൂത്രമൊഴിക്കാനുള്ള, മൂത്രമൊഴിച്ചുകൊണ്ട് പേരെഴുതാനുള്ള കഴിവിനെ വേണ്ടെന്ന് വെയ്ക്കാന്‍ പറ്റുമോ? നിസ്സാരമാക്കാന്‍ പറ്റുമോ?

ഒരിയ്ക്കലും പറ്റില്ല.

ഗര്‍ഭിണിയാണെന്ന് കരുതി മള്‍ട്ടി സ്റ്റോറീഡ് ബില്‍ഡിംഗിന്റെ ചെക്കിംഗ് വേണ്ടാ എന്ന് തീരുമാനിക്കാന്‍ കഴിയില്ല. അപ്പോള്‍ തുറന്ന പെട്ടി ലിഫ്റ്റില്‍ പതിനെട്ടും ഇരുപതും നില പൊക്കത്തിലേക്ക് അവളുയര്‍ന്നുയര്‍ന്നു പോകും. കാറ്റ് അവളെ അങ്ങോട്ടുമിങ്ങോട്ടും ഉലയ്ക്കും.. അവള്‍ക്ക് മുകളില്‍ ആകാശം കൈയെത്താവുന്ന അകലത്തില്‍ പുഞ്ചിരിക്കും. വയറ്റിലെ കുരുന്നു ജീവനും അവളുടെ ഹൃദയവും വായ്ക്കകത്തേയ്ക്ക് ഇരമ്പിക്കയറി വരും...

പ്രോജക്ട് മാനേജര്‍ ദേഷ്യപ്പെട്ടു.

'പ്രോജക്ട് കമ്പ്‌ലീറ്റാവേണ്ട ഇന്നേരത്ത് ഇങ്ങനെ ഗര്‍ഭിണിയാവണ കുരിശെന്തിനു എടുത്ത് തലയില്‍ വെച്ചു?'

അവള്‍ തലയും കുനിച്ച് നിന്നു.

കമ്പനി ഉടമസ്ഥന്റെ മകനായിരുന്നു ഏറ്റവും അരിശം.

' ഗര്‍ഭിണിയാവാന്‍ കണ്ട നേരം ..' എന്ന് അയാള്‍ രോഷാകുലനായി.

തന്നെയുമല്ല, ഓരോ നിസ്സാരകാര്യത്തിനും രണ്ട് കിലോമീറ്റര്‍ അകലെയുള്ള അയാളുടെ ഓഫീസില്‍ പോയി കണ്ട് വിശദീകരണം നല്‍കണമെന്ന് നിര്‍ബന്ധം പിടിച്ചു.. അങ്ങനെ നാലു കിലോമീറ്റര്‍ നടക്കേണ്ടിയിരുന്നു മിക്കവാറും എന്നും തന്നെ ...

ഇതൊരു നിത്യപ്പതിവായപ്പോള്‍ സീനിയര്‍ എന്‍ജിനീയര്‍ക്ക് പാവം തോന്നി. അദ്ദേഹം അവള്‍ക്ക് ഒരു കാറ് ഏര്‍പ്പാടു ചെയ്തു... ചിലപ്പോള്‍ അങ്ങനെ ചില സഹായങ്ങള്‍ ശിക്ഷയുടെ ഇളവായി വീണു കിട്ടാറുണ്ട്..
മനുഷ്യ ജീവിതമല്ലേ... വിശാല ലോകമല്ലേ ... ആരെങ്കിലുമൊക്കെ കാണും ഒരു ഗ്ലാസ് വെള്ളം തരാനും ഒരു കസേര ഇരിക്കാന്‍ തരാനും ഒക്കെ...

തിരികെ വീട്ടിലെത്തുമ്പോള്‍ പാദം മുതല്‍ അരക്കെട്ട് വരെ നീരു വരുമായിരുന്നു. അതു കാണുമ്പോള്‍ അവളുടെ ഭര്‍ത്താവിനു എന്തെന്നില്ലാത്ത അരിശമാണ് തോന്നുക.

' ലോകത്ത് വേറേ പെണ്ണുങ്ങള്‍ക്കൊന്നും ഇങ്ങനെ ഇല്ലല്ലോ. നിനക്ക് മാത്രം എന്താ?' അവളുടെ നീരു വെച്ച കാല്‍ ചിലപ്പോഴെങ്കിലും തടവേണ്ടി വരുന്നത് അയാളെ കോപാക്രാന്തനാക്കിയിരുന്നു.

ഭര്‍ത്താവിനോട് ബഹുമാനമുള്ള പെണ്ണുങ്ങള്‍ അവരുടെ കാല്‍ തടവിത്തരാന്‍ പറയില്ല. അത് അയാളുടെ ഉറച്ച വിശ്വാസമായിരുന്നു.

ഭര്‍ത്താവിനു മാത്രമാണല്ലോ ബഹുമാനം വേണ്ടത്.

ഭാര്യയ്ക്ക് അയാളെ ശുശ്രൂഷിക്കാനുള്ള സേവന മനസ്സുണ്ടായാല്‍ മതി.

( തുടരും )

No comments: