എന്‍റെ അനിയത്തിയുടെ മകള്‍ ചിംബ്ലു കഴിഞ്ഞ ദിവസം എന്നോട് പറയുകയായിരുന്നു.'ബോധമില്ലാതെ കിടക്കുന്നു എന്നൊക്കെ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും നമ്മുടെ അമ്മ കാത്തു കിടന്നത് റാണിയമ്മയെ ഒരു നോക്ക് കാണാനായിരുന്നു.'
ഞാനവളെ സൂക്ഷിച്ചു നോക്കി.
അവള്‍ പറയുന്നത് ശരിയാവുമെന്ന് ആ കണ്ണുകളില്‍ തുളുമ്പുന്ന ആത്മാര്‍ഥത കണ്ടപ്പോള്‍ എനിക്ക് തോന്നി.
അമ്മ പ്രസവിച്ച ഞങ്ങള്‍ മൂന്നു മക്കളേക്കാള്‍ ഞങ്ങളുടെ അമ്മയെ അതിഗാഢമായി പരി പൂര്‍ണമായി സ്നേഹിച്ച കൊച്ചുമോളാണവള്‍. ഒരു ഉപാധിയുമില്ലാതെ അമ്മയെ ശുശ്രൂഷിച്ചവള്‍, അമ്മയെ ശുശ്രൂഷിക്കാനായി മാത്രം വ്രതം പോലെ ഒരു മാസമൊക്കെ വീടു വിട്ട് പുറത്തിറങ്ങാതിരുന്നവള്‍, ഇതിനൊക്കെ എനിക്ക് പകരമെന്തു കിട്ടും എന്ന് തമാശയായി പോലും ചോദിക്കാത്തവള്‍, അവളുടെ പെറ്റമ്മയെ ബാജി എന്നും ഞങ്ങളുടെ അമ്മയെ അമ്മ എന്നും വിളിച്ചവള്‍. പതിനേഴുകാരിയായ അവളോട് എനിക്ക് നിറഞ്ഞ വാല്‍സല്യവും ബഹുമാനവും ആദരവും മാത്രമേയുള്ളൂ.
കഴിഞ്ഞ ഒരു മാസം കൊണ്ട് അവള്‍ പകുതിയായി.. ഇപ്പോഴും ആ കണ്ണുകള്‍ ഇടയ്ക്കിടെ സജലങ്ങളാവുന്നത് ഞാന്‍ കാണുന്നുണ്ട്.
അവള്‍ പറഞ്ഞത് സത്യമാണെന്ന് കുറച്ച് ആലോചിച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കി
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് അമ്മ അവസാനമായി സംസാരിച്ചത്. അത് 'റാണീ, റാണിക്കുട്ടാ... നീയെങ്കേ' എന്നായിരുന്നു. അന്നു രാവിലത്തെ വിമാനത്തിനാണ് അനിയത്തി ദില്ലിക്ക് തിരികേ പോയത്. അതിലധികം നീണ്ട അവധി അവള്‍ക്ക് സാധ്യമാകുമായിരുന്നില്ല. അമ്മയെ ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി 'ഞാന്‍ പോയിട്ടു വരാം അമ്മ' എന്ന് യാത്ര പറഞ്ഞ് ഉമ്മയൊക്കെ കൊടുത്താണ് അവള്‍ പോയത്. പക്ഷെ, അമ്മ അതു മറന്നു പോയിരുന്നു.
ഞാന്‍ അമ്മയെ അക്കാര്യം ഓര്‍മ്മിപ്പിച്ചു. അമ്മ തല കുലുക്കി.
പിന്നെ ഊണുകഴിച്ചു.. ടി വി കണ്ടു, ഉച്ചയ്ക്ക് ഉറങ്ങാന്‍ കിടന്നു. അപ്പോഴാണ് ഒരു മൂന്നരമണിയോടെ അമ്മയ്ക്ക് ഫിറ്റ്സ് ഉണ്ടായത്. ആ നിമിഷം അമ്മയുടെ ബോധം നഷ്ടപ്പെട്ടു. അമ്മ ഐ സി യൂ വിലായി.. അങ്ങനെ ആറുമാസക്കാലം പലവട്ടം ഫിറ്റ്സ് വരികയും ഐ സി യൂവിലാവുകയും ചെയ്തുകൊണ്ടിരിക്കേ തന്നെ അമ്മ മരണവുമായി ഒരു സന്ധിയിലേര്‍പ്പെട്ടു.
അതെ, എന്‍റെ മകള്‍ റാണിയെ ഒരു നോക്കു കണ്ടിട്ടേ ഞാന്‍ വരൂ...
അവള്‍ വന്ന് രണ്ടാംദിവസം അമ്മ പോയി.
അവള്‍ക്ക് ഒന്നേകാല്‍ വയസ്സുള്ളപ്പോള്‍ ചെറിയ അനിയത്തി പിറന്നുകഴിഞ്ഞിരുന്നു. ഞങ്ങള്‍ മൂന്നുമക്കള്‍ തമ്മില്‍ വളരെച്ചെറിയ പ്രായവ്യത്യാസമേ ഉള്ളൂ. ഇടങ്ങഴിയും നാഴിയും ചിരട്ടയും പോലെയുള്ള മൂന്നു മക്കള്‍, സ്വന്തം സഹോദരന്മാര്‍ ഫയല്‍ ചെയ്ത അവസാനിക്കാത്ത കോടതിക്കേസ്സുകള്‍, അച്ഛനുമായുള്ള അതിഭീകരമായ ശാരീരിക കലഹങ്ങള്‍, കേന്ദ്രഗവണ്മെന്‍റിന്‍റെ ഉത്തരവാദിത്തമുള്ള ഉദ്യോഗം, സഹായികളെ ഒരിയ്ക്കലും സ്ഥിരമായി നിര്‍ത്താനാവാത്ത വീട്ടന്തരീക്ഷം. ..
ഈയവസ്ഥയിലാണ് അനിയത്തിയായ റാണിയെ മൂന്നുമാസം അമ്മയുടെ അടുത്ത സുഹൃത്ത് ഡാറി ആന്‍റി കൊണ്ടുപോയി വളര്‍ത്തിയത്.
അമ്മയ്ക്ക് അപാരമായ സങ്കടമുണ്ടായിരുന്നു ആ നിസ്സഹായതയില്‍.. അത് ആരും മനസ്സിലാക്കിയില്ല. അച്ഛന് അങ്ങനൊരു കാരണം കൂടി കിട്ടി അമ്മയുടെ മാതൃത്വത്തെ വിലകുറച്ചു കാണാനെന്ന് മാത്രം..
നേരത്തെ വിശദമാക്കിയ കാരണങ്ങള്‍കൊണ്ടുതന്നെ ഞാനും റാണിയും അമ്മീമ്മയ്ക്കൊപ്പമായിരുന്നു പിന്നീട് വളര്‍ന്നത്. അതുകൊണ്ട് കലശലായ ഉടമസ്ഥതാബോധമാണ് റാണിക്കെന്നോട്. എന്നെ ഈ ലോകത്താരു വഴക്കു പറയുന്നതും അവള്‍ സഹിക്കില്ല. എന്നാല്‍ അവള്‍ക്ക് എന്നെ എന്തും പറയാം. അത് ഞാന്‍ ചോദ്യം ചെയ്യുവാനും പാടില്ല. ചോദ്യം ചെയ്താല്‍ അവള്‍ കാട്ടാന കോപിച്ച് മണ്ണു കുത്തിയിടുന്ന പോലെ പെരുമാറുകയും ഭൂതകാലത്തിലെ പല പല കണക്കുകള്‍ ഉദ്ധരിക്കുകയും ഒടുവില്‍ പ്രളയം പോലെ കണ്ണീരൊഴുക്കുകയും ചെയ്യും.
ഞങ്ങള്‍ രണ്ടുപേരെയും വളര്‍ത്തിയതിന്‍റെ പേരില്‍ അമ്മീമ്മയും വളര്‍ത്താത്തതിന്‍റെ പേരില്‍ അമ്മയും ധാരാളം പഴി കേട്ടു. ഞങ്ങളുടെ അച്ഛനില്‍ നിന്ന്, ഉള്ളവരും ഇല്ലാത്തവരുമായ ബന്ധുക്കളില്‍ നിന്ന്, ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്മാരില്‍ നിന്ന്, അവരുടെ വീട്ടുകാരില്‍ നിന്ന്, ഞങ്ങളില്‍ നിന്നിറങ്ങി വന്ന പുരുഷന്മാരില്‍ നിന്ന്..
അമ്മയുടെ കൊച്ചുമോളെപ്പറ്റിയാണല്ലോ ഞാന്‍ പറഞ്ഞു തുടങ്ങിയത്..
അവള്‍ പുതുതലമുറയിലെ അംഗമാണല്ലോ. സൈക്കിള്‍ പോലും ചവിട്ടാനറിയാതിരുന്ന അവളുടെ അമ്മയെ അതിവിദഗ്ധയായ ആത്മവിശ്വാസിയായ ഒരു ഡ്രൈവറാക്കിയതും അവളാണ്.
ആ കഥ ഇങ്ങനെ . ..
അനിയത്തി ഡ്രൈവിംഗ് പഠിച്ചു.. എറണാകുളം നഗരത്തിലൂടെ കാറോടിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷെ, ലൈസന്‍സ് എടുക്കാനുള്ള പരീക്ഷകളില്‍ എന്നും തോറ്റു തൊപ്പിയിടും. അനിയത്തിയുടെ ഡ്രൈവിംഗ് ടീച്ചര്‍ക്ക് കാര്യം മനസ്സിലായി. എക്സാമാണെന്ന് പറയാതെ വെറും ടെസ്റ്റ് ഡ്രൈവിംഗാണെന്ന് വിശ്വസിപ്പിച്ച് അവര്‍ അനിയത്തിയെ പരീക്ഷയ്ക്ക് കൊണ്ടുപോയി. അവള്‍ പുല്ലുപോലെ ജയിച്ചു.. ലൈസന്‍സ് കൈയില്‍ കിട്ടിയപ്പോഴാണ് അവള്‍ക്ക് ബുദ്ധി ഉദിച്ചത്.
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു.
'ബാജിക്ക് ലൈസന്‍സ് കിട്ടിയല്ലോ. നമുക്ക് തൃശൂര്‍ക്ക് പോകാ'മെന്നായി ചിംബ്ലു. അനിയത്തി എതിര്‍പ്പ് കാണിച്ചുവെങ്കിലും ഒടുവില്‍ വിയര്‍ത്തും പരിഭ്രമിച്ചും ഒക്കെ സ്വന്തം മകളുടെ ആഗ്രഹത്തിനു വഴങ്ങി. എന്നിട്ട് സുഖമായി കാറോടിച്ച് തൃശൂര്‍ വരെ പോവുകയും യാതൊരു അപകടവും കൂടാതെ മടങ്ങി വരികയും ചെയ്തു.
വിവരമറിഞ്ഞപ്പോള്‍ ഞാന്‍ ചിംബ്ലുവിനോട് ചോദിയ്ക്കാതിരുന്നില്ല, നിനക്കെങ്ങനെ ഇത്ര ധൈര്യം വന്നുവെന്ന്.
മറുപടി അതീവ ലളിതമായിരുന്നു.
'കലാമ്മ, ബാജിക്ക് ഈ ഭൂമിയില്‍ ഏറ്റവും വിലപിടിപ്പുള്ള സ്വത്താണ് ഞാന്‍ . ആ ഞാന്‍ ഇടതു വശത്തിരിക്കുമ്പോള്‍ ഷി വില്‍ ബി എക്സ്ട്രാ കോഷ്യസ്, കമ്പ്ലീറ്റ് ലി അലേര്‍ട്ട് ആന്‍ഡ് ഫുള്ളി അറ്റെന്‍ഡീവ്.'
അതെ, ഇന്നെന്‍റെ കുഞ്ഞനിയത്തി അതിവിദഗ്ധയായ ഒരു ഡ്രൈവറാണ്. എത്ര ദൂരം വേണമെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെ അവള്‍ കാറോടിക്കും.
ദ ക്രെഡിറ്റ് ഗോസ് ടു ചിംബ്ലു ഒണ്‍ലി.
No comments:
Post a Comment