Monday, July 2, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....6

https://www.facebook.com/echmu.kutty/posts/564229163756382?pnref=story

നോവല്‍ 6

അവളുടെ ഭര്‍ത്താവിനു കലി കയറുകയായിരുന്നു.

ഇങ്ങനെയുണ്ടോ ഒരു തള്ള ! കുഞ്ഞിനെ മുല കുടിപ്പിക്കാന്‍ അറിയാത്ത ഒരു ജന്തു .

അയാളും കണ്ടിട്ടുണ്ട് , പെറ്റെണീറ്റ് നാലാം ദിവസം ഒക്കത്ത് കൊച്ചിനേം എടുത്ത് മുലക്കണ്ണ് അതിന്റെ വായില്‍ തിരുകി ചുറുചുറുക്കോടെ വീട്ടുപണികള്‍ ചെയ്യുന്ന പെണ്ണുങ്ങളെ.

അയാള്‍ പല്ലു ഞെരിച്ചുകൊണ്ട് പ്രാകി.

' പണ്ടാരം, നിനക്കെന്തിനാണ് ഈ കറുത്ത് തടിച്ച മുലകള്‍ ? അത് പറിച്ചു കളയ്. കൂടെ ജോലി ചെയ്യുന്ന ആണുങ്ങളെ വശീകരിക്കാനാണോ അത് ഇങ്ങനെ വീര്‍പ്പിച്ചു വെച്ചിരിക്കുന്നത്?'

അവളുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി.

മകന്റെ വായില്‍ ആ ഉപ്പുനീര്‍ വീണു.

മുലയില്‍ കുറച്ച് പാലുണ്ട്. പക്ഷെ, അവനു മതിയാകുന്നില്ല, അവന്‍ അടഞ്ഞ ശബ്ദത്തില്‍ ചിണുങ്ങിക്കരയുന്നു.

അയല്‍പ്പക്കത്തു താമസിച്ചിരുന്ന വൃദ്ധയായ ഒരു അമ്മൂമ്മയും അവളുടെ വീട്ടു വേലക്കാരിയും കുഞ്ഞിന്റെ പീഡിയാട്രീഷനും അവളെ സഹായിച്ചു.

അവള്‍ രണ്ട് ദിവസം പീഡിയാട്രിഷന്റെ ക്ലിനിക്കില്‍ പോയി അഡ്മിറ്റായി. അങ്ങനെ പാല്‍ കൊടുക്കാന്‍ പഠിച്ചു. മകനെ വേണ്ട രീതിയില്‍ മാറോട് ചേര്‍ത്ത് പിടിയ്ക്കുന്നതെങ്ങനെയെന്നും അവന്റെ ചോരിവായില്‍ മുലക്കണ്ണ് ആവശ്യമുള്ളത്രയും കടത്തിവെയ്കുന്നതെങ്ങനെയെന്നും അവള്‍ ശരിയായി മനസ്സിലാക്കി.

ഡോക്ടര്‍ അവളെ അഭിനന്ദിച്ചു. തന്നെയുമല്ല മുല കുടിപ്പിക്കാന്‍ പ്രയാസമനുഭവിച്ച് അവരെ സമീപിക്കുന്ന പല സ്ത്രീകളേയും അവര്‍ അവളുടേ അടുത്തേയ്ക്ക് പറഞ്ഞു വിട്ടു. അവള്‍ അവര്‍ക്കെല്ലാം ഫീഡിംഗ് ടീച്ചറായി.

വയറു നിറയെ മുലപ്പാല്‍ കിട്ടുവാന്‍ തുടങ്ങിയപ്പോള്‍ മകന്‍ മിടുക്കനായി , കരച്ചില്‍ നിറുത്തി. മെല്ലെ മെല്ലെ അവന്‍ അവളുടെ ആത്മാവിന്റെയും മനസ്സിന്റെയും ശരീരത്തിന്റെയും ആനന്ദമായി മാറി.

എങ്കിലും അവള്‍ക്ക് പ്രസവാവധി നല്‍കാന്‍ കമ്പനി തയാറായില്ല. നാലുമാസം ശമ്പളമില്ലാത്ത അവധി എടുക്കേണ്ടി വന്നു . ജോലി നഷ്ടപ്പെടാതിരുന്നത് ഭാഗ്യമെന്നായിരുന്നു അവളുടെ അന്നേരത്തെ വിചാരം.

അതുകഴിഞ്ഞ് ജോലിക്ക് പോവാന്‍ തുടങ്ങിയപ്പോഴാണ് കുഞ്ഞിനു മുലയൂട്ടാനായി ഉച്ചനേരത്ത് വീട്ടിലേക്ക് വരാന്‍ എന്തു മാര്‍ഗമെന്ന് അവള്‍ ചുഴിഞ്ഞാലോചിച്ചത്. സ്വന്തം പേരില്‍ കടമടയ്ക്കുന്ന കാറുണ്ടെങ്കിലും അത് ഭര്‍ത്താവിന്റെ പക്കലായിരുന്നുവല്ലോ. അവള്‍ക്ക് വണ്ടി ഓടിയ്ക്കാന്‍ അറിയുകയും ഇല്ല.

ഓഫീസിന്റെ മെയിന്‍ ഗേറ്റ് കടന്ന് റോഡിലൂടെ നടക്കുകയാണെങ്കില്‍ കുറഞ്ഞത് രണ്ട് കിലോ മീറ്ററെങ്കിലും നടന്നാലേ അവള്‍ക്ക് ഫ്‌ലാറ്റിലെത്താന്‍ പറ്റൂ. എന്നാല്‍ സൈറ്റിനകത്ത് കൂടി നടന്നാല്‍ പ്രധാന മതിലിനോട് ചേര്‍ന്നായിരുന്നു അവളുടെ ഫ്‌ലാറ്റ് നിലകൊണ്ടിരുന്നത്.

അവള്‍ കെട്ടിടം പണിക്കാരെ സ്വാധീനിച്ച് മതിലിന്റെ ഇഷ്ടികകള്‍ ഇളക്കിവെപ്പിച്ചു. അതിനുള്ളിലൂടെ നുഴഞ്ഞിറങ്ങി അതിവേഗം ഫ്‌ലാറ്റിന്റെ മുമ്പിലെത്തി അവനു മുലകൊടുത്ത് അതേ പോലെ മതില്‍ നുഴഞ്ഞു കയറി സൈറ്റിലും ഓഫീസിലും മടങ്ങിച്ചെന്നു.

അവന്‍ മതിയാകും വരെ മുലപ്പാല്‍ കുടിച്ചു വളര്‍ന്നു.. നാലാണ്ടെത്തും വരെ...

പിന്നെ അവനു മുലകുടി മടുത്തു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മയുടെ മുലകളില്‍ മെല്ലെ കൈവെച്ചാലും അവനു ഉറക്കം വരാന്‍ തുടങ്ങി.. മുല കുടിക്കുന്നതിലെ സുരക്ഷിതത്വം അവനു അമ്മയുടെ മുലകളില്‍ ഒന്നു സ്പര്‍ശിച്ചാലും കിട്ടുമെന്നായി.

അവന്‍ ഒരു ആണ്‍കുട്ടിയായി വളരുകയായിരുന്നു.

( തുടരും )

No comments: