Thursday, July 5, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....13

https://www.facebook.com/echmu.kutty/posts/571499279696037?pnref=story

നോവല്‍ 13

അവള്‍ കൊടുത്ത നാലു ലക്ഷം പോയെന്ന് മാത്രമേ അയാള്‍ അവളോട് പറഞ്ഞുള്ളൂ. അയാള്‍ സമ്പാദിച്ച പണം എത്ര നഷ്ടമായെന്ന് അയാള്‍ ഒരിക്കലും ഒരു കാലത്തും അവളോട് തുറന്ന് പറഞ്ഞില്ല.

അവള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

പ്രൊഫഷണല്‍ ലൈഫില്‍ അവള്‍ എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് ഓരോ പടിയും കയറിയതെന്ന് അവള്‍ വിളിച്ചു പറഞ്ഞു.

വെറും ആയിരം രൂപ ശമ്പളത്തിനു ആദ്യം ട്രെയിനിംഗിനു നിന്ന ഓഫീസിനെപ്പറ്റിയും പെണ്ണായതുകൊണ്ട് സൈറ്റ് വര്‍ക്കിനു അനുയോജ്യയല്ല എന്ന് അവളെ ഒഴിവാക്കിയ, ഇന്ത്യ മുഴുവന്‍ പേരുകേട്ട കണ്‍സള്‍ട്ടന്‍സിയേയും പറ്റി പറയുമ്പോള്‍ അവള്‍ക്ക് വായ കയ്ച്ചു.

ഡ്രോയിംഗ് ട്രേസ് ചെയ്യുന്നതു മുതല്‍ ഫോട്ടൊകോപ്പി എടുക്കാനും ഡ്രോയിംഗ് മടക്കി വെയ്ക്കാനും വരെ പരിശീലിക്കേണ്ടി വന്ന വിവിധ ഓഫീസുകളിലെ അടിമ ജീവിതത്തെപ്പറ്റി അവള്‍ വിങ്ങിപ്പൊട്ടി.

സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ സൈറ്റില്‍ വര്‍ക് ചെയ്യാന്‍ ഒരു പെണ്ണിനൊരിക്കലും സാധിക്കില്ലെന്ന്, കോണ്‍ട്രാക്ടര്‍മാരെ നിലയ്ക്ക് നിറുത്താന്‍ കഴിയില്ലെന്ന് വമ്പ് പറഞ്ഞു അവളെ ചവുട്ടിത്താഴ്ത്തിയിരുന്നത് ഓര്‍മ്മിച്ച് അവള്‍ വേദനിച്ചു. അവള്‍ക്ക് ഡിസൈന്‍ ചെയ്യാന്‍ പറ്റില്ലെന്നും വന്‍ കിട ഉയരങ്ങളും ആഴം കൂടിയ താഴ്ചകളും കോടികളില്‍ മറിയുന്ന തുകകളും കാണുമ്പോള്‍ പെണ്ണായ അവള്‍ക്ക് തലചുറ്റുമെന്നും ബോധക്കേടു വരുമെന്നും പരിഹസിച്ചവരെ പറ്റി വിളിച്ച് കൂവുമ്പോള്‍ വികാരഭാരം കൊണ്ട് അവളുടെ തൊണ്ടയിടറി.

ഒരു പെണ്ണിനു ഒരിയ്ക്കലും എന്‍ ജിനീയറിംഗില്‍ ആണിനൊപ്പം തിളങ്ങാന്‍ കഴിയില്ലെന്ന് ബെറ്റ് വെച്ച അവളുടെ സഹപ്രവര്‍ത്തകരെ സ്വന്തം അറിവു കൊണ്ട് കീഴ്‌പ്പെടുത്താന്‍ എത്രമാത്രം പ്രയത്‌നിക്കേണ്ടി വന്നുവെന്ന് അവള്‍ ഏങ്ങലടിച്ചു.

അങ്ങനെ ഒരടി മുന്നിലേക്കും രണ്ടടി പിന്നിലേക്കും വെച്ച് അവള്‍ മെല്ലെ മെല്ലെ പണിതുയര്‍ത്തിയ ഔദ്യോഗിക ജീവിതത്തിന്റെ വിയര്‍പ്പൂറുന്ന പ്രതിഫലമായിരുന്നു ആ നാലുലക്ഷം രൂപ. അതു തുലച്ചു കളഞ്ഞത് അവള്‍ക്ക് ക്ഷമിക്കാന്‍ കഴിഞ്ഞില്ല.

അയാള്‍ ടി വിയി ല്‍ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്യുന്ന 500 രൂപ വിലയുള്ള സല്‍വാര്‍ കമ്മീസുകള്‍ മാത്രമേ അവള്‍ വിവാഹശേഷം ധരിച്ചിട്ടുള്ളൂ. അവള്‍ ഒരു മദ്യ സല്‍ക്കാരവും ലഞ്ചും അത്താഴവിരുന്നും ഹൈ ടീയും സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കി പണം ധൂര്‍ത്താക്കീട്ടില്ല. തനിഷ്‌ക്ക് പോലെയുള്ള ചില സ്വര്‍ണക്കടകളിലെ ഇന്‍സ്റ്റാള്‍ മെന്റുകളില്‍ ചേര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്. അതും അവളുടെ കല്യാണത്തിനു വീട്ടില്‍ നിന്ന് കിട്ടിയതും എല്ലാം ചേര്‍ത്ത് ലോക്കറില്‍ വെച്ചിരിക്കുകയാണെങ്കിലും ലോക്കറിന്റെ താക്കോല്‍ അയാളുടെ പക്കലാണ്. ലോക്കറില്‍ അയാളുടെ പേരും ഉള്ളതുകൊണ്ട് അത് അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തുറക്കാം. മുപ്പത്തഞ്ചോ നാല്‍പതോ രൂപയുടെ അടിവസ്ത്രങ്ങള്‍ മാത്രമേ അവള്‍ ഉപയോഗിച്ചിട്ടുള്ളൂ. അവളൂടെ പോലെ വില കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് അവളിപ്പോള്‍ ജോലി ചെയ്യുന്ന വലിയ കമ്പനിയില്‍ ആരും വരുന്നില്ല.
' മാഡത്തിനെന്തിനാണ് ശമ്പളം ?' എന്ന് അവളുടെ സഹപ്രവര്‍ത്തകര്‍ തമാശയായും കാര്യമായും ചോദിക്കുമായിരുന്നു.

ഉറുമ്പ് ആഹാരം തേടുന്ന മാതിരി അവള്‍ സൂക്ഷിച്ചു സമ്പാദിച്ച ആ നാലു ലക്ഷം രൂപ ഇങ്ങനെ അപ്രത്യക്ഷമായതില്‍ അവള്‍ക്ക് വലിയ ക്ഷോഭം തോന്നി.

അവളുടെ കരച്ചിലും ഹിസ്റ്റീരിയയും ഒന്നും അയാള്‍ക്ക് ക്ഷമിക്കാന്‍ കഴിഞ്ഞില്ല. ആണുങ്ങളായാല്‍ ബിസിനസ് ചെയ്യുമ്പോള്‍ നഷ്ടം വന്നെന്നിരിക്കും. അപ്പോള്‍ ഭര്‍ത്താവിനെ സമാധാനിപ്പിക്കുന്നതിനു പകരം അവളുടെ പൈസ നഷ്ടമാക്കി എന്ന് പറഞ്ഞ് ബഹളം വെയ്ക്കുകയാണോ വേണ്ടത് ? അയാള്‍ കള്ളു കുടിയ്ക്കുകയോ പെണ്ണ് പിടിയ്ക്കുകയോ ഒന്നും ചെയ്യുന്നില്ലല്ലോ.

അവള്‍ കോപം കൊണ്ട് വിറച്ചു.

ആയിരം രൂപ സേവ് ചെയ്തത്, അമ്മയ്ക്ക് പണം അയച്ചത് അതൊന്നും അയാള്‍ക്ക് ക്ഷമിക്കാന്‍ കഴിഞ്ഞില്ലല്ലോ ...പിന്നെ അവളും കള്ളു കുടിക്കുന്നില്ലല്ലോ...

അവളെ വാക്കുകള്‍ മുഴുമിക്കാന്‍ വിടാതെ അയാള്‍ അലറി . ' ജോലി ചെയ്ത് പണം സമ്പാദിച്ചാല്‍ മതി. അധികം സംസാരിച്ചാല്‍ നിന്റെ സെക്കന്റ് ക്ലാസ് എന്‍ജിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ എടുത്ത് ഞാന്‍ കത്തിച്ചു കളയും. അവളുടെ ഒരു ഒടുക്കത്തെ എന്‍ജിനീയര്‍ കളി. ആണുങ്ങള്‍ക്കൊപ്പം കൊഞ്ചുന്നതൊക്കെ ഞാനറിയുന്നുണ്ട് '

മകന്‍ ഭയന്ന് നിറുത്താതെ കരഞ്ഞു കൊണ്ടേയിരുന്നു. അപ്പോള്‍ അവള്‍ക്ക് നിശ്ശബ്ദയാകേണ്ടി വന്നു. അവനെ എത്ര നേരം കരയിക്കും? കുഞ്ഞല്ലേ അവന്‍ ? അയാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചു കളഞ്ഞാല്‍ എന്തു ചെയ്യുമെന്ന ആധിയും അവളെ കാര്‍ന്നു തിന്നു.

അവനെ ഒക്കത്തെടുത്ത് അവള്‍ അടുക്കളയിലേക്ക് നടന്നു. അവളെ നോക്കിക്കൊണ്ടിരുന്ന അനാഥപ്പെണ്ണിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

( തുടരും )

No comments: