Sunday, July 29, 2018

വെട്ടുകല്‍പ്പാറയിന്മേല്‍ വിരിഞ്ഞിറങ്ങുന്ന തിത്തിരി മുട്ടകള്‍



a
 
https://www.facebook.com/groups/yaathra/permalink/682518865171504/
 
 
a



മരങ്ങളൊന്നുമില്ല.. കുഞ്ഞു കുഞ്ഞു പടര്‍പ്പന്‍ പുല്ലുകള്‍ മാത്രം.. മുകളില്‍ നിന്നൊഴുകിയെത്തുന്ന തെളിനീര്‍പ്രവാഹത്തില്‍ അവിടവിടെ ചെറിയ നീര്‍ തളം കെട്ടലുകള്‍.. ആ നീര്‍ത്തടങ്ങള്‍ക്കു ചുറ്റും പടര്‍ന്ന പുല്ലുകള്‍ക്കിടയില്‍ വെളുപ്പും റോസും നീലയും നിറങ്ങളിലെ കുഞ്ഞു പൂക്കള്‍ ... കാറ്റില്‍ ചാഞ്ഞും ചരിഞ്ഞും വീണ പുരകെട്ടു പുല്ലുകള്‍ ...
                                        


‘നോക്കി നടക്കണം..തിത്തിരി പക്ഷികള്‍ മുട്ടയിടുന്നത് ഈ വെട്ടുകല്ലുകള്‍ക്കും ചരലിനുമിടയിലാണ്. മുട്ടകളുടെ നിറവും ചരല്‍ക്കല്ലുകളുമായി വേര്‍തിരിച്ചറിയാന്‍ കഴിയില്ല.’

കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനായ വാസ്തു ശില്‍പി ഒന്നാന്തരമൊരു പക്ഷിനിരീക്ഷകന്‍ കൂടിയായിരുന്നു. നാടന്‍ വെട്ടുകല്ലില്‍ തീര്‍ത്ത അദ്ദേഹത്തിന്‍റെ മനോഹരമായ വീട്ടില്‍ അനവധി അപൂര്‍വ ഇനം പക്ഷികളുടെ ചിത്രങ്ങളുണ്ടായിരുന്നു.

ഇത് കാസര്‍ഗോഡ് ജില്ല..

എന്‍ഡോസള്‍ഫാന്‍ വിഷ ബാധിതര്‍ക്ക് പുനരധിവാസത്തിനായി പരിശ്രമിക്കുന്നവരുടെ ഒപ്പമായിരുന്നു ഈ യാത്ര...

എന്‍റെ യാത്രകളില്‍ ഞാനെപ്പോഴും ഇങ്ങനെ ഏകാകിയായിത്തീരും. ഒറ്റയ്ക്കുള്ള യാത്രകളില്‍ മാത്രമല്ല ഗ്രൂപ്പ് യാത്രകളിലും ഞാന്‍ തനിച്ചാകാറാണ് പതിവ്.
                                               
ഇനിയും പലവട്ടം തിരികെച്ചെല്ലേണ്ടുന്ന ഒരു വലിയ ചുമതലയിലേക്കാണ് ഞാന്‍ നടന്നു പോയത്. അതുകൊണ്ട് ഞാന്‍ ആരോടും പോട്ടെ എന്നോ പോയിട്ടു വരാമെന്നോ യാത്ര പറഞ്ഞില്ല.
                 
എന്‍ഡോസള്‍ഫാന്‍ സമര സമിതിയില്‍ ഞാനില്ല. വെന്തുരുകലിന്‍റെതായ ആ ജീവിതങ്ങളെപ്പറ്റി
എന്‍മകജെ എന്ന നോവലും കുറെയേറെ പത്ര വാര്‍ത്തകളും അനവധി വാരികകളൂം വായിച്ച പരിചയമേ എനിക്കുള്ളൂ. ആ ഭാഗ്യഹീനരുടെ നീറുന്ന വേദനകളെ ഞാന്‍ നേരിലറിഞ്ഞിട്ടില്ല. അതുകൊണ്ട് അവര്‍ സംസാരിക്കുമ്പോള്‍ ഞാന്‍ വെറുതേ കേട്ടു നില്‍ക്കും. എനിക്കൊന്നും പറയാന്‍ കഴിയില്ല. ഒന്നും പറയാന്‍ അറിയില്ല. വാസ്തുശില്‍പികളുടെ ഒപ്പമാവുമ്പോള്‍ വാസ്തു ശില്‍പിയല്ലാത്തതുകൊണ്ട് അവിടെയും എനിക്ക് വാ തുറക്കേണ്ടതില്ല. വീട്ടമ്മമാരുടെ ഗ്രൂപ്പില്‍ , കുട്ടികളുടേയും കൌമാരക്കാരുടെയും യുവാക്കളുടേയും ഗ്രൂപ്പില്‍ ഒക്കെ.. ഞാനിങ്ങനെ .. അവര്‍ പറയുന്നതെല്ലാം കേട്ടുകൊണ്ട് .. കേള്‍ക്കുക മാത്രം ചെയ്തുകൊണ്ട് ....

എല്ലാവര്‍ക്കും നടുവിലായാലും ഒറ്റയ്ക്കായാലും എന്‍റെ യാത്രകള്‍ എനിക്കെന്നും പ്രിയപ്പെട്ടതു തന്നെ..

ഈ യാത്ര കുറെ സ്ഥലം കാണലും പരിചയപ്പെടലുമായിരുന്നു. ഗവണ്മെന്‍റും അതിന്‍റെ വിവിധയിനം ഡിപ്പാര്‍ട്ടുമെന്‍റുകളും സാധാരണ മനുഷ്യരോട് പുലര്‍ത്തുന്ന അനുതാപമില്ലായ്മയും ക്രൂരമായ അപരിചിതത്വവുമെല്ലാം പലവട്ടം അനുഭവിച്ചറിഞ്ഞിട്ടുള്ളതുകൊണ്ട് എനിക്ക് പ്രതീക്ഷയോ അല്ലെങ്കില്‍ നിരാശയോ ഉണ്ടായിരുന്നില്ല.

മരങ്ങള്‍ കിളുര്‍ക്കാത്ത, ചെങ്കല്‍പ്പാറകള്‍ നിറഞ്ഞ ഒരു ഭൂഭാഗം.. അതിങ്ങനെ നീണ്ടുയര്‍ന്ന് പരന്ന്.. ചിതറി.. ചക്രവാളത്തിന്‍റെ അതിരുകളില്‍ മുരടിച്ചു നില്‍ക്കുന്ന കുറച്ചു പറങ്കിമാവുകള്‍.. അത്ര ആരോഗ്യമൊന്നും തോന്നിപ്പിക്കാത്ത കമ്യൂണിസ്റ്റ് പച്ച.. കൊങ്ങിണിപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ചെറിയ കുറ്റിക്കാടുകള്‍.. ഇവിടെ അധികാരികളായ മനുഷ്യരുടെ ക്രൂരതയും പരിഗണനക്കുറവും ലാഭക്കൊതിയും കൊണ്ട് സ്വന്തം ജീവിതവും അടുത്ത തലമുറകളുടെ ജീവിതവും കൂടി തുലഞ്ഞുപോയ നിസ്സഹായരായ ജനത, എങ്ങനെ ജീവിതം കരുപ്പിടിപ്പിക്കുമെന്ന് എനിക്ക് മനസ്സിലായില്ല. പുനരധിവാസമെന്നാല്‍ വരണ്ട ഭൂഭാഗങ്ങളില്‍ പുതുതായി നിര്‍മ്മിക്കപ്പെടുന്ന കുറച്ചു കെട്ടിടങ്ങള്‍ മാത്രമല്ലല്ലോ. പാകത്തിനുപ്പും എരിവും ചേര്‍ത്ത കശുവണ്ടി കൊറിച്ചു കൊണ്ട് പ്രജാക്ഷേമത്തിനായുള്ള നീണ്ട പര്യാലോചനകള്‍ നടത്തുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച് എന്‍ഡോ സള്‍ഫാന്‍ ബാധിതര്‍ മറ്റ് ഫയലുകള്‍ക്കിടയിലെ ഒരു ഫയല്‍ മാത്രമല്ലേ ആകുന്നുള്ളൂ... അല്ലെങ്കില്‍ അത്രയുമല്ലേ ആകുവാന്‍ കഴിയുകയുള്ളൂ. കെട്ടിടഫയലുകള്‍ കെട്ടിടങ്ങളെപ്പറ്റി മാത്രം പറയും.. രോഗഫയലുകള്‍ രോഗത്തെപ്പറ്റി, ഭക്ഷണഫയലുകള്‍ ഭക്ഷണത്തെപ്പറ്റി… ഇതെല്ലാം ഒന്നിച്ച് പരിഗണിക്കേണ്ടുന്ന വിവിധ തരം മനുഷ്യഫയലുകളെ ശരിയായി വായിക്കാനോ അതില്‍ ഉത്തരവാദിത്തത്തോടെ ഒപ്പു വെയ്ക്കാനോ കശുവണ്ടി കൊറിക്കുന്നവരില്‍ അധികം പേര്‍ക്കും കഴിയുന്നുമില്ല.

തിത്തിരിപക്ഷി എവിടെ നിന്നോ നിറുത്താതെ ചിലച്ചുകൊണ്ടിരുന്നു. സ്ഥലം അനുയോജ്യമല്ലെന്ന് വിളിച്ചു പറയുകയായിരുന്നിരിക്കും.

മുട്ടകള്‍ കാണാനാവുമെന്ന പ്രതീക്ഷയോടെയായിരുന്നു ആ വെട്ടുകല്‍പ്പാറയിലെ എന്‍റെ ഓരോ കാല്‍വെപ്പും..

കാര്യമുണ്ടായില്ല.

മുട്ടയിട്ട് പറന്നകലുന്ന പെണ്‍ പക്ഷിക്ക് മുട്ടകളോട് യാതൊരു ഉത്തരവാദിത്തവുമില്ല. ആണ്‍ പക്ഷിയാണ് വെട്ടുകല്‍പ്പാറയില്‍ അടയിരുന്ന് മുട്ട വിരിയിക്കുന്നത്. മുട്ടകള്‍ക്കടുത്തേക്ക് ആരെങ്കിലും വന്നാല്‍ ദൂരെ പോയിരുന്ന് ചിലച്ച് വന്നവരുടെ ശ്രദ്ധ മുട്ടകളില്‍ നിന്ന് അകറ്റുന്നത്..
                                 
നല്ല റോഡുകളായിരുന്നു അധികവും.. .. അവ പലയിടങ്ങളിലേക്കും എന്നെ കൂട്ടിക്കൊണ്ടു പോയി. വഴിക്കിരുവശവും വിവിധയിനം സസ്യങ്ങളുടെ പച്ച നിറം ഒരു കടലായി തിരയടിച്ചു. കാറ്റിന്‍റെ വിരല്‍ സ്പര്‍ശങ്ങളില്‍ ഇലപ്പച്ചകള്‍ ആനന്ദത്തോടെ കമിഴ്ന്നു വീണു പുളകം കൊള്ളുമ്പോള്‍ ആ പച്ചക്കടലിന്‍റെ വര്‍ണം ഓരോ തിരയിലും മാറിക്കൊണ്ടിരുന്നു. ബാല്യത്തിലേ പരിചയമുള്ള വെള്ളിലത്താളി ‘ അമ്മ കറുത്തത് മോളു വെളുത്തത് മോളെ മോള് ലോക സുന്നരി’ യെന്ന് പാടി, ഒപ്പം ‘ കുട്ടീ, കുട്ടീ’ എന്ന് നീട്ടി വിളിച്ച് തലയാട്ടിക്കാണിച്ചു. കടുംപച്ച നിറത്തിലുള്ള വട്ടയിലകളെ അഹങ്കാരത്തോടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു പലയിടങ്ങളിലും ഉഴുന്നുണ്ടിയെന്നു കൂടി പേരുള്ള തടിച്ചു കൊഴുത്ത വട്ട. പലതരം കാട്ടുവള്ളികള്‍ തമ്മില്‍പ്പിണഞ്ഞ് സ്വന്തം ബലം ലേശമൊരു ഗമ യോടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. വിവിധ വര്‍ണങ്ങളിലുള്ള കൊങ്ങിണിപ്പൂക്കള്‍ നിറുത്താതെ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു..
                       

            
ഇവയ്ക്കെല്ലാമിടയിലൂടെ കര്‍ണാടകയിലേക്കും ഹോസ്ദുര്‍ഗിലേക്കും കാസര്‍ഗോഡിന്‍റെ വിവിധ താലൂക്കുകളിലേക്കുമുള്ള റോഡുകള്‍ കറുത്തു മിനുത്തു കിടന്നു. മഴച്ചാറലില്‍ നനഞ്ഞ് സ്റ്റേറ്റ് ഹൈവേയും നാഷണല്‍ ഹൈവേയും ഒരുപോലെ മിന്നിത്തിളങ്ങി.

വഴിയോര തീറ്റിപ്പണ്ടങ്ങള്‍ ചില പ്രത്യേകമായ പേരുകളോടെയാണ് മുന്നില്‍ നിരന്നത്. ഹോളി ബജ്ജായെന്നൊരു ചൂടന്‍ എണ്ണപ്പലഹാരമായിരുന്നു ആദ്യം. സീരിയെന്ന പേരില്‍ വന്നത് എനിക്ക് നല്ല പരിചയമുള്ള കേസരിയായിരുന്നു. തിരുവനന്തപുരത്തെ ബോളിയാണ് അവിടെ ഹോളിഗെയായി അറിയപ്പെടുന്നതത്രെ.. മധുരമുള്ള കലത്തപ്പവും എരിവുള്ള കലത്തപ്പവും മുളകുപപ്പടവും ഈ യാത്രയില്‍ കിട്ടി.
                                         

       
                                         നീലേശ്വരത്താണ് വിചിത്രമായ ആകൃതിയിലുള്ള ഒരു കുളം കണ്ടത്. മൂന്നോ നാലോ ചതുരങ്ങളെ പരസ്പരം ബന്ധിച്ചുകൊണ്ട് പ്രത്യേകമായി നിര്‍മ്മിച്ചതായി തോന്നിച്ചു ആ കുളം. ബാല്യവും കൌമാരവും കുളത്തില്‍ നിറഞ്ഞു കവിയുന്ന ജലത്തെ ആഹ്ലാദത്തിമിര്‍പ്പോടെ മുങ്ങാംകുഴിയിട്ടും കൈകാലിട്ടടിച്ചും അനുഭവിച്ചുകൊണ്ടിരുന്നു. കുളത്തിന്‍റെ വക്കില്‍ ആ പച്ചച്ച ജലധാരാളിത്തം കണ്ടു നിന്ന എന്നിലേക്ക് അവര്‍ ഇഷ്ടം പോലെ വെള്ളം ചിതറിത്തെറിപ്പിച്ചു. പൊട്ടിച്ചിരിച്ചു.. ‘ഏടുന്നാ ഏടുന്നാ’ എന്ന് പലയാവര്‍ത്തി ചോദിച്ചു.. ആ തെളി നീര്‍ എന്നെയും മോഹിപ്പിക്കാതിരുന്നില്ല.. നീന്തലറിയാത്ത ഞാന്‍ ആ പ്രലോഭനത്തെ മരണം മരണമെന്ന് ജപിച്ചുകൊണ്ട് അനങ്ങിപ്പോകരുതെന്ന് കല്‍പിച്ചു.
                                    


കുളത്തിനപ്പുറത്ത് മൂന്നാലു ഏക്കര്‍ വലുപ്പത്തിലുള്ള ഒരു കാവുണ്ടായിരുന്നു. കാവ് ഭയപ്പെടുത്തുന്ന വിധത്തില്‍ ഇരുണ്ടിരുന്നു. കൊഴുത്തു തെഴു ത്ത കാട്ടുവള്ളികള്‍ പെരുമ്പാമ്പുകളെപ്പോലെ വലിയ മരങ്ങളില്‍ ചുറ്റിപ്പിണഞ്ഞു കിടന്നു. വളര്‍ന്നു മുറ്റിയ വലിയ വലിയ ആലുകള്‍ സ്വന്തം വേരുകള്‍ കൊണ്ട് വഴിക്കപ്പുറത്തു നില്‍ക്കുന്ന മരങ്ങളെപ്പോലും ശ്വാസം മുട്ടിച്ച് ഇല്ലാതാക്കുന്നുണ്ടായിരുന്നു. ജീവിതമേല്‍പ്പിച്ച കഠിനയാതനകളില്‍ നിസ്സഹായരായി കൈയുയര്‍ത്തിക്കരയുന്ന മനുഷ്യരെ ആ മരങ്ങള്‍ ഓര്‍മ്മിപ്പിച്ചു. കാവിനകത്ത് ഒരു ദേവീക്ഷേത്രമുണ്ടായിരുന്നു. മണ്ണമ്പുറത്ത് ഭഗവതി ക്ഷേത്രം. തിമര്‍ത്ത് പെയ്യുന്ന മഴയില്‍ ക്ഷേത്ര ദര്‍ശനം ഒഴിവാക്കുവാനേ കഴിഞ്ഞുള്ളൂ..

എന്‍ഡോസള്‍ഫാന്‍ വിഷബാധിതരായ നിസ്സഹായ മനുഷ്യജന്മങ്ങളെ നേരിട്ട് കണ്ടതാണ് ഈ യാത്രയിലെ ഏറ്റവും ഹൃദയ ഭേദകമായ അനുഭവം. നടക്കാന്‍ കഴിയാത്തവര്‍, എഴുന്നേല്‍ക്കാന്‍ പറ്റാത്തവര്‍, വായില്‍ നിന്ന് സദാ തുപ്പലൊഴുകുന്നവര്‍, ഇരുപതു വയസ്സിലും അഞ്ചു വയസ്സിന്‍റെ ബുദ്ധി കാണിക്കുന്നവര്‍.. ഒന്നു രണ്ട് പേരെ കാണുമ്പോഴേക്കും ഇനി ആരേയും കാണേണ്ടെന്ന് തോന്നിപ്പിക്കുന്ന സങ്കടകരമായ തീവ്ര ദൈന്യം...
                                      


തുടര്‍ച്ചയായി മൂന്നാലു ആണ്‍കുട്ടികളെ ദുരിതബാധിതരായി കണ്ടു കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതം ബാധിക്കില്ലെന്ന ഒരു തീയറി രൂപപ്പെട്ടു വരുന്നത് ഞാന്‍ അല്‍ഭുതത്തോടെയാണ് കേട്ടു നിന്നത്. ആണ്‍കുഞ്ഞുങ്ങളെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും അപ്പോള്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ ദുരിതബാധിതരായ പെണ്‍കുട്ടികളുടെ എണ്ണം സമരസമിതിക്ക് അറിയാമായിരുന്നു. മാത്രമല്ല, തുടര്‍ച്ചയായി രണ്ടു കുഞ്ഞുങ്ങള്‍ ദുരിതബാധിതരാകുമ്പോള്‍ ജീവിതം മടുത്ത് ആ കുഞ്ഞുങ്ങളേയും അവരുടെ അമ്മയേയും ഉപേക്ഷിച്ചു പോകുന്ന അച്ഛന്മാരെപ്പറ്റിയും എന്നാല്‍ ദുരിതബാധിതരായ മക്കളേയും അച്ഛനേയും ഉപേക്ഷിച്ച് പോകാത്ത, ജീവിതം മടുക്കാത്ത അമ്മമാരെപ്പറ്റിയും അപ്പോള്‍ കേള്‍ക്കാനിടയായി.

പതിനൊന്നു ഗ്രാമങ്ങളിലായി ഏകദേശം അയ്യായിരം പേരെ സര്‍ക്കാര്‍ ദുരന്ത ബാധിതരായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനിയും അത്രയും പേര്‍ തിരിച്ചറിയപ്പെടാനുണ്ടെന്ന് സമര സമിതിയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ലഭ്യമാകുന്ന ചെറിയ ചില ആശുപത്രി സഹായങ്ങളെക്കുറിച്ച് സന്തോഷത്തോടെയാണ് ആ പാവപ്പെട്ട ദുരിതബാധിതര്‍ സംസാരിച്ചത്. ഇത്രയുമൊക്കെ സഹായം ലഭ്യമാകുന്നുവല്ലോ എന്ന മട്ടില്‍.. പാവം.. മനുഷ്യര്‍. ഈ അല്‍പ സഹായവുമില്ലാതെ വന്നാല്‍ അനുഭവിക്കുന്ന കൊടും ദൈന്യത്തെ നേരിടുന്നതെങ്ങനെയെന്ന് അവര്‍ നൊമ്പരപ്പെടുന്നുണ്ട്. ആധിയില്‍ വേവുന്നുണ്ട്. എന്നാല്‍ ഈ പാവപ്പെട്ട മനുഷ്യര്‍ക്കായി അനുവദിക്കപ്പെട്ട ചില്ലറ ധനസഹായം പോലും സമയത്തിനും കൃത്യമായും ലഭ്യമാവാറില്ലെന്ന് സമര സമിതിക്ക് അറിയാം.

അതത് ഗ്രാമപഞ്ചായത്തുകളും അതത് വാര്‍ഡുകളിലെ രാഷ്ട്രീയ പാര്‍ട്ടികളും ഒത്തൊരുമിച്ച് ഈ ഗതികെട്ട മനുഷ്യര്‍ക്ക് വേണ്ടി പ്രയത്നിക്കാന്‍ തീരുമാനിച്ചാല്‍.. ഇവരുടെ പുനരധിവാസമെന്നത് വളരെ വേഗം, എത്രയോ കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനാവശ്യമായ രാഷ്ട്രീയ ഇച്ഛാശക്തി എവിടെയുമില്ല...

അധികാരത്തിന്‍റെ അത്യാഗ്രഹവും അനുതാപക്കുറവും തെറ്റു തിരുത്താനുള്ള മനസ്സില്ലായ്മയും എല്ലാറ്റിലും ഉപരിയായ ധാര്‍ഷ്ട്യവും പച്ചപുതച്ച, കിളികള്‍ പാടുന്ന ഈ നാട്ടില്‍ നിസ്സഹായര്‍ക്ക് ദുരിതം ദുരിതമെന്ന് നിലവിളിക്കുന്നു.. 1976 ലെ ഒരു ദുരിതമുഹൂര്‍ത്തത്തില്‍, എന്‍ഡോ സള്‍ഫാന്‍ തുള്ളികള്‍ അവരെ ദ്രവിപ്പിക്കാന്‍ തുടങ്ങിയതു മുതല്‍... എത്രയോ സ്വാതന്ത്ര്യ ദിനങ്ങള്‍ കടന്നു പോയി ...എങ്കിലും ഈ സഹോദരങ്ങളുടെ വേദനകളില്‍ നിന്ന് ഇപ്പോഴും അവര്‍ക്ക് മോചനമുണ്ടായിട്ടില്ല.....

No comments: