ഒന്ന്.
നൂറ്റിനാലു ഡിഗ്രി പനിയില്‍ പത്ത് ദിവസം കൊഴിഞ്ഞു പോയി. ആരും ശ്രദ്ധിച്ചിരുന്നില്ലെന്ന് പറഞ്ഞു കൂടാ. അയല്‍പ്പക്കത്തെ കൊച്ചു ക്ലിനിക്കിലെ ബാനര്‍ജി ഡോക്ടര്‍ ചികിത്സിച്ചിരുന്നു.
പാരസെറ്റാമോള്‍ വിഴുങ്ങുമ്പോള്‍ പനി അല്പ നേരം താഴ്ന്ന് നില്‍ക്കും, കുറച്ചു കഴിയുമ്പോള്‍ വീണ്ടും കൂടും. ശരിയ്ക്കും ബോധമുണ്ടായിരുന്നുവോ എന്ന് സംശയം തോന്നും മാതിരി ഉണര്‍ച്ചയിലും ഉറക്കത്തിലും കൂടിക്കുഴഞ്ഞ ചലനങ്ങളുമായി അവള്‍ മുറിയില്‍ കിടന്നു. അവളുടെ കണ്ണുകള്‍ ചുവന്ന് കലങ്ങി, ചുണ്ടുകളിലും നാവിലും തൊലിയടര്‍ന്ന് പോയി, ശരീരമാകമാനം അസഹ്യമായ വേദന, പോരാത്തതിന് പൊട്ടിപ്പൊളിയുന്ന തല വേദനയും....
പാരസെറ്റാമോള്‍ കഴിച്ചാലും പനി താഴുന്ന ഇടവേളകള്‍ കുറയുകയും തുടര്‍ച്ചയായ ഡെലീറിയത്തിലേയ്ക്ക് അവള്‍ വഴുതി വീഴുകയും ചെയ്തപ്പോള്‍ ബാനര്‍ജി ഡോക്ടര്‍ അസ്വസ്ഥനായി. ചേരിയിലെ സകല രോഗികളുടെയും അസുഖം ഭേദമാക്കിയിരുന്ന അദ്ദേഹത്തെ നശിച്ച പനി തോല്‍പ്പിച്ചു കളഞ്ഞു. ആ ദിവസങ്ങളില്‍ വേദനകള്‍ മാത്രം നല്‍കുന്ന പലതരം സ്വപ്നങ്ങള്‍ കണ്ട് അവള്‍ കിടക്കപ്പായില്‍ നിന്ന് എണീറ്റ് നടന്നു. അങ്ങനെയാണു ഒരു നട്ടുച്ചയ്ക്ക് മുറിയില്‍ തലയടിച്ചു വീണത്. ഉടനെ ആംബുലന്‍സ് വരുത്തി അവളെ ആശുപത്രിയിലാക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഒരു ജീവന്‍ കൂടു മാറുകയാണെന്ന മണിമുഴക്കം അദ്ദേഹം അപ്പോഴേയ്ക്കും ശ്രവിച്ചു കഴിഞ്ഞിരുന്നു.
അവള്‍ക്ക് എപ്പോഴും അത്തരം ചില അപൂര്‍വ ഭാഗ്യങ്ങളുണ്ടാവാറുണ്ട്. അത്യഗാധമായ നിലയില്ലാക്കയങ്ങളില്‍ വീണു ചിതറിത്തെറിച്ചു പോകുമെന്ന അവസ്ഥയില്‍ നിന്ന് അവള്‍ എന്നും ജീവിതത്തിലേയ്ക്ക് തിരിച്ചു നടക്കാറുണ്ട്.
വളരെ സാധാരണമായ ഒരു ഗവണ്മെന്റ് ആശുപത്രിയിലാണ് ആ ആംബുലന്‍സ് എത്തിച്ചേര്‍ന്നത്. അവിടെ എല്ലായ്‌പ്പോഴും എലികളും പാറ്റകളും മനുഷ്യരുടെ കാലുകളിന്മേല്‍ ഓടിക്കളിച്ചു. മുഷിഞ്ഞ പുതപ്പുകള്‍ക്കിടയില്‍ നിന്ന് മൂട്ടകള്‍ ഘോഷയാത്രയായി പുറത്തേയ്ക്ക് വന്നു. കെട്ടു നാറുന്ന കക്കൂസുകളും ചുടു ചോരയുടെ മണമുള്ള നെടുങ്കന്‍ ഇടനാഴികളും അവിടെയുണ്ടായിരുന്നു. രോഗം വരുന്നത് രോഗിയുടെ കുറ്റം കൊണ്ടു തന്നെയെന്ന് ശഠിച്ച്, ആശുപത്രി കറുത്ത മുഖവുമായി അരിശപ്പെട്ട് നിന്നു.
ചെറുപ്പക്കാരിയായ നഴ്‌സ് വെയിന്‍ കിട്ടുവാനായി അവളുടെ ശരീരത്തീല്‍ അരഡസന്‍ തവണ തുരുമ്പെടുത്ത ഒരു സൂചിയിറക്കിയിട്ടും പ്രയോജനമുണ്ടായില്ല. അവര്‍ വീണ്ടും കുത്താന്‍ തുനിഞ്ഞപ്പോള്‍, അര്‍ധബോധത്തിലായിരുന്നിട്ടും അവള്‍ ഉറക്കെ കരഞ്ഞുപോയി സാധാരണ ഗതിയില്‍ അനവധി രോഗികളുള്ള ഒരു ആശുപത്രിയില്‍ അതീവ നിസ്സാരമായി അവഗണിയ്ക്കപ്പെടുമായിരുന്ന കരച്ചില്‍ പക്ഷെ, ആ ഡോക്ടറുടെ ചെവിയില്‍ എങ്ങനെയോ ചെന്നു വീഴുകയായിരുന്നു.
അര്‍ധബോധത്തില്‍ ഒരുറുമ്പ് കടിയ്ക്കുന്നതു പോലെ കുത്തിവെച്ചത് ആരായിരുന്നുവെന്ന് അവള്‍ക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. എങ്കിലും കുറച്ച് കഴിഞ്ഞപ്പോള്‍ അവള്‍ ആ ഡോക്ടറെ തിരിച്ചറിഞ്ഞു. അത് മെഡിസിന്‍ വിഭാഗത്തിലെ യൂണിറ്റ് ചീഫ് ഡോ ഗുപ്ത ആയിരുന്നു. അല്പം കഷണ്ടി കയറിയ തലയും സാമാന്യത്തിലധികം ഉയരവുമുണ്ടായിരുന്നു അദ്ദേഹത്തിന്. കണ്ണടയ്ക്കടിയില്‍ അസാധാരണമായി തിളങ്ങുന്ന വലിയ കണ്ണുകളും.
രക്ത പരിശോധനകള്‍ക്കും എക്‌സ് റേ പരിശോധനകള്‍ക്കും ഒടുവില്‍ അവള്‍ക്ക് ഗുരുതരമായ ന്യൂമോണിയാണെന്ന് അദ്ദേഹം കണ്ടുപിടിച്ചു. ഈ ലോകത്തിലെ എരിവന്‍ മുളകുകളെല്ലാം കൂടി അരച്ച് കുരുമുളകു വെള്ളത്തില്‍ കലക്കിയതു പോലെ എരിഞ്ഞു നീറുന്ന ഒരു മരുന്ന് ഡ്രിപ്പായി നല്‍കിക്കൊണ്ടായിരുന്നു ചികിത്സ ആരംഭിച്ചത്. അതു കഴിഞ്ഞ് ചെസ്റ്റ് ഫിസിയോതെറാപ്പി എന്ന പേരില്‍ ഒരു ഇടി ചികിത്സയുമുണ്ടെന്ന് നഴ്‌സ് അവളെ അറിയിച്ചു. നെഞ്ചില്‍ കനത്തു കിടക്കുന്ന കഫം ഇളക്കിക്കളയുവാനായിരുന്നു അത്. ഇങ്ങനെ കഫം പുറത്തു വന്നില്ലെങ്കില്‍ ട്യൂബിട്ട് എടുക്കുമെന്നും അവര്‍ പറഞ്ഞു. കാലഹരണപ്പെട്ട മെഷീനിലെ പഴഞ്ചന്‍ ട്യൂബിടുന്നതുകൊണ്ട് രോഗിയ്ക്ക് പ്രയാസം കൂടുകയേയുള്ളു എന്ന് പറഞ്ഞ നഴ്‌സിന്റെ മുഖത്ത് ഒരു അര്‍ദ്ധ മന്ദഹാസം വിരിഞ്ഞു.
ജീവിതവും രോഗവും ഏല്‍പ്പിച്ച കഠിനയാതനകളില്‍ കുഴഞ്ഞു വീണു, മരിയ്ക്കാന്‍ തയാറായ ഒരു അനാഥയായി തീര്‍ന്നു കഴിഞ്ഞിരുന്നുവല്ലോ, അവള്‍ അപ്പോഴേയ്ക്കും.
കൈമുട്ടോളമെത്തുന്ന വലിയ ഗ്ലൌസുകള്‍ ധരിച്ചിരുന്ന, ചെറുപ്പക്കാരനായ ഒരു ഡോക്ടര്‍ യാതൊരു താല്പര്യവുമില്ലാത്ത മുഖഭാവത്തോടെയായിരുന്നു, അവളുടെ ബെഡ്ഡിനരികിലേയ്ക്ക് വന്നത്. ഡോ. ഗുപ്തയുടെ നിരീക്ഷണത്തില്‍, വീര്‍പ്പിച്ചു കെട്ടിയ മുഖവുമായി അദ്ദേഹം ചെസ്റ്റ് ഫിസിയോതെറാപ്പി ചെയ്യാന്‍ ആരംഭിച്ചു. മന്ദ താളത്തില്‍ നിന്ന് ചടുലമായി മുറുകിക്കയറുന്ന മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ തായമ്പകയായിരുന്നു നെഞ്ചും കൂടില്‍ അരങ്ങേറിയത്. അതിന്റെ അവസാനത്തില്‍ കനത്തു കല്ലിച്ചു കിടന്ന കഫം രക്തക്കലര്‍പ്പോടെ പുറത്തേയ്ക്ക് തെറിച്ചു വീണു. ചര്‍ദ്ദിച്ച് അവശയായി ബോധം മറയുന്നതിനു മുന്‍പുള്ള ആ മൂടിക്കെട്ടിയ ഇരുട്ടില്‍ പെരുവഴിയില്‍ അനാഥയാക്കപ്പെട്ട പിഞ്ചു ബാലികയെപ്പോലെ ഡോക്ടര്‍ ഗുപ്തയുടെ കൈ പിടിച്ച് അവള്‍ പുലമ്പി.
''എന്നെ ഒരിയ്ക്കലൊന്നു മോളെ എന്ന് വിളിയ്ക്കാമോ? ഇപ്പോള്‍ ഈ വിളി കേട്ട് മരിച്ചാല്‍ ഞാനിനി ജനിയ്ക്കില്ല. പ്ലീസ്, ഒരിയ്ക്കല്‍ ഒറ്റത്തവണ മാത്രം.''
നനഞ്ഞു തിളങ്ങുന്ന വലിയ കണ്ണുകളോടെ ഡോക്ടര്‍ പറഞ്ഞു, ''ഇല്ല, മോള്‍ക്കൊന്നുമില്ല . മോള്‍ ഉറങ്ങിക്കൊള്ളൂ. എല്ലാം ഭേദമാകും. യൂ വില്‍ ബി ആള്‍ റൈറ്റ്.''
ചിന്താഭാരത്തോടെ അദ്ദേഹം കഷണ്ടി കയറിത്തുടങ്ങുന്ന സ്വന്തം നെറ്റിയില്‍ കൈയമര്‍ത്തിപ്പിടിച്ചുകൊണ്ട് കിതപ്പൊതുക്കുന്ന ചെറുപ്പക്കാരന്‍ ഡോക്ടറെ വല്ലായ്മയോടെ നോക്കി.
ആ ശുഭാപ്തിവിശ്വാസം പക്ഷെ, അവളെ തുണച്ചില്ല. ന്യൂമോണിയയുടെ മരുന്ന് പനിയല്‍പ്പം താഴ്ത്തിയെങ്കിലും അവളുടെ ആരോഗ്യം ഒട്ടും മെച്ചപ്പെട്ടില്ല.
ആശുപത്രിയില്‍ ആരും സന്ദര്‍ശിയ്ക്കാനില്ലാതെ കൂട്ടിരിയ്ക്കാനില്ലാതെ നീയെനിയ്ക്ക് എത്രമേല്‍ വേണ്ടപ്പെട്ടവളാണെന്ന് ആകുലമായി നോക്കാനില്ലാതെ, ഒറ്റയ്ക്ക് മച്ചിലേയ്ക്ക് കണ്ണും നട്ട് കിടക്കുക അതീവ ദയനീയമായിരുന്നു. ആ കിടപ്പില്‍ ജീവിതത്തിന്റെ നറുമണങ്ങളോ മധുരപ്പുഞ്ചിരികളോ ഒന്നും അവളേ തേടി വരികയുണ്ടായില്ല. മഹാ പ്രപഞ്ചം കിടയ്ക്കക്കപ്പുറത്ത് നിന്ന് അവളെ അപരിചിതമായി തുറിച്ചു നോക്കി, അറിയാത്ത ഭാഷയില്‍ നിര്‍ദ്ദാക്ഷിണ്യം നിശിതമായി സംസാരിച്ചു....
അവള്‍ക്ക് ക്ഷയരോഗമാണെന്ന് ഡോക്ടര്‍ക്ക് സംശയം തോന്നിയ ദിവസം ഉച്ചയ്ക്ക് നന്ദന്‍ അവളെ കാണുവാന്‍ വന്നു. വളരെ താഴ്ന്ന തസ്തികയില്‍ അവള്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു, നന്ദന്‍. പൊടിയിലും വിയര്‍പ്പിലും മുങ്ങിക്കിടക്കുന്ന വൃത്തിഹീനമായ വന്‍ നഗരങ്ങളിലുള്ള ഒരു മുശിടു വാടയോടെ മുറിയില്‍ വന്നവന്‍ അവളുടെ കോലം കണ്ട് അമ്പരന്ന് നിന്നു. പിന്നെ വളരെ സാവധാനം പറഞ്ഞു.
''അറിഞ്ഞില്ല, ചേച്ചീ. അറിയാന്‍ വൈകിപ്പോയി.''
''ഞാന്‍ മരിച്ചു പോകും നന്ദാ....ഞാനിനി വര്‍ക്‌സൈറ്റിലേയ്‌ക്കൊന്നും ഒരിയ്ക്കലും വരികയുണ്ടാവില്ല...'അപ്പോഴേയ്ക്കും അവളുടെ ശബ്ദം ഇടറി.
''ചേച്ചി മരിയ്ക്കില്ല, പ്രാര്‍ഥനയ്ക്ക് ബലമുണ്ടെങ്കില്‍ ചേച്ചി മരിയ്ക്കില്ല.'' അവന്‍ ഒരു കുഞ്ഞിന്റെ നിഷ്‌ക്കളങ്കതയോടെ ഉറപ്പോടെ പ്രഖ്യാപിച്ചു....
അവള്‍ക്ക് ചിരി വരുന്നുണ്ടായിരുന്നു, എങ്കിലും അവള്‍ ഒതുക്കിപ്പിടിച്ചു.പക്ഷെ, നെഞ്ചു പറിച്ചുകൊണ്ട് പുറപ്പെട്ട ചുമയേയും തൊണ്ടയെ തീ വെച്ചു കത്തിച്ചുകൊണ്ട് ഇളകിപ്പുറത്തു വന്ന രക്തം കലര്‍ന്ന കഫത്തേയും അവള്‍ക്ക് ഒതുക്കാന്‍ കഴിഞ്ഞില്ല. സൌകര്യങ്ങള്‍ വളരെ പരിമിതമായ ആ സര്‍ക്കാര്‍ ആശുപത്രിയില്‍ തുപ്പാനൊരു പാത്രം പോലും ഉണ്ടായിരുന്നില്ല. പരവശയായ അവളുടെ മുഖത്തേയ്ക്ക് രണ്ട് കൈയും ഒരു കുമ്പിള്‍ പോലെ നീട്ടിപ്പിടിച്ചു നിന്ന്, രക്തം കലര്‍ന്ന കൊഴുത്ത കഫം മുഴുവന്‍ ഏറ്റുവാങ്ങിയ നന്ദന്റെ മുഖം ആകുലമായിരുന്നു. അവന്റെ കണ്ണുകളില്‍ ഭീതിയും ദു:ഖവും പടരുന്നത് അവള്‍ കണ്ടു....
( തുടരും )
No comments:
Post a Comment