Friday, July 20, 2018

സ്‌നേഹമെന്ന , ഉത്തരവാദിത്തമെന്ന ധനം.


                                     
അമ്മീമ്മയ്ക്ക് ആ ശിഷ്യനെ വലിയ ഇഷ്ടമായിരുന്നു. ഒരു പരമ ദരിദ്ര കുടുംബത്തിലെ ഒടുങ്ങാത്ത ഇല്ലായ്മകളുടെ കൊടുംവറുതിയിലും അയാള്‍ നന്നായി പഠിച്ചു. അച്ഛനും അമ്മയും നഷ്ടപ്പെട്ട അയാളെയും സഹോദരങ്ങളേയും നോക്കി വളര്‍ത്തിയത് മൂത്ത ചേച്ചിയായിരുന്നു.

ചേച്ചി വല്ലാതെ കഷ്ടപ്പെട്ടും , അപമാനപ്പെട്ടുമാണ് സ്വസഹോദരങ്ങളെ പോറ്റിയിരുന്നത്. എന്നു പറഞ്ഞാല്‍ അവര്‍ക്ക് ശരീരം വില്‍ക്കുന്ന ജോലിയും ചിലപ്പോഴൊക്കെ ചെയ്യേണ്ടി വന്നിരുന്നുവെന്നര്‍ഥം. അമ്മീമ്മയ്ക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല. ദാരിദ്ര്യമാണതിനു കാരണമെന്ന് അമ്മീമ്മ ഉറച്ചു വിശ്വസിച്ചു. ആ പ്രിയപ്പെട്ട ശിഷ്യന്‍ ചേച്ചിയുടെ പേരില്‍ ഗ്രാമത്തിലും സ്‌കൂളിലുമെല്ലാം അപമാനിതനാകുമ്പോള്‍ അമ്മീമ്മ അവനെ സമാധാനിപ്പിക്കുകയും അവന്റെ ചേച്ചിയ്ക്ക് വേണ്ടി വീറോടെ വാദിക്കുകയും പതിവായിരുന്നു. വിശപ്പിലും വലിയ സത്യമില്ലെന്നും തന്നെ ഇല്ലാതാക്കിക്കൊണ്ടും സഹോദരങ്ങളുടെ വിശപ്പ് മാറ്റാന്‍ പരിശ്രമിക്കുന്ന ആ ചേച്ചി അന്നപൂര്‍ണ്ണയാണെന്നുമായിരുന്നു. അമ്മീമ്മയുടെ ന്യായം.

പത്താംക്ലാസ്സും ടൈപ്പും ഷോര്‍ട്ട് ഹാന്റും പഠിച്ച് അമ്മീമ്മയുടെ ശിഷ്യന്‍ ബോംബെയ്ക്ക് പോയി. അരിഷ്ടിച്ച് ജീവിച്ച് അനിയത്തിയേയും അനിയനേയും പഠിപ്പിച്ചു. ഒരു മുറിയില്‍ ഇരുപതു പേര്‍ താമസിക്കുമെന്നും കക്കൂസില്‍ പോകാനും കുളിക്കാനും ഒക്കെ മനുഷ്യര്‍ ക്യൂ നില്‍ക്കുമെന്നും ഒക്കെ ആ ശിഷ്യന്‍ അമ്മീമ്മയ്‌ക്കെഴുതീരുന്ന കത്തുകളില്‍ നിന്ന് ഞാനും അനിയത്തിമാരും വായിച്ചു മനസ്സിലാക്കി. തറ എന്നാല്‍ ഗ്രൌണ്ട് ഫ്‌ലോര്‍ ആണെന്നും സൈന്യത്തിന്റെയും പോലീസിന്റേയും ക്യാമ്പ് കോട്ട് കിട്ടിയാല്‍ അത് മുറിയിലെ ഫസ്റ്റ് ഫ്‌ലോര്‍ ആണെന്നും അതിനു വാടക കൂടുമെന്നും വലിയ പൈപ്പുകളില്‍ പോലീസിനു കൈമടക്ക് കൊടുത്ത് കഴിഞ്ഞു കൂടാമെന്നും അയാള്‍ എഴുതീരുന്നു. പാര്‍ക്കിലെ വൈദ്യുത വെളിച്ചത്തിനു കീഴെ ഇരുന്ന് പഠിക്കുക, കുറച്ചു പൊരി മാത്രം കഴിച്ച് കുറെ വെള്ളവും കുടിച്ച് ഉറങ്ങുക ഇതിനെപ്പറ്റിയൊക്കെ അയാള്‍ എഴുതിയത് വായിക്കുമ്പോള്‍ അമ്മീമ്മയ്ക്ക് സങ്കടമുണ്ടാവും. 'പാവമുണ്ട് … അവന്‍ നന്നാ ഇരുക്കണം, ഭഗവാന്‍ അവനെ കാപ്പാത്തട്ടും ' എന്ന് അമ്മീമ്മ ദീര്‍ഘനിശ്വാസമുതിര്‍ക്കും. അനിയനെയും അയാള്‍ വൈകാതെ ബോംബെയ്ക്ക് കൊണ്ടുപോയി. അനിയത്തിയെ നാട്ടില്‍ തന്നെ പഠിപ്പിച്ച് നഴ്‌സാക്കിയിട്ടാണ് കൂട്ടിക്കൊണ്ട് പോയത്. അതിനകം അയാളും അനിയനും ബിരുദാനന്തരബിരുദങ്ങള്‍ എടുക്കുകയും ജോലികള്‍ മാറുകയും ഭേദപ്പെട്ട ജീവിതനിലവാരത്തിലേക്കുയരുകയും ചെയ്തിരുന്നു. വിശ്രമമില്ലാത്ത കഠിനാധ്വാനമായിരുന്നു അവരുടെ ജീവിതവ്രതം. നന്നാവണം .. ദാരിദ്ര്യം മാറണം എന്നതായിരുന്നു അവരുടെ ഒരേ ഒരു പ്രാര്‍ഥന.

അയാള്‍ ഇടയ്ക്കിടെ മനോഹരമായ കൈപ്പടയില്‍ അമ്മീമ്മയ്ക്ക് എഴുതിയിരുന്ന കത്തിലെ ഉയര്‍ച്ചയുടെ വിശേഷങ്ങള്‍ എല്ലാം വായിച്ച് ഒരു മകന്റെ കത്തു കിട്ടുന്ന ആഹ്ലാദത്തോടെ അമ്മീമ്മ അങ്ങനെ ഗമയില്‍ ഇരിക്കും. അനിയത്തിയ്ക്ക് വിദേശത്ത് ജോലിയാക്കി അവളെ കല്യാണവും കഴിപ്പിച്ച ശേഷം ഒരു ദിവസം അയാള്‍ അമ്മീമ്മയെ കാണാന്‍ വന്നു. പഴയ ആരോഗ്യക്കുറവ് തോന്നിപ്പിച്ചിരുന്ന ദുര്‍ബലനൊന്നുമായിരുന്നില്ല അയാള്‍ അപ്പോള്‍. ഉയരവും തടിയുമൊക്കെ പാകത്തിനുണ്ടായിരുന്ന ഒരു പരിഷ്‌കാരി പ്രവാസിയായിരുന്നു.

അയാള്‍ മുഖവുരയൊന്നുമില്ലാതെ അമ്മീമ്മയോട് കാര്യമവതരിപ്പിച്ചു. ചേച്ചിയെ വിവാഹം കഴിപ്പിക്കുന്നതിനെപ്പറ്റിയായിരുന്നു അത്. ഗവര്‍ണര്‍ക്കൊന്നുമല്ല കല്യാണം ആലോചിക്കുന്നത്. കഴിക്കാന്‍ പോകുന്ന ആള്‍ക്ക് ഒരു കുട്ടിയുണ്ട്.. പിന്നെ അയാള്‍ക്ക് കാര്യങ്ങള്‍ അറിയാം. സാരമില്ലെന്നും അയാള്‍ക്കും ഒത്തിരി അനുഭവങ്ങളുണ്ടെന്നും അങ്ങനെ എല്ലാം.. അമ്മീമ്മയുടെ അരുമശിഷ്യന്‍ ! പറഞ്ഞു .

അമ്മീമ്മയ്ക്ക് വലിയ ആഹ്ലാദമുണ്ടായി.

അയാളെ മനസ്സു തുറന്ന് അഭിനന്ദിച്ച് അമ്മീമ്മ വാല്‍സല്യവും സ്‌നേഹവും പ്രകടിപ്പിച്ചു. അയാള്‍ വന്ന കാര്യം അപ്പോഴാണ് മടിച്ചു മടിച്ചു വെളിപ്പെടുത്തിയത്.

'അത് ടീച്ചറേ... ചേച്ചി സമ്മതിക്കുന്നില്ല. ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചോളാം.. നന്നായി തന്നെ ജീവിച്ചോളാം. ഇപ്പോ പൈസയൊക്കെ അയച്ചു കിട്ടുന്നുണ്ടല്ലോ. ഞാനൊരു പാപിയാന്നൊക്കെ പറഞ്ഞ് ഒരു മാതിരി കരച്ചിലോടു കരച്ചില്‍.. ഞങ്ങള്‍ തോറ്റു... ടീച്ചര്‍ ഒന്നു സംസാരിക്കാമോ?'

അയാള്‍ താഴോട്ടു നോക്കുകയോ പരുങ്ങുകയോ ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. നന്നായിത്തന്നെ ജീവിച്ചോളാമെന്ന് പറയുമ്പോള്‍ മാത്രം ആ ശബ്ദമൊന്നിടറി... കഴിഞ്ഞു പോയ ജീവിതം അയാളെ നല്ല പക്വതയുള്ളവനാക്കിത്തീര്‍ത്തു കഴിഞ്ഞിരുന്നു.

അമ്മീമ്മ വഴങ്ങി.

ആദ്യം കുറെ കരഞ്ഞു പിഴിഞ്ഞു 'വേണ്ടാ.. വേണ്ടാ.. അശുദ്ധി , ചക്ക മാങ്ങ തേങ്ങ' എന്നൊക്കെ പറഞ്ഞെങ്കിലും ഒടുവില്‍ 'മോളെ നമ്മുടെ ദേഹത്തില്‍ ഒന്നും സ്ഥായിയല്ല.. തൊലിയടക്കം മാറും. ഇന്നലെ കണ്ട ആളല്ല ഇന്ന് .. നാലുകൊല്ലം മുമ്പ് കണ്ട ആളല്ല ഇന്ന്.. പിന്നെ നീ എന്തു മണ്ടത്തരാ പറയണത്.. കുളിച്ചാ പോവാത്ത ഒരു മാസക്കുളിയില്‍ പോവാത്ത ഒരു വൃത്തികേടും ഇല്ല നിന്റെ ദേഹത്ത്... ഇതൊക്കെ എപ്പോഴും നടക്കുന്നില്ലേ..' എന്ന് അമ്മീമ്മ വിശദീകരിച്ചപ്പോള്‍ ചേച്ചി തേങ്ങിക്കൊണ്ട് ഒടുവില്‍ തല കുലുക്കി.

അങ്ങനെ അമ്പലത്തില്‍ നിന്ന് പൂജിച്ചു കിട്ടിയ തുളസി മാല പരസ്പരം മാറി വളരെ ലളിതമായി ആ കല്യാണം നടന്നു...

അനിയനേയും കൂടി കുടുംബസ്ഥനാക്കിയിട്ടേ അമ്മീമ്മയുടെ അരുമശിഷ്യന്‍ കല്യാണം കഴിച്ചുള്ളൂ. 'അവന്‍ ഈ ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് 'എന്നാണ് അമ്മീമ്മ ആ ശിഷ്യനെപ്പറ്റി അഭിമാനം കൊണ്ടിരുന്നത്. സ്‌നേഹവും ഉത്തരവാദിത്തബോധവുമായിരുന്നു അമ്മീമ്മയുടെ ആരാധന നേടിയ അയാളുടെ ധനം.

ഞങ്ങള്‍ മൂന്നുപേരിലൊരാളെ അയാള്‍ക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കണമെന്ന് അമ്മീമ്മയ്ക്ക് വലിയ ആശയുണ്ടായിരുന്നു.

എന്തായാലും അങ്ങനൊന്നുമുണ്ടായില്ല.

No comments: