ഒരു ചെടിയെപ്പറ്റിയുള്ള ആദ്യത്തെ ഓര്‍മ്മ, ജയില്‍ ഡോക്ടറുടെ ക്വാര്‍ട്ടേഴ്സിലെ അഴിയിട്ട വരാന്തയില്‍ പടര്‍ന്നു കയറിയിരുന്ന കര്‍ട്ടന്‍ പ്ലാന്‍റിന്‍റേതാണ്. അതിന്‍റെ ഇല ചുരുട്ടി വെറ്റിലയാണെന്ന് സങ്കല്‍പിച്ച് വായിലിട്ടു ചവയ്ക്കുമായിരുന്നു. കയ്പും ചവര്‍പ്പും പടരുമ്പോള്‍ പച്ചനിറമുള്ള തുപ്പല്‍ ആഹ്ലാദത്തോടെ മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പുവാന്‍ ശ്രമിക്കും. ഉറപ്പായും അത് ഇട്ടിരിക്കുന്ന ഉടുപ്പിലോ ഡൈമണ്ട് കട്ടിംഗുള്ള മരയഴികളിലോ മാത്രമേ പതിച്ചിരുന്നുള്ളൂ.
സായിപ്പ് പണിത ആ വീട്ടില്‍ വലിയൊരു പൂന്തോട്ടവും അതിലും വലിയൊരു അടുക്കളത്തോട്ടവും ഉണ്ടായിരുന്നു. ഇളം കാറ്റില്‍ സുഖദമായ സൌരഭ്യമുയര്‍ത്തുന്ന ഒരു പിച്ചകപ്പൂപ്പന്തലും വിവിധനിറങ്ങളിലും തരത്തിലുമുള്ള ഒരുപാട് റോസാപ്പൂക്കളും മത്തു പിടിപ്പിക്കുന്ന മണമുള്ള പാരിജാതവും ആ പൂന്തോട്ടത്തിന്‍റെ അഭിമാനമായിരുന്നു. പിന്നെ ഡക്കോമ, മഞ്ഞയും ഓറഞ്ചും നിറത്തില്‍ കോളാമ്പിപ്പൂക്കള്‍, പവിഴമല്ലി, മഞ്ഞയും ചുവപ്പും റോസും നിറമുള്ള നാട്ടുമല്ലിപ്പൂക്കള്‍, വയലറ്റും വെള്ളയും മഞ്ഞയുമായ നാടന്‍ കനകാംബരങ്ങള്‍, മഞ്ഞയും ഓറഞ്ചുമായ തമിഴ് കനകാംബരങ്ങള്‍, അനവധി മുല്ലത്തരങ്ങള്‍, നന്ത്യാര്‍ വട്ടങ്ങള്‍, അനേക വര്‍ണങ്ങളിലുള്ള ചെമ്പരത്തികള്‍, പിന്നെ ലില്ലിപ്പൂക്കള്‍, ഓര്‍ക്കിഡുകള്‍, മേഫ്ലവര്‍.. പടര്‍ന്നു പന്തലിച്ച വലിയൊരു പൂന്തോട്ടം..
ആ വീട്ടിലായിരുന്നു എന്‍റെ ശൈശവം ,
കൊഴുത്തു പച്ചച്ച വാഴകളും കടുമ്പച്ച കുട പിടിക്കുന്ന ചേനയും വെള്ളത്തുള്ളികള്‍ മനോഹരമായി ഉരുണ്ട് വീഴുന്ന ചേമ്പിലകളും , നീണ്ടു നീണ്ടു പോകുന്ന പയറുവള്ളികളും കൌതുകം പകര്‍ന്നൊരു കാലമായിരുന്നു അത്. ചുകന്ന ചീരയിലകള്‍ ചുമ്മാ കൈയിലിട്ടു തിരുമ്മി മണപ്പിക്കാറുണ്ടായിരുന്നു. ആ മണം ഇപ്പോഴും ഓര്‍മ്മയിലൂണ്ട്. ഇളം വെണ്ടക്കായ് കള്‍ ആരും കാണാതെ പറിച്ച് വായിലിട്ട് ചവയ്ക്കുകയും ചിലപ്പോഴൊക്കെ തുപ്പിക്കളയുകയും ചെയ്തിരുന്നു. വഴുതനങ്ങ വയലറ്റു നിറത്തിലും പച്ച നിറത്തിലും പച്ചനിറത്തിലെ ഡിസൈനുകളോടെയും ചിലപ്പോള്‍ വെളുത്തുമൊക്കെ ജനിക്കുന്നത്, അതിനു തോന്നും പോലെ ഉരുണ്ടും നീണ്ടുമൊക്കെ ഇരിക്കുന്നത് .... അത് എത്ര ശ്രമിച്ചിട്ടും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അത് വഴുതനങ്ങ തന്നെയാണെന്ന് ഉറപ്പിച്ചു പറയുന്ന അമ്മയ്ക്ക് അച്ഛനെപ്പോഴും ചൂണ്ടിക്കാട്ടാറുള്ളതുപോലെ യാതൊരു വിവരവുമില്ലെന്നും ഞാന്‍ കരുതിയിരുന്നു.
അമ്മയ്ക്കൊപ്പമോ വീട്ടുസഹായികള്‍ക്കൊപ്പമോ ചെറീയ ഒരു വട്ടിയും പിടിച്ച് , പച്ചക്കറികള്‍ പറിക്കാനായി പ്രഭാതങ്ങളില്‍ കുഞ്ഞുകാലടികള്‍ പെറുക്കിവെച്ച് ആ അടുക്കളത്തോട്ടത്തില്‍ ഞാന്‍ നടന്നിരുന്നു. ഒരു ഷൂസു പോലെ ചുവന്ന മണ്ണ് അപ്പോള്‍ കാലുകളില്‍ പറ്റിപ്പിടിക്കുമായിരുന്നു. ചാറ്റല്‍ മഴത്തുള്ളികള്‍ ഏല്‍പിക്കുന്ന തണുപ്പും പുലര്‍വേളകളിലെ പല താളങ്ങളില്‍ വീശുന്ന കാറ്റ് പകരുന്ന സുഖവും ഞാനറിഞ്ഞു തുടങ്ങിയത് അവിടെ വെച്ചാണ്.
പിന്നീട് അമ്മീമ്മയുടെ വീട്ടില്‍ ഗോവിന്നന്‍റെയും രാവുണ്ണിയുടെയും കൊത്തും കിളയുമേറ്റ് പതം വന്ന മണ്ണില്‍ വിത്തുകള്‍ മറഞ്ഞു പോകുന്നതും അവയില്‍ നിന്ന് മുളകള്‍ പൊട്ടുന്നതും തികഞ്ഞ അല്‍ഭുതത്തോടെ ഞാനും അനിയത്തിയും കണ്ടു നില്‍ക്കാറുണ്ടായിരുന്നു.
പുല്ലുകളോടും ചെടികളോടും മരങ്ങളോടും സ്വന്തം ബന്ധുക്കളോടെന്ന പോലെ ഒരു സ്നേഹവും അടുപ്പവും അമ്മീമ്മ കാണിച്ചു. ഇവയെല്ലാം സംസാരിക്കുമെന്നും നമ്മുടെ വിശേഷങ്ങള്‍ തിരക്കുമെന്നും അതുകൊണ്ട് ഞങ്ങളും വിശ്വസിച്ചു. പുതിയ ഉടുപ്പുകള്‍ അണിഞ്ഞ് ഭംഗിയില്ലേ എന്ന് ചെടികളോടു ചോദിക്കുന്നതും തിന്ന മധുരപലഹാരങ്ങളെപ്പറ്റിയും എരിവുള്ള ചമ്മന്തിയെ പ്പറ്റിയുമൊക്കെ സംസാരിക്കുന്നതും ഞങ്ങള്‍ കുട്ടികളുടെ പതിവായിരുന്നു. ജെ സി ബോസ് എന്ന ശാസ്ത്രജ്ഞന്‍ സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്ന് തെളിയിച്ച പരീക്ഷണത്തെപ്പറ്റി വായിച്ചപ്പോള്‍ എനിക്ക് വലിയ അല്‍ഭുതമൊന്നും ഉണ്ടായില്ല. എനിക്ക് കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അറിവുള്ള വിശ്വാസമുള്ള ഒരു കാര്യം.... ഇത്ര ബുദ്ധിമുട്ടി തെളിയിക്കാന്‍ മാത്രം എന്താണതിലുള്ളതെന്നും ആര്‍ക്കാണ് അതറിയാത്തതെന്നുമായിരുന്നു എനിക്കപ്പോള്‍ തോന്നിയത്.
നാല്‍പതോളം തെങ്ങും തൈകള്‍ ഉണ്ടായിരുന്നു ആ അരയേക്കര്‍ പറമ്പില്‍. അമ്മീമ്മ രാവിലെ ഉണര്‍ന്ന് , വെള്ളം കോരി കുടങ്ങളില്‍ നിറച്ച് തെങ്ങും തടങ്ങളില്‍ വെച്ചിരുന്നു. കുടത്തില്‍ ഒരു ദ്വാരവും അതില്‍ തിരുകിക്കയറ്റിയ തുണിത്തിരിയും കാണും. ഡ്രിപ് ഇറിഗേഷന്‍ എന്ന ആ പരിപാടിയെപ്പറ്റി നന്നെ മുതിര്‍ന്നതിനു ശേഷം ചില അതിഘോര പരിസ്ഥിതിവാദികള്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അവരാണ് ആ വിദ്യ ആദ്യമായി കണ്ടു പിടിച്ചതെന്ന മട്ടില്‍.... ഇഞ്ചിയും മഞ്ഞളും ക്യാരറ്റിനെപ്പോലെ ഭൂമിക്കടിയിലാണോ ഉണ്ടാവുന്നതെന്ന് അല്‍ഭുതം കൊള്ളുകയും കൂടിയായിരുന്നു അവരപ്പോള്‍.
വീട്ടു പറമ്പില്‍ അഞ്ചാറു തേക്കു മരങ്ങളുണ്ടായിരുന്നു. വീട്ടില്‍ തേക്ക് വളര്‍ത്തിയാല്‍ ഗവണ്മെന്‍റ് കണ്ടുകെട്ടുമെന്ന് ഭയപ്പെടുത്തിയതുകൊണ്ടാണ് അമ്മീമ്മ അത് മുറിപ്പിച്ചത്. ആരാണങ്ങനെ അമ്മീമ്മയെ പേടിപ്പിച്ചതെന്ന് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നില്ല. അമ്മീമ്മയുടെ ഏകാന്തമായ ജീവിതത്തെ ഇത്തരത്തില്‍ പലരും ചൂഷണം ചെയ്തിട്ടുണ്ട്.. തീരെച്ചെറുതും ചിലപ്പോള്‍ അല്‍പം വലുതുമായ കാര്യങ്ങള്‍ക്ക്.
രാസവളങ്ങളോട് അമ്മീമ്മയ്ക്ക് ആദ്യം മുതലേ വലിയ വിപ്രതിപത്തി ആയിരുന്നു. 'അത്ക്ക് ഒരു നാറ്റമിരുക്കെന്നോ, അന്ത പാക്കറ്റ് തൊറന്താലേ കൊമട്ടറതെന്നോ' അറപ്പ് പ്രകടിപ്പിച്ച് അമ്മിമ്മ അത് സദാ ഒഴിവാക്കിപ്പോന്നു. നേര്‍പ്പിച്ച ഗോമൂത്രം, ചാണകം, ശീമക്കൊന്നയുടേയും കമ്യൂണിസ്റ്റ് പച്ചയുടേയും മറ്റും ഇലകള്‍, ഉപ്പ്, കുമ്മായം, കടലപ്പിണ്ണാക്ക് ഇതില്‍ക്കവിഞ്ഞ് ഒരു വളവും അമ്മീമ്മയുടെ അരയേക്കര്‍ പറമ്പില്‍ ഉപയോഗിക്കപ്പെട്ടിരുന്നില്ല.
വീട്ടില്‍ ചില സ്പെഷ്യല്‍ പച്ചക്കറികള്‍ വില്‍ക്കാന്‍ വരുമായിരുന്ന ഔസേപ്പും രാസവളങ്ങള്‍ക്ക് എതിരായിരുന്നു. ഉരുളക്കിഴങ്ങ്, കടച്ചക്ക, കൂര്‍ക്ക, സ്വര്‍ണവര്‍ണമുള്ള മത്തങ്ങ, പിന്നെ നരച്ച കുമ്പളങ്ങ ഇതൊക്കെയായിരുന്നു ഔസേപ്പിന്‍റെ സ്പെഷ്യല്‍ പച്ചക്കറികള്‍. അയാള്‍ പത്തു രൂപ പറഞ്ഞാല്‍ അമ്മീമ്മ അഞ്ചു രൂപ പറയും. പിന്നെ അവര്‍ തമ്മില്‍ തല്ലു കൂടും.
നല്ലോരു തറവാട്ടീപ്പിറന്ന നിങ്ങളു പിച്ചത്തരം പറയരുത് ' ഔസേപ്പ് ചൂടാകും.
അമ്മീമ്മ വിടുമോ?
'ഞാനൊരു പാവം സ്കൂള്‍ ടീച്ചറാ.. എണ്ണിച്ചുട്ട അപ്പം പോലെയുള്ള ശമ്പളാ എനിക്ക് കിട്ടണത്. നിന്‍റെ സ്വര്‍ണക്കുമ്പളങ്ങേം വെള്ളിക്കൂര്‍ക്കയുമൊന്നും വാങ്ങാന്‍ എന്‍റെ കൈയില് കാശില്ല.'
'എറച്ചീം മീനും ഒന്നും കഴിക്കാത്ത ഈ കുട്ട്യോളു പരോശായി വരാ..ങ്ങള് ഇതൊക്കെ എടുത്ത് കൊറച്ച് കാശ് തരോ...ന്നട്ട് ആ കുട്ട്യോള്‍ക്ക് വല്ലതും വച്ച് കൊടുക്കോ.. ഞാന്‍ നടക്കട്ടെ' എന്നാവും ഔസേപ്പ്.
അങ്ങനെ ഒത്തിരി വാഗ്വാദങ്ങള്‍ക്കും ഗേറ്റ് വരെയുള്ള പിണങ്ങിപ്പോകലുകള്‍ക്കും 'ദ്ദി..ദ്ദി.. ഞാന്‍ വല്ല ചീത്തേം വിളിച്ചു പറേം' എന്നൊക്കെയുള്ള ഭയങ്കര ഭീഷണികള്‍ക്കും ഒടുവില്‍ എരിശ്ശേരിയുണ്ടാക്കാനുള്ള മത്തങ്ങയും ഓലനും മുളകുഷ്യവും വെയ്ക്കാനുള്ള നരച്ച കുമ്പളങ്ങയും നാലുമണിക്കാപ്പിക്കൊപ്പം വെളിച്ചെണ്ണയില്‍ വറുത്തു ഉപ്പേരിയാക്കാനുള്ള കടച്ചക്കയും ഒക്കെ ഔസേപ്പ് വരാന്തയില്‍ നിരത്തി വെയ്ക്കും. പിന്നെ പറയും. 'ലേശം ചായ തരോ.. ആ മണ്ട പൊളിയണ വെയിലത്ത് നടന്ന് വന്നതാ.. എന്താ ഒരു വെയില് '
അമ്മീമ്മ ചായ കൊടുക്കും. ചായ കുടിച്ച് , വിയര്‍ത്തു നനഞ്ഞ തലയും തുടച്ച് അമ്മീമ്മ കൊടുക്കുന്ന കാശും മേടിച്ച് 'എന്‍റീശോയേ' എന്ന് വിളിച്ച് ഔസേപ്പ് പതുക്കെ നടന്നു പോകും. അടുത്ത വീടുകളിലേക്ക്..
ഈ ഓര്‍മ്മകളൊക്കെ തലച്ചോറിലെ ആഴങ്ങളില്‍ ഉള്ളതുകൊണ്ടാവണം ദില്ലിയിലെ ഓഫീസ് ക്യാമ്പസ്സിലും ഗുരുഗ്രാമത്തിലെ ചില വഴിയോരങ്ങളിലും രാസവളങ്ങളൊന്നുമില്ലാതെ ഞാന്‍ വെറും നാടന്‍ ചെടികള്‍ നട്ടുപിടിപ്പിച്ചത്.. ആ മരത്തണലുകളില്‍ വിശ്രമിക്കുന്ന തേപ്പുകാരനും പൂക്കള്‍ പറിച്ച് ദൈവങ്ങള്‍ക്ക് ചാര്‍ത്തുന്ന വീട്ടമ്മമ്മാരും എനിക്കു പുണ്യം കിട്ടുമെന്ന് ഇത്തവണയും എന്നോട് പറഞ്ഞത്...
ഈ ജീവിതത്തില്‍ എനിക്ക് കിട്ടിയതെല്ലാം പുണ്യമെന്ന് ഞാന്‍ അവരോട് മന്ദഹസിച്ചതും എന്നിലെ ആ നാട്ടുപച്ചപ്പിന്‍റെ ബലം കൊണ്ടുതന്നെയാവണം …
No comments:
Post a Comment