Wednesday, July 25, 2018

അമ്മ മൌനം

https://www.facebook.com/echmu.kutty/posts/663481220497842?pnref=story

ഇപ്പോള്‍ ആറുമാസമാവുന്നു.. അമ്മ ഒന്നും പറയാതെയായിട്ട്..വെറുതേ കണ്ണു മിഴിച്ച് നോക്കുകയും ചിലപ്പോഴെല്ലാം കണ്ണീര്‍ പൊഴിക്കുകയും മാത്രം ചെയ്തുകൊണ്ട് അമ്മ ഞങ്ങളുടെ കൂടെ ജീവിക്കുന്നു.

അമ്മ ഇനി സംസാരിക്കുമെന്ന്, വാ തുറന്ന് ആഹാരം കഴിക്കുമെന്ന് ഞങ്ങളും വിചാരിക്കുന്നില്ല. അമ്മ യാത്രയാവുകയാണ്, ഇവിടെ നിന്ന് ആര്‍ജ്ജിച്ചതെല്ലാം മെല്ലെ മെല്ലെ ഇവിടെത്തന്നെ കൈവെടിഞ്ഞുകൊണ്ട് അമ്മ പോവുകയാണെന്ന് ഞങ്ങളറിയുന്നുണ്ട്.

ലക്ഷ്മിഹോസ്പിറ്റലിലെ ഐ സി യൂ ഇപ്പോള്‍ അമ്മയ്ക്ക് വീടുപോലെ പരിചിതമായിട്ടുണ്ടാവണം. കഴിഞ്ഞ ആറുമാസത്തിനിടെ എല്ലാ മാസത്തിലും നാലഞ്ചു ദിവസം അമ്മ അവിടേക്ക് പോകും. ഞങ്ങള്‍ പരിഭ്രമിച്ചും വിയര്‍ത്തും കരഞ്ഞും അമ്മയെ അനുഗമിക്കും. അവിടെ കുത്തിയിരിക്കും. അമ്മ ഇപ്രാവശ്യം വിട്ടുപോയേക്കുമോ എന്ന ഭീതിയില്‍ പരസ്പരം ഫോണ്‍ ചെയ്തു സംസാരിക്കും..ആശ്വസിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.

ഒരു മകനെ പ്രസവിച്ചിട്ടില്ലാത്ത അമ്മയ്ക്ക് ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്മാര്‍ ആരും തന്നെ മക്കളായില്ല. അമ്മയില്‍ നിന്ന് അവര്‍ക്കെന്തു കിട്ടിയെന്ന ചോദ്യം മാത്രം അവര്‍ എപ്പോഴും ഉരുക്കഴിച്ചു. അവര്‍ അമ്മയ്ക്ക് എന്തു നല്‍കി എന്ന ചോദ്യം ആരും ചോദിക്കാനുണ്ടായില്ല. അതുകൊണ്ട് അവര്‍ക്ക് ഉത്തരം ആലോചിക്കേണ്ട ബാധ്യത പോലുമില്ലാതായി..

ആംബുലന്‍സ് വരുത്തുവാനും സെക്യൂരിറ്റി ഗാര്‍ഡുമാരുടേയും ഫ്‌ലാറ്റിലെ കെയര്‍ടേക്കര്‍മാരുടെയും ആംബുലന്‍സ് ഡ്രൈവറുടേയും സഹായത്തില്‍ അമ്മയെ ആവശ്യമുള്ള അവസരത്തിലെല്ലാം ആശുപത്രിലെത്തിക്കുവാനും ഞങ്ങള്‍ പഠിച്ചു. സൈറണ്‍ മുഴങ്ങുന്ന ആംബുലന്‍സില്‍ അമ്മയുമായി പാഞ്ഞുപോകുമ്പോള്‍ സിനിമയാണീ ജീവിതമെന്ന് ഞാന്‍ വിചാരിച്ചുപോയിട്ടുണ്ട്. പലവട്ടം ഇതെല്ലാം തനിച്ചു ചെയ്യുന്ന അനിയത്തിയും അങ്ങനെ തന്നെ വിചാരിച്ചിട്ടുണ്ടാവണം.

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അമ്മയെ ഞങ്ങള്‍ക്ക് മടക്കിത്തരുന്നുണ്ട് ഓരോ വട്ടവും. നഴ്‌സുമാര്‍ അമ്മയെ നല്ല പോലെ പരിചരിക്കുന്നുണ്ട്. വീണ്ടും കാണണ്ട എന്ന് പറഞ്ഞ് യാത്രയാക്കുന്നുണ്ട്..

ഇന്നും ഞങ്ങള്‍ അമ്മയെ മടക്കിക്കൊണ്ടുവന്നു..

അമ്മ ഇപ്പോള്‍ ഉറങ്ങുകയാണ്..

No comments: