Monday, July 23, 2018

രണ്ട് മുഖങ്ങള്‍

https://www.facebook.com/echmu.kutty/posts/646239158888715

നന്നെ ചെറുപ്പന്നേ എനിക്കറിയാവുന്ന കുഞ്ഞുവാവയായിരുന്നു ഗൌരവ്. തടിച്ചുരുണ്ട് ബബ്ലൂസ് നാരങ്ങ പോലെ ഒരു വാവ.. മൂത്ത ചേച്ചിമാര്‍ അവനെ നിലത്ത് വെയ്ക്കുമായിരുന്നില്ല. അച്ഛന്‍ തികഞ്ഞ നീതിമാനായ ഒരു സര്‍ക്കാര്‍ ഓഫീസറായിരുന്നു. കൈക്കൂലി, അലസത, പൊതുജനത്തിനോടുള്ള പുച്ഛം ഇതൊന്നും ഒരിയ്ക്കലും അലട്ടാത്ത നല്ലൊരു മനുഷ്യന്‍. അമ്മയാകട്ടെ ഒരു പ്രൈമറി സ്‌ക്കൂള്‍ ടീച്ചറായിരുന്നു. അതൊരു പ്രൈവറ്റ് സ്‌കൂളായിരുന്നതുകൊണ്ട് അവര്‍ക്ക് പെന്‍ഷന്‍ ഒന്നും കിട്ടുമായിരുന്നില്ല.

കാലം പറന്നു പോയി..

ഗൌരവ് വലിയൊരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ ഒരു ലക്ഷമൊക്കെ ശമ്പളം വാങ്ങുന്ന മിടുക്കനായി. ചേച്ചിമാര്‍ വിവാഹിതരായി. നീതിമാനായിരുന്ന അച്ഛന്‍ ആരേയും ശല്യപ്പെടുത്താതെ ഒരു നീണ്ട ഉറക്കത്തിലമര്‍ന്നു.
വീട്ടില്‍ അമ്മയും മോനും മാത്രം ബാക്കിയായി.

ഗൌരവ് കാണാന്‍ സുന്ദരനായ ഒരു ചെറുപ്പക്കാരനായിരുന്നു. കുറ്റം പറയണമെന്ന് നിര്‍ബന്ധമാണെങ്കില്‍ തടി ഇത്തിരി കൂടുതലല്ലേ എന്ന് പറഞ്ഞു നോക്കാം.

'ഇനി ഗൌരവ് കല്യാണം കഴിച്ച് അവന്റെ ഭാര്യ വന്ന് എന്നെ ശുശ്രൂഷിക്കും. പേരക്കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കും' എന്നായിരുന്നു വയസ്സായ അമ്മയുടെ ആശയും പ്രതീക്ഷയും.

അങ്ങനെ കാത്തിരുന്ന കല്യാണമായി. നല്ല കുട്ടിയായിരുന്നു സുമ. അവള്‍ക്ക് നല്ല ജോലിയുണ്ട് മേക്ക് മൈ ട്രിപ് എന്ന കമ്പനിയില്‍. അവള്‍ക്കും കിട്ടും ഒരു ലക്ഷം രൂപ ശമ്പളം. നന്നായി കാറോടിക്കും. ധാരാളം ആഭരണങ്ങളും പട്ടുസാരിയുമെല്ലാമായി നല്ലൊരു ഭാര്യ ഗൌരവിനു വന്നു ചേര്‍ന്നു. എല്ലാവരും മതിമറന്നു സന്തോഷിക്കുകയും മരിച്ചു പോയവരുടെ സുകൃതമാണെന്ന് ആശ്വസിക്കുകയും ചെയ്തു.

അവര്‍ ബാലിയിലേക്കാണ് ഹണിമൂണിനു പോയത്.

തിരിച്ചു വന്ന ഗൌരവിനു മുഖപ്രസാദം കുറവായിരുന്നു. എന്തേ, എന്തേ എന്ന് എല്ലാവരും ഉല്‍ക്കണ്ഠപ്പെട്ടപ്പോള്‍ ഒടുവില്‍ ഗൌരവ് പറഞ്ഞു.
'ഈ ലോകത്തിലെ സകല കാര്യങ്ങളും അവള്‍ക്കറിയാം. എന്തിനു രാഷ്ട്രീയവും നിയമവും മതവും ഉള്‍പ്പടെയുള്ള ആണുങ്ങളുടെ വിഷയങ്ങളില്‍ പോലും അവള്‍ക്ക് നല്ല അറിവും അഭിപ്രായവുമുണ്ട്. അപ്പോള്‍ പിന്നെ... '
പൂരിപ്പിക്കാത്ത ആ ബാക്കിയായിരുന്നു ഗൌരവിനെ അലട്ടിയത്. അത് വെളിപ്പെടുത്താന്‍ അയാള്‍ കൂട്ടാക്കിയില്ല.

സുമയെ നിരീക്ഷിക്കുക എന്നതായി പിന്നെ ഗൌരവിന്റെ ജോലി. അവള്‍ ഓഫീസില്‍ നിന്ന് അഞ്ചുമണിക്ക് വീട്ടിലെത്തണമെന്നും രാവിലെ ഒമ്പതു മണിക്ക് മുന്‍പ് വീട് വിടുവാന്‍ പാടില്ലെന്നും ഗൌരവ് കര്‍ശനക്കാരനായി. വീട്ടില്‍ വന്നാല്‍ ഓഫീസിലെ ഫോണ്‍ എടുക്കുവാന്‍ പാടില്ല. മേക്ക് മൈ ട്രിപ് പോലെയുള്ള കമ്പനികളില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് അത് സാധ്യമാകുന്ന കാര്യമല്ല. അതെത്ര മനസ്സിലാക്കിക്കാന്‍ ശ്രമിച്ചിട്ടും ഗൌരവിനു തിരിഞ്ഞില്ല.

അയാള്‍ ഇടക്കിടെ അവളെ വിളിക്കും .

'ഇപ്പോള്‍ എവിടെയാ ?'

'ട്രാഫിക് ജാമില്‍..'

'എങ്കില്‍ ഹോണടിച്ചു കേള്‍പ്പിക്കു.'

എന്നുമവളുടെ ഫോണും ബാഗും പരിശോധിക്കും. ഒരു നമ്പറില്‍ നിന്ന് അധികം കോള്‍ കണ്ടാല്‍ ഉടന്‍ വിളിച്ചന്വേഷിക്കും. എന്തെല്ലാം ചെയ്തിട്ടും ഭാര്യയുടെ ജാരനെ കണ്ടുപിടിക്കാന്‍ ഗൌരവിനു കഴിഞ്ഞില്ല.

സുമയുടെ അഭിമാനം എപ്പോഴും വ്രണപ്പെടുകയായിരുന്നു.

അവര്‍ തമ്മില്‍ വഴക്ക് വര്‍ദ്ധിച്ചു വന്നു. കോപം കൊണ്ട് മതി മറന്ന ഗൌരവ് അവളെ തെരുതെരെ അടിച്ച ദിവസം സുമ അവളുടെ വീട്ടിലേക്ക് പോയി. നെഞ്ചുപൊട്ടുന്ന വിധം തേങ്ങിക്കരഞ്ഞിരുന്നുവെങ്കിലും പിന്നെ ഒരു ഒത്തുതീര്‍പ്പിനും അവള്‍ തയാറായില്ല.

'ഞാനവളെ കൊല്ലും .. അവളുടെ ജീവിതം നശിപ്പിക്കും.. അവള്‍ വ്യഭിചാരിണിയാണ് ...അവളുടെ ജാരനെ ഞാന്‍ എക്‌സ്‌പോസ് ചെയ്യും' എന്നൊക്കെ കുറെ പറഞ്ഞു ആളായി ആണായി നോക്കി ഗൌരവ്. ഒടുവില്‍ മ്യൂച്വല്‍ ഡൈവോഴ്‌സില്‍ അവര്‍ ജീവിതം അവസാനിപ്പിച്ചു. സുമ ഭര്‍തൃവീട്ടുകാര്‍ നല്‍കിയ വളയും നെക്ലേസുമെല്ലാം ഒന്നൊഴിയാതെ മടക്കി നല്‍കി അവളുടെ അന്തസ്സ് കാത്തു സൂക്ഷിച്ചു.

സുമയ്ക്ക് കിടപ്പറയിലും നല്ല വൈദഗ്ധ്യമുണ്ടായിരുന്നുവത്രേ. പുതിയ സംഭോഗ രീതികള്‍ പരീക്ഷിക്കാനും ഗൌരവിനെ ഉത്തേജനത്തിന്റെ ആകാശത്തേക്കുയര്‍ത്തി ആനന്ദിപ്പിക്കാനും പുളകം കൊള്ളിക്കാനും അവള്‍ക്കറിയാമായിരുന്നു. അത് ഗൌരവില്‍ വല്ലാത്ത അശാന്തിയുണ്ടാക്കി. ഇതും മറ്റ് ആണ്‍വിഷയങ്ങളായ രാഷ്ട്രീയവും മറ്റും പഠിച്ചു വന്നതു പോലെ ആരില്‍ നിന്നോ പഠിച്ചു വന്നിരിക്കയാണെന്ന് ഗൌരവ് തീരുമാനിച്ചു.

പെണ്ണ് ചിലതൊക്കെയെങ്കിലും ഒരിക്കലും പഠിച്ചു കൂടാ... മുന്‍കൈ എടുത്തുകൂടാ... ശയനേഷു വേശ്യാ എന്ന് ശ്ലോകത്തില്‍ ചൊല്ലാമെങ്കിലും .....

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഗൌരവ് വീണ്ടും വിവാഹിതനായി.
ജോലിയില്ലാത്ത ഒരു പെണ്ണിനെയാണ് വിവാഹം കഴിച്ചത്.

ഹണിമൂണിനു മൂന്നാറിലേക്കേ പോയുള്ളൂ. മൂന്നാം നാള്‍ മടങ്ങി വന്നു.

അഞ്ചാമത്തെ ദിവസം പുതിയ ഭാര്യ അവള്‍ കൊണ്ടു വന്ന സകല സാധനങ്ങളുമെടുത്ത് വീട്ടില്‍ പോയി. ഗൌരവിന്റെ പേരിലും വയസ്സായ അമ്മയുടെ പേരിലും സ്ത്രീ പീഡനത്തിനും സ്ത്രീധനം ചോദിച്ചതിനും ഇപ്പോള്‍ കേസുണ്ട്.

അമ്മയ്ക്ക് പെട്ടെന്ന് തന്നെ ജാമ്യം കിട്ടി. ഗൌരവിനു ജാമ്യം കിട്ടാന്‍ ഇത്തിരി വൈകി. ശാരീരികബന്ധത്തിലേര്‍പ്പെടുവാന്‍ നിര്‍ബന്ധിച്ച് ഭര്‍ത്താവ് അടിച്ചു, തൊഴിച്ചു എന്നൊക്കെയാണ് പെണ്ണിന്റെ പരാതി. ഒപ്പം സ്ത്രീധനം പോരെന്ന് പറഞ്ഞു. പഴയ ഭാര്യ കൊണ്ടുവന്നത്രയും കൊണ്ടുവന്നില്ലെന്ന് അധിക്ഷേപിച്ചു. അങ്ങനെ എന്തെല്ലാമോ ആണ് ഗൌരവിന്റെ പേരിലുള്ള കുറ്റങ്ങള്‍. ഇടയ്ക്കിടെ കോടതിയിലും പോലീസ് സ്റ്റേഷനിലുമായി സമയം ചെലവാക്കേണ്ടി വരുന്നുണ്ട് അവര്‍ക്ക്.

അങ്ങനെയൊക്കെ ഗൌരവ് ചെയ്യുമോ എന്നെനിക്കറിയില്ല. ആരെ കുറ്റപ്പെടുത്തണമെന്നും അറിയില്ല.

എങ്കിലും എല്ലാംകേട്ടപ്പോള്‍ സുമയുടെ നെഞ്ചുപൊട്ടിക്കരച്ചിലാണ് എനിക്ക് ഓര്‍മ്മ വന്നത്.

ചില കരച്ചിലുകള്‍ക്ക് ചില ഏക്കങ്ങള്‍ക്ക് ചിലപ്പോള്‍ .....

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

പെണ്ണ് ചിലതൊക്കെയെങ്കിലും ഒരിക്കലും പഠിച്ചു കൂടാ...
മുന്‍കൈ എടുത്തുകൂടാ... ശയനേഷു വേശ്യാ എന്ന് ശ്ലോകത്തില്‍
ചൊല്ലാമെങ്കിലും .....! !