Tuesday, July 10, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....26

https://www.facebook.com/echmu.kutty/posts/586841948161770?pnref=story
നോവല്‍ 26
അയാളുടെ പേരിലുള്ള റ്റൊയോറ്റോ കാര്‍ ഓടിയ്ക്കാതെ അവളുടെ പേരിലുള്ള പഴയ മാരുതി ഓടിച്ചായിരുന്നു അയാള്‍ സ്റ്റേഷനില്‍ വന്നിരുന്നത്.

പെണ്‍ പൊലീസും ആണ്‍ പോലീസും അവളുടെ ഭര്‍ത്താവും ചേട്ടനും ചേട്ടത്തിയമ്മയും അവളും മകനും ചേട്ടന്റെ കൂട്ടുകാരനും അടങ്ങുന്ന വലിയ സംഘമാണ് രണ്ട പോലീസ് വണ്ടികളിലായി അവളുടെ ഫ്‌ലാറ്റിലെത്തിയത്. അവള്‍ സര്‍ട്ടിഫിക്കറ്റ് വെച്ചിരുന്ന ആഭരണങ്ങള്‍ വെച്ചിരുന്ന അലമാരിയുടെ താക്കോല്‍ കാണുന്നില്ലെന്ന് അയാള്‍ അവിടെ ചെന്നപ്പോള്‍ പോലീസുകാരെ അറിയിച്ചു. എന്നാല്‍ അലമാരി പൊളിയ്ക്കാമെന്ന് ആണ്‍ പോലീസുകാര്‍ തീരുമാനിച്ചു. അങ്ങനെ പുറത്തിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടി. എ ടി എം കാര്‍ഡും ചെക്കുബുക്കും കിട്ടി. അവളുടെ പ്രോപ്പര്‍ട്ടി പേപ്പറുകള്‍ എടുക്കാനോ സ്വര്‍ണം എടുക്കാനോ പോലീസ് സമ്മതിച്ചില്ല. അത് അലമാരിയുടെ അകത്തെ അറയിലായിരുന്നു. വസ്തുവകകള്‍, ആഭരണങ്ങള്‍ ഇതൊക്കെ സ്ത്രീ സ്വന്തമായി സമ്പാദിക്കുമെന്ന് എത്രയായാലും പോലീസുകാര്‍ക്ക് വിശ്വസം വരുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അലമാരിയുടെ അകത്തെ ഭാഗം പൊളിയ്ക്കാനോ അവളുടെ ലോക്കറിന്റെ ചാവി അയാളില്‍ നിന്ന് മേടിച്ചു കൊടുക്കാനോ അവര്‍ കൂട്ടാക്കിയില്ല. എത്ര സമ്പാദിക്കുന്നില്ല ജോലിയില്ല എന്നൊക്കെ പറഞ്ഞാലും ഒരു എന്‍ജിനീയര്‍ അങ്ങനെ നിഷ്‌ക്കാശനും അറുപിച്ചയുമാവില്ലല്ലോ. മാരുതി കാര്‍ അവളുടെ പേരിലായതുകൊണ്ട് അതെടുക്കാന്‍ പോലീസുകാര്‍ സമ്മതിച്ചു. ആഭരണങ്ങളും പ്രോപ്പര്‍ട്ടിയുടെ പേപ്പറുമൊന്നും കോടതിയുടെ അനുവാദമില്ലാതെ എടുത്തു കൂടെന്ന അഴകുഴമ്പന്‍ നിലപാടായിരുന്നു പോലീസിന്റേത്. മകന്‍ ബുക്കുകളും കുറച്ച് ഡ്രസ്സുകളും എടുത്തു. അവന്റെ മൊബൈല്‍ ഫോണ്‍ എടുക്കാനുമവന്‍ മറന്നില്ല. മകന്റെ പാസ്സ്‌പോര്‍ട്ട്, ബെര്‍ത് സര്‍ട്ടിഫിക്കറ്റ് അവയൊന്നും അയാള്‍ അവള്‍ക്ക് കൊടുത്തില്ല.

കിട്ടിയതാകട്ടെ എന്ന് അവള്‍ ഗസ്റ്റ് ഹൌസിലേക്ക് മടങ്ങി. അവള്‍ക്കായി വാശി പിടിച്ച് വാദിക്കാന്‍ അവളുടെ ചേട്ടന്‍ പോലുമുണ്ടായിരുന്നില്ല. ചേട്ടന്‍ അയാളോട് കുറച്ചു നാള്‍ ക്ഷമിക്കാനും അവളെ കൂടുതല്‍ വാശി പിടിപ്പിക്കാതെയിരിക്കാനും ആവശ്യപ്പെടുക മാത്രമേ ചെയ്തുള്ളൂ.
ജോലിക്കു കയറണമെന്നുള്ളതുകൊണ്ട് ഇന്ദു കൂടുതല്‍ സമയം കളയാതെ,അവളുടെ അച്ഛന്റെ കൂട്ടുകാരനൊപ്പം അദ്ദേഹത്തിന്റെ കാറില്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു, പോകും മുന്‍പ് അവള്‍ അമ്മായീ എന്ന് വിളിച്ച് കുറെ നേരം തേങ്ങിക്കരഞ്ഞു. അവള്‍ക്കും സങ്കടം വന്നുവെങ്കിലും മുതിര്‍ന്ന അമ്മായി എന്ന ന്നിലയില്‍ അവള്‍ അതു നിയന്ത്രിച്ചു നിറുത്തി.

ബോറടിക്കുന്നുവെന്ന് വാശി പിടിക്കുന്ന മകനെ അവനിഷ്ടപ്പെട്ട ആഹാരം വാങ്ങിക്കൊടുത്ത് ആഹ്ലാദിപ്പിച്ച് മറ്റൊരു കൂട്ടുകാരന്റെ വീട്ടില്‍ കളിയ്ക്കാന്‍ കൊണ്ടുവിട്ടിട്ട് അവര്‍ വീടുകള്‍ നോക്കാന്‍ പോയി.

അപ്പോഴാണ് അടുത്ത കുഴപ്പമുണ്ടായത്.

ആരും ഒറ്റയ്ക്ക് ഒരു സ്ത്രീയ്ക്ക് വീടു തരില്ല. ഒറ്റയ്ക്ക് പാര്‍ക്കുന്ന സ്ത്രീ പിഴച്ചവളായിരിക്കും. അവളെ കാണാന്‍ ആരൊക്കെ വരുമന്ന് പറയാന്‍ പറ്റില്ല. ചേട്ടത്തിയമ്മ ആ നിമിഷം പൊട്ടിത്തെറിച്ചു പോയി. 'മാസം ഇത്രയും വരുമാനമുള്ള ഒരു പെണ്ണിനു പിഴയ്‌ക്കേണ്ട കാര്യമെന്ത് 'എന്നായിരുന്നു അവരുടെ ചോദ്യം. 'എന്നാല്‍ വരുമാനം കൊണ്ട് മറ്റു കാര്യങ്ങള്‍ നടക്കില്ലെ'ന്ന് പറഞ്ഞ വീട്ടുടമസ്ഥനോട് 'തന്റെ വീടു വേണ്ട' എന്ന് പറയാനുള്ള തന്റേടം ചേട്ടത്തിയമ്മയ്ക്ക് മാത്രമേ ഉണ്ടായുള്ളൂ.

ഒരു ഡസനോളം വീടുകള്‍ നോക്കിയെങ്കിലും ഭര്‍ത്താവുമായി പിണക്കം, മകനും അമ്മയും ഒറ്റയ്ക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വീട്ടുടമസ്ഥര്‍ വാതില്‍ അടയ്ക്കുകയായിരുന്നു. അവളുടെ ഉദ്യോഗമോ നരച്ചു തുടങ്ങിയ തലമുടിയോ നാല്‍പത്തേഴു വയസ്സോ ഒന്നും വീടു കിട്ടുന്നതില്‍ പ്രയോജനം ചെയ്തില്ല.

ഒടുവില്‍ മകന്‍ കൂടെ ഉള്ളതുകൊണ്ട് തരാമെന്ന് ഒരു വീട്ടുടമസ്ഥന്‍ മാത്രം സമ്മതിച്ചു. മകളാണ് കൂടെ ഉള്ളതെങ്കില്‍ തരികയില്ലെന്നും അയാള്‍ പറഞ്ഞു. പോലീസ് വരിക, മറ്റ് പ്രയാസങ്ങള്‍ ഉണ്ടാവുക, വീട്ടില്‍ വഴക്കും കൈയേറ്റവും ഉണ്ടാവുക ഇതൊന്നും പാടില്ലെന്നും അയാള്‍ താക്കീതു നല്‍കി.

ഗസ്റ്റ് ഹൌസില്‍ നിന്നും ഏറ്റവും പെട്ടെന്ന് മാറണമല്ലോ എന്ന് കരുതി ആ വീട് അവള്‍ വാടകയ്ക്ക് എടുത്തു. ധാരാളം പാര്‍ക്കുകളും മരങ്ങളും പൂക്കളും കിളികളും ആയി എല്ലാ സൌകര്യങ്ങളുമുള്ള ഒരു കോളനിയായിരുന്നു അത്. നഗരത്തിന്റെ വളരെ അടുത്ത്, മകന്റെ സ്‌കൂളിനു സമീപം. ... വീട്ടില്‍ താമസിക്കണമെങ്കില്‍ റെസിഡന്റ്‌സ് വെല്‍ഫയര്‍ അസ്സോസിയേഷന്റെ എന്‍ ഓ സി കിട്ടിയേ തീരു. അവരും ഭര്‍ത്താവ് വേണമെന്ന് നിര്‍ബന്ധം പിടിക്കുമെങ്കിലും അവള്‍ വലിയൊരു ഉദ്യോഗസ്ഥയാണെന്നറിഞ്ഞും മകന്‍ കൂടെ ഉണ്ടെന്നറിഞ്ഞും വീട്ടുടമസ്ഥനു സമ്മതമാണെന്നറിഞ്ഞും എതിര്‍പ്പ് പ്രകടിപ്പിക്കുകയില്ലെന്ന് പ്രോപ്പര്‍ട്ടി ഡീലര്‍ സമാധാനം പ്രകടിപ്പിച്ചു.

മൊബൈല്‍ ഫോണ്‍ മകന്റെ കൈയില്‍ വന്നതുകൊണ്ട് അയാള്‍ ഇടയ്ക്കിടെ അവനെ വിളിച്ച് എവിടെയാണെന്ന് എന്താണെന്ന് തിരക്കുന്നുണ്ടായിരുന്നു. അവന്‍ കൂട്ടുകാരന്റെ വീട്ടില്‍ കളിക്കുകയാണെന്നറിഞ്ഞപ്പോള്‍ അമ്മയെ ശ്രദ്ധിക്കണമെന്ന് അയാള്‍ അവനെ ഓര്‍മ്മിപ്പിച്ചു.

പിറ്റേന്ന് ആ വീട് കാണാനും ആ കോളനിയില്‍ പാര്‍ക്കുന്ന അവന്റെ കൂട്ടുകാരന്റെ വീട്ടില്‍ പോകാനും ഇറങ്ങിയപ്പോഴൊന്നും അവനു ഒരു പ്രയാസവുമുണ്ടായിരുന്നില്ല.അവന്‍ സന്തോഷവാനായി അമ്മാവന്‍ ഓടിയ്ക്കുന്ന അമ്മയുടെ കാറില്‍ അമ്മയ്‌ക്കൊപ്പം ഇരുന്നു. അമ്മായിയോടും അമ്മയോടും ധാരാളം സംസാരിക്കുകയും ചെയ്തു.

ഒഴിഞ്ഞ മുറികളുള്ള വീട് കണ്ടപ്പോള്‍ മോന്റെ കണ്ണിലെ വിളക്ക് കെട്ടു. അവന് ആ വീട് ഇഷ്ടമായില്ല. അമ്മയുടെ കൈയില്‍ പണമില്ലെന്ന് പറഞ്ഞത് അവനോര്‍മ്മിച്ചു. അതെല്ലാം അമ്മാവനും ചെറിയമ്മയും കൂടി തട്ടിയെടുക്കുന്നുണ്ടെന്ന് അച്ഛന്‍ പറയാറുള്ളത് അവന്‍ മറന്നിരുന്നില്ല. ഈ വീട്ടില്‍ വെറും നിലത്ത് അവന്‍ എങ്ങനെ ഉറങ്ങും. അടുക്കളയില്‍ ഒരു പാത്രം ഇല്ല. കട്ടിലോ കിടക്കയോ കമ്പിളിയോ ഇല്ല. അവന്റെ വീട്ടില്‍ എല്ലാമുണ്ട്. ആ സുഖസൌകര്യങ്ങളും അവിടെയുള്ള അവന്റെ കൂട്ടുകാരെയും കളഞ്ഞ് അവന്‍ എന്തിനു ഈ ദാരിദ്ര്യം പിടിച്ച വീട്ടില്‍ പാര്‍ക്കണം?

കോണിപ്പടിക്ക് അരികില്‍ മാറി നിന്ന് ചെറിയ ഒച്ചയില്‍ അവന്‍ അച്ഛനെ വിളിച്ചു. അയാന്‍ എന്ന അവന്റെ ഒരു കൂട്ടുകാരന്‍ താമസിക്കുന്ന കോളനിയിലാണ് ഇപ്പോള്‍ ഉള്ളത് എന്ന് അവന്‍ അച്ഛനെ അറിയിച്ചു.

( തുടരും )

No comments: