ചോദിക്കാതെ കിട്ടുമ്പോഴാണ് ഉമ്മകള്‍ സന്തോഷം പകരുക. അത്തരം ഉമ്മകള്‍ സുലഭമായി തന്നിട്ടുള്ളവര്‍ അമ്മയും അമ്മീമ്മയും ഞാന്‍ പ്രസവിച്ച കുഞ്ഞുമാണ്..
അച്ഛനു വല്ലാത്ത മടിയായിരുന്നു. ചേര്‍ത്തു പിടിയ്ക്കാനും ഉമ്മ തരാനുമൊക്കെ.. വളരെ കൃത്യമായ ഒരു അകലം അദ്ദേഹം എന്നും പാലിച്ചിരുന്നു. മടിയില്‍ കയറി ഇരിക്കാന്‍ നോക്കുമ്പോഴൊക്കെ ഷര്‍ട്ടില്‍ ചുളിവ് വീഴുമെന്ന് അദ്ദേഹം ഞങ്ങളെ അകറ്റിയിരുന്നു. പിന്നെപ്പിന്നെ ഞങ്ങള്‍ അങ്ങനെ ചെയ്യാതായി.
ഞാനച്ഛനെ അവസാനമായി ഉമ്മ വെച്ചത് പതിനഞ്ചു വയസ്സുള്ളപ്പോഴാണ്. അക്കാലം അച്ഛന്‍ താടി വളര്‍ത്തിയിരുന്നു. ആ മുഖം എനിക്ക് തീരെ അപരിചിതമെന്ന് തോന്നി. അപ്പോഴാണ് താടി വെച്ചതുപോലെ ഒരു സുപ്രഭാതത്തില്‍ അച്ഛന്‍ താടി എടുത്തു കളഞ്ഞത്. അങ്ങനെ അച്ഛനെ കണ്ട സന്തോഷത്തില്‍ ഞാന്‍ പോലുമറിയാതെ അത്ര പൊടുന്നനെയായിരുന്നു എന്റെ ഉമ്മ സംഭവിച്ചു പോയത്. അച്ഛനത് ഇഷ്ടപ്പെട്ടില്ലെന്ന് എനിക്ക് മനസ്സിലായി. പിന്നീടൊരിക്കലും ഞാന്‍ അതിനു മുതിര്‍ന്നില്ല.
ഈ ജീവിതത്തില്‍ എനിക്ക് കുറെ ഉമ്മകള്‍ കിട്ടിയിട്ടുണ്ട്..അടിച്ചേല്‍പ്പിക്കപ്പെട്ട , എത്ര മറക്കാന്‍ കൊതിച്ചാലും പേടിസ്സ്വപ്നമായ ഓര്‍മ്മയായി അതികഠിനമായ നൊമ്പരവും അറപ്പിക്കുന്ന വഴുവഴുപ്പും മാത്രം തരുന്ന, എന്റെ അരുണാധരങ്ങളെ തീവെച്ചു പൊള്ളിച്ച ഉമ്മകള്‍ അല്ല തീക്കൊള്ളികള്‍.
പിന്നെ നിസ്സഹായതയുടെ പരകോടിയില്‍ ഞാന്‍ ചോദിച്ചു വാങ്ങിയ ഉമ്മകള്‍... ഉമ്മ ഇരക്കുന്നവള്‍ക്ക് കൊടുക്കാതെങ്ങനെ എന്ന മട്ടില്‍ അല്ലെങ്കില്‍ ഒരു ഔദാര്യം എന്ന മട്ടില്‍ പൂര്‍ണമനസ്സോടെയല്ലാതെ എനിക്കു ചാര്‍ത്തിക്കിട്ടിയ ഉമ്മകള്‍.. പിന്നീട് നിശിതമായി എണ്ണിയെണ്ണി കണക്ക് പറയപ്പെട്ട ഉമ്മകള്‍ ...അങ്ങനെയൊക്കെയാണെങ്കിലും ഞാനവയെ എല്ലാം ഓര്‍മ്മയുടെ മനോഹരതീരത്തേക്ക് തന്നെ മാറ്റി വെച്ചു..
ബോധമില്ലാതെ കിടക്കുന്ന 'എന്റെ അമ്മയ്ക്ക് ഒരുമ്മയെങ്കിലും കൊടുക്കൂ' എന്ന് ഏറ്റവും അടുത്തവരെന്ന് ഞാന്‍ കരുതുന്നവരോട് പറയേണ്ടി വരുന്നതിലും ആ ഉമ്മയേയും ഒരു ഭാഗ്യമായി മാത്രം കാണേണ്ടി വരുന്നതിലും എനിക്കിപ്പോള്‍ ഒതുക്കാന്‍ കഴിയാത്ത സങ്കടമുണ്ട്.
മറ്റു പലര്‍ക്കും തികച്ചും സാധാരണമായതെല്ലാം,
ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ഭാഗ്യവും യോഗവും ഒക്കെയായി തോന്നുമെന്ന് എനിക്ക് ആദ്യമായി ചൂണ്ടിക്കാട്ടിത്തന്നത് ആരാണെന്ന് ഓര്‍ക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ ... എത്ര ശ്രമിച്ചിട്ടും എനിക്കത് തെളിഞ്ഞു കിട്ടുന്നില്ല.
ആരായിരുന്നു അത്?
ആവോ...
No comments:
Post a Comment