Friday, July 6, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....16

https://www.facebook.com/echmu.kutty/posts/574730582706240?pnref=story

നോവല്‍ 16

അസഹനീയമായതുകൊണ്ടാണ് അവള്‍ കൌണ്‍സലിംഗിനു പോയത് . ജോലിയുടേയും വീടിന്റേയും സമ്മര്‍ദ്ദം അവള്‍ക്ക് താങ്ങാവുന്നതിനപ്പുറമായിക്കഴിഞ്ഞിരുന്നു.

ജോലിക്ക് പോകാതായപ്പോള്‍ അവള്‍ മാത്രമായി അയാളുടെ റ്റാര്‍ജെറ്റ്. അവള്‍ എന്തു ചെയ്യുന്നു? ആരോടു മിണ്ടുന്നു.? ആരാണവളുടെ കൂട്ടുകാര്‍? അതില്‍ ആണെത്ര? പെണ്ണെത്ര ? അവരോടെല്ലാം ഏതു വിഷയമാണവള്‍ സംസാരിക്കുന്നത്? അവളുടെ അമ്മയോടും ബന്ധുക്കളോടും എപ്പോഴെല്ലാം സംസാരിക്കുന്നു ? എന്തൊക്കെ സംസാരിക്കുന്നു ? അവര്‍ അവളൂടെ പണം അടിച്ചു മാറ്റുന്നുണ്ടോ? സഹപ്രവര്‍ത്തകരുമായി അവള്‍ക്ക് എത്ര അടുപ്പമുണ്ട്?

അയാള്‍ ഓരോന്നിനായി കൂടുതല്‍ക്കൂടുതല്‍ നിയന്ത്രണം വെച്ചു തുടങ്ങി. എപ്പോഴും നിരീക്ഷിയ്ക്കപ്പെടുന്നത്, ചോദ്യങ്ങള്‍ക്കുത്തരം നല്‍കേണ്ടത്, ആ ഉത്തരങ്ങളില്‍ ഒട്ടും വിശ്വസിക്കാത്ത ഒരാളുടെ മുന്നില്‍ ശിക്ഷയ്ക്കായി നില്‍ക്കേണ്ടത്, അവള്‍ക്ക് അലറാനും മതിവരുവോളം അയാളുടെ മുഖത്തിടിയ്ക്കാനും ചിലപ്പോള്‍ അയാളെ കുത്തിക്കൊല്ലാനോ അല്ലെങ്കില്‍ അവള്‍ക്ക് മരിക്കാനോ തോന്നുന്നത്..ഒന്നും നടക്കാതെ വരുമ്പോള്‍ നിസ്സഹായത കൊണ്ട് ആത്മാഭിമാനത്തിലേല്‍ക്കുന്ന അറ്റമില്ലാത്ത ക്ഷതങ്ങള്‍ അവളെത്തന്നെ നിന്ദിക്കുന്നത് .... ഇക്കാര്യമെല്ലാം അവള്‍ കിതച്ചുകൊണ്ടും തോരാതെ കരഞ്ഞുകൊണ്ടും കൌണ്‍സിലിംഗില്‍ വിശദമാക്കി.

അയാളുമൊത്ത് ചെലവാക്കിയ മധുര നിമിഷങ്ങള്‍ അയവിറക്കാന്‍ കൌണ്‍സിലര്‍ അവളോട് ആവശ്യപ്പെട്ടു.

അവള്‍ ആലോചിച്ചു തുടങ്ങി.

ഓഫീസിലെ പ്രശ്‌നങ്ങള്‍ പങ്കു വെയ്ക്കുമ്പോള്‍ കുറ്റമെല്ലാം അവളുടേതാണെന്ന് വാദിച്ചു സ്ഥാപിക്കുമെങ്കിലും അയാള്‍ അത് കേട്ടിരിക്കുമായിരുന്നു. പിന്നെപ്പിന്നെ കുറ്റം കേട്ട് കേട്ട് അവള്‍ക്ക് മതി വന്നതുകൊണ്ട് അവള്‍ പ്രശ്‌നങ്ങള്‍ പറയാതെയായി. നല്ല വര്‍ത്തമാനങ്ങള്‍ മാത്രമേ പങ്കു വെച്ചിരുന്നുള്ളൂ. അവളുടെ മിടുക്കിനെപ്പറ്റി അറിയാനോ അതില്‍ ലേശമെങ്കിലും അഭിമാനം കൊള്ളാനോ അയാള്‍ക്ക് യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല.

അവള്‍ സ്വര്‍ണക്കടയില്‍ ഇന്‍സ്റ്റാള്‍മെന്റ് ചേര്‍ന്ന് പണ്ടങ്ങള്‍ വാങ്ങുന്നതില്‍ അയാള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. അത് ഒരു നിത്യസമ്പാദ്യമാണെന്ന് അയാള്‍ക്ക് യോജിപ്പുണ്ടായിരുന്നു.

പിന്നെ അയാള്‍ വീടിന്റെ കടം തീര്‍ത്തു.

നന്നായി അത്താഴമൊരുക്കുന്നുണ്ട്...അയാള്‍ക്ക് മൂഡുള്ളപ്പോഴൊക്കെ.

ഓഫീസില്‍ കൊണ്ടുവിടുകയും കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നുണ്ട്... വഴക്കില്ലാത്തപ്പോഴൊക്കെ.

വല്ലപ്പോഴുമൊക്കെ സിനിമയ്ക്ക് പോവാറുണ്ട്... മകന്‍ വാശി പിടിയ്ക്കുമ്പോള്‍ …

അയാള്‍ക്കിഷ്ടമുള്ള സമോസയല്ലാതെ മറ്റൊന്നും തിന്നരുതെന്ന് അവളെ കര്‍ശനമായി നിര്‍ബന്ധിക്കുമ്പോഴും ഇടയ്ക്ക് ബേക്കറികളില്‍ കൊണ്ടു പോയി സമോസ വാങ്ങിക്കൊടുക്കാറുണ്ട്.

അയാള്‍ക്കിഷ്ടമുള്ള ഉടുപ്പുകളും അടിവസ്ത്രങ്ങളുമേ വാങ്ങാന്‍ സമ്മതിക്കുകയുള്ളൂവെങ്കിലും ചിലപ്പോള്‍ മാളുകളില്‍ കൊണ്ടുപോവാറുണ്ട്.

വളരെ ദുര്‍ലഭം ചിലപ്പോള്‍ ഒരു കുറ്റവും പറയാതെ വര്‍ത്തമാനം പറഞ്ഞിരിക്കാറുണ്ട്.

അയാള്‍ കണക്കറ്റ് മദ്യപിക്കുകയോ മറ്റു സ്ത്രീകളെ തേടിപ്പോവുകയോ ചെയ്തിട്ടില്ല.

കൌണ്‍സിലര്‍ അവളുടെ കിടപ്പറ ജീവിതത്തെ പറ്റി ചോദിച്ചു.

അവളെ മിക്കവാറും എന്നും അയാള്‍ ഭോഗിക്കാറുണ്ട്. എന്നാല്‍ അവള്‍ സുന്ദരിയാണെന്ന് ഒരിക്കല്‍ പോലും പറഞ്ഞിട്ടേയില്ല. എന്തുകൊണ്ട് ഈ നിമിഷങ്ങളില്‍ പോലും അതു പറയാന്‍ കഴിയുന്നില്ല എന്ന് അവള്‍ ചോദിച്ചപ്പോള്‍ അയാള്‍ ഒരിയ്ക്കലും കള്ളം പറയില്ല എന്നാണ് മറുപടി കിട്ടിയത്. ഭോഗം തീര്‍ന്നാല്‍ അയാള്‍ ഉടനെ കൂര്‍ക്കം വലിച്ചു തുടങ്ങും. അപ്പോഴാണ് അവള്‍ക്ക് അയാളെ കൊല്ലാന്‍ കലശലായ ആഗ്രഹമുണ്ടാവുക.. ഏതൊക്കെ മാര്‍ഗത്തില്‍ അത് സാധിക്കാമെന്ന് ആലോചിച്ചുകൊണ്ട് ഒടുവില്‍ അവള്‍ ഉറങ്ങും.

'കുടുംബമാണ് സ്ത്രീയുടെ എല്ലാം.' കൌണ്‍സിലര്‍ അഭിപ്രായപ്പെട്ടു. ' നിങ്ങള്‍ ജോലി രാജി കൊടുത്ത് വീട്ടിലിരിക്കു. അണിഞ്ഞൊരുങ്ങി ഭര്‍ത്താവിനെ ആകര്‍ഷിക്കു. ഇരുണ്ട നിറമുള്ളവര്‍ക്ക് ചേരുന്ന വസ്ത്രങ്ങളും മേക്കപ്പും ധരിക്കു. അദ്ദേഹം ജോലിക്ക് പോകട്ടെ. മകന് നിങ്ങളോട് കൂടുതല്‍ അടുപ്പവുമുണ്ടാകും. മകന്‍ നിങ്ങളെ തിരിച്ചറിയേണ്ടതല്ലേ ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം. അല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക് എന്തിനാണ് എന്‍ജിനീയറിംഗ് ബിരുദം ? പുരുഷന്മാര്‍ കൂടുതല്‍ ശോഭിക്കുന്ന ഒരു മേഖലയല്ലേ അത്? '

അവള്‍ക്ക് പെട്ടെന്ന് നെഞ്ചു കലങ്ങുന്ന സങ്കടം വന്നു. ജോലി കൂടി പോയാല്‍..

ജോലി കളയുന്നതിനോട് അവള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. ജോലിയിലാണ് അവള്‍ എല്ലാം മറക്കുന്നത്. പുതിയ പുതിയ ഡിസൈനുകളിലും അവയുടെ നിര്‍മ്മാണത്തിലുമാണ് അവള്‍ക്ക് സ്വയം ഒരു അഭിമാനവും ജീവിതത്തിനു ഒരു അര്‍ഥവും ഉണ്ടെന്ന് തോന്നുന്നത്. അതും ഇല്ലെങ്കില്‍ മകന്റെ കൂടി പരിഹാസം താങ്ങേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ എട്ടാം നിലയിലുള്ള ഫ്‌ലാറ്റില്‍ നിന്ന് ചാടിയാലോ എന്നവള്‍ക്ക് തോന്നിപ്പോയേനേ.

''ഭര്‍ത്താവല്ലേ... അദ്ദേഹം നിങ്ങളുടെ എല്ലാം പരിശോധിക്കട്ടെ. ചോദ്യങ്ങള്‍ ചോദിയ്ക്കട്ടെ ..അതിനൊക്കെ ഉത്തരം പറയാനെന്താ വിഷമം? നിങ്ങള്‍ കള്ളത്തരമൊന്നും ചെയ്യുന്നില്ലെങ്കില്‍.. നിങ്ങള്‍ക്ക് ജോലി കളയാനും വയ്യ. അപ്പോള്‍ അദ്ദേഹം പരിശോധിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. അത് ഒരു സാധാരണ കാര്യമായി അങ്ങ് എടുത്താല്‍ മതി. അദ്ദേഹത്തില്‍ നിന്ന് വിരുദ്ധമായ ഒരു ആത്മാഭിമാനം നിങ്ങള്‍ എന്തിനാണ് കാത്തു സൂക്ഷിക്കുന്നത്?'

'അദ്ദേഹത്തോട് കൂടുതല്‍ ബഹുമാനം കാണിക്കുകയും അനുസരണയും സ്‌നേഹവും പ്രകടിപ്പിക്കുകയും ചെയ്യൂ.. എല്ലാം ഒ കെ ആവും.'

കൌണ്‍സിലറുടെ ഫീസ് കൊടുത്ത് ഇറങ്ങിപ്പോരുമ്പോള്‍ ജോലി രാജി വെച്ചാല്‍ അയാള്‍ക്ക് സന്തോഷം ഉണ്ടാകുമോ എന്ന് ചോദിച്ചു നോക്കാമെന്ന് അവള്‍ കരുതി.

അങ്ങനെ അവള്‍ ചോദിച്ചപ്പോള്‍ അയാള്‍ സത്യമായും ഞെട്ടിപ്പോയി.

അവള്‍ ജോലിക്ക് പോകണമെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. ഇത്രയും വിദ്യാഭ്യാസമുള്ള ഉന്നത വരുമാനമുള്ള അവള്‍ വീട്ടിലിരിക്കുന്നത് എന്തിനാണ്? അത്ര ചെലവൊന്നുമില്ലല്ലോ. വീട് സ്വന്തമല്ലേ? ഒരാള്‍ ജോലി ചെയ്താല്‍ മതി. അയാള്‍ക്ക് എന്‍ജിനീയറിംഗും ആ മേഖലയിലെ അഴിമതിയും ഒക്കെ മടുത്തു. മറ്റെന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. അയാള്‍ക്ക് കുറെ ഹോബികള്‍ ഉണ്ട് . റാറ്റ് റേസ് അയാള്‍ക്ക് ഇനി വയ്യ.

പിന്നീടുള്ള കുറച്ച് ദിവസങ്ങളില്‍ അയാള്‍ അവളുടെ മേലുള്ള നിരീക്ഷണം അല്‍പം കുറച്ചു. അവര്‍ മൂന്നു പേരും കൂടി ഒരു സിനിമയ്ക്ക് പോയി. മകന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. വീട്ടില്‍ അതിഥികള്‍ വരുന്നത്, പുറത്തേയ്ക്ക് പോവുന്നത് ഒക്കെ അവനു വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ അവന്റെ കൂട്ടുകാര്‍ വന്നാല്‍ പോലും അയാള്‍ ദേഷ്യപ്പെടാറാണ് പതിവ്. ശന്തനുവിനോട് മാത്രമേ അയാള്‍ അതില്‍ തോറ്റിട്ടുള്ളൂ. എത്ര പ്രാവശ്യം ആട്ടിയോടിച്ചാലും അവന്‍ പതിനഞ്ചു മിനിറ്റ് ഇടവിട്ട് വന്നു ചോദിക്കും അങ്കിള്‍, ഇപ്പോള്‍ വരട്ടേ? ഒടുവില്‍ അയാള്‍ മടുപ്പോടെ അകത്തേ മുറിയിലേക്ക് പോവുമ്പോള്‍ അവര്‍ രണ്ടു പേരും കൂടി കളിയ്ക്കും. അതുപോലെ അമ്മയ്‌ക്കൊപ്പം എത്ര നേരം കളിയ്ക്കാനും അവനിഷ്ടമായിരുന്നു. അമ്മയ്ക്ക് ഒഴിവ് കിട്ടുമ്പോഴെല്ലാം അവന്‍ കളിച്ചു സന്തോഷിച്ചു.

അപ്പോഴാണ് ഒരു ദിവസം അവിചാരിതമായി അവള്‍ക്ക് രാത്രി ഒമ്പതു മണി വരെ ഓഫീസില്‍ ഇരിയ്‌ക്കേണ്ടി വന്നത്. അന്ന് എല്ലാം തകിടം മറിഞ്ഞു. അതുവരെ അയാള്‍ കഷ്ടപ്പെട്ട് പ്രകടിപ്പിച്ചു പോന്ന നന്മ അവസാനിച്ചു. അവള്‍ അവിടെ ആര്‍ക്കൊപ്പമോ കിടക്കുകയായിരുന്നു എന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. അന്നാണ് അയാള്‍ അവളെ തേവിടിശ്ശി എന്ന് വിളിച്ചത്. പിന്നീട് ഓഫീസില്‍ എപ്പോഴെല്ലാം അധികം സമയം ചെലവാക്കിയോ അന്നെല്ലാം അവള്‍ക്ക് ആ വിളി കേള്‍ക്കേണ്ടി വന്നു.

( തുടരും )

No comments: